ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ ദരിദ്രർ ആയിരിക്കണമോ?
തന്റെ വസ്തുവകകൾ എല്ലാം വിറ്റു ദരിദ്രർക്കു ദാനം ചെയ്യാൻ ധനികനായ ഒരു യുവ ഭരണാധികാരിയോട് യേശു ഒരിക്കൽ പറയുകയുണ്ടായി. “അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു” യേശുവിന്റെ വാക്കു കേട്ടു വിഷാദിച്ചു ദുഃഖിതനായി മടങ്ങിപ്പോയി എന്നു വിവരണം തുടർന്നു പറയുന്നു. മറ്റൊരിക്കൽ യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.”—മർക്കൊസ് 10:21-23; മത്തായി 19:24.
യേശു എന്താണ് അർഥമാക്കിയത്? ധനവും സത്യാരാധനയും പരസ്പര വിരുദ്ധങ്ങളാണോ? ധനികരായ ക്രിസ്ത്യാനികൾക്കു കുറ്റബോധം തോന്നേണ്ടതുണ്ടോ? ക്രിസ്ത്യാനികൾ സുഖസൗകര്യങ്ങൾ വെടിഞ്ഞ് ഒരു വിരക്ത ജീവിതം നയിക്കാൻ ദൈവം ആവശ്യപ്പെടുന്നുണ്ടോ?
ദൈവം ‘എല്ലാത്തരം മനുഷ്യരെയും’ സ്വാഗതം ചെയ്യുന്നു
പുരാതന നാളുകളിൽ ഇസ്രായേൽ ജനതയോടു ദാരിദ്ര്യത്തിൽ കഴിയാൻ ദൈവം ആവശ്യപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന്, ഇസ്രായേൽ ജനതയ്ക്കു ദേശം വിഭാഗിച്ചു കിട്ടിയശേഷം തങ്ങളുടെ കുടുംബത്തെയും തങ്ങളെത്തന്നെയും പോറ്റാനായി അവർ കൃഷിയിലും വ്യാപാരങ്ങളിലും ഏർപ്പെട്ടു. സാമ്പത്തികനില, കാലാവസ്ഥ, ആരോഗ്യം, കച്ചവട വൈദഗ്ധ്യം ഇവയെ എല്ലാം ആശ്രയിച്ചിരിക്കുമായിരുന്നു അവരുടെ വിജയം. ആരെങ്കിലും സമ്പത്തു ക്ഷയിച്ചു ദരിദ്രൻ ആയിത്തീർന്നാൽ അവനോടു ദയ കാണിക്കണം എന്നു മോശൈക ന്യായപ്രമാണം ഇസ്രായേല്യരെ അനുശാസിച്ചിരുന്നു. (ലേവ്യപുസ്തകം 25:35-40) അതേസമയം, ധനികരായിത്തീർന്ന പലരും ഉണ്ടായിരുന്നു. വിശ്വാസമുള്ളവനും നിർമലനും യേശുക്രിസ്തുവിന്റെ ഒരു പൂർവികനും ആയിരുന്ന ബോവസ് ‘മഹാധനവാൻ’ ആയിരുന്നു എന്നു ബൈബിൾ പറയുന്നു.—രൂത്ത് 2:1.
യേശുവിന്റെ നാളിലും ഇതേ അവസ്ഥയാണു നിലനിന്നിരുന്നത്. തുടക്കത്തിൽ പരാമർശിച്ച ധനികനായ മനുഷ്യനോട് യേശു അങ്ങനെ പറഞ്ഞപ്പോൾ അവൻ ഒരിക്കലും ഒരു വിരക്തജീവിതത്തെ പ്രോത്സാഹിപ്പിക്കുക ആയിരുന്നില്ല, മറിച്ച് ഒരു സുപ്രധാന പാഠം പഠിപ്പിക്കുകയായിരുന്നു. മാനുഷിക കാഴ്ചപ്പാടിൽ, ധനികനായ ഒരുവനു താഴ്മ പ്രകടമാക്കാനോ രക്ഷയിലേക്കുള്ള ദൈവികമാർഗം സ്വീകരിക്കാനോ സാധ്യമല്ല എന്ന് ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ യേശു ഇപ്രകാരം പറഞ്ഞു: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.”—മത്തായി 19:26.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭ ‘എല്ലാത്തരം മനുഷ്യരെയും’ സ്വാഗതം ചെയ്തിരുന്നു. (1 തിമൊഥെയൊസ് 2:4, NW) ചിലർ ധനികർ ആയിരുന്നു, ചിലർക്കു സമൃദ്ധിയില്ലെങ്കിലും തൃപ്തികരമായ ജീവിത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ മറ്റു ചിലർ ദരിദ്രർ ആയിരുന്നു. ധനികരായിരുന്നവരിൽ ചിലർ ക്രിസ്ത്യാനികൾ ആകുന്നതിനു മുമ്പായിരുന്നിരിക്കാം സ്വത്തു സമ്പാദിച്ചത്. അതുപോലെ, പിന്നീടുണ്ടായ അനുകൂല സാഹചര്യങ്ങളും ബുദ്ധിപൂർവകമായ വ്യാപാര ഇടപാടുകളും മൂലം കൂടുതൽ സമ്പന്നരായിത്തീർന്ന വ്യക്തികളും ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായിരുന്നു.
സമാനമായി, ഇന്നത്തെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളും വ്യത്യസ്ത സാമ്പത്തിക സ്ഥിതിയിലുള്ളവരാണ്. ഭൗതികത്വം ഏതൊരാളെയും ബാധിക്കാം എന്നതിനാൽ ഇവരെല്ലാം പണപരമായ കാര്യങ്ങളിൽ ബൈബിളിന്റെ മാർഗനിർദേശം പിൻപറ്റാൻ കഠിന ശ്രമം ചെയ്യുന്നു. പണത്തിനും വസ്തുവകകൾക്കും ഒരുവന്റെമേൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികൾ ഇതു സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കണം എന്ന പാഠമാണ് ധനികനായ യുവ ഭരണാധികാരിയുടെ ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ചത്.—മർക്കൊസ് 4:19.
ധനികർക്ക് ഒരു മുന്നറിയിപ്പ്
സമ്പത്തിനെ ബൈബിൾ കുറ്റം വിധിക്കുന്നില്ല. എന്നാൽ പണസ്നേഹത്തെ ബൈബിൾ കുറ്റം വിധിക്കുകതന്നെ ചെയ്യുന്നു. ബൈബിൾ എഴുത്തുകാരനായ പൗലൊസ് ഇപ്രകാരം പറഞ്ഞു: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.” ധനവാന്മാരാകാൻ ആഗ്രഹിച്ചുകൊണ്ടു ചിലർ ആത്മീയ താത്പര്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതായി അവൻ സൂചിപ്പിച്ചു: “ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:10.
ശ്രദ്ധേയമായി, പൗലൊസ് ധനികർക്കു ചില പ്രത്യേക നിർദേശങ്ങൾ നൽകി. “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും” അവൻ പറയുന്നു. (1 തിമൊഥെയൊസ് 6:17, 18എ) ധനവാന്മാർ ഒരുപക്ഷേ തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അഹങ്കരിക്കാനുള്ള സാധ്യതയുണ്ടെന്ന് പൗലൊസിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. മാത്രമല്ല, ധനത്തിന് യഥാർഥ സുരക്ഷിതത്വം പ്രദാനം ചെയ്യാൻ കഴിയും എന്നു ചിന്തിക്കാനും അവർ പ്രേരിതരായേക്കാം. എന്നാൽ യഥാർഥ സുരക്ഷിതത്വം ദൈവത്തിനുമാത്രം നൽകാൻ കഴിയുന്ന ഒന്നാണ്.
ധനാഢ്യരായ ക്രിസ്ത്യാനികൾക്ക് “സൽപ്രവൃത്തികളിൽ സമ്പന്നരായി”രുന്നുകൊണ്ട് ഇത്തരം അപകടങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ കഴിയും. ‘ദാനശീലവും’ ‘ഔദാര്യവും’ പ്രകടമാക്കിക്കൊണ്ട് അർഹരായവരെ ഉദാരമായി സഹായിക്കുന്നതാണ് സത്പ്രവൃത്തികളിൽ ഉൾപ്പെട്ടിരിക്കുന്നത്. (1 തിമൊഥെയൊസ് 6:18ബി) ക്രിസ്ത്യാനികൾക്ക്, തങ്ങൾ സമ്പന്നരോ ദരിദ്രരോ ആയിരുന്നാലും, തങ്ങളുടെ വസ്തുവകകളിൽ ചിലത് ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത വ്യാപിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. ഇന്നത്തെ സത്യക്രിസ്ത്യാനികളുടെ മുഖ്യ താത്പര്യമാണിത്. തുറന്ന മനസ്സോടെയുള്ള ഇത്തരം കൊടുക്കലുകൾ ഭൗതികവസ്തുക്കൾ സംബന്ധിച്ച ഉചിതമായ മനോഭാവത്തെ പ്രകടമാക്കുന്നു. കൂടാതെ, ഒരുവൻ ഇങ്ങനെ ചെയ്യുമ്പോൾ, സന്തോഷത്തോടെ കൊടുക്കുന്നവരെ സ്നേഹിക്കുന്ന യഹോവയ്ക്കും യേശുക്രിസ്തുവിനും അയാൾ ഏറെ പ്രിയങ്കരനായിത്തീരും.—മത്തായി 24:14; ലൂക്കൊസ് 16:9; 2 കൊരിന്ത്യർ 9:7.
കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ
ക്രിസ്ത്യാനികൾ ദരിദ്രർ ആയിരിക്കേണ്ടതില്ല എന്നത് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ അവർ ‘ധനികരാകാനും തീരുമാനിക്കേണ്ടതില്ല.’ (1 തിമൊഥെയൊസ് 6:9, NW) മറിച്ച്, ന്യായമായ വിധത്തിൽ ഉപജീവനം കഴിക്കുന്നതിന് അവർ കഠിനാധ്വാനം ചെയ്യേണ്ടതാണ്. അവരുടെ ശ്രമങ്ങളുടെ വിജയം അവർ ജീവിക്കുന്ന പ്രദേശത്തെ സാമ്പത്തിക പരിതസ്ഥിതികളെയും മറ്റു നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.—സഭാപ്രസംഗി 11:6.
തങ്ങളുടെ സാമ്പത്തിക ചുറ്റുപാടുകൾ എന്തുതന്നെ ആയിരുന്നാലും “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടു”ത്താനാണ് ക്രിസ്ത്യാനികൾ ശ്രമം ചെയ്യേണ്ടത്. (ഫിലിപ്പിയർ 1:10, NW) ആത്മീയ മൂല്യങ്ങളെ ഒന്നാമതു വെക്കുമ്പോൾ അവർ “സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുകയായിരിക്കും ചെയ്യുന്നത്.—1 തിമൊഥെയൊസ് 6:19. (g03 1/8)