‘വിവാഹം എല്ലാവർക്കും മാന്യമായിരിക്കട്ടെ’
“വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ.”—എബ്രായർ 13:4.
1. വിജയകരമായ വിവാഹത്തെക്കുറിച്ച് അനേകം ആളുകൾ എന്താണു മനസ്സിലാക്കിയിരിക്കുന്നത്?
ലക്ഷക്കണക്കിനാളുകൾ, വിവാഹമോചനം എളുപ്പമായിരിക്കുന്ന ഈ കാലത്തുപോലും, നിലനില്ക്കുന്ന വിവാഹം ആസ്വദിക്കുന്നുണ്ട്. വ്യക്തിത്വത്തിലും പശ്ചാത്തലത്തിലും വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും വിജയിക്കുന്നതിന് അവർ ഒരു വഴി കണ്ടെത്തിരിക്കുന്നു. ഇത്തരം വിവാഹങ്ങൾ യഹോവയുടെ സാക്ഷികളുടെ ഇടയിൽ കാണപ്പെടുന്നു. മിക്കവരുടെയും കാര്യത്തിൽ, തങ്ങളുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും പരസ്പരം പരാതിപ്പെടുന്നതിനുള്ള കാരണങ്ങൾ പോലും, ഉണ്ടായിരുന്നിട്ടുണ്ടെന്ന് ഈ ദമ്പതികൾ സമ്മതിക്കും. എങ്കിലും ചെറിയ കൊടുങ്കാററുകളെ തരണംചെയ്യുന്നതിനും തങ്ങളുടെ വിവാഹക്കപ്പൽ ശരിയായ ചാലിൽ ഓടിച്ചുകൊണ്ടേയിരിക്കുന്നതിനും അവർ പഠിച്ചിരിക്കുന്നു. അവരെ അതിൽ നിലനിർത്തിയിരിക്കുന്ന ഘടകങ്ങളിൽ ചിലത് ഏവയാണ്?—കൊലൊസ്സ്യർ 3:13.
2. (എ) വിവാഹത്തെ നിലനിർത്തുന്ന ചില ക്രിയാത്മകമായ ഘടകങ്ങൾ ഏന്തൊക്കെയാണ്? (ബി) വിവാഹത്തെ അട്ടിമറിക്കാൻ കഴിയുന്ന ചില ഘടകങ്ങൾ ഏവ? (14-ാം പേജിലെ ചതുരം കാണുക.)
2 ക്രിസ്തീയ വിവാഹം സന്തുഷ്ടവും നിലനില്ക്കുന്നതുമായിരുന്നിട്ടുള്ള ചിലരുടെ അഭിപ്രായങ്ങൾ തികച്ചും ഉൾക്കാഴ്ച നൽകുന്നവയാണ്. പതിനാറു വർഷമായി വിവാഹിതനായ ഒരു ഭർത്താവ് ഇങ്ങനെ പറഞ്ഞു: “ഒരു പ്രശ്നം ഉണ്ടായിട്ടുള്ള ഏതു സമയത്തും ഇരുവരുടെയും വീക്ഷണം ശ്രദ്ധിക്കാൻ ഞങ്ങൾ യഥാർത്ഥമായി ഒരു ശ്രമം നടത്തിയിരിക്കുന്നു.” ഇത് അനേകം വിവാഹങ്ങളെ കെട്ടുറപ്പുള്ളതാക്കുന്ന ഘടകങ്ങളിൽ ഒന്നിനെ പ്രദീപ്തമാക്കുന്നു—ഒന്നും മറയ്ക്കാതെയുള്ള, തുറന്ന ആശയവിനിമയത്തെതന്നെ. മുപ്പത്തൊന്നു വർഷമായി വിവാഹിതയായിരിക്കുന്ന ഒരു ഭാര്യ ഇങ്ങനെ പ്രസ്താവിച്ചു: “ഞങ്ങൾക്കിടയിലെ പ്രേമബന്ധം നിലനിർത്തുന്നതിനായി കൈകോർക്കുന്നതിനും വിനോദിക്കുന്നതിനും ഞങ്ങൾ എല്ലായ്പ്പോഴും മുൻഗണന നൽകിയിരുന്നു.” അത് ആശയവിനിമയത്തിന്റെ കൂടുതലായ ഒരു വശമാണ്. നാല്പതു വർഷത്തോളമായി വിവാഹിതരായിരിക്കുന്ന മറെറാരു ദമ്പതികൾ ഫലിതബോധം നിലനിർത്തുന്നതിന്റെയും തന്നെക്കുറിച്ചുതന്നെയും പരസ്പരവും ചിരിക്കാൻ കഴിയുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇരുവരുടെയും പരമാവധി കഴിവും കഴിവുകേടും മനസ്സിലാക്കുന്നതും അതേസമയം വിശ്വസ്തമായ സ്നേഹം പ്രകടമാക്കുന്നതും സഹായകമാണെന്നും അവർ പറഞ്ഞു. ഭർത്താവു തെററുകൾ സമ്മതിക്കുന്നതിനും അനന്തരം ക്ഷമ ചോദിക്കുന്നതിനുമുള്ള സന്നദ്ധതയെക്കുറിച്ചു പറഞ്ഞു. താഴ്ന്നുകൊടുക്കുന്നതിനുള്ള ഒരു മനസ്സുള്ളിടത്ത്, വിവാഹം തകരുന്നതിനു പകരം വഴക്കമുള്ളതായിരിക്കും.—ഫിലിപ്പിയർ 2:1-4; 4:5, കിംഗ്ഡം ഇൻറർലീനിയർ.
മാറുന്ന ഒരു കാലാവസ്ഥ
3, 4. വൈവാഹിക വിശ്വസ്തത സംബന്ധിച്ച മനോഭാവങ്ങളിൽ എന്തു മാററങ്ങളാണു വന്നിരിക്കുന്നത്? നിങ്ങൾക്ക് ഉദാഹരണങ്ങൾ നൽകാൻ കഴിയുമോ?
3 കഴിഞ്ഞ ഏതാനും പതിററാണ്ടുകളിൽ, ലോകത്തെല്ലാടവും വൈവാഹിക വിശ്വസ്തത സംബന്ധിച്ച അവബോധങ്ങൾ മാറിയിരിക്കുന്നു. ഒരു ശൃംഗാര ബന്ധം—വ്യഭിചാരത്തിനുള്ള ഒരു ആധുനിക പ്രിയോക്തി—ഉണ്ടായിരിക്കുന്നതിൽ ഒരു തെററുമില്ലെന്നാണു വിവാഹിതരായ ചിലർ വിശ്വസിക്കുന്നത്, പ്രത്യേകിച്ചും മറേറ പങ്കാളി അറിയുകയും സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ.
4 ഒരു ക്രിസ്തീയ മേൽവിചാരകൻ ഈ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ധാർമ്മിക നിയമസംഹിതപ്രകാരം ജീവിക്കുന്നതിനുള്ള ഏതു ശ്രമവും ലോകം പരമാർത്ഥത്തിൽ ഉപേക്ഷിച്ചിരിക്കുന്നു. ചാരിത്ര്യം പഴഞ്ചനായി വീക്ഷിക്കപ്പെടാനിടയായിരിക്കുന്നു.” രാഷ്ട്രീയത്തിലും സ്പോർട്സിലും വിനോദത്തിലും ഉള്ള പ്രമുഖ വ്യക്തികൾ ധാർമ്മിക നടത്ത സംബന്ധിച്ച ബൈബിൾ പ്രമാണങ്ങളെ പരസ്യമായി ലംഘിക്കുകയും അതേസമയം അങ്ങനെയുള്ളവർ തുടർന്നു ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ധാർമ്മിക ദുഷ്പ്രവൃത്തിക്ക് അല്ലെങ്കിൽ വഴിപിഴച്ച നടത്തക്കു ഫലത്തിൽ യാതൊരു ദുഷ്കീർത്തിയും ആരോപിക്കുന്നില്ല. സമുന്നത ധനികർക്കിടയിൽ ചാരിത്ര്യത്തിനും വിശ്വസ്തതക്കും അപൂർവമായേ വിലകല്പിക്കുന്നുള്ളു. ‘ഒരുവനു ബാധകമാകുന്നത് അപരനു ബാധകമാകുന്നു’ എന്ന പ്രമാണപ്രകാരം ജനസമൂഹങ്ങൾ അവരുടെ ദൃഷ്ടാന്തത്തെ അനുകരിക്കുകയും ദൈവം കുററംവിധിക്കുന്നതിനെ നിർദ്ദോഷമായി കരുതുകയും ചെയ്യുന്നു. അതു പൗലോസ് പറഞ്ഞതുപോലെയാണ്: “മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.”—എഫെസ്യർ 4:19; സദൃശവാക്യങ്ങൾ 17:15; റോമർ 1:24-28; 1 കൊരിന്ത്യർ 5:11.
5. (എ) വ്യഭിചാരം സംബന്ധിച്ച ദൈവത്തിന്റെ നിലപാട് എന്ത്? (ബി) ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പരസംഗം” എന്ന പദത്തിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത്?
5 ദൈവത്തിന്റെ പ്രമാണങ്ങൾ മാറിയിട്ടില്ല. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതു പരസംഗമാണെന്നുള്ളതാണ് അവിടുത്തെ നിലപാട്. വൈവാഹിക അവിശ്വസ്തത ഇപ്പോഴും വ്യഭിചാരം തന്നെയാണ്.a അപ്പോസ്തലനായ പൗലോസ് വ്യക്തമായി ഇങ്ങനെ പറഞ്ഞു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
6. ഒന്നു കൊരിന്ത്യർ 6:9-11-ലെ പൗലോസിന്റെ വാക്കുകളിൽ നമുക്ക് എന്തു പ്രോത്സാഹനമാണു കണ്ടെത്താൻ കഴിയുന്നത്?
6 ആ വാക്യത്തിലെ പ്രോത്സാഹജനകമായ ഒരു ആശയം “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ . . . കഴുകി ശുദ്ധീകരണം . . . പ്രാപിച്ചിരിക്കുന്നു” എന്ന പൗലോസിന്റെ പ്രസ്താവനയാണ്. അതേ, കഴിഞ്ഞ കാലത്തു ലോകത്തിന്റെ അനിയന്ത്രിത “ദുർന്നടപ്പിന്റെ അധമമായ കുണ്ടിൽ” വിഹരിച്ച അനേകർ സുബോധം പ്രാപിക്കുകയും ക്രിസ്തുവിനെയും അവിടുത്തെ യാഗത്തെയും അംഗീകരിക്കുകയും അങ്ങനെ കഴുകി ശുദ്ധിവരുത്തുകയും ചെയ്തിരിക്കുന്നു. ധാർമ്മികമായ ജീവിതം നയിച്ചു ദൈവത്തെ പ്രസാദിപ്പിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു, തൽഫലമായി അവർ ഏറെ സന്തുഷ്ടരാണ്.—1 പത്രൊസ് 4:3, 4, NW.
7. “ദുർമ്മാർഗ്ഗ”ത്തെ സംബന്ധിച്ച ഗ്രാഹ്യത്തിൽ എന്തു വൈരുദ്ധ്യമാണുള്ളത്, ബൈബിളിന്റെ വീക്ഷണമെന്താണ്?
7 നേരേമറിച്ച്, ദുർമ്മാർഗ്ഗത്തിന് ആധുനികലോകം നൽകുന്ന നിർവചനം ദൈവത്തിന്റെ വീക്ഷണത്തോടു യോജിക്കാത്തവിധം ദുർബലമായിരിക്കയാണ്. ഒരു നിഘണ്ടു “ദുർമ്മാർഗ്ഗ”ത്തെ നിർവചിക്കുന്നതു “വ്യവസ്ഥാപിത സൻമാർഗ്ഗത്തിനു വിരുദ്ധമായ” എന്നാണ്. വിവാഹത്തിനു മുമ്പും വിവാഹത്തിനു പുറത്തും ഉള്ള ലൈംഗികതയെയും സ്വവർഗ്ഗസംഭോഗത്തെയും നിർദ്ദോഷമായി കരുതുന്ന ഇന്നത്തെ “വ്യവസ്ഥാപിത സൻമാർഗ്ഗ”മാണു ബൈബിൾ കുററംവിധിക്കുന്ന ദുർമ്മാർഗ്ഗം. അതേ, ബൈബിളിന്റെ വീക്ഷണത്തിൽ ദൈവത്തിന്റെ ധാർമ്മിക നിയമത്തിന്റെ കടുത്ത ലംഘനമാണു ദുർമ്മാർഗ്ഗം.—പുറപ്പാട് 20:14, 17; 1 കൊരിന്ത്യർ 6:18.
ക്രിസ്തീയ സഭ ബാധിക്കപ്പെട്ടിരിക്കുന്നു
8. ദുർമ്മാർഗ്ഗത്തിനു ക്രിസ്തീയ സഭയിലുള്ളവരെ എങ്ങനെ ബാധിക്കാൻ കഴിയും?
8 ഇന്നു ദുർമ്മാർഗ്ഗം, ക്രിസ്തീയ സഭയിലുള്ളവരുടെമേൽപോലും സമ്മർദ്ദം ചെലുത്താൻതക്കവണ്ണം അത്ര വ്യാപകമാണ്. അതിനു വിപുലവ്യാപകമായ, അധഃപതിപ്പിക്കുന്ന ടിവി പരിപാടികളിലൂടെയും വീഡിയോയിലൂടെയും അശ്ലീലസാഹിത്യങ്ങളിലൂടെയും അവരെ സ്വാധീനിക്കാൻ കഴിയും. ക്രിസ്ത്യാനികളുടെ ഒരു ചെറിയ ഭാഗം മാത്രമേ ബാധിക്കപ്പെടുന്നുള്ളുവെങ്കിലും ഒരു ക്രിസ്ത്യാനിക്കു ചേരാത്ത, അനുതാപരഹിതമായ നടത്ത മൂലം യഹോവയുടെ സാക്ഷികളുടെ അണികളിൽനിന്നുള്ള പുറത്താക്കലുകളിൽ ഭൂരിഭാഗവും ലൈംഗിക ദുർമ്മാർഗ്ഗത്തിന്റെ ഏതെങ്കിലും രൂപത്തോടു ബന്ധപ്പെട്ടായിരുന്നു എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. പുറത്താക്കപ്പെട്ടവരിൽ ഒരു വലിയ പങ്കു തങ്ങളുടെ തെററുകൾ തിരിച്ചറിയുകയും ഒരു ശുദ്ധമായ ജീവിതരീതി പുനരാരംഭിക്കുകയും തക്കസമയത്തു അവരെ സഭയിൽ പുനഃസ്ഥിതീകരിക്കുകയും ചെയ്യുന്നു എന്നതാണ് ഒരു നല്ല വശം.—ലൂക്കൊസ് 15:11-32 താരതമ്യം ചെയ്യുക.
9. ജാഗ്രത ഇല്ലാത്തവരെ സാത്താൻ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്?
9 ജാഗ്രതയില്ലാത്തവരെ വിഴുങ്ങുന്നതിനു തയ്യാറായി സാത്താൻ ഗർജ്ജിക്കുന്ന സിംഹത്തെപ്പോലെ ചുററിത്തിരിയുകയാണെന്നതിൽ യാതൊരു സംശയവുമില്ല. അവന്റെ കുതന്ത്രങ്ങൾ അഥവാ “കുടില പ്രവൃത്തികൾ” വർഷംതോറും ജാഗ്രതയില്ലാത്ത ക്രിസ്ത്യാനികളെ കെണിയിലകപ്പെടുത്തുകയാണ്. അവന്റെ ലോകത്തിൽ സദാ ഉള്ള മനോഭാവം സ്വാർത്ഥപരവും സുഖഭോഗാസക്തവും കാമാസക്തവുമാണ്. അതു ജഡത്തെ തൃപ്തിപ്പെടുത്തുന്നതാണ്. അത് ആത്മസംയമനത്തെ തള്ളിക്കളയുന്നു.—എഫെസ്യർ 2:1, 2; 6:11, 12, NW അടിക്കുറുപ്പ്; 1 പത്രൊസ് 5:8.
10. ആരാണു പ്രലോഭനത്തിനു വിധേയരാകുന്നത്, എന്തുകൊണ്ട്?
10 സഭയിലുള്ള ആർ ദുർമ്മാർഗ്ഗത്തിന്റെ പ്രലോഭനങ്ങളാകുന്ന അപകടത്തിനു വിധേയരായേക്കാം? മിക്ക ക്രിസ്ത്യാനികളും, പ്രാദേശിക സഭയിലെ മൂപ്പൻമാരായാലും, സഞ്ചാരമേൽവിചാരകൻമാരായാലും, ബെഥേൽ അംഗങ്ങളായാലും, മാസംതോറും അനേകം മണിക്കൂർ പ്രസംഗിക്കുന്ന പനിയർമാരായാലും, ഒരു കുടുംബത്തെ പോററുന്ന തിരക്കുള്ള മാതാപിതാക്കളായാലും തരപ്പടിക്കാരിൽനിന്നു സമ്മർദ്ദമുള്ള ചെറുപ്പക്കാരായാലും, ജഡിക പ്രലോഭനം എല്ലാവർക്കും ഉള്ളതാണ്. തീരെ പ്രതീക്ഷിക്കാത്തപ്പോൾ ലൈംഗിക ആകർഷണം ഉണ്ടായേക്കാം. അതുകൊണ്ടു പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല.” എന്നാൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ള ചില ക്രിസ്ത്യാനികൾ ദുർമ്മാർഗ്ഗത്തിന്റെ വശീകരണത്തിനു കീഴടങ്ങിയിട്ടുണ്ടെന്നുള്ളതു വ്യസനകരംതന്നെ.—1 കൊരിന്ത്യർ 10:12, 13.
ആകർഷിച്ചു വശീകരിക്കപ്പെടുന്നു
11-13. ദുർമ്മാർഗ്ഗത്തിലേക്കു നയിച്ചിട്ടുള്ള ചില സാഹചര്യങ്ങൾ ഏവ?
11 ചിലരെ വ്യഭിചാരത്തിന്റെയും പരസംഗത്തിന്റെയും വിമൂഢഗതിയിലേക്കു നയിച്ച പ്രലോഭനങ്ങളും സാഹചര്യങ്ങളും എന്തൊക്കെയാണ്? അവ അനേകമാണ്, സങ്കീർണ്ണവുമാണ്, ദേശംതോറും സംസ്കാരംതോറും അവ വ്യത്യസ്തവുമായിരുന്നേക്കാം. എന്നിരുന്നാലും, അനേകം രാജ്യങ്ങളിൽ പൊന്തിവരുന്ന ചില അടിസ്ഥാന സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ലഹരിപാനീയങ്ങൾ സുലഭമായിരുന്ന പാർട്ടികൾ ചിലർ സംഘടിപ്പിച്ചിട്ടുള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മററു ചിലർ ലോകത്തിലെ ദുഃസൂചനയുള്ള സംഗീതത്തിലും വികാരോദ്ദീപകമായ നൃത്തങ്ങളിലും ആകൃഷ്ടരായിട്ടുണ്ട്. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ, വെപ്പാട്ടികളുള്ള ധനികരായ ആളുകളുണ്ട്—വിശ്വാസികളല്ലാത്തവർ; അധാർമ്മികത ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഈ അവസ്ഥയിൽ ആയിരിക്കുന്നതിലെ സാമ്പത്തിക സുരക്ഷിതത്വത്താൽ ചിലർ പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ട്. മററു ചില പ്രദേശങ്ങളിൽ ക്രിസ്തീയ ഭർത്താക്കൻമാർ തങ്ങളുടെ കുടുംബത്തെ വിട്ടു ഖനികളിലും മററുള്ളിടങ്ങളിലും ഉപജീവനം തേടി പോയിട്ടുണ്ട്. അപ്പോൾ അവരുടെ വൈവാഹികവിശ്വസ്തതയും സത്യസന്ധതയും ഒരളവുവരെ അല്ലെങ്കിൽ വീട്ടിൽ അനുഭവപ്പെടുകയില്ലായിരുന്ന വിധങ്ങളിൽ പരിശോധിക്കപ്പെടുന്നു.
12 വികസിത രാജ്യങ്ങളിൽ ഡ്രൈവിംഗ് ക്ലാസ്സുകൾക്കുവേണ്ടി നിരന്തരം ഒരു കാറിൽ തൊട്ടടുത്ത സ്വകാര്യതയിലായിരിക്കുന്നതുപോലെ മൂന്നാമതൊരാൾ അടുത്തില്ലാതെ മിക്കപ്പോഴും എതിർലിംഗവർഗ്ഗത്തിൽപെട്ട ഒരാളോടുകൂടെ ആയിരുന്നതിനാൽ ചിലർ സാത്താന്റെ കെണിയിൽ വീണിട്ടുണ്ട്.b ഇടയസന്ദർശനം നടത്താറുള്ള മൂപ്പൻമാരും ഒരു സഹോദരിയെ ബുദ്ധ്യുപദേശിക്കുമ്പോൾ അവളോടൊപ്പം ഒററക്കായിരിക്കാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടയാവശ്യമുണ്ട്. സംഭാഷണങ്ങൾക്കു വികാരഭരിതമായിത്തീരാനും ഇരുകൂട്ടർക്കും നാണക്കേടുവരുത്തുന്ന സാഹചര്യത്തിൽ കലാശിക്കാനും കഴിയും.—മർക്കൊസ് 6:7; പ്രവൃത്തികൾ 15:40 താരതമ്യം ചെയ്യുക.
13 മേൽപറഞ്ഞ സാഹചര്യങ്ങൾ ചിലരെ ജാഗ്രത വെടിയുന്നതിലേക്കും ദുർവൃത്തിയിലേർപ്പെടുന്നതിലേക്കും നയിച്ചിട്ടുണ്ട്. ഒന്നാം നൂററാണ്ടിൽ സംഭവിച്ചതുപോലെതന്നെ അവർ ‘സ്വന്ത ജഡികമോഹത്താൽ ആകർഷിച്ചു വശീകരിക്ക’പ്പെടാൻ തങ്ങളേത്തന്നെ അനുവദിക്കുകയും അതു പാപത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്.—യാക്കോബ് 1:14, 15; 1 കൊരിന്ത്യർ 5:1; ഗലാത്യർ 5:19-21.
14. വ്യഭിചാരത്തിന്റെ കേസുകളിൽ സ്വാർത്ഥത ഒരു അടിസ്ഥാന ഘടകമായിരിക്കുന്നത് എന്തുകൊണ്ട്?
14 പുറത്താക്കലുകളുടെ ഒരു ശ്രദ്ധാപൂർവ്വമായ പരിശോധന കാണിക്കുന്നത് അധാർമ്മിക പ്രവൃത്തികൾക്കു പൊതുവായി ചില അടിസ്ഥാന ഘടകങ്ങൾ ഉണ്ടെന്നാണ്. അത്തരം കേസുകളിൽ സ്വാർത്ഥതയുടെ ഏതോ രൂപമുണ്ട്. നാം എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, വ്യഭിചാരത്തിന്റെ കാര്യത്തിൽ ഏതെങ്കിലും നിരപരാധി അല്ലെങ്കിൽ നിരപരാധികൾ ദുഃഖിക്കേണ്ടിവരുന്നു. അതു നിയമാനുസൃത വിവാഹ ഇണയായിരിക്കാം. കുട്ടികളുണ്ടെങ്കിൽ, തീർച്ചയായും അവരായിരിക്കും, കാരണം വ്യഭിചാരം വിവാഹമോചനത്തിൽ കലാശിക്കുന്നെങ്കിൽ ഒരു ഏകീകൃത കുടുംബത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുട്ടികൾ അത്യന്തം കഷ്ടപ്പെട്ടേക്കാം. വ്യഭിചാരം ചെയ്യുന്ന ആൾ തന്റെ മാത്രം സുഖവും പ്രയോജനവുമാണു മുഖ്യമായി ചിന്തിക്കുന്നത്. അതു സ്വാർത്ഥതയാണ്.—ഫിലിപ്പിയർ 2:1-4.
15. വ്യഭിചാരത്തിലേക്കു നയിച്ച ചില കാരണങ്ങൾ എന്തൊക്കെ ആയിരുന്നിരിക്കാം?
15 സാധാരണമായി, വ്യഭിചാരം പെട്ടെന്നുള്ള ഒരു ദുർബല പ്രവൃത്തിയല്ല. വിവാഹബന്ധത്തിൽത്തന്നെ ക്രമേണയുള്ള, കാണാൻ കഴിയാത്തതുപോലുമായിരുന്ന, വഷളാകൽ ഉണ്ടായിരുന്നിട്ടുണ്ട്. ഒരുപക്ഷേ, ആശയവിനിയമം വെറും ചടങ്ങോ കഴമ്പില്ലാത്തതോ ആയിത്തീർന്നിരിക്കാം. പരസ്പര പ്രോത്സാഹനം ഇല്ലാതിരുന്നിരിക്കാം. ഇരുവരും പരസ്പരം വിലമിതിപ്പു പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടിരിക്കാം. കുറച്ചു കാലത്തേക്ക് ഇണകൾ ലൈംഗികമായി പരസ്പരം തൃപ്തിപ്പെടുത്തുന്നില്ലായിരുന്നിരിക്കാം. വ്യഭിചാരം സംഭവിക്കുമ്പോൾ തീർച്ചയായും ദൈവവുമായുള്ള ബന്ധവും ക്ഷയിച്ചിട്ടുണ്ട്. ദൈവത്തെ മേലാൽ നമ്മുടെ എല്ലാ ചിന്തകളും പ്രവൃത്തികളും അറിയുന്ന ഒരു ദൈവമായി വ്യക്തമായി മനസ്സിലാക്കുന്നില്ല. വ്യഭിചാരം ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ “ദൈവം” ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരു കേവല സത്ത, ഒരു വെറും വാക്കു മാത്രമായിത്തീർന്നേക്കാം. പിന്നെ ദൈവത്തിനെതിരെ പാപം ചെയ്യുക എളുപ്പമായിത്തീരുന്നു.—സങ്കീർത്തനം 51:3, 4; 1 കൊരിന്ത്യർ 7:3-5; എബ്രായർ 4:13; 11:27.
ചെറുത്തുനില്പിന്റെ താക്കോൽ
16. അവിശ്വസ്തനായിരിക്കാനുള്ള പ്രലോഭനത്തെ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും?
16 ഏതെങ്കിലും ക്രിസ്ത്യാനി അവിശ്വസ്തതയുടെ മാർഗ്ഗത്തിലേക്കു പ്രലോഭിപ്പിക്കപ്പെടുന്നതായി സ്വയം കണ്ടെത്തുന്നെങ്കിൽ, ഏതു സംഗതികൾ കണക്കിലെടുക്കേണ്ടതുണ്ട്? ഒന്നാമതായി, ബൈബിൾ തത്ത്വങ്ങളിൽ രൂഢമായി അധിഷ്ഠിതമായിരിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്റെ അർത്ഥം ചിന്തിക്കണം. ശാരീരികമോ കാമാസക്തമോ ആയ സ്നേഹം വികാരങ്ങളെ നിയന്ത്രിക്കാനും മററുള്ളവർക്കു കഷ്ടതകൾ വരുത്തിക്കൂട്ടുന്ന സ്വാർത്ഥതയിലേക്കു നിപതിക്കാനും അനുവദിക്കരുത്. മറിച്ച്, ആ സാഹചര്യത്തെ യഹോവയുടെ വീക്ഷണത്തിൽ പരിഗണിക്കണം. ദുഷിച്ച നടത്ത സഭയുടെയും സഭയുടെമേലും യഹോവയുടെ നാമത്തിൻമേലും അതു വരുത്തുന്ന അപമാനത്തിന്റെയും വിശാലമായ പശ്ചാത്തലത്തിൽ വേണം സാഹചര്യത്തെ വീക്ഷിക്കാൻ. (സങ്കീർത്തനം 101:3) അക്കാര്യത്തിൽ ക്രിസ്തുവിന്റെ മനസ്സു നേടുന്നതിനാലും അതനുസരിച്ചു പ്രവർത്തിക്കുന്നതിനാലും അനർത്ഥം ഒഴിവാക്കാൻ കഴിയും. ഓർക്കുക, നിസ്വാർത്ഥ ക്രിസ്തീയ സ്നേഹം ഒരിക്കലും നിലയ്ക്കുന്നില്ല.—സദൃശവാക്യങ്ങൾ 6:32, 33; മത്തായി 22:37-40; 1 കൊരിന്ത്യർ 13:5, 8.
17. കെട്ടുപണി ചെയ്യുന്ന വിശ്വസ്തതയുടെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
17 ചെറുത്തുനില്പിനുള്ള ഒരു താക്കോൽ ഭാവിപ്രത്യാശ സംബന്ധിച്ച ഒരുവന്റെ വിശ്വാസവും വീക്ഷണവും ശക്തിപ്പെടുത്തുക എന്നതാണ്. ഇതിന്റെ അർത്ഥം മുൻകാല വിശ്വസ്ത പുരുഷൻമാരും സ്ത്രീകളും യേശുതന്നെയും വെച്ച നിർമ്മലതയുടെ മുന്തിയ ദൃഷ്ടാന്തങ്ങൾ ഹൃദയത്തിൽ പ്രമുഖമാക്കി നിർത്തുക എന്നാണ്. പൗലോസ് എഴുതി: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.” (എബ്രായർ 12:1-3) വിവാഹക്കപ്പലിനെ തകർക്കാതെ ജ്ഞാനമുള്ള ആൾ അതിനെ വീണ്ടെടുക്കേണ്ടതിന് ഏതു കേടും പോക്കാനുള്ള വഴികളെക്കുറിച്ചു ചിന്തിക്കും, അങ്ങനെ വഞ്ചനയുടെയും കാപട്യത്തിന്റെയും പടുകുഴി ഒഴിവാക്കും.—ഇയ്യോബ് 24:15.
18. (എ) വിശ്വാസപാതകം വ്യഭിചാരത്തെ വർണ്ണിക്കുന്നതിനുള്ള വളരെ കട്ടികൂടിയ ഒരു പദമല്ലാത്തത് എന്തുകൊണ്ട്? (ബി) നേർച്ചകൾ കഴിക്കുന്നതിനെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
18 വിശ്വാസപാതകമായ വഞ്ചന ദുർമ്മാർഗ്ഗം സംബന്ധിച്ചു കട്ടി കൂടിയ ഒരു വാക്കാണോ? വിശ്വാസപാതകം, ഉത്തരവാദിത്വത്തിലെ അല്ലെങ്കിൽ ഉററവിശ്വാസത്തിലെ വഞ്ചനയാണ്. തീർച്ചയായും വിവാഹപ്രതിജ്ഞയിൽ ഉത്തരവാദിത്വവും സകല പ്രാതികൂല്യങ്ങളിലും സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള വാഗ്ദാനവും ഉൾപ്പെട്ടിരിക്കുന്നു. അതിൽ നാം ജീവിക്കുന്ന കാലത്തിനു ചേരാത്തതെന്നു അനേകർ കരുതുന്ന ഒന്ന്—വിവാഹപ്രതിജ്ഞയിൽ ഒരുവൻ തന്റെ സ്വന്തം മാന്യതയുടെ പേരിൽ നൽകുന്ന ഉറപ്പ്—ഉൾപ്പെട്ടിരിക്കുന്നു. ആ വിശ്വാസത്തെ തള്ളിപ്പറയുന്നത് ഒരുവന്റെ ഇണക്കെതിരെ പ്രയോഗിക്കുന്ന ഒരു രൂപത്തിലുള്ള വഞ്ചനയാണ്. പ്രതിജ്ഞകൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ബൈബിളിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു: “ദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു; മൂഢൻമാരിൻ അവന്നു പ്രസാദമില്ല; നീ നേർന്നതു കഴിക്ക.”—സഭാപ്രസംഗി 5:4.
19. ഒരു സാക്ഷി പരാജയപ്പെടുമ്പോൾ എന്തിനു വിപരീതമായിട്ടാണു സാത്താൻ സന്തോഷിക്കുന്നത്?
19 ഇതിനെക്കുറിച്ചു യാതൊരു സംശയവുമില്ലാതിരിക്കട്ടെ. ഒരു പാപിയുടെ രക്ഷയെപ്രതി സ്വർഗ്ഗത്തിൽ ആഹ്ലാദമുള്ളതുപോലെ, യഹോവയുടെ സാക്ഷികളിൽപെട്ട ഒരാൾ തന്റെ നിർമ്മലത പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഭൂമിയിൽ ദൃശ്യവും അദൃശ്യവുമായ സാത്താന്റെ കൂട്ടങ്ങളിൽ വമ്പിച്ച ആഹ്ലാദമുണ്ട്.—ലൂക്കൊസ് 15:7; വെളിപ്പാടു 12:12.
എല്ലാവർക്കും പൊതുവായുള്ള പ്രലോഭനങ്ങൾ
20. പ്രലോഭനത്തെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? (2 പത്രൊസ് 2:9, 10)
20 ചില കേസുകളിൽ ഒഴിവാക്കാൻ പററാത്തതാണോ ദുർമ്മാർഗ്ഗം? ചെറുത്തു നിൽക്കാനും തങ്ങളുടെ നിർമ്മലത കാക്കാനും ക്രിസ്ത്യാനികൾക്കു കഴിയാതവണ്ണം ജഡവും സാത്താനും അത്ര ശക്തമാണോ? പൗലോസ് പിൻവരുന്ന വാക്കുകളിൽ പ്രോത്സാഹനം നൽകുന്നു: “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” ഇന്നത്തെ ലോകത്തു നാം പ്രലോഭനങ്ങളെ മുഴുവനായി ഒഴിവാക്കുകയില്ലായിരിക്കാം, എന്നാൽ ദൈവത്തിലേക്കു പ്രാർത്ഥനയിൽ തിരിയുന്നതിനാൽ തീർച്ചയായും നമുക്ക് ഏതു പ്രലോഭനത്തെയും സഹിച്ചുനിൽക്കുന്നതിനും തരണം ചെയ്യുന്നതിനും കഴിയും.—1 കൊരിന്ത്യർ 10:13.
21. നമ്മുടെ അടുത്ത അദ്ധ്യയനത്തിൽ ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടും?
21 പ്രലോഭനങ്ങൾ സഹിച്ചുനിൽക്കുന്നതിനും വിജയശ്രീലാളിതരായിത്തീരുന്നതിനും നമ്മെ സഹായിക്കാൻ ദൈവം എന്താണു നമുക്കു പ്രദാനം ചെയ്യുന്നത്? നമ്മുടെ വിവാഹബന്ധങ്ങളെയും കുടുംബങ്ങളെയും അതുപോലെതന്നെ യഹോവയുടെ നാമത്തിന്റെയും സഭയുടെയും സൽക്കീർത്തി സംരക്ഷിക്കുന്നതിനു നമുക്കു എന്താണു വ്യക്തിപരമായി ആവശ്യമായിരിക്കുന്നത്? നമ്മുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ കൈകാര്യം ചെയ്യും.
[അടിക്കുറിപ്പുകൾ]
a “‘പരസംഗം,’ വിശാലമായ അർത്ഥത്തിലും മത്തായി 5:32-ലും 19:9-ലും ഉപയോഗിച്ചിരിക്കുന്ന പ്രകാരവും, വിവാഹത്തിനു പുറത്തുള്ള നിയമവിരുദ്ധമോ അവിഹിതമോ ആയ ഏതു തരത്തിലുമുള്ള ലൈംഗിക വേഴ്ചകളെയും പരാമർശിക്കുന്നു. പോർണിയായിൽ [ആ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം] കുറഞ്ഞത് ഒരു മനുഷ്യവ്യക്തിയുടെ ജനനേന്ദ്രീയ(ങ്ങളുടെ)ത്തിന്റെ തീർത്തും അധാർമ്മികമായ ഉപയോഗം (സ്വാഭാവികമായിട്ടായാലും വികടത്തരത്തിലായാലും) ഉൾപ്പെടുന്നു; കൂടാതെ, ഈ ദുർമ്മാർഗ്ഗത്തിൽ മറെറാരു കൂട്ടാളി കൂടെ ഉണ്ടായിരുന്നിരിക്കണം—ഏതെങ്കിലും ലിംഗവർഗ്ഗത്തിൽപ്പെട്ട മനുഷ്യജീവിയോ മൃഗമോ.” (ദ വാച്ച്ടവർ, 1983 മാർച്ച് 15, പേജ് 30) വ്യഭിചാരം: “വിവാഹം കഴിച്ച ഒരു വ്യക്തിയും നിയമാനുസൃത ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരു പങ്കാളിയും തമ്മിൽ സ്വമേധയാ ഉള്ള ലൈംഗികവേഴ്ച.”—ദി അമേരിക്കൻ ഹെരിറേറജ് ഡിക്ഷ്ണറി ഓഫ് ദി ഇംഗ്ലീഷ് ലാംഗ്വേജ്.
b തീർച്ചയായും, ഒരു സഹോദരൻ തന്റെ വണ്ടിയിൽ ഒരു സഹോദരിയെ കൊണ്ടുപോകുന്ന ഉചിതമായ സന്ദർഭങ്ങൾ ഉണ്ടായിരുന്നേക്കാം, അത്തരം സാഹചര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യരുത്.
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ ഒരു വിവാഹബന്ധത്തെ ശക്തമാക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഏവ?
◻ ദുർമ്മാർഗ്ഗത്തെ സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം നാം വെറുക്കേണ്ടത് എന്തുകൊണ്ട്?
◻ ദുർമ്മാർഗ്ഗത്തിലേക്കു നയിക്കാൻ കഴിയുന്ന ചില പ്രലോഭനങ്ങളും സാഹചര്യങ്ങളും ഏവ?
◻ പാപത്തെ ചെറുക്കുന്നതിനുള്ള മുഖ്യ താക്കോൽ എന്ത്?
◻ പ്രലോഭനത്തിന്റെ സമയങ്ങളിൽ ദൈവം നമ്മെ സഹായിക്കുന്നതെങ്ങനെ?
[14-ാം പേജിലെ ചതുരം]
നിലനില്ക്കുന്ന വിവാഹബന്ധങ്ങളിലെ പൊതുവായ ഘടകങ്ങൾ
◻ ബൈബിൾ തത്വങ്ങളോടുള്ള ദൃഢമായ പററിനിൽപ്പ്
◻ ഇണകൾ ഇരുവർക്കും യഹോവയുമായി ശക്തമായ ബന്ധമുണ്ട്
◻ ഭർത്താവു തന്റെ ഭാര്യയെയും അവളുടെ വികാരങ്ങളെയും അവളുടെ അഭിപ്രായങ്ങളെയും ആദരിക്കുന്നു
◻ അനുദിനമുള്ള നല്ല ആശയവിനിമയം
◻ പരസ്പരം സന്തോഷിപ്പിക്കാൻ നോക്കുന്നു
◻ ഒരു നർമ്മബോധം; തന്നെക്കുറിച്ചുതന്നെ ചിരിക്കാനുള്ള കഴിവ്
◻ തെററുകൾ തുറന്നു സമ്മതിക്കുന്നു; ഔദാര്യമായി ക്ഷമിക്കുന്നു
◻ പ്രേമബന്ധത്തെ ജീവനുള്ളതായി നിലനിർത്തുന്നു
◻ കുട്ടികളെ വളർത്തുകയും അവർക്കു ശിക്ഷണം കൊടുക്കുകയും ചെയ്യുന്നതിൽ ഐക്യമുണ്ട്
◻ യഹോവയോടുള്ള പ്രാർത്ഥനയിൽ ക്രമമായുള്ള ഒത്തുചേരൽ
വിവാഹബന്ധത്തിനു തുരങ്കംവെക്കുന്ന നിഷേധാത്മകമായ ഘടകങ്ങൾ
◻ സ്വാർത്ഥതയും പിടിവാശിയും
◻ കാര്യങ്ങൾ ഒന്നിച്ചു ചെയ്യുന്നതിൽ പരാജയപ്പെടുന്നു
◻ വിരളമായ ആശയവിനിമയം
◻ ഇണകൾക്കിടയിൽ വേണ്ടത്ര ആലോചന ചോദിക്കലിന്റെ കുറവ്
◻ പണം മോശമായി കൈകാര്യം ചെയ്യൽ
◻ സ്വന്തം മക്കളോടും സ്വന്തമല്ലാത്ത മക്കളോടും ഇടപെടുന്നതിന്റെ മാനദണ്ഡങ്ങളിലെ വ്യത്യാസങ്ങൾ
◻ ഭർത്താവു വൈകുന്നതുവരെ ജോലി ചെയ്യുകയോ മററു കടമകൾനിമിത്തം കുടുംബത്തെ അവഗണിക്കുകയോ ചെയ്യൽ
◻ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കു കരുതുന്നതിലെ പരാജയം
[15-ാം പേജിലെ ചിത്രം]
വിവാഹത്തെ മാന്യമായി നിലനിർത്തുന്നതു നിലനില്ക്കുന്ന സന്തോഷം കൈവരുത്തുന്നു