ഭാഷയുടെ അത്ഭുതം—നാം അതു നേടുന്ന വിധം
നിങ്ങൾക്ക് എന്നെങ്കിലും വാക്കുകൾ കിട്ടാതെ വന്നിട്ടുണ്ടോ? അങ്ങനെയുള്ള നിമിഷങ്ങൾ അപൂർവമാണ്, എന്തെന്നാൽ നാം സാധാരണയായി നമ്മുടെ ആശയങ്ങളും വിചാരങ്ങളും വിനിയമം ചെയ്യുന്നതിൽ ഉല്ലാസംകണ്ടെത്തുന്നു. അതു ചെയ്യാൻ ഭാഷ നമ്മെ അനുവദിക്കുന്നു. “ഭാഷ കൂടാതെ ആശയം അസാദ്ധ്യമാണ്” എന്ന് ഒരു പ്രാമാണികൻ തറപ്പിച്ചു പറയുന്നു.
മൃഗലോകത്തിൽ ജീവികൾ വാക്കുകൾ കൂടാതെ വിവരങ്ങൾ വിനിയമം ചെയ്യുന്നുവെന്നതു സത്യംതന്നെ: പക്ഷികൾ പാടുന്നു, സിംഹങ്ങൾ ഗർജ്ജിക്കുന്നു, ഡോൾഫിനുകൾ ചൂളമടിക്കുന്നു, തേനീച്ചകൾ നൃത്തം വെക്കുന്നു. മറ്റു ജീവികൾ നിലപാടുകളെയും ചലനങ്ങളെയും സ്പർശനത്തെയും ശബ്ദത്തെയും—ഗന്ധത്തെപ്പോലും—ആശയവിനിമയരീതികളായി ഉപയോഗിക്കുന്നു. ‘അകന്നു നിന്നുകൊള്ളുക!’ ‘സൂക്തിക്കുക!’ ‘വന്ന് എന്നോടു ചേരുക!’ ഇവ വ്യക്തമായി ലഭിക്കുന്ന മൃഗസന്ദേശങ്ങളാണ്!
എന്നിരുന്നാലും മൃഗ ആശയവിനിയമം തീർത്തും പരിമിതമാണ്. മറിച്ച്, തങ്ങൾ നിരീക്ഷിക്കുകയോ സങ്കൽപ്പിക്കുകയോ ചെയ്യുന്ന എന്തിനെക്കുറിച്ചും സംസാരിക്കാൻ ഭാഷ മനുഷ്യരെ അനുവദിക്കുന്നു. അങ്ങനെ “ഭാഷ മനുഷ്യന്റെ അത്യുത്തമ ആസ്തിയാണ്” എന്ന് വിദ്യാഭ്യാസ പ്രൊഫസ്സറായ ഡന്നിസ് ചൈൽഡ് അവകാശപ്പെടുകയുണ്ടായി. എന്നാൽ ഈ അത്ഭുതകരമായ ആസ്തി നാം എങ്ങനെയാണ് നേടുന്നത്? അത് വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?
ഭാഷയും തലച്ചോറും
നാം സംസാരിക്കാൻ എങ്ങനെ പഠിക്കുന്നുവെന്നത് നൂറ്റാണ്ടുകളിൽ പണ്ഡിതൻമാരെ അമ്പരിപ്പിച്ചിട്ടുണ്ട്. കഷ്ടിച്ചുമാത്രം നടക്കാനും തന്നെ തിന്നാനും കഴിയുന്ന കൊച്ചു കുട്ടികൾ വ്യാകരണചട്ടങ്ങൾ അറിയാതെയും പ്രത്യേകമായ ഏതെങ്കിലും പ്രബോധനം കൂടാതെയും പോലും സംസാരിക്കാൻ പഠിക്കുന്നത് ശ്രദ്ധേയംതന്നെ! ഭാഷാവിദഗ്ദ്ധനായ റൊണാൾഡ് എ. ലാംഗാക്കർ ഇങ്ങനെ എഴുതുന്നു: “[കുട്ടി] ഒരു ഭാഷാപദ്ധതി . . . വശമാക്കുന്നു. അവൻ ഇതു ചെയ്യുന്നത് പരോക്തവും അപൂർണ്ണവുമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്, യുക്തിപൂർവകവും വിശകലനാത്മകവുമായ ചിന്തക്കു പ്രാപ്തിയില്ലാത്ത ഒരു പ്രായത്തിലുമാണ്.”
അങ്ങനെ പ്രത്യേക ഭാഷയല്ല, പിന്നെയോ ഒരു ഭാഷ പഠിക്കാനുള്ള പ്രാപ്തിയാണ് സഹജമായിട്ടുള്ളത് എന്ന് മിക്ക ശാസ്ത്രജ്ഞൻമാരും വിശ്വസിക്കുന്നു, ഇത് കുട്ടിയുടെ ആദിമ വർഷങ്ങളിൽ ഇതൾ വിരിയുന്ന ഒരു പ്രാപ്തിയാണ്.
എന്നിരുന്നാലും, ആദ്യം ഒരു കുട്ടിയുടെ തലച്ചോർ ഭാഷ വശമാക്കുന്നതിന് കഴിയാത്തവിധം അത്ര അപക്വമാണ്. തീർച്ചയായും ഇത് പരീക്ഷിച്ചുനോക്കുന്നതിൽനിന്ന് ഒരു കുട്ടിയെ തടയുന്നില്ല. തീർച്ചയായും ഒരു കുഞ്ഞിന്റെ ജൽപ്പനങ്ങൾ ഭാഷാവിഷ്കരണത്തിന്റെ ഒരു ഭാഗം, പിന്നീട് വാക്കുകൾ ഉച്ചരിക്കുന്നതിന് ഭാഗങ്ങളുടെ മുന്നമേയുള്ള അഭ്യസനം, ആണെന്ന് ചില ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. കുട്ടി ശബ്ദരൂപീകരണത്തിനായി കഠിനയത്നം ചെയ്യുമ്പോൾ അവന്റെ തലച്ചോറും സംസാരത്തിനായി സത്വരം ഒരുങ്ങുകയാണ്. ഒരു കുട്ടിയുടെ ശരീരം കൗമാരവർഷങ്ങൾക്കു മുൻപ് താരതമ്യേന സാവധാനത്തിലാണ് വികാസം പ്രാപിക്കുന്നതെങ്കിലും അവന്റെ തലച്ചോറ് പ്രായപൂർത്തിയാകുമ്പോഴത്തെ അതിന്റെ തൂക്കത്തിന്റെ 90 ശതമാനവും അഞ്ചുവയസ്സാകുമ്പോഴേക്ക് നേടുന്നു. (12-വയസ്സാകുമ്പോഴേക്ക് അതിന്റെ പ്രായപൂർത്തിയാകുമ്പോഴത്തെ പൂർണ്ണതൂക്കത്തിലെത്തുന്നു.) അതിന്റെ അർത്ഥം ആദ്യത്തെ അഞ്ചു ജീവിതവർഷങ്ങൾ, വിശേഷാൽ ആദ്യത്തെ രണ്ടു വർഷം, ഒരു നിർണ്ണായക പഠനഘട്ടമാണെന്നാണ്.
ആ കാലത്ത്, മസ്തിഷ്ക്കാവരണത്തിലെ ശതകോടിക്കണക്കിനുള്ള നാഡീകോശങ്ങൾ സാന്ദ്രമായ ഒരു പരസ്പര ബന്ധിത വല നിർമ്മിച്ചുകൊണ്ട് വളരുകയും വികസിക്കുകയും ചെയ്യുന്നു. 15-ഉം 24-ഉം മാസത്തിനിടയിലെ പ്രായത്തിൽ മസ്തിഷ്കകോശ വളർച്ചയിൽ ഒരു നാടകീയസ്ഫോടനം നടക്കുന്നു. ഇപ്പോൾ തലച്ചോർ ഭാഷാപഠനം കൈകാര്യം ചെയ്യാൻ തയ്യാറാണ്. അങ്ങനെ ഈ ആദിമവർഷങ്ങളിൽ കുട്ടിയെ ഭാഷ കേൾപ്പിക്കുന്നത് നിർണ്ണായകമാണ്.
രസാവഹമായി, “ശൈശവം മുതൽ” ബൈബിൾ പഠിപ്പിക്കപ്പെട്ട ഒരു യുവാവായിരുന്ന തിമൊഥെയോസിനെക്കുറിച്ചു ബൈബിൾ പറയുന്നു.—2 തിമൊഥെയോസ് 3:15.
ഭാഷാവൈദഗ്ദ്ധ്യം വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കൽ
ഒരു കുട്ടിയുടെ ഭാഷാപഠനത്തിൽ അമ്മമാർ ഒരു പ്രധാന പങ്കു വഹിക്കുന്നു. സംവേദനമുള്ള ഒരു മാതാവ് തന്റെ ശിശുവിന്റെ സിഗ്നലുകൾ തിരിച്ചറിയുകയും തന്റെ ശിശുവിനോടു മിക്കപ്പോഴും സംസാരിക്കുകയും ചെയ്യുന്നു, അവൾ പറയുന്നത് അത് മനസ്സിലാക്കുന്നതിന് ദീർഘനാൾ മുമ്പുതന്നെ. എന്നിരുന്നാലും, സംസാരത്തിന്റെ അടിത്തറ പാകുന്നു. പെട്ടെന്ന് കുട്ടി അമ്മയുടെ വാക്കുകളോട് സ്വന്തം വാക്കുകളാൽ പ്രതികരിക്കുന്നു. ഗവേഷകനായ എം. ഐ. ലിസിനാ പറയുന്നു: “കുട്ടികളുടെ സംസാരം ചുറ്റുപാടുമുള്ള ആളുകളുമായുള്ള പരസ്പര പ്രവർത്തനത്തിനുള്ള ഒരു മുഖാന്തരമായിട്ടാണ് മുഖ്യമായി ഉരുത്തിരിയുന്നതെന്ന് വ്യക്തമാണ്.” അതുകൊണ്ട് പിതാക്കൻമാർക്കും കൊച്ചുകുട്ടികൾക്കും വല്യമ്മവല്യപ്പൻമാർക്കും സുഹൃത്തുക്കൾക്കും സംഭാഷണവും കഥപറയലും വായനയും മുഖാന്തരം കുട്ടിയുടെ ഭാഷാപഠനത്തിൽ സഹായിക്കാൻ കഴിയും.
ഭാഷാപരമായി മെച്ചപ്പെട്ട കുട്ടികൾക്ക് “പ്രായപൂർത്തിയായവരുമായി പൊതുവേ വളരെ മെച്ചപ്പെട്ട സമ്പർക്കമുണ്ടായിരുന്നു. സാധാരണയായി അങ്ങനെയുള്ള കുടുംബങ്ങൾക്ക് പ്രഭാതഭക്ഷണം ഒരുമിച്ചായിരുന്നു. സംഭാഷണത്തിൽ പങ്കെടുക്കാൻ കുട്ടികൾ അനുവദിക്കപ്പെട്ടിരുന്നു”വെന്ന് സ്വീഡിഷ് മനഃശാസ്ത്രജ്ഞനായ സി. ഐ. സാൻസ്ത്രോം കൂടുതലായി നിരീക്ഷിച്ചു. നേരെമറിച്ച്, മോശമായ ഭാഷാപ്രാപ്തിയോടുകൂടിയ കുട്ടികൾ “സാധാരണയായി തനിച്ച് പ്രഭാതഭക്ഷണം കഴിച്ചിരുന്നു,” “അത്താഴസമയത്ത് സംഭാഷണത്തിൽ വളരെയൊന്നും പങ്കെടുത്തിരുന്നുമില്ല.” ഭക്ഷണസമയങ്ങളിലെ കുടുംബപരമായ ഒരുമിപ്പ് അങ്ങനെ ഭാഷാപഠനത്തെ പ്രോൽസാഹിപ്പിക്കുന്നു.
നിങ്ങളുടെ കുട്ടിയെ വിനോദയാത്രകൾക്ക് കൂടെ കൊണ്ടുപോകുന്നതും ലളിതമായി അവന് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തുകൊണ്ട് അവന്റെ സംസാരത്തെ വികസിപ്പിക്കാനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഒരുമിച്ച് ഒരു പുഷ്പത്തിന്റെ മുഖത്തു നോക്കുക, ഒരു പുഴു ഒരു ഇല തിന്നുന്നത് നിരീക്ഷിക്കുക, അല്ലെങ്കിൽ ഒരു എട്ടുകാലി വല കെട്ടുന്നത് നിരീക്ഷിക്കുക. നിങ്ങളുടെ കുട്ടിയുടെ സ്വാഭാവിക ജിജ്ഞാസയെ അവന്റെ ഭാഷയെ വികസിപ്പിക്കാനുപയോഗിക്കുക. മൃഗശാലയിൽ കാണുന്ന മൃഗങ്ങളെക്കുറിച്ചും നിങ്ങൾ നടക്കുന്ന വഴിയിൽ കാണുന്ന കക്കാകളെയും ഉരുളൻകല്ലുകളെയുംകുറിച്ചും നിങ്ങൾ ആസ്വദിക്കുന്ന വിവിധഭക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കുക. ഇതിനെല്ലാം സമയവും ക്ഷമയും വേണമെന്നുള്ളതു സത്യംതന്നെ, എന്നാൽ ഫലം വളരെ പ്രയോജനകരമാണ്!
കുട്ടികളെ ഇളംപ്രായത്തിൽ സംസാരിക്കാൻ പഠിപ്പിക്കുന്നതിന് വളരെ വിലപ്പെട്ട മറ്റൊരു സഹായം മാതാപിതാക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇത് എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ കാസറ്റ് റെക്കോഡിംഗ് ക്രമായി കേൾക്കാൻ അവരെ അനുവദിക്കുന്നതാണ്.a
പുതിയ പദങ്ങളും പദക്കൂട്ടുകളും പ്രയോഗങ്ങളും ഗ്രാഹ്യത്തിന്റെ പുതിയ ആഴങ്ങളും നിങ്ങളുടെ കുട്ടിയുടെ സംസാരത്തിനു വർണ്ണപ്പൊലിമ കൂട്ടുമെന്നുമാത്രമല്ല അവന്റെ ബുദ്ധിപരമായ പ്രാപ്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും. പ്രകൃതിയിലെ അത്ഭുതങ്ങൾ അവയുടെ നിർമ്മാതാവിനോടു ബന്ധപ്പെടുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുമ്പോഴോ ദൈവോദ്ദേശ്യങ്ങൾ ചർച്ചചെയ്യുമ്പോഴോ ഒരു കുട്ടിക്ക് സ്രഷ്ടാവിനോടുള്ള വിലമതിപ്പും സ്നേഹവും ആഴമേറിയതായിത്തീരുകയും ചെയ്യുന്നു.—ആവർത്തനം 6:6-9.
സന്തോഷവശാൽ, ഭാഷയുടെ അളവു വിപുലപ്പെടുത്തുന്നതിനും ഗുണം മെച്ചപ്പെടുത്തുന്നതിനുമുള്ള സാദ്ധ്യത നമ്മുടെ ഇളംപ്രായ വർഷങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ഓരോ ദിവസവും പുതിയ വാക്കുകൾ പഠിച്ചുകൊണ്ടും നല്ല വ്യാകരണം ശീലിച്ചുകൊണ്ടും നമുക്ക് നമ്മുടെ ആശയവിനിമയ പ്രാപ്തിയെ കൂടുതലായി പൂർണ്ണമാക്കാൻ കഴിയും. ഈ വിധത്തിൽ നാം ഭാഷയുടെ തുടർച്ചയായ അത്ഭുതത്തിൽ പങ്കുചേരുന്നു, അപൂർവമായിമാത്രമേ നമുക്കു വാക്കുകൾ കിട്ടാതെവരുന്നുള്ളു. (g87 11/22)
[അടിക്കുറിപ്പുകൾ]
a ഈ മാസികയുടെ പ്രസാധകരിൽനിന്നു ലഭ്യം.