പഠനലേഖനം 46
“വിശ്വാസം എന്ന വലിയ പരിച” നിങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടോ?
‘വിശ്വാസം എന്ന വലിയ പരിച പിടിക്കണം.’—എഫെ. 6:16.
ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം
പൂർവാവലോകനംa
1-2. (എ) എഫെസ്യർ 6:16 പറയുന്നതനുസരിച്ച് “വിശ്വാസം എന്ന വലിയ പരിച” നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
നിങ്ങൾക്കു ‘വിശ്വാസം എന്ന വലിയ പരിചയുണ്ടോ?’ (എഫെസ്യർ 6:16 വായിക്കുക.) ഉറപ്പായും ഉണ്ടായിരിക്കും. ഒരു വലിയ പരിച നമ്മുടെ ശരീരത്തെ മുഴുവൻ സംരക്ഷിക്കും. അതുപോലെ നമ്മുടെ വിശ്വാസം ഈ ദുഷിച്ച വ്യവസ്ഥിതിയിലെ അധാർമികവും അഭക്തവും അക്രമം നിറഞ്ഞതും ആയ കാര്യങ്ങളിൽനിന്ന് നമ്മളെ സംരക്ഷിക്കും.
2 നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണ്.’ അതുകൊണ്ടുതന്നെ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. (2 തിമൊ. 3:1) നമ്മുടെ വിശ്വാസമാകുന്ന പരിച ഇടയ്ക്കിടെ പരിശോധിച്ച് അതു ശക്തമാണെന്ന് ഉറപ്പു വരുത്താൻ നമ്മൾ എന്തു ചെയ്യണം? ഈ പരിച നമുക്ക് എങ്ങനെ മുറുകെ പിടിക്കാം? ഈ ലേഖനത്തിൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.
ശ്രദ്ധയോടെ നിങ്ങളുടെ പരിച പരിശോധിക്കുക
3. ഒരു പടയാളി തന്റെ പരിച നല്ല നിലയിൽ സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യും, എന്തുകൊണ്ട്?
3 ബൈബിൾക്കാലങ്ങളിൽ, തുകൽകൊണ്ട് പൊതിഞ്ഞിരുന്ന പരിചകളായിരുന്നു പടയാളികൾ അധികവും ഉപയോഗിച്ചിരുന്നത്. സാധാരണയായി, പടയാളികൾ പരിചയിൽ എണ്ണ തൂക്കും. തുകലിന്റെ മേന്മ നഷ്ടപ്പെടാതിരിക്കാനും ലോഹഭാഗങ്ങൾ തുരുമ്പെടുക്കാതിരിക്കാനും ഇതു സഹായിക്കുമായിരുന്നു. തന്റെ പരിചയ്ക്ക് എന്തെങ്കിലും കേടുപാടു പറ്റിയതായി കണ്ടാൽ ഉടനെതന്നെ ഒരു പടയാളി അതു പരിഹരിക്കും. അങ്ങനെ അടുത്ത യുദ്ധത്തിനായി അദ്ദേഹത്തിന് ഒരുങ്ങിനിൽക്കാമായിരുന്നു. പടയാളിയുടെ ഈ ദൃഷ്ടാന്തം നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
4. വിശ്വാസം എന്ന പരിച നിങ്ങൾ പരിശോധിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാം?
4 പുരാതനകാലത്തെ പടയാളികളെപ്പോലെ നിങ്ങളും കൂടെക്കൂടെ വിശ്വാസം എന്ന പരിച നല്ല നിലയിലാണോ എന്നു പരിശോധിക്കണം. എന്തെങ്കിലും കേടുപാടുണ്ടെങ്കിൽ അതു പരിഹരിക്കുകയും വേണം. അങ്ങനെ നിങ്ങൾക്കും യുദ്ധത്തിനായി എപ്പോഴും ഒരുങ്ങിയിരിക്കാനാകും. കാരണം, നമ്മൾ ഇന്ന് ഒരു ആത്മീയയുദ്ധത്തിലാണ്. നമ്മുടെ ശത്രുക്കളിൽ ദുഷ്ടാത്മാക്കളും ഉൾപ്പെടും. (എഫെ. 6:10-12) വിശ്വാസം എന്ന നിങ്ങളുടെ പരിച കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും കഴിയില്ല. പരിശോധനകൾ നേരിടാൻ നിങ്ങൾ തയ്യാറാണെന്ന് എങ്ങനെ ഉറപ്പു വരുത്താൻ കഴിയും? ആദ്യം, യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. നിങ്ങളെത്തന്നെ പരിശോധിക്കാനും ദൈവം നിങ്ങളെ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാനും ദൈവവചനം ഉപയോഗിക്കുക. (എബ്രാ. 4:12) ബൈബിൾ പറയുന്നു: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്.” (സുഭാ. 3:5, 6) ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് ഇയ്യടുത്ത് നിങ്ങൾ എടുത്ത ചില തീരുമാനങ്ങൾ എന്തുകൊണ്ട് പുനഃപരിശോധിച്ചുകൂടാ? ഉദാഹരണത്തിന്, നിങ്ങൾക്കു വലിയ ഒരു സാമ്പത്തികപ്രശ്നം നേരിട്ടോ? അപ്പോൾ, എബ്രായർ 13:5-ലെ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന ദൈവത്തിന്റെ വാക്ക് നിങ്ങളുടെ ഓർമയിൽ വന്നോ? ആ ഉറപ്പ് യഹോവ നിങ്ങളെ സഹായിക്കും എന്ന ധൈര്യം നിങ്ങൾക്കു നൽകിയോ? എങ്കിൽ അതു സൂചിപ്പിക്കുന്നത്, നിങ്ങളുടെ വിശ്വാസം എന്ന പരിച നല്ല നിലയിലാണെന്നാണ്.
5. നിങ്ങളുടെ വിശ്വാസം സ്വയം ഒന്നു പരിശോധിച്ചുനോക്കിയാൽ എന്തു കണ്ടെത്തിയേക്കാം?
5 ശ്രദ്ധയോടെ വിശ്വാസം എന്ന പരിച പരിശോധിച്ചാൽ നിങ്ങൾ കണ്ടെത്തുന്ന കാര്യങ്ങൾ അതിശയിപ്പിച്ചേക്കാം. നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരുന്ന ചില കുറവുകൾ നിങ്ങൾ കണ്ടെത്തിയേക്കാം. ഉദാഹരണത്തിന്, അനാവശ്യമായ ഉത്കണ്ഠകൾ, നുണപ്രചാരണങ്ങൾ, നിരാശ എന്നിവയൊക്കെ നിങ്ങളുടെ വിശ്വാസത്തിനു ചെറിയ കേടുപാടുകൾ വരുത്തിയതായി കണ്ടേക്കാം. അങ്ങനെയെങ്കിൽ, വിശ്വാസത്തിനു കൂടുതൽ കുഴപ്പം പറ്റാതെ എങ്ങനെ സംരക്ഷിക്കാം?
നിങ്ങളെത്തന്നെ സംരക്ഷിക്കുക—ഉത്കണ്ഠ, നുണപ്രചാരണം, നിരുത്സാഹം
6. നമ്മൾ എന്തൊക്കെ കാര്യങ്ങളെക്കുറിച്ച് ചിന്തയുള്ളവരാണ്?
6 യഹോവയെയും യേശുവിനെയും എങ്ങനെ സന്തോഷിപ്പിക്കാമെന്നതിനെക്കുറിച്ച് നമ്മൾ ചിന്തയുള്ളവരാണ്. (1 കൊരി. 7:32) ഗുരുതരമായ ഒരു പാപം ചെയ്തിട്ടുണ്ടെങ്കിൽ യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കു തിരിച്ചുവരുന്നതിനെ കുറിച്ചായിരിക്കും നമ്മുടെ ചിന്ത. (സങ്കീ. 38:18) ഇനി, വിവാഹയിണയെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചും കുടുംബാംഗങ്ങളുടെയും സഹോദരങ്ങളുടെയും ക്ഷേമത്തെക്കുറിച്ചും നമ്മൾ ചിന്തയുള്ളവരാണ്.—1 കൊരി. 7:33; 2 കൊരി. 11:28.
7. (എ) ഉത്കണ്ഠ നമ്മുടെ വിശ്വാസത്തിനു ക്ഷതമേൽപ്പിച്ചേക്കാവുന്നത് എങ്ങനെ? (ബി) സുഭാഷിതങ്ങൾ 29:25-ന്റെ അടിസ്ഥാനത്തിൽ, നമ്മൾ മനുഷ്യരെ പേടിക്കരുതാത്തത് എന്തുകൊണ്ട്?
7 എന്നാൽ ഉത്കണ്ഠപ്പെടുന്നതു നമ്മുടെ വിശ്വാസത്തിനു ഭീഷണിയായേക്കാം. ഉദാഹരണത്തിന്, ഭക്ഷണത്തെയും വസ്ത്രത്തെയും കുറിച്ച് നമ്മൾ ചിലപ്പോൾ ഉത്കണ്ഠപ്പെട്ടേക്കാം. (മത്താ. 6:31, 32) ആ ഉത്കണ്ഠ കുറയ്ക്കുന്നതിനുവേണ്ടി, വസ്തുവകകൾ സ്വരുക്കൂട്ടുന്നതിലേക്കു നമ്മുടെ ശ്രദ്ധ പോയേക്കാം. നമ്മുടെ ഉള്ളിൽ പണത്തോടുള്ള സ്നേഹംപോലും വളർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ, യഹോവയിലുള്ള നമ്മുടെ വിശ്വാസം ദുർബലമാകും. നമ്മുടെ ആത്മീയതയ്ക്ക് അതു വലിയ ക്ഷതമേൽപ്പിക്കും. (മർക്കോ. 4:19; 1 തിമൊ. 6:10) നമുക്ക് ഉത്കണ്ഠ തോന്നിയേക്കാവുന്ന മറ്റൊരു കാര്യമുണ്ട്. എന്താണ് അത്? മറ്റുള്ളവരുടെ അംഗീകാരം കിട്ടാനുള്ള ആഗ്രഹം. അതിനെക്കുറിച്ച് നമ്മൾ ആവശ്യത്തിൽ അധികം ചിന്തിച്ചാൽ, യഹോവയെ ഭയപ്പെടുന്നതിനെക്കാൾ ആളുകളുടെ പരിഹാസത്തെയും ഉപദ്രവത്തെയും ആയിരിക്കും നമ്മൾ ഭയപ്പെടുന്നത്. അങ്ങനെയൊരു അപകടം ഉണ്ടാകാതിരിക്കാൻ, അത്തരം ഭയം മറികടക്കാനുള്ള വിശ്വാസത്തിനും ധൈര്യത്തിനും വേണ്ടി നമ്മൾ യഹോവയോട് അപേക്ഷിക്കണം.—സുഭാഷിതങ്ങൾ 29:25 വായിക്കുക; ലൂക്കോ. 17:5.
8. നുണപ്രചാരണങ്ങളോടു നമ്മൾ എങ്ങനെ പ്രതികരിക്കണം?
8 ‘നുണയുടെ അപ്പനായ’ സാത്താൻ യഹോവയെക്കുറിച്ചും നമ്മുടെ സഹോദരങ്ങളെക്കുറിച്ചും ഉള്ള നുണകൾ പ്രചരിപ്പിക്കാൻ തന്റെ നിയന്ത്രണത്തിലുള്ള ആളുകളെ ഉപയോഗിക്കുന്നു. (യോഹ. 8:44) ഉദാഹരണത്തിന്, വിശ്വാസത്യാഗികൾ യഹോവയുടെ സംഘടനയെക്കുറിച്ചുള്ള നുണകളും വളച്ചൊടിച്ച വാർത്തകളും ഇന്റർനെറ്റിലൂടെയും ടെലിവിഷനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു. അവയെല്ലാം സാത്താന്റെ ‘തീയമ്പുകളാണ്.’ (എഫെ. 6:16) അത്തരം കാര്യങ്ങളെക്കുറിച്ച് നമ്മളോട് ആരെങ്കിലും പറയാൻ വന്നാൽ നമ്മൾ എങ്ങനെ പ്രതികരിക്കും? നമ്മൾ അതു കേൾക്കാൻ നിൽക്കില്ല. എന്തുകൊണ്ട്? നമുക്ക് യഹോവയിലും നമ്മുടെ സഹോദരങ്ങളിലും വിശ്വാസമുണ്ട്. വിശ്വാസത്യാഗികളുമായുള്ള എല്ലാ ബന്ധവും നമ്മൾ ഒഴിവാക്കും. ഏതെങ്കിലും വിഷയത്തെക്കുറിച്ച് അവരോടു തർക്കിക്കാനും നമ്മൾ നിൽക്കില്ല.
9. നിരുത്സാഹം നമ്മളെ എങ്ങനെ ബാധിച്ചേക്കാം?
9 നിരുത്സാഹത്തിനു നമ്മുടെ വിശ്വാസം ദുർബലമാക്കാൻ കഴിയും. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ നമുക്കു കഴിയില്ല. അങ്ങനെ ചെയ്യുന്നതു ശരിക്കും ഉത്തരവാദിത്വമില്ലായ്മയുടെ ലക്ഷണമായിരിക്കും. ചിലപ്പോഴൊക്കെ നമുക്കു നിരാശയും തോന്നിയേക്കാം. പക്ഷേ നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ യഹോവ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്തായ പ്രത്യാശയിൽനിന്ന് നമ്മുടെ ശ്രദ്ധ മാറിപ്പോയേക്കാം. (വെളി. 21:3, 4) നിരുത്സാഹം നമ്മുടെ ശക്തി ചോർന്നുപോകാനും അങ്ങനെ യഹോവയുടെ സേവനത്തിൽ മടുത്ത് പിന്മാറാനും ഇടയാക്കും. (സുഭാ. 24:10) പക്ഷേ അങ്ങനെ സംഭവിക്കണമെന്നു നിർബന്ധമില്ല.
10. ഒരു സഹോദരി എഴുതിയ കത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
10 ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. ഗുരുതരമായ രോഗം ബാധിച്ച ഭർത്താവിനെ ശുശ്രൂഷിക്കുമ്പോഴും സഹോദരി തന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ലോകാസ്ഥാനത്തേക്ക് എഴുതിയ കത്തിൽ സഹോദരി പറയുന്നു: “പലപ്പോഴും ഞങ്ങൾക്കു നിരാശയും സമ്മർദവും ഒക്കെ അനുഭവപ്പെടാറുണ്ട്. പക്ഷേ ഞങ്ങളുടെ പ്രത്യാശ വളരെ ശക്തമാണ്. വിശ്വാസം ശക്തിപ്പെടുത്തുകയും ഞങ്ങളുടെ മനസ്സിനു ബലം പകരുകയും ചെയ്യുന്ന വിവരങ്ങൾ തരുന്നതിനു നന്ദി. ആ നിർദേശങ്ങളും പ്രോത്സാഹനവും ഞങ്ങൾക്കു വളരെയധികം ആവശ്യമാണ്. യഹോവയുടെ സേവനത്തിൽ തുടരാനും ഞങ്ങളെ തളർത്തിക്കളയുന്നതിനു സാത്താൻ ഉപയോഗിക്കുന്ന പരിശോധനകൾ സഹിച്ചുനിൽക്കാനും അതു സഹായിക്കുന്നു.” നിരുത്സാഹത്തെ മറികടക്കാൻ കഴിയുമെന്നല്ലേ സഹോദരിയുടെ ഈ വാക്കുകൾ കാണിക്കുന്നത്? സഹോദരിയെപ്പോലെ നമ്മുടെ പ്രയാസസാഹചര്യങ്ങളെ സാത്താന്റെ ഒരു പരിശോധനയായി കാണുക. യഹോവയാണ് ആശ്വാസത്തിന്റെ ഉറവിടം എന്ന് ഓർക്കുക. യഹോവ തരുന്ന ആത്മീയഭക്ഷണത്തോടു വിലമതിപ്പുള്ളവരായിരിക്കുക.
11. നമ്മുടെ വിശ്വാസം ശക്തമാണോ എന്നറിയാൻ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
11 ഇതുവരെ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ, വിശ്വാസം എന്ന നിങ്ങളുടെ പരിച എങ്ങനെയുണ്ടെന്നാണു നിങ്ങൾക്കു തോന്നുന്നത്? വിശ്വാസത്തിന്റെ കാര്യത്തിൽ മെച്ചപ്പെടേണ്ട എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയോ? കഴിഞ്ഞ ഏതാനും മാസങ്ങളിൽ, അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കാൻ നിങ്ങൾക്കു കഴിഞ്ഞിട്ടുണ്ടോ? വിശ്വാസത്യാഗികൾ പ്രചരിപ്പിക്കുന്ന നുണകൾ ശ്രദ്ധിക്കാനും അതെക്കുറിച്ച് തർക്കിക്കാനും ഉള്ള പ്രലോഭനത്തെ നിങ്ങൾ ചെറുത്തുനിന്നോ? നിരുത്സാഹം തോന്നിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിഞ്ഞോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വിശ്വാസം നല്ല നിലയിലാണ്. എങ്കിലും നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം. കാരണം നമുക്ക് എതിരെ ഉപയോഗിക്കാൻ സാത്താനു വേറെയും ആയുധങ്ങളുണ്ട്. അതിൽ ഒരെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.
പണവും വസ്തുവകകളും വാരിക്കൂട്ടാനുള്ള ആഗ്രഹം
12. പണവും വസ്തുവകകളും വാരിക്കൂട്ടാനുള്ള ആഗ്രഹം എന്തിന് ഇടയാക്കും?
12 പണവും വസ്തുവകകളും വാരിക്കൂട്ടാനുള്ള ആഗ്രഹത്തിനു നമ്മുടെ ശ്രദ്ധ പതറിക്കാനാകും. അങ്ങനെ നമ്മുടെ വിശ്വാസം എന്ന പരിച ദുർബലമാകും. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “പടയാളിയായി സേവനം അനുഷ്ഠിക്കുന്ന ഒരാൾ, തന്നെ സൈന്യത്തിൽ ചേർത്ത വ്യക്തിയുടെ അംഗീകാരം നേടാൻവേണ്ടി അനുദിനജീവിതത്തിലെ വ്യാപാരയിടപാടുകളിലൊന്നും ഉൾപ്പെടാതിരിക്കുന്നു.” (2 തിമൊ. 2:4) റോമൻ പടയാളികൾക്കു മറ്റൊരു ജോലിയും ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഈ നിയമം ലംഘിക്കുന്ന ഒരു പടയാളിക്ക് എന്തു സംഭവിച്ചേക്കാം?
13. ഒരു പടയാളി വ്യാപാരയിടപാടുകളിൽ ഉൾപ്പെടരുതാത്തത് എന്തുകൊണ്ട്?
13 ഇങ്ങനെയൊരു രംഗം മനസ്സിൽ കാണുക. ഒരു കൂട്ടം പടയാളികൾ രാവിലെ പരിശീലനത്തിൽ ഏർപ്പെടുന്നു. എന്നാൽ ആ കൂട്ടത്തിൽ ഒരു പടയാളി ഇല്ല. അദ്ദേഹം ചന്തസ്ഥലത്ത് ഭക്ഷണം വിൽക്കുന്ന തിരക്കിലാണ്. വൈകുന്നേരമായപ്പോൾ പടയാളികൾ എല്ലാവരും അവരുടെ പടക്കോപ്പു പരിശോധിക്കുകയും വാളുകളുടെ മൂർച്ച കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഈ പടയാളിയാകട്ടെ, അടുത്ത ദിവസം വിൽക്കാനുള്ള ഭക്ഷണമുണ്ടാക്കുന്ന തിരക്കിലും. തൊട്ടടുത്ത ദിവസം രാവിലെ അപ്രതീക്ഷിതമായി ശത്രുവിന്റെ ആക്രമണമുണ്ടാകുന്നു. ഏതു പടയാളിയായിരിക്കും യുദ്ധത്തിനു സജ്ജനായിരിക്കുക? സൈന്യാധിപന്റെ അംഗീകാരം ലഭിക്കുന്നത് ഇതിൽ ആർക്കായിരിക്കും? യുദ്ധക്കളത്തിൽ നിങ്ങളുടെ തൊട്ടരികിൽ ഏതു പടയാളിയുണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുക? ഒരുങ്ങിയിരിക്കുന്ന ഒരു പടയാളിയോ അതോ മറ്റു കാര്യങ്ങൾ ശ്രദ്ധിച്ച പടയാളിയോ?
14. ക്രിസ്തുവിന്റെ പടയാളികളായ നമ്മൾ എന്തിനാണു മൂല്യം കല്പിക്കുന്നത്?
14 ആ നല്ല പടയാളികളെപ്പോലെ നമ്മളാരും നമ്മുടെ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ മാറിപ്പോകുന്ന ഒന്നും ചെയ്യില്ല. നമ്മുടെ സൈന്യാധിപന്മാരായ യഹോവയുടെയും ക്രിസ്തുവിന്റെയും അംഗീകാരം നേടുക എന്നതാണ് ആ ലക്ഷ്യം. സാത്താന്റെ ലോകം നമ്മുടെ മുമ്പിൽ വെച്ചുനീട്ടുന്ന എന്തിനെക്കാളും മൂല്യം ആ അംഗീകാരത്തിനുണ്ട്. യഹോവയെ സേവിക്കുന്നതിനും വിശ്വാസം എന്ന നമ്മുടെ പരിചയും ആത്മീയപടക്കോപ്പിന്റെ മറ്റു ഭാഗങ്ങളും നല്ല നിലയിലാണെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ട സമയവും ഊർജവും കവർന്നെടുക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല.
15. പൗലോസ് നമുക്ക് എന്തു മുന്നറിയിപ്പു നൽകി, എന്തുകൊണ്ട്?
15 നമ്മൾ ഒരിക്കലും ജാഗ്രത കൈവെടിയരുത്. എന്തുകൊണ്ട്? “ധനികരാകാൻ തീരുമാനിച്ചുറയ്ക്കുന്നവർ” ‘വിശ്വാസത്തിൽനിന്ന് വഴിതെറ്റിപ്പോകാൻ’ ഇടയാകുമെന്നു പൗലോസ് മുന്നറിയിപ്പു നൽകി. (1 തിമൊ. 6:9, 10) ‘വഴിതെറ്റിപ്പോകുക’ എന്ന പദം എന്താണു സൂചിപ്പിക്കുന്നത്? അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ ശ്രദ്ധ പതറും. അങ്ങനെ നമ്മുടെ ഹൃദയം “ബുദ്ധിശൂന്യവും ദോഷകരവും ആയ പല മോഹങ്ങൾക്കും” ഇരയായിത്തീരും. ഇത്തരം മോഹങ്ങളെ നമ്മുടെ ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിക്കരുത്. ഓർക്കുക: സാത്താൻ നമ്മുടെ വിശ്വാസം തകർക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളാണ് അവ.
16. മർക്കോസ് 10:17-22-ലെ വിവരണം ഏതു ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മളെ പ്രചോദിപ്പിക്കണം?
16 നിങ്ങൾക്കു ധാരാളം സാധനങ്ങൾ വാങ്ങാനുള്ള പണമുണ്ടെന്നുതന്നെ വിചാരിക്കുക. അങ്ങനെയെങ്കിൽ അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? അത് അതിൽത്തന്നെ തെറ്റല്ല. പക്ഷേ ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക: നിങ്ങൾക്ക് ഒരു സാധനം വാങ്ങാൻ പണമുണ്ടെങ്കിലും, അത് ഉപയോഗിക്കാനും നന്നായി സൂക്ഷിക്കാനും ഉള്ള സമയവും ആരോഗ്യവും നിങ്ങൾക്കുണ്ടോ? വസ്തുവകകളെ നിങ്ങൾ സ്നേഹിക്കാൻ തുടങ്ങുമോ? അത്തരം സ്നേഹവും താത്പര്യവും കാരണം, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള യേശുവിന്റെ ക്ഷണം നിരസിച്ച ആ ചെറുപ്പക്കാരനെപ്പോലെ നിങ്ങൾ പ്രവർത്തിക്കുമോ? (മർക്കോസ് 10:17-22 വായിക്കുക.) അതിനെക്കാളും എന്തു നല്ലതാണ്, ലളിതമായ ഒരു ജീവിതം നയിച്ചുകൊണ്ട് ദൈവേഷ്ടം ചെയ്യാൻ നമ്മുടെ വിലപ്പെട്ട സമയവും ശക്തിയും ചെലവഴിക്കുന്നത്!
വിശ്വാസം എന്ന പരിച മുറുകെ പിടിക്കുക
17. ഏതു കാര്യം നമ്മൾ ഒരിക്കലും മറക്കരുത്?
17 നമ്മൾ ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന കാര്യം ഒരിക്കലും മറക്കരുത്. ഓരോ ദിവസവും പോരാട്ടത്തിനായി നമ്മൾ തയ്യാറായിരിക്കണം. (വെളി. 12:17) വിശ്വാസം എന്ന പരിച നമുക്കുവേണ്ടി ചുമക്കാൻ സഹോദരങ്ങൾക്കു കഴിയില്ല. നമ്മൾത്തന്നെ അതു മുറുകെ പിടിക്കണം.
18. പുരാതനനാളുകളിലെ പടയാളികൾ തങ്ങളുടെ പരിച മുറുകെ പിടിച്ചിരുന്നത് എന്തുകൊണ്ട്?
18 പുരാതനനാളുകളിൽ യുദ്ധത്തിൽ ധീരമായി പോരാടിയ പടയാളികൾക്കു ബഹുമതി ലഭിച്ചിരുന്നു. എങ്കിലും, തന്റെ പരിചയില്ലാതെ വീട്ടിലേക്കു വരുന്നത് ഒരു പടയാളിക്കു നാണക്കേടായിരുന്നു. റോമൻ ചരിത്രകാരനായ റ്റാസിറ്റസ് എഴുതി: “ഒരുവന്റെ പരിച നഷ്ടപ്പെടുന്നതിൽപ്പരം അപമാനം മറ്റൊന്നില്ല.” തങ്ങളുടെ പരിച മുറുകെ പിടിക്കാൻ പടയാളികളെ പ്രേരിപ്പിച്ച ഒരു കാര്യം ഇതായിരുന്നു.
19. വിശ്വാസം എന്ന പരിച മുറുകെ പിടിക്കാൻ നമുക്ക് എങ്ങനെ കഴിയും?
19 നമുക്കും വിശ്വാസം എന്ന നമ്മുടെ പരിചയിൽ മുറുകെ പിടിക്കാനാകും. എങ്ങനെ? ക്രിസ്തീയയോഗങ്ങൾക്കു ക്രമമായി പോയിക്കൊണ്ടും യഹോവയുടെ പേരിനെയും രാജ്യത്തെയും കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ടും നമുക്ക് അതു ചെയ്യാം. (എബ്രാ. 10:23-25) അതോടൊപ്പം ദൈവവചനം ആഴത്തിൽ പഠിക്കാൻ ദിവസവും സമയം കണ്ടെത്തുക. ഓരോ കാര്യം ചെയ്യുമ്പോഴും അതിലെ നിർദേശങ്ങൾ ബാധകമാക്കുക. (2 തിമൊ. 3:16, 17) അപ്പോൾ സാത്താൻ നമുക്ക് എതിരെ എന്ത് ആയുധം പ്രയോഗിച്ചാലും അതൊന്നും നിലനിൽക്കുന്ന ദോഷം ചെയ്യില്ല. (യശ. 54:17) “വിശ്വാസം എന്ന വലിയ പരിച” നമ്മളെ സംരക്ഷിക്കും. സഹോദരങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് നമ്മൾ ഉറച്ചുനിൽക്കും. അപ്പോൾ ഓരോ ദിവസത്തെയും പോരാട്ടത്തിൽ നമ്മൾ ജയിക്കും. മാത്രമല്ല, സാത്താനും അനുയായികൾക്കും എതിരെയുള്ള യുദ്ധത്തിൽ യേശു ജയിക്കുമ്പോൾ യേശുവിന്റെ പക്ഷത്തായിരിക്കാനുള്ള അവസരവും നമുക്കുണ്ടായിരിക്കും.—വെളി. 17:14; 20:10
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
a പരിക്കു പറ്റാതിരിക്കാൻ പടയാളികൾക്കു പരിച ആവശ്യമായിരുന്നു. നമ്മുടെ വിശ്വാസം പരിചപോലെയാണ്. ഒരു പടയാളി പരിച നല്ലവണ്ണം സൂക്ഷിക്കും. അതുപോലെതന്നെ നമ്മൾ നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കണം. “വിശ്വാസം എന്ന വലിയ പരിച” നല്ല നിലയിലാണെന്ന് ഉറപ്പു വരുത്താൻ എന്തു ചെയ്യാമെന്ന് ഈ ലേഖനത്തിൽ പഠിക്കും.
b ചിത്രക്കുറിപ്പ്: യഹോവയുടെ സാക്ഷികൾക്ക് എതിരെ നുണകൾ പ്രചരിപ്പിക്കുന്ന വിശ്വാസത്യാഗികളുടെ റിപ്പോർട്ട് ടിവിയിൽ കാണുമ്പോൾ ഉടനടി ഒരു സാക്ഷിക്കുടുംബം അത് ഓഫ് ചെയ്യുന്നു.
c ചിത്രക്കുറിപ്പ്: പിന്നീടു കുടുംബാരാധനയിൽ പിതാവ് ബൈബിൾ ഉപയോഗിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.