അധ്യായം 20
“ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്മയുള്ളവൻ
1-3. യഹോവ താഴ്മയുള്ളവനാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
ഒരു പിതാവു തന്റെ കൊച്ചുകുട്ടിയെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. അവന്റെ ഹൃദയത്തിൽ പതിയുന്ന വിധത്തിൽ അതു പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന് ആകാംക്ഷയുണ്ട്. അദ്ദേഹം എങ്ങനെയുള്ള ഒരു സമീപനം കൈക്കൊള്ളണം? ഭയപ്പെടുത്തുംവിധം കുട്ടിയുടെ അടുക്കൽ തല ഉയർത്തിനിന്ന് പരുഷമായ രീതിയിൽ സംസാരിക്കണമോ? അതോ കുട്ടിയുടെ അടുത്തേക്കു കുനിഞ്ഞ് സൗമ്യവും ഹൃദ്യവുമായ രീതിയിൽ സംസാരിക്കണമോ? ജ്ഞാനവും താഴ്മയുമുള്ള ഒരു പിതാവ് തീർച്ചയായും സൗമ്യമായ സമീപനം സ്വീകരിക്കും.
2 യഹോവ ഏതുതരം പിതാവാണ്? അഹങ്കാരിയോ താഴ്മയുള്ളവനോ, പരുഷനോ സൗമ്യനോ? യഹോവ എല്ലാം അറിയാവുന്നവനും സർവജ്ഞാനിയുമാണ്. എന്നാൽ അറിവും ബുദ്ധിശക്തിയും അവശ്യം ആളുകളെ താഴ്മയുള്ളവരാക്കുന്നില്ല എന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ബൈബിൾ പറയുന്നതുപോലെ “അറിവു ചീർപ്പിക്കുന്നു.” (1 കൊരിന്ത്യർ 3:18, 19; 8:1) എന്നാൽ “ഹൃദയത്തിൽ ജ്ഞാനി”യായ യഹോവ താഴ്മയുള്ളവനാണ്. (ഇയ്യോബ് 9:4, NW) അവൻ സ്ഥാനത്തിൽ താഴ്ന്നവനോ മാഹാത്മ്യം ഇല്ലാത്തവനോ ആണെന്ന് അതിന് അർഥമില്ല, പിന്നെയോ അവൻ അഹങ്കാരമില്ലാത്തവനാണ്. എന്തുകൊണ്ടാണ് അത്?
3 യഹോവ വിശുദ്ധനാണ്. അതുകൊണ്ട് അശുദ്ധമാക്കുന്ന ഒരു ഗുണമായ അഹങ്കാരം അവനിൽ ഇല്ല. (മർക്കൊസ് 7:20-22) കൂടാതെ, യിരെമ്യാ പ്രവാചകൻ യഹോവയോടു പറഞ്ഞതു ശ്രദ്ധിക്കുക: “നിശ്ചയമായും നീ [യഹോവ] എന്നെ ഓർക്കുകയും എന്റെ അടുത്തേക്കു കുനിഞ്ഞുവരികയും ചെയ്യും.”a (വിലാപങ്ങൾ 3:20, NW) ചിന്തിക്കുക! അപൂർണ മനുഷ്യനായ യിരെമ്യാവിന് ശ്രദ്ധ കൊടുക്കുന്നതിനായി അവന്റെ അടുത്തേക്കു ‘കുനിയാൻ’ അല്ലെങ്കിൽ അവന്റെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ അഖിലാണ്ഡ പരമാധികാരിയാം കർത്താവായ യഹോവ സന്നദ്ധനായിരുന്നു. (സങ്കീർത്തനം 113:7) അതേ, യഹോവ താഴ്മയുള്ളവനാണ്. എന്നാൽ ദൈവിക താഴ്മയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? അതു ജ്ഞാനത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? അതു നമുക്കു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവ താഴ്മയുള്ളവനെന്നു തെളിയുന്ന വിധം
4, 5. (എ) താഴ്മ എന്താണ്, അതു പ്രകടമാകുന്നത് എങ്ങനെ, അതിനെ ദൗർബല്യമോ ഭീരുത്വമോ ആയി ഒരിക്കലും തെറ്റിദ്ധരിക്കരുതാത്തത് എന്തുകൊണ്ട്? (ബി) ദാവീദുമായുള്ള തന്റെ ഇടപെടലിൽ യഹോവ താഴ്മ പ്രകടമാക്കിയത് എങ്ങനെ, യഹോവയുടെ താഴ്മ നമുക്ക് എത്ര മൂല്യവത്താണ്?
4 ഗർവിന്റെയും അഹങ്കാരത്തിന്റെയും അഭാവമാണ് താഴ്മ. സൗമ്യത, ക്ഷമ, ന്യായബോധം എന്നീ ഗുണങ്ങളിൽ പ്രകടമാകുന്ന ഹൃദയത്തിന്റെ ഒരു ആന്തരിക സവിശേഷത കൂടെയാണ് അത്. (ഗലാത്യർ 5:22, 23) ഈ ദൈവിക ഗുണങ്ങൾ ദൗർബല്യമോ ഭീരുത്വമോ ആണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. അവ യഹോവയുടെ നീതിനിഷ്ഠമായ കോപത്തോടോ സംഹാരശക്തിയുടെ ഉപയോഗത്തോടോ പൊരുത്തപ്പെടാതിരിക്കുന്നില്ല. മറിച്ച്, താഴ്മയാലും സൗമ്യതയാലും യഹോവ തന്റെ ബൃഹത്തായ ശക്തി, തന്നെത്തന്നെ പൂർണമായി നിയന്ത്രിക്കാനുള്ള ശക്തി, പ്രകടമാക്കുകയാണ്. (യെശയ്യാവു 42:14) താഴ്മ ജ്ഞാനത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? ബൈബിളിനെ സംബന്ധിച്ച ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “താഴ്മ അന്തിമമായി നിർവചിക്കപ്പെടുന്നത് . . . നിസ്വാർഥതയുടെ അടിസ്ഥാനത്തിലാണ്, സകല ജ്ഞാനത്തിന്റെയും അടിത്തറ കൂടെയാണ് അത്.” അപ്പോൾ യഥാർഥ ജ്ഞാനത്തിന് താഴ്മ കൂടാതെ നിലനിൽക്കാനാവില്ല. യഹോവയുടെ താഴ്മ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
ജ്ഞാനിയായ ഒരു പിതാവ് തന്റെ മക്കളോടു താഴ്മയോടും സൗമ്യതയോടും കൂടെ ഇടപെടുന്നു
5 ദാവീദ് രാജാവു യഹോവയെ കുറിച്ച് ഇങ്ങനെ പാടി: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത [“താഴ്മ,” NW] എന്നെ വലിയവനാക്കിയിരിക്കുന്നു.” (സങ്കീർത്തനം 18:35) ഫലത്തിൽ, ഈ അപൂർണ മനുഷ്യനെ അനുദിനം സംരക്ഷിക്കുകയും പുലർത്തുകയും ചെയ്തുകൊണ്ട്, അവനുവേണ്ടി പ്രവർത്തിക്കാൻ യഹോവ തന്നെത്തന്നെ താഴ്ത്തി. താൻ രക്ഷ കണ്ടെത്തിയാൽ—ഒടുവിൽ, ഒരു രാജാവെന്ന നിലയിൽ ഒരളവുവരെ മഹത്ത്വം നേടിയാൽപ്പോലും—അത് താഴ്മ പ്രകടമാക്കാനുള്ള യഹോവയുടെ സന്നദ്ധത നിമിത്തം മാത്രമായിരിക്കും എന്ന് ദാവീദ് തിരിച്ചറിഞ്ഞു. സൗമ്യനും സ്നേഹനിധിയുമായ ഒരു പിതാവെന്ന നിലയിൽ നമ്മോട് ഇടപെടത്തക്കവിധം തന്നെത്തന്നെ താഴ്ത്താൻ, താഴ്മ പ്രകടമാക്കാൻ യഹോവ സന്നദ്ധൻ അല്ലായിരുന്നെങ്കിൽ നമ്മിൽ ആർക്കാണ് രക്ഷയുടെ പ്രത്യാശ ഉണ്ടായിരിക്കുമായിരുന്നത്?
6, 7. (എ) യഹോവയ്ക്ക് എളിമ ഉള്ളതായി ബൈബിൾ ഒരിക്കലും പറയുന്നില്ലാത്തത് എന്തുകൊണ്ട്? (ബി) സൗമ്യതയും ജ്ഞാനവും തമ്മിലുള്ള ബന്ധമെന്ത്, ഈ കാര്യത്തിൽ ആത്യന്തിക മാതൃക വെക്കുന്നത് ആർ?
6 താഴ്മയും എളിമയും തമ്മിൽ വ്യത്യാസമുണ്ട് എന്നതു ശ്രദ്ധേയമാണ്. വിശ്വസ്ത മനുഷ്യർ നട്ടുവളർത്തേണ്ട ഒരു വിശിഷ്ട ഗുണമാണ് എളിമ. താഴ്മയെപ്പോലെ അതും ജ്ഞാനത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, സദൃശവാക്യങ്ങൾ 11:2 (NW) പറയുന്നു: “എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.” എന്നിരുന്നാലും യഹോവ എളിമയുള്ളവനാണെന്നു ബൈബിൾ ഒരിക്കലും പറയുന്നില്ല. എന്തുകൊണ്ട്? തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം എളിമ, ഒരുവന്റെ സ്വന്തം പരിമിതികളെ കുറിച്ചുള്ള ഉചിതമായ അവബോധത്തെ സൂചിപ്പിക്കുന്നു. എന്നാൽ സർവശക്തനായ ദൈവത്തെ സംബന്ധിച്ചിടത്തോളം, സ്വന്തം നീതിപ്രമാണങ്ങൾ നിമിത്തം അവൻ തനിക്കുതന്നെ കൽപ്പിക്കുന്ന പരിധികൾ അല്ലാതെ മറ്റൊരു പരിമിതികളും അവന് ഇല്ല. (മർക്കൊസ് 10:27; തീത്തൊസ് 1:2) കൂടാതെ, അത്യുന്നതൻ എന്ന നിലയിൽ, അവൻ ആർക്കും കീഴ്പെട്ടവനല്ല. അതുകൊണ്ട് അവന് എളിമ എന്ന ഗുണം ആവശ്യമില്ല.
7 എന്നിരുന്നാലും, യഹോവ താഴ്മയും സൗമ്യതയുമുള്ളവനാണ്. യഥാർഥ ജ്ഞാനത്തിന് സൗമ്യത അത്യന്താപേക്ഷിതമാണെന്ന് അവൻ തന്റെ ദാസന്മാരെ പഠിപ്പിക്കുന്നു. അവന്റെ വചനം “ജ്ഞാനലക്ഷണമായ സൌമ്യത”യെക്കുറിച്ചു പറയുന്നു.b (യാക്കോബ് 3:13) ഈ കാര്യത്തിൽ യഹോവയുടെ മാതൃക പരിചിന്തിക്കുക.
യഹോവ താഴ്മയോടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുന്നു, മറ്റുള്ളവർക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു
8-10. (എ) ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുക്കാനും മറ്റുള്ളവർക്കു പറയാനുള്ളതു ശ്രദ്ധിക്കാനുമുള്ള യഹോവയുടെ മനസ്സൊരുക്കം ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സർവശക്തൻ തന്റെ ദൂതന്മാരോടു താഴ്മയോടെ ഇടപെട്ടിരിക്കുന്നത് എങ്ങനെ?
8 മറ്റുള്ളവർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാനും അവരെ ശ്രദ്ധിക്കാനുമുള്ള യഹോവയുടെ സന്നദ്ധതയിൽ അവന്റെ താഴ്മയുടെ ഹൃദയോഷ്മളമായ തെളിവുണ്ട്. അവൻ അങ്ങനെ ചെയ്യുന്നത് യഥാർഥത്തിൽ വിസ്മയകരമാണ്; കാരണം, യഹോവയ്ക്ക് സഹായമോ ഉപദേശമോ ആവശ്യമില്ല. (യെശയ്യാവു 40:13, 14; റോമർ 11:34, 35) എന്നിരുന്നാലും, യഹോവ ഈ വിധങ്ങളിൽ തന്നെത്തന്നെ താഴ്ത്തുന്നതായി ബൈബിൾ ആവർത്തിച്ചു പ്രകടമാക്കുന്നു.
9 ദൃഷ്ടാന്തത്തിന്, അബ്രാഹാമിന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം പരിചിന്തിക്കുക. ഒരിക്കൽ മൂന്നു സന്ദർശകർ അബ്രാഹാമിനെ കാണാനെത്തി. അവരിൽ ഒരാളെ അവൻ “യഹോവ” എന്നു സംബോധന ചെയ്തു. സന്ദർശകർ യഥാർഥത്തിൽ ദൂതന്മാർ ആയിരുന്നു. എന്നാൽ അവരിൽ ഒരാൾ യഹോവയുടെ നാമത്തിലായിരുന്നു വന്നതും പ്രവർത്തിച്ചതും. ആ ദൂതൻ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തപ്പോൾ ഫലത്തിൽ യഹോവ സംസാരിക്കുകയും പ്രവർത്തിക്കുകയുമായിരുന്നു. ഈ വിധത്തിൽ, “സൊദോമിനെയും ഗൊമോരയെയും കുറിച്ചുള്ള പരാതിയുടേതായ [ഉച്ചത്തിലുള്ള] നിലവിളി” [NW] തന്റെ പക്കൽ എത്തിയിരിക്കുന്നുവെന്ന് യഹോവ അബ്രാഹാമിനോടു പറഞ്ഞു. തുടർന്ന് യഹോവ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും.” (ഉല്പത്തി 18:3, 20, 21) തീർച്ചയായും, യഹോവ നേരിട്ട് ‘ചെല്ലും’ എന്ന് അവന്റെ വാക്കുകൾ അർഥമാക്കിയില്ല. പകരം, തന്നെ പ്രതിനിധാനം ചെയ്യാൻ അവൻ വീണ്ടും ദൂതന്മാരെ അയച്ചു. (ഉല്പത്തി 19:1) എന്തുകൊണ്ട്? എല്ലാം കാണുന്ന യഹോവയ്ക്ക് ആരുടെയും സഹായമില്ലാതെ അവിടത്തെ യഥാർഥ അവസ്ഥ ‘അറിയാൻ’ കഴിയുമായിരുന്നില്ലേ? തീർച്ചയായും. എന്നാൽ അങ്ങനെ ചെയ്യുന്നതിനുപകരം, ആ സാഹചര്യം പരിശോധിക്കാനും സൊദോമിൽ ലോത്തിനെയും കുടുംബത്തെയും സന്ദർശിക്കാനുമുള്ള നിയമനം യഹോവ താഴ്മയോടെ ആ ദൂതന്മാർക്കു കൊടുത്തു.
10 തന്നെയുമല്ല, യഹോവ മറ്റുള്ളവർക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു. ദൃഷ്ടാന്തത്തിന്, ദുഷ്ടരാജാവായ ആഹാബിനെ നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ അത് എപ്രകാരം ചെയ്യാം എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ അവൻ തന്റെ ദൂതന്മാരെ ക്ഷണിച്ചു. യഹോവയ്ക്ക് അത്തരം സഹായം ആവശ്യമില്ലായിരുന്നു. എന്നിട്ടും, അവൻ ഒരു ദൂതന്റെ നിർദേശം സ്വീകരിക്കുകയും അതു നടപ്പിലാക്കാൻ അവനെ അനുവദിക്കുകയും ചെയ്തു. (1 രാജാക്കന്മാർ 22:19-22) അതു താഴ്മ അല്ലായിരുന്നോ?
11, 12. അബ്രാഹാം യഹോവയുടെ താഴ്മ കാണാനിടയായത് എങ്ങനെ?
11 അപൂർണ മനുഷ്യർ തങ്ങളുടെ ഉത്കണ്ഠകൾ അറിയിക്കാൻ ആഗ്രഹിക്കുമ്പോൾ അവരെപ്പോലും ശ്രദ്ധിക്കാൻ യഹോവ സന്നദ്ധനാണ്. ഉദാഹരണത്തിന്, സൊദോമിനെയും ഗൊമോരയെയും നശിപ്പിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് യഹോവ ആദ്യം അബ്രാഹാമിനോടു പറഞ്ഞപ്പോൾ ആ വിശ്വസ്ത മനുഷ്യൻ അന്ധാളിച്ചുപോയി. “ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ” എന്ന് അബ്രാഹാം പറഞ്ഞു, “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ” എന്നും അവൻ കൂട്ടിച്ചേർത്തു. ആ നഗരങ്ങളിൽ 50 നീതിമാന്മാർ ഉണ്ടെങ്കിൽ യഹോവ അവയെ നശിപ്പിക്കാതിരിക്കുമോ എന്ന് അവൻ ചോദിച്ചു. നശിപ്പിക്കാതിരിക്കും എന്ന് യഹോവ അവന് ഉറപ്പുകൊടുത്തു. എന്നാൽ എണ്ണം 45, 40 എന്നിങ്ങനെ കുറച്ചുകൊണ്ട് അബ്രാഹാം ചോദ്യങ്ങൾ തുടർന്നു. എണ്ണം പത്ത് ആകുന്നതുവരെ അബ്രാഹാം ചോദ്യത്തിൽനിന്നു പിന്മാറിയില്ല. അപ്പോഴൊക്കെ യഹോവ അവന് ഉറപ്പുകൊടുത്തുകൊണ്ടേയിരുന്നു. ഒരുപക്ഷേ യഹോവയുടെ കരുണയുടെ ആഴം പൂർണമായി ഗ്രഹിക്കാൻ അബ്രാഹാമിനു കഴിഞ്ഞിട്ടുണ്ടാവില്ല. എന്തുതന്നെയായാലും തന്റെ ഉത്കണ്ഠകൾ ഈ വിധത്തിൽ പ്രകടമാക്കാൻ തന്റെ സ്നേഹിതനും ദാസനുമായ അബ്രാഹാമിനെ യഹോവ ക്ഷമയോടും താഴ്മയോടും കൂടെ അനുവദിച്ചു.—ഉല്പത്തി 18:23-33.
12 സമർഥരും പഠിപ്പുള്ളവരുമായ എത്ര പേർ ബുദ്ധിശക്തിയിൽ തങ്ങളെക്കാൾ വളരെ താഴ്ന്ന ഒരാളെ ഇത്ര ക്ഷമയോടെ ശ്രദ്ധിക്കും?c എന്നാൽ നമ്മുടെ ദൈവം പ്രകടമാക്കുന്ന താഴ്മ അത്തരത്തിലുള്ളതാണ്. അതേ സംഭാഷണവേളയിൽ യഹോവ “ദീർഘക്ഷമ” ഉള്ളവനാണെന്നും അബ്രാഹാം മനസ്സിലാക്കാനിടയായി. (പുറപ്പാടു 34:6) ഒരുപക്ഷേ അത്യുന്നതന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ തനിക്ക് അവകാശമില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം അബ്രാഹാം രണ്ടു പ്രാവശ്യം “കർത്താവു കോപിക്കരുതേ” എന്നു യാചിച്ചത്. (ഉല്പത്തി 18:30, 32) തീർച്ചയായും, യഹോവ കോപിച്ചില്ല. കാരണം അവൻ “ജ്ഞാനലക്ഷണമായ സൌമ്യത” ഉള്ളവനാണ്.
യഹോവ ന്യായബോധമുള്ളവൻ
13. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “ന്യായബോധമുള്ള” എന്ന പദത്തിന്റെ അർഥമെന്ത്, ഈ പദം ഉചിതമായി യഹോവയെ വർണിക്കുന്നത് എന്തുകൊണ്ട്?
13 യഹോവയുടെ താഴ്മ ദൃശ്യമായിരിക്കുന്ന ആകർഷകമായ മറ്റൊരു ഗുണമുണ്ട്—ന്യായബോധം. ദുഃഖകരമെന്നു പറയട്ടെ, ഈ ഗുണം പ്രകടമാക്കുന്ന കാര്യത്തിൽ അപൂർണ മനുഷ്യർ കുറവുള്ളവരാണ്. ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെ ശ്രദ്ധിക്കാൻ യഹോവ സന്നദ്ധനാണെന്നു മാത്രമല്ല, തന്റെ നീതിനിഷ്ഠമായ പ്രമാണങ്ങൾക്കു വിരുദ്ധമല്ലാത്തപ്പോൾ വഴക്കം പ്രകടമാക്കാനും അവൻ തയ്യാറാണ്. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം, “ന്യായബോധമുള്ള” എന്ന പദത്തിന്റെ അക്ഷരാർഥം “വഴക്കമുള്ള” എന്നാണ്. ഈ ഗുണവും ദിവ്യജ്ഞാനത്തിന്റെ ഒരു ലക്ഷണമാണ്. യാക്കോബ് 3:17 (NW) പറയുന്നു: “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായബോധമുള്ളതും . . . ആകുന്നു.” സർവജ്ഞാനിയായ യഹോവ ഏതർഥത്തിലാണ് ന്യായബോധമുള്ളവൻ ആയിരിക്കുന്നത്? ഒരു സംഗതി, അവൻ വഴക്കമുള്ളവനാണ്. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ എന്തെല്ലാം ആയിത്തീരേണ്ടതുണ്ടോ യഹോവ അതെല്ലാം ആയിത്തീരുമെന്ന് അവന്റെ നാമംതന്നെ നമ്മെ പഠിപ്പിക്കുന്നു. (പുറപ്പാടു 3:14, NW) അത് വഴക്കത്തിന്റെയും ന്യായബോധത്തിന്റെയും മനോഭാവത്തെ സൂചിപ്പിക്കുന്നില്ലേ?
14, 15. യഹോവയുടെ സ്വർഗീയ രഥത്തെ സംബന്ധിച്ച യെഹെസ്കേലിന്റെ ദർശനം അവന്റെ സ്വർഗീയ സംഘടനയെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു, അത് ലോകസംഘടനകളിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
14 വഴക്കം പ്രകടമാക്കാനുള്ള യഹോവയുടെ കഴിവിനെ കുറിച്ചു ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്ന ശ്രദ്ധേയമായ ഒരു ബൈബിൾ ഭാഗമുണ്ട്. ആത്മജീവികളടങ്ങുന്ന, യഹോവയുടെ സ്വർഗീയ സംഘടനയുടെ ഒരു ദർശനം യെഹെസ്കേൽ പ്രവാചകനു നൽകപ്പെട്ടു. ദർശനത്തിൽ, അമ്പരപ്പിക്കുന്ന വലുപ്പമുള്ള ഒരു രഥം യെഹെസ്കേൽ കണ്ടു. എല്ലായ്പോഴും യഹോവയുടെ നിയന്ത്രണത്തിലുള്ള അവന്റെ സ്വന്തം “വാഹനം” ആയിരുന്നു അത്. അതു സഞ്ചരിച്ച വിധമായിരുന്നു ഏറ്റവും ശ്രദ്ധേയം. അതിന്റെ കൂറ്റൻ ചതുർദിശാ ചക്രങ്ങൾ, നിറുത്തുകയോ തിരിക്കുകയോ ചെയ്യാതെ ക്ഷണത്തിൽ ദിശമാറ്റാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു. കൂടാതെ, ആ ചക്രങ്ങൾ നിറയെ കണ്ണുകൾ ഉണ്ടായിരുന്നു. തന്നിമിത്തം അവയ്ക്ക് എല്ലായിടവും കാണാൻ കഴിയുമായിരുന്നു. ഈ ഗംഭീര രഥം, വലുപ്പം മൂലം കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു മനുഷ്യനിർമിത വാഹനം പോലെ ആയിരുന്നില്ല. സമകോണത്തിൽ തിരിഞ്ഞുകൊണ്ടുപോലും മിന്നൽവേഗത്തിൽ സഞ്ചരിക്കാൻ അതിനാകുമായിരുന്നു! (യെഹെസ്കേൽ 1:1, 14-28) അതേ, യഹോവയുടെ സംഘടന, അതിനെ നിയന്ത്രിക്കുന്ന സർവശക്തനായ പരമാധികാരിയെപ്പോലെ എല്ലാ അർഥത്തിലും വഴക്കം പ്രകടമാക്കുന്നു, സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോടും ആവശ്യങ്ങളോടും അതു പ്രതികരിക്കുന്നു.
15 യഹോവയും അവന്റെ സംഘടനയും പ്രകടമാക്കുന്ന വഴക്കത്തെ അനുകരിക്കുന്നതിനു ശ്രമിക്കാൻ മാത്രമേ മനുഷ്യർക്കു കഴിയൂ. എന്നിരുന്നാലും, മനുഷ്യരും അവരുടെ സംഘടനകളും വഴക്കത്തെക്കാളധികം കാർക്കശ്യവും ന്യായബോധമില്ലായ്മയുമാണു പ്രകടമാക്കുന്നത്. ദൃഷ്ടാന്തത്തിന്, ഒരു എണ്ണക്കപ്പലിനോ ചരക്കുതീവണ്ടിക്കോ നമ്മെ അമ്പരിപ്പിക്കാൻ പോന്ന വലുപ്പവും ശക്തിയും ഉണ്ടായിരുന്നേക്കാം. എന്നാൽ ഇവയിൽ ഒന്നിനെങ്കിലും സാഹചര്യങ്ങളിലെ പെട്ടെന്നുള്ള മാറ്റത്തോടു പ്രതികരിക്കാനാകുമോ? ഒരു ചരക്കുതീവണ്ടിയുടെ മുമ്പിൽ പാളത്തിലേക്കു വിലങ്ങനെ ഒരു വസ്തു വീഴുന്നെങ്കിൽ വണ്ടി വെട്ടിച്ചു മാറ്റുക അസാധ്യമാണ്. വണ്ടി പെട്ടെന്നു നിറുത്തുന്നതും എളുപ്പമുള്ള കാര്യമല്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റൻ ചരക്കുതീവണ്ടി ബ്രേക്കുപിടിച്ച് നിറുത്താൻ ശ്രമിച്ചാൽ ഏതാണ്ടു രണ്ടു കിലോമീറ്റർ കൂടെ സഞ്ചരിച്ചശേഷമായിരിക്കും അതു നിൽക്കുന്നത്! സമാനമായി ഒരു കൂറ്റൻ എണ്ണക്കപ്പലിന്റെ എഞ്ചിൻ ഓഫ് ചെയ്താലും ഏതാണ്ട് 8 കിലോമീറ്റർ കൂടെ അതു നീങ്ങിയേക്കാം. എഞ്ചിൻ റിവേഴ്സ് ഗിയറിലിട്ടാലും കപ്പൽ 3 കിലോമീറ്ററോളം മുന്നോട്ടു പോയേക്കാം. കാർക്കശ്യവും ന്യായബോധമില്ലായ്മയും പ്രകടിപ്പിക്കുന്ന മനുഷ്യ സംഘടനകളുടെ കാര്യവും അതുതന്നെയാണ്. മാറിവരുന്ന ആവശ്യങ്ങളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ അഹങ്കാരം നിമിത്തം മനുഷ്യർ മിക്കപ്പോഴും വിസമ്മതിക്കുന്നു. അത്തരം കാർക്കശ്യം കമ്പനികളെ പാപ്പരാക്കിയിട്ടുണ്ട്, ഭരണകൂടങ്ങളെ മറിച്ചിടുകപോലും ചെയ്തിട്ടുണ്ട്. (സദൃശവാക്യങ്ങൾ 16:18) യഹോവയും അവന്റെ സംഘടനയും അങ്ങനെ അല്ലാത്തതിൽ നാം എത്ര സന്തോഷിക്കണം!
യഹോവ ന്യായബോധം പ്രകടമാക്കുന്ന വിധം
16. സൊദോമിന്റെയും ഗൊമോരയുടെയും നാശത്തിനു മുമ്പു ലോത്തിനോട് ഇടപെട്ട വിധത്തിൽ യഹോവ ന്യായബോധം പ്രകടമാക്കിയത് എങ്ങനെ?
16 സൊദോമിന്റെയും ഗൊമോരയുടെയും നാശത്തെക്കുറിച്ചു വീണ്ടും പരിചിന്തിക്കുക. ‘പർവതത്തിലേക്ക് ഓടിപ്പോകാൻ’ ലോത്തിനും കുടുംബത്തിനും യഹോവയുടെ ദൂതനിൽനിന്നു വ്യക്തമായ നിർദേശം ലഭിച്ചു. എന്നാൽ ലോത്തിന് അത് അത്ര സ്വീകാര്യമായിരുന്നില്ല. “അങ്ങനെയല്ല കർത്താവേ,” അവൻ യാചിച്ചു. പർവതത്തിലേക്കു പോയാൽ താൻ മരിച്ചുപോകുമെന്ന് ലോത്തിനു തോന്നി. അതുകൊണ്ട്, സോവർ എന്നു പേരുള്ള ഒരു സമീപ പട്ടണത്തിലേക്കു പോകാൻ തന്നെയും കുടുംബത്തെയും അനുവദിക്കണമെന്ന് ലോത്ത് അപേക്ഷിച്ചു. എന്നാൽ ആ നഗരത്തെ നശിപ്പിക്കാൻ യഹോവ നിശ്ചയിച്ചിരുന്നു. തന്നെയുമല്ല, ലോത്തിന്റെ ഭയം വാസ്തവത്തിൽ അസ്ഥാനത്തായിരുന്നു. തീർച്ചയായും, യഹോവയ്ക്ക് ലോത്തിനെ പർവതത്തിൽ ജീവനോടെ പരിരക്ഷിക്കാൻ കഴിയുമായിരുന്നു! എങ്കിൽപ്പോലും, യഹോവ ലോത്തിന്റെ അഭ്യർഥന ശ്രദ്ധിക്കുകയും സോവറിനെ നശിപ്പിക്കാതിരിക്കുകയും ചെയ്തു. “ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു,” ദൂതൻ ലോത്തിനോടു പറഞ്ഞു. (ഉല്പത്തി 19:17-22) യഹോവയുടെ ന്യായബോധമല്ലേ ഈ സംഭവത്തിൽ നാം കാണുന്നത്?
17, 18. നീനെവേക്കാരോട് ഇടപെട്ടപ്പോൾ, താൻ ന്യായബോധമുള്ളവനാണെന്ന് യഹോവ പ്രകടമാക്കിയത് എങ്ങനെ?
17 യഹോവ ഹൃദയംഗമമായ അനുതാപത്തോടു പ്രതികരിക്കുകയും ചെയ്യുന്നു, അപ്പോഴെല്ലാം അവൻ കരുണാപൂർവകവും ഉചിതവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അക്രമവും ദുഷ്ടതയും നിറഞ്ഞ നീനെവേയിലേക്കു യോനാപ്രവാചകനെ അയച്ചപ്പോൾ എന്തു സംഭവിച്ചെന്നു പരിചിന്തിക്കുക. നീനെവേയുടെ തെരുവുകളിൽ അവൻ ഘോഷിച്ച നിശ്വസ്ത സന്ദേശം തികച്ചും ലളിതമായിരുന്നു: ശക്തമായ നഗരം 40 ദിവസം കഴിഞ്ഞാൽ നശിപ്പിക്കപ്പെടും. എന്നുവരികിലും, സാഹചര്യങ്ങൾക്കു വലിയ മാറ്റം വന്നു. നീനെവേക്കാർ അനുതപിച്ചു!—യോനാ, 3-ാം അധ്യായം.
18 മാറിവന്ന ഈ സാഹചര്യത്തോട് യഹോവയും യോനായും പ്രതികരിച്ച വിധം താരതമ്യപ്പെടുത്തുന്നതു പ്രബോധനാത്മകമാണ്. ഈ സന്ദർഭത്തിൽ ഒരു “യുദ്ധവീരൻ” എന്നനിലയിൽ പ്രവർത്തിക്കുന്നതിനു പകരം ഒരു പാപമോചകൻ എന്നനിലയിൽ പ്രവർത്തിച്ചുകൊണ്ട് യഹോവ വഴക്കം പ്രകടമാക്കി.d (പുറപ്പാടു 15:3) എന്നാൽ യോനായാകട്ടെ, വഴക്കവും കരുണയും പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടു. യഹോവയുടെ ന്യായബോധത്തെ പ്രതിഫലിപ്പിക്കുന്നതിനു പകരം, നേരത്തേ പറഞ്ഞ ചരക്കുതീവണ്ടിയെപ്പോലെ അല്ലെങ്കിൽ എണ്ണക്കപ്പലിനെപ്പോലെയാണ് അവൻ പ്രവർത്തിച്ചത്. പട്ടണം നശിപ്പിക്കപ്പെടുമെന്ന് അവൻ ഘോഷിച്ചിരുന്നു, അതുകൊണ്ട് അതുതന്നെ സംഭവിക്കണമെന്ന് അവൻ ആഗ്രഹിച്ചു! എന്നാൽ യഹോവ ഈ അക്ഷമനായ പ്രവാചകനെ ന്യായബോധവും കരുണയും സംബന്ധിച്ച സ്മരണാർഹമായ ഒരു പാഠം പഠിപ്പിച്ചു.—യോനാ, 4-ാം അധ്യായം.
19. (എ) നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് യഹോവ ന്യായബോധമുള്ളവനാണെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) യഹോവ ‘നല്ലവനും ന്യായബോധമുള്ളവനുമായ’ ഒരു യജമാനൻ ആണെന്നും അതുപോലെ അത്യന്തം താഴ്മയുള്ളവൻ ആണെന്നും സദൃശവാക്യങ്ങൾ 19:17 പ്രകടമാക്കുന്നത് എങ്ങനെ?
19 അവസാനമായി, നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും യഹോവ ന്യായബോധം പ്രകടമാക്കുന്നു. ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) നമ്മെക്കാൾ നന്നായി നമ്മുടെ പരിമിതികളും അപൂർണതകളും യഹോവ മനസ്സിലാക്കുന്നു. നമുക്കു ചെയ്യാവുന്നതിലധികം അവൻ നമ്മിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ‘നല്ലവരും ന്യായബോധമുള്ളവരുമായ’ മനുഷ്യ യജമാനന്മാരെ, ‘പ്രീതിപ്പെടുത്താനാകാത്ത’ യജമാനന്മാരുമായി ബൈബിൾ വിപരീത താരതമ്യം ചെയ്യുന്നു. (1 പത്രൊസ് 2:18, NW) യഹോവ ഏതുതരം യജമാനനാണ്? സദൃശവാക്യങ്ങൾ 19:17 പറയുന്നതു ശ്രദ്ധിക്കുക: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു.” എളിയവർക്കുവേണ്ടി ചെയ്യുന്ന ഓരോ ദയാപ്രവൃത്തിയെയും ശ്രദ്ധിക്കുന്നതു വ്യക്തമായും ന്യായബോധമുള്ള ഒരു നല്ല യജമാനൻ മാത്രമാണ്. അതിലുപരി, അത്തരം കരുണാ പ്രവൃത്തികൾ ചെയ്യുന്ന നിസ്സാര മനുഷ്യരോടു ഫലത്തിൽ, താൻ കടപ്പെട്ടിരിക്കുന്നതായി അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് കരുതുന്നുവെന്ന് ഈ തിരുവെഴുത്തു സൂചിപ്പിക്കുന്നു! താഴ്മയുടെ എത്ര ഉദാത്തമായ ദൃഷ്ടാന്തം!
20. യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കുകയും അവയ്ക്ക് ഉത്തരം നൽകുകയും ചെയ്യുന്നു എന്നതിന് എന്ത് ഉറപ്പുണ്ട്?
20 തന്റെ ഇന്നത്തെ ദാസന്മാരോട് ഇടപെടുമ്പോഴും യഹോവ സൗമ്യതയും ന്യായബോധവും പ്രകടമാക്കുന്നു. നാം വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ അവൻ കേൾക്കുന്നു. നമ്മോടു സംസാരിക്കാൻ അവൻ ദൂതന്മാരെ അയയ്ക്കുന്നില്ലെങ്കിലും, നമ്മുടെ പ്രാർഥനകൾക്ക് അവൻ ഉത്തരം നൽകുന്നില്ലെന്നു നാം നിഗമനം ചെയ്യരുത്. തടവിൽ നിന്നുള്ള തന്റെ വിമോചനത്തിനുവേണ്ടി ‘പ്രാർഥിക്കാൻ’ അപ്പൊസ്തലനായ പൗലൊസ് സഹവിശ്വാസികളോട് അഭ്യർഥിച്ചശേഷം, “എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു” അപ്രകാരം ചെയ്യാൻ അവൻ കൂട്ടിച്ചേർത്തു. (എബ്രായർ 13:18, 19) അതുകൊണ്ട്, മറ്റു പ്രകാരത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ ചെയ്യുമായിരുന്നില്ലാത്ത ഒരു കാര്യം ചെയ്യാൻപോലും നമ്മുടെ പ്രാർഥനകൾ യഹോവയെ പ്രേരിപ്പിച്ചേക്കാം!—യാക്കോബ് 5:16.
21. യഹോവയുടെ താഴ്മയോടുള്ള ബന്ധത്തിൽ നാം ഒരിക്കലും എന്തു നിഗമനം ചെയ്യരുത്, പകരം നാം അവനെ സംബന്ധിച്ച് എന്തു വിലമതിക്കണം?
21 എന്നാൽ, യഹോവയുടെ താഴ്മയുടെ ഈ പ്രകടനങ്ങളൊന്നും—അവന്റെ സൗമ്യത, ശ്രദ്ധിക്കാനുള്ള സന്നദ്ധത, ക്ഷമ, ന്യായബോധം എന്നിവ ഒന്നും—അവൻ തന്റെ നീതിയുള്ള തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്ന് അർഥമാക്കുന്നില്ല. യഹോവയുടെ ധാർമിക നിലവാരങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് തങ്ങളുടെ അജഗണത്തെ രസിപ്പിക്കുകവഴി തങ്ങൾ ന്യായബോധം പ്രകടമാക്കുകയാണെന്നു ക്രൈസ്തവലോകത്തിലെ വൈദികർ വിചാരിച്ചേക്കാം. (2 തിമൊഥെയൊസ് 4:3, 4) എന്നാൽ എന്തെങ്കിലും താത്കാലിക ഗുണത്തിനായി നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനുള്ള മാനുഷിക പ്രവണതയ്ക്ക് ദിവ്യന്യായബോധവുമായി യാതൊരു ബന്ധവുമില്ല. യഹോവ പരിശുദ്ധനാണ്; അവൻ ഒരിക്കലും തന്റെ നീതിയുള്ള നിലവാരങ്ങളെ ദുഷിപ്പിക്കുകയില്ല. (ലേവ്യപുസ്തകം 11:44) അതേ, യഹോവയുടെ ന്യായബോധം അവന്റെ താഴ്മയുടെ തെളിവായിരിക്കയാൽ നമുക്ക് അതിനെ സ്നേഹിക്കാം. അഖിലാണ്ഡത്തിലെ ഏറ്റവും ജ്ഞാനിയായ യഹോവയാം ദൈവം താഴ്മ പ്രകടമാക്കുന്നതിൽ ഉത്തമ മാതൃക വെക്കുന്നു എന്ന അറിവ് നിങ്ങളെ പുളകംകൊള്ളിക്കുന്നില്ലേ? ഭയാദരവ് അർഹിക്കുന്നവനാണെങ്കിലും സൗമ്യനും ക്ഷമാശീലനും ന്യായബോധമുള്ളവനുമായ ഈ ദൈവത്തോട് അടുത്തു ചെല്ലുന്നത് എത്ര ആഹ്ലാദകരമായ അനുഭവമാണ്!
a പുരാതന ശാസ്ത്രിമാർ അഥവാ സോഫറിം ഈ വാക്യത്തിനു മാറ്റം വരുത്തി. കുനിയുന്നതു യഹോവയല്ല, യിരെമ്യാവാണ് എന്ന് അവർ അവകാശപ്പെട്ടു. അത്തരം വിനീത പ്രവൃത്തി ചെയ്യുന്നത് യഹോവയെ സംബന്ധിച്ചിടത്തോളം അനുചിതമാണെന്ന് അവർ കരുതിയിരിക്കണം. തത്ഫലമായി, മനോഹരമായ ഈ വാക്യത്തിന്റെ ആശയം അനേകം ഭാഷാന്തരങ്ങൾക്കും നഷ്ടമായിരിക്കുന്നു. എന്നിരുന്നാലും, ദൈവത്തോടുള്ള യിരെമ്യാവിന്റെ അപേക്ഷ ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ കൃത്യമായി ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “ഓർക്കേണമേ, ഹാ, ഓർക്കേണമേ, എന്റെ അടുത്തേക്കു കുനിഞ്ഞുവരേണമേ.”
b മറ്റു ഭാഷാന്തരങ്ങൾ “ജ്ഞാനത്തിൽനിന്ന് ഉത്ഭൂതമാകുന്ന താഴ്മ” എന്നും “ജ്ഞാനത്തിന്റെ ലക്ഷണമായ സൗമ്യഭാവം” എന്നും പറയുന്നു.
c ബൈബിൾ ക്ഷമയെ അഹങ്കാരവുമായി വിപരീത താരതമ്യം ചെയ്യുന്നു എന്നതു ശ്രദ്ധേയമാണ്. (സഭാപ്രസംഗി 7:8) യഹോവയുടെ ക്ഷമ അവന്റെ താഴ്മയ്ക്ക് കൂടുതലായ തെളിവു നൽകുന്നു.—2 പത്രൊസ് 3:9.
d സങ്കീർത്തനം 86:5-ൽ യഹോവ “നല്ലവനും ക്ഷമിക്കുന്നവനും” ആണെന്നു പറയുന്നു. ആ സങ്കീർത്തനം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ ‘ക്ഷമിക്കുന്നവൻ’ എന്ന പദപ്രയോഗം എപ്പിയികിസ് അല്ലെങ്കിൽ “ന്യായബോധമുള്ളവൻ” എന്നാണു വിവർത്തനം ചെയ്തത്.