സാക്ഷികളുടെ ഇത്ര വലിയോരു മേഘം
“സാക്ഷികളുടെ ഇത്ര വലിയോരു മേഘം നമുക്കുചുററും ഉള്ളതുകൊണ്ട് . . . നമുക്ക് നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സഹിഷ്ണതയോടെ ഓടാം.”—എബ്രായർ 12:1.
1, 2. (എ) എബ്രായ ക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ പൗലോസിന് ഏത് ആലങ്കാരിക രംഗസംവിധാനം മനസ്സിലുണ്ടായിരുന്നിരിക്കാം? (ബി) എബ്രായ സഹവിശ്വാസികൾക്ക് ഉറച്ചവിശ്വാസം ആവശ്യമായിരുന്നതെന്തുകൊണ്ട്?
നിങ്ങൾ ഒരു സ്റേറഡിയത്തിലെ ഓട്ടക്കാരനായിരിക്കുന്നതായി വിഭാവന ചെയ്യുക. സകല മാംസപേശികളും പരമാവധി പ്രവർത്തിപ്പിച്ചുകൊണ്ട് നിങ്ങൾ മുന്നേറുന്നു, നിങ്ങളുടെ ദൃഷ്ടികൾ ലക്ഷ്യത്തിൽ പതിപ്പിച്ചിരിക്കുന്നു. എന്നാൽ നിരീക്ഷകരെ സംബന്ധിച്ചെന്ത്? എന്തിനധികം, അവരെല്ലാം വിജയശ്രീലാളിതരായ ഓട്ടക്കാരാണ്! അവർ വെറും കാണികളല്ല, പിന്നെയോ വാക്കിലും പ്രവൃത്തിയിലും സജീവസാക്ഷികളായിരിക്കുന്നു.
2 അപ്പോസ്തലനായ പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ അങ്ങനെയുള്ള ഒരു ആലങ്കാരിക രംഗസംവിധാനം മനസ്സിലുണ്ടായിരുന്നിരിക്കണം. (ക്രി. വ. 61, അനിശ്ചിതം) അവർക്ക് ഉറച്ചവിശ്വാസം ആവശ്യമായിരുന്നു. (എബ്രായർ 10:32-39) റോമാക്കാരാലുള്ള ക്രി. വ. 70-ലെ യെരൂശലേമിന്റെ നാശത്തിന് ഏതാനും വർഷം മുൻപ് (ക്രി. വ. 66-ൽ) പാളയമടിച്ചിരുന്ന സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞപ്പോൾ, അവർക്ക് ഓടിപ്പോകാനുള്ള യേശുവിന്റെ മുന്നറിയിപ്പനുസരിക്കാൻ വിശ്വാസത്താൽ മാത്രമേ സാധിക്കുമായിരുന്നുള്ളു. അവർ “നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെട്ട”പ്പോഴും വിശ്വാസം അവരെ പുലർത്തുമായിരുന്നു.—മത്തായി 5:10; ലൂക്കോസ് 21:20-24.
3. എബ്രായർ 12:1-ൽ പറയുന്ന “നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപം” എന്താണ്, ക്രിസ്ത്യാനികൾ സഹിഷ്ണതയോടെ ഏത് ഓട്ടം ഓടാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
3 ക്രിസ്തുവിനു മുമ്പത്തെ വിശ്വാസത്തിന്റെ പ്രവൃത്തികളെ (എബ്രായർ 11-ാം അദ്ധ്യായത്തിൽ) പുനരവലോകനം ചെയ്തശേഷം പൗലോസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “സാക്ഷികളുടെ ഇത്ര വലിയോരു മേഘം നമുക്കു ചുററുമുള്ളതുകൊണ്ട് നമുക്ക് [നമ്മെ ആത്മീയമായി ബുദ്ധിമുട്ടിപ്പിക്കുന്ന] സകല ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും [വിശ്വാസരാഹിത്യം] നീക്കിക്കളയാം, നമുക്ക് നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന [നിത്യജീവനുവേണ്ടിയുള്ള] ഓട്ടം സഹിഷ്ണതയോടെ ഓടാം.” (എബ്രായർ 12:1) പ്രവർത്തനനിരതമായ വിശ്വാസത്തെ സംബന്ധിച്ച പൗലോസിന്റെ പുനരവലോകനം അതിന്റെ വിവിധ വശങ്ങളെ പ്രദീപ്തമാക്കുന്നു. നാം സ്വർഗ്ഗത്തിലെ അമർത്ത്യതക്കുവേണ്ടി ഓടുന്ന അഭിഷിക്ത ക്രിസ്ത്യാനികളായാലും, ഒരു പരദീസാ ഭൂമിയിലെ അനന്തജീവന്റെ ലാക്കോടുകൂടിയ “മഹാപുരുഷാര”ത്തിന്റെ ഭാഗമായാലും, നമ്മെ ഈ പുനരവലോകനം സഹായിക്കും. (വെളിപ്പാട് 7:4-10; ലൂക്കോസ് 23:43; റോമർ 8:16, 17) എന്നാൽ വിശ്വാസം എന്നാലെന്താണ്? ഈ ആത്മീയ രത്നത്തിന്റെ ചില മുഖവശങ്ങൾ എന്തൊക്കെയാണ്? നമുക്കു വിശ്വാസമുണ്ടെങ്കിൽ നാം എങ്ങനെ പ്രവർത്തിക്കും? നിങ്ങൾ അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ആരായുമ്പോൾ, ദയവായി എബ്രായർ 11-ഉം എബ്രായർ 12-ഉം അദ്ധ്യായങ്ങളിലെ സൂചിതവാക്യങ്ങൾ സ്വകാര്യവും സഭാപരവുമായ അദ്ധ്യയനവേളകളിൽ വായിക്കുക.
വിശ്വാസം എന്താണെന്ന്
4. വിശ്വാസം എന്നാലെന്ത്?
4 പൗലോസ് ആദ്യം വിശ്വാസത്തെ നിർവ്വചിച്ചു. (എബ്രായർ 11:1-3 വായിക്കുക) ഭാഗികമായി, വിശ്വാസം “ആശിക്കപ്പെടുന്നവയുടെ ഉറപ്പുലഭിച്ച പ്രതീക്ഷ”യാണ്. വിശ്വാസമുള്ള ആളിന് ദൈവം വാഗ്ദത്തം ചെയ്യുന്നതെല്ലാം നിവർത്തിക്കപ്പെട്ടതുപോലെയാണെന്നുള്ള ഒരു ഉറപ്പുണ്ട്. വിശ്വാസം,” കാണപ്പെടുന്നില്ലെങ്കിലും യാഥാർത്ഥ്യങ്ങളുടെ സ്പഷ്ടമായ പ്രകടന”വും കൂടെയാണ്. കാണപ്പെടാത്ത യാഥാർത്ഥ്യങ്ങളുടെ ബോദ്ധ്യം നൽകുന്ന തെളിവ് വളരെ ശക്തമാകയാൽ വിശ്വാസം ആ തെളിവിനോടു തത്തുല്യമാണെന്ന് പറയപ്പെടുന്നു.
5. വിശ്വാസത്താൽ നാം എന്തു ഗ്രഹിക്കുന്നു?
5 വിശ്വാസത്താൽ തങ്ങൾ ദൈവത്തെ പ്രസാദിപ്പിച്ചതായി “പുരാതനകാലങ്ങളിലെ മനുഷ്യർക്ക് സാക്ഷ്യം ലഭിച്ചു.” “കാണപ്പെടുന്നത് പ്രത്യക്ഷപ്പെടാത്ത കാര്യങ്ങളിൽ നിന്നായിരിക്കാനിടയാകത്തക്കവണ്ണം വ്യവസ്ഥിതികൾ”—ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും—“ദൈവവചനത്താൽ ക്രമത്തിലാക്കപ്പെട്ടുവെന്ന് വിശ്വാസത്താൽ നാം ഗ്രഹിക്കുന്നു.” അങ്ങനെയുള്ള സകലത്തിന്റെയും സ്രഷ്ടാവ് യഹോവയാണെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു, അവൻ ഒരു അദൃശ്യാത്മാവാകയാൽ നമുക്ക് അവനെ കാണാൻ പാടില്ലെങ്കിലും.—ഉല്പത്തി 1:1; യോഹന്നാൻ 4:24; റോമർ 1:20.
വിശ്വാസവും “പുരാതന ലോകവും”
6. ‘സ്ത്രീയുടെ സന്തതി’യെ സംബന്ധിച്ച യഹോവയുടെ പ്രാവചനിക വാക്കുകൾ നിവർത്തിക്കുമെന്നുള്ള ഒരു “ഉറപ്പുലഭിച്ച പ്രതീക്ഷ” ഹാബേലിനുണ്ടായിരുന്നതെന്തുകൊണ്ട്?
6 വിശ്വാസത്തിന്റെ അനേകം മുഖവശങ്ങളിലൊന്ന് പാപങ്ങൾക്കുവേണ്ടിയുള്ള ഒരു യാഗത്തിന്റെ ആവശ്യം സംബന്ധിച്ച വിലമതിപ്പാണ്. (എബ്രായർ 11:4 വായിക്കുക) “പുരാതന ലോക”ത്തിൽ ഹാബേൽ ഒരു രക്തബലിയിലുള്ള വിശ്വാസം പ്രകടമാക്കി, അവൻ ആദ്യ മാനുഷജോടിയായ ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ പുത്രനായിരുന്നു. (2 പത്രോസ് 2:5) അവകാശപ്പെടുത്തിയ പാപത്തിന്റെ മരണകരമായ ഫലങ്ങൾ ഹാബേൽ തന്നിൽത്തന്നെ കണ്ടറിഞ്ഞുവെന്നതിനു സംശയമില്ല. (ഉല്പത്തി 2:16, 17; 3:6, 7; റോമർ 5:12) പ്രസ്പഷ്ടമായി, ആദാമിൻമേൽ കഠിനാദ്ധ്വാനവും ഹവ്വായിക്ക് ഗർഭകാലത്തു ഗണ്യമായ വേദനയും വരുത്തിയ ദൈവകല്പനയുടെ നിവൃത്തിയും അവൻ ശ്രദ്ധിച്ചു. (ഉല്പത്തി 3:16-19) അതുകൊണ്ട് യഹോവ പറഞ്ഞ മററുകാര്യങ്ങളും നിവർത്തിക്കുമെന്ന് ഹാബേലിന് “ഉറപ്പു ലഭിച്ച പ്രതീക്ഷ” ഉണ്ടായിരുന്നു. ഇവയിൽ സർപ്പത്തോടു ദൈവം പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ പ്രധാന വഞ്ചകനായ സാത്താനിലേക്കു തിരിച്ചുവിടപ്പെട്ട പ്രാവചനിക വചനങ്ങളും ഉൾപ്പെട്ടു: “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത്വം വെക്കും. അവൻ നിന്നെ തലയിൽ ചതയ്ക്കുകയും നീ അവനെ കുതികാലിൽ ചതയ്ക്കുകയും ചെയ്യും.”—ഉല്പത്തി 3:15.
7. (എ) ഹാബേൽ പാപങ്ങൾക്കുവേണ്ടിയുള്ള ഒരു ബലിയുടെ ആവശ്യത്തോടു വിലമതിപ്പു പ്രകടമാക്കിയതെങ്ങനെ? (ബി) ദൈവം ‘ഹാബേലിന്റെ വഴിപാടുകൾ സംബന്ധിച്ച്’ ഏതു വിധത്തിൽ ‘സാക്ഷ്യം വഹിച്ചു’?
7 ഹാബേൽ തന്റെ സ്വന്തം ജീവനു ചിത്രരൂപത്തിൽ പകരം വെക്കാൻ കഴിയുന്ന ഒരു മൃഗബലി ദൈവത്തിന് അർപ്പിച്ചുകൊണ്ട് വാഗ്ദത്തസന്തതിയിലുള്ള വിശ്വാസം പ്രകടമാക്കി. എന്നാൽ വിശ്വാസമില്ലാഞ്ഞ, അവന്റെ മൂത്ത സഹോദരനായ കയീൻ രക്തരഹിത സസ്യങ്ങൾ അർപ്പിച്ചു. പിന്നീട് കയീൻ ഒരു കൊലയാളിയായി ഹാബേലിന്റെ രക്തം ചിന്തി. (ഉല്പത്തി 4:1-8) എന്നിരുന്നാലും, യഹോവ തന്നെ നീതിമാനായി പരിഗണിച്ചതായുള്ള അറിവോടെ ഹാബേൽ മരിച്ചു. “ദൈവം അവന്റെ വഴിപാടുകൾ സംബന്ധിച്ചു സാക്ഷ്യം വഹിച്ചു.” എങ്ങനെ? വിശ്വാസത്തിൽ അർപ്പിക്കപ്പെട്ട ഹാബേലിന്റെ ബലി സ്വീകരിച്ചുകൊണ്ട്. അവന്റെ വിശ്വാസവും ദിവ്യാംഗീകാരവുംനിമിത്തം, ‘ഹാബേൽ മരിച്ചുവെങ്കിലും അവൻ ഇപ്പോഴും സംസാരിക്കുന്നു’—അതിനെക്കുറിച്ചു നിശ്വസ്തരേഖ സാക്ഷ്യം വഹിക്കുന്നതിൽ തുടരുന്നു. പാപങ്ങൾക്കുവേണ്ടി ഒരു യാഗത്തിന്റെ ആവശ്യം അവൻ കണ്ടു. നിങ്ങൾക്ക് യേശുക്രിസ്തുവിന്റെ അതിലേറെ പ്രധാനമായ മറുവിലയാഗത്തിൽ വിശ്വാസമുണ്ടോ?—1 യോഹന്നാൻ 2:1, 2; 3:23.
8. (എ) ഹാനോക്കിന്റെ ധീരമായ സാക്ഷീകരണത്തിൽനിന്ന് വിശ്വാസത്തെ സംബന്ധിച്ച് നാം എന്തു പഠിക്കുന്നു? (ബി) ഹാനോക്ക് “മരണം കാണാതിരിക്കത്തക്കവണ്ണം സ്ഥലം മാററപ്പെട്ടതെങ്ങനെ”?
8 ദൈവത്തിന്റെ സന്ദേശം സധൈര്യം പ്രസംഗിക്കാൻ വിശ്വാസം നമ്മെ പ്രചോദിപ്പിക്കും. (എബ്രായർ 11:5, 6 വായിക്കുക) യഹോവയുടെ ആദിമസാക്ഷിയായിരുന്ന ഹാനോക്ക് ഭക്തികെട്ടവരുടെമേലുള്ള ദിവ്യന്യായവിധി നിർവ്വഹണത്തെ സധൈര്യം മുൻകൂട്ടിപ്പറഞ്ഞു. (യൂദാ 14, 15) ഹാനോക്കിന്റെ ശത്രുക്കൾ അവനെ കൊല്ലാൻ ശ്രമിച്ചുവെന്നതിനു സംശയമില്ല, എന്നാൽ അവൻ മരണവേദന അനുഭവിക്കാത്തവണ്ണം ദൈവം “അവനെ എടുത്തു.” (ഉല്പത്തി 5:24) എന്നിരുന്നാലും, ആദ്യം “അവൻ ദൈവത്തെ നന്നായി പ്രസാദിപ്പിച്ചിരുന്നുവെന്ന് സാക്ഷ്യം ലഭിച്ചിരുന്നു.” എങ്ങനെ? “വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതിരിക്കത്തക്കവണ്ണം സ്ഥലം മാററപ്പെട്ടു.” സമാനമായി, പൗലോസ് സ്ഥലം മാററപ്പെട്ടു, അഥവാ “പരദീസയിലേക്ക് എടുക്കപ്പെട്ടു,” സ്പഷ്ടമായി, ക്രിസ്തീയ സഭയുടെ ഭാവി ആത്മീയ പരദീസയുടെ ഒരു ദർശനം കണ്ടുകൊണ്ടുതന്നെ. (2 കൊരിന്ത്യർ 12:1-4) അതുകൊണ്ട്, പ്രത്യക്ഷത്തിൽ ഹാനോക്കിനെ യഹോവ ശത്രുകൈകളിൽനിന്ന് സുരക്ഷിതമായി മരണനിദ്രയിലാക്കിയപ്പോൾ അവൻ വരാനിരിക്കുന്ന ഭൗമിക പരദീസയുടെ ഒരു ദർശനം ആസ്വദിക്കുകയായിരുന്നു. ദൈവത്തിന് പ്രസാദമായിരിക്കുന്നതിന് നാം ഹാനോക്കിനെപ്പോലെ സധൈര്യം ദൈവത്തിന്റെ സന്ദേശം പ്രസംഗിക്കേണ്ടതാണ്. (പ്രവൃത്തികൾ 4:29-31) ദൈവം സ്ഥിതിചെയ്യുന്നുവെന്നും “തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നു”വെന്നും നാം വിശ്വസിക്കേണ്ടതുമാണ്.
9. ദൈവത്തിന്റെ നിർദ്ദേശങ്ങൾ അടുത്തു പിന്തുടരുന്നത് വിശ്വാസത്തിന്റെ മറെറാരു മുഖവശമാണെന്ന് നോഹയുടെ പ്രവർത്തനഗതി തെളിയിച്ചതെങ്ങനെ?
9 ദൈവത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കുന്നത് വിശ്വാസത്തിന്റെ മറെറാരു മുഖവശമാണ്. (എബ്രായർ 11:7 വായിക്കുക) വിശ്വാസത്തോടെ പ്രവർത്തിച്ചുകൊണ്ട് നോഹ ‘ദൈവം കൽപിച്ചതുപോലെതന്നെ’ ചെയ്തു. (ഉല്പത്തി 6:22; 7:16) നോഹക്ക് ‘അതുവരെ കാണപ്പെടാഞ്ഞ കാര്യങ്ങളെക്കുറിച്ചു ദിവ്യമുന്നറിയിപ്പു ലഭിച്ചു.” ഒരു ഭൂവ്യാപക പ്രളയമുണ്ടാകുമെന്നുള്ള യഹോവയുടെ പ്രസ്താവന അവൻ വിശ്വസിച്ചു. വിശ്വാസത്തോടും ദൈവത്തോടുള്ള ഭയാദരവോടും കൂടെ നോഹ “തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ഒരു പെട്ടകം പണിതു.” അങ്ങനെ അവൻ അനുസരണത്താലും നീതി പ്രവൃത്തികളാലും, വിശ്വാസരഹിത ലോകത്തെ അതിന്റെ ദുഷ്ടപ്രവൃത്തികൾ സംബന്ധിച്ചു കുററം വിധിക്കുകയും അതു നാശത്തിന് അർഹമാണെന്നു പ്രകടമാക്കുകയും ചെയ്തു.—ഉല്പത്തി 6:13-22.
10. നോഹ പെട്ടകം പണിയുകയായിരുന്നെങ്കിലും അവൻ വേറെ ഏതു പ്രവർത്തനത്തിനു സമയമെടുത്തു?
10 നോഹ “ഒരു നീതി പ്രസംഗി”യായിരുന്നതുകൊണ്ട് യഹോവയുടെ സാക്ഷികളിലൊരുവനുംകൂടെയായിരുന്നു. (2 പത്രോസ് 2:5) പെട്ടകം പണിയിൽ തിരക്കുള്ളവനായിരുന്നിട്ടും, ഇന്ന് യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെ, അവൻ പ്രസംഗിക്കുന്നതിനു സമയമെടുത്തു. തീർച്ചയായും, പ്രളയത്തിനു മുമ്പുള്ള ആളുകളോട് ദൈവത്തിന്റെ മുന്നറിയിപ്പു ഘോഷിക്കുന്നവനെന്നനിലയിൽ നോഹ ധൈര്യപൂർവ്വം സംസാരിച്ചു, എന്നാൽ “പ്രളയം വന്ന് അവരെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഗൗനിച്ചില്ല.”—മത്തായി 24:36-39.
പ്രളയാനന്തര ഗോത്രപിതാക്കളുടെ ഇടയിലെ വിശ്വാസം
11. (എ) വിശ്വാസത്തിൽ യഹോവയുടെ വാഗ്ദത്തങ്ങളിലുള്ള സമ്പൂർണ്ണവിശ്വാസം ഉൾപ്പെടുന്നുവെന്ന് അബ്രാഹാം പ്രകടമാക്കിയതെങ്ങനെ? (ബി) അബ്രാഹാം, വിശ്വാസത്തോടെ ഏതു “നഗര”ത്തിനായി കാത്തിരിക്കുകയായിരുന്നു?
11 വിശ്വാസത്തിൽ യഹോവയുടെ വാഗ്ദത്തങ്ങളിലുള്ള തികഞ്ഞ ഉറപ്പും ഉൾപ്പെടുന്നു. (എബ്രായർ 11:8-12 വായിക്കുക) വിശ്വാസത്താൽ അബ്രാഹാം (അബ്രാം) ദൈവകൽപ്പന അനുസരിക്കുകയും കൽദയരുടെ ഊർ വിട്ടുപോകുകയും ചെയ്തു, അത് ഭൗതികമായി വളരെയധികം വിഭവശേഷിയുള്ള ഒരു നഗരമായിരുന്നു. “ഭൂമിയിലെ സകല കുടുംബങ്ങളും” താൻ മുഖാന്തരം തങ്ങളേത്തന്നെ അനുഗ്രഹിക്കുമെന്നും തന്റെ സന്തതിക്ക് ഒരു ദേശം കൊടുക്കപ്പെടുമെന്നുമുള്ള യഹോവയുടെ വാഗ്ദത്തം അവൻ വിശ്വസിച്ചു. (ഉല്പത്തി 12:1-9; 15:18-21) അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും പൗത്രനായ യാക്കോബും “അവനോടുകൂടെ അതേ വാഗ്ദത്തത്തിന്റെതന്നെ അവകാശികൾ” ആയിരുന്നു. വിശ്വാസത്താൽ അബ്രാഹാം “ഒരു വിദേശത്തെന്നപോലെ വാഗ്ദത്തദേശത്ത് ഒരു അന്യനായി വസിച്ചു.” അവൻ “ദൈവം ശില്പിയും നിർമ്മാതാവുമായിരിക്കുന്ന, യഥാർത്ഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി” നോക്കിപ്പാർത്തു. അതെ, അബ്രാഹാം ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിനായി കാത്തിരുന്നു, അതിൻ കീഴിൽ അവൻ ഭൂമിയിലെ ജീവിതത്തിലേക്ക് പുനരുത്ഥാനം പ്രാപിക്കും. രാജ്യത്തിന് നിങ്ങളുടെ ജീവിതത്തിൽ ഇത്ര പ്രധാനമായ ഒരു സ്ഥാനമുണ്ടോ?—മത്തായി 6:33.
12. സാറായിക്ക് യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് എന്തുസംഭവിച്ചു?
12 ദൈവഭയമുണ്ടായിരുന്ന ഗോത്രപിതാക്കൻമാരുടെ ഭാര്യമാർക്കും യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. ഉദാഹരണത്തിന്, അബ്രാഹാമിന്റെ ഭാര്യയായിരുന്ന സാറാ ഏതാണ്ട് 90 വയസ്സുവരെ മച്ചിയായിരുന്നു. “പ്രായപരിധി കഴിഞ്ഞിട്ടും” വിശ്വാസത്താൽ “സന്തതിയെ ഗർഭം ധരിക്കുന്നതിന്, . . . “ശക്തീകരിക്കപ്പെട്ടു, “എന്തുകൊണ്ടെന്നാൽ വാഗ്ദത്തം ചെയ്തിരുന്നവൻ [ദൈവം] വിശ്വസ്തനെന്ന് അവൾ വിലയിരുത്തി.” കാലക്രമത്തിൽ, സാറാ യിസഹാക്കിനെ പ്രസവിച്ചു. അങ്ങനെ പുനരുല്പാദനം സംബന്ധിച്ച് “മരിച്ചവനെപ്പോലെയായിരുന്ന,” 100 വയസ്സുള്ള അബ്രാഹാമിൽനിന്ന് ഒടുവിൽ “ബഹുത്വത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ മക്കൾ ജനിച്ചു.”—ഉല്പത്തി 17:15-17; 18:11; 21:1-7.
13, 14. (എ) അബ്രാഹാമും യിസഹാക്കും യാക്കോബും “വാഗ്ദത്തങ്ങളുടെ നിവൃത്തി പ്രാപിച്ചി”ല്ലെങ്കിലും അവർ എങ്ങനെ പ്രതികരിച്ചു? (ബി) നാം യഹോവയുടെ വാഗ്ദത്തങ്ങളുടെ സത്വര നിവൃത്തി കാണുന്നില്ലെങ്കിലും യഹോവയോട് ഗോത്രപിതാക്കൾക്കുണ്ടായിരുന്ന വിശ്വസ്തത പരിഗണിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കാൻ കഴിയും?
13 യഹോവയുടെ വാഗ്ദത്തങ്ങളുടെ സത്വരമായ നിവൃത്തി നാം കാണുന്നില്ലെങ്കിലും വിശ്വാസം നമ്മെ അവനോട് വിശ്വസ്തരാക്കി നിലനിർത്തും. (എബ്രായർ 11:13-16 വായിക്കുക) വിശ്വസ്ത ഗോത്രപിതാക്കളെല്ലാം തങ്ങളോടുള്ള ദൈവിക വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി കാണാതെ മരിച്ചു. എന്നാൽ “അവർ വിദൂരത്തിൽനിന്ന് [വാഗ്ദത്ത കാര്യങ്ങൾ] കാണുകയും അവയെ സ്വാഗതം ചെയ്യുകയും തങ്ങൾ ദേശത്ത് അന്യരും താൽക്കാലിക നിവാസികളുമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.” അതെ, അവർ തങ്ങളുടെ ജീവിതം വിശ്വാസത്തോടെ പൂർത്തിയാക്കി, എന്തെന്നാൽ തലമുറകൾക്കുശേഷമാണ് വാഗ്ദത്തദേശം അബ്രാഹാമിന്റെ സന്തതിയുടെ കൈവശത്തിലായത്.
14 അവർ തങ്ങളുടെ ആയുഷ്ക്കാലത്തു ദിവ്യ വാഗ്ദത്തങ്ങളുടെ നിവൃത്തി പ്രാപിച്ചില്ലെന്നുള്ള വസ്തുത അബ്രാഹാമിനെയും യിസഹാക്കിനെയും യാക്കോബിനെയും മുഷിപ്പിച്ചില്ല, അല്ലെങ്കിൽ അവരെ വിശ്വാസത്യാഗികളാക്കിയില്ല. അവർ യഹോവയെ ഉപേക്ഷിക്കുകയും ഊരിലേക്കു തിരിച്ചുപോയി ലൗകിക പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തില്ല. (യോഹന്നാൻ 17:16 താരതമ്യപ്പെടുത്തുക; 2 തിമൊഥെയോസ് 4:10; യാക്കോബ് 1:27; 1 യോഹന്നാൻ 2:15-17) ഇല്ല, ആ ഗോത്രപിതാക്കൻമാർ ഊരിനെക്കാൾ വളരെ മെച്ചപ്പെട്ട ഒരു സ്ഥലം, “അതായത്, സ്വർഗ്ഗത്തിന്റേതായ ഒന്ന്” ‘എത്തിപ്പിടിച്ചു.’ തന്നിമിത്തം, യഹോവ ‘അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല.’ അവർ മരണംവരെ അത്യുന്നതനിലുള്ള വിശ്വാസം നിലനിർത്തി. അവർ ദൈവം അവർക്കുവേണ്ടി ഒരുക്കിയ മശിഹൈക രാജ്യമായ “നഗര”ത്തിന്റെ ഭരണ പ്രദേശത്തിന്റെ ഭാഗമായ ഭൂമിയിലെ ജീവനിലേക്ക് പെട്ടെന്നുതന്നെ പുനരുത്ഥാനം ചെയ്യപ്പെടും. എന്നാൽ നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ വർഷങ്ങളായി ‘സത്യത്തിൽ നടക്കുകയും’ യഹോവയുടെ സേവനത്തിൽ പ്രായമുള്ള ആളായിത്തീരുകയും ചെയ്തിരിക്കാം, എങ്കിൽപോലും അവന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിയിലുള്ള വിശ്വാസം നിങ്ങൾ നിലനിർത്തണം. (3 യോഹന്നാൻ 4; 2 പത്രോസ് 3:11-13) അങ്ങനെയുള്ള വിശ്വാസത്തിന് നിങ്ങൾക്കും വിശ്വസ്തരായ ഗോത്രപിതാക്കൻമാർക്കും എന്തോരു പ്രതിഫലമാണു ലഭിക്കുക!
15. (എ) പ്രത്യക്ഷത്തിൽ യിസഹാക്കിനെ യാഗം കഴിക്കാൻ അബ്രാഹാമിനെ പ്രാപ്തനാക്കിയതെന്ത്? (ബി) അബ്രാഹാമും യിസഹാക്കും ഉൾപ്പെട്ട സംഭവത്താൽ നമ്മുടെ വിശ്വാസം എങ്ങനെ ബാധിക്കപ്പെടണം? (സി) ആ സംഭവത്താൽ പ്രാവചനികമായി ചിത്രീകരിക്കപ്പെട്ടതെന്ത്?
15 ദൈവത്തോടുള്ള ചോദ്യം ചെയ്യാത്ത അനുസരണം വിശ്വാസത്തിന്റെ മർമ്മപ്രധാനമായ ഒരു വശമാണ്. (എബ്രായർ 11:17-19 വായിക്കുക) അബ്രാഹാം ചോദ്യം ചെയ്യാതെ യഹോവയെ അനുസരിച്ചതുകൊണ്ട് അവൻ “യിസഹാക്കിനെ അർപ്പിച്ചതുപോലെയായി.” അവൻ അവന്റെ “ഏകജാതനായ പുത്രൻ”—സാറായിൽ അവന് ഉണ്ടായ ഏകൻ—ആയിരുന്നു. അബ്രാഹാമിന് ഇത് എങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു? എന്തുകൊണ്ടെന്നാൽ തന്നിലൂടെയുള്ള സന്തതിയെ സംബന്ധിച്ച വാഗ്ദത്തം നിവർത്തിക്കുന്നതിന് ആവശ്യമെങ്കിൽ “മരിച്ചവരിൽനിന്നുപോലും [യിസഹാക്കിനെ] ഉയർപ്പിക്കാൻ ദൈവം പ്രാപ്തനെന്ന് അവൻ കണക്കാക്കി.” അബ്രാഹാമിന്റെ കൈയിലെ കത്തി ഒരു നിമിഷംകൊണ്ട് യിസഹാക്കിന്റെ ജീവന് അറുതിവരുത്തുമായിരുന്നു, എന്നാൽ ഒരു ദൂതന്റെ ശബ്ദം തടഞ്ഞു. തന്നിമിത്തം, അബ്രാഹാമിന് “ഒരു ദൃഷ്ടാന്തരൂപേണ” യിസഹാക്കിനെ മരണത്തിൽ നിന്ന് തിരികെ കിട്ടി. നമ്മുടെ ജീവനോ നമ്മുടെ മക്കളുടെ ജീവനോ അപകടത്തിലാണെങ്കിൽപോലും നാമും അതുപോലെ വിശ്വാസത്തോടെ ദൈവത്തെ അനുസരിക്കാൻ പ്രേരിതരാകണം. (1 യോഹന്നാൻ 5:3) തന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ലഭിക്കേണ്ടതിന് ഒരു മറുവിലയായി അവനെ യഹോവയാം ദൈവം നൽകുമെന്ന് അബ്രാഹാമും യിസഹാക്കും അപ്പോൾ പ്രാവചനികമായി ചിത്രീകരിച്ചുവെന്നതും ശ്രദ്ധാർഹമാണ്.—ഉല്പത്തി 22:1-19; യോഹന്നാൻ 3:16.
16. നമ്മുടെ മക്കളെയും ദൈവിക വാഗ്ദത്തങ്ങളിലുള്ള വിശ്വാസത്തെയും സംബന്ധിച്ച് ഗോത്രപിതാക്കൾ എന്തു ദൃഷ്ടാന്തം വെച്ചു?
16 നമുക്കു വിശ്വാസമുണ്ടെങ്കിൽ, ദൈവം ഭാവിക്കുവേണ്ടി വാഗ്ദത്തം ചെയ്യുന്നതിൽ പ്രത്യാശവെക്കാൻ നാം നമ്മുടെ സന്താനങ്ങളെ സഹായിക്കും. (എബ്രായർ 11:20-22 വായിക്കുക) ഗോത്രപിതാക്കൻമാരുടെ വിശ്വാസം വളരെ ശക്തമായിരുന്നതുകൊണ്ട്, അവരുടെ ആയുഷ്ക്കാലത്ത് തങ്ങളോടുള്ള യഹോവയുടെ വാഗ്ദത്തങ്ങൾ പൂർണ്ണമായി നിവർത്തിച്ചില്ലെങ്കിലും അവർ അവയെ വിലപ്പെട്ട ഒരു അവകാശമായി തങ്ങളുടെ മക്കൾക്കു കൈമാറി. അങ്ങനെ, “യിസഹാക്ക് വരാനുള്ള കാര്യങ്ങൾ സംബന്ധിച്ചു യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു.” ആസന്ന മരണനായിരുന്ന യാക്കോബ് യോസേഫിന്റെ പുത്രൻമാരായിരുന്ന എഫ്രയീമിന്റെമേലും മനശ്ശെയുടെമേലും അനുഗ്രഹങ്ങൾ ഉച്ചരിച്ചു. യിസ്രായേല്യർ ഈജിപ്ററു വിട്ടു വാഗ്ദത്തദേശത്തേക്ക് പോകുമെന്ന് യോസേഫിനുതന്നെ ശക്തമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്, അവർ പോകുമ്പോൾ തന്റെ അസ്ഥികൾകൂടെ കൊണ്ടുപോകാൻ അവൻ തന്റെ സഹോദരൻമാരെകൊണ്ടു സത്യം ചെയ്യിച്ചു. (ഉല്പത്തി 27:27-29, 38-40; 48:8-22; 50:24-26) യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്നതിൽ സമാനമായ വിശ്വാസം വളർത്തിയെടുക്കാൻ നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സഹായിക്കുന്നുണ്ടോ?
വിശ്വാസം ദൈവത്തെ ഒന്നാമതു വെക്കാനിടയാക്കുന്നു
17. മോശെയുടെ മാതാപിതാക്കൾ വിശ്വാസത്തോടെ പ്രവർത്തിച്ചതെങ്ങനെ?
17 ഈ ലോകത്തിന് വാഗ്ദാനം ചെയ്യാനുള്ള എന്തിനും ഉപരിയായി യഹോവയെയും അവന്റെ ജനത്തെയും കരുതാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. (എബ്രായർ 11:23-26 വായിക്കുക) മോശെയുടെ മാതാപിതാക്കൾ വിശ്വാസത്തോടെ പ്രവർത്തിച്ചപ്പോൾ യിസ്രായേല്യർ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് വിടുതൽ ആവശ്യമുണ്ടായിരുന്ന അടിമകളായിരുന്നു. ജനിക്കുമ്പോൾത്തന്നെ എബ്രായ ആൺകുഞ്ഞുങ്ങളെ കൊല്ലാനുള്ള ‘രാജാവിന്റെ കല്പനയെ അവർ ഭയപ്പെട്ടില്ല.’ പകരം, അവർ മോശെയെ മൂന്നു മാസം ഒളിച്ചുവെക്കുകയും ഒടുവിൽ നൈൽ നദീ തീരത്തെ കളപ്പുല്ലുകൾക്കിടയിൽ ഒരു ഞാങ്ങണപ്പെട്ടകത്തിൽ വെക്കുകയും ചെയ്തു. ഫറവോന്റെ പുത്രി കണ്ടുപിടിച്ചപ്പോൾ അവൾ ‘അവളുടെ സ്വന്തം പുത്രനായി അവനെ വളർത്തി.’ എന്നിരുന്നാലും, ആദ്യം മോശെ അവന്റെ അപ്പനമ്മമാരായ അമ്രാമിന്റെയും യോഖേബേദിന്റെയും വീട്ടിൽ മുലയൂട്ടപ്പെടുകയും ആത്മീയമായി പരിശീലിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട്, ഫറവോന്റെ കുടുംബത്തിലെ ഒരു അംഗമെന്നനിലയിൽ “അവൻ ഈജിപ്ററുകാരുടെ സകല ജ്ഞാനത്തിലും അഭ്യസിപ്പിക്കപ്പെട്ടു.” അവൻ “തന്റെ വാക്കുകളിലും പ്രവൃത്തികളിലും ശക്തൻ,” മാനസികവും ശാരീരികവുമായ പ്രാപ്തികളിൽ ബലിഷ്ഠൻ, ആയിത്തീർന്നു.—പ്രവൃത്തികൾ 7:20-22; പുറപ്പാട് 2:1-10; 6:20.
18. മോശെ തന്റെ വിശ്വാസം നിമിത്തം യഹോവയുടെ ആരാധന സംബന്ധിച്ച് എന്തു നില സ്വീകരിച്ചു?
18 എന്നിരുന്നാലും, ഈജിപ്ററിലെ വിദ്യാഭ്യാസവും രാജകൊട്ടാരത്തിലെ ഭൗതിക പ്രതാപവും മോശെ യഹോവയുടെ ആരാധന ഉപേക്ഷിക്കുന്നതിനും ഒരു വിശ്വാസത്യാഗിയായിത്തീരുന്നതിനും ഇടയാക്കിയില്ല. പകരം, “മോശെ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതിനു വിസമ്മതിച്ചു,” അവൻ ഒരു എബ്രായ സഹോദരനുവേണ്ടി പോരാടിയപ്പോൾ സൂചിപ്പിക്കപ്പെട്ട ഗതി തന്നെ. (പുറപ്പാട് 2:11, 12) “പാപത്തിന്റെ താൽക്കാലികാസ്വാദനത്തിനു പകരം [യഹോവയുടെ യിസ്രായേല്യ സഹാരാധകരായ] ദൈവജനത്തോടുകൂടെ പീഡിപ്പിക്കപ്പെടുന്നതിനെ” മോശെ തെരഞ്ഞെടുത്തു. നിങ്ങൾ ശരിയായ ആത്മീയ പരിശീലനത്തിന്റെ ഉറച്ച പശ്ചാത്തലമുള്ള, യഹോവയുടെ സ്നാനമേററ ഒരു ദാസനാണെങ്കിൽ നിങ്ങൾ മോശെയുടെ ദൃഷ്ടാന്തം അനുകരിക്കുകയും സത്യാരാധനക്കുവേണ്ടി ഉറച്ചുനിൽക്കുകയും ചെയ്യുമോ?
19. (എ) മോശെ യഹോവയെയും അവന്റെ ജനത്തെയും ജീവിതത്തിൽ ഒന്നാമതു കരുതിയെന്ന് എങ്ങനെ തെളിയുന്നു? (ബി) മോശെ ഏതു പ്രതിഫല ലബ്ധിയിലേക്കു നോക്കി?
19 മോശെ യഹോവയുടെ ജനത്തിന്റെ പക്ഷത്തുനിന്നു, “എന്തുകൊണ്ടെന്നാൽ അവൻ ക്രിസ്തുവിന്റെ നിന്ദകളെ ഈജിപ്ററിലെ നിക്ഷേപങ്ങളെക്കാൾ വലിയ ധനമായി വിലമതിച്ചു.” മോശെ ക്രിസ്തുവിന്റെ ഒരു പുരാതന മാതൃകയോ ദൈവത്തിന്റെ അഭിഷിക്തനോ ആയിരിക്കുന്നതിലെ നിന്ദയെ ഈജിപ്ററിലെ നിക്ഷേപങ്ങളെക്കാൾ വലിയ ധനമായി വിലമതിച്ചിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. രാജകീയ കുടുംബത്തിലെ ഒരു അംഗമെന്നനിലയിൽ അവന് ഈജിപ്ററിൽ ധനവും കീർത്തിയും ആസ്വദിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവൻ വിശ്വാസം പ്രകടമാക്കുകയും” പ്രതിഫല ലബ്ധിയിലേക്ക് ഏകാഗ്രമായി നോക്കുകയും ചെയ്തു.”—ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിയിൽ പുനരുത്ഥാനം മുഖാന്തരമുള്ള നിത്യജീവനിലേക്കുതന്നെ.
20. വിശ്വാസം യഹോവയുടെ ദാസരെന്നനിലയിൽ നമ്മെ നിർഭയരാക്കുന്നുവെന്ന് പ്രകടമാക്കുന്ന എന്ത് മോശെയുടെ അനുഭവത്തിലുണ്ട്?
20 വിശ്വാസം നമ്മെ ഭയരഹിതരാക്കുന്നു, എന്തുകൊണ്ടെന്നാൽ ഒരു വിമോചകനെന്നനിലയിൽ നമുക്ക് യഹോവയിൽ ധൈര്യമുണ്ട്. (എബ്രായർ 11:27-29 വായിക്കുക) മോശെ ഒരു ഈജിപ്ററുകാരനെ കൊന്നതായി കേട്ടശേഷം ഫറവോൻ അവനെ കൊല്ലാൻ ശ്രമിച്ചു. “എന്നാൽ മിദ്യാൻ ദേശത്തു പാർക്കേണ്ടതിന് മോശെ ഫറവോന്റെ അടുക്കൽനിന്ന് ഓടിപ്പോയി.” (പുറപ്പാട് 2:11-15) അതുകൊണ്ട് “വിശ്വാസത്താൽ അവൻ [മോശെ] രാജാവിന്റെ കോപത്തെ ഭയപ്പെടാതെ, [യിസ്രായേലിനു വേണ്ടി ദൈവത്തെ പ്രതിനിധാനം ചെയ്തതു നിമിത്തം അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി] ഈജിപ്ററു വിട്ടു, എന്തെന്നാൽ അവൻ അദൃശ്യനായവനെ കാണുന്നതുപോലെ അവൻ ഉറച്ചുനിൽക്കുന്നതിൽ തുടർന്നു.” (പുറപ്പാട് 10:28, 29) മോശെ യഥാർത്ഥത്തിൽ ദൈവത്തെ ഒരിക്കലും കണ്ടില്ലെങ്കിലും അവനുമായുള്ള യഹോവയുടെ ഇടപെടലുകൾ വളരെ യഥാർത്ഥമായിരുന്നതുകൊണ്ട് അവൻ ‘അദൃശ്യനായവനെ’ കണ്ടതുപോലെതന്നെ പ്രവർത്തിച്ചു. (പുറപ്പാട് 33:20) യഹോവയുമായുള്ള നിങ്ങളുടെ ബന്ധം അത്ര ശക്തമാണോ?—സങ്കീർത്തനം 37:5; സദൃശവാക്യങ്ങൾ 16:3.
21. ഈജിപ്ററിൽനിന്നുള്ള യിസ്രായേലിന്റെ പുറപ്പാടു സംബന്ധിച്ച് “വിശ്വാസത്താൽ” എന്തുസംഭവിച്ചു?
21 ഈജിപ്ററിൽനിന്നുള്ള യിസ്രായേലിന്റെ പുറപ്പാടിനു തൊട്ടുമുമ്പ്, “വിനാശകൻ തങ്ങളുടെ [യിസ്രായേല്യരുടെ] ആദ്യജാതൻമാരെ തൊടാതിരിക്കേണ്ടതിന്, വിശ്വാസത്താൽ അവൻ [മോശെ] പെസഹായും രക്തം തളിക്കലും ആചരിച്ചിരുന്നു.” അതെ, യിസ്രായേലിന്റെ ആദ്യജാതപുത്രൻമാർ സംരക്ഷിക്കപ്പെടുമെന്നും അതേസമയം ഈജിപ്ററുകാരുടെ ആദ്യജാതൻമാർ മരിക്കുമെന്നുമുള്ള ബോധ്യത്തോടെ പെസഹാ നടത്തുന്നതിന് വിശ്വാസം ആവശ്യമായിരുന്നു. ഈ വിശ്വാസത്തിനു പ്രതിഫലം കിട്ടി. (പുറപ്പാട് 12:1-39) കൂടാതെ, “വിശ്വാസത്താൽ അവർ [യിസ്രായേൽ ജനം] ഉണങ്ങിയ നിലത്തെന്നപോലെ, ചെങ്കടലിലൂടെ കടന്നു, എന്നാൽ അതിനു മുതിർന്നപ്പോൾ, ഈജിപ്ററുകാർ വിഴുങ്ങപ്പെട്ടു.” ദൈവം എന്തോരു അത്ഭുത വിമോചകനെന്നു തെളിഞ്ഞു! ഈ വിടുതൽ നിമിത്തം യിസ്രായേല്യർ “യഹോവയെ ഭയപ്പെടാനും യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വാസമർപ്പിക്കാനും തുടങ്ങി.”—പുറപ്പാട് 14:21-31.
22. വിശ്വാസം സംബന്ധിച്ച് ഏതു ചോദ്യങ്ങൾ പരിചിന്തനത്തിന് അവശേഷിക്കുന്നു?
22 മോശെയുടെയും ഗോത്രപിതാക്കൻമാരുടെയും വിശ്വാസം തീർച്ചയായും ഇന്നത്തെ യഹോവയുടെ സാക്ഷികൾക്ക് ഒരു മാതൃകയാണ്. എന്നാൽ ദിവ്യാധിപത്യപരമായി സംഘടിതമായ ഒരു ജനതയെന്നനിലയിൽ അബ്രാഹാമിന്റെ സന്തതികളോട് ദൈവം കൂടുതലായി ഇടപെട്ടപ്പോൾ എന്തുസംഭവിച്ചു? പുരാതന കാലങ്ങളിലെ വിശ്വാസത്തിന്റെ കൂടുതലായ പ്രവൃത്തികളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (w87 1/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ വിശ്വാസം എന്താണ്?
◻ ഹാനോക്കിന്റെ ദൃഷ്ടാന്തം വിശ്വാസം സംബന്ധിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
◻ വിശ്വാസത്തിൽ യഹോവയുടെ വാഗ്ദത്തങ്ങളിലുള്ള സമ്പൂർണ്ണമായ ഉറപ്പ് ഉൾപ്പെടുന്നുവെന്ന് ദൈവഭയമുണ്ടായിരുന്ന ഗോത്രപിതാക്കൻമാർ എങ്ങനെ പ്രകടമാക്കി?
◻ അബ്രാഹാമിന്റെ ഏതു പ്രവൃത്തി, ചോദ്യം ചെയ്യപ്പെടാത്ത ദൈവത്തോടുള്ള അനുസരണം വിശ്വാസത്തിന്റെ മർമ്മപ്രധാനമായ ഒരു മുഖവശമാണെന്ന് തെളിയിക്കുന്നു?
◻ വിശ്വാസം ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ള എന്തിനെക്കാളുമുപരിയായി യഹോവയേയും അവന്റെ ജനത്തെയും കരുതുക എന്നർത്ഥമാക്കുന്നുവെന്ന് മോശെയുടെ ഏതു പ്രവൃത്തികൾ പ്രകടമാക്കുന്നു?