യഹോവയുടെ വചനം ജീവനുള്ളത്
തീത്തൊസ്, ഫിലേമോൻ, എബ്രായർ എന്നീ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
റോമിലെ തടവിൽനിന്ന് എ.ഡി. 61-ൽ മോചിതനായ പൗലൊസ് താമസിയാതെ ക്രേത്ത ദ്വീപ് സന്ദർശിക്കുന്നു. അവിടത്തെ സഭയുടെ ആത്മീയസ്ഥിതി മനസ്സിലാക്കിയ അവൻ അവരെ ബലപ്പെടുത്തുന്നതിനായി തീത്തൊസിനെ അവിടെ നിറുത്തുന്നു. പിന്നീട് മക്കെദോന്യയിൽനിന്നായിരിക്കാം അവൻ തീത്തൊസിന് ഒരു കത്തെഴുതി. തീത്തൊസിനു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും അപ്പൊസ്തലനായ താൻ അധികാരപ്പെടുത്തിയിട്ടാണ് അവൻ കാര്യങ്ങൾ ചെയ്യുന്നതെന്ന് മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നതിനും വേണ്ടിയായിരുന്നു ആ കത്ത്.
എ.ഡി. 61-ൽ, തടവിൽനിന്നു മോചിതനാകുന്നതിനു തൊട്ടുമുമ്പ് പൗലൊസ് കൊലൊസ്സ്യയിലെ തന്റെ ക്രിസ്തീയ സുഹൃത്തായ ഫിലേമോന് അപേക്ഷാരൂപേണ ഒരു കത്തെഴുതി.
എ.ഡി. 61-നോടടുത്ത് പൗലൊസ് യെഹൂദ്യയിലെ എബ്രായ ക്രിസ്ത്യാനികൾക്കും ഒരു ലേഖനമെഴുതി. യഹൂദ വ്യവസ്ഥിതിയെ അപേക്ഷിച്ച് ക്രിസ്ത്യാനിത്വം എത്രയോ ശ്രേഷ്ഠമാണെന്ന് എടുത്തുകാട്ടുകയായിരുന്നു അവൻ അതിലൂടെ. ഈ മൂന്നു ലേഖനങ്ങളിലും നമുക്കു വിലപ്പെട്ട പാഠങ്ങളുണ്ട്.—എബ്രാ. 4:12.
ആത്മീയമായി ബലിഷ്ഠരായിരിക്കുക
ആദ്യംതന്നെ പൗലൊസ് തീത്തൊസിന് “പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ട”തിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നു. തുടർന്ന്, “വഴങ്ങാത്ത”വരായ വ്യക്തികളെ അവർ “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ട”തിന് ‘കഠിനമായി ശാസിക്കാനും’ അവൻ ഉപദേശിക്കുന്നു. ‘ഭക്തികേടു വർജ്ജിച്ചിട്ടു സുബോധത്തോടെ ജീവിക്കാൻ’ ക്രേത്തയിലുള്ള എല്ലാ സഭകളെയും അവൻ ഉദ്ബോധിപ്പിക്കുന്നു.—തീത്തൊ. 1:5, 10-14; 2:13.
ആത്മീയമായി ബലിഷ്ഠരായിരിക്കാൻ ക്രേത്തയിലെ സഹോദരങ്ങൾക്ക് പൗലൊസ് കൂടുതലായ ഉപദേശങ്ങൾ നൽകുന്നു. ‘മൗഢ്യതർക്കവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്കാൻ’ അവൻ തീത്തൊസിനോടു നിർദേശിക്കുന്നു.—തീത്തൊ. 3:9.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:15—“ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം,” “മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്? “എല്ലാം” എന്നു പറഞ്ഞതുകൊണ്ട് പൗലൊസ് എന്താണ് അർഥമാക്കിയതെന്ന് നാം ആദ്യം മനസ്സിലാക്കണം. ദൈവവചനം നേരിട്ടു കുറ്റംവിധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയായിരുന്നില്ല അവൻ. പിന്നെയോ വിശ്വാസികൾക്ക് മനസ്സാക്ഷിപൂർവം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള കാര്യങ്ങളെയാണ് പൗലൊസ് ഇവിടെ ഉദ്ദേശിച്ചത്. ദൈവികനിലവാരങ്ങൾക്കു ചേർച്ചയിലാണ് ഒരുവന്റെ ചിന്തയെങ്കിൽ മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന അത്തരം കാര്യങ്ങളെ അയാൾ ശുദ്ധമായി വീക്ഷിക്കും. എന്നാൽ വികലമായ ചിന്തയും മലിനമായ മനസ്സാക്ഷിയും ഉള്ള ഒരാൾക്ക് അതൊക്കെ അശുദ്ധമായിരിക്കും.a
3:5-7—അഭിഷിക്ത ക്രിസ്ത്യാനികൾ ‘സ്നാനംകൊണ്ടു രക്ഷിക്കപ്പെട്ടതും’ ‘പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ടതും’ എങ്ങനെ? യേശുക്രിസ്തുവിന്റെ മറുവിലായാഗത്തിന്റെ അടിസ്ഥാനത്തിൽ, അവന്റെ രക്തത്താൽ ദൈവം അവരെ കഴുകി ശുദ്ധീകരിച്ചതിനെയാണ് ‘സ്നാനംകൊണ്ട് രക്ഷിക്കപ്പെട്ടു’ എന്നു പറയുന്നതിനാൽ അർഥമാക്കുന്നത്. അവർ ദൈവത്തിന്റെ ആത്മപുത്രന്മാരായ “പുതിയ സൃഷ്ടി” ആയിത്തീർന്നിരിക്കുന്നതിനെ സൂചിപ്പിക്കാനാണ് ‘പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ടു’ എന്നു പറഞ്ഞിരിക്കുന്നത്.—2 കൊരി. 5:17.
നമുക്കുള്ള പാഠങ്ങൾ:
1:10-14; 2:15. സഭയിൽ തിരുത്തൽ ആവശ്യമായ എന്തെങ്കിലും കാണുന്നെങ്കിൽ വേണ്ടനടപടികൾ സ്വീകരിക്കാൻ ക്രിസ്തീയ മേൽവിചാരകന്മാർ ധൈര്യം കാണിക്കണം.
2:3-5. ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും പക്വതയുള്ള ക്രിസ്തീയ സഹോദരിമാർ ‘നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരും നന്മ ഉപദേശിക്കുന്നവരുമായിരിക്കണം.’ അങ്ങനെയുള്ള സഹോദരിമാർ സഭയിലെ ‘യൗവനക്കാരത്തികൾക്ക്’ ബുദ്ധിയുപദേശം നൽകാൻ പറ്റിയ സ്ഥാനത്തായിരിക്കും, സ്വകാര്യമായിട്ടായിരിക്കും അവരതു ചെയ്യുന്നത്.
3:8, 14. ‘സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുന്നത്’ ‘ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു.’ ദൈവസേവനത്തിൽ ഫലപ്രദരായിരിക്കാനും ഈ ദുഷ്ടലോകത്തിൽനിന്ന് വേർപെട്ടിരിക്കാനും അതു നമ്മെ സഹായിക്കും.
‘സ്നേഹം നിമിത്തം അപേക്ഷിക്കുന്നു’
ഫിലേമോന്റെ ‘സ്നേഹത്തെയും വിശ്വാസത്തെയും’പ്രതി പൗലൊസ് അവനെ അഭിനന്ദിക്കുന്നു. സഹവിശ്വാസികൾക്ക് ഉന്മേഷത്തിന്റെ ഉറവായി വർത്തിക്കുന്ന ഫിലേമോനിൽനിന്ന് പൗലൊസിനും “വളരെ സന്തോഷവും ആശ്വാസവും” ലഭിക്കുന്നു.—ഫിലേ. 4, 5, 7.
ഒനേസിമൊസിന്റെ കാര്യം കൈകാര്യം ചെയ്ത വിധത്തിലൂടെ പൗലൊസ് മേൽവിചാരകന്മാർക്കെല്ലാം ഒരു നല്ല മാതൃക വെക്കുന്നു. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നായതിനാൽ പൗലൊസ് അക്കാര്യം ആജ്ഞാരൂപത്തിൽ പറയാതെ സ്നേഹപൂർവം അപേക്ഷിക്കുകയാണു ചെയ്യുന്നത്. ഫിലേമോനോടുള്ള പൗലൊസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.”—ഫിലേ. 8, 9, 21.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
10, 11, 18—മുമ്പു “പ്രയോജനമില്ലാത്തവൻ” ആയിരുന്ന ഒനേസിമൊസ് “പ്രയോജനമുള്ളവൻ” ആയിത്തീർന്നത് എങ്ങനെ? കൊലൊസ്സ്യയിൽ പാർത്തിരുന്ന ഫിലേമോന്റെ വീട്ടിലെ അടിമയായിരുന്ന ഒനേസിമൊസ് റോമിലേക്ക് ഓടിപ്പോയി. അനുസരണംകെട്ട ഈ അടിമ 1,400 കി.മീ. വരുന്ന യാത്രയ്ക്കാവശ്യമായ പണവും യജമാനന്റെ വീട്ടിൽനിന്നു മോഷ്ടിച്ചിരുന്നിരിക്കണം. ഫിലേമോന് അവനെക്കൊണ്ട് യാതൊരു ഉപകാരവുമില്ലായിരുന്നു. എന്നാൽ റോമിൽവെച്ച് പൗലൊസിന്റെ സഹായത്താൽ അവൻ ഒരു ക്രിസ്ത്യാനിയായി. അങ്ങനെ മുമ്പു “പ്രയോജനമില്ലാത്തവൻ” ആയിരുന്ന ഈ അടിമ ഇപ്പോൾ “പ്രയോജനമുള്ള” ആത്മീയ സഹോദരനായിത്തീർന്നു.
15, 16—ഒനേസിമൊസിനെ സ്വതന്ത്രനാക്കാൻ പൗലൊസ് ഫിലേമോനോട് ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ട്? ‘ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിക്കുകയും’ ചെയ്യുകയെന്ന നിയോഗത്തിൽനിന്നു തെല്ലും വ്യതിചലിക്കാൻ പൗലൊസ് ആഗ്രഹിച്ചില്ല. അതുകൊണ്ട് അടിമത്തംപോലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഉൾപ്പെടാതെ വിട്ടുനിൽക്കാൻ പൗലൊസ് തീരുമാനിച്ചു.—പ്രവൃ. 28:31.
നമുക്കുള്ള പാഠങ്ങൾ:
2. ക്രിസ്തീയ യോഗങ്ങൾക്കായി ഫിലേമോൻ തന്റെ ഭവനം തുറന്നുകൊടുത്തു. വയൽസേവനയോഗങ്ങൾ നടത്താൻ നമ്മുടെ ഭവനങ്ങൾ വിട്ടുകൊടുക്കുന്നത് ഒരു പദവിയാണ്.—റോമ. 16:5; കൊലൊ. 4:15.
4-7. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകകളായിരിക്കുന്ന സഹോദരങ്ങളെ അഭിനന്ദിക്കാൻ നാം മുൻകൈയെടുക്കണം.
15, 16. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നാം അനാവശ്യ ഉത്കണ്ഠകൾക്ക് അടിപ്പെട്ടുപോകരുത്. ഒനേസിമൊസിന്റെ കാര്യത്തിലെന്നപോലെ സ്ഥിതിഗതികൾ ഒടുവിൽ ഗുണകരമായി മാറിയേക്കാം.
21. ഫിലേമോൻ ഒനേസിമൊസിനോടു ക്ഷമിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചു. നമ്മെ വ്രണപ്പെടുത്തിയ ഒരു സഹോദരനോടോ സഹോദരിയോടോ നാമും അതുപോലെ ക്ഷമിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നത്.—മത്താ. 6:14.
“പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക”
യേശുക്രിസ്തുവിന്റെ യാഗത്തിലുള്ള വിശ്വാസം ന്യായപ്രമാണത്തിന്റെ പ്രവൃത്തികളെക്കാൾ ഉത്കൃഷ്ടമാണെന്നു തെളിയിക്കാൻ പൗലൊസ് ചില കാര്യങ്ങൾ എടുത്തുപറയുന്നു; ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തുവിന്റെ ശ്രേഷ്ഠത, അവന്റെ പൗരോഹിത്യം, യാഗം, പുതിയ ഉടമ്പടി എന്നിവയൊക്കെ. (എബ്രാ. 3:1-3; 7:1-3, 22; 8:6; 9:11-14, 25, 26) യഹൂദന്മാരിൽനിന്ന് എബ്രായ ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടിവന്ന പീഡനത്തെ നേരിടാൻ ഈ അറിവുകളൊക്കെ അവരെ സഹായിച്ചിരിക്കാം. “പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക” എന്ന് പൗലൊസ് തന്റെ സഹവിശ്വാസികളായ എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു.—എബ്രാ. 6:2.
ക്രിസ്ത്യാനികൾക്ക് വിശ്വാസം എത്ര പ്രധാനമാണ്? “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല,” പൗലൊസ് പറയുന്നു. “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” എന്നു പറഞ്ഞുകൊണ്ട് അവൻ എബ്രായ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ വിശ്വാസത്തോടെ വേണം അതു ചെയ്യാൻ.—എബ്രാ. 11:6; 12:1.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:14, 15—സാത്താൻ “മരണത്തിന്റെ അധികാരിയായ”തിനാൽ അവന് ആരെയും എപ്പോൾവേണമെങ്കിലും കൊല്ലാൻ കഴിയുമോ? ഇല്ല. എന്നിരുന്നാലും, ഏദെനിലെ തന്റെ ദുഷ്ടഗതിയുടെ തുടക്കത്തിൽ അവൻ പറഞ്ഞ നുണ മരണ കാരണമായി. ആദാം പാപം ചെയ്യുകയും തുടർന്ന് പാപവും അതിന്റെ ഫലമായ മരണവും മനുഷ്യവർഗത്തിനു കൈമാറുകയും ചെയ്തു. (റോമ. 5:12) സാത്താന്റെ ഭൂമിയിലുള്ള പിണിയാളുകൾ ദൈവദാസന്മാരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്, യേശുവിന്റെ കാര്യത്തിലേതുപോലെ. എന്നാൽ താൻ ഉദ്ദേശിക്കുന്ന ആരെയും കൊല്ലാൻ സാത്താന് സാധിക്കുമെന്നല്ല ഇതിനർഥം. അങ്ങനെയായിരുന്നെങ്കിൽ ദൈവദാസന്മാരെ അവൻ കാലങ്ങൾക്കുമുമ്പേ ഇല്ലായ്മ ചെയ്തേനെ. ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു. അവരെ ഉന്മൂലനം ചെയ്യാൻ യഹോവ അവനെ അനുവദിക്കില്ല. സാത്താന്റെ ആക്രമണത്തിന് ഇരകളായി നമ്മിൽ ചിലർക്ക് ജീവൻ നഷ്ടമാകാൻ യഹോവ അനുവദിച്ചാൽപ്പോലും സാത്താൻ നമുക്കു വരുത്തിവെക്കുന്ന സകല ഹാനിയും ഇല്ലായ്മ ചെയ്യാൻ യഹോവയ്ക്കു കഴിയും.
4:9-11—ദൈവത്തിന്റെ “സ്വസ്ഥതയിൽ പ്രവേശിപ്പാൻ” നമുക്കെങ്ങനെ കഴിയും? ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നിറവേറുമെന്ന ബോധ്യത്തോടെ ആറു ദിവസത്തെ സൃഷ്ടിക്രിയകൾക്കുശേഷം യഹോവ അവയിൽനിന്നു നിവൃത്തനായി. (ഉല്പ. 1:28; 2:2, 3) സ്വന്തപ്രവൃത്തിയാൽ നീതീകരിക്കപ്പെടാൻ ശ്രമിക്കാതെ, രക്ഷയ്ക്കായി യഹോവ വെച്ചിരിക്കുന്ന കരുതൽ പ്രയോജനപ്പെടുത്തിക്കൊണ്ട് നമുക്ക് ‘ആ സ്വസ്ഥതയിൽ പ്രവേശിക്കാം.’ യഹോവയിൽ വിശ്വാസമർപ്പിക്കുകയും സ്വാർഥാഭിലാഷങ്ങൾ പിന്തുടരാതെ ദൈവപുത്രനെ അനുസരണയോടെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നിത്യേന നാം നവോന്മേഷവും ശാന്തിയും ആസ്വദിക്കും.—മത്താ. 11:28-30.
9:16—ആരാണ് പുതിയ ഉടമ്പടിയുടെ ‘നിയമകർത്താവ്’? പുതിയ ഉടമ്പടി ഏർപ്പെടുത്തിയത് യഹോവയാണ്. എന്നാൽ യേശുവാണ് അതിന്റെ ‘നിയമകർത്താവ്.’ ആ ഉടമ്പടിയുടെ മധ്യസ്ഥനായ യേശു അതു പ്രാബല്യത്തിൽ വരുത്താൻ സ്വജീവൻ യാഗമായി നൽകിയതിനാൽ അവനെ ‘നിയമകർത്താവ്’ എന്നു വിളിച്ചിരിക്കുന്നു.—ലൂക്കൊ. 22:20; എബ്രാ. 9:15.
11:10, 13-16—അബ്രാഹാം കാത്തിരുന്ന ‘നഗരം’ ഏതാണ്? അത് ഒരു അക്ഷരീയ നഗരമല്ല. യേശുക്രിസ്തുവും 1,44,000 സഹഭരണാധികാരികളുമടങ്ങിയ ‘സ്വർഗ്ഗീയയെരൂശലേമിനെയാണ്’ അബ്രാഹാം കാത്തിരുന്നത്. സ്വർഗീയ മഹത്ത്വമണിഞ്ഞ സഹരാജാക്കന്മാരെ “പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം” എന്നും വിളിച്ചിരിക്കുന്നു. (എബ്രാ. 12:22; വെളി. 14:1; 21:2) ദൈവരാജ്യത്തിൻ കീഴിലെ ജീവിതത്തിനായി അബ്രാഹാം ആകാംക്ഷയോടെ കാത്തിരുന്നു.
12:2—‘തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ ക്രൂശിനെ സഹിച്ചു.’ എന്തായിരുന്നു ആ ‘സന്തോഷം’? യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം, അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനം, മനുഷ്യവർഗത്തിന് മറുവിലയിലൂടെ ലഭിക്കാനിരിക്കുന്ന വിടുതൽ എന്നിങ്ങനെ തന്റെ ശുശ്രൂഷ മുഖാന്തരം വരാനിരിക്കുന്ന സദ്ഫലങ്ങൾ യേശുവിന് സന്തോഷകാരണമായിരുന്നു. അതുപോലെ, താൻ രാജാവായി ഭരിക്കുകയും മനുഷ്യവർഗത്തിനു നന്മ ചൊരിഞ്ഞുകൊണ്ട് മഹാപുരോഹിതനായി സേവിക്കുകയും ചെയ്യുന്ന കാലത്തിനായും അവൻ നോക്കിപ്പാർത്തിരുന്നു.
13:20—പുതിയ ഉടമ്പടിയെ ‘നിത്യനിയമം’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? ഇതിനു മൂന്നു കാരണങ്ങളുണ്ട്: (1) അതു മാറ്റമില്ലാത്തതാണ്. (2) അതിന്റെ പ്രയോജനങ്ങൾ ശാശ്വതമാണ്. (3) അർമഗെദോനു ശേഷവും “വേറെ ആടുകൾ” അതിൽനിന്നു പ്രയോജനം നേടിക്കൊണ്ടിരിക്കും.—യോഹ. 10:16.
നമുക്കുള്ള പാഠങ്ങൾ:
5:14. ശുഷ്കാന്തിയോടെ നാം ദൈവവചനം പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും വേണം. ‘നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരാകാൻ’ ഇതല്ലാതെ മറ്റു മാർഗമൊന്നുമില്ല.—1 കൊരി. 2:10.
6:17-19. നമ്മുടെ പ്രത്യാശ ദൈവത്തിന്റെ വാഗ്ദാനത്തിലും ആണയിലും അടിയുറച്ചതാണെങ്കിൽ സത്യത്തിന്റെ പാതയിൽനിന്നു നാം വ്യതിചലിച്ചുപോകില്ല.
12:3, 4. ചില നിസ്സാര പരിശോധനകളോ എതിർപ്പുകളോ ഉണ്ടാകുമ്പോൾ നാം ‘ഉള്ളിൽ ക്ഷീണിച്ചു മടുക്കാതെ’ പക്വതയിലേക്കു വളരുകയും സഹിച്ചുനിൽക്കാനുള്ള നമ്മുടെ പ്രാപ്തി മെച്ചപ്പെടുത്തുകയും വേണം. “പ്രാണത്യാഗത്തോളം” അഥവാ മരിക്കേണ്ടിവന്നാലും സഹിച്ചുനിൽക്കുമെന്നുള്ള നിശ്ചയദാർഢ്യം നമുക്കുണ്ടായിരിക്കണം.—എബ്രാ. 10:36-39.
12:13-15. സഭാക്രമീകരണങ്ങളിൽ കുറ്റം കണ്ടുപിടിക്കുന്ന ‘കൈപ്പുള്ള വേരുകളെ’ അഥവാ വിഷവേരുകളെ, നമ്മുടെ കാലിനു നേരായ പാതയൊരുക്കുന്നതിന് ഒരു തടസ്സമാകാൻ നാം അനുവദിക്കരുത്.
12:26-28. ദൈവത്താലല്ലാതെ “നിർമ്മിതമായ” സകലതും, അതായത് ഇന്നത്തെ മുഴുവ്യവസ്ഥിതിയും ദുഷിച്ച ‘ആകാശവും’ ഇളക്കിമാറ്റപ്പെടും. അപ്പോൾ ‘ഇളക്കമില്ലാത്തതായി’ നിലനിൽക്കുന്നത് ദൈവരാജ്യവും അതിനെ പിന്തുണയ്ക്കുന്നവരുമായിരിക്കും. രാജ്യത്തെക്കുറിച്ചു തീക്ഷ്ണതയോടെ ഘോഷിക്കുകയും അതിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണ്!
13:7, 17. മേൽവിചാരകന്മാരെ അനുസരിക്കുകയും അവർക്കു കീഴ്പെട്ടിരിക്കുകയും ചെയ്യാനുള്ള ഈ ഉദ്ബോധനം മനസ്സിൽപ്പിടിക്കുന്നത് സഹകരണമനോഭാവം ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.
[അടിക്കുറിപ്പ്]