പാഠം 40
പ്രസ്താവനാ കൃത്യത
ഒരു ക്രിസ്ത്യാനി കൃത്യമല്ലാത്ത ഒരു പ്രസ്താവന നടത്തിയേക്കാവുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം വസ്തുതകൾ പരിശോധിക്കാൻ സമയമെടുക്കാതെ കേട്ട കാര്യങ്ങൾ വെറുതെ ആവർത്തിക്കുന്നെങ്കിൽ അതു സംഭവിച്ചേക്കാം. അല്ലെങ്കിൽ വിവരങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കുന്നതിൽ വീഴ്ച വന്നതു നിമിത്തം അദ്ദേഹം ഒരു കാര്യം അതിശയോക്തിപരമായി പ്രസ്താവിച്ചേക്കാം. നിസ്സാര കാര്യങ്ങളിൽ പോലും നാം കൃത്യതയ്ക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കുമ്പോൾ, നമ്മുടെ സന്ദേശത്തിന്റെ കൂടുതൽ പ്രധാനമായ വശങ്ങളുടെ സത്യതയിൽ തങ്ങൾക്കു വിശ്വാസം പ്രകടമാക്കാൻ കഴിയുമെന്ന് നമ്മുടെ ശ്രോതാക്കൾ മനസ്സിലാക്കും.
വയൽശുശ്രൂഷയിൽ. ഇനിയും വളരെയേറെ കാര്യങ്ങൾ തങ്ങൾക്കു പഠിക്കാനുണ്ടെന്നു വിചാരിക്കുന്നതിനാൽ വയൽശുശ്രൂഷ തുടങ്ങാൻ പലരും ശങ്കിക്കുന്നു. എന്നാൽ, സത്യത്തെ കുറിച്ച് അടിസ്ഥാന പരിജ്ഞാനമേ ഉള്ളുവെങ്കിൽ പോലും, തങ്ങൾക്കു ഫലകരമായ സാക്ഷ്യം നൽകാൻ കഴിയുന്നതായി പെട്ടെന്നുതന്നെ അവർ കണ്ടെത്തുന്നു. എങ്ങനെ? ഇതിലെ നിർണായക ഘടകം തയ്യാറാകലാണ്.
വയൽശുശ്രൂഷയ്ക്കു പോകും മുമ്പ്, നിങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയവുമായി പരിചയത്തിലാകുക. നിങ്ങളുടെ ശ്രോതാക്കൾ ഉന്നയിക്കാൻ ഇടയുള്ള ചോദ്യങ്ങൾ ഏതൊക്കെ ആയിരിക്കുമെന്നു ചിന്തിക്കുക. തൃപ്തികരമായ ബൈബിൾ അധിഷ്ഠിത ഉത്തരങ്ങൾക്കായി അന്വേഷണം നടത്തുക. ഇത് ശാന്തമായ ഒരു മാനസികാവസ്ഥയോടെ കൃത്യമായി ഉത്തരങ്ങൾ പറയാൻ നിങ്ങളെ സജ്ജനാക്കും. നിങ്ങൾ ഒരു ബൈബിൾ അധ്യയനം നടത്താൻ പോകുകയാണോ? പഠനഭാഗം ശ്രദ്ധാപൂർവം പുനരവലോകനം ചെയ്യുക. അച്ചടിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുള്ള തിരുവെഴുത്ത് അടിസ്ഥാനം നിങ്ങൾക്കു മനസ്സിലായെന്ന് ഉറപ്പുവരുത്തുക.
ഒരു വീട്ടുകാരനോ സഹജോലിക്കാരനോ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ നിങ്ങൾ സജ്ജനല്ലെങ്കിലോ? വസ്തുതകളെ കുറിച്ച് നിങ്ങൾക്കു നിശ്ചയമില്ലെങ്കിൽ, ഊഹിച്ച് ഉത്തരം നൽകാതിരിക്കുക. “നീതിമാൻ മനസ്സിൽ ആലോചിച്ചു [‘ധ്യാനിച്ച്,’ NW] ഉത്തരം പറയുന്നു.” (സദൃ. 15:28) ആവശ്യമായ സഹായം തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിലോ “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്ന പ്രസിദ്ധീകരണത്തിലോ നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞേക്കാം. ഇവയിൽ ഒന്നും നിങ്ങളുടെ കൈവശം ഇല്ലെങ്കിൽ ഗവേഷണം ചെയ്തിട്ടു മടങ്ങിച്ചെല്ലാമെന്നു പറയുക. ചോദ്യം ചോദിച്ച വ്യക്തി ആത്മാർഥഹൃദയനാണെങ്കിൽ കൃത്യമായ ഉത്തരത്തിനു വേണ്ടി കാത്തിരിക്കാൻ അദ്ദേഹം മടി വിചാരിക്കില്ല. വാസ്തവത്തിൽ, നിങ്ങളുടെ താഴ്മയിൽ അദ്ദേഹത്തിനു മതിപ്പു തോന്നിയേക്കാം.
പരിചയസമ്പന്നരായ പ്രസാധകരോടൊത്തു വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നത് ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടാൻ നിങ്ങളെ സഹായിക്കും. അവർ ഏതൊക്കെ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നുവെന്നും അവ ഉപയോഗിച്ച് എങ്ങനെ ന്യായവാദം ചെയ്യുന്നുവെന്നും നിരീക്ഷിക്കുക. അവർ നൽകുന്ന നിർദേശങ്ങളോ തിരുത്തലോ താഴ്മയോടെ സ്വീകരിക്കുക. തീക്ഷ്ണതയുള്ള ശിഷ്യനായിരുന്ന അപ്പൊല്ലോസ് മറ്റുള്ളവരിൽനിന്നു ലഭിച്ച സഹായത്തിൽനിന്നു പ്രയോജനം അനുഭവിച്ചു. അപ്പൊല്ലോസിനെ ‘വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ,’ ‘ആത്മാവിൽ എരിവുള്ളവൻ,’ ‘യേശുവിന്റെ വസ്തുത സൂക്ഷ്മമായി [“കൃത്യമായി,” NW] പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ’ എന്നൊക്കെ ലൂക്കൊസ് വർണിക്കുകയുണ്ടായി. എങ്കിലും, അവന്റെ ഗ്രാഹ്യത്തിൽ ഒരു കുറവുണ്ടായിരുന്നു. അക്വിലാസും പ്രിസ്കില്ലയും ഇതു തിരിച്ചറിഞ്ഞപ്പോൾ അവർ “അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി [“കൃത്യമായി,” NW] അവന്നു തെളിയിച്ചുകൊടുത്തു.”—പ്രവൃ. 18:24-28.
‘വിശ്വാസ്യവചനം മുറുകെ പിടിക്കൽ.’ യോഗങ്ങളിലെ നമ്മുടെ പരിപാടികൾ “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മെന്ന നിലയിലുള്ള സഭയുടെ പങ്കിനോടുള്ള ഉയർന്ന ആദരവിനെ പ്രതിഫലിപ്പിക്കണം. (1 തിമൊ. 3:15) സത്യം ഉയർത്തിപ്പിടിക്കുന്നതിന്, പ്രസംഗങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകളുടെ പൊരുൾ നാം മനസ്സിലാക്കുന്നതു പ്രധാനമാണ്. അവയുടെ സന്ദർഭവും ഉദ്ദേശ്യവും കണക്കിലെടുക്കുക.
നിങ്ങൾ ഒരു സഭായോഗത്തിൽ പറയുന്ന കാര്യം ആവർത്തിക്കപ്പെട്ടേക്കാം. തീർച്ചയായും, “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോ. 3:2) എന്നാൽ, കൃത്യതയോടെ സംസാരിക്കുന്നതിനു സഹായകമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്യും. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേർന്നിരിക്കുന്ന പല സഹോദരന്മാരും കാലക്രമേണ മൂപ്പന്മാർ ആയിത്തീരുന്നു. ആ ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരിൽനിന്ന് “അധികം [“സാധാരണയിൽ അധികം,” NW] പ്രതീക്ഷിക്കുന്നു. (ലൂക്കൊ. 12:48) ഒരു മൂപ്പൻ അശ്രദ്ധമായി, സഭാംഗങ്ങൾക്കു ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിലുള്ള തെറ്റായ ഉപദേശം നൽകുന്നെങ്കിൽ അദ്ദേഹം ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകും. (മത്താ. 12:36, 37) അതുകൊണ്ട്, ഒരു മൂപ്പൻ എന്ന നിലയിൽ യോഗ്യത നേടുന്ന ഒരു സഹോദരൻ “ഉപദേശപ്രകാരമുള്ള [“പഠിപ്പിക്കൽ കലയോടുള്ള ബന്ധത്തിൽ,” NW] വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്ന”വനായി അറിയപ്പെടണം.—തീത്തൊ. 1:9.
നിങ്ങൾ നിരത്തുന്ന വാദമുഖങ്ങൾ മുഴു തിരുവെഴുത്തു സത്യത്തിലും പ്രകടമായ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യുമായി ചേർച്ചയിലുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. (2 തിമൊ. 1:13, NW) ഇത് നിങ്ങളെ ഭയപ്പെടുത്തേണ്ടതില്ല. ഒരുപക്ഷേ നിങ്ങൾ മുഴു ബൈബിളിന്റെയും വായന ഇതുവരെ പൂർത്തിയാക്കിയിട്ടില്ലായിരിക്കാം. അതു പൂർത്തിയാക്കാൻ ശ്രമിക്കുക. എന്നാൽ അതിനിടയിൽ, പഠിപ്പിക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ പിൻവരുന്ന നിർദേശങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നു ശ്രദ്ധിക്കുക.
ആദ്യമായി, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ വിവരങ്ങൾ ബൈബിളിൽനിന്നു ഞാൻ ഇതിനോടകം മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളുമായി ചേർച്ചയിലാണോ? അവ എന്റെ ശ്രോതാക്കളെ യഹോവയിലേക്ക് അടുപ്പിക്കുമോ? അതോ അവ ലോകത്തിന്റെ ജ്ഞാനത്തെ വഴികാട്ടിയാക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അതിനെ ഉയർത്തിക്കാട്ടുകയാണോ ചെയ്യുന്നത്?’ യേശു പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹ. 17:17; ആവ. 13:2-6; 1 കൊരി. 1:19-21) അടുത്തതായി, വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്യുന്ന പഠന ഉപകരണങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. ഇവ തിരുവെഴുത്തുകൾ കൃത്യമായി മനസ്സിലാക്കാൻ മാത്രമല്ല, അവ ബാധകമാകുന്ന വിധം സമനിലയോടും ന്യായബോധത്തോടും കൂടി വ്യക്തമാക്കാനും നിങ്ങളെ സഹായിക്കും. നിങ്ങൾ നിങ്ങളുടെ പ്രസംഗങ്ങൾ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യിൽ അടിസ്ഥാനപ്പെടുത്തുകയും യഹോവയുടെ സരണിയിൽ ആശ്രയിച്ചുകൊണ്ട് തിരുവെഴുത്തുകൾ വിശദീകരിക്കുകയും അവ ബാധകമാകുന്ന വിധം വ്യക്തമാക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ പ്രസ്താവനകൾ കൃത്യതയുള്ളവ ആയിരിക്കും.
വിവരങ്ങളുടെ കൃത്യത പരിശോധിക്കൽ. ചില പോയിന്റുകൾ ഉദാഹരിക്കുകയും ബാധകമാകുന്ന വിധം വ്യക്തമാക്കുകയും ചെയ്യുമ്പോൾ ആനുകാലിക സംഭവങ്ങളും ഉദ്ധരണികളും അനുഭവങ്ങളും ഉപയോഗിക്കുന്നത് സഹായകമായിരുന്നേക്കാം. അവ കൃത്യതയുള്ളതാണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അത്തരം വിവരങ്ങൾ ആശ്രയയോഗ്യമായ ഉറവിടങ്ങളിൽനിന്ന് എടുക്കുന്നതാണ് ഒരു മാർഗം. വിവരങ്ങൾ ഏറ്റവും പുതിയവ തന്നെയാണെന്നു പരിശോധിക്കാൻ ഓർമിക്കുക. സ്ഥിതിവിവരക്കണക്കുകൾ കാലഹരണപ്പെടുന്നു; ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ ഇന്നുള്ള വിവരങ്ങളെ അതിവേഗം പഴഞ്ചനാക്കുന്നു; ചരിത്രത്തെയും പുരാതന ഭാഷകളെയും സംബന്ധിച്ച മനുഷ്യന്റെ ഗ്രാഹ്യം വർധിച്ചുവരവേ, മുമ്പുണ്ടായിരുന്ന അറിവിൽ അധിഷ്ഠിതമായ നിഗമനങ്ങൾക്കു ഭേദഗതി ആവശ്യമായി വരുന്നു. പത്രങ്ങൾ, ടെലിവിഷൻ, റേഡിയോ, ഇലക്ട്രോണിക് മെയിൽ, ഇന്റർനെറ്റ് ഇവയിൽ ഏതിലെങ്കിലും നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ അതീവ ജാഗ്രത പുലർത്തുക. സദൃശവാക്യങ്ങൾ 14:15 ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” സ്വയം ഇങ്ങനെ ചോദിക്കുക: ‘വിവരങ്ങളുടെ ഉറവിടം കൃത്യതയ്ക്കു പേരുകേട്ടതാണോ? മറ്റേതെങ്കിലും മാർഗത്തിലൂടെ ഈ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിച്ചറിയാൻ കഴിയുമോ?’ ഒരു വിവരത്തിന്റെ സത്യത സംബന്ധിച്ചു നിങ്ങൾക്കു സംശയം തോന്നുന്നെങ്കിൽ അത് ഉപയോഗിക്കരുത്.
ഉറവിടങ്ങളുടെ ആശ്രയയോഗ്യത പരിശോധിച്ചറിയുന്നതിനു പുറമേ, നിങ്ങൾ അവയിലെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനും ശ്രദ്ധ കൊടുക്കുക. ഉദ്ധരണികളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും കാര്യത്തിൽ, അവയുടെ ഉറവിടത്തിൽ ഏതു സന്ദർഭത്തിലാണോ അവ ഉപയോഗിച്ചിരിക്കുന്നത് അതിനോടു ചേർച്ചയിലാണ് നിങ്ങൾ അവ ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. ആശയം ഊന്നിപ്പറയാനുള്ള ശ്രമത്തിൽ “ചിലർ” എന്നത് “ഭൂരിപക്ഷം പേരും” എന്നും “അനേകർ” എന്നത് “എല്ലാവരും” എന്നും “ചിലപ്പോൾ” എന്നത് “എല്ലായ്പോഴും” എന്നും ആയി മാറാതിരിക്കാൻ ശ്രദ്ധിക്കുക. വിവരങ്ങളും അതുപോലെ സംഖ്യകളോ വ്യാപ്തിയോ ഉൾപ്പെടുന്ന റിപ്പോർട്ടുകളും അതിശയോക്തി കലർത്തി പറയുകയോ കാര്യങ്ങളുടെ ഗൗരവം ഊതിപ്പെരുപ്പിച്ചു കാട്ടുകയോ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങൾ ഉയർത്തും.
നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലായ്പോഴും കൃത്യതയുള്ളവ ആയിരിക്കുമ്പോൾ, സത്യത്തെ ആദരിക്കുന്ന ഒരു വ്യക്തിയായി നിങ്ങൾ അറിയപ്പെടാൻ ഇടവരും. ഇത് ഒരു കൂട്ടം എന്ന നിലയിൽ യഹോവയുടെ സാക്ഷികളെ കുറിച്ച് ആളുകൾക്കു മതിപ്പു തോന്നാൻ ഇടയാക്കും. അതിലും പ്രധാനമായി, അത് ‘സത്യത്തിന്റെ ദൈവമായ യഹോവ’യ്ക്കു മഹത്ത്വം കരേറ്റും.—സങ്കീ. 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.