എങ്ങനെ ഗവേഷണം നടത്താം?
ശലോമോൻ രാജാവ് ‘ചിന്തിച്ചു ശോധന കഴിച്ചു [“സമഗ്രമായി പരിശോധിച്ച്,” NW] അനേകം സദൃശവാക്യം ചമെച്ചു’ എന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. എന്തുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തത്? കാരണം “നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും” കണ്ടെത്തുന്നതിൽ അവൻ തത്പരനായിരുന്നു. (സഭാ. 12:9, 10) ലൂക്കൊസ്, ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ ക്രമമായി എഴുതാൻ ‘ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചു.’ (ലൂക്കൊ. 1:4) ഈ രണ്ടു ദൈവദാസന്മാരും ഗവേഷണം നടത്തുകയായിരുന്നു.
എന്താണ് ഗവേഷണം? ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ശ്രദ്ധാപൂർവം നടത്തുന്ന അന്വേഷണമാണു ഗവേഷണം. അതിൽ വായിക്കുന്നതും പഠനത്തിന്റെ തത്ത്വങ്ങൾ ബാധകമാക്കുന്നതും ഉൾപ്പെടുന്നു. ആളുകളോടു കാര്യങ്ങൾ നേരിട്ടു ചോദിച്ചറിയുന്നതും അതിൽ ഉൾപ്പെട്ടേക്കാം.
ഗവേഷണം നടത്തേണ്ടത് ആവശ്യമായി വരുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്? വ്യക്തിപരമായി പഠിക്കുകയോ ബൈബിൾ വായിക്കുകയോ ചെയ്യുന്ന സമയത്ത് നിങ്ങൾക്കു പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങൾ ഉയർന്നു വന്നേക്കാം; വയലിൽ കണ്ടുമുട്ടുന്ന ആരെങ്കിലും ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി ചില പ്രത്യേക വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം; അതുമല്ലെങ്കിൽ നിങ്ങൾക്ക് ഒരു പ്രസംഗം നടത്താനുള്ള നിയമനം ലഭിച്ചിരിക്കാം. ഗവേഷണം നടത്താൻ കഴിയുന്ന സാഹചര്യങ്ങൾക്ക് ഉദാഹരണങ്ങളാണ് ഇവയൊക്കെ.
നിങ്ങൾക്ക് ഒരു പ്രസംഗ നിയമനം ലഭിച്ചെന്നു കരുതുക. നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന ഭാഗത്ത് ഒരുപക്ഷേ വളരെ പൊതുവായിട്ടുള്ള കാര്യങ്ങളായിരിക്കാം അടങ്ങിയിരിക്കുന്നത്. പ്രാദേശികമായി ഇണങ്ങുന്ന വിധത്തിൽ നിങ്ങൾക്ക് അത് എങ്ങനെ വികസിപ്പിക്കാൻ കഴിയും? ഗവേഷണത്തിലൂടെ അവ സമ്പുഷ്ടമാക്കിത്തീർക്കുക. ഏതാനും സ്ഥിതിവിവരക്കണക്കുകളോ നിങ്ങളുടെ വിഷയത്തിന് ഇണങ്ങുന്നതും സദസ്സിന്റെ താത്പര്യം പിടിച്ചെടുക്കുന്നതുമായ ഒരു ഉദാഹരണമോ ഉൾപ്പെടുത്തുകവഴി, പൊതുവേ എല്ലാവർക്കും അറിയാവുന്ന ഒരു പോയിന്റ് വിജ്ഞാനപ്രദം, എന്തിന് പ്രചോദനാത്മകം പോലും ആയിത്തീരും. നിങ്ങളുടെ നിയമനം, പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഏതു വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ ആ വിവരങ്ങൾ ലോകമെമ്പാടുമുള്ള വായനക്കാരെ മനസ്സിൽ കണ്ടുകൊണ്ടു തയ്യാറാക്കിയത് ആയിരിക്കാം. എന്നാൽ നിങ്ങൾ അത് ഒരു സഭയ്ക്ക് അല്ലെങ്കിൽ ഒരു വ്യക്തിക്കു ബാധകമാകുന്ന വിധത്തിൽ വികസിപ്പിക്കുകയും വിശദീകരിക്കുകയും ഉദാഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെയാണു ചെയ്യേണ്ടത്?
ഗവേഷണത്തിലേക്കു കടക്കുന്നതിനു മുമ്പ് നിങ്ങളുടെ സദസ്സിനെ കുറിച്ചു ചിന്തിക്കാൻ സമയമെടുക്കുക. അവർക്ക് ഇപ്പോൾത്തന്നെ എന്തൊക്കെ അറിയാം? അവർ അറിയേണ്ടതായ കാര്യങ്ങൾ എന്തെല്ലാമാണ്? തുടർന്ന് നിങ്ങളുടെ ലക്ഷ്യം തിരിച്ചറിയുക. വിശദീകരിക്കുക ആണോ? ബോധ്യപ്പെടുത്തുക ആണോ? ഖണ്ഡിക്കുക ആണോ? പ്രചോദിപ്പിക്കുക ആണോ? എന്താണു നിങ്ങളുടെ ലക്ഷ്യം? വിശദീകരിക്കുന്നതിൽ ഒരു വിഷയം വ്യക്തമാക്കുന്നതിനു കൂടുതൽ വിവരങ്ങൾ നൽകുന്നത് ഉൾപ്പെടുന്നു. സദസ്യർക്ക് അടിസ്ഥാന വസ്തുതകൾ മനസ്സിലായിരിക്കാമെങ്കിലും, പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എപ്പോൾ അല്ലെങ്കിൽ എങ്ങനെ ചെയ്യണമെന്നു നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ടായിരിക്കാം. ബോധ്യപ്പെടുത്തുന്നതിൽ ഒരു കാര്യം അങ്ങനെ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് തെളിവു സഹിതം അവതരിപ്പിക്കുന്നത് ഉൾപ്പെടുന്നു. ഖണ്ഡിക്കുന്നതിന് ഒരു വിഷയത്തിന്റെ ഇരു വശങ്ങളും നന്നായി അറിഞ്ഞിരിക്കേണ്ടതും ഒപ്പം ഉപയോഗിച്ചിരിക്കുന്ന തെളിവുകൾ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. തീർച്ചയായും, കേവലം ശക്തമായ വാദഗതികൾ ഉന്നയിക്കുന്നതിനു പകരം വസ്തുതകൾ ദയാപൂർവകമായ ഒരു വിധത്തിൽ അവതരിപ്പിക്കാനാണു നാം ശ്രമിക്കുന്നത്. പ്രചോദിപ്പിക്കുന്നതിൽ സദസ്യരുടെ ഹൃദയത്തിൽ എത്തിച്ചേരുന്നത് ഉൾപ്പെടുന്നു. നിങ്ങളുടെ സദസ്സിന് ഉത്തേജനം നൽകുകയും ചർച്ചചെയ്യപ്പെടുന്ന കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള അവരുടെ ആഗ്രഹം വർധിപ്പിക്കുകയും ചെയ്യുക എന്നാണ് അതിന്റെ അർഥം. ബുദ്ധിമുട്ടിന്റെ നടുവിൽ പോലും അങ്ങനെ ചെയ്തിട്ടുള്ളവരുടെ യഥാർഥ അനുഭവങ്ങൾ സദസ്യരുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും.
ഇനിയിപ്പോൾ ഗവേഷണം തുടങ്ങാമോ? വരട്ടെ. നിങ്ങൾക്ക് എത്രമാത്രം വിവരങ്ങൾ ആവശ്യമുണ്ടെന്നു നോക്കുക. സമയം ഒരു സുപ്രധാന ഘടകമായിരുന്നേക്കാം. നിങ്ങൾ വിവരങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ അവതരിപ്പിക്കാൻ പോകുകയാണെങ്കിൽ, അതിനു നിങ്ങൾക്ക് എത്രമാത്രം സമയം കിട്ടും? അഞ്ചു മിനിട്ട്? നാൽപ്പത്തഞ്ചു മിനിട്ട്? സഭായോഗത്തിലേതു പോലെ ഒരു നിശ്ചിത സമയത്തു തീർക്കണമെന്നുണ്ടോ? അതോ ബൈബിൾ അധ്യയനത്തിന്റെയോ ഇടയ സന്ദർശനത്തിന്റെയോ കാര്യത്തിലെന്ന പോലെ ഒരു നിശ്ചിത സമയം പാലിക്കേണ്ടതില്ലെന്നുണ്ടോ?
അവസാനമായി, ഒരു കാര്യം കൂടി. നിങ്ങൾക്ക് ഏതെല്ലാം ഗവേഷണ ഉപകരണങ്ങൾ ലഭ്യമാണ്? നിങ്ങളുടെ വീട്ടിലുള്ളതു കൂടാതെ, രാജ്യഹാളിലെ ലൈബ്രറിയിൽ വേറെ ഉപകരണങ്ങളുണ്ടോ? അനേക വർഷങ്ങളായി യഹോവയെ സേവിച്ചുവരുന്ന സഹോദരങ്ങൾ അവരുടെ ഗവേഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുമോ? പരാമർശ ഗ്രന്ഥങ്ങൾ നോക്കേണ്ടി വരുന്ന പക്ഷം, അവ പരിശോധിക്കുന്നതിനു നിങ്ങളുടെ പ്രദേശത്ത് ഒരു പബ്ലിക്ക് ലൈബ്രറിയുണ്ടോ?
നമ്മുടെ ഏറ്റവും പ്രമുഖ ഗവേഷണ ഉപകരണമായ ബൈബിൾ ഉപയോഗിക്കൽ
ഒരു തിരുവെഴുത്തിന്റെ അർഥത്തെ കുറിച്ചാണു ഗവേഷണം നടത്തേണ്ടതെങ്കിൽ ബൈബിളിൽനിന്നുതന്നെ തുടങ്ങുക.
സന്ദർഭം പരിചിന്തിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘ആരെ ഉദ്ദേശിച്ചാണ് ഇത് എഴുതിയിരിക്കുന്നത്? ഇങ്ങനെയൊരു പ്രസ്താവന നടത്താനുണ്ടായ സാഹചര്യങ്ങളെ കുറിച്ചോ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ മനോഭാവത്തെ കുറിച്ചോ ചുറ്റുമുള്ള വാക്യങ്ങൾ എന്തു സൂചിപ്പിക്കുന്നു?’ അത്തരം വിശദാംശങ്ങൾ ഒരു വാക്യം മനസ്സിലാക്കുന്നതിനു പലപ്പോഴും നമ്മെ സഹായിക്കും. ഇനി, അവ പ്രസംഗത്തിൽ ഉപയോഗിക്കുന്ന പക്ഷം അവയ്ക്കു പ്രസംഗത്തെ ജീവസ്സുറ്റതാക്കിത്തീർക്കാനും കഴിയും.
ഉദാഹരണത്തിന്, ഹൃദയത്തെ സ്പർശിക്കാനും ജീവിതത്തെ സ്വാധീനിക്കാനും ഉള്ള ദൈവവചനത്തിന്റെ ശക്തി കാണിക്കാൻ എബ്രായർ 4:12 പലപ്പോഴും ഉദ്ധരിക്കാറുണ്ട്. സന്ദർഭം പരിചിന്തിക്കുമ്പോൾ അത് അപ്രകാരം ആയിരിക്കുന്നത് എങ്ങനെയെന്നു നമുക്കു കൂടുതൽ വ്യക്തമാകും. യഹോവ അബ്രാഹാമിനോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്, 40 വർഷത്തെ മരുപ്രയാണ കാലത്ത് ഇസ്രായേലിനുണ്ടായ അനുഭവങ്ങളെ കുറിച്ച് അതു ചർച്ച ചെയ്യുന്നു. (എബ്രാ. 3:7–4:13) “ദൈവത്തിന്റെ വചനം,” അതായത്, അബ്രാഹാമിനോടുള്ള തന്റെ ഉടമ്പടിക്കു ചേർച്ചയിൽ അവരെ സ്വസ്ഥതയുടെ സ്ഥലത്തേക്കു കൊണ്ടുപോകുമെന്ന അവന്റെ വാഗ്ദാനം നിർജീവമായിരുന്നില്ല; അത് ജീവനുള്ളതായിരുന്നു, മാത്രമല്ല നിവൃത്തിയിലേക്കു നീങ്ങുകയുമായിരുന്നു. ഇസ്രായേല്യർക്ക് അതിൽ വിശ്വാസം പ്രകടമാക്കാൻ സകല കാരണവും ഉണ്ടായിരുന്നു. എങ്കിലും യഹോവ അവരെ ഈജിപ്തിൽനിന്നു സീനായി പർവതത്തിലേക്കും അവിടെനിന്നു വാഗ്ദത്തദേശത്തേക്കും നയിച്ചപ്പോൾ അവർ തുടരെത്തുടരെ വിശ്വാസമില്ലായ്മ പ്രകടമാക്കി. അങ്ങനെ, ദൈവം തന്റെ വചനം നിവർത്തിച്ച വിധത്തോടുള്ള അവരുടെ പ്രതികരണം അവരുടെ ഹൃദയത്തിൽ എന്താണ് ഉണ്ടായിരുന്നത് എന്നു വെളിപ്പെടുത്തി. സമാനമായ ഒരു വിധത്തിൽ നമ്മുടെ നാളിലും, ദൈവത്തിന്റെ വാഗ്ദത്ത വചനം ആളുകളുടെ ഹൃദയാവസ്ഥ വെളിപ്പെടുത്തുന്നു.
ഒത്തുവാക്യങ്ങൾ പരിശോധിക്കുക. ചില ബൈബിളുകളിൽ ഒത്തുവാക്യങ്ങൾ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ ബൈബിളിലുണ്ടോ? ഉണ്ടെങ്കിൽ, അതൊരു സഹായമാണ്. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ നിന്നുള്ള ഒരു ഉദാഹരണം പരിചിന്തിക്കുക. 1 പത്രൊസ് 3:6, ക്രിസ്തീയ ഭാര്യമാർക്ക് അനുകരിക്കാൻ കഴിയുന്ന നല്ലൊരു മാതൃകയായി സാറായെ ചൂണ്ടിക്കാണിക്കുന്നു. ഒത്തുവാക്യമായി കൊടുത്തിരിക്കുന്ന ഉല്പത്തി 18:12 ഈ ആശയത്തെ ഒന്നുകൂടി ദൃഢീകരിക്കുന്നു. കാരണം, സാറാ അബ്രാഹാമിനെ കുറിച്ചു തന്റെ “ഉള്ളിൽ” യജമാനനെന്നു പറയുന്നതായി അവിടെ നാം വായിക്കുന്നു. അതുകൊണ്ട്, അവളുടെ കീഴ്പെടൽ ഹൃദയപൂർവമുള്ളതായിരുന്നു. ഒത്തുവാക്യങ്ങൾ അത്തരം ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നതിനു പുറമേ, ബൈബിൾ പ്രവചനത്തിന്റെയോ ന്യായപ്രമാണ ഉടമ്പടി മുൻനിഴലാക്കിയ ഒന്നിന്റെയോ നിവൃത്തി കാണിക്കുന്ന വാക്യങ്ങളിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചേക്കാം. എന്നിരുന്നാലും, ചില ഒത്തുവാക്യങ്ങൾ അത്തരം വിശദാംശങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളവയല്ല. അവ സമാന്തര ആശയങ്ങളിലേക്കോ വ്യക്തികളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചുമുള്ള വിവരങ്ങളിലേക്കോ നമ്മുടെ ശ്രദ്ധ തിരിക്കുക മാത്രം ചെയ്യുന്നു.
ഒരു ബൈബിൾ കൺകോർഡൻസ് ഉപയോഗിച്ചുള്ള അന്വേഷണം. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ അകാരാദിക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു സൂചികയാണ് കൺകോർഡൻസ്. നിങ്ങൾ ഗവേഷണം നടത്തുന്ന വിഷയവുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ കണ്ടുപിടിക്കാൻ അതു നിങ്ങളെ സഹായിക്കും. ഇവ പരിശോധിക്കവേ സഹായകമായ വേറെ ചില വിശദാംശങ്ങൾ നിങ്ങൾക്കു ലഭിക്കുന്നതാണ്. ദൈവവചനത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സത്യത്തിന്റെ “മാതൃക”യുടെ തെളിവുകൾ നിങ്ങൾ കാണും. (2 തിമൊ. 1:13, NW) പുതിയലോക ഭാഷാന്തരത്തിലെ “Bible Words Indexed” [“ബൈബിൾ പദസൂചിക”] എന്ന ഭാഗത്ത് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അടിസ്ഥാന പദങ്ങളുടെ ഒരു പട്ടിക കാണാൻ കഴിയും. ഇതിലുള്ളതിനെക്കാൾ ഒട്ടേറെ പദങ്ങൾ കോംപ്രിഹെൻസിവ് കൺകോർഡൻസിൽ (ഇത് നിങ്ങൾക്ക് അറിയാവുന്ന ഒരു ഭാഷയിൽ ലഭ്യമായിരിക്കാം) ഉണ്ട്. ബൈബിളിലെ പ്രധാനപ്പെട്ട പദങ്ങളിൽ ഓരോന്നും ഏതെല്ലാം വാക്യങ്ങളിൽ വരുന്നുണ്ടോ അവയിലേക്കെല്ലാം അതു നിങ്ങളെ നയിക്കുന്നതായിരിക്കും.
മറ്റു ഗവേഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കൽ
“വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്തിരിക്കുന്ന മറ്റു പല ഗവേഷണ ഉപകരണങ്ങളും 33-ാം പേജിലെ ചതുരത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. (മത്താ. 24:45-47, NW) ഇവയിൽ പലതിലും ഒരു ഉള്ളടക്കപ്പട്ടികയുണ്ട്. പലതിന്റെയും അവസാന ഭാഗത്ത് ഒരു സൂചികയും ഉണ്ട്. നിശ്ചിത വിവരങ്ങൾ കൃത്യമായി എവിടെയാണെന്നു കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണിത്. ഓരോ വർഷാവസാനവും, വീക്ഷാഗോപുരത്തിലും ഉണരുക!യിലും, അതാതു വർഷം പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ വിഷയസൂചികകൾ വരാറുണ്ട്.
ഈ ബൈബിൾ പഠന പ്രസിദ്ധീകരണങ്ങളിൽ ഏതുതരം വിവരങ്ങളാണു ചർച്ച ചെയ്യപ്പെടുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് കൂടുതൽ വേഗത്തിൽ ഗവേഷണം നടത്താൻ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങൾ പ്രവചനത്തെയോ പഠിപ്പിക്കലിനെയോ ക്രിസ്തീയ നടത്തയെയോ ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കലിനെയോ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. നിങ്ങൾ അന്വേഷിക്കുന്ന വിവരങ്ങൾ സാധ്യതയനുസരിച്ച് വീക്ഷാഗോപുരത്തിൽ ഉണ്ടായിരിക്കും. ഉണരുക! ആനുകാലിക സംഭവങ്ങൾ, സമകാലീന പ്രശ്നങ്ങൾ, മതം, ശാസ്ത്രം എന്നിവയെ കുറിച്ചും വിവിധ ദേശങ്ങളിലെ ആളുകളെ കുറിച്ചും ചർച്ച ചെയ്യുന്നു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം സുവിശേഷങ്ങളിലെ ഓരോ വിവരണവും അതു നടന്ന ക്രമത്തിൽ ചർച്ച ചെയ്യുന്നു. വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!, രണ്ടു വാല്യങ്ങളുള്ള യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം! എന്നീ പ്രസിദ്ധീകരണങ്ങളിൽ യഥാക്രമം വെളിപ്പാടു, ദാനീയേൽ, യെശയ്യാവു എന്നീ ബൈബിൾ പുസ്തകങ്ങളുടെ വാക്യാനുവാക്യ പരിചിന്തനം കാണാം. വയലിൽ കണ്ടുമുട്ടുന്ന ആളുകൾ സാധാരണ ഉന്നയിക്കുന്ന നൂറുകണക്കിനു ബൈബിൾ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്തകത്തിൽ നിങ്ങൾക്കു കണ്ടെത്താവുന്നതാണ്. മറ്റു മതങ്ങൾ, അവയുടെ പഠിപ്പിക്കലുകൾ, അവയുടെ ചരിത്ര പശ്ചാത്തലങ്ങൾ എന്നിവയെ കുറിച്ചു കൂടുതൽ വ്യക്തമായ ഗ്രാഹ്യം ലഭിക്കുന്നതിന് ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം കാണുക. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ എന്ന പുസ്തകത്തിൽ യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തെ കുറിച്ചുള്ള വിശദമായ വിവരണം അടങ്ങിയിരിക്കുന്നു. ആഗോള സുവാർത്താ പ്രസംഗത്തോടു ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിനു വേണ്ടി യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം (ഏറ്റവും പുതിയത്) പരിശോധിക്കുക. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച ഒരു ബൈബിൾ വിജ്ഞാനകോശവും ഭൂപടസമാഹാരവും ആണ്. ബൈബിളുമായി ബന്ധപ്പെട്ട ആളുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ, ഭാഷകൾ, ചരിത്ര സംഭവങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളുടെ ഒരു ഉത്തമ കലവറയാണ് അത്.
“വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക.” ഇരുപതിലേറെ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ സൂചിക, നമ്മുടെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ കലവറ നിങ്ങൾക്കായി തുറന്നു തരും. ഇതിനെ വിഷയ സൂചിക, തിരുവെഴുത്തു സൂചിക എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നിങ്ങൾ വിഷയ സൂചിക ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിൽ കൊടുത്തിരിക്കുന്ന പദങ്ങളിൽനിന്ന് ഗവേഷണം നടത്താൻ ആഗ്രഹിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു പദം കണ്ടുപിടിക്കുക. തിരുവെഴുത്തു സൂചിക ഉപയോഗിക്കുന്നതിന്, അതിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുകളിൽനിന്ന് നിങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വാക്യം കണ്ടുപിടിക്കുക. സൂചികയിൽ ഏതെല്ലാം വർഷങ്ങളിലെ വിവരങ്ങൾ ഉൾക്കൊള്ളുന്നുവോ ആ വർഷങ്ങളിൽ, പ്രസ്തുത വിഷയത്തെ കുറിച്ചോ തിരുവെഴുത്തിനെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ സൂചിക തയ്യാറാക്കിയിരിക്കുന്ന ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ വന്ന പ്രസിദ്ധീകരണങ്ങളുടെ പട്ടിക നിങ്ങൾക്ക് അതിൽ കണ്ടെത്താൻ കഴിയും. പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ചുരുക്കപ്പേരുകൾ മനസ്സിലാക്കുന്നതിന് സൂചികയുടെ ആദ്യഭാഗത്ത് അതു സംബന്ധിച്ചു നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക. (ഉദാഹരണത്തിന്, അവയുടെ സഹായത്താൽ w99 3/1 15 എന്നത് 1999 മാർച്ച് 1 ലക്കം ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 15-ാം പേജിനെ ആണു പരാമർശിക്കുന്നത് എന്നു നിങ്ങൾ മനസ്സിലാക്കും. വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക മലയാളത്തിൽ ലഭ്യമല്ലെങ്കിലും ഏതെങ്കിലും പരാമർശത്തോടൊപ്പം MY എന്നു കാണുകയാണെങ്കിൽ അതിന്റെ അർഥം ആ പ്രസിദ്ധീകരണം മലയാളത്തിൽ ലഭ്യമാണെന്നാണ്.) “വയൽശുശ്രൂഷാ അനുഭവങ്ങൾ,” “യഹോവയുടെ സാക്ഷികളുടെ ജീവിത കഥകൾ” തുടങ്ങിയ മുഖ്യ തലക്കെട്ടുകൾ, സഭയ്ക്കുവേണ്ടി പ്രചോദനാത്മകമായ അവതരണങ്ങൾ തയ്യാറാകുന്നതിൽ സഹായകമായിരിക്കും.
ഗവേഷണം തുടങ്ങിക്കഴിഞ്ഞാൽ അതിൽ മുഴുകിപ്പോകുക എളുപ്പമായതിനാൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വിഷയത്തിൽനിന്നു വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾക്ക് ആ പ്രത്യേക സമയത്ത് ആവശ്യമുള്ള വിവരങ്ങൾ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടു പറ്റിനിൽക്കുക. സൂചികയിൽ ഒരു പ്രത്യേക പ്രസിദ്ധീകരണത്തെ കുറിച്ചുള്ള പരാമർശം കാണുമ്പോൾ ആ പ്രസിദ്ധീകരണത്തിന്റെ, നോക്കാൻ പറഞ്ഞിരിക്കുന്ന പേജിലേക്കോ പേജുകളിലേക്കോ തിരിയുക. എന്നിട്ട് ഉപതലക്കെട്ടുകളുടെയും ഖണ്ഡികകളുടെ പ്രാരംഭ വാചകങ്ങളുടെയും സഹായത്താൽ നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ കണ്ടുപിടിക്കുക. ഒരു പ്രത്യേക ബൈബിൾ വാക്യത്തിന്റെ അർഥമാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, നോക്കാൻ പറഞ്ഞിരിക്കുന്ന പേജിൽ ആദ്യം ആ വാക്യം കണ്ടുപിടിക്കുക. എന്നിട്ട് ചുറ്റുമുള്ള വിശദീകരണം പരിശോധിക്കുക.
സിഡി-റോമിലുള്ള “വാച്ച്ടവർ ലൈബ്രറി.” നിങ്ങൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ സിഡി-റോമിലുള്ള വാച്ച്ടവർ ലൈബ്രറിയുടെ ഉപയോഗത്തിൽനിന്നു നിങ്ങൾക്കു പ്രയോജനം നേടാൻ കഴിഞ്ഞേക്കും. അതിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു വൻ ശേഖരംതന്നെ ഉണ്ട്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സേർച്ച് പ്രോഗ്രാം, വാച്ച്ടവർ ലൈബ്രറിയിലുള്ള ഏതൊരു പ്രസിദ്ധീകരണത്തിൽനിന്നും ഒരു പദമോ പദസഞ്ചയമോ തിരുവെഴുത്തു പരാമർശമോ തിരഞ്ഞു കണ്ടുപിടിക്കുന്നതിനു നിങ്ങളെ സഹായിക്കുന്നു. ഈ ഗവേഷണ ഉപകരണം നിങ്ങളുടെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ പോലും, നിങ്ങൾക്ക് അറിയാവുന്ന, വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര ഭാഷയിലുള്ള ഒന്നിൽനിന്ന് നിങ്ങൾക്കു പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞേക്കും.
മറ്റു ദിവ്യാധിപത്യ ലൈബ്രറികൾ
യുവാവായ തിമൊഥെയൊസിനുള്ള തന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ, “പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും” റോമിൽ തന്റെയടുക്കൽ കൊണ്ടുവരണമെന്നു പൗലൊസ് ആവശ്യപ്പെട്ടു. (2 തിമൊ. 4:13) പൗലൊസ് ചില എഴുത്തുകൾ അങ്ങേയറ്റം വിലമതിക്കുകയും അവ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും. വീക്ഷാഗോപുരം, ഉണരുക!, നമ്മുടെ രാജ്യ ശുശ്രൂഷ എന്നിവയുടെ വ്യക്തിപരമായ പ്രതികൾ, സഭായോഗങ്ങളിൽ പരിചിന്തിച്ചു കഴിഞ്ഞശേഷവും നിങ്ങൾ സൂക്ഷിച്ചുവെക്കാറുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ സ്വന്തമാക്കിയിട്ടുള്ള മറ്റു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളോടൊപ്പം അവയും ഗവേഷണത്തിനായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. മിക്ക സഭകളും രാജ്യഹാളിലുള്ള ഒരു ലൈബ്രറിയിൽ ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങളുടെ ഒരു ശേഖരം സൂക്ഷിക്കുന്നു. മുഴു സഭയുടെയും പ്രയോജനത്തിനു വേണ്ടിയുള്ള അവ രാജ്യഹാളിലായിരിക്കെ ഒരുവന് ഉപയോഗിക്കാവുന്നതാണ്.
വ്യക്തിപരമായ ഫയലുകൾ ഉണ്ടാക്കിവെക്കുക
പ്രസംഗത്തിലോ പഠിപ്പിക്കലിലോ ഉപയോഗിക്കാൻ കഴിയുന്ന രസകരമായ ആശയങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുക. ശുശ്രൂഷയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു വാർത്താ ശകലമോ സ്ഥിതിവിവരക്കണക്കോ ദൃഷ്ടാന്തമോ, പത്രത്തിലോ മാസികയിലോ കാണാനിടയാകുമ്പോൾ അതു വെട്ടിയെടുത്തോ പകർത്തിയോ സൂക്ഷിക്കുക. തീയതിയും പ്രസിദ്ധീകരണത്തിന്റെ പേരും ഒരുപക്ഷേ ലേഖകന്റെയോ പ്രസാധകന്റെയോ പേരും ഉൾപ്പെടുത്തുക. സഭായോഗങ്ങളിൽ, മറ്റുള്ളവർക്കു സത്യം വിശദീകരിച്ചുകൊടുക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന വാദമുഖങ്ങളും ദൃഷ്ടാന്തങ്ങളും കേൾക്കുമ്പോൾ അവ കുറിച്ചെടുക്കുക. നിങ്ങളുടെ മനസ്സിലേക്കു നല്ലൊരു ദൃഷ്ടാന്തം വരുകയും എന്നാൽ അത് ഉടനെ ഉപയോഗിക്കാൻ അവസരം കിട്ടാതെ വരുകയും ചെയ്തിട്ടുണ്ടോ? അത് എഴുതി ഒരു ഫയലിൽ സൂക്ഷിക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ കുറേക്കാലം പങ്കെടുത്തു കഴിയുമ്പോൾ നിങ്ങൾ കുറെയേറെ അവതരണങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കും. ഈ പ്രസംഗങ്ങളുടെ കുറിപ്പുകൾ കളയുന്നതിനു പകരം അവ സൂക്ഷിച്ചുവെക്കുക. നിങ്ങൾ നടത്തിയ ഗവേഷണം പിന്നീട് ഉപകാരപ്പെട്ടേക്കാം.
ആളുകളുമായി സംസാരിക്കുക
ആളുകൾ വിവരങ്ങളുടെ ഒരു സമ്പന്ന ഉറവാണ്. തന്റെ സുവിശേഷ വിവരണം തയ്യാറാക്കിയ സമയത്ത് ലൂക്കൊസ്, ദൃക്സാക്ഷികളുമായുള്ള അഭിമുഖ സംഭാഷണത്തിലൂടെ വളരെയേറെ വിവരങ്ങൾ സമാഹരിച്ചു എന്നതു വ്യക്തമാണ്. (ലൂക്കൊ. 1:1-4, NW) നിങ്ങൾ ഗവേഷണം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് ഒരുപക്ഷേ ഒരു സഹക്രിസ്ത്യാനിക്കു കൂടുതൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞേക്കും. എഫെസ്യർ 4:8, 11-16 (NW) അനുസരിച്ച് “ദൈവപുത്രനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ” വളരാൻ നമ്മെ സഹായിക്കുന്നതിന് ക്രിസ്തു “മനുഷ്യരാം ദാനങ്ങളെ” ഉപയോഗിക്കുന്നു. ദൈവസേവനത്തിൽ അനുഭവസമ്പന്നരായ ആളുകളുമായി നടത്തുന്ന അഭിമുഖ സംഭാഷണത്തിലൂടെ ഉപയോഗപ്രദമായ ആശയങ്ങൾ സമാഹരിക്കാൻ കഴിഞ്ഞേക്കാം. കൂടാതെ, ആളുകളുമായി സംസാരിക്കുന്നത് അവരുടെ ചിന്താഗതി അറിയാനും അങ്ങനെ ശരിക്കും പ്രായോഗികമായ വിവരങ്ങൾ തയ്യാറാകാനും നിങ്ങളെ സഹായിച്ചേക്കാം.
ഗവേഷണ ഫലങ്ങൾ വിലയിരുത്തുക
ഗോതമ്പ് കൊയ്തശേഷം പതിരിൽനിന്നു ധാന്യം വേർതിരിക്കേണ്ടതുണ്ട്. അതുപോലെതന്നെയാണു ഗവേഷണ ഫലത്തിന്റെ കാര്യവും. മൂല്യവത്തായ സംഗതികളെ മൂല്യമില്ലാത്ത വിവരങ്ങളിൽനിന്നു വേർതിരിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അത് ഉപയോഗയോഗ്യമാകൂ.
നിങ്ങൾ ആ വിവരങ്ങൾ ഒരു പ്രസംഗത്തിൽ ഉൾപ്പെടുത്താൻ പോകുകയാണെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പോയിന്റ് എന്റെ പ്രസംഗത്തിനു വാസ്തവത്തിൽ ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്യുന്നുണ്ടോ? അതോ, രസകരമാണെങ്കിലും അത് എന്റെ പ്രസംഗ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതാണോ?’ ആനുകാലിക സംഭവങ്ങളോ സദാ മാറ്റത്തിനു വിധേയമായിരിക്കുന്ന വൈദ്യശാസ്ത്ര മേഖലയിലെയോ മറ്റു ശാസ്ത്ര മേഖലകളിലെയോ വിവരങ്ങളോ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവ ഏറ്റവും പുതിയവ ആണെന്ന് ഉറപ്പുവരുത്തുക. നമ്മുടെ പഴയ പ്രസിദ്ധീകരണങ്ങളിലുള്ള ചില ആശയങ്ങളിൽ ഭേദഗതി വന്നിരിക്കാൻ ഇടയുണ്ടെന്ന കാര്യവും മനസ്സിൽ പിടിക്കുക. അതുകൊണ്ട് ആ വിഷയത്തെ കുറിച്ച് ഏറ്റവും അടുത്തകാലത്തു പ്രസിദ്ധീകരിച്ച വിവരങ്ങൾ വേണം പരിചിന്തിക്കാൻ.
ലൗകിക ഉറവുകളിൽനിന്നു വിവരങ്ങൾ സമാഹരിക്കുമ്പോൾ പ്രത്യേകിച്ചും ജാഗ്രത ആവശ്യമാണ്. ദൈവവചനമാണു സത്യം എന്ന കാര്യം ഒരിക്കലും മറക്കരുത്. (യോഹ. 17:17) ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ യേശു നിർണായക പങ്കുവഹിക്കുന്നു. അതുകൊണ്ട് കൊലൊസ്സ്യർ 2:3 ഇപ്രകാരം പറയുന്നു: “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.” ആ വീക്ഷണകോണിൽനിന്നു നിങ്ങളുടെ ഗവേഷണ ഫലങ്ങളെ വിലയിരുത്തുക. ലൗകിക ഗവേഷണ ഫലങ്ങളെ കുറിച്ചു സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ വിവരം ഊതിപ്പെരുപ്പിച്ചതോ ഊഹാപോഹങ്ങളിൽ അധിഷ്ഠിതമോ ഹ്രസ്വദൃഷ്ടിയോടു കൂടിയതോ ആണോ? സ്വാർഥതയോ സാമ്പത്തിക ലാഭമോ ആയിരുന്നോ അത് എഴുതപ്പെട്ടതിന്റെ പിന്നിലെ ഉദ്ദേശ്യം? മറ്റ് ആധികാരിക ഉറവുകൾ അതുമായി യോജിക്കുന്നുവോ? സർവോപരി, അത് ബൈബിൾ സത്യത്തിനു ചേർച്ചയിൽ ഉള്ളതാണോ?’
പരിജ്ഞാനവും ഗ്രാഹ്യവും വിവേകവും ‘വെള്ളിയെ പോലെയും മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളെ പോലെയും’ തിരഞ്ഞുകൊണ്ടിരിക്കാൻ സദൃശവാക്യങ്ങൾ 2:1-5 (NW) നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നമ്മുടെ ഭാഗത്തു പ്രയത്നം ആവശ്യമാണെന്നും അതുമൂലം സമൃദ്ധമായ പ്രതിഫലങ്ങൾ ലഭ്യമാണെന്നും സൂചിപ്പിക്കുന്നു. ഗവേഷണത്തിനു ശ്രമം ആവശ്യമാണ്. എന്നാൽ അത് കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ ചിന്തകൾ മനസ്സിലാക്കാനും തെറ്റായ ആശയങ്ങൾ തിരുത്താനും സത്യത്തിന്റെമേലുള്ള പിടി സുദൃഢമാക്കാനും നിങ്ങളെ സഹായിക്കും. അതു നിങ്ങളുടെ അവതരണങ്ങളെ കഴമ്പുള്ളതും ചൈതന്യമേറിയതും ആക്കിത്തീർക്കും. അങ്ങനെ, അവതരിപ്പിക്കുന്ന നിങ്ങൾക്കും കേട്ടിരിക്കുന്ന മറ്റുള്ളവർക്കും അവ ആനന്ദം പകരും.