കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
10 സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+ 2 അവരെല്ലാം മേഘംകൊണ്ടും കടൽകൊണ്ടും സ്നാനമേറ്റ് മോശയോടു ചേർന്നു. 3 എല്ലാവരും ഒരേ ആത്മീയാഹാരം കഴിച്ചു.+ 4 ഒരേ ആത്മീയപാനീയം കുടിച്ചു.+ അവരുടെകൂടെ പോന്ന ആത്മീയപാറയിൽനിന്നാണ് അവർ കുടിച്ചിരുന്നത്. ആ പാറ ക്രിസ്തുവായിരുന്നു.+ 5 എങ്കിലും അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് വിജനഭൂമിയിൽവെച്ച്* അവരെ കൊന്നുകളഞ്ഞു.+
6 അവരെപ്പോലെ മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ ഇതെല്ലാം നമുക്ക് ഒരു പാഠമാണ്.*+ 7 അവരിൽ ചിലരെപ്പോലെ വിഗ്രഹാരാധകരാകരുത്. “ജനം ഇരുന്ന് തിന്നുകുടിച്ചു. പിന്നെ, എഴുന്നേറ്റ് ആഘോഷിക്കാൻ തുടങ്ങി”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 8 അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരുത്. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസംകൊണ്ട് അവരിൽ 23,000 പേരാണു മരിച്ചുവീണത്.+ 9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+ 10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+ 11 ഈ കാര്യങ്ങൾ അവർക്കു സംഭവിച്ചതു നമുക്കൊരു പാഠമാണ്. വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായാണ് അവ എഴുതിയിരിക്കുന്നത്.+
12 അതുകൊണ്ട് നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.+ 13 പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.+ ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല.+ നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.+
14 അതുകൊണ്ട് പ്രിയപ്പെട്ടവരേ, വിഗ്രഹാരാധന വിട്ട് ഓടുക.+ 15 വിവേകികളോട് എന്നതുപോലെ ഞാൻ പറയുന്നു: ഞാൻ പറയുന്നത് നിങ്ങൾതന്നെ ഒന്നു വിലയിരുത്തിനോക്കൂ. 16 നന്ദി പറഞ്ഞ് പ്രാർഥിച്ചിട്ട് പാനപാത്രത്തിൽനിന്ന് കുടിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ രക്തത്തിൽ പങ്കുചേരുകയല്ലേ?+ അപ്പം നുറുക്കിയിട്ട് അതു കഴിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിൽ പങ്കുചേരുകയല്ലേ?+ 17 അപ്പം ഒന്നേ ഉള്ളൂ. നമ്മൾ പലരാണെങ്കിലും ആ ഒരേ അപ്പം കഴിക്കുന്നതിൽ പങ്കുചേരുന്നതുകൊണ്ട് നമ്മൾ ഒരു ശരീരമാണ്.+
18 ജഡപ്രകാരമുള്ള* ഇസ്രായേലിനെ നോക്കുക: ബലിവസ്തുക്കൾ കഴിക്കുന്നവർ യാഗപീഠവുമായി പങ്കുചേരുകയല്ലേ?+ 19 ഞാൻ എന്താണു പറഞ്ഞുവരുന്നത്? വിഗ്രഹത്തിന് അർപ്പിക്കുന്ന വസ്തുക്കൾക്കോ വിഗ്രഹത്തിനോ എന്തെങ്കിലും വിശേഷതയുണ്ടെന്നാണോ? 20 അല്ല. ജനതകൾ ബലി അർപ്പിക്കുന്നതു ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ്+ എന്നാണു ഞാൻ പറയുന്നത്. നിങ്ങൾ ഭൂതങ്ങളുമായി പങ്കുചേർന്ന് എന്തെങ്കിലും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.+ 21 നിങ്ങൾക്ക് ഒരേ സമയം യഹോവയുടെ* പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരേ സമയം “യഹോവയുടെ* മേശ”യിൽനിന്നും+ ഭൂതങ്ങളുടെ മേശയിൽനിന്നും കഴിക്കാനും കഴിയില്ല. 22 ‘നമ്മൾ യഹോവയെ* രോഷംകൊള്ളിക്കുകയാണോ?’+ നമ്മൾ എന്താ ദൈവത്തെക്കാൾ ശക്തരാണോ?
23 എല്ലാം അനുവദനീയമാണ്; പക്ഷേ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം അനുവദനീയമാണ്; പക്ഷേ എല്ലാം ബലപ്പെടുത്തുന്നില്ല.+ 24 തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.+
25 ചന്തയിൽ വിൽക്കുന്ന ഏതു മാംസവും നിങ്ങളുടെ മനസ്സാക്ഷിയെ കരുതി ഒന്നും അന്വേഷിക്കാതെ കഴിച്ചുകൊള്ളുക. 26 കാരണം, “ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്.”*+ 27 അവിശ്വാസികളിൽ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചിട്ട് നിങ്ങൾ പോകാൻ തീരുമാനിക്കുന്നെന്നിരിക്കട്ടെ. നിങ്ങളുടെ മുന്നിൽ വിളമ്പുന്നത് എന്തും നിങ്ങളുടെ മനസ്സാക്ഷിയെ കരുതി ഒന്നും അന്വേഷിക്കാതെ കഴിച്ചുകൊള്ളുക. 28 എന്നാൽ ആരെങ്കിലും നിങ്ങളോട്, “ഇതു വിഗ്രഹങ്ങൾക്ക് അർപ്പിച്ചതാണ്” എന്നു പറയുന്നെങ്കിൽ അതു പറഞ്ഞയാളെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്.+ 29 ഞാൻ നിന്റെ മനസ്സാക്ഷിയെ അല്ല, മറ്റേ ആളിന്റെ മനസ്സാക്ഷിയെയാണ് ഉദ്ദേശിച്ചത്. എന്റെ സ്വാതന്ത്ര്യത്തെ മറ്റൊരാളുടെ മനസ്സാക്ഷി എന്തിനു വിധിക്കണം?+ 30 നന്ദിയോടെ അതു കഴിക്കുന്ന ഞാൻ, നന്ദി പറഞ്ഞ് പ്രാർഥിച്ച ഒന്നിന്റെ പേരിൽ വെറുതേ എന്തിന് കുറ്റം വിധിക്കപ്പെടണം?+
31 അതുകൊണ്ട് നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ് എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.+ 32 നിങ്ങൾ കാരണം ജൂതന്മാരോ ഗ്രീക്കുകാരോ ദൈവത്തിന്റെ സഭയിൽപ്പെട്ടവരോ ഇടറിവീഴാൻ ഇടയാകരുത്.+ 33 ഞാനും അതാണു ചെയ്യുന്നത്. എനിക്ക് എന്തു നേട്ടമുണ്ടെന്നല്ല,+ അവർക്ക് എന്തു നേട്ടമുണ്ടാകുമെന്നു നോക്കി ഞാൻ എല്ലാവരെയും എല്ലാ കാര്യത്തിലും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. അങ്ങനെ അവരെ രക്ഷയിലേക്കു നയിക്കുകയാണ് എന്റെ ലക്ഷ്യം.+