ഫിലേമോനും ഒനേസിമൊസും—ക്രിസ്തീയ സാഹോദര്യത്തിൽ ഏകീകൃതർ
പൗലൊസ് അപ്പോസ്തലന്റെ നിശ്വസ്ത ലേഖനങ്ങളിലൊന്നിൽ നമ്മുടെ സൂക്ഷ്മ ശ്രദ്ധയർഹിക്കുന്ന, രണ്ടു പുരുഷന്മാരുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെക്കുറിച്ച് പറയുന്നുണ്ട്. ഫിലേമോനും ഒനേസിമൊസും. അവർ ആരായിരുന്നു? പൗലൊസ് അവരുടെ കാര്യത്തിൽ താത്പര്യമെടുക്കാനുള്ള കാരണമെന്ത്?
ലേഖനത്തിന്റെ സ്വീകർത്താവായ ഫിലേമോൻ ഏഷ്യാ മൈനറിലെ കൊലൊസ്യയിലായിരുന്നു പാർത്തിരുന്നത്. അതേ സ്ഥലത്തുണ്ടായിരുന്ന മറ്റനേകം ക്രിസ്ത്യാനികളിൽനിന്നു വ്യത്യസ്തനായി, ഫിലേമോനു പൗലൊസിനെ വ്യക്തിപരമായി അറിയാമായിരുന്നു. കാരണം പൗലൊസിന്റെ പ്രസംഗവേലയിലൂടെയാണ് അവനു സുവാർത്ത ലഭിച്ചത്. (കൊലൊസ്സ്യർ 1:1; 2:1) പൗലൊസിന് അവൻ ‘പ്രിയ കൂട്ടുവേലക്കാരൻ’ ആയിരുന്നു. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഒരു മാതൃകയായിരുന്നു ഫിലേമോൻ. അവൻ സത്കാരപ്രിയനും സഹക്രിസ്ത്യാനികൾക്കു നവോന്മേഷത്തിന്റെ ഉറവും ആയിരുന്നു. ഫിലേമോൻ സമ്പന്നനായിരുന്നുവെന്നു വ്യക്തമാണ്, കാരണം പ്രാദേശിക സഭായോഗങ്ങൾ നടത്താൻതക്കവണ്ണം വലിയതായിരുന്നു അവന്റെ വീട്. പൗലൊസിന്റെ ലേഖനത്തിൽ അഭിസംബോധന ചെയ്തിരിക്കുന്ന മറ്റു രണ്ടു വ്യക്തികളായ അപ്പിയയും അർക്കിപ്പൊസും അവന്റെ ഭാര്യയും പുത്രനുമായിരുന്നിരിക്കാമെന്ന് അഭിപ്രായമുണ്ട്. ഫിലേമോനു ചുരുങ്ങിയപക്ഷം ഒരു ദാസനുമുണ്ടായിരുന്നു, ഒനേസിമൊസ്.—ഫിലേമോൻ 1, 2, 5, 7, 19ബി, 22.
റോമിൽ ഒരഭയാർഥി
പൊ.യു. ഏകദേശം 61-ൽ ഫിലേമോനുള്ള ലേഖനം എഴുതിയ സ്ഥലമായ റോമിൽ, അതായത് വീട്ടിൽനിന്ന് 1,400 കിലോമീറ്ററിലധികം അകലെ പൗലൊസിനോടൊപ്പം ഒനേസിമൊസുമുണ്ടായിരുന്നത് എന്തുകൊണ്ടെന്നു തിരുവെഴുത്തുകൾ നമ്മോടു പറയുന്നില്ല. പൗലൊസ് ഫിലേമോനോടു പറഞ്ഞു: “[ഒനേസിമൊസ്] നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.” (ഫിലേമോൻ 18) ഒനേസിമൊസിന് അവന്റെ യജമാനനായ ഫിലേമോനുമായി എന്തോ പ്രശ്നമുണ്ടായിരുന്നുവെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഇരുവരെയും അനുരഞ്ജിപ്പിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു പൗലൊസ് ലേഖനം എഴുതിയത്.
റോമിലേക്കു പലായനം ചെയ്യുന്നതിന് ഒനേസിമൊസ് ഫിലേമോന്റെ പക്കൽനിന്നു പണം മോഷ്ടിച്ചുവെന്നും പിന്നീട് അഭയാർഥിയായിത്തീർന്നുവെന്നും അഭിപ്രായമുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന അവിടെ ആരോരുമറിയാതെ ജീവിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഗ്രീക്ക്-റോമൻ ലോകത്ത്, ഒളിച്ചോട്ടക്കാർ അടിമകളുടെ ഉടമസ്ഥർക്കുമാത്രമല്ല പൊതുഭരണത്തിനും ഒരു വലിയ പ്രശ്നമായിരുന്നു. ഒളിച്ചോട്ടക്കാരായ അടിമകൾക്കുള്ള “കുപ്രസിദ്ധ പതിവു സങ്കേത”മെന്നാണ് റോമിനെക്കുറിച്ചു പറഞ്ഞിരുന്നത്.
പൗലൊസ് എങ്ങനെയാണ് ഒനേസിമൊസിനെ കണ്ടുമുട്ടിയത്? ബൈബിൾ നമ്മോടു പറയുന്നില്ല. എന്നിരുന്നാലും, സ്വാതന്ത്ര്യത്തിന്റെ പുതുമ കെട്ടടങ്ങിയപ്പോൾ താൻ അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് എടുത്തുചാടിയിരിക്കുന്നതെന്ന് ഒനേസിമൊസ് തിരിച്ചറിഞ്ഞിരിക്കാം. റോമാ നഗരത്തിൽ, അഭയാർഥികളായ അടിമകളെ പിടികൂടാൻ പ്രത്യേക പൊലീസ് സേനയുണ്ടായിരുന്നു. പുരാതന നിയമങ്ങളിൽ അറിയപ്പെടുന്നതിലേക്കും ഗുരുതരമായ ഒരു കുറ്റമായിരുന്നു യജമാനന്റെ പക്കൽനിന്നുള്ള അടിമകളുടെ പലായനം. ഗെർഹാർട്ട് ഫ്രെഡറിക് പറയുന്നതനുസരിച്ച്, “ഒളിച്ചോട്ടക്കാരായ അടിമകൾ പിടിക്കപ്പെട്ടാൽ, ഇരുമ്പ് പഴുപ്പിച്ച് അവരുടെ നെറ്റിയിൽ അടയാളമിടുമായിരുന്നു. മറ്റ് അടിമകൾ അവരുടെ മാതൃക പകർത്താതിരിക്കാൻ മിക്കപ്പോഴും അവരെ പീഡിപ്പിക്കുകയോ . . . സർക്കസ് കൂടാരങ്ങളിലെ മൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുകയോ ക്രൂശിക്കുകയോ ചെയ്യുമായിരുന്നു.” മോഷ്ടിച്ചെടുത്ത പണം തീരുകയും ഒളിത്താവളമോ തൊഴിലോ കിട്ടാതെ വരുകയും ചെയ്തപ്പോൾ, ഫിലേമോന്റെ ഭവനത്തിൽവെച്ചു താൻ കേട്ടിട്ടുള്ള പൗലൊസിന്റെ സംരക്ഷണവും മധ്യസ്ഥതയും ഒനേസിമൊസ് തേടിയിരിക്കാമെന്നു ഫ്രെഡറിക് സൂചിപ്പിക്കുന്നു.
തക്കതായ ഏതോ കാരണത്താൽ യജമാനന്റെ കോപത്തിനു പാത്രമായി ഒനേസിമൊസ് അറ്റുപോയ ബന്ധം കൂട്ടിയിണക്കാൻ തന്റെ യജമാനന്റെ സുഹൃത്തുക്കളിൽ ഒരാളുടെ സ്വാധീനം ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ അത്തരമൊരാളുടെ അടുക്കലേക്ക് മനഃപൂർവം ഒളിച്ചോടിയതാകാമെന്നു വിശ്വസിക്കുന്നവരുമുണ്ട്. “കുഴപ്പത്തിലായ അടിമകൾ പരക്കെ അത്തരമൊരു ഗതി സ്വീകരിച്ചിരുന്നതായി ചരിത്രവിവരണങ്ങൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, “സ്ഥലംവിടുകയെന്ന ഉദ്ദേശ്യമാകില്ല, തനിക്കുവേണ്ടി വാദിക്കാനായി പൗലൊസിനെ കണ്ട് അഭ്യർഥിക്കാൻ അവന്റെ അടുക്കലേക്കുള്ള യാത്രാച്ചെലവിനുവേണ്ടിയായിരിക്കാം” ഒനേസിമൊസ് മോഷ്ടിച്ചതെന്ന് പണ്ഡിതനായ ബ്രയൺ രപ്സ്കെ പറയുന്നു.
പൗലൊസ് സഹായഹസ്തം നീട്ടുന്നു
പലായനത്തിനുള്ള കാരണമെന്തായാലും, കോപാകുലനായ തന്റെ യജമാനനുമായി രമ്യതയിലാകാൻ ഒനേസിമൊസ് പൗലൊസിന്റെ സഹായം തേടിയെന്നതു വ്യക്തമാണ്. ഇത് പൗലൊസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായിരുന്നു. കാരണം കുറ്റവാളിയായ അഭയാർഥിയും മുൻ അവിശ്വാസിയുമായ ഒരു അടിമയായിരുന്നു അവൻ. ക്രിസ്തീയ സുഹൃത്തിനെ സ്വാധീനിച്ച് കടുത്ത ശിക്ഷ കൊടുക്കാനുള്ള അയാളുടെ നിയമപരമായ അവകാശത്തിനു തടയിട്ടുകൊണ്ട് ഒനേസിമൊസിനെ സഹായിക്കാൻ അപ്പോസ്തലൻ ശ്രമിക്കണമോ? പൗലൊസ് എന്തു ചെയ്യണമായിരുന്നു?
പൗലൊസ് ഫിലേമോന് എഴുതിയ സമയമായപ്പോഴേക്കും, ഒളിച്ചോട്ടക്കാരൻ അവനോടൊപ്പമായിരുന്നിട്ട് ഏറെക്കാലമായിരുന്നെന്നു വ്യക്തമാണ്. ഒനേസിമൊസ് ‘പ്രിയസഹോദര’നായിരിക്കുന്നുവെന്നു പൗലൊസിനു പറയാൻ സാധിക്കുമാറ് വേണ്ടത്ര സമയം പിന്നിട്ടിരുന്നു. (കൊലൊസ്സ്യർ 4:9) അവനുമായുള്ള തന്റെ ആത്മീയ ബന്ധത്തെക്കുറിച്ച് പൗലൊസ് പറഞ്ഞു: “തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.” പൗലൊസിന്റെ ഇടപെടലുകളിൽ ഇങ്ങനെയൊന്ന് ഫിലേമോൻ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുമ്പ് “പ്രയോജനമില്ലാത്തവൻ” ആയിരുന്ന അടിമ വീണ്ടും ഒരു ക്രിസ്തീയ സഹോദരനായി തിരിച്ചുവരികയാണെന്ന് അപ്പോസ്തലൻ പറഞ്ഞു. ഇപ്പോൾ ഒനേസിമൊസ് “പ്രയോജനമുള്ളവൻ” ആയിരിക്കും, അങ്ങനെ അവൻ തന്റെ പേര് അന്വർഥമാക്കിക്കൊണ്ടു ജീവിക്കും.—ഫിലേമോൻ 1, 10-12.
തടവിലായിരുന്ന അപ്പോസ്തലന് ഒനേസിമൊസ് വളരെ പ്രയോജനമുള്ളവനായിരുന്നു. വാസ്തവത്തിൽ, പൗലൊസ് അവനെ അവിടെ നിർത്തുമായിരുന്നു, എന്നാൽ അതു നിയമവിരുദ്ധം മാത്രമല്ല, ഫിലേമോന്റെ അവകാശങ്ങളിന്മേലുള്ള ഒരു കടന്നാക്രമണംകൂടിയാകുമായിരുന്നു. (ഫിലേമോൻ 13, 14) ഫിലേമോന്റെ വീട്ടിൽ കൂടിയിരുന്ന സഭയ്ക്ക് ഏതാണ്ട് അതേസമയത്തുതന്നെ എഴുതിയ മറ്റൊരു ലേഖനത്തിൽ, പൗലൊസ് ഒനേസിമൊസിനെ “നിങ്ങളിൽ ഒരുത്തനായ . . . വിശ്വസ്തനും പ്രിയനുമായ സഹോദര”ൻ എന്നു പരാമർശിച്ചു. താൻ ആശ്രയയോഗ്യനാണെന്നതിനുള്ള തെളിവ് ഒനേസിമൊസ് അതിനോടകംതന്നെ നൽകിയിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.—കൊലൊസ്സ്യർ 4:7-9.
ഒനേസിമൊസിനെ ദയാപുരസ്സരം കൈക്കൊള്ളാൻ പൗലൊസ് ഫിലേമോനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ അങ്ങനെ ചെയ്യണമെന്നോ അവന്റെ അടിമയെ മോചിപ്പിക്കണമെന്നോ അവൻ അപ്പോസ്തലിക അധികാരം ഉപയോഗിച്ച് കൽപ്പിച്ചില്ല. തങ്ങൾക്കിടയിലെ സൗഹൃദവും പരസ്പര സ്നേഹവുംനിമിത്തം, താൻ ആവശ്യപ്പെടുന്നതിലും ‘അധികം ഫിലേമോൻ ചെയ്യു’മെന്ന് പൗലൊസിന് ഉറപ്പുണ്ടായിരുന്നു. (ഫിലേമോൻ 21) ഒനേസിമൊസിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നത് ന്യായമായും ഫിലേമോനാണു തീരുമാനിക്കേണ്ടിയിരുന്നത്. അതുകൊണ്ടാവും ‘അധികം’ എന്നതിനർഥം സ്പഷ്ടമാക്കാതെ വിട്ടത്. ‘ഒളിച്ചോടിയ ഒനേസിമൊസ് ഇതിനോടകം ചെയ്തുതുടങ്ങിയിരിക്കുന്നതുപോലെ ഇനിയും തന്നെ സഹായിക്കുന്നതിൽ തുടരാൻ അവനെ തിരിച്ചയക്കേണമെന്ന’ ഒരു പരോക്ഷ സൂചനയായിരുന്നിരിക്കാം പൗലൊസിന്റെ വാക്കുകളിലുണ്ടായിരുന്നത് എന്നു വ്യാഖ്യാനിക്കുന്നവരുമുണ്ട്.
ഒനേസിമൊസിനുവേണ്ടിയുള്ള പൗലൊസിന്റെ അഭ്യർഥന ഫിലേമോൻ സ്വീകരിച്ചുവോ? തങ്ങളുടെ അടിമകൾ ഒനേസിമൊസിന്റെ മാതൃക അനുകരിക്കാതിരിക്കാൻ അവനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചിരിക്കാൻ ഇടയുള്ള, കൊലൊസ്യയിലെ അടിമകളുടെ ഉടമസ്ഥരായ മറ്റുള്ളവരെ അപ്രീതിപ്പെടുത്തിയിരുന്നിരിക്കാമെങ്കിലും അവനങ്ങനെ ചെയ്തിട്ടുണ്ടാകുമെന്നതിൽ സംശയമില്ല.
ഒനേസിമൊസ്—മാറ്റംവന്നൊരു മനുഷ്യൻ
എന്തായാലും, ഒനേസിമൊസ് കൊലൊസ്യയിലേക്ക് ഒരു പുതിയ വ്യക്തിയായി തിരിച്ചുവന്നു. സുവാർത്തയുടെ ശക്തി അവന്റെ ചിന്തയ്ക്കു മാറ്റംവരുത്തിയിരുന്നു, അവൻ നിശ്ചയമായും ആ നഗരത്തിലെ ക്രിസ്തീയ സഭയിൽ ഒരു വിശ്വസ്ത അംഗമായിത്തീർന്നു. ഫിലേമോൻ അവസാനം ഒനേസിമൊസിനെ മോചിപ്പിച്ചുവോ ഇല്ലയോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല. എന്നിരുന്നാലും, ഒരു ആത്മീയ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ആ മുൻ ഒളിച്ചോട്ടക്കാരൻ ഒരു സ്വതന്ത്ര മനുഷ്യനായിത്തീർന്നിരുന്നു. (1 കൊരിന്ത്യർ 7:22 താരതമ്യം ചെയ്യുക.) അതുപോലുള്ള മാറ്റങ്ങൾ ഇന്നും സംഭവിക്കാറുണ്ട്. ആളുകൾ തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ, സ്ഥിതിവിശേഷങ്ങൾക്കും വ്യക്തിത്വങ്ങൾക്കും മാറ്റംവരുന്നു. സമൂഹത്തിനു കൊള്ളരുതാത്തവരെന്നു മുമ്പു വീക്ഷിക്കപ്പെട്ടിരുന്നവർ മാതൃകാ പൗരന്മാരായിത്തീരാൻ സഹായിക്കപ്പെടുന്നു.
സത്യവിശ്വാസത്തിലേക്കുള്ള പരിവർത്തനം എന്തൊരു മാറ്റമാണു വരുത്തിയത്! ഫിലേമോനു “പ്രയോജനമില്ലാത്തവൻ” ആയിരുന്ന ഒനേസിമൊസ് “പ്രയോജനമുള്ള”വനെന്ന് അർഥമുള്ള തന്റെ പേരിനു ചേർച്ചയിൽ പുതിയ ഒനേസിമൊസ് ആയി ജീവിച്ചുവെന്നതിൽ സംശയമില്ല. ഫിലേമോനും ഒനേസിമൊസും ക്രിസ്തീയ സഹോദരവർഗത്തിൽ ഏകീകൃതരായിത്തീർന്നത് തീർച്ചയായും ഒരനുഗ്രഹംതന്നെയായിരുന്നു.
[അടിക്കുറിപ്പുകൾ]
റോമൻ നിയമം സെർവുസ് ഫുജിറ്റിവുസിനെ (അഭയാർഥിയായ അടിമ) നിർവചിച്ചിരുന്നത് ‘എന്നന്നേക്കുമായി യജമാനനെ വിട്ടുപിരിഞ്ഞവൻ’ എന്നാണ്.
ഇപ്പോൾ ബൈബിൾ കാനോനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ലേഖനങ്ങളിൽ മൂന്നെണ്ണം വ്യക്തമായും കൊലൊസ്യയിലേക്കുള്ള മടക്കയാത്രയിൽ ഒനേസിമൊസിന്റെയും തഹിക്കൊസിന്റെയും കൈവശം കൊടുത്തയച്ചവയായിരുന്നു. പൗലൊസിന്റെ ഈ ലേഖനങ്ങൾ ഫിലേമോനും എഫെസ്യർക്കും കൊലൊസ്യർക്കുമുള്ളതായിരുന്നു.
ഉദാഹരണത്തിന്, ഉണരുക!യുടെ 1996 ജൂൺ 22 ലക്കത്തിന്റെ 18-23 പേജുകളും 1997 മാർച്ച് 8 ലക്കത്തിന്റെ 11-13 പേജുകളും വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1989 ആഗസ്റ്റ് 1 ലക്കത്തിന്റെ 30-1 പേജുകളും 1997 ഫെബ്രുവരി 15 ലക്കത്തിന്റെ 21-4 പേജുകളും കാണുക.
[30-ാം പേജിലെ ചതുരം]
റോമാ നിയമത്തിൻകീഴിലെ അടിമകൾ
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ പ്രാബല്യത്തിലുണ്ടായിരുന്ന റോമാ നിയമത്തിൻകീഴിൽ, ഒരടിമയുടെ സ്ഥിതി തികച്ചും പരിതാപകരമായിരുന്നു. അവൻ യജമാനന്റെ സ്വാർഥമോഹങ്ങൾക്കും കാമകേളികൾക്കും കോപത്തിനും ഇരയാകേണ്ടിയിരുന്നു. വ്യാഖ്യാതാവായ ഗെർഹാർട്ട് ഫ്രെഡറിക് പറയുന്നപ്രകാരം, “മൗലികമായും നിയമപരമായും, അടിമ ഒരു വ്യക്തിയായിരുന്നില്ല, എന്നാൽ തന്റെ ഉടമസ്ഥനു ബോധിച്ചപ്രകാരം ഉപയോഗിക്കാവുന്ന ഒരു സ്വത്തായിരുന്നു. . . . വളർത്തു മൃഗങ്ങൾക്കും വീട്ടുസാമഗ്രികൾക്കും ഉണ്ടായിരുന്ന അതേ സ്ഥാനമാണ് [അവന്] ഉണ്ടായിരുന്നത്. പൗരനിയമം അവർക്ക് ഒരു പരിഗണനയും കൊടുത്തിരുന്നില്ല.” അനീതി നേരിടുന്നപക്ഷം ഒരു അടിമയ്ക്കു നിയമപരമായി പരിഹാരം തേടാനാകുമായിരുന്നില്ല. അടിസ്ഥാനപരമായി, യജമാനന്റെ ആജ്ഞാനുവർത്തിമാത്രമായിരുന്നു അവൻ. കോപാകുലനായ ഒരു യജമാനൻ നൽകുന്ന ശിക്ഷയ്ക്കു യാതൊരു പരിധിയുമില്ലായിരുന്നു. നിസ്സാര കുറ്റത്തിന്റെ കാര്യത്തിൽപ്പോലും യജമാനന് അവന്റെമേൽ ജീവനോ മരണമോ കൽപ്പിക്കാൻ അധികാരമുണ്ടായിരുന്നു.
ധനവാന്മാർക്കു നൂറുകണക്കിന് അടിമകൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും, താരതമ്യേന ചെറിയ ഭവനത്തിൽപോലും രണ്ടോ മൂന്നോ അടിമകൾ ഉണ്ടായിരുന്നിരിക്കാം. ജോൺ ബാർക്ലേ എന്ന പണ്ഡിതൻ പറയുന്നു: “പലവിധ ജോലികളാണ് ഭവന അടിമകൾ ചെയ്തിരുന്നത്. വലുതും സമ്പന്നവുമായ വീടുകളിൽ കാണാവുന്ന പലവിധ വിദഗ്ധവേലക്കാരെ കൂടാതെ, ദ്വാരപാലകൻ, പാചകക്കാർ, വിളമ്പുകാർ, ശുചീകരണ ജോലിക്കാർ, സന്ദേശവാഹകർ, ശിശുപാലകർ, മുലയൂട്ടുന്ന ആയമാർ, വിവിധോദ്ദേശ്യ സേവകർ എന്നിങ്ങനെയുള്ള അടിമകളെയും നാം കാണുന്നു . . . പ്രായോഗിക തലത്തിൽ നോക്കിയാൽ, ഒരു ഭവന അടിമയുടെ ജീവിതനിലവാരം ഏറിയകൂറും ആശ്രയിച്ചിരുന്നത് യജമാനന്റെ മനോനിലയെയായിരുന്നു. അതു പ്രയോജനകരമോ നാശകരമോ ആയേക്കാം; ദുഷ്ടനായ യജമാനനാണെങ്കിൽ, കണക്കറ്റ ദുഷ്ടത്തരങ്ങൾ; ദയാലുവും ഉദാരമതിയുമായ യജമാനനാണെങ്കിൽ, ജീവിതം അത്ര ദുഷ്കരമായിരിക്കാതെ പ്രത്യാശാനിർഭരമായിരിക്കും. ക്രൂരമായ പെരുമാറ്റങ്ങളുടെ പ്രശസ്ത ഉദാഹരണങ്ങൾ വിശിഷ്ട സാഹിത്യ കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചില യജമാനന്മാർക്കും അടിമകൾക്കുമിടയിൽ നിലനിന്നിരുന്ന ഊഷ്മള വികാരങ്ങൾക്കു സാക്ഷ്യംവഹിക്കുന്ന അനേകം ആലേഖനങ്ങളുമുണ്ട്.”
പുരാതന നാളിലെ ദൈവജനങ്ങൾക്കിടയിലെ അടിമത്തത്തെക്കുറിച്ച്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, 977-9 പേജുകൾ കാണുക.