യഹോവയെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുക
“അവനിലൂടെ [യേശുക്രിസ്തു] ദൈവത്തിന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലമാകുന്ന സ്തുതിയാഗം നമുക്ക് എല്ലായ്പ്പോഴും അവന് അർപ്പിക്കാം.”—എബ്രായർ 13:15.
1. എന്തു ചെയ്യാൻ യഹോവ പാപികളായ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു?
തനിക്ക് സ്വീകാര്യമായ യാഗങ്ങളർപ്പിക്കുന്നവരുടെ സഹായിയാണ് യഹോവ. അതുകൊണ്ട് തനിക്ക് ഒരു കാലത്ത് മൃഗ യാഗങ്ങളർപ്പിച്ച ഇസ്രായേല്യരുടെമേൽ അവന്റെ പ്രീതിയുണ്ടായിരുന്നു. എന്നാൽ അവർ ആവർത്തിച്ച് പാപംചെയ്ത ശേഷം എന്തു സംഭവിച്ചു? ഹോശെയാ പ്രവാചകൻ മുഖാന്തരം അവർ ഇങ്ങനെ പ്രോൽസാഹിപ്പിക്കപ്പെട്ടു: “ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിങ്കലേക്ക് മടങ്ങിവരുക, എന്തെന്നാൽ നിങ്ങൾ അകൃത്യത്താൽ ഇടറിപ്പോയിരിക്കുന്നു. നിങ്ങളോടുകൂടെ വചനങ്ങൾ എടുത്തുകൊണ്ട് യഹോവയിങ്കലേക്കു മടങ്ങിവരുക. ജനങ്ങളേ, നിങ്ങളെല്ലാം അവനോടു പറയുക: ‘നീ അകൃത്യം ക്ഷമിക്കേണമേ; നൻമ സ്വീകരിക്കേണമേ, ഞങ്ങൾ ഞങ്ങളുടെ അധരങ്ങളുടെ കാളമൂരികളെ തിരികെ അർപ്പിക്കും.’”—ഹോശെയാ 14:1, 2
2. ‘അധരങ്ങളുടെ കാളമൂരികൾ’ എന്തായിരുന്നു, അപ്പോസ്തലനായ പൗലോസ് ഹോശെയായുടെ പ്രവചനത്തെ പരാമർശിച്ചതെങ്ങനെ?
2 അങ്ങനെയാണ് ദൈവത്തിന്റെ പുരാതനജനം യഹോവയാം ദൈവത്തിന് ‘തങ്ങളുടെ അധരങ്ങളുടെ കാളമൂരികളെ’ അർപ്പിക്കാൻ പ്രോൽസാഹിപ്പിക്കപ്പെട്ടത്. അവ എന്തായിരുന്നു? ആത്മാർത്ഥമായ സ്തുതിയാഗങ്ങൾതന്നെ! ഈ പ്രവചനത്തെ പരാമർശിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ്, “ദൈവത്തിന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലമാകുന്ന സ്തുതിയാഗം അവന് അർപ്പിക്കാൻ” എബ്രായ ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു. (എബ്രായർ 13:15) ഇന്ന് അങ്ങനെയുള്ള യാഗങ്ങളർപ്പിക്കാൻ യഹോവയുടെ സാക്ഷികളെ എന്തിനു സഹായിക്കാൻ കഴിയും?
“അവരുടെ വിശ്വാസത്തെ അനുകരിക്കുക”
3. ചുരുക്കത്തിൽ, അപ്പോസ്തലനായ പൗലോസ് എബ്രായർ 13:7-ൽ എന്തു പറഞ്ഞു, ഏതു ചോദ്യം ഉന്നയിച്ചുകൊണ്ട്?
3 പൗലോസ് എബ്രായർക്ക് കൊടുത്ത ബുദ്ധിയുപദേശം ബാധകമാക്കുന്നത് നമ്മുടെ വലിയ സഹായിയായ യഹോവയാം ദൈവത്തിന് സ്വീകാര്യമായ യാഗങ്ങളർപ്പിക്കാൻ നമ്മെ പ്രാപ്തരാക്കും. ഉദാഹരണത്തിന്, അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങളോടു ദൈവവചനം സംസാരിച്ചവരായി നിങ്ങളുടെ ഇടയിൽ നായകത്വം വഹിക്കുന്നവരെ ഓർക്കുക, അവരുടെ നടത്ത എങ്ങനെ പരിണമിക്കുന്നുവെന്ന് വിചിന്തനംചെയ്യുമ്പോൾ അവരുടെ വിശ്വാസം അനുകരിക്കുക.” (എബ്രായർ 13:7) “നിങ്ങളുടെ ഇടയിൽ നായകത്വം വഹിക്കുന്നവരെ” അഥവാ “നിങ്ങളെ ഭരിക്കുന്നവരെ” “ഓർക്കുക” എന്നു പറഞ്ഞപ്പോൾ പൗലോസ് ആരെയാണ് പരാമർശിച്ചത്?—പുതിയലോകഭാഷാന്തരം റഫറൻസ ബൈബിൾ, അടിക്കുറിപ്പ്.
4. (എ) ഗ്രീക്ക് പാഠമനുസരിച്ച്, “നായകത്വം വഹിക്കുന്നവർ” എന്താണു ചെയ്യുന്നത്? (ബി) യഹോവയുടെ സാക്ഷികളുടെ ഇടയിൽ “നായകത്വം വഹിക്കുന്നവർ” ആരാണ്?
4 “നായകത്വം വഹിക്കുന്നവരെ” അഥവാ ഭരിക്കുന്നവരെ സംബന്ധിച്ച് പൗലോസ് പറഞ്ഞു. (വാക്യങ്ങൾ 7, 17, 24) “ഗവേൺ” (ഭരിക്കുക) എന്ന ഇംഗ്ലീഷ് പദം “ഒരു കപ്പലിനെ തിരിച്ചുവിടുക, നയിക്കുക, ഭരിക്കുക” എന്നർത്ഥമുള്ള കൈബർനാവോ എന്ന ഗ്രീക്ക്പദത്തിൽനിന്ന് ലത്തീനിലൂടെയാണ് ഉദ്ഭൂതമായത്. ക്രിസ്തീയ മൂപ്പൻമാർ പ്രാദേശിക സഭകളിൽ നായകത്വവും മാർഗ്ഗനിർദ്ദേശവും പ്രദാനംചെയ്തുകൊണ്ട് തങ്ങളുടെ “നയിക്കാനുള്ള പ്രാപ്തികൾ” (ഗ്രീക്ക്, കൈബർനെസീസ) ഉപയോഗിക്കുന്നതിനാൽ ഭരണംനടത്തുന്നു. (1 കൊരിന്ത്യർ 12:28) എന്നാൽ എല്ലാ സഭകൾക്കും മാർഗ്ഗനിർദ്ദേശവും ബുദ്ധിയുപദേശവും കൊടുക്കാൻ അപ്പോസ്തലൻമാരും യരുശലേമിലെ മററു മൂപ്പൻമാരും ഒരു സംഘമായി സേവിച്ചു. (പ്രവൃത്തികൾ 15:1, 2, 27-29) അതുകൊണ്ട് ഇന്ന്, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾക്ക് മൂപ്പൻമാരുടെ ഒരു ഭരണസംഘം ആത്മീയമേൽവിചാരണ ചെയ്യുന്നു.
5. നാം സഭാമൂപ്പൻമാർക്കും ഭരണസംഘത്തിലെ അംഗങ്ങൾക്കും വേണ്ടി എന്തുകൊണ്ട്, എങ്ങനെ പ്രാർത്ഥിക്കണം?
5 സ്ഥലത്തെ മൂപ്പൻമാരും ഭരണസംഘത്തിലെ അംഗങ്ങളുമാണ് നമ്മുടെ ഇടയിൽ നായകത്വം വഹിക്കുന്നത്; അതുകൊണ്ട്, നാം അവരെ ബഹുമാനിക്കുകയും സഭയെ ഭരിക്കാനാവശ്യമായ ജ്ഞാനം അവർക്ക് കൊടുക്കണമേയെന്ന് ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്യണം. (എഫേസ്യർ 1:15-17.) ‘നമ്മോടു ദൈവവചനം സംസാരിച്ച’ ഏതൊരാളെയും നാം ഓർക്കുന്നത് എത്ര ഉചിതമാണ്! തിമൊഥെയോസിനെ അവന്റെ അമ്മയും വല്യമ്മയും മാത്രമല്ല, പിന്നീട് പൗലോസും മററു ചിലരും പഠിപ്പിച്ചിരുന്നു. (2 തിമൊഥെയോസ് 1:5, 6; 3:14) അതുകൊണ്ട്, നായകത്വം വഹിക്കുന്നവരുടെ നടത്ത എങ്ങനെ പരിണമിക്കുന്നുവെന്ന് തിമൊഥെയോസിന് പരിചിന്തിക്കാൻ കഴിഞ്ഞു, അവരുടെ വിശ്വാസത്തെ അനുകരിക്കാനും കഴിഞ്ഞു.
6. നാം ആരുടെ വിശ്വാസത്തെ അനുകരിക്കണം, എന്നാൽ നാം ആരെ അനുഗമിക്കുന്നു?
6 ഹാബേൽ, നോഹ, അബ്രാഹാം, സാറാ, രാഹാബ്, മോശ എന്നിങ്ങനെയുള്ള വ്യക്തികൾ വിശ്വാസം പ്രകടമാക്കി. (എബ്രായർ 11:1-40) അങ്ങനെ, അവർ ദൈവത്തോട് വിശ്വസ്തരായി മരിച്ചതുകൊണ്ട് നമുക്ക് വിമുഖതകൂടാതെ അവരുടെ വിശ്വാസത്തെ അനുകരിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ നമ്മുടെ ഇടയിൽ നായകത്വം വഹിക്കുന്ന വിശ്വസ്തമനുഷ്യരുടെ ‘വിശ്വാസത്തെയും അനുകരിക്കാൻ’ കഴിയും. തീർച്ചയായും, നാം നമ്മുടെ ദൃഷ്ടികൾ ക്രിസ്തുവിൻമേൽ വെക്കുന്നതുകൊണ്ട് നാം അപൂർണ്ണമനുഷ്യരെ അനുഗമിക്കുന്നില്ല. ബൈബിൾ വിവർത്തകനായ എഡ്ഗാർ ജെ. ഗുഡ്സ്പീഡ് പറഞ്ഞതുപോല: “പുരാതനവീരൻമാർ വിശ്വാസിയുടെ മാതൃകകളല്ല, എന്തെന്നാൽ ക്രിസ്തുവിൽ അവന് മെച്ചപ്പെട്ട ഒരു മാതൃകയുണ്ട്. . . ക്രിസ്തീയ ഓട്ടക്കാരൻ തന്റെ ദൃഷ്ടി യേശുവിൻമേൽ പതിപ്പിക്കണം.” അതെ, ‘ക്രിസ്തു നാം അവന്റെ ചുവടുകൾ അടുത്തു പിന്തുടരേണ്ടതിന് നമുക്ക് ഒരു മാതൃക തന്നുകൊണ്ട് നമുക്കുവേണ്ടി കഷ്ടപ്പെട്ടു.’—1 പത്രോസ് 2:21; എബ്രായർ 12:1-3.
7. യേശുക്രിസ്തുവിനുവേണ്ടി കഷ്ടതയനുഭവിക്കുന്നതു സംബന്ധിച്ച നമ്മുടെ മനോഭാവത്തെ എബ്രായർ 13:8 എങ്ങനെ ബാധിക്കണം?
7 ദൈവപുത്രന്റെമേൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും ഒന്നുതന്നെ.” (എബ്രായർ 13:8) സ്തേഫാനോസിനെയും യാക്കോബിനെയും പോലുള്ള വിശ്വസ്തസാക്ഷികൾ യേശുവിന്റെ ഉറച്ച മാതൃകയെ അനുകരിച്ചുകൊണ്ട് അചഞ്ചലമായ നിർമ്മലത പാലിച്ചു. (പ്രവൃത്തികൾ 7:1-60) 12:1, 2) ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ മരിക്കാൻ അവർ സന്നദ്ധരായിരുന്നതുകൊണ്ട്, അവരുടെ വിശ്വാസം നമുക്ക് അനുകരണാർഹമാണ്. കഴിഞ്ഞ കാലത്തും ഇക്കാലത്തും ഭാവിയിൽപോലും ദൈവഭക്തിയുള്ളവർ യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ രക്തസാക്ഷിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നില്ല.
വ്യാജോപദേശങ്ങൾ ഒഴിവാക്കുക
8. എബ്രായർ 13:9-ലെ പൗലോസിന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ പരാവർത്തനം ചെയ്യും?
8 യേശുവിന്റെ വ്യക്തിത്വത്തിന്റെയും ഉപദേശങ്ങളുടെയും മാററമില്ലായ്മ അവനും അവന്റെ അപ്പോസ്തലൻമാരും പഠിപ്പിച്ചതിനോടു നാം പററിനിൽക്കാൻ ഇടയാക്കേണ്ടതാണ്. എബ്രായരോട് ഇങ്ങനെ പറയപ്പെട്ടു: “വിവിധവും വിചിത്രവുമായ ഉപദേശങ്ങളാൽ വലിച്ചുകൊണ്ടുപോകപ്പെടരുത്; ഭക്ഷ്യങ്ങളാലല്ല—അവയിൽ വ്യാപരിക്കുന്നവർക്ക് പ്രയോജനം കിട്ടിയിട്ടില്ല—അനർഹദയയാൽ ഹൃദയത്തിന് സ്ഥിരത കൊടുക്കപ്പെടുന്നത് നല്ലതാണ്.”—എബ്രായർ 13:9.
9. എബ്രായ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ പൗലോസ് ഏതു ശ്രേഷ്ഠകാര്യങ്ങളിലേക്കു വിരൽചൂണ്ടി?
9 യഹൂദൻമാർ സീനായിമലയിങ്കൽ നടന്ന ന്യായപ്രമാണത്തിന്റെ പകിട്ടേറിയ കൊടുക്കലും ദാവീദിന്റെ നിലനിൽക്കുന്ന രാജത്വവും പോലുള്ള കാര്യങ്ങളിലേക്കു വിരൽചൂണ്ടി. എന്നാൽ ന്യായപ്രമാണത്തിന്റെ സ്ഥാപിക്കൽ ഭയാദരവുണർത്തുന്നതായിരുന്നെങ്കിലും, പുതിയ ഉടമ്പടി ഉൽഘാടനംചെയ്യപ്പെട്ടപ്പോൾ യഹോവ അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും പരിശുദ്ധാത്മ വിതരണങ്ങളാലും കൂടുതൽ ശക്തിമത്തായി സാക്ഷ്യം വഹിച്ചുവെന്ന് പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്കു കാണിച്ചുകൊടുത്തു. (പ്രവൃത്തികൾ 2:1-4; എബ്രായർ 2:2-4) ദാവീദിക ഭരണാധികാരികളുടെ ഭൗമിക രാജത്വം ക്രി.മു. 607-ൽ ഇളകിപ്പോയതുപോലെ, ക്രിസ്തുവിന്റെ സ്വർഗ്ഗീയ രാജ്യം ഇളക്കപ്പെടാൻ കഴിയുന്നതല്ല. (എബ്രായർ 1:8, 9; 12:28) തന്നെയുമല്ല, യഹോവ അഭിഷിക്തരെ കൂട്ടിച്ചേർക്കുന്നത് സീനായ് മലയിങ്കലെ അത്ഭുതപ്രദർശനത്തെക്കാൾ വളരെയധികം ഭയാദരവുണർത്തുന്ന ഒന്നിന്റെ മുമ്പാകെയാണ്, എന്തെന്നാൽ അവർ സ്വർഗ്ഗീയ സീയോൻ മലയെയാണ് സമീപിക്കുന്നത്.—എബ്രായർ 12:18-27.
10. എബ്രായർ 13:9 അനുസരിച്ച്, എന്തിനാൽ ഹൃദയത്തിന് സ്ഥിരത കൊടുക്കപ്പെടുന്നു?
10 അതുകൊണ്ട് എബ്രായർ യഹൂദമതക്കാരുടെ “വിവിധവും വിചിത്രവുമായ ഉപദേശങ്ങളാൽ വലിച്ചുകൊണ്ടുപോക”പ്പെടുന്നത് ഒഴിവാക്കണമായിരുന്നു. (ഗലാത്യർ 5:1-6) അങ്ങനെയുള്ള ഉപദേശങ്ങളാലല്ല, പിന്നെയോ ‘ദൈവത്തിന്റെ അനർഹദയയാലാണ്’ സത്യത്തിൽ ഉറച്ചുനിൽക്കത്തക്കവണ്ണം ‘ഹൃദയത്തിനു സ്ഥിരതകൊടുക്കാൻ കഴിയുന്നത്.’ പ്രത്യക്ഷത്തിൽ ചിലർ ഭക്ഷ്യങ്ങളെയും യാഗങ്ങളെയും കുറിച്ചു വാദിച്ചു. എന്തെന്നാൽ ഹൃദയം സ്ഥിരമാക്കപ്പെടുന്നത് “ഭക്ത്യങ്ങളാലല്ല—അവയിൽ വ്യാപരിക്കുന്നവർക്ക് പ്രയോജനം കിട്ടിയിട്ടില്ല” എന്ന് പൗലോസ് പറയുകയുണ്ടായി. ആത്മീയ പ്രയോജനങ്ങൾ കൈവരുന്നത് ചില ഭോജ്യങ്ങൾ ഭക്ഷിക്കുന്നതു സംബന്ധിച്ച അനുചിതമായ താത്പര്യത്തിൽ ചില പ്രത്യേക ദിവസങ്ങൾ ആചരിക്കുന്നതിൽ നിന്നുമല്ല, പിന്നെയോ ദൈവികഭക്തിയിൽനിന്നും മറുവിലയോടുള്ള വിലമതിപ്പിൽ നിന്നുമാണ്. (റോമർ 14:5-9) കൂടാതെ, ക്രിസ്തുവിന്റെ ബലി ലേവ്യബലികളെ ഫലരഹിതമാക്കി.—എബ്രായർ 9:9-14; 10:5-10.
ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ
11. (എ) എബ്രായർ 13:10, 11-ലെ പൗലോസിന്റെ വാക്കുകളുടെ സാരം എന്താണ്? (ബി) ക്രിസ്ത്യാനികൾക്ക് ഏത് ആലങ്കാരിക യാഗപീഠം ഉണ്ട്?
11 ലേവ്യപുരോഹിതൻമാർ ബലിമൃഗങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നു, എന്നാൽ പൗലോസ് ഇങ്ങനെ എഴുതി: “കൂടാരത്തിൽ [സമാഗമന കൂടാരം] വിശുദ്ധസേവനമർപ്പിക്കുന്നവർക്ക് ഭക്ഷിക്കാനാവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. എന്തെന്നാൽ പാപത്തിനുവേണ്ടി മഹാപുരോഹിതനാൽ വിശുദ്ധസ്ഥലത്തേക്കു രക്തം കൊണ്ടുപോകപ്പെടുന്ന മൃഗങ്ങളുടെ ഉടലുകൾ പാളയത്തിനു പുറത്തു ദഹിപ്പിക്കപ്പെടുന്നു,” പാപപരിഹാര ദിവസത്തിൽ. (എബായർ 13:10, 11; ലേവ്യപുസ്തകം 16:27; 1 കൊരിന്ത്യർ 9:13) പാപപരിഹാരം വരുത്തുന്നതും യഹോവയുടെ ക്ഷമയിലും നിത്യജീവനിലേക്കുള്ള രക്ഷയിലും കലാശിക്കുന്നതുമായ യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവത്തിങ്കലേക്കുള്ള സമീപനത്തെ സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക യാഗപീഠമാണ് ക്രിസ്ത്യാനികൾക്കുള്ളത്.
12. എബ്രായർ 13:12-14-ൽ എന്തു ചെയ്യാൻ അഭിഷിക്ത ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു?
12 പൗലോസ് പാപപരിഹാര ദിവസവുമായുള്ള സാദൃശ്യത്തെ കൂടുതലായി വിവരിക്കുന്നില്ലെങ്കിലും ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട്, യേശുവും സ്വന്ത രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്” യരൂശലേമിന്റെ “പടിവാതിലിനു വെളിയിൽ കഷ്ടപ്പെട്ടു.” അവിടെ ക്രിസ്തു മരിക്കുകയും തികച്ചും ഫലപ്രദമായ പ്രായശ്ചിത്തയാഗം അർപ്പിക്കുകയും ചെയ്തു. (എബ്രായർ 13:12; യോഹന്നാൻ 19:17; 1 യോഹന്നാൻ 2:1, 2) അപ്പോസ്തലനായ പൗലോസ് സഹ അഭിഷിക്ത ക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ആ സ്ഥിതിക്ക്, അവർ [ക്രിസ്തു] വഹിച്ച നിന്ദയും വഹിച്ചുകൊണ്ട് നമുക്ക് പാളയത്തിന് പുറത്ത് അവന്റെ അടുക്കലേക്ക് പോകാം, എന്തെന്നാൽ ഇവിടെ നമുക്ക് തുടരുന്ന ഒരു നഗരമില്ല, എന്നാൽ നാം വരാനുള്ളതിനെ ആത്മാർത്ഥമായി അന്വേഷിക്കുകയാണ്.” (എബ്രായർ 13:13, 14: ലേവ്യാപുസ്തകം 16:10) യേശുവിനെപ്പോലെ നാം നിന്ദിക്കപ്പെടുന്നുണ്ടെങ്കിലും നാം യഹോവയുടെ സാക്ഷികളെന്നനിലയിൽ സഹിച്ചുനിൽക്കുന്നു. നാം പുതിയലോകത്തിലേക്കു നോക്കവേ, നാം ‘അഭക്തിയും ലോകമോഹങ്ങളും പരിത്യജിക്കുകയും ഇപ്പോഴത്തെ ഈ വ്യവസ്ഥിതിയിൻമദ്ധ്യേ സുബോധത്തോടും നീതിയോടും ദൈവികഭക്തിയോടുംകൂടെ ജീവിക്കുകയും ചെയ്യുന്നു.’ (തീത്തോസ് 2:11-14; 2 പത്രോസ് 3:13; 1 യോഹന്നാൻ 2:15-17) നമ്മുടെ ഇടയിലെ അഭിഷിക്തർ സ്വർഗ്ഗീയരാജ്യമാകുന്ന “നഗര”ത്തെ ആത്മാർത്ഥമായി അന്വേഷിക്കുന്നു.—എബ്രായർ 12:22.
13. ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങളിൽ കേവലം എന്തു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്?
13 അടുത്തതായി പൗലോസ് ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് ഇങ്ങനെ എഴുതി: “അവനിലൂടെ [യേശു] നമുക്ക് ദൈവത്തിന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലമാകുന്ന സ്തുതിയാഗം എല്ലായ്പ്പോഴും അവന് അർപ്പിക്കാം. കൂടാതെ, നൻമചെയ്യലും മററുള്ളവരുമായുള്ള വസ്തുക്കളുടെ പങ്കുവെക്കലും മറക്കരുത്, എന്തെന്നാൽ അങ്ങനെയുള്ള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.” (എബ്രായർ 13:15, 16) ക്രിസ്തീയയാഗങ്ങളിൽ കേവലം മനുഷ്യത്വപരമായ പ്രവൃത്തികളല്ല ഉൾപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങൾ അത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, 1988-ന്റെ ഒടുവിൽ സോവ്യററ് അർമ്മീനിയായിലെ ഭൂകമ്പത്തിനിരയായവരുടെ സഹായത്തിന് അനേകം രാഷ്ട്രങ്ങളിലെ ജനങ്ങൾ എത്തിയപ്പോൾ അതാണ് സംഭവിച്ചത്.
14. ദൈവത്തിന് സ്വീകാര്യമായ ഒരു യാഗം അർപ്പിക്കുന്നത് ഏതു വേലക്ക് ഊന്നൽ കൊടുക്കുന്നു?
14 “ദൈവികഭയത്തോടും ആദരവോടും കൂടെ” നാം യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസേവനം യേശു പ്രദർശിപ്പിച്ചതരം ആത്മത്യാഗപരമായ സ്നേഹത്തിൽ അധിഷ്ഠിതമാണ്. (എബ്രായർ 12:28; യോഹന്നാൻ 13:34; 15:13) ഈ സേവനം നമ്മുടെ പ്രസംഗവേലയെ ഊന്നിപ്പറയുന്നു, എന്തെന്നാൽ മഹാപുരോഹിതനായ ക്രിസ്തുവിലൂടെ നാം ‘ദൈവത്തിന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലമെന്ന സ്തുതിയാഗം ദൈവത്തിനർപ്പിക്കുന്നു.’ (ഹോശേയാ 14:2; റോമർ 10:10-15; എബ്രായർ 7:26) തീർച്ചയായും, നാം “നൻമചെയ്യലും” “വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവ”രല്ലാത്തവർപോലും ഉൾപ്പെടെ “മററുള്ളരുമായുള്ള വസ്തുക്കളുടെ പങ്കുവെക്കലും മറക്കു”ന്നില്ല. (ഗലാത്യർ 6:10) വിശേഷിച്ച്, സഹക്രിസ്ത്യാനികൾ അനർത്ഥമനുഭവിക്കുമ്പോൾ, അല്ലെങ്കിൽ ഞെരുക്കത്തിലോ ക്ലേശത്തിലോ ആയിരിക്കുമ്പോൾ, നാം ഭൗതികമായും ആത്മീയമായും സ്നേഹനിർഭരമായ സഹായം കൊടുക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം അന്യോന്യം സ്നേഹിക്കുന്നു. അവർ ചാഞ്ചല്യം കൂടാതെ തങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനത്തെ മുറുകെപിടിക്കാൻ നാം ആഗ്രഹിക്കുന്നു, “എന്തെന്നാൽ അങ്ങനെയുള്ള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.”—എബ്രായർ 10:23-25; യാക്കോബ് 1:27.
കീഴ്പ്പെട്ടിരിക്കുക
15. (എ) നിങ്ങൾ എബ്രായർ 13:17-ലെ ബുദ്ധിയുപദേശത്തെ എങ്ങനെ പരാവർത്തനം ചെയ്യും? (ബി) നായകത്വം വഹിക്കുന്നവർക്ക് ബഹുമാനം കൊടുക്കേണ്ടതെന്തുകൊണ്ട്?
15 സ്വീകാര്യമായ യാഗങ്ങളർപ്പിക്കുന്നതിന് നാം ദൈവസ്ഥാപനത്തോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്. അധികാരം സംബന്ധിച്ച് പറഞ്ഞുകൊണ്ടിരിക്കാതെ, പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ ഇടയിൽ നായകത്വം വഹിക്കുന്നവരെ അനുസരിക്കുകയും അവർക്കു കീഴ്പ്പെട്ടിരിക്കുകയും ചെയ്യുക, എന്തെന്നാൽ കണക്കുബോധിപ്പിക്കുന്നവരെന്നനിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽ ചെയ്തുകൊണ്ടിരിക്കുകയാണ്; അവർ സന്തോഷത്തോടെ ഇതു ചെയ്യേണ്ടതിനുതന്നെ, ഞരങ്ങിക്കൊണ്ടല്ല, എന്തെന്നാൽ അതു നിങ്ങൾക്ക് ഹാനികരമായിരിക്കും.” (എബ്രായർ 13:17) സഭയിൽ നായകത്വം വഹിക്കുന്ന നിയമിത മൂപ്പൻമാരെ നാം ബഹുമാനിക്കണം, അപ്പോൾ അവർ സഹകരണക്കുറവു നിമിത്തം ദുഃഖിച്ചു ഞരങ്ങേണ്ടി വരുന്നില്ല. നാം കീഴ്പ്പെടാതിരിക്കുന്നത് മേൽവിചാരകൻമാർക്ക് ഭാരമായിത്തീരുകയും നമ്മുടെ ആത്മീയ വിനയിൽ കലാശിക്കുകയും ചെയ്യും. ഒരു സഹകരണത്തിന്റെ ആത്മാവ് സഹായം നൽകുന്നത് മൂപ്പൻമാർക്ക് പ്രയാസരഹിതമാക്കുകയും ഐക്യത്തിനും രാജ്യപ്രസംഗവേലയുടെ പുരോഗതിക്കും സംഭാവന ചെയ്യുകയും ചെയ്യുന്നു.—സങ്കീർത്തനം 133:1-3.
16. നമ്മുടെ ഇടയിൽ നായകത്വം വഹിക്കുന്നവർക്ക് കീഴ്പ്പെട്ടിരിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
16 നായകത്വം വഹിക്കുന്നവർക്ക് നാം കീഴ്പ്പെട്ടിരിക്കുന്നത് എത്ര ഉചിതമാണ്! അവർ നമ്മുടെ യോഗങ്ങളിൽ പഠിപ്പിക്കുകയും നമ്മെ ശുശ്രൂഷയിൽ സഹായിക്കുകയും ചെയ്യുന്നു. ഇടയൻമാരെന്നനിലയിൽ അവർ നമ്മുടെ ക്ഷേമം അന്വേഷിക്കുന്നു. (1 പത്രോസ് 5:2, 3) ദൈവത്തോടും സഭയോടും നല്ലബന്ധം പുലർത്താൻ അവർ നമ്മെ സഹായിക്കുന്നു. (പ്രവൃത്തികൾ 20:28-30) ജ്ഞാനപൂർവ്വകവും സ്നേഹനിർഭരവുമായ മേൽവിചാരണക്കു കീഴ്പ്പെടുന്നതിനാൽ നാം പരമോന്നത മേൽവിചാരകനായ യഹോവയാം ദൈവത്തോടും അവന്റെ ഉപമേൽവിചാരകനായ യേശുക്രിസ്തുവിനോടും ബഹുമാനം കാണിക്കുന്നു.—1 പത്രോസ് 2:25; വെളിപ്പാട് 1:1, 2:1-3:22.
പ്രാർത്ഥനാനിരതരാവുക
17. പൗലോസ് ഏതു പ്രാർത്ഥനകൾക്ക് അപേക്ഷിച്ചു, അവന് ഉചിതമായി അവ ആവശ്യപ്പെടാൻ കഴിഞ്ഞതെന്തുകൊണ്ട്?
17 ഒരുപക്ഷേ പീഡനം നിമിത്തം പൗലോസും അവന്റെ കൂട്ടാളികളും എബ്രായരിൽനിന്ന് അകന്നിരുന്നതിനാൽ, പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുക, എന്തെന്നാൽ സകലത്തിലും സത്യസന്ധരായി വർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾക്ക് ഒരു സത്യസന്ധ മനഃസാക്ഷിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ എത്രയും വേഗം ഞാൻ നിങ്ങൾക്ക് പുനഃസ്ഥിതീകരിക്കപ്പെണ്ടേതിന് ഇതു ചെയ്യാൻ ഞാൻ കൂടുതൽ വിശേഷാൽ നിങ്ങളെ ഉദ്ബോധിപ്പിക്കുകയാണ്.” (എബ്രായർ 13:18, 19) പൗലോസ് തഴമ്പിച്ച മനഃസാക്ഷിയുള്ള ഒരു വഞ്ചകനായിരുന്നെങ്കിൽ, താൻ എബ്രായരോടു ചേരാൻ പ്രാർത്ഥിക്കുന്നതിന് അവരോട് ആവശ്യപ്പെടുന്നതിന് അവന് എന്ത് അവകാശമുണ്ടായിരിക്കുമായിരുന്നു? (സദൃശവാക്യങ്ങൾ 3:32; 1 തിമൊഥെയോസ് 4:1, 2) തീർച്ചയായും, അവൻ നല്ല മനഃസാക്ഷിയോടെ യഹൂദമതക്കാരെ ചെറുത്തുനിന്ന സത്യസന്ധനായ ഒരു ശുശ്രൂഷകനായിരുന്നു. (പ്രവൃത്തികൾ 20:17-27) എബ്രായർ പ്രാർത്ഥിക്കുകയാണെങ്കിൽ പെട്ടെന്ന് അവരോടു തനിക്ക് വീണ്ടും ചേരാൻ കഴിയുമെന്ന് പൗലോസിന് വിശ്വാസവുമുണ്ടായിരുന്നു.
18. മററുള്ളവർ നമുക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നാം പ്രതീക്ഷിക്കുന്നുവെങ്കിൽ, നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്?
18 എബ്രായരുടെ പ്രാർത്ഥനക്കുവേണ്ടിയുള്ള പൗലോസിന്റെ അപേക്ഷ, പേർ പറഞ്ഞുകൊണ്ടുപോലും അന്യോന്യം പ്രാർത്ഥിക്കുന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ച് ഉചിതമാണെന്ന് പ്രകടമാക്കുന്നു. (എഫേസ്യർ 6:17-20 താരതമ്യപ്പെടുത്തുക.) എന്നാൽ മററുള്ളവർ നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ നാം പ്രതീക്ഷിക്കുന്നുവെങ്കിൽ, നാം അപ്പോസ്തലനെപ്പോലെ ‘നമുക്ക് ഒരു സത്യസന്ധ മനഃസാക്ഷി ഉണ്ടെന്നും നാം സകലത്തിലും സത്യസന്ധമായി നടക്കുന്നുവെന്നും ‘ഉറപ്പുവരുത്തേണ്ടതല്ലേ?’ നിങ്ങൾ നിങ്ങളുടെ പെരുമാററങ്ങളിലെല്ലാം സത്യസന്ധരാണോ? നിങ്ങൾക്ക് പ്രാർത്ഥനയിൽ പൗലോസിനുണ്ടായിരുന്ന അതേ വിശ്വാസമുണ്ടോ?—1 യോഹന്നാൻ 5:14, 15.
സമാപനവാക്കുകളും ഉദ്ബോധനവും
19. (എ) എബ്രായരെ സംബന്ധിച്ച് പൗലോസിന്റെ പ്രാർത്ഥനാനിർഭരമായ ആഗ്രഹമെന്തായിരുന്നു? (ബി) പുതിയ ഉടമ്പടി ഒരു നിത്യ ഉടമ്പടി ആയിരിക്കുന്നതെന്തുകൊണ്ട്?
19 എബ്രായരുടെ പ്രാർത്ഥനക്ക് അപേക്ഷിച്ചശേഷം പൗലോസ് പ്രാർത്ഥനാപൂർവ്വകമായ ഒരു ആഗ്രഹം പ്രകടമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ ഒരു നിത്യ ഉടമ്പടിയുടെ രക്തംകൊണ്ട് ആടുകളെയും വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർത്തിയ സമാധാനത്തിന്റെ ദൈവം തന്റെ ദൃഷ്ടിയിൽ സുപ്രസാദമായത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിർവഹിച്ചുകൊണ്ട്, തന്റെ ഇഷ്ടം ചെയ്യാൻ സകല നൻമയാലും നിങ്ങളെ സജ്ജരാക്കട്ടെ; മഹത്വം എന്നുമെന്നേക്കും അവന്നായിരിക്കട്ടെ. ആമേൻ.” (എബ്രായർ 13:20, 21) “സമാധാനത്തിന്റെ ദൈവം” ഒരു സമാധാനപൂർണ്ണമായ ഭൂമിയെ മുന്നിൽ നിർത്തിക്കൊണ്ട് ക്രിസ്തുവിനെ സ്വർഗ്ഗത്തിലെ അമർത്യജീവിനിലേക്ക് ഉയിർപ്പിച്ചു, അവിടെയാണ് യേശു പുതിയ ഉടമ്പടിയെ പ്രാബല്യത്തിലാക്കിയ തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം കാഴ്ചവെച്ചത്. (യെശയ്യാവ് 9:6, 7; ലൂക്കോസ് 22:20) അത് ഒരു നിത്യ ഉടമ്പടിയാണ്, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിൽ യേശുവിനോടുകൂടെ വാഴുന്നവരും പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്നവരുമായ 1,44,000 ആത്മീയ ദൈവപുത്രൻമാരുടെ സേവനങ്ങളിൽനിന്ന് ഭൂമിയിലുള്ളവർക്ക് സ്ഥിരമായ പ്രയോജനങ്ങൾ ലഭിക്കുന്നു. (വെളിപ്പാട് 14:1-4; 20:4-6) നാം മഹത്വം കൊടുക്കുന്ന ദൈവം ക്രിസ്തുവിലൂടെയാണ് ‘തന്റെ ഇഷ്ടം ചെയ്യാനും അവന്റെ ദൃഷ്ടിയിൽ സുപ്രസാദമുള്ളവരായിരിക്കാനും ആവശ്യമായ സകല നൻമയാലും നമ്മെ സജ്ജരാക്കുന്നത്.’
20. എബ്രായ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള പൗലോസിന്റെ സമാപന പ്രബോധനം നിങ്ങൾ എങ്ങനെ പരാവർത്തനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യും?
20 എബ്രായർ തന്റെ ലേഖനത്തോട് എങ്ങനെ പ്രതികരിക്കുമെന്നുള്ള അനിശ്ചിതത്വത്താൽ, പൗലോസ് ഇങ്ങനെ പറഞ്ഞു: “സഹോദരൻമാരെ, ഈ പ്രോത്സാഹന വാക്ക് [യഹൂദമതക്കാരെയല്ല, ദൈവപുത്രനെ കേട്ടനുസരിക്കാൻ] പൊരുക്കാൻ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു, എന്തെന്നാൽ, തീർച്ചയായും, അനേകം വാക്കുകളിലല്ല ഞാൻ നിങ്ങൾക്ക് ഒരു ലേഖനം രചിച്ചിരിക്കുന്നത് [അതിന്റെ ഘനമായ ഉള്ളടക്കം പരിചിന്തിക്കുമ്പോൾ]. നമ്മുടെ സഹോദരനായ തിമൊഥെയോസ് [തടവിൽ നിന്ന്] മോചിതനായെന്ന് അറിയുക; അവൻ വേഗം വരുന്നപക്ഷം അവനോടുകൂടെ ഞാൻ നിങ്ങളെ കാണും.” ഒരുപക്ഷേ റോമിൽനിന്ന് എഴുതിക്കൊണ്ട്, അപ്പോസ്തലൻ തിമൊഥെയോസിനോടുകൂടെ യെരൂശലേമിൽ എബ്രായരെ സന്ദർശിക്കാൻ ആശിച്ചു. അനന്തരം പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഇടയിൽ [കഠിനാദ്ധാനികളായ മൂപ്പൻമാർ എന്ന നിലയിൽ] നായകത്വം വഹിക്കുന്നവരെയും [സ്വർഗ്ഗീയ പ്രത്യാശയുള്ള] സകല വിശുദ്ധൻമാരെയും എന്റെ അഭിവാദനങ്ങളറിയിക്കുക. ഇററലിയിലുള്ളവർ നിങ്ങൾക്ക് അഭിവാദനങ്ങളയയ്ക്കുന്നു. [ദൈവത്തിന്റെ] അനർഹദയ നിങ്ങളോടെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.”—എബ്രായർ 13:22-25.
നിലനിൽക്കുന്ന മൂല്യമുള്ള ഒരു ലേഖനം
21. എബ്രായർക്കുള്ള ലേഖനം ഏതു മുഖ്യ ആശയങ്ങൾ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു?
21 ഒരുപക്ഷേ വിശുദ്ധ തിരുവെഴുത്തുകളിലെ മറേറതൊരു പുസ്തകത്തേക്കാളുമധികമായി എബ്രായർക്കുള്ള പുസ്തകം ന്യായപ്രമാണപ്രകാരം അർപ്പിക്കപ്പെട്ട യാഗങ്ങളുടെ പ്രാധാന്യം ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. പാപികളായ മനുഷ്യവർഗ്ഗത്തിനാവശ്യമായ മറുവില പ്രദാനം ചെയ്യുന്ന ഏക ബലി യേശുക്രിസ്തുവിന്റേതാണെന്ന് ഈ ലേഖനം വ്യക്തമായി പ്രകടമാക്കുന്നു. ലേഖനത്തിൽ കാണപ്പെടുന്ന ഒരു ഗണനീയമായ സന്ദേശം നാം ദൈവപുത്രനെ കേട്ടനുസരിക്കണമെന്നുള്ളതാണ്.
22. നാം എബ്രായർക്കുള്ള ലേഖനത്തിനുവേണ്ടി നന്ദിയുള്ളവരായിരിക്കുന്നതിനുള്ള ചില കാരണങ്ങളേവ?
22 കൂടാതെ, നാം രണ്ടു മുൻലേഖനങ്ങളിൽ കണ്ടപ്രകാരം, ദിവ്യനിശ്വസ്ത എബ്രായലേഖനത്തിനുവേണ്ടി നന്ദിയുള്ളവരായിരിക്കാൻ നമുക്കു മററു കാരണങ്ങളുണ്ട്. നമ്മുടെ ശുശ്രൂഷയിൽ ക്ഷീണിച്ചുപോകാതിരിക്കാൻ അതു നമ്മെ സഹായിക്കുന്നു. അതു നമ്മിൽ ധൈര്യം നിറക്കുന്നു, എന്തുകൊണ്ടെന്നാൽ യഹോവയാണു നമ്മുടെ സഹായി എന്ന് നമുക്കറിയാം. മാത്രവുമല്ല, പകലും രാവും വിശുദ്ധസേവനം അർപ്പിക്കുന്നതിലും, നമ്മുടെ സ്തുത്യർഹനും സ്നേഹനിധിയുമായ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്ന ഹൃദയംഗമമായ യാഗങ്ങളർപ്പിക്കുന്നതിലും, നമ്മുടെ അധരങ്ങളും സകല പ്രാപ്തികളും നിസ്വാർത്ഥമായി വിനിയോഗിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (w89 12/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻എബ്രായർക്കുള്ള ലേഖനം വ്യാജോപദേശങ്ങൾ ഒഴിവാക്കാൻ അവരെ സഹായിച്ചതെങ്ങനെ?
◻ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ ഏതു പ്രധാനപ്പെട്ട വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു?
◻“നായകത്വം വഹിക്കുന്നവർ” ആരാണ്, അവർക്ക് കീഴ്പ്പെട്ടിരിക്കേണ്ടതെന്തുകൊണ്ട്?
◻എബ്രായർക്കുള്ള ലേഖനം പ്രാർത്ഥനയെ ദീപ്തിമത്താക്കുന്നതെങ്ങനെ?
◻എബ്രായ ക്രിസ്ത്യാനികൾക്കുള്ള ലേഖനം നിലനിൽക്കുന്ന മൂല്യമുള്ളതാണെന്ന് നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രം]
ദൈവത്തിന് പ്രസാദകരമായ യാഗങ്ങളിൽ പരസ്യശുശ്രൂഷയിൽ പങ്കെടുക്കുന്നതും സഹക്രിസ്ത്യാനികൾക്ക് സഹായകമായ ബുദ്ധിയുപദേശം കൊടുക്കുന്നതും ഉൾപ്പെടുന്നു