അധ്യായം പതിനൊന്ന്
‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’
1. (എ) ഒന്നാമതു രാജ്യം അന്വേഷിക്കാൻ യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ട്? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
യേശു 1,900-ത്തിലധികം വർഷം മുമ്പ്, ഗലീലയിൽ നടത്തിയ ഒരു പ്രസംഗത്തിൽ തന്റെ ശ്രോതാക്കളെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “ഒന്നാമതു രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക.” എന്നാൽ അതു വളരെ അടിയന്തിരമായിരുന്നത് എന്തുകൊണ്ട്? നൂറ്റാണ്ടുകൾ കഴിഞ്ഞല്ലേ ക്രിസ്തുവിനു രാജ്യാധികാരം ലഭിക്കുമായിരുന്നുള്ളൂ? അതേ, പക്ഷേ യഹോവ തന്റെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതും ഭൂമിയെ സംബന്ധിച്ച തന്റെ മഹത്തായ ഉദ്ദേശ്യം നിറവേറ്റുന്നതും മിശിഹൈക രാജ്യം മുഖേന ആയിരിക്കുമായിരുന്നു. ആ കാര്യങ്ങളുടെ പ്രാധാന്യം യഥാർഥമായും മനസ്സിലാക്കുന്ന ഏതൊരാളും തന്റെ ജീവിതത്തിൽ രാജ്യത്തിനു പ്രഥമ സ്ഥാനം കൊടുക്കുമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ അതു സത്യമായിരുന്നെങ്കിൽ, ക്രിസ്തു രാജാവായി സിംഹാസനസ്ഥനായിരിക്കുന്ന ഇക്കാലത്ത് അത് എത്രയധികം സത്യമായിരിക്കും! അതുകൊണ്ട് ചോദ്യം ഇതാണ്, ഞാൻ ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നുവെന്ന് എന്റെ ജീവിതരീതി തെളിയിക്കുന്നുവോ?—മത്തായി 6:33, NW.
2. ആളുകൾ പൊതുവേ ഏതു കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു?
2 ഇന്നു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾ ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്ന അവർ അവന്റെ ഇഷ്ടം ചെയ്യുന്നതിനെ കേന്ദ്രീകരിച്ചു ജീവിതം നയിച്ചുകൊണ്ട് രാജ്യഭരണത്തിനുള്ള തങ്ങളുടെ പിന്തുണ പ്രകടമാക്കുന്നു. മറിച്ച്, മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷം പേരും ലൗകിക കാര്യങ്ങൾ അന്വേഷിക്കുന്നതിൽ മുഴുകിയിരിക്കുന്നു. ചിലർ പണവും സ്വത്തുക്കളും പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഉല്ലാസങ്ങളും തേടുന്നു. മറ്റു ചിലരാകട്ടെ തങ്ങളുടെ തൊഴിൽ മെച്ചപ്പെടുത്താനുള്ള തത്രപ്പാടിലാണ്. അവരുടെ ജീവിതരീതി സ്വന്ത കാര്യങ്ങളിലും ഭൗതിക വസ്തുക്കളിലും ഉല്ലാസങ്ങളിലുമുള്ള ആസക്തിയെ പ്രതിഫലിപ്പിക്കുന്നു. ഇനി, ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽത്തന്നെ അവർ അവനു ജീവിതത്തിൽ രണ്ടാം സ്ഥാനമേ കൽപ്പിച്ചിട്ടുള്ളൂ.—മത്തായി 6:31, 32.
3. (എ) ഏതുതരം നിക്ഷേപങ്ങൾ തേടാനാണ് യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചത്, എന്തുകൊണ്ട്? (ബി) ഭൗതിക കാര്യങ്ങൾ സംബന്ധിച്ച് അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
3 എന്നിരുന്നാലും, യേശു തന്റെ ശിഷ്യന്മാർക്ക് ഈ ബുദ്ധിയുപദേശം കൊടുത്തു: “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു,” കാരണം അങ്ങനെയുള്ള സ്വത്തുക്കൾ എന്നേക്കും നിലനിൽക്കുന്നില്ല. മറിച്ച്, യഹോവയെ സേവിച്ചുകൊണ്ട് ‘സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കാൻ’ അവൻ പറഞ്ഞു. ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഊർജം ചെലവിടുകയും ചെയ്തുകൊണ്ട് തങ്ങളുടെ കണ്ണ് ‘ലളിതമാക്കി’ (NW) സൂക്ഷിക്കാൻ അവൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. “നിങ്ങൾക്കു ദൈവത്തെയും മാമോനെയും [“ധനത്തെയും,” ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം] സേവിപ്പാൻ കഴികയില്ല” എന്ന് അവൻ അവരോടു പറഞ്ഞു. എന്നാൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെയുള്ള ഭൗതികാവശ്യങ്ങൾ സംബന്ധിച്ചെന്ത്? ‘വിചാരപ്പെടരുത്’ എന്ന് യേശു ബുദ്ധിയുപദേശിച്ചു. അവൻ പക്ഷികളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചു—ദൈവം അവയെ പോറ്റുന്നു. പുഷ്പങ്ങളിൽ നിന്ന് ഒരു പാഠം പഠിക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു—ദൈവം അവയെ ഉടുപ്പിക്കുന്നു. യഹോവയുടെ ബുദ്ധിശക്തിയുള്ള മനുഷ്യദാസന്മാർ ഇവയിൽ ഏതിനെക്കാളും വിലയുള്ളവരല്ലേ? “അപ്പോൾ, ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക,” (NW) യേശു പറഞ്ഞു. ‘അതോടുകൂടെ ഇതൊക്കെയും [അഥവാ ഈ ആവശ്യ വസ്തുക്കളൊക്കെയും] നിങ്ങൾക്കു കിട്ടും.’ (മത്തായി 6:19-34) നിങ്ങൾ അതു വിശ്വസിക്കുന്നുവോ? നിങ്ങളുടെ പ്രവൃത്തികൾ അതു പ്രകടമാക്കുന്നുവോ?
രാജ്യസത്യം ഞെരുങ്ങിപ്പോകാൻ അനുവദിക്കരുത്
4. ഒരാൾ ഭൗതിക വസ്തുക്കൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നെങ്കിൽ, പരിണതഫലം എന്തായിരിക്കും?
4 തന്റെയും കുടുംബത്തിന്റെയും ഭൗതികാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ ഒരുവൻ താത്പര്യമെടുക്കുന്നത് ഉചിതമാണ്. എന്നിരുന്നാലും, ഒരാൾ ഭൗതിക വസ്തുക്കളിൽ അമിത തത്പരനാണെങ്കിൽ, ഫലം വിപത്കരമായേക്കാം. അയാൾ രാജ്യത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടേക്കാമെങ്കിലും, തന്റെ ഹൃദയത്തിൽ മറ്റു കാര്യങ്ങൾക്കു പ്രഥമ സ്ഥാനം കൊടുക്കുന്നെങ്കിൽ രാജ്യസത്യം ഞെരുങ്ങിപ്പോകും. (മത്തായി 13:18-22) ദൃഷ്ടാന്തത്തിന്, ഒരു സന്ദർഭത്തിൽ ധനികനായ ഒരു യുവഭരണാധികാരി “നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം?” എന്ന് യേശുവിനോടു ചോദിച്ചു. അയാൾ ഒരു സന്മാർഗജീവിതം നയിക്കുകയും മറ്റുള്ളവരോടു നന്നായി പെരുമാറുകയും ചെയ്തിരുന്നു, എന്നാൽ അയാൾക്കു തന്റെ ഭൗതിക സ്വത്തുക്കളോട് അമിതമായ പ്രിയം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ഒരു അനുഗാമി ആയിത്തീരുന്നതിന് അവ ത്യജിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അങ്ങനെ സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ ആയിരിക്കുന്നതിലേക്കു നയിക്കുമായിരുന്ന അവസരം അയാൾക്കു കൈവിട്ടുപോയി. “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം” എന്ന് ആ സന്ദർഭത്തിൽ യേശു പറഞ്ഞു.—മർക്കൊസ് 10:17-23.
5. (എ) ഏതു കാര്യങ്ങൾകൊണ്ടു തൃപ്തിപ്പെടാനാണു പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചത്, എന്തുകൊണ്ട്? (ബി) സാത്താൻ “ദ്രവ്യാഗ്രഹ”ത്തെ നാശകരമായ ഒരു കെണിയായി ഉപയോഗിക്കുന്നത് എങ്ങനെ?
5 വർഷങ്ങൾക്കുശേഷം, സമ്പദ്സമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായ എഫെസൊസിലായിരുന്ന തിമൊഥെയൊസിന് അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” തനിക്കും തന്റെ കുടുംബത്തിനും ‘ഉണ്മാനും ഉടുപ്പാനും’ ഉണ്ടായിരിക്കുന്നതിന് ഒരുവൻ പണിയെടുക്കുന്നത് ഉചിതമാണ്. എന്നാൽ പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” സാത്താൻ സൂത്രശാലിയാണ്. ആദ്യം അവൻ ഒരാളെ ചെറിയ വിധങ്ങളിൽ പ്രലോഭിപ്പിച്ചേക്കാം. അതിനെ തുടർന്നു കൂടിയ സമ്മർദം ഉണ്ടായേക്കാം—അത് ഒരുപക്ഷേ ഒരു സ്ഥാനക്കയറ്റത്തിനുള്ള അവസരമായിരിക്കാം, അല്ലെങ്കിൽ മുമ്പ് ആത്മീയ കാര്യങ്ങൾക്കു മാറ്റിവെച്ചിരുന്ന സമയം വിനിയോഗിക്കേണ്ടിവരുന്ന, കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിക്കുള്ള സാധ്യത ആയിരിക്കാം. നാം ജാഗരൂകരല്ലെങ്കിൽ “ദ്രവ്യാഗ്രഹം” പ്രാധാന്യമേറിയ രാജ്യതാത്പര്യങ്ങളെ ഞെരുക്കിക്കളഞ്ഞേക്കാം. അതേക്കുറിച്ച് പൗലൊസ് ഇങ്ങനെ പറയുന്നു: “ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:7-10.
6. (എ) ഭൗതികാസക്തിയുടെ കെണിയിൽ വീഴാതിരിക്കാൻ നാം എന്തു ചെയ്യണം? (ബി) ലോകത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ പോലും നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
6 തന്റെ ക്രിസ്തീയ സഹോദരനായ തിമൊഥെയൊസിനോടുള്ള ആത്മാർഥ സ്നേഹത്തോടെ, പൗലൊസ് അവനെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “അതു വിട്ടോടി . . . വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക.” (1 തിമൊഥെയൊസ് 6:11, 12) ചുറ്റുമുള്ള ലോകത്തിന്റെ ഭൗതികാസക്ത ജീവിതരീതിയാൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നാം ആത്മാർഥമായി ശ്രമിക്കേണ്ടതുണ്ട്. എന്നാൽ നാം നമ്മുടെ വിശ്വാസത്തിനു ചേർച്ചയിൽ പ്രയത്നിക്കുന്നെങ്കിൽ യഹോവ നമ്മെ ഒരിക്കലും ഉപേക്ഷിക്കയില്ല. വിലക്കയറ്റവും പരക്കെയുള്ള തൊഴിലില്ലായ്മയും ഒക്കെ ഉണ്ടെങ്കിലും നമ്മുടെ യഥാർഥ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുന്നുവെന്ന് അവൻ ഉറപ്പുവരുത്തും. പൗലൊസ് എഴുതി: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.’ (എബ്രായർ 13:5, 6) ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”—സങ്കീർത്തനം 37:25.
ആദിമ ക്രിസ്ത്യാനികൾ മാതൃക വെക്കുന്നു
7. പ്രസംഗം സംബന്ധിച്ച ഏതു നിർദേശങ്ങൾ യേശു തന്റെ ശിഷ്യന്മാർക്കു നൽകി, ഇവ ഉചിതമായിരുന്നത് എന്തുകൊണ്ട്?
7 യേശു തന്റെ അപ്പൊസ്തലന്മാർക്കു തക്ക പരിശീലനം കൊടുത്തശേഷം സുവാർത്ത പ്രസംഗിക്കാനും “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു ഘോഷിക്കാനും അവരെ ഇസ്രായേലിലേക്ക് അയച്ചു. അത് എത്ര പുളകപ്രദമായ സന്ദേശമായിരുന്നു! മിശിഹൈക രാജാവായ യേശുക്രിസ്തു അവരുടെ മധ്യേ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ ദൈവസേവനത്തിനു തങ്ങളെത്തന്നെ അർപ്പിച്ചതിനാൽ ദൈവം അവർക്കായി കരുതുമെന്ന വിശ്വാസമുണ്ടായിരിക്കാൻ യേശു അവരെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നേ പാർപ്പിൻ.” (മത്തായി 10:5-10; ലൂക്കൊസ് 9:1-6) അവരുടെ ആവശ്യങ്ങൾ സഹ ഇസ്രായേല്യർ നിറവേറ്റുമെന്ന് യഹോവ ഉറപ്പുവരുത്തുമായിരുന്നു, ഇസ്രായേല്യർക്കു പൊതുവേ അപരിചിതരോട് ആതിഥ്യം കാണിക്കുന്ന പതിവുണ്ടായിരുന്നു.
8. (എ) തന്റെ മരണത്തിനു തൊട്ടുമുമ്പ്, യേശു പ്രസംഗവേല സംബന്ധിച്ച് പുതിയ നിർദേശങ്ങൾ നൽകിയത് എന്തുകൊണ്ട്? (ബി) അപ്പോഴും യേശുവിന്റെ അനുഗാമികളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം എന്തിന് ആയിരിക്കണമായിരുന്നു?
8 പിന്നീട് തന്റെ മരണത്തിനു തൊട്ടുമുമ്പ്, മാറ്റംവന്ന സാഹചര്യങ്ങളിൻ കീഴിലായിരിക്കും ഭാവിയിൽ തന്റെ അപ്പൊസ്തലന്മാർക്കു പ്രവർത്തിക്കേണ്ടി വരിക എന്ന് യേശു അവർക്കു മുന്നറിയിപ്പു നൽകി. അവരുടെ പ്രവർത്തനത്തോടുള്ള ഔദ്യോഗിക എതിർപ്പിന്റെ ഫലമായി ഇസ്രായേലിൽ അവർക്ക് അത്ര എളുപ്പത്തിൽ ആതിഥ്യം ലഭിക്കുമായിരുന്നില്ല. കൂടാതെ, അവർ താമസിയാതെ രാജ്യസന്ദേശം വിജാതീയ ദേശങ്ങളിലേക്ക് എത്തിക്കുമായിരുന്നു. അപ്പോൾ അവർ “മടിശ്ശീല”യും “പൊക്കണ”വും എടുക്കണമായിരുന്നു. എന്നിരുന്നാലും, അവർക്കാവശ്യമായ ആഹാരവും വസ്ത്രവും നേടാനുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന വിശ്വാസത്തോടെ അവർ ഒന്നാമതു യഹോവയുടെ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കണമായിരുന്നു.—ലൂക്കൊസ് 22:35-37.
9. തന്റെ ഭൗതിക ആവശ്യങ്ങൾക്കായി കരുതവേതന്നെ പൗലൊസ് ജീവിതത്തിൽ രാജ്യം ഒന്നാമതു വെച്ചത് എങ്ങനെ, ഈ വിഷയം സംബന്ധിച്ച് അവൻ എന്തു ബുദ്ധിയുപദേശം നൽകി?
9 യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ നല്ല മാതൃക വെച്ച ഒരുവനായിരുന്നു പൗലൊസ് അപ്പൊസ്തലൻ. അവൻ ജീവിതത്തിൽ ശുശ്രൂഷയ്ക്കു പ്രമുഖ സ്ഥാനം കൊടുത്തു. (പ്രവൃത്തികൾ 20:24, 25) ഏതെങ്കിലും പ്രദേശത്തു പ്രസംഗിക്കാൻ ചെല്ലുമ്പോൾ തന്റെ ഭൗതിക ആവശ്യങ്ങൾ അവൻ സ്വന്തമായി നടത്തുമായിരുന്നു, അതിനായി ചിലപ്പോൾ അവൻ കൂടാരപ്പണി പോലും ചെയ്തു. മറ്റുള്ളവർ തന്നെ പരിപാലിക്കാൻ അവൻ പ്രതീക്ഷിച്ചില്ല. (പ്രവൃത്തികൾ 18:1-4; 1 തെസ്സലൊനീക്യർ 2:9) എന്നിരുന്നാലും, മറ്റുള്ളവർ ആതിഥ്യവും ദാനങ്ങളും നൽകി തങ്ങളുടെ സ്നേഹം പ്രകടമാക്കിയപ്പോൾ അവൻ അവ സ്വീകരിച്ചു. (പ്രവൃത്തികൾ 16:15, 34; ഫിലിപ്പിയർ 4:15-17) പ്രസംഗവേലയിൽ ഏർപ്പെടാനായി കുടുംബ ഉത്തരവാദിത്വങ്ങൾ അവഗണിക്കരുത്, മറിച്ച് അവ രണ്ടും സമനിലയിൽ കൊണ്ടുപോകണം എന്ന് പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അധ്വാനിക്കാനും തങ്ങളുടെ കുടുംബങ്ങളെ സ്നേഹിക്കാനും വസ്തുവകകൾ മറ്റുള്ളവരുമായി പങ്കിടാനും അവൻ അവരെ ബുദ്ധിയുപദേശിച്ചു. (എഫെസ്യർ 4:28; 2 തെസ്സലൊനീക്യർ 3:7-12) ഭൗതിക സ്വത്തുക്കളിലല്ല, മറിച്ച് ദൈവത്തിൽ വിശ്വാസമർപ്പിക്കാനും കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ എന്താണെന്നു തങ്ങൾക്ക് അറിയാമെന്നു പ്രകടമാക്കുന്ന വിധത്തിൽ ജീവിതം നയിക്കാനും അവൻ അവരെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ ഉപദേശങ്ങളോടുള്ള യോജിപ്പിൽ ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നതിനെ അത് അർഥമാക്കി.—ഫിലിപ്പിയർ 1:9-11, NW.
നിങ്ങളുടെ ജീവിതത്തിൽ രാജ്യം ഒന്നാമതു വെക്കുക
10. ഒന്നാമതു രാജ്യം അന്വേഷിക്കുക എന്നതിന്റെ അർഥമെന്ത്?
10 നാം വ്യക്തിപരമായി എത്രത്തോളം മറ്റുള്ളവരുമായി രാജ്യസുവാർത്ത പങ്കുവെക്കുന്നുണ്ട്? അതു ഭാഗികമായി, നമ്മുടെ സാഹചര്യങ്ങളെയും നമ്മുടെ വിലമതിപ്പിന്റെ ആഴത്തെയും ആശ്രയിച്ചിരിക്കുന്നു. ‘നിങ്ങൾക്കു മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ രാജ്യം അന്വേഷിക്കുക’ എന്നല്ല യേശു പറഞ്ഞത്. രാജ്യത്തിന്റെ പ്രാധാന്യം അറിയാമായിരുന്നതിനാൽ “തുടർച്ചയായി അവന്റെ രാജ്യം അന്വേഷിക്കുക” എന്നു പറഞ്ഞുകൊണ്ട് അവൻ തന്റെ പിതാവിന്റെ ഇഷ്ടം വെളിപ്പെടുത്തി. (ലൂക്കൊസ് 12:31, NW) നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നമ്മിൽ മിക്കവർക്കും ജോലി ചെയ്യേണ്ടതുണ്ടെങ്കിലും നമുക്കു വിശ്വാസമുള്ളപക്ഷം ദൈവം നമുക്കു നൽകിയിരിക്കുന്ന രാജ്യവേലയെ കേന്ദ്രീകരിച്ചായിരിക്കും നാം ജീവിതം നയിക്കുക. ഒപ്പം, നാം നമ്മുടെ കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യും.—1 തിമൊഥെയൊസ് 5:8.
11. (എ) രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ എല്ലാവർക്കും ഒരേ അളവിൽ ചെയ്യാൻ സാധിക്കില്ലെന്ന് യേശു ദൃഷ്ടാന്തീകരിച്ചത് എങ്ങനെ? (ബി) ഒരുവന് എത്രമാത്രം ചെയ്യാൻ കഴിയുമെന്നതിനെ ഏതു ഘടകങ്ങൾ സ്വാധീനിക്കുന്നു?
11 മറ്റുള്ളവരെ അപേക്ഷിച്ച്, രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാൻ നമ്മിൽ ചിലർക്കു സാധിക്കുന്നു. എന്നാൽ വിവിധതരം മണ്ണിനെ സംബന്ധിച്ച തന്റെ ഉപമയിൽ, നല്ല മണ്ണിനു സമാനമായ ഹൃദയമുള്ള ഏവരും ഫലം കായ്ക്കുമെന്നു യേശു വ്യക്തമാക്കി. എത്രത്തോളം? ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്. പ്രായം, ആരോഗ്യം, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവയെല്ലാം ചില ഘടകങ്ങളാണ്. എന്നാൽ യഥാർഥ വിലമതിപ്പുള്ളപ്പോൾ വളരെയധികം നിർവഹിക്കാൻ കഴിയും.—മത്തായി 13:23.
12. വിശേഷിച്ചു ചെറുപ്പക്കാർ ഏത് ആരോഗ്യാവഹമായ ആത്മീയ ലാക്കിനെ കുറിച്ചു പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
12 രാജ്യശുശ്രൂഷയിലെ പങ്കു വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതു നല്ലതാണ്. തീക്ഷ്ണതയോടെ പ്രവർത്തിച്ച യുവക്രിസ്ത്യാനിയായ തിമൊഥെയൊസിന്റെ അതിവിശിഷ്ടമായ മാതൃകയെ കുറിച്ചു ചെറുപ്പക്കാർ ഗൗരവത്തോടെ ചിന്തിക്കണം. (ഫിലിപ്പിയർ 2:19-22) ലൗകിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നതിനെക്കാൾ മെച്ചമായി അവർക്കു ചെയ്യാൻ കഴിയുന്ന മറ്റെന്തുണ്ട്? ആരോഗ്യാവഹമായ ആത്മീയ ലാക്കുകൾ വെക്കുന്നതിനാൽ പ്രായമേറിയവർക്കും പ്രയോജനം കിട്ടും.
13. (എ) നമുക്കു വ്യക്തിപരമായി രാജ്യസേവനത്തിൽ എത്രമാത്രം ചെയ്യാൻ കഴിയുമെന്നു നിശ്ചയിക്കുന്നത് ആരാണ്? (ബി) നാം വാസ്തവമായും ഒന്നാമതു രാജ്യം അന്വേഷിക്കുന്നെങ്കിൽ നാം എന്തു തെളിയിക്കും?
13 ചിലർക്കു കൂടുതൽ ചെയ്യാൻ കഴിയുമെന്നു വിചാരിച്ചുകൊണ്ട് അവരെ വിമർശിക്കുന്നതിനു പകരം, വ്യക്തിപരമായ പുരോഗതി വരുത്തുന്നതിനു പരിശ്രമിക്കാൻ നമ്മുടെ വിശ്വാസം നമ്മെ പ്രേരിപ്പിക്കണം. അങ്ങനെ, സ്വന്തം സാഹചര്യങ്ങൾ അനുവദിക്കുന്നത്ര പൂർണമായി ദൈവത്തെ സേവിക്കാൻ നമുക്കു സാധിക്കും. (റോമർ 14:10-12; ഗലാത്യർ 6:4, 5) ഇയ്യോബിന്റെ കാര്യത്തിൽ പ്രകടമായതുപോലെ, നമ്മുടെ മുഖ്യതാത്പര്യങ്ങൾ ഭൗതിക സ്വത്തുക്കളും സ്വന്തം സുഖവും വ്യക്തിപരമായ ക്ഷേമവും ആണെന്നും ദൈവത്തെ സേവിക്കുന്നതിലുള്ള നമ്മുടെ ആന്തരം സ്വാർഥപരമാണെന്നും സാത്താൻ വാദിക്കുന്നു. എന്നാൽ നാം വാസ്തവമായി രാജ്യം ഒന്നാമത് അന്വേഷിക്കുന്നെങ്കിൽ, പിശാച് കടുത്ത നുണയനാണെന്നു തെളിയിക്കുന്നതിൽ നമുക്ക് ഒരു പങ്കുണ്ടായിരിക്കും. നമ്മുടെ ജീവിതത്തിൽ ദൈവസേവനമാണ് ഒന്നാമതു വരുന്നത് എന്നതിനു നാം തെളിവു നൽകുന്നു. യഹോവയോടുള്ള നമ്മുടെ ആഴമായ സ്നേഹവും അവന്റെ പരമാധികാരത്തിനുള്ള നമ്മുടെ വിശ്വസ്ത പിന്തുണയും സഹമനുഷ്യരോടുള്ള നമ്മുടെ സ്നേഹവും വാക്കിനാലും പ്രവൃത്തിയാലും നാം തെളിയിക്കുന്നു.—ഇയ്യോബ് 1:9-11; 2:4, 5; സദൃശവാക്യങ്ങൾ 27:11.
14. (എ) വയൽ ശുശ്രൂഷയ്ക്ക് ഒരു പട്ടിക പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അനേകം സാക്ഷികൾ വയൽശുശ്രൂഷയിൽ എത്രത്തോളം പങ്കെടുക്കുന്നു?
14 ഒരു പട്ടിക ഉണ്ടായിരിക്കുകവഴി, മറ്റുപ്രകാരത്തിൽ നാം ചെയ്തേക്കാവുന്നതിലേറെ നിർവഹിക്കാൻ നമുക്കു സാധിച്ചേക്കാം. യഹോവയ്ക്കുതന്നെ അവന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് “ഒരു നിയമിത സമയം” ഉണ്ട്. (പുറപ്പാടു 9:5, NW; മർക്കൊസ് 1:15, NW) സാധ്യമെങ്കിൽ, ഓരോ വാരത്തിലും ഒന്നോ അധികമോ നിയമിത സമയങ്ങളിൽ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതു നല്ലതാണ്. സുവാർത്ത പ്രസംഗിക്കാൻ ദിവസം ഏതാണ്ടു രണ്ടു മണിക്കൂർ ചെലവിട്ടുകൊണ്ട് ശതസഹസ്രക്കണക്കിനു യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും സഹായ പയനിയർമാരായി പേർ ചാർത്തിയിട്ടുണ്ട്. ശതസഹസ്രക്കണക്കിനു മറ്റുള്ളവർ രാജ്യസന്ദേശം ഘോഷിക്കാൻ ദിവസം ഏതാണ്ട് രണ്ടര മണിക്കൂർ ഉപയോഗിച്ചുകൊണ്ട് സാധാരണ പയനിയർമാരായി സേവിക്കുന്നു. പ്രത്യേക പയനിയർമാരും മിഷനറിമാരും രാജ്യസേവനത്തിൽ അതിലും കൂടുതൽ സമയം ചെലവഴിക്കുന്നു. ശ്രദ്ധിക്കുന്ന ഏതൊരാൾക്കും രാജ്യപ്രത്യാശ പങ്കുവെക്കാനുള്ള അനൗപചാരിക അവസരങ്ങളും നമുക്കു തേടാവുന്നതാണ്. (യോഹന്നാൻ 4:7-15) നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നത്ര പൂർണമായി ആ വേലയിൽ പങ്കുപറ്റാനായിരിക്കണം നമ്മുടെ ആഗ്രഹം. എന്തുകൊണ്ടെന്നാൽ യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14; എഫെസ്യർ 5:15-17.
15. നമ്മുടെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ, 1 കൊരിന്ത്യർ 15:58-ലെ ബുദ്ധിയുപദേശം കാലോചിതമാണെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?
15 തങ്ങൾ ഏതു രാഷ്ട്രത്തിൽ ജീവിക്കുന്നവരാണെങ്കിലും, ഭൂമിയിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ഈ സേവനപദവിയിൽ പങ്കുപറ്റുന്നു. അവർ ഈ നിശ്വസ്ത ബൈബിൾ ബുദ്ധിയുപദേശം തങ്ങൾക്കുതന്നെ ബാധകമാക്കുന്നു: “ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:58.
പുനരവലോകന ചർച്ച
• ‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’ എന്നു പറഞ്ഞപ്പോൾ, എന്തു രണ്ടാം സ്ഥാനത്ത് ആയിരിക്കണമെന്നാണ് യേശു സൂചിപ്പിച്ചത്?
• നമ്മുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾക്കായി കരുതുന്നതു സംബന്ധിച്ച് നമുക്ക് എങ്ങനെയുള്ള വീക്ഷണം ഉണ്ടായിരിക്കണം? ദൈവം നമുക്ക് എന്തു സഹായം നൽകും?
• രാജ്യസേവനത്തിന്റെ ഏതു വശങ്ങളിൽ നമുക്കു പങ്കെടുക്കാൻ കഴിയും?
[107-ാം പേജിലെ ചിത്രം]
അന്ത്യം വരുന്നതിനു മുമ്പ്, യഹോവയുടെ സാക്ഷികൾ ഇന്നു സകല ദേശങ്ങളിലും സുവാർത്ത ഘോഷിക്കുന്നു