ഒനേസിഫൊരൊസ്—ധീരനായ ഒരു ആശ്വാസകൻ
“നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും . . . കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.” (എബ്രായർ 13:3) ഏകദേശം പൊ.യു. 61-ലാണ് അപ്പോസ്തലനായ പൗലൊസ് ആ വാക്കുകൾ എഴുതിയത്. അവൻ അപ്പോൾത്തന്നെ ഒന്നിലധികം തവണ തടവിലാക്കപ്പെട്ടിരുന്നു. രക്തസാക്ഷിയായുള്ള തന്റെ മരണത്തിനു മുമ്പ് അവനത് വീണ്ടും അനുഭവിക്കാൻ പോകുകയുമായിരുന്നു. (പ്രവൃത്തികൾ 16:23, 24; 22:24; 23:35; 24:27; 2 കൊരിന്ത്യർ 6:5; 2 തിമൊഥെയൊസ് 2:9; ഫിലേമോൻ 1) വിശ്വാസത്തിന്റെ പരിശോധനയ്ക്കു വിധേയരായിക്കൊണ്ടിരുന്ന സഹവിശ്വാസികൾക്കുവേണ്ടി കരുതേണ്ടതിന്റെ അടിയന്തിരാവശ്യം സഭകൾക്ക് ഇന്നത്തെപ്പോലെതന്നെ അന്നുമുണ്ടായിരുന്നു.
ആ ആവശ്യത്തിനു പ്രത്യേകം ശ്രദ്ധചെലുത്തിയ ഒന്നാം നൂറ്റാണ്ടിലെ ഒരു ശിഷ്യനായിരുന്നു ഒനേസിഫൊരൊസ്. പൗലൊസ് റോമിൽ രണ്ടാംതവണ തടവിലായിരുന്നപ്പോൾ ഒനേസിഫൊരൊസ് അവനെ സന്ദർശിച്ചു. അവനെക്കുറിച്ച് പൗലൊസ് എഴുതി: “പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ. അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.” (2 തിമൊഥെയൊസ് 1:16, 17) ആ ചുരുങ്ങിയ വാക്കുകൾ വാസ്തവത്തിൽ എന്തർഥമാക്കുന്നെന്ന് ചിന്തിക്കാൻ നിങ്ങൾ എന്നെങ്കിലും സമയമെടുത്തിട്ടുണ്ടോ? അപ്രകാരം ചെയ്യുന്നത് ഒനേസിഫൊരൊസിനോടുള്ള നിങ്ങളുടെ വിലമതിപ്പ് വർധിപ്പിക്കാനിടയുണ്ട്. അവൻ ധീരനായ ഒരു ആശ്വാസകനായിരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കും.
പൗലൊസിന്റെ രണ്ടാമത്തെ ജയിൽവാസം
ആദ്യത്തെ ജയിൽവാസത്തിൽനിന്ന് മോചിതനായശേഷം പൗലൊസ് വീണ്ടും ഒരു റോമൻ ജയിലിലായി, എന്നാൽ ഇത്തവണ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. മുമ്പത്തെത്തവണ, അവന്റെ സ്വന്തം വാടകവീട്ടിൽവെച്ച് സുഹൃത്തുക്കൾക്ക് അവനുമായി സമ്പർക്കം പുലർത്താമായിരുന്നു. തന്റെ മോചനം ആസന്നമാണെന്ന ഉറപ്പും അവനുണ്ടായിരുന്നതായി തോന്നുന്നു. എന്നാൽ, ഇപ്പോൾ മിക്കവരാലും കൈവിടപ്പെട്ട അവൻ രക്തസാക്ഷിത്വത്തിന്റെ നിഴലിലായിരുന്നു.—പ്രവൃത്തികൾ 28:30; 2 തിമൊഥെയൊസ് 4:6-8, 16; ഫിലേമോൻ 22.
ഇത്തവണ പൗലൊസ് തടവിലായത് ഏകദേശം പൊ.യു. 65-ലായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ്, പൊ.യു. 64 ജൂലൈയിൽ, റോമിൽ തീ ആളിപ്പടർന്ന് നഗരത്തിലെ 14 മേഖലകളിൽ പത്തിലും വ്യാപകമായ നാശനഷ്ടം വരുത്തിക്കൂട്ടി. റോമൻ ചരിത്രകാരനായ ററാസിററസ് പറയുന്നതനുസരിച്ച്, നീറോ ചക്രവർത്തിക്ക് “അഗ്നിപ്രളയം [തന്റെതന്നെ] ഉത്തരവിന്റെ ഫലമാണെന്നുള്ള ആപത്കരമായ വിശ്വാസത്തെ നിഷ്കാസനംചെയ്യാൻ” കഴിഞ്ഞില്ല. “തത്ഫലമായി, ആ ദുഷ്പേര് ഒഴിവാക്കുന്നതിന്, ജനസമൂഹം ക്രിസ്ത്യാനികൾ എന്നു വിളിച്ച, വെറുപ്പുളവാക്കുന്ന കാര്യങ്ങൾ നിമിത്തം ദ്വേഷിക്കപ്പെട്ടിരുന്ന ഒരു വർഗത്തിൻമേൽ നീറോ കുററം കെട്ടിവെക്കുകയും അവരെ അത്യന്തം തീവ്രമായി ദണ്ഡിപ്പിക്കുകയും ചെയ്തു. . . . തികച്ചും പരിഹാസ്യമായ വിധത്തിൽ അവർ കൊലചെയ്യപ്പെട്ടു. മൃഗചർമംകൊണ്ട് ആവരണംചെയ്ത അവരെ പട്ടികൾ കടിച്ചുകീറുകയും അവർ നശിക്കുകയും ചെയ്തു, അല്ലെങ്കിൽ കുരിശുകളിൽ തറയ്ക്കപ്പെട്ടു, അല്ലെങ്കിൽ പകൽവെളിച്ചം തീർന്നപ്പോൾ രാത്രിയിലെ ദീപാലങ്കാരത്തിനുതകുന്നതിനു തീക്കിരയാക്കാൻ വിധിക്കുകയും ദഹിപ്പിക്കുകയും ചെയ്തു.”
ഇതുപോലൊരു സാഹചര്യത്തിൽ സമാനമായ ഭാവിസാധ്യതകളോടെയാണ് പൗലൊസ് വീണ്ടും ജയിലിലായിരിക്കുന്നത്. സുഹൃത്തായ ഒനേസിഫൊരൊസിന്റെ സന്ദർശനങ്ങളെപ്രതി അവൻ തികച്ചും കൃതജ്ഞതയുള്ളവനായിരുന്നതിൽ അതിശയിക്കാനില്ല! എന്നാൽ നമുക്ക് ആ സാഹചര്യത്തെ ഒനേസിഫൊരൊസിന്റെ സ്ഥാനത്തുനിന്ന് വീക്ഷിക്കാം.
തടവുപുള്ളിയായ പൗലൊസിനെ സന്ദർശിക്കുന്നു
പ്രത്യക്ഷത്തിൽ, ഒനേസിഫൊരൊസിന്റെ കുടുംബം എഫെസൊസിലാണ് താമസിച്ചിരുന്നത്. (2 തിമൊഥെയൊസ് 1:18, 4:19) ഒനേസിഫൊരൊസ് സാമ്രാജ്യ തലസ്ഥാനത്തു വന്നത് സ്വന്തംകാര്യത്തിനുവേണ്ടി ആയിരുന്നോ അതോ വിശേഷിച്ചും പൗലൊസിനെ സന്ദർശിക്കാൻ വേണ്ടിയായിരുന്നോയെന്ന് പ്രസ്താവിച്ചിട്ടില്ല. എന്തുതന്നെയായിരുന്നാലും, അപ്പോസ്തലൻ പറഞ്ഞു: ‘ഒനേസിഫൊരൊസ് റോമിലായിരുന്നപ്പോൾ, അവൻ കൂടെക്കൂടെ എനിക്കു നവോന്മേഷം പ്രദാനം ചെയ്തു.’ (2 തിമൊഥെയൊസ് 1:16, 17, NW) ഏതുതരം നവോന്മേഷം? ഒനേസിഫൊരൊസിന്റെ സഹായത്തിൽ ഉചിതമായും ഭൗതികസഹായം ഉൾപ്പെട്ടിരിക്കാമെങ്കിലും അവന്റെ സാന്നിധ്യം സ്പഷ്ടമായും പൗലൊസിനെ ശക്തീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു ഔഷധമായി ഉപകരിച്ചു. ചില പരിഭാഷകളിൽ ഇങ്ങനെ വായിക്കപ്പെടുന്നു: “അവൻ കൂടെക്കൂടെ എന്റെ ആത്മാവിനെ ആഹ്ലാദിപ്പിച്ചിരിക്കുന്നു,” അഥവാ “അവൻ കൂടെക്കൂടെ എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു.”
ആ കാലത്ത് റോമിലെ ഒരു ക്രിസ്ത്യൻ തടവുപുള്ളിയെ സന്ദർശിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നത് വെല്ലുവിളിപരമായിരുന്നു. പൗലൊസിന്റെ ആദ്യത്തെ ജയിൽവാസ നാളുകളിൽനിന്നു വ്യത്യസ്തമായി ഇത്തവണ, റോമിലെ ക്രിസ്ത്യാനികൾക്ക് അവനുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നു വ്യക്തമാണ്. റോം പോലുള്ള ഒരു വലിയ നഗരത്തിൽ, വ്യത്യസ്ത കുറ്റങ്ങൾ നിമിത്തം ബന്ധനത്തിലായിരുന്നിരിക്കാവുന്ന അനേകരിൽ താരതമ്യേന അറിയപ്പെടാത്ത ഒരു തടവുപുള്ളിയെ കണ്ടെത്തുന്നത് ഒരു അനായാസ കൃത്യമായിരുന്നില്ല. അതുകൊണ്ട് ശ്രമകരമായൊരു അന്വേഷണം ആവശ്യമായിരുന്നു. പണ്ഡിതനായ ജൊവാനി റോസ്റ്റനിയോ കാര്യങ്ങൾ ഈ വിധത്തിൽ വിവരിക്കുന്നു: “വൈതരണികൾ വ്യത്യസ്ത സ്വഭാവത്തിലുള്ളവ ആയിരുന്നിരിക്കാം. സർവോപരി, അന്വേഷണത്തിൽ അങ്ങേയറ്റത്തെ ജാഗ്രത ആവശ്യമായിരുന്നു. അവിടിവിടങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതും അനേകം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് വരുത്തിത്തീർത്തിരിക്കുന്ന മതഭ്രാന്തനായ ഒരു പഴയ തടവുപുള്ളിയെ ഇട്ടിരിക്കുന്ന തടവറ കണ്ടെത്താൻ വ്യഗ്രതയുള്ളതായി കാണപ്പെടുന്നതും അനാവശ്യമായ സംശയം ഉണർത്താമായിരുന്നു.”
അതേ സാഹചര്യത്തിന്റെതന്നെ ഒരു സ്പഷ്ടമായ വിവരണം എഴുത്തുകാരനായ പി. എൻ. ഹാരിസൺ നൽകുന്നു: “കാൽനടയാത്രക്കാർക്കിടയിൽ ഒരു സുനിശ്ചിത മുഖത്തിന്റെ ക്ഷണികദർശനം നമുക്കു ലഭിച്ചതുപോലെ തോന്നുന്നു, അങ്ങ് ഏജിൻ തീരം മുതൽ വർധിച്ച താത്പര്യത്തോടെ നാം ഈ അപരിചിതനെ പിന്തുടരുന്നു, വളഞ്ഞുതിരിഞ്ഞു പോകുന്ന പരിചയമില്ലാത്ത വഴികളിലൂടെ അയാൾ പോകുന്നു, നിരവധി വാതിലുകളിൽ മുട്ടുന്നു, എല്ലാ മാർഗങ്ങളും പിന്തുടരുന്നു, തന്റെ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പു ലഭിക്കുന്നെങ്കിലും അയാൾ തന്റെ അന്വേഷണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല; താരതമ്യേന അപരിചിതമായ ഏതോ തടവുമുറിയിൽ പരിചിതമായൊരു ശബ്ദം അയാളെ അഭിവാദ്യം ചെയ്യുന്നതുവരെ, പൗലൊസിനെ ഒരു റോമൻ പട്ടാളക്കാരനുമായി വിലങ്ങുവെച്ചിരിക്കുന്നത് കണ്ടെത്തുന്നതുവരെ, അയാൾ യാത്ര തുടരുന്നു.” അത് മറ്റു റോമൻ തടവറകൾപോലുള്ള ഏതെങ്കിലുമൊരു സ്ഥലമായിരുന്നെങ്കിൽ, സാധ്യതയനുസരിച്ച്, ചങ്ങലകളും എല്ലാത്തരം ദുരിതങ്ങളും ഏറ്റവുമധികമുണ്ടായിരുന്ന തണുപ്പുള്ള, ഇരുണ്ട ഒരു വൃത്തികെട്ട സ്ഥലമായിരുന്നു.
പൗലൊസിനെപ്പോലുള്ള ഒരു തടവുപുള്ളിയുടെ സുഹൃത്തായി തിരിച്ചറിയിക്കപ്പെടുന്നത് വളരെ അപകടകരമായിരുന്നു. അവനെ തുടർച്ചയായി സന്ദർശിക്കുന്നത് അതിലും കൂടുതൽ അപകടകരമായിരുന്നു. തീർച്ചയായും, ആരെങ്കിലും പരസ്യമായി ക്രിസ്ത്യാനിയെന്നു സ്വയം തിരിച്ചറിയിക്കുന്നത് അറസ്റ്റിന്റെയും ദണ്ഡനത്താലുള്ള മരണത്തിന്റെയും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. എന്നാൽ പൗലൊസിനെ ഒന്നോ രണ്ടോ തവണ മാത്രം സന്ദർശിച്ചതുകൊണ്ട് ഒനേസിഫൊരൊസ് തൃപ്തനായില്ല. “കൂടെക്കൂടെ” അപ്രകാരം ചെയ്യാൻ അവനു ലജ്ജയോ ഭയമോ ഉണ്ടായിരുന്നില്ല. അപകടങ്ങൾ ഗണ്യമാക്കാതെ ധീരോദാത്തവും സ്നേഹപൂർവകവുമായ സഹായം നൽകിക്കൊണ്ട് ഒനേസിഫൊരൊസ് തന്റെ പേരിന്റെ അർഥത്തോടുള്ള യോജിപ്പിൽ ജീവിച്ചു. അതിന്റെ അർഥം “നന്മ പേറുന്നവൻ” എന്നാണ്.
ഒനേസിഫൊരൊസ് ഇതെല്ലാം ചെയ്തത് എന്തുകൊണ്ടായിരുന്നു? ബ്രിയൻ റാപ്സ്കെ അഭിപ്രായപ്പെട്ടു: “ശാരീരിക യാതനയുടെ ഒരു സ്ഥലം മാത്രമായിരുന്നില്ല തടവറ, മറിച്ച്, അതു തടവുകാരനു കൈവരുത്തുന്ന സമ്മർദം നിമിത്തമുള്ള വലിയ ആകുലതയുടെ സ്ഥലവുമായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ, സഹായികളുടെ ശാരീരിക സാന്നിധ്യവും വാചിക പ്രോത്സാഹനവും തടവുകാരന് വൈകാരികമായി വലിയൊരു സഹായമായിരിക്കാമായിരുന്നു.” ഒനേസിഫൊരൊസ് വ്യക്തമായും അതു തിരിച്ചറിഞ്ഞ് തന്റെ സുഹൃത്തിനെ ധീരമായി പിന്താങ്ങി. അത്തരം സഹായത്തെ പൗലൊസ് എത്രമാത്രം വിലമതിച്ചിരുന്നിരിക്കണം!
ഒനേസിഫൊരൊസിന് എന്തു സംഭവിച്ചു?
തിമൊഥെയൊസിനുള്ള രണ്ടാമത്തെ ലേഖനത്തിൽ പൗലൊസ് ഒനേസിഫൊരൊസിന്റെ കുടുംബത്തിന് അഭിവാദനങ്ങൾ അയയ്ക്കുകയും അവനെക്കുറിച്ച് ഇങ്ങനെ പറയുകയും ചെയ്തു: “ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ.” (2 തിമൊഥെയൊസ് 1:18; 4:19) “ആ ദിവസത്തിൽ” എന്ന പ്രയോഗം ദൈവത്തിന്റെ ന്യായവിധി ദിവസത്തെ പരാമർശിക്കുന്നുവെന്ന് അനേകർ വിചാരിക്കുന്നു. അതുകൊണ്ട് ഒനേസിഫൊരൊസ് മരിച്ചിരുന്നുവെന്ന് അവർ നിഗമനം ചെയ്യുന്നു. സംഗതി അതായിരുന്നെങ്കിൽ, “ഒനേസിഫൊരൊസ് ഈ അപകടകരമായ സന്ദർശനം നടത്തവേ ഒടുവിൽ പിടിക്കപ്പെടുകയും . . . തന്റെ ജീവൻകൊണ്ട് പിഴയൊടുക്കുകയും ചെയ്തി”രിക്കാമെന്ന് പി. എൻ. ഹാരിസൺ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിക്കാവുന്നതുപോലെ, ഒനേസിഫൊരൊസ് കേവലം വീട്ടിൽനിന്ന് അകലെയായിരുന്നിരിക്കാം, അല്ലെങ്കിൽ അവന്റെ മുഴു കുടുംബത്തിനും അയച്ച അഭിവാദനങ്ങളിൽ പൗലൊസ് അവനെയും ഉൾപ്പെടുത്തിയിരിക്കാം.
“ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ” എന്ന പ്രസ്താവനയ്ക്ക് ഒരു സവിശേഷ അർഥമുണ്ടെന്നു ചിലർ വിചാരിക്കുന്നു. ഏതെങ്കിലും ആത്മീയ മണ്ഡലത്തിൽ ജീവിക്കുന്നതും ഒരുപക്ഷേ ദുരിതമനുഭവിക്കുന്നതുമായ ദേഹികൾക്കുവേണ്ടിയുള്ള മധ്യസ്ഥ പ്രാർഥനകളെ ഈ വാക്കുകൾ ന്യായീകരിക്കുന്നുവെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അത്തരമൊരു ആശയം, മരിച്ചവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ലെന്നുള്ള തിരുവെഴുത്തു പഠിപ്പിക്കലിനു വിരുദ്ധമാണ്. (സഭാപ്രസംഗി 9:5, 10) ഒനേസിഫൊരൊസ് മരിച്ചിരുന്നെങ്കിൽപോലും, തന്റെ സുഹൃത്ത് ദൈവത്തിൽനിന്നുള്ള കരുണ കണ്ടെത്തണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണു പൗലൊസ് ചെയ്തത്. “എല്ലാവരോടുമുള്ള ബന്ധത്തിൽ നമുക്ക് ആ ആഗ്രഹം ഉണ്ടായിരിക്കേണ്ടതാ”ണെന്ന് ആർ. എഫ്. ഹോർട്ടൺ പറയുന്നു. “എന്നാൽ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാനോ അവർക്കുവേണ്ടി കുർബാനയർപ്പിക്കാനോ [അപ്പോസ്തലന്റെ] മനസ്സിൽപ്പോലും തോന്നിയിരിക്കാൻ യാതൊരുവിധ സാധ്യതയുമില്ല.”
നമുക്ക് വിശ്വസ്ത ആശ്വാസകരായിരിക്കാം
പൗലൊസിനെ സഹായിക്കവേ ഒനേസിഫൊരൊസിന് വാസ്തവത്തിൽ ജീവൻ നഷ്ടമായെങ്കിലും ഇല്ലെങ്കിലും, അപ്പോസ്തലനെ കണ്ടെത്തി തടവറയിൽ അവനെ സന്ദർശിക്കുന്നതിന് അവൻ നിശ്ചയമായും തന്റെ ജീവൻ പണയപ്പെടുത്തി. ഒനേസിഫൊരൊസിൽനിന്ന് തനിക്കു ലഭിച്ച വളരെയേറെ ആവശ്യമായിരുന്ന പിന്തുണയെയും പ്രോത്സാഹനത്തെയും പൗലൊസ് വിലമതിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല.
സഹക്രിസ്ത്യാനികൾ പരിശോധനയോ പീഡനമോ ജയിൽശിക്ഷയോ അനുഭവിക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന സ്ഥാനത്തായിരിക്കാം നാം. അതുകൊണ്ട് നമുക്ക് അവർക്കായി പ്രാർഥിക്കുകയും അവരെ സഹായിക്കുന്നതിനായി നമുക്കാവുന്നതെല്ലാം സ്നേഹപൂർവം ചെയ്യുകയും ചെയ്യാം. (യോഹന്നാൻ 13:35; 1 തെസ്സലൊനീക്യർ 5:25) ഒനേസിഫൊരൊസിനെപ്പോലെ നമുക്കും ധീരതയുള്ള ആശ്വാസകരാകാം.
[31-ാം പേജിലെ ചിത്രം]
തടവിലാക്കപ്പെട്ട പൗലൊസ് അപ്പോസ്തലനെ ഒനേസിഫൊരൊസ് ധീരതയോടെ ആശ്വസിപ്പിച്ചു