യൂനീക്കയും ലോവീസും—മാതൃകായോഗ്യരായ അധ്യാപികമാർ
കുട്ടികൾക്കു ഫലപ്രദമായ മതവിദ്യാഭ്യാസം നൽകുന്നതു ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണെന്നു യഹോവയുടെ ദാസന്മാരായ നമുക്കറിയാം. ഏറ്റവും അനുകൂലമായ സാഹചര്യത്തിൽപ്പോലും ഈ കൃത്യം സകലതരം വൈതരണികളും ബുദ്ധിമുട്ടുകളും നിറഞ്ഞതാകാം. ഒരു ക്രിസ്ത്യാനി ആ വെല്ലുവിളി അഭിമുഖീകരിക്കുന്നത് മതപരമായി വിഭജിതമായ ഒരു കുടുംബത്തിൽ ആയിരിക്കുമ്പോൾ അതു വിശേഷാൽ അങ്ങനെയായിരിക്കും. അത്തരം സാഹചര്യം ഒരു പുതിയ കാര്യമല്ല. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, സമാനമായ സാഹചര്യത്തിലായിരുന്ന ഒരു മാതാവിനെക്കുറിച്ച് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു.
ഏഷ്യാമൈനറിന്റെ ദക്ഷിണമധ്യ ഭാഗത്തുള്ള ലുക്കവോന്യ പ്രദേശത്തെ ഒരു നഗരമായ ലുസ്ത്രയിൽ യൂനീക്ക എന്നുപേരുള്ള ഒരു സ്ത്രീയുടെ കുടുംബം ജീവിച്ചിരുന്നു. കാര്യമായ പ്രാധാന്യമൊന്നും ഇല്ലാഞ്ഞ ഒരു ചെറിയ പ്രവിശ്യാ നഗരമായിരുന്നു ലുസ്ത്ര. ചുറ്റുമുള്ള പ്രദേശങ്ങളിലെ കൊള്ളക്കാരുടെ പ്രവർത്തനങ്ങളെ എതിരിടാൻ അഗസ്റ്റസ് സീസർ സ്ഥാപിച്ച, യൂലിയാ ഫെലിക്സ് ജെമിനാ ലുസ്ത്ര എന്നു വിളിക്കപ്പെട്ട ഒരു റോമൻ കോളനിയായിരുന്നു അത്. ഗ്രീക്കുകാരനായ ഭർത്താവും പുത്രൻ തിമൊഥെയൊസും തന്റെ അമ്മ ലോവീസും ഉൾപ്പെട്ട മതപരമായി വിഭജിതമായ ഒരു കുടുംബത്തിൽ ജീവിച്ചിരുന്ന ഒരു യഹൂദ ക്രിസ്ത്യാനിയായിരുന്നു യൂനീക്ക.—പ്രവൃത്തികൾ 16:1-3.
ലുസ്ത്രയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഇക്കോന്യയിൽ യഹൂദന്മാർ ഉണ്ടായിരുന്നെങ്കിലും ലുസ്ത്രയിൽ യഹൂദന്മാർ അധികമൊന്നും ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. കാരണം അവിടെ ഒരു സിനഗോഗ് ഉണ്ടായിരുന്നതായി ബൈബിളിൽ യാതൊരു പരാമർശവുമില്ല. (പ്രവൃത്തികൾ 14:19) അതുകൊണ്ട് തന്റെ വിശ്വാസപ്രകാരം ജീവിക്കുന്നത് യൂനീക്കയ്ക്ക് എളുപ്പമായിരുന്നിരിക്കില്ല. തിമൊഥെയൊസിനെ ജനനശേഷം പരിച്ഛേദനയ്ക്കു വിധേയനാക്കിയില്ല എന്നുള്ള വസ്തുത, യൂനീക്കയുടെ ഭർത്താവ് ആ ആശയത്തെ എതിർത്തിരുന്നുവെന്നു നിഗമനം ചെയ്യുന്നതിലേക്കു ചില പണ്ഡിതന്മാരെ നയിച്ചിരിക്കുന്നു.
എന്നാൽ തന്റെ വിശ്വാസത്തിൽ യൂനീക്ക ഒറ്റയ്ക്കായിരുന്നില്ല. തിമൊഥെയൊസിന് അമ്മയിൽനിന്നും അമ്മയുടെ അമ്മയായ ലോവീസിൽനിന്നും “തിരുവെഴുത്തു” പ്രബോധനം ലഭിച്ചതായി തോന്നുന്നു.a പൗലൊസ് അപ്പോസ്തലൻ തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.”—2 തിമൊഥെയൊസ് 3:14, 15.
“ബാല്യംമുതൽ” വിദ്യാഭ്യാസം
തിമൊഥെയൊസിന് “തിരുവെഴുത്തു”കളിലുള്ള വിദ്യാഭ്യാസം “ബാല്യംമുതൽ” ലഭിച്ചിരുന്നെന്നു പൗലൊസ് പറഞ്ഞപ്പോൾ, അതു തെളിവനുസരിച്ചു ശൈശവകാലത്തെ അർഥമാക്കി. സാധാരണഗതിയിൽ നവജാതശിശുവിനെ പരാമർശിക്കുന്ന ഒരു ഗ്രീക്കുപദം (ബ്രിഫോസ്) അവൻ ഉപയോഗിച്ചത് അതുമായി യോജിക്കുന്നു. (ലൂക്കൊസ് 2:12, 16 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ അർപ്പിത ദാസനായിത്തീരാൻ തിമൊഥെയൊസിനെ സഹായിക്കുമായിരുന്ന പരിശീലനം ഒട്ടും സമയം പാഴാക്കാതെ തുടങ്ങിക്കൊണ്ട് യൂനീക്ക തന്റെ ദൈവദത്ത കർത്തവ്യം ഗൗരവമായെടുത്തു.—ആവർത്തനപുസ്തകം 6:6-9; സദൃശവാക്യങ്ങൾ 1:8.
തിമൊഥെയൊസ് തിരുവെഴുത്തു സത്യങ്ങളിൽ “നിശ്ചയം പ്രാപി”ച്ചിരുന്നു. ഒരു ഗ്രീക്ക് നിഘണ്ടു പറയുന്നതനുസരിച്ച്, പൗലൊസ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം ഒരു സംഗതിയെക്കുറിച്ച് “ദൃഢമായി ബോധ്യപ്പെടുത്തപ്പെട്ടിരിക്കുന്നതിനെ; ഉറപ്പുവരുത്തപ്പെട്ടിരിക്കുന്നതിനെ” അർഥമാക്കുന്നു. ദൈവവചനത്തെക്കുറിച്ച് ന്യായവാദം ചെയ്യാനും അതിൽ വിശ്വാസം കെട്ടുപണിചെയ്യാനും തിമൊഥെയൊസിനെ സഹായിച്ചുകൊണ്ട് അവന്റെ ഹൃദയത്തിൽ അത്തരം ശക്തമായ ബോധ്യം ഉൾനടാൻ ഗണ്യമായ സമയവും ശ്രമവും ആവശ്യമായിരുന്നു എന്നതിൽ തെല്ലും സംശയമില്ല. അതുകൊണ്ട്, തിമൊഥെയൊസിനെ തിരുവെഴുത്തു പഠിപ്പിക്കാൻ യൂനീക്കയും ലോവീസും കഠിനാധ്വാനം ചെയ്തെന്നു വ്യക്തമാണ്. ദൈവഭക്തിയുള്ള ആ സ്ത്രീകൾ എന്തൊരു പ്രതിഫലമാണ് കൊയ്തത്! പൗലൊസിന് തിമൊഥെയൊസിനെക്കുറിച്ച് പിൻവരുന്ന പ്രകാരം എഴുതാൻ കഴിഞ്ഞു: “ആ [നിർവ്യാജ] വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”—2 തിമൊഥെയൊസ് 1:5.
തിമൊഥെയൊസിന്റെ ജീവിതത്തിൽ യൂനീക്കയും ലോവീസും എന്തൊരു സുപ്രധാന പങ്കാണു വഹിച്ചത്! അതിനോടുള്ള ബന്ധത്തിൽ എഴുത്തുകാരനായ ഡേവിഡ് റീഡ് പ്രസ്താവിക്കുന്നു: “മതപരിവർത്തനം സംബന്ധിച്ച തിമൊഥെയൊസിന്റെ വ്യക്തിപരമായ അനുഭവം മാത്രമാണ് പ്രധാനമെന്ന് അപ്പോസ്തലൻ കരുതിയിരുന്നെങ്കിൽ അവൻ അത് നേരിട്ട് [തിമൊഥെയൊസിനെ] ഓർമിപ്പിക്കുമായിരുന്നു. എന്നാൽ തിമൊഥെയൊസിന്റെ വിശ്വാസത്തെക്കുറിച്ച് അവനു പറയാനുണ്ടായിരുന്ന ആദ്യ സംഗതി, അത് ‘ലോവീസിലും . . . യൂനീക്കയിലും ഉണ്ടായിരുന്നു’ എന്നതാണ്.” മാതാപിതാക്കളും വല്യമ്മവല്യപ്പന്മാർപോലും വീട്ടിൽവെച്ചു നൽകുന്ന ഇളംപ്രായത്തിലുള്ള തിരുവെഴുത്തു വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ ആത്മീയ ഭാവിപ്രതീക്ഷകൾ നിർണയിക്കുന്നതിലെ അടിസ്ഥാനമെന്ന് ലോവീസിന്റെയും യൂനീക്കയുടെയും തിമൊഥെയൊസിന്റെയും വിശ്വാസത്തെക്കുറിച്ചുള്ള പൗലൊസിന്റെ പ്രസ്താവനകൾ പ്രകടമാക്കുന്നു. ദൈവത്തോടും കുട്ടികളോടുമുള്ള ഈ ഉത്തരവാദിത്വം നിർവഹിക്കാൻ തങ്ങൾ എന്തുചെയ്യുന്നുവെന്നു ഗൗരവമായി ചിന്തിക്കാൻ അതു കുടുംബാംഗങ്ങളെ പ്രേരിപ്പിക്കേണ്ടതല്ലേ?
ലോവീസും യൂനീക്കയും ഉളവാക്കിയതരം കുടുംബാന്തരീക്ഷത്തെക്കുറിച്ചും പൗലൊസ് ചിന്തിക്കുകയായിരുന്നിരിക്കാം. അപ്പോസ്തലൻ ആദ്യം ലുസ്ത്രയിൽ താമസിച്ചപ്പോൾ അവരുടെ ഭവനം സന്ദർശിച്ചിരുന്നിരിക്കാം. അതു പൊ.യു. ഏകദേശം 47/48 കാലഘട്ടത്തിലായിരുന്നു. ആ സമയത്തായിരിക്കാം അവരിരുവരും ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്തത്. (പ്രവൃത്തികൾ 14:8-20) ലോവീസിനെ തിമൊഥെയൊസിന്റെ “വലിയമ്മ” എന്നു പരാമർശിച്ചപ്പോൾ പൗലൊസ് തിരഞ്ഞെടുത്ത വാക്കുകൾ ആ കുടുംബം ആസ്വദിച്ചിരുന്ന ഊഷ്മളവും സന്തുഷ്ടവുമായ ബന്ധങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കണം. പണ്ഡിതനായ സിസ്ല സ്പിക് പറയുന്നതനുസരിച്ച്, അവൻ ഉപയോഗിച്ച ഗ്രീക്കു പദപ്രയോഗം (അംഗീകൃതവും ആദരണീയവുമായിരുന്ന തീത്തെയ്കു പകരം മാമെ എന്നത്) “ഒരു കുട്ടി” തന്റെ വല്യമ്മയെ വിളിക്കാനുപയോഗിക്കുന്ന “ഓമനത്തം കലർന്ന പദമാ”ണ്. ഈ സന്ദർഭത്തിൽ അത് “പരിചയത്തെയും പ്രിയത്തെയും ധ്വനിപ്പിക്കുന്നു.”
തിമൊഥെയൊസിന്റെ യാത്രപോകൽ
പൗലൊസ് രണ്ടാം പ്രാവശ്യം ലുസ്ത്ര സന്ദർശിച്ചപ്പോൾ (പൊ.യു. ഏകദേശം 50) യൂനീക്കയുടെ വൈവാഹിക അവസ്ഥ എന്തായിരുന്നെന്നു വ്യക്തമല്ല. അവൾ ഒരു വിധവയായിരുന്നെന്ന് അനേകം പണ്ഡിതന്മാർ നിഗമനം ചെയ്യുന്നു. അതെന്തായിരുന്നാലും, അമ്മയുടെയും വല്യമ്മയുടെയും മാർഗനിർദ്ദേശത്തിൻ കീഴിൽ തിമൊഥെയൊസ് ഒരു നല്ല ചെറുപ്പക്കാരനായി വളർന്നിരുന്നു. അവന് അപ്പോൾ ഏകദേശം 20 വയസ്സുണ്ടായിരുന്നിരിക്കാം. അവൻ “ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ ആയിരുന്നു.” (പ്രവൃത്തികൾ 16:2) വ്യക്തമായും, രാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിക്കാനുള്ള ആഗ്രഹം തിമൊഥെയൊസിന്റെ ഹൃദയത്തിൽ ഉൾനടപ്പെട്ടിരുന്നു. കാരണം, മിഷനറി യാത്രയിൽ തന്നോടും ശീലാസിനോടുമൊപ്പം സഞ്ചരിക്കാനുള്ള പൗലൊസിന്റെ ക്ഷണം അവൻ സ്വീകരിച്ചു.
തിമൊഥെയൊസ് യാത്ര പോകാറായപ്പോൾ യൂനീക്കയ്ക്കും ലോവീസിനുമുണ്ടായ വികാരമൊന്നു സങ്കൽപ്പിച്ചുനോക്കൂ! പൗലൊസ് തങ്ങളുടെ നഗരം ആദ്യം സന്ദർശിച്ചപ്പോൾ ആളുകൾ അപ്പോസ്തലനെ കല്ലെറിഞ്ഞിട്ട് മരിച്ചെന്നു കരുതി ഇട്ടേച്ചുപോയത് അവർക്കറിയാമായിരുന്നു. (പ്രവൃത്തികൾ 14:19) അതുകൊണ്ട്, പോകാൻ തിമൊഥെയൊസിനെ അനുവദിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നിരിക്കില്ല. അവൻ എത്രകാലം വീടുവിട്ടുനിൽക്കും. സുരക്ഷിതനായി മടങ്ങിവരുമോ എന്നൊക്കെ അവർ ചിന്തിച്ചിരിക്കാനിടയുണ്ട്. സാധ്യമായ അത്തരം ആകുലതകൾ ഉണ്ടായിരുന്നെങ്കിലും, യഹോവയെ കൂടുതൽ തികവോടെ സേവിക്കാൻ അവനെ പ്രാപ്തനാക്കുമായിരുന്ന ആ പ്രത്യേക പദവി സ്വീകരിക്കാൻ അമ്മയും വല്യമ്മയും അവനെ നിസ്സംശയമായും പ്രോത്സാഹിപ്പിച്ചു.
മൂല്യവത്തായ പാഠങ്ങൾ
യൂനീക്കയെയും ലോവീസിനെയും കുറിച്ചുള്ള സൂക്ഷ്മ പരിശോധനയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിയും. തിമൊഥെയൊസിനെ ആത്മീയമായി നല്ലവണ്ണം വളർത്തിക്കൊണ്ടുവരാൻ വിശ്വാസം അവർക്കു പ്രചോദനമേകി. തങ്ങളുടെ കൊച്ചുമക്കൾക്കും മറ്റുമായി വല്യമ്മവല്യപ്പന്മാർ വെക്കുന്ന ദൈവഭക്തിയുടെ പക്വതയുള്ള, ഉറച്ച ദൃഷ്ടാന്തം തീർച്ചയായും മുഴുക്രിസ്തീയ സഭയ്ക്കും പ്രയോജനപ്രദം ആയിരിക്കാവുന്നതാണ്. (തീത്തൊസ് 2:3-5) സമാനമായി, യൂനീക്കയുടെ ദൃഷ്ടാന്തം, കുട്ടികൾക്ക് ആത്മീയ പ്രബോധനം നൽകാനുള്ള തങ്ങളുടെ ഉത്തരവാദിത്വവും അതിന്റെ പ്രതിഫലങ്ങളും അവിശ്വാസികളായ ഭർത്താക്കന്മാരുള്ള അമ്മമാരെ ഓർമിപ്പിക്കുന്നു. ചിലയവസരങ്ങളിൽ അപ്രകാരം ചെയ്യുന്നതിന് വലിയ ധൈര്യം ആവശ്യമാണ്, വിശേഷിച്ച് പിതാവിന് തന്റെ ഇണയുടെ മതവിശ്വാസങ്ങളോട് അനുകൂല മനോഭാവം ഇല്ലെങ്കിൽ. ക്രിസ്തീയ ഭാര്യ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആദരിക്കേണ്ടതുള്ളതിനാൽ അതു ചെയ്യാൻ നയവും ആവശ്യമാണ്.
ഒരു പ്രഗൽഭനായ മിഷനറിയും മേൽവിചാരകനും ആയിത്തീരുന്ന ഘട്ടത്തോളം തിമൊഥെയൊസ് ആത്മീയ പുരോഗതി കൈവരിക്കുന്നതു കണ്ടപ്പോൾ ലോവീസിനും യൂനീക്കയ്ക്കും തങ്ങളുടെ വിശ്വാസത്തിനും ശ്രമത്തിനും ആത്മപരിത്യാഗത്തിനും പ്രതിഫലം ലഭിച്ചു. (ഫിലിപ്പിയർ 2:19-22) സമാനമായി ഇന്ന്, നമ്മുടെ കുട്ടികളെ തിരുവെഴുത്തു സത്യങ്ങൾ പഠിപ്പിക്കുന്നതിനു സമയവും ക്ഷമയും നിശ്ചയദാർഢ്യവും ആവശ്യമാണ്. എന്നാൽ ഉത്തമമായ അനന്തരഫലം ആ ശ്രമങ്ങളെയെല്ലാം ശരിക്കും മൂല്യവത്താക്കുന്നു. മതപരമായി വിഭജിതമായ കുടുംബത്തിൽ ‘തിരുവെഴുത്തുകൾ ബാല്യംമുതൽ’ പഠിപ്പിക്കപ്പെട്ട അനേകം മാതൃകായോഗ്യരായ ചെറുപ്പക്കാർ തങ്ങളുടെ ദൈവഭക്തിയുള്ള മാതാവിന് അല്ലെങ്കിൽ പിതാവിന് അത്യന്തം സന്തോഷം കൈവരുത്തുന്നു. ‘ജ്ഞാനിയെ പ്രസവിച്ചവൾ ആനന്ദിക്കും’ എന്ന പഴമൊഴി എത്രയോ സത്യം!—സദൃശവാക്യങ്ങൾ 23:23-25.
യോഹന്നാൻ അപ്പോസ്തലൻ തന്റെ ആത്മീയ മക്കളെക്കുറിച്ചു പറഞ്ഞു: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) തീർച്ചയായും, മാതൃകായോഗ്യരായ രണ്ട് അധ്യാപികമാരായിരുന്ന യൂനീക്കയെയും ലോവീസിനെയും പോലെയാണെന്നു തെളിഞ്ഞിട്ടുള്ള അനേകർ മേൽപ്പറഞ്ഞ വാക്കുകളിൽ പ്രകടമായിരിക്കുന്ന വികാരം പങ്കുവെക്കുന്നു.
[അടിക്കുറിപ്പ്]
a ലോവീസ് തിമൊഥെയൊസിന്റെ പിതാവിന്റെ അമ്മയായിരുന്നില്ലെന്ന്, 2 തിമൊഥെയൊസ് 1:5-ലെ, “നിന്റെ അമ്മയുടെ അമ്മ” എന്ന സിറിയൻ പരിഭാഷ സൂചിപ്പിക്കുന്നു.