ഇന്നു ദൈവജനത്തെ നയിക്കുന്നത് ആരാണ്?
“നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക.”—എബ്രാ. 13:7.
1, 2. യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം അപ്പോസ്തലന്മാർ എന്തു ചിന്തിച്ചിട്ടുണ്ടായിരിക്കാം?
യേശുവിന്റെ അപ്പോസ്തലന്മാർ ആകാശത്തേക്കു നോക്കി ഒലിവുമലയിൽ അങ്ങനെ നിന്നു. അവരുടെ നാഥനും സുഹൃത്തും ആയ യേശു അവരെ വിട്ട് ആകാശത്തേക്ക് ഉയർന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു മേഘം യേശുവിനെ അവരുടെ കാഴ്ചയിൽനിന്ന് മറച്ചു. (പ്രവൃ. 1:9, 10) കഴിഞ്ഞ രണ്ടു വർഷമായി, അവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നയിക്കാനും യേശു കൂടെയുണ്ടായിരുന്നു. ഇപ്പോൾ യേശു അവരെ വിട്ടുപിരിഞ്ഞു. ഇനി അവർ എന്തു ചെയ്യും?
2 യേശു അനുഗാമികളോട് ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) ആ നിയമനം നിർവഹിക്കാൻ അവർക്ക് എങ്ങനെ കഴിയുമായിരുന്നു? അവർക്കു പെട്ടെന്നുതന്നെ പരിശുദ്ധാത്മാവ് ലഭിക്കുമെന്നു യേശു ഉറപ്പു കൊടുത്തിരുന്നു. (പ്രവൃ. 1:5) എന്നാൽ ഭൂലോകത്തെങ്ങും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എത്തിക്കുന്നതിനു നല്ല സംഘാടനവും മേൽനോട്ടവും ആവശ്യമായിരുന്നു. പുരാതനനാളുകളിൽ ദൈവജനത്തെ നയിക്കാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചു. അതുകൊണ്ട്, ‘യഹോവ ഇപ്പോൾ ഒരു പുതിയ നേതാവിനെ നിയമിക്കുമോ’ എന്ന് അപ്പോസ്തലന്മാർ ഒരുപക്ഷേ ചിന്തിച്ചിരിക്കാം.
3. (എ) യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം അപ്പോസ്തലന്മാർ പ്രധാനപ്പെട്ട ഏതു തീരുമാനം കൈക്കൊണ്ടു? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
3 കുറച്ച് ദിവസങ്ങൾക്കു ശേഷം, ശിഷ്യന്മാർ തിരുവെഴുത്തുകൾ പരിശോധിക്കുകയും ദൈവത്തിന്റെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും ചെയ്തിട്ട് യൂദാസ് ഈസ്കര്യോത്തിനു പകരം 12-ാമത്തെ അപ്പോസ്തലനായി മത്ഥിയാസിനെ തിരഞ്ഞെടുത്തു. (പ്രവൃ. 1:15-26) യഹോവയും അപ്പോസ്തലന്മാരും ഈ തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട ഒന്നായി കണ്ടത് എന്തുകൊണ്ട്? സംഘടനയിൽ 12 അപ്പോസ്തലന്മാർ ആവശ്യമാണെന്നു ശിഷ്യന്മാർ മനസ്സിലാക്കി.a ശുശ്രൂഷയിൽ ഒരു കൂട്ടിനുവേണ്ടി മാത്രമല്ല യേശു അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. ദൈവജനത്തിന് ഇടയിൽ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം നിർവഹിക്കേണ്ടവരാണ് അവർ എന്ന കാര്യവും യേശുവിന്റെ മനസ്സിലുണ്ടായിരുന്നു. എന്തായിരുന്നു ആ ഉത്തരവാദിത്വം? അതു നിർവഹിക്കാൻ യേശുവിലൂടെ യഹോവ എങ്ങനെയാണ് അവരെ സജ്ജരാക്കിയത്? ഇന്നു ദൈവജനത്തിന് ഇടയിൽ സമാനമായ എന്തു ക്രമീകരണമാണുള്ളത്? ‘നേതൃത്വമെടുക്കുന്നവരെ ഓർക്കാൻ’ നമുക്ക് എങ്ങനെ കഴിയും, പ്രത്യേകിച്ച് ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ?’—എബ്രാ. 13:7; മത്താ. 24:45.
അദൃശ്യനേതാവിനു കീഴിൽ ദൃശ്യമായ ഒരു കൂട്ടം
4. ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലന്മാരും യരുശലേമിലെ മറ്റു മൂപ്പന്മാരും ക്രിസ്തീയസഭയുടെ വളർച്ചയിൽ എന്തു പങ്കു വഹിച്ചു?
4 എ.ഡി. 33-ലെ പെന്തിക്കോസ്തുമുതലാണ് അപ്പോസ്തലന്മാർ ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കാൻ തുടങ്ങിയത്. അന്നേ ദിവസം “പത്രോസ് മറ്റ് 11 അപ്പോസ്തലന്മാരോടൊപ്പം എഴുന്നേറ്റുനിന്ന്” ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും അടങ്ങുന്ന ഒരു വലിയ കൂട്ടത്തോടു ജീവരക്ഷാകരമായ സത്യങ്ങൾ പങ്കുവെച്ചു. (പ്രവൃ. 2:14, 15) അവരിൽ പലരും വിശ്വാസികളായിത്തീർന്ന് ‘ഉത്സാഹത്തോടെ അപ്പോസ്തലന്മാരിൽനിന്ന് പഠിക്കാൻതുടങ്ങി.’ (പ്രവൃ. 2:42) സഭയുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതും അപ്പോസ്തലന്മാരായിരുന്നു. (പ്രവൃ. 4:34, 35) ദൈവജനത്തിന്റെ ആത്മീയമായ ആവശ്യങ്ങളും അവർ നിറവേറ്റി. അപ്പോസ്തലന്മാർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും മുഴുകട്ടെ.” (പ്രവൃ. 6:4) പുതിയ പ്രദേശങ്ങളിൽ സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിന് അവർ അനുഭവപരിചയമുള്ള ക്രിസ്ത്യാനികളെ നിയമിക്കുകയും ചെയ്തു. (പ്രവൃ. 8:14, 15) കാലം കടന്നുപോയപ്പോൾ, സഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഭിഷിക്തരായ മറ്റു ചില മൂപ്പന്മാരും അപ്പോസ്തലന്മാരോടു ചേർന്നു. അവർ ഒരു ഭരണസംഘമായി പ്രവർത്തിച്ച് എല്ലാ സഭകൾക്കുംവേണ്ട നിർദേശങ്ങൾ കൊടുത്തു.—പ്രവൃ. 15:2.
5, 6. (എ) പരിശുദ്ധാത്മാവ് എങ്ങനെയാണു ഭരണസംഘത്തെ ശക്തീകരിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ദൈവദൂതന്മാർ എങ്ങനെയാണു ഭരണസംഘത്തെ സഹായിച്ചത്? (സി) ദൈവവചനം എങ്ങനെയാണു ഭരണസംഘത്തിനു വഴി കാണിച്ചത്?
5 യേശുവിനെ ഉപയോഗിച്ച് യഹോവയാണു ഭരണസംഘത്തെ നയിച്ചതെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നു. അവർക്ക് അത് ഉറപ്പായിരുന്നത് എന്തുകൊണ്ട്? ഒന്നാമതായി, പരിശുദ്ധാത്മാവ് ഭരണസംഘത്തെ ശക്തിപ്പെടുത്തി. (യോഹ. 16:13) എല്ലാ അഭിഷിക്തക്രിസ്ത്യാനികൾക്കും പരിശുദ്ധാത്മാവ് ലഭിച്ചിരുന്നു. എന്നാൽ മേൽവിചാരകന്മാർ എന്ന ഉത്തരവാദിത്വം കൈകാര്യം ചെയ്യാൻ അപ്പോസ്തലന്മാരെയും യരുശലേമിലെ മറ്റു മൂപ്പന്മാരെയും പരിശുദ്ധാത്മാവ് പ്രത്യേകവിധത്തിൽ സഹായിച്ചു. ഉദാഹരണത്തിന്, എ.ഡി. 49-ൽ പരിച്ഛേദന സംബന്ധിച്ച തർക്കത്തിൽ ശരിയായ തീരുമാനമെടുക്കാൻ പരിശുദ്ധാത്മാവ് ഭരണസംഘത്തെ സഹായിച്ചു. അവരുടെ നിർദേശം പിൻപറ്റിയപ്പോൾ “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.” (പ്രവൃ. 16:4, 5) ആ തീരുമാനം അറിയിച്ചുകൊണ്ടുള്ള ഭരണസംഘത്തിന്റെ കത്തു വെളിപ്പെടുത്തുന്നത്, അവർക്കു ദൈവാത്മാവുണ്ടായിരുന്നെന്നും സ്നേഹവും വിശ്വാസവും പോലുള്ള ഗുണങ്ങൾ അവർ കാണിച്ചിരുന്നെന്നും ആണ്.—പ്രവൃ. 15:11, 25-29; ഗലാ. 5:22, 23.
6 രണ്ടാമതായി, ദൈവദൂതന്മാർ ഭരണസംഘത്തെ സഹായിച്ചു. അപ്പോസ്തലനായ പത്രോസിനെ വിളിച്ചുവരുത്താൻ കൊർന്നേല്യൊസിനോടു പറഞ്ഞത് ഒരു ദൈവദൂതനായിരുന്നു. കൊർന്നേല്യൊസും ബന്ധുക്കളും പരിച്ഛേദനയേറ്റിട്ടില്ലാത്തവർ ആയിരുന്നെങ്കിലും പത്രോസിന്റെ പ്രസംഗത്തിനു ശേഷം അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു. അങ്ങനെ കൊർന്നേല്യൊസ് സ്നാനമേറ്റ് ജനതകളിൽനിന്നുള്ള, പരിച്ഛേദനയേറ്റിട്ടില്ലാത്ത ആദ്യത്തെ ക്രിസ്ത്യാനിയായി. ജനതകളിൽനിന്നുള്ള പരിച്ഛേദനയേറ്റിട്ടില്ലാത്തവരെ ക്രിസ്തീയസഭയിലെ അംഗങ്ങളായി അംഗീകരിക്കുകയെന്ന ദൈവേഷ്ടം അനുസരിക്കാൻ അപ്പോസ്തലന്മാരെയും മറ്റു സഹോദരന്മാരെയും പ്രേരിപ്പിച്ചത് ഈ സംഭവമായിരുന്നു. (പ്രവൃ. 11:13-18) ഇതു മാത്രമല്ല, ഭരണസംഘം മേൽനോട്ടം വഹിച്ചിരുന്ന പ്രസംഗപ്രവർത്തനത്തെ ദൈവദൂതന്മാർ ഉത്സാഹത്തോടെ പിന്തുണയ്ക്കുകയും ചെയ്തു. (പ്രവൃ. 5:19, 20) മൂന്നാമതായി, ദൈവവചനം ഭരണസംഘത്തിനു വഴി കാണിച്ചു. പഠിപ്പിക്കലുകളുടെ കാര്യത്തിലും സംഘടനാപരമായ നിർദേശങ്ങളുടെ കാര്യത്തിലും തീരുമാനങ്ങളെടുക്കാൻ ആ അഭിഷിക്തമൂപ്പന്മാരെ സഹായിച്ചതു തിരുവെഴുത്തുകളായിരുന്നു.—പ്രവൃ. 1:20-22; 15:15-20.
7. ആദ്യകാലക്രിസ്ത്യാനികളെ യേശുവാണു നയിച്ചതെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 സഭയുടെ മേൽ ഭരണസംഘത്തിന് അധികാരമുണ്ടായിരുന്നെങ്കിലും ഭരണസംഘം തങ്ങളുടെ നേതാവായി കണ്ടതു യേശുവിനെയായിരുന്നു. ‘ക്രിസ്തു ചിലരെ അപ്പോസ്തലന്മാരായി തന്നു’ എന്നും “നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക് എല്ലാ കാര്യത്തിലും വളർന്നുവരാം” എന്നും അപ്പോസ്തലനായ പൗലോസ് എഴുതി. (എഫെ. 4:11, 15) പ്രമുഖനായ ഏതെങ്കിലുമൊരു അപ്പോസ്തലന്റെ പേരിലല്ല, പകരം ‘ദൈവഹിതമനുസരിച്ച് ശിഷ്യന്മാർ ക്രിസ്ത്യാനികൾ’ എന്നാണ് അറിയപ്പെട്ടത്. (പ്രവൃ. 11:26) അപ്പോസ്തലന്മാരും നേതൃത്വമെടുത്ത മറ്റു സഹോദരന്മാരും കൈമാറിക്കൊടുത്ത “പാരമ്പര്യങ്ങൾ,” അഥവാ തിരുവെഴുത്തടിസ്ഥാനമുള്ള രീതികൾ, പിൻപറ്റേണ്ടതു പ്രധാനമാണെന്നു പൗലോസ് പറഞ്ഞു. എന്നാൽ അതോടൊപ്പം പൗലോസ് ഇക്കാര്യം ഓർമിപ്പിച്ചു: “ഏതു പുരുഷന്റെയും തല ക്രിസ്തു.” ഭരണസംഘത്തിലുള്ളവരുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. പൗലോസ് തുടർന്നു: “ക്രിസ്തുവിന്റെ തല ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരി. 11:2, 3) അതെ, ക്രിസ്തുവാണു തന്റെ തലയായ യഹോവയുടെ നിർദേശങ്ങൾക്കു ചേർച്ചയിൽ അദൃശ്യമായി സഭയെ നയിച്ചുകൊണ്ടിരുന്നത്.
“ഇതു മനുഷ്യരുടെ പ്രവർത്തനമല്ല”
8, 9. ഏതു സുപ്രധാനകാര്യമാണ് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റസ്സൽ സഹോദരൻ ചെയ്തത്?
8 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ചാൾസ് റ്റെയ്സ് റസ്സൽ സഹോദരനും സഹകാരികളും സത്യക്രിസ്ത്യാനിത്വം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബൈബിൾസത്യം വ്യത്യസ്തഭാഷകളിൽ പ്രചരിപ്പിക്കുന്നതിനു നിയമസാധുത ലഭിക്കാൻ, 1884-ൽ സയൺസ് വാച്ച് ടവർ ട്രാക്റ്റ് സൊസൈറ്റിb രൂപീകരിച്ചു. റസ്സൽ സഹോദരനായിരുന്നു അതിന്റെ പ്രസിഡന്റ്. ദൈവവചനം ഉത്സാഹത്തോടെ പഠിച്ചിരുന്ന ഒരാളായിരുന്നു റസ്സൽ സഹോദരൻ. ത്രിത്വം, ആത്മാവ് മരിക്കുന്നില്ല എന്നതുപോലുള്ള പഠിപ്പിക്കലുകൾ തെറ്റാണെന്ന് അദ്ദേഹം ധീരമായി തുറന്നുകാട്ടി. ക്രിസ്തുവിന്റെ മടങ്ങിവരവ് അദൃശ്യമായിട്ടായിരിക്കുമെന്നും “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” 1914-ൽ അവസാനിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. (ലൂക്കോ. 21:24) ഈ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം രാപ്പകലില്ലാതെ അധ്വാനിക്കുകയും ഉദാരമായി പണം മുടക്കുകയും ചെയ്തു. വ്യക്തമായും, ആ നിർണായകകാലത്ത് യഹോവയും സഭയുടെ തലയായ യേശുവും റസ്സൽ സഹോദരനെ ഉപയോഗിക്കുകയായിരുന്നു.
9 മനുഷ്യരുടെ ബഹുമതി നേടിയെടുക്കുക എന്നതല്ലായിരുന്നു റസ്സൽ സഹോദരന്റെ ലക്ഷ്യം. 1896-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങളെയോ ഞങ്ങൾ എഴുതുന്ന കാര്യങ്ങളെയോ ആരും ഭക്ത്യാദരങ്ങളോടെ വീക്ഷിക്കരുത്; ഞങ്ങളെ ആരും അഭിവന്ദ്യരെന്നോ റബ്ബിമാരെന്നോ അഭിസംബോധന ചെയ്യാനും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ആരെങ്കിലും ഞങ്ങളുടെ പേരിൽ അറിയപ്പെടണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം പിന്നീട് ഇങ്ങനെ പറഞ്ഞു: “ഇതു മനുഷ്യരുടെ പ്രവർത്തനമല്ല, ദൈവത്തിന്റേതാണ്.”
10. (എ) യേശു എന്നാണു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിച്ചത്? (ബി) വാച്ച് ടവർ സൊസൈറ്റിയും ഭരണസംഘവും രണ്ടും രണ്ടാണെന്നു വ്യക്തമായിത്തീർന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
10 റസ്സൽ സഹോദരൻ മരിച്ച് മൂന്നു വർഷത്തിനു ശേഷം 1919-ൽ ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ യേശു നിയമിച്ചു. എന്തിനുവേണ്ടി? ‘വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കുന്നതിന്.’ (മത്താ. 24:45) അക്കാലത്ത് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്ത് സേവിച്ച അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടം, ആത്മീയാഹാരം തയ്യാറാക്കി യേശുവിന്റെ അനുഗാമികൾക്കു വിതരണം ചെയ്തിരുന്നു. 1940-കളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ “ഭരണസംഘം” എന്ന പദം ഉപയോഗിച്ചുതുടങ്ങി. അതു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുമായി അടുത്ത് ബന്ധമുള്ള ഒന്നാണെന്നാണ് അക്കാലത്ത് നമ്മൾ മനസ്സിലാക്കിയിരുന്നത്. എന്നാൽ 1971-ൽ വാച്ച് ടവർ സൊസൈറ്റിയും അതിന്റെ ഡയറക്ടർമാരും അല്ല ഭരണസംഘം എന്നു വ്യക്തമായി. വാച്ച് ടവർ സൊസൈറ്റി എന്നതു ഗവൺമെന്റുനിയമപ്രകാരം രൂപീകരിച്ച ഒരു സംഘടന മാത്രമാണ്. അതുകൊണ്ടുതന്നെ, പിന്നീടു ഭരണസംഘത്തിൽ അംഗങ്ങളായ അഭിഷിക്തസഹോദരന്മാരിൽ ചിലർ വാച്ച് ടവർ സൊസൈറ്റിയുടെ ഡയറക്ടർമാരല്ലായിരുന്നു. ഈ അടുത്ത കാലത്തായി ‘വേറെ ആടുകളിൽപ്പെട്ട’ പക്വതയുള്ള സഹോദരന്മാരും ആ സൊസൈറ്റിയുടെയും ദൈവജനം ഉപയോഗിക്കുന്ന മറ്റു കോർപ്പറേഷനുകളുടെയും ഡയറക്ടർമാരായി സേവിക്കുന്നു. ഈ മാറ്റം, ആത്മീയകാര്യങ്ങൾ പഠിപ്പിക്കുന്നതിലും അതിനു മേൽനോട്ടം വഹിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭരണസംഘത്തെ സഹായിക്കുന്നു. (യോഹ. 10:16; പ്രവൃ. 6:4) ഭരണസംഘമായി വർത്തിക്കുന്ന അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടമാണു “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്ന് 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരം വിശദീകരിച്ചു.
11. ഭരണസംഘം എങ്ങനെയാണു പ്രവർത്തിക്കുന്നത്?
11 ഭരണസംഘം കൂടിയാലോചിച്ചാണു പ്രധാനപ്പെട്ട ഓരോ തീരുമാനവുമെടുക്കുന്നത്. അവർ ആഴ്ചയിൽ ഒരിക്കൽ കൂടിവരും. അത് അവർക്കിടയിലെ ആശയവിനിമയവും അവരുടെ ഐക്യവും വർധിപ്പിക്കുന്നു. (സുഭാ. 20:18) ഭരണസംഘത്തിലെ ഒരു അംഗത്തിനും മറ്റൊരു അംഗത്തെക്കാൾ പ്രാധാന്യമില്ല. അതുകൊണ്ട് ഭരണസംഘത്തിന്റെ ആഴ്ചതോറുമുള്ള മീറ്റിങ്ങിന് അധ്യക്ഷത വഹിക്കുന്നത് ഓരോ വർഷവും അവരിൽ ഓരോരുത്തരായിരിക്കും. (1 പത്രോ. 5:1) അതുപോലെ ഭരണസംഘത്തിനു കീഴിലുള്ള ആറു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നതും ഓരോ വർഷവും വെവ്വേറെ ഭരണസംഘാംഗങ്ങളായിരിക്കും. മറ്റു സഹോദരങ്ങളുടെ നേതാവായിട്ടല്ല, പകരം ‘വീട്ടുജോലിക്കാരിൽ’ ഒരാളായിട്ടാണ് ഓരോ ഭരണസംഘാംഗവും അവരെത്തന്നെ വീക്ഷിക്കുന്നത്. അവരും വിശ്വസ്തനായ അടിമയിൽനിന്നുള്ള ആത്മീയഭക്ഷണം സ്വീകരിക്കുകയും അടിമയ്ക്കു കീഴ്പെട്ടിരിക്കുകയും ചെയ്യുന്നു.
“വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?”
12. ഭരണസംഘത്തെക്കുറിച്ച് ഏതൊക്കെ ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം?
12 ദൈവാത്മാവ് നേരിട്ട് അത്ഭുതകരമായി അവരോടു സംസാരിക്കുന്നുണ്ടെന്നോ അവർക്കു തെറ്റുകൾ പറ്റില്ലെന്നോ ഭരണസംഘം അവകാശപ്പെടാറില്ല. പഠിപ്പിക്കലുകളുടെ കാര്യത്തിലും സംഘടനാപരമായ നിർദേശങ്ങളുടെ കാര്യത്തിലും ചിലപ്പോൾ ഭരണസംഘത്തിനു തെറ്റു പറ്റിയേക്കാം. അതു തിരിച്ചറിയുമ്പോൾ അവർ മാറ്റങ്ങൾ വരുത്തുന്നു. 1870 മുതൽ തിരുവെഴുത്തുഗ്രാഹ്യത്തിന്റെ കാര്യത്തിൽ നമ്മൾ വരുത്തിയ പൊരുത്തപ്പെടുത്തലുകൾ വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയുടെ (ഇംഗ്ലീഷ്) “വിശ്വാസങ്ങളിലെ പൊരുത്തപ്പെടുത്തലുകൾ” (“Beliefs Clarified”) എന്ന ഭാഗത്ത് പട്ടികപ്പെടുത്തിയിട്ടുണ്ട്.c വിശ്വസ്തനായ അടിമ എല്ലാം തികഞ്ഞ ആത്മീയാഹാരമായിരിക്കും തയ്യാറാക്കുന്നതെന്നു യേശു ഒരിക്കലും പറഞ്ഞില്ല. അങ്ങനെയെങ്കിൽ “വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്” എന്ന യേശുവിന്റെ ചോദ്യത്തിനു നമുക്ക് എങ്ങനെ ഉത്തരം കണ്ടെത്താനാകും? (മത്താ. 24:45) യഹോവയുടെ സാക്ഷികളുടെ ഭരണസംഘംതന്നെയാണ് ആ അടിമ എന്നതിന് എന്തു തെളിവുണ്ട്? ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെ സഹായിച്ച മൂന്നു കാര്യങ്ങൾ ഇന്നത്തെ ഭരണസംഘത്തിനു ബാധകമാകുന്നുണ്ടോ എന്നു നമുക്ക് ഇപ്പോൾ നോക്കാം.
13. പരിശുദ്ധാത്മാവ് ഭരണസംഘത്തെ എങ്ങനെയാണു സഹായിക്കുന്നത്?
13 പരിശുദ്ധാത്മാവിന്റെ സഹായം. മുമ്പ് മനസ്സിലാകാതിരുന്ന ബൈബിൾസത്യങ്ങൾ ഗ്രഹിക്കാൻ ഭരണസംഘത്തെ പരിശുദ്ധാത്മാവ് സഹായിച്ചിരിക്കുന്നു. ഉദാഹരണത്തിന്, മുൻഖണ്ഡികയിൽ പറഞ്ഞ വിശ്വാസങ്ങളിലെ പൊരുത്തപ്പെടുത്തലുകൾ എന്ന പട്ടികയെക്കുറിച്ച് ഒന്നു ചിന്തിക്കുക. “ഗഹനമായ ദൈവകാര്യങ്ങൾ” സ്വന്തമായി കണ്ടെത്താനും വിശദീകരിക്കാനും ഒരു മനുഷ്യനും കഴിയില്ല. (1 കൊരിന്ത്യർ 2:10 വായിക്കുക.) പൗലോസിന്റെ അതേ വാക്കുകളാണു ഭരണസംഘത്തിനും പറയാനുള്ളത്: “മനുഷ്യജ്ഞാനത്തിൽനിന്ന് പഠിച്ച വാക്കുകൾ ഉപയോഗിച്ചല്ല, ദൈവാത്മാവ് പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു ഞങ്ങൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നത്.” (1 കൊരി. 2:13) വിശ്വാസത്യാഗവും ആത്മീയ അന്ധകാരവും കൊടികുത്തിവാണ നൂറ്റാണ്ടുകൾക്കു ശേഷം 1919 മുതൽ ബൈബിൾസത്യങ്ങളുടെ ഒരു കലവറ നമുക്കു തുറന്നുകിട്ടിയിരിക്കുന്നു. ഭരണസംഘത്തെ പരിശുദ്ധാത്മാവ് സഹായിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്?
14. വെളിപാട് 14:6, 7 പറയുന്നതനുസരിച്ച് ദൈവദൂതന്മാർ ഇന്നു ദൈവജനത്തെ സഹായിക്കുന്നത് എങ്ങനെ?
14 ദൈവദൂതന്മാരുടെ സഹായം. 80 ലക്ഷത്തിലധികം സുവിശേഷകരുള്ള ഒരു അന്താരാഷ്ട്ര പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണു ഭരണസംഘത്തിനുള്ളത്. ഇതു വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ എങ്ങനെയാണു കഴിയുന്നത്? ദൈവദൂതന്മാരുടെ പിന്തുണയാണ് ഒരു പ്രധാനഘടകം. (വെളിപാട് 14:6, 7 വായിക്കുക.) സഹായത്തിനായി ആളുകൾ പ്രാർഥിച്ചുകൊണ്ടിരുന്ന സമയത്ത് അവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ അനേകം പ്രചാരകർക്കുണ്ട്.d മാത്രമല്ല, കടുത്ത എതിർപ്പുകളുള്ള ചില ദേശങ്ങളിലും നമ്മൾ പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനത്തിൽ പുരോഗതി നേടുകയാണ്. ഇതും നമുക്കു മനുഷ്യാതീതസഹായമുണ്ട് എന്നതിന്റെ തെളിവല്ലേ?
15. ഭരണസംഘവും ക്രൈസ്തവനേതാക്കന്മാരും തമ്മിൽ എന്തു വ്യത്യാസമുണ്ട്? ഉദാഹരണം പറയുക.
15 ദൈവവചനം വഴിനടത്തുന്നു. (യോഹന്നാൻ 17:17 വായിക്കുക.) 1973-ൽ സംഭവിച്ച ഒരു കാര്യം നോക്കാം. ആ വർഷത്തെ ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു: “പുകയിലയോടുള്ള ആസക്തി ഉപേക്ഷിക്കാത്തവർക്കു സ്നാനപ്പെടാൻ യോഗ്യതയുണ്ടോ?” ഉത്തരം ഇതായിരുന്നു: “ഇല്ല എന്നതിലേക്കാണു തിരുവെഴുത്തുകൾ വിരൽചൂണ്ടുന്നത്.” ഈ ആശയത്തെക്കുറിച്ചുള്ള പല തിരുവെഴുത്തുകൾ പരാമർശിച്ചശേഷം, പശ്ചാത്തപിക്കാത്ത ഒരു പുകവലിക്കാരനെ സഭയിൽനിന്ന് പുറത്താക്കേണ്ടത് എന്തുകൊണ്ടാണെന്നും ആ മാസിക വിശദീകരിച്ചു. (1 കൊരി. 5:7; 2 കൊരി. 7:1) അത് ഇങ്ങനെ തുടർന്നു: “സ്വേച്ഛാധിപത്യപരമോ ഏകപക്ഷീയമോ ആയ ഒരു തീരുമാനമല്ല ഇത്. താൻ എങ്ങനെയുള്ളവനാണെന്നു ദൈവം തന്റെ വചനത്തിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു കർശനനിലപാടു ദൈവത്തിന്റേതാണ്.” മറ്റ് ഏതെങ്കിലും മതസംഘടന ഇതുപോലെ ദൈവവചനത്തിൽ പൂർണമായും ആശ്രയിക്കാൻ മനസ്സുകാണിച്ചിട്ടുണ്ടോ, പ്രത്യേകിച്ചും, അത്തരം നിലപാട് അതിലെ അംഗങ്ങൾക്കു ബുദ്ധിമുട്ടായിരിക്കുമ്പോൾ? ഐക്യനാടുകളിൽ ഇയ്യിടെ പുറത്തിറങ്ങിയ, മതത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “സഭയിലെ അംഗങ്ങൾക്കും പൊതുസമൂഹത്തിനും ഇഷ്ടമുള്ള വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് ക്രൈസ്തവനേതാക്കന്മാർ അവരുടെ പഠിപ്പിക്കലുകളിൽ കൂടെക്കൂടെ മാറ്റങ്ങൾ വരുത്താറുണ്ട്.” എന്നാൽ സാക്ഷികളുടെ ഭരണസംഘം തീരുമാനങ്ങളെടുക്കുന്നതു ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തിയാണ്, ജനപ്രീതിയാർജിച്ച അഭിപ്രായങ്ങൾക്കനുസരിച്ചല്ല. ഇന്നു ദൈവജനത്തെ നയിക്കുന്നത് യഹോവയാണെന്ന് ഇതു വ്യക്തമാക്കുന്നില്ലേ?
“നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക”
16. ഭരണസംഘത്തെ ഓർക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്?
16 എബ്രായർ 13:7 വായിക്കുക. “ഓർത്തുകൊള്ളുക” എന്ന പദം “പരാമർശിക്കുക” എന്നും പരിഭാഷപ്പെടുത്താനാകും. അതുകൊണ്ട് നമുക്കിടയിൽ ‘നേതൃത്വമെടുക്കുന്നവരെ ഓർക്കാൻ’ കഴിയുന്ന ഒരു വിധം പ്രാർഥനയിൽ ഭരണസംഘത്തിന്റെ കാര്യം പരാമർശിക്കുന്നതാണ്. (എഫെ. 6:18) ആത്മീയാഹാരം വിതരണം ചെയ്യുക, ലോകവ്യാപകമായി നടക്കുന്ന പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുക, ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുക തുടങ്ങിയ അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കുക. തീർച്ചയായും അവർക്കുവേണ്ടി നമ്മൾ കൂടെക്കൂടെ പ്രാർഥിക്കണം.
17, 18. (എ) ഭരണസംഘവുമായി സഹകരിച്ച് പ്രവർത്തിക്കാൻ എങ്ങനെ കഴിയും? (ബി) നമ്മുടെ പ്രസംഗപ്രവർത്തനം വിശ്വസ്തനായ അടിമയെയും യേശുവിനെയും പിന്തുണയ്ക്കുന്നത് എങ്ങനെ?
17 എന്നാൽ പ്രാർഥന മാത്രം പോരാ, ഭരണസംഘത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുകയും വേണം. പ്രസിദ്ധീകരണങ്ങളിലൂടെയും മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയും ഭരണസംഘം നമുക്ക് ആവശ്യമായ നിർദേശങ്ങൾ തരുന്നു. കൂടാതെ, അവർ സർക്കിട്ട് മേൽവിചാരകന്മാരെ നിയമിക്കുന്നു. സർക്കിട്ട് മേൽവിചാരകന്മാരാകട്ടെ സഭാമൂപ്പന്മാരെ നിയമിക്കുന്നു. ഭരണസംഘം കൊടുക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിച്ചുകൊണ്ട് സർക്കിട്ട് മേൽവിചാരകന്മാരും സഭാമൂപ്പന്മാരും അവരെ ‘ഓർക്കുന്നു.’ നമുക്കു വഴി കാണിക്കാൻ യേശു ഉപയോഗിക്കുന്ന ആ വ്യക്തികൾക്കു കീഴ്പെട്ടിരുന്നുകൊണ്ട് നായകനായ യേശുവിനോടു നമുക്കെല്ലാം ആദരവ് കാണിക്കാം.—എബ്രാ. 13:17.
18 പ്രസംഗപ്രവർത്തനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നതാണു ഭരണസംഘത്തെ ഓർക്കാൻ കഴിയുന്ന മറ്റൊരു വിധം. നേതൃത്വമെടുക്കുന്നവരുടെ വിശ്വാസം അനുകരിക്കാൻ ക്രിസ്ത്യാനികളോടു പൗലോസ് പറഞ്ഞു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുകൊണ്ട് വിശ്വസ്തനായ അടിമ അവർക്കു ശക്തമായ വിശ്വാസമുണ്ടെന്നു തെളിയിച്ചിരിക്കുന്നു. പ്രധാനപ്പെട്ട ഈ പ്രവർത്തനത്തിൽ അവരെ പിന്തുണയ്ക്കുന്ന വേറെ ആടുകളിൽപ്പെട്ട ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, നിങ്ങളുടെ നേതാവായ യേശു നിങ്ങളോട് ഈ വാക്കുകൾ പറയുമ്പോൾ നിങ്ങൾക്ക് എത്ര സന്തോഷം തോന്നുമെന്നു ചിന്തിക്കുക: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.”—മത്താ. 25:34-40.
19. നമ്മുടെ നേതാവായ യേശുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
19 സ്വർഗത്തിലേക്കു പോയപ്പോൾ യേശു തന്റെ അനുഗാമികളെ ഉപേക്ഷിച്ച് പോകുകയായിരുന്നില്ല. (മത്താ. 28:20) ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധാത്മാവിന്റെയും ദൈവദൂതന്മാരുടെയും ദൈവവചനത്തിന്റെയും സഹായം യേശു അനുഭവിച്ചറിഞ്ഞു. അതേ സഹായമാണു യേശു ഇന്നു വിശ്വസ്തനും വിവേകിയും ആയ അടിമയ്ക്കും കൊടുക്കുന്നത്. മറ്റ് അഭിഷിക്തരെപ്പോലെ വിശ്വസ്തനായ അടിമയിലെ അംഗങ്ങളും ‘കുഞ്ഞാട് എവിടെ പോയാലും കുഞ്ഞാടിനെ അനുഗമിക്കുന്നു.’ (വെളി. 14:4) അതുകൊണ്ട് വിശ്വസ്തനായ അടിമയുടെ മാർഗനിർദേശം പിൻപറ്റുമ്പോൾ നേതാവായ യേശുവിനെ അനുഗമിക്കുകയാണു നമ്മൾ. പെട്ടെന്നുതന്നെ യേശു നമ്മളെ നിത്യജീവനിലേക്കു നടത്തും. (വെളി. 7:14-17) ഏതു മനുഷ്യനേതാവിനാണ് അങ്ങനെയൊരു കാര്യം വാഗ്ദാനം ചെയ്യാനാകുക?
a തെളിവനുസരിച്ച്, 12 അപ്പോസ്തലന്മാർ ഭാവിയിൽ പുതിയ യരുശലേമിന്റെ ‘12 അടിസ്ഥാനശിലകളാകണം’ എന്നതായിരുന്നു യഹോവയുടെ ഉദ്ദേശ്യം. (വെളി. 21:14) അതുകൊണ്ട് വിശ്വസ്തരായി മരിക്കുന്ന അപ്പോസ്തലന്മാർക്കു പകരക്കാരെ കണ്ടുപിടിക്കേണ്ട ആവശ്യമില്ലായിരുന്നു.
b 1955 മുതൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
c യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി ആണ് ഉപയോഗിക്കുന്നതെങ്കിൽ “യഹോവയുടെ സാക്ഷികൾ” എന്ന വിഷയത്തിൻകീഴിലെ “വീക്ഷണങ്ങളും വിശ്വാസങ്ങളും” എന്ന ഉപതലക്കെട്ട് എടുത്തിട്ട് “നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച വിശദീകരണം” എന്ന ഭാഗം നോക്കുക.