ക്രിസ്തീയ സ്ത്രീകൾ—ജോലിസ്ഥലങ്ങളിൽ നിർമ്മലത കാക്കൽ
“ചിലപ്പോൾ [തൊഴിൽ സ്ഥലത്തെ] സംഘർഷം ഒരു കത്തികൊണ്ട് വെട്ടിമുറിക്കാൻ പാകത്തിന് കട്ടിയായിത്തോന്നാറുണ്ട്,” എന്ന് ഒരു ഉദ്യോഗസ്ഥ പറയുകയുണ്ടായി.a ഉത്പാദിപ്പിച്ചുകൂട്ടാനുള്ള സമ്മർദ്ദം, പിമ്പിൽനിന്ന് കുത്തുന്ന മത്സരം, കവിഞ്ഞാവശ്യപ്പെടുന്ന മേലുദ്യോഗസ്ഥൻമാർ, വിരസത—ഇവയെല്ലാമാണ് പല തൊഴിലുകളെയും മടുപ്പിക്കുന്ന അടിമവേലയാക്കി മാററുന്ന ചില കാര്യങ്ങൾ. പത്രങ്ങൾ പരസ്യപ്പെടുത്തുന്ന തരം പകിട്ടും ഉത്തേജനവും പ്രദാനം ചെയ്യുന്ന ജോലികൾ തന്നെ വിരളമാണ്. എന്നാൽ നിങ്ങൾ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ തൊഴിലിനെ ഒരു വിജയമാക്കിത്തീർക്കാൻ നിങ്ങൾ തന്നെ ഉദ്യമിക്കണം.
ഇതുകൊണ്ട് നാം പക്ഷേ, സാമ്പത്തിക നേട്ടത്തെ അല്ല പരാമർശിക്കുന്നത്. നിങ്ങളുടെ ക്രിസ്തീയ നിർമ്മലത പരിശോധനാ വിധേയമാകുന്ന ഒരു സമരാങ്കണം ആണ് നിങ്ങളുടെ ജോലിസ്ഥലം! നിങ്ങൾ നിങ്ങളുടെ ജോലി നിർവ്വഹിക്കുകയും കഴുത്തറപ്പൻ മത്സരത്തിന്റെ ആത്മാവിനെ അകററി നിർത്തുകയും അസാൻമാർഗ്ഗിക കടന്നു കയററങ്ങളെ ചെറുക്കുകയും ചെയ്യുന്നവിധം, ദിവ്യതത്വങ്ങളോട് നിങ്ങൾ എത്രത്തോളം അർപ്പണ ബോധമുള്ളവളാണെന്ന് തെളിയിക്കുന്നു. യഹോവയാം ദൈവത്തിന്റെ അംഗീകാരം നേടുന്നതിന് ഉദ്യോഗസ്ഥകളായ സ്ത്രീകൾ സങ്കീർത്തനക്കാരനെപ്പോലെ പിൻവരുന്ന പ്രകാരം പറയാൻ പ്രാപ്തയായിരിക്കണം: “ഞാൻ എന്റെ നിർമ്മലതയിൽ നടന്നിരിക്കുന്നു.”—സങ്കീർത്തനം 26:1.
അതുതന്നെ ചെയ്യാനാണ് ബൈബിൾ നിങ്ങളെ സഹായിക്കുന്നത്. പരസ്പരം കാർന്നു തിന്നുന്ന തന്ത്രങ്ങളോളം തരം താഴുന്നതിനുള്ള പ്രേരണ ഉണ്ടാകുമ്പോഴോ കുടുംബഉത്തരവാദിത്തങ്ങളെയും ബൈബിൾ പഠനത്തെയും ക്രിസ്തീയ മീററിംഗുകളെയും ശുശ്രൂഷയെയും ഒരു ഉദ്യോഗം ഗ്രസിച്ചുകളയാൻ അനുവദിക്കുന്നതിനുള്ള പ്രലോഭനമുണ്ടാകുമ്പോഴോ ശലോമോൻ രാജാവിന്റെ ഈ വാക്കുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും: “ഞാൻ സകല കഠിനാദ്ധ്വാനത്തെയും സകല അദ്ധ്വാനവൈഭവത്തെയും അതു മനുഷ്യൻ തമ്മിലുള്ള കിടമത്സരം എന്ന് കണ്ടിരിക്കുന്നു; ഇതും മായയും കാററിനു പിന്നാലെയുള്ള പ്രയത്നവും അത്രെ.” (സഭാപ്രസംഗി 4:4) ലൗകിക ജോലിയെ ഈ വിധത്തിൽ വീക്ഷിക്കുന്നത് കത്തിയാളുന്ന ഉന്നമനേച്ഛയെ തടയുകയോ തണുപ്പിക്കുകയോ ചെയ്യും. അത് ഒരു തൊഴിലിനെ ആത്മീയ കാര്യങ്ങളെ അപേക്ഷിച്ച് രണ്ടാം സ്ഥാനത്ത് കണ്ടുകൊണ്ട് ഉചിതമായ ഒരു കാഴ്ചപ്പാട് വച്ചുപുലർത്താൻ നിങ്ങളെ സഹായിക്കും.—മത്തായി 6:33.
എന്നാൽ ഇതിന്റെ അർത്ഥം ലൗകിക ജോലിയുടെ കാര്യത്തിൽ അലക്ഷ്യഭാവം സ്വീകരിക്കാനാകും എന്നാണോ? അശേഷമല്ല, കാരണം ബൈബിൾ ഉദാസീനതയെ കുററംവിധിക്കുന്നു. (സദൃശവാക്യങ്ങൾ 19:15) ‘നിങ്ങളുടെ കഠിനവേല നിമിത്തമുള്ള നൻമ കണ്ടനുഭവിക്കു’ന്നതിനെക്കുറിച്ച് അത് പറയുന്നു. (സഭാപ്രസംഗി 2:24) കൂടാതെ, സ്വന്ത കുടുംബത്തിനുവേണ്ടി കരുതുക എന്നത് ഒരുവന്റെ ദൈവദത്തമായ കർത്തവ്യമാണ്. (1 തിമൊഥെയോസ് 5:8) ആ കടപ്പാട് നിറവേററാൻ അസന്തുഷ്ടമായ ഒരു ലൗകിക ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ കൊലോസ്യർ 3:23-ലെ പിൻവരുന്ന ബൈബിൾ വചനങ്ങൾ പരിചിന്തിക്കുക: “നിങ്ങൾ ചെയ്യുന്നത് എന്തായിരുന്നാലും, മനുഷ്യർക്ക് എന്നല്ല യഹോവയ്ക്കെന്നപോലെ പൂർണ്ണദേഹിയോടെ ചെയ്യുക.” ഒരുവൻ താൻ “യഹോവക്കെന്നപോലെ” ജോലി ചെയ്യുന്നു എന്നു സ്വയം വീക്ഷിക്കുന്നത് ഒരു ശബള വർദ്ധനവിനെക്കാളും ഒരു ഉദ്യോഗക്കയററത്തിന്റെ വശ്യതയെക്കാളും ശക്തമായ ഒരു പ്രചോദനമാണ്.
“പ്രസാദിപ്പിക്കാൻ വിഷമമുള്ള” തൊഴിലുടമകൾ
സാലി എന്ന ഒരു വനിത ഇങ്ങനെ പറയുന്നു: “[എന്റെ സൂപ്പർവൈസർ] സദാസമയവും എന്നെ വീക്ഷിച്ചുകൊണ്ടിരിക്കും. അയാൾക്ക് ആരോടും ഒരു നല്ലവാക്ക് പറയാനില്ല.” “പ്രസാദിപ്പിക്കാൻ വിഷമമുള്ള” അല്ലെങ്കിൽ മുൻകോപിയായ ഒരു യജമാനന്റെ കീഴിൽ വേല ചെയ്യുക അതുപോലെതന്നെ ക്ലേശകരമാണ്. പുതുതായി ജോലിക്ക് വരുന്നയാൾക്ക് ഇത് വിശേഷാൽ അങ്ങനെയാണ്.—1 പത്രോസ് 2:18.
സാമ്പത്തിക ഭാരം നിമിത്തം തൊഴിൽ ഉപേക്ഷിച്ചുപോകുന്ന കാര്യം ചിന്തനീയമെ അല്ലായിരിക്കാം. ആ നിലയ്ക്ക് ജോലിക്കാർ—സ്ത്രീകളും പുരുഷൻമാരും—“കീഴടങ്ങിയിരിക്കേണം” എന്ന ബൈബിൾ ബുദ്ധിയുപദേശം പിന്തുടരുന്നത് ഉത്തമം ആയിരിക്കും. (1 പത്രോസ് 2:18) പരിഹാസമോ അനാദരവോ കൊണ്ട് ഭിന്നത വർദ്ധിപ്പിക്കുന്നതിന് പകരം “എതിർ പറയാതെ [തൊഴിലുടമകളെ] നന്നായി പ്രസാദിപ്പിക്കുക” (തീത്തോസ് 2:9) അത്തരം ആത്മനിയന്ത്രണം നിങ്ങളുടെ ഉദ്യോഗം നഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങളെ തടയും. ശലോമോൻ ഇങ്ങനെ പറഞ്ഞു: “ഭരണാധിപന്റെ [ആധിപത്യം വഹിക്കുന്ന ഒരുവൻ] കോപം നിനക്കെതിരെ ഉയരുന്നുവെങ്കിൽ നിന്റെ സ്വന്ത സ്ഥാനം വിട്ടുമാറരുത്, എന്തെന്നാൽ ശാന്തത മഹാപാപങ്ങളെ അടക്കുന്നു.”—സഭാപ്രസംഗി 10:4.
ഒരു കഠിനഹൃദയനായ തൊഴിലധികാരിയുടെ അക്ഷമതയെ സൗമ്യതകൊണ്ടും അയാളുടെ അന്യായമായ ആവശ്യങ്ങളെ കൃപാവായ്പ്പുകൊണ്ടും നേരിട്ടാൽ അയാൾ ലജ്ജിതനായിത്തീരാൻ പോലും ഇടയായേക്കാം. (സദൃശവാക്യങ്ങൾ 15:1; കൊലോസ്യർ 4:6) തുടർന്ന് നിങ്ങൾ നിങ്ങളുടെ പ്രാപ്തിയും ആശ്രയയോഗ്യതയും തെളിയിക്കുന്നതോടെ നിങ്ങളോടുള്ള അയാളുടെ മനോഭാവം ക്രമേണ ഭേദപ്പെട്ടു വരികയും ചെയ്യും. അങ്ങനെ സംഭവിച്ചില്ലെങ്കിൽതന്നെ നിങ്ങളുടെ ക്രിസ്തീയ നടത്തയിൽ ദൈവം പ്രസാദിക്കുന്നുവെന്നറിഞ്ഞ് “ക്ഷമ പ്രകടിപ്പിക്കുക” മാത്രമേ ചെയ്യാനുള്ളു.—യാക്കോബ് 5:7, 8.
ധാർമ്മിക ശുദ്ധിയിൽ നിലനിൽക്കൽ
നിർമ്മലതയിൽ ക്രിസ്തീയ ധാർമ്മീക മൂല്യങ്ങളും ഉൾപ്പെടുന്നു. ലേഡീസ് ഹോം ജേർണലിലെ ഒരു ലേഖനം ഇങ്ങനെ മുന്നറിയിപ്പ് നൽകി: “ഓഫീസ്സിൽ—ഓരോരുത്തരും നന്നായി വസ്ത്രധാരണം ചെയ്തു നന്നായി പെരുമാറുന്നതിനും ഒന്നിച്ച് സമയം ചെലവഴിച്ച് പൊതുവായ ലാക്കുകൾ പിന്തുടരുന്നതിനും പ്രതീക്ഷിക്കപ്പെടുന്നിടം—ലൈംഗികതയുടെ പ്രസരത്തിന് അനായാസം വിധേയമാകാവുന്ന ഒരു അന്തരീക്ഷമാണുള്ളത്.” ഓഫീസ് കാര്യാദികളെല്ലാം സർവ്വസാധാരണവിധത്തിലാണ്. അതുകൊണ്ട് ജാഗരൂകരായിരിക്കുന്നത് ജ്ഞാനമാണ്. ജോലിസ്ഥലത്ത് പുരുഷൻമാരുമായുള്ള ഇടപെടൽ ഒരു ഔദ്യോഗിക തലത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. കാമവികാരങ്ങളെ തട്ടിയുണർത്തുന്ന സംസാരങ്ങൾ ഒഴിവാക്കുക. “എന്തെന്നാൽ ഇതാകുന്നു ദൈവേഷ്ടം, . . . നിങ്ങൾ പരസംഗത്തിൽ നിന്ന് ഒഴിഞ്ഞിരിക്കേണം എന്നു തന്നെ.”—1 തെസ്സലോനിക്യർ 4:3, 4.
എങ്കിലും പലപ്പോഴും സ്ത്രീകൾ യുഗങ്ങളോളം പഴക്കമുള്ള ഒരു പ്രശ്നത്തിന്: ലൈംഗിക പീഡയ്ക്ക് വിധേയരായേക്കാം. തന്റെ വയലിൽ പണിയെടുത്ത രൂത്ത് എന്ന സ്ത്രീയെ “സ്പർശിക്കരുതെന്ന്” ബോവസ് എന്ന് പേരുണ്ടായിരുന്ന ഒരു മനുഷ്യൻ തന്റെ വേലക്കാരായ ചെറുപ്പക്കാരോട് ആജ്ഞാപിച്ചിരുന്നതിനെപ്പററി ബൈബിൾ നമ്മോട് പറയുന്നു. “ആ കർഷക വേലക്കാർ സ്ത്രീകളെ പരുക്കൻ അവഹേളനങ്ങൾകോണ്ട് ഉപദ്രവിക്കുന്ന ശീലമുള്ളവർ ആയിരുന്നേക്കും” എന്ന് ബൈബിൾ പണ്ഡിതനായ ജോൺ പി. ലേൻജ് അഭിപ്രായപ്പെടുന്നു. (രൂത്ത് 2:9) ആധുനികനാളിലെ തൊഴിലുടമകളിൽ പലരും അവരുടെ വനിതകളായ തൊഴിലാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും (ഐക്യനാടുകളിലെ) ജോലിചെയ്യുന്ന സ്ത്രീകളിൽ 40 മുതൽ 85 ശതമാനം വരെ ഏതെങ്കിലും രൂപത്തിലുള്ള ലൈംഗിക ദ്രോഹത്തിന് വിധേയരായിത്തീർന്നിരിക്കുന്നു.
വലേറിൻ എന്ന ഒരു ചെറുപ്പക്കാരി ഒരു സെക്രട്ടറി ആയി ജോലി ചെയ്യുകയായിരുന്നു. പലപ്പോഴും അവളുടെ യജമാനൻ—അവളുടെ മൂന്നിരട്ടി പ്രായം ഉള്ള ആൾ—അവളുടെ വസ്ത്രത്തെക്കുറിച്ച് ദുർധ്വനിയുള്ള അഭിപ്രായങ്ങൾ പറയുമായിരുന്നു. ഒരിക്കൽ അയാൾ അവളെ സൂത്രത്തിൽ അശ്ലീലചിത്രങ്ങൾ കാട്ടാൻ ശ്രമിച്ചുനോക്കി. ഒടുവിൽ അയാൾ അവളെ തന്റെ ഓഫീസ്സിൽ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “നിനക്ക് ഉദ്യോഗം നിലനിർത്തണമെങ്കിൽ എന്റെ ലൈംഗിക അഭീഷ്ടങ്ങൾക്ക് വഴങ്ങേണ്ടിവരും.” തീർച്ചയായും അവൾ അങ്ങനെ ചെയ്യാൻ വിസമ്മതിച്ചു.
അത്തരം നിന്ദാകരമായ പെരുമാററങ്ങൾ വിവിധ രൂപങ്ങളവലംബിക്കുന്നു. ന്യൂ സ്റേറസ്മാൻ എന്ന ബ്രിട്ടീഷ് മാസിക ഇങ്ങനെ പറയുന്നു: “അതിൽ കാമാർത്തമായ നോട്ടം, നുള്ളൽ, അനാവശ്യമായ ശരീര സമ്പർക്കം, അസഭ്യഭാഷണം എന്നിവ ഉൾപ്പെടുന്നു.” മിക്കപ്പോഴും ലൈംഗിക അസൻമാർഗ്ഗത്തിലേർപ്പെടാനുള്ള സമ്മർദ്ധം ഓമനപ്പേർവിളിപോലെ (ഓമനേ, കോമളേ) കൗശലപൂർവ്വകമോ അല്ലെങ്കിൽ ഒരു പരസ്യമായ അഭ്യർത്ഥന പോലെ തുറന്നതോ ആയിരിക്കാം. ചില സ്ത്രീകൾ തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന ഭയം നിമിത്തം ദ്രോഹം സഹിക്കും. സർവ്വേകൾ കാണിക്കുന്നത് സ്ത്രീകളിൽ ഒരു ന്യൂനപക്ഷം അവർക്ക് ലഭിക്കുന്ന ശ്രദ്ധയെ പ്രതി ആനന്ദിക്കുകപോലും ചെയ്യുന്നുണ്ടെന്നാണ്!
പക്ഷേ, വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരിൽ നിന്നുള്ള ശ്രദ്ധ ആനന്ദകരമായിരുന്നേക്കാമെങ്കിലും പരിധിവിട്ടുള്ള അടുപ്പം പ്രായേണ വശീകരണകേളിയുടെ പ്രാരംഭ നീക്കം ആണ്. ഇത് അപ്രകാരം നിങ്ങളുടെ നിർമ്മലതയിൻമേലും ക്രിസ്തീയ അന്തസ്സിൻമേലുമുള്ള ഒരു കടന്നാക്രമണമായിരിക്കും.—1 കൊരിന്ത്യർ 6:18.
തടയാനുള്ള വിധങ്ങൾ
“ജ്ഞാനം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ . . . ,ചിന്താപ്രാപ്തി നിങ്ങളുടെമേൽ സംരക്ഷണമായിരിക്കുകയും വിവേചന നിങ്ങളെ കാക്കുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:10, 11) അതുകൊണ്ട്, നിങ്ങളെ സ്വയം രക്ഷിക്കുന്നതിന് പ്രായോഗിക ജ്ഞാനവും വിവേചനയും ഉപയോഗിക്കാൻ കഴിയുന്നതെങ്ങനെയാണ്? ഡയോൻ എന്ന ഒരു ഉദ്യോഗസ്ഥ ഇങ്ങനെ പറയുന്നു: “എന്റെ ജോലിസ്ഥലത്ത് ഞാൻ ഒരു യഹോവയുടെ സാക്ഷി ആണെന്ന കാര്യം അറിയിച്ചിരിക്കും.” (മത്തായി 5:16 താരതമ്യം ചെയ്യുക) നിങ്ങൾക്ക് ഉയർന്ന ധാർമ്മിക നിലവാരങ്ങൾ ഉണ്ടെന്ന് പുരുഷൻമാർ അറിയുമ്പോൾ മിക്കപ്പോഴും അവർ അവിഹിത മുന്നേററങ്ങൾ നടത്താനുള്ള സാദ്ധ്യത കുറയും.
വിവേചനയുള്ള ബെററി എന്ന ഒരു വനിത മറെറാരു കരുതൽ നടപടി കൂടെ സ്വീകരിക്കുന്നു. അവൾ പറയുന്നു: “എന്റെ സഹപ്രവർത്തകരുടെ ധാർമ്മിക മൂല്യങ്ങൾ എന്റേതുപോലെയല്ലാത്തതിനാൽ അവരുമായി സഹവസിക്കുന്ന കാര്യത്തിൽ ഞാൻ വളരെ കരുതലുള്ളവളാണ്.” (1 കൊരിന്ത്യർ 15:33) സഹപ്രവർത്തകരെ വിട്ടകന്ന് അവരോട് വിരോധഭാവം വച്ചുപുലർത്തണം എന്നതല്ല ഇതിന്റെയർത്ഥം. എന്നാൽ ഒരു ക്രിസ്ത്യാനിക്ക് വിരോധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ അവർ ശാഠ്യം കാണിക്കുന്നുവെങ്കിൽ നിങ്ങൾ ഒഴിഞ്ഞുമാറാൻ അമാന്തിക്കരുത്. (എഫേസ്യർ 5:3, 4) നിങ്ങൾ അത്തരം സംഭാഷണം ശ്രദ്ധിക്കുന്നത്, നിങ്ങൾ പുരുഷൻമാരുടെ മുന്നേററങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന ഒരു ധാരണ ജോലിസ്ഥലത്തെ ആളുകൾക്ക് കൊടുക്കാൻ ഇടയുണ്ട്.
ഒരു ഔദ്യോഗികമായ ഭാവം വച്ചുപുലർത്തുന്നതും അനാവശ്യമായ ശ്രദ്ധയെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കും. കൂടാതെ “യോഗ്യമായി അണിയുന്ന വസ്ത്രം, സൗമ്യത, മനസ്സിന്റെ സുബോധം എന്നിവ കൊണ്ട് തങ്ങളെത്തന്നെ അലങ്കരിക്കാൻ ബൈബിൾ സ്ത്രീകളെ ഉത്ബോധിപ്പിക്കുന്നു. (1 തിമൊഥെയോസ് 2:9; സദൃശവാക്യങ്ങൾ 7:10 താരതമ്യപ്പെടുത്തുക) തൊഴിലിടത്തെ ലൈംഗിക പീഡ എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം—അതായത്, ഇറങ്ങിയ കഴുത്ത്; വെയിലുകായാനിടുന്ന തരം വസ്ത്രങ്ങൾ; നന്നെ കുറുകിയ സ്കർട്ടുകൾ; വെട്ടിത്തിളങ്ങുന്ന മേക്കപ്പ്—ഇവയൊന്നും ജോലിസ്ഥലത്തിന് ചേരുന്നതല്ല . . . നിങ്ങൾ വിശേഷശ്രദ്ധ പിടിച്ചു പററാത്ത രീതിയിൽ വസ്ത്രധാരണം ചെയ്യുന്നത് തിരഞ്ഞെടുത്താൽ ഒരു ഔദ്യോഗിക പ്രതിച്ഛായക്ക് രൂപം നൽകാനുള്ള സാദ്ധ്യതകൾ വളരെ വർദ്ധിക്കുന്നു.”
ഒടുവിൽ വിവേചനയുള്ള ഒരു സ്ത്രീ വിട്ടവീഴ്ചയുടെ സാഹചര്യങ്ങൾ ഒഴിവാക്കുന്നു. വ്യക്തമായ കാരണമില്ലാതെ ഓഫീസ് സമയം കഴിഞ്ഞ് വൈകിയ വേളകളിൽ ജോലിചെയ്യുകയോ മദ്യപാനത്തിനുള്ള ഒരു ക്ഷണം സ്വീകരിക്കുകയോ ചെയ്യുന്നത് ഒരു കെണി ആയിരിക്കാം. (2 ശമുവേൽ 13:1-14 താരതമ്യം ചെയ്യുക.) “അനർത്ഥം കണ്ട് സ്വയം ഒളിക്കാനൊരുമ്പെടുന്നവനത്രെ സൂക്ഷ്മബുദ്ധി” എന്ന് ഒരു ജ്ഞാനവചനം പറയുന്നു.—സദൃശവാക്യങ്ങൾ 22:3.
ഉപദ്രവം നിർത്തൽ
കൂടെ ജോലി ചെയ്യുന്ന പുരുഷൻമാരുടെയെല്ലാം ചിന്താരീതിക്കോ രൂഢമൂലമായ പഴകിയ സ്വഭാവരീതിക്കോ മാററം വരുത്താൻ നിങ്ങൾക്ക് കഴിയും എന്ന് ചിന്തിക്കുന്നത് തീർച്ചയായും യാഥാർത്ഥ്യാധിഷ്ഠിതം അല്ല. (യിരെമ്യാവ് 13:23 താരതമ്യം ചെയ്യുക) കൂടാതെ പരിധിയിൽ കവിഞ്ഞ സൗഹൃദം കാണിക്കുന്നപോലെ തോന്നുന്ന പുരുഷൻമാർക്കെല്ലാം “വ്യഭിചാരം നിറഞ്ഞ കണ്ണുകളാ”ണുള്ളത് എന്ന് നിഗമനം ചെയ്യുന്നതും നീതിയല്ല. (2 പത്രോസ് 2:14) അതുകൊണ്ട് ചിലപ്പോഴെല്ലാം സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് ഉചിതമായിരിക്കും.
പക്തെ, അമിതമായ അടുപ്പം പ്രകടമായിരിക്കുമ്പോൾ ഒരു ഉറച്ച നിലപാട് എടുക്കുക. ശലോമോൻ ഒരു യുവകന്യകയോട് അനാവശ്യമായ മുന്നേററങ്ങൾ നടത്തിയപ്പോൾ അവൾ വഴങ്ങിയില്ല. തന്റെ എളിയ ആട്ടിടയച്ചെറുക്കനോടുള്ള അചഞ്ചലമായ സ്നേഹ പ്രകടനങ്ങൾ കൊണ്ടാണ് അവൾ ശലോമോന്റെ അഭിനന്ദന വചനങ്ങളോട് പ്രതികരിച്ചത്. ശലോമോന്റെ മുന്നേററങ്ങൾക്ക് വഴങ്ങാൻ താൻ വിസമ്മതിച്ചതുകൊണ്ട് അവൾക്ക് “ഞാനൊരു മതിൽ” ആണെന്ന് പറയാൻ കഴിയുമായിരുന്നു.—ഉത്തമഗീതം 8:10.
അതേ നിശ്ചയദാർഢ്യം കാണിക്കുക. മിക്കപ്പോഴും മുന്നേററങ്ങളെ മുളയിലെ തന്നെ നുള്ളിക്കളയാൻ ഇങ്ങനെ പറയാവുന്നതാണ്: “ദയവായി സ്പർശനം അരുത്,” “എന്നെ എന്റെ പേർ വിളിക്കുക;” അല്ലെങ്കിൽ “ഞാൻ അത്തരം ഫലിതങ്ങൾ ഇഷ്ടപ്പെടുന്നില്ല.” ഒരു ക്രിസ്തീയ സ്ത്രീ ഒന്നിൽ കൂടുതൽ പ്രാവശ്യം “നിർത്തവിടെ!” എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങനെയായിരുന്നാലും നിങ്ങൾ ഇല്ല എന്നു പറഞ്ഞാൽ ഇല്ല! എന്നു തന്നെ അർത്ഥമാക്കുന്നുവെന്ന് വ്യക്തമാക്കുക. (മത്തായി 5:37 താരതമ്യം ചെയ്യുക) ദുർബ്ബലമോ അവ്യക്തമോ ആയ പ്രതികരണം ഒരു ഉപദ്രവി അൽപ്പംകൂടെ ശക്തമായി ശ്രമിച്ചുനോക്കാൻ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു.
നിങ്ങൾ വിവാഹിതയാണെങ്കിൽ നിങ്ങളുടെ ഭർത്താവിനോട് നിങ്ങളുടെ വിഷമതകൾ പറഞ്ഞറിയിക്കുന്നത് നന്നായിരിക്കും. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് അദ്ദേഹത്തിന് എന്തെങ്കിലും പ്രായോഗിക നിർദ്ദേശങ്ങൾ തരാനുണ്ടായിരിക്കും. ഉദ്യോഗം മാറുന്നത് തന്നെയാണ് ഉത്തമം എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തം ഓർമ്മിക്കുക: “ഞാൻ ഒരു പ്രകാരത്തിലും നിങ്ങളെ കൈവിടുകയോ ഏതെങ്കിലും പ്രകാരത്തിൽ നിങ്ങളെ ഉപേക്ഷിക്കുകയോ ഇല്ല.”—എബ്രായർ 13:5.
നിങ്ങളുടെ ജോലിയും നിങ്ങളുടെ നിർമ്മലതയും
അതുകൊണ്ട് ഒരു ലൗകിക തൊഴിൽ മിക്കപ്പോഴും ആവശ്യം ആയിരിക്കവെ തന്നെ അതിന് ചില സമയങ്ങളിൽ നിങ്ങളുടെ ക്രിസ്തീയ നിർമ്മലതക്ക് ഭീഷണി ഉയർത്താൻ കഴിയും. മത്തായി 10:16-ലെ യേശുവിന്റെ വാക്കുകൾ തികച്ചും അവസരോചിതമാണ്: “നിങ്ങൾ സ്വയം പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരും ആയിരിക്കുക.”
ജോലിസ്ഥലത്ത്, ക്രിസ്തീയ നിർമ്മലത കാക്കുക എളുപ്പമല്ല, പക്ഷേ അതു സാദ്ധ്യമാണ്. യഹോവയുടെ സാക്ഷികളിൽ പെട്ട ആയിരക്കണക്കിന് സ്ത്രീകൾ ബൈബിൾ ബുദ്ധിയുപദേശം പിൻതുടർന്നുകൊണ്ട് അങ്ങനെ ചെയ്യുന്നു. ബൈബിൾ അദ്ധ്യയനം, പ്രാർത്ഥന, ക്രിസ്തീയ യോഗങ്ങൾ, രാജ്യപ്രസംഗപ്രവർത്തനം, മററ് ദൈവിക പ്രവൃത്തികൾ എന്നിവയിലൂടെ അവർ തങ്ങളെത്തന്നെ ആത്മീയമായി ശക്തരായി കാക്കുന്നു. തൽഫലമായി ശമ്പളച്ചീട്ടിന് നൽകാൻ കഴിയാത്ത ചിലത് അവർ ആസ്വദിക്കുന്നു. “നിർമ്മലതയിൽ നടക്കുന്നവൻ സുരക്ഷിതമായി നടക്കുന്നു” എന്ന് ആരുടെ വചനം വാഗ്ദാനം ചെയ്യുന്നുവോ ആ ഒരുവനായ യഹോവയുടെ പ്രിയം അവർക്കുണ്ടെന്ന അറിവ് തന്നെ.—സദൃശവാക്യങ്ങൾ 10:9. (w87 3/15)
[അടിക്കുറിപ്പുകൾ]
a ഇവിടെ സൂചിപ്പിക്കുന്നത് ലൗകിക ജോലി ചെയ്യുന്ന സ്ത്രീയെയാണ്. തീർച്ചയായും വീട്ടമ്മമാരും ഭാര്യമാരും മററു സ്ത്രീകളും ജോലി ചെയ്യുന്നവരാണ്.
[7-ാം പേജിലെ ചിത്രം]
ജോലിസ്ഥലത്ത് നിർമ്മലത കാക്കുന്നതിന്:
സഹജോലിക്കാരുമായി സാമൂഹ്യസഹവാസം നടത്തുന്നതു സംബന്ധിച്ച് കരുതലുള്ളവരായിരിക്കുക.
നിങ്ങൾക്ക് ഉന്നത ധാർമ്മിക നിലവാരങ്ങളുണ്ടെന്ന് അറിയാനിടയാക്കുക.
നിങ്ങൾ മാന്യമായ വസ്ത്രം ധരിക്കുക.