നിങ്ങൾ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിച്ചിരിക്കുന്നുവോ?
“ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിച്ചിരിക്കുന്ന മനുഷ്യൻ തന്റെ സ്വന്തം വേലകളിൽനിന്നു വിശ്രമിച്ചിരിക്കുന്നു.”—എബ്രായർ 4:10, NW.
1. വിശ്രമം വളരെ അഭികാമ്യം ആയിരിക്കുന്നത് എന്തുകൊണ്ട്?
വിശ്രമം. എത്ര സന്തോഷജനകവും ഹൃദ്യവുമായ പദം! ഇന്നത്തെ വേഗതയേറിയ, തിരക്കുപിടിച്ച ലോകത്തിൽ, അൽപ്പം വിശ്രമം വേണ്ടതുതന്നെ ആണെന്നു നമ്മിൽ മിക്കവരും സമ്മതിക്കും. ചെറുപ്പക്കാരോ പ്രായമുള്ളവരോ, അല്ലെങ്കിൽ വിവാഹിതരോ ഏകാകികളോ ആയാലും, അനുദിന ജീവിതത്തിൽത്തന്നെ നമുക്കു സമ്മർദവും ക്ഷീണവും അനുഭവപ്പെട്ടേക്കാം. ശാരീരിക വൈകല്യങ്ങളോ ബലക്ഷയമോ ഉള്ളവർക്ക്, ഓരോ ദിവസവും ഒരു വെല്ലുവിളി ആണ്. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.” (റോമർ 8:22) വിശ്രമിക്കുന്ന ഒരു വ്യക്തി അവശ്യം അലസൻ ആയിരിക്കണമെന്നില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം നിറവേറ്റപ്പെടേണ്ട ഒരു ആവശ്യമാണ് വിശ്രമം.
2. എപ്പോൾ മുതൽ യഹോവ വിശ്രമിച്ചുകൊണ്ടിരിക്കുന്നു?
2 യഹോവയാം ദൈവംതന്നെ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉല്പത്തി പുസ്തകത്തിൽ, നാം വായിക്കുന്നു: “ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി [“വിശ്രമത്തിലേക്കു പ്രവേശിച്ചു,” NW].” യഹോവ ഏഴാം ദിവസത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തു, എന്തെന്നാൽ നിശ്വസ്ത രേഖ തുടർന്ന് ഇങ്ങനെ പറയുന്നു: “ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.”—ഉല്പത്തി 2:1-3.
ദൈവം തന്റെ വേലയിൽനിന്നു വിശ്രമിച്ചു
3. ദൈവം വിശ്രമിച്ചതിന്റെ കാരണങ്ങൾ എന്തായിരിക്കുകയില്ല?
3 ദൈവം “ഏഴാം ദിവസം” വിശ്രമിച്ചത് എന്തുകൊണ്ട്? തീർച്ചയായും, അവൻ ക്ഷീണിതൻ ആയതുകൊണ്ടല്ല. യഹോവ “ശക്തിയുടെ [“ചലനാത്മക ശക്തിയുടെ,” NW] ആധിക്യ”മുള്ളവനാണ്, അവൻ “ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല.” (യെശയ്യാവു 40:26, 28) ദൈവത്തിന് ഇടവേളയോ വേഗതാ വ്യതിയാനമോ ആവശ്യം ആയതുകൊണ്ടുമല്ല അവൻ വിശ്രമത്തിലേക്കു പ്രവേശിച്ചത്. എന്തെന്നാൽ യേശു നമ്മോടു പറഞ്ഞു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹന്നാൻ 5:17) എന്തായാലും, “ദൈവം ആത്മാവു ആകുന്നു,” ശാരീരിക പരിവൃത്തികളും ഭൗതിക സൃഷ്ടികളുടെ ആവശ്യങ്ങളും അവനു ബാധകമല്ല.—യോഹന്നാൻ 4:24.
4. കഴിഞ്ഞുപോയ ആറ് ‘ദിവസങ്ങളി’ൽനിന്ന് “ഏഴാമത്തെ ദിവസം” വ്യത്യസ്തം ആയിരുന്നത് ഏതു വിധത്തിൽ?
4 ദൈവം “ഏഴാം ദിവസം” വിശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു നമുക്ക് എങ്ങനെയാണ് അൽപ്പം ഉൾക്കാഴ്ച ലഭിക്കുക? കഴിഞ്ഞുപോയ, ദീർഘ കാലഘട്ടത്തിന്റേതായ ആറു സൃഷ്ടി ‘ദിവസങ്ങളി’ലും നിവർത്തിച്ച സംഗതികളിൽ താൻ വളരെ സംപ്രീതൻ ആയിരുന്നെങ്കിലും, ദൈവം “ഏഴാം ദിവസ”ത്തെ വിശേഷാൽ അനുഗ്രഹിക്കുകയും അതിനെ ‘വിശുദ്ധ’മെന്നു പ്രഖ്യാപിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കുന്നതിലൂടെ അത് ലഭിക്കും. കൺസൈസ് ഓക്സ്ഫോർഡ് ഡിക്ഷനറി “വിശുദ്ധം” എന്നതിനെ “(ഒരു ദൈവത്തിനോ ഏതെങ്കിലും മത ഉദ്ദേശ്യത്തിനോ) സമ്പൂർണമായി സമർപ്പിച്ചതോ മാറ്റിവെച്ചതോ” എന്ന് നിർവചിക്കുന്നു. അതുകൊണ്ട്, യഹോവ “ഏഴാം ദിവസ”ത്തെ അനുഗ്രഹിച്ചു എന്നതും അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചു എന്നതും സൂചിപ്പിക്കുന്നത്, അതിനും ദൈവത്തിന്റെ “വിശ്രമ”ത്തിനും അവന്റെ ഭാഗത്തെ എന്തെങ്കിലും ആവശ്യവുമായിട്ടല്ല, മറിച്ച് അവന്റെ വിശുദ്ധ ഹിതവും ഉദ്ദേശ്യവും ആയി എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം എന്നാണ്. എന്താണ് ആ ബന്ധം?
5. ആദ്യത്തെ ആറ് സൃഷ്ടി ‘ദിവസങ്ങളി’ൽ ദൈവം എന്ത് പ്രവർത്തനത്തിലാക്കി?
5 കഴിഞ്ഞുപോയ ആറ് സൃഷ്ടി ‘ദിവസങ്ങളി’ൽ, ദൈവം ഭൂമിയുടെ പ്രവർത്തനത്തെയും അതുമായി ബന്ധപ്പെട്ട സകലത്തെയും നിയന്ത്രിക്കുന്ന എല്ലാ പരിവൃത്തികളും നിയമങ്ങളും ഉണ്ടാക്കുകയും അവയെ പ്രവർത്തനത്തിലാക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം എത്ര അത്ഭുതാവഹമായാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ മനസ്സിലാക്കിവരികയാണ്. “ആറാം ദിവസ”ത്തിന്റെ അവസാനം ആയപ്പോഴേക്കും, ദൈവം ആദ്യ മനുഷ്യജോഡികളെ സൃഷ്ടിച്ച് അവരെ “കിഴക്കു ഏദെനിൽ ഒരു തോട്ട”ത്തിൽ ആക്കി. അവസാനം, മനുഷ്യ കുടുംബത്തെയും ഭൂമിയെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം ഈ പ്രാവചനിക വാക്കുകളിൽ പ്രഖ്യാപിച്ചു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.”—ഉല്പത്തി 1:28, 31; 2:8.
6. (എ) “ആറാം ദിവസ”ത്തിന്റെ ഒടുവിൽ, താൻ സൃഷ്ടിച്ച സകലത്തെയും കുറിച്ച് ദൈവത്തിന് എന്തു തോന്നി? (ബി) “ഏഴാം ദിവസം” വിശുദ്ധം ആയിരിക്കുന്നത് ഏത് അർഥത്തിൽ?
6 സൃഷ്ടി കർമത്തിന്റെ “ആറാം ദിവസം” സമാപിക്കാറായ സമയത്തെ കുറിച്ച് വിവരണം നമ്മോടു പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്പത്തി 1:31) താൻ ഉണ്ടാക്കിയ സകലത്തിലും ദൈവം സംതൃപ്തനായിരുന്നു. അങ്ങനെ അവൻ ഭൂമിയുമായി ബന്ധപ്പെട്ട കൂടുതലായ സൃഷ്ടികർമത്തിൽനിന്ന് വിശ്രമിച്ചു, അല്ലെങ്കിൽ ഒഴിഞ്ഞുനിന്നു. എന്നാൽ ആ ഉല്ലാസ ഉദ്യാനം പൂർണതയുള്ളതും മനോഹരവും ആയിരുന്നെങ്കിലും, അത് ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്നത് ആയിരുന്നു. മാത്രവുമല്ല, ഭൂമിയിൽ അപ്പോൾ ഉണ്ടായിരുന്നത് കേവലം രണ്ടു മനുഷ്യർ മാത്രമായിരുന്നു. ഭൂമിയും മനുഷ്യ കുടുംബവും ദൈവം ഉദ്ദേശിച്ച അവസ്ഥയിൽ എത്താൻ സമയം എടുക്കുമായിരുന്നു. ഈ കാരണത്താൽ, അവൻ “ഏഴാം ദിവസം” മാറ്റിവെച്ചു. കഴിഞ്ഞുപോയ ആറ് ‘ദിവസങ്ങളി’ൽ താൻ സൃഷ്ടിച്ച സകലതും തന്റെ വിശുദ്ധ ഉദ്ദേശ്യത്തിനു ചേർച്ചയിൽ വികാസം പ്രാപിക്കാൻ ഈ “ഏഴാം ദിവസം” ഉതകുമായിരുന്നു. (എഫെസ്യർ 1:11 താരതമ്യം ചെയ്യുക.) “ഏഴാം ദിവസം” സമാപനത്തോട് അടുക്കുമ്പോൾ, ഭൂമി പൂർണതയുള്ള മാനുഷ കുടുംബം നിത്യമായി വസിക്കുന്ന ഒരു ആഗോള പറുദീസ ആയിത്തീർന്നു കഴിഞ്ഞിരിക്കും. (യെശയ്യാവു 45:18) “ഏഴാം ദിവസം” ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവഹിതത്തിന്റെ പൂർണമായ നിവൃത്തിക്കായി മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്, അല്ലെങ്കിൽ സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. ആ അർഥത്തിൽ അതു ‘വിശുദ്ധ’മാണ്.
7. (എ) ഏത് അർഥത്തിൽ ദൈവം “ഏഴാം ദിവസം” വിശ്രമിച്ചു? (ബി) “ഏഴാം ദിവസം” അവസാനിക്കാറാകുമ്പോഴേക്ക് എല്ലാ സംഗതികൾക്കും എന്തു സംഭവിച്ചിരിക്കും?
7 അതുകൊണ്ട്, ദൈവം “ഏഴാം ദിവസം” തന്റെ സൃഷ്ടിക്രിയയിൽനിന്നു വിശ്രമിച്ചു. അത് അവൻ മാറിനിന്നുകൊണ്ട്, താൻ എന്തു പ്രവർത്തനത്തിലാക്കിയോ അതിനെ അതിന്റെ ഗതി പൂർത്തിയാക്കാൻ അനുവദിച്ചതുപോലെയാണ്. “ഏഴാം ദിവസ”ത്തിന്റെ അവസാനം ആകുമ്പോഴേക്ക്, താൻ ഉദ്ദേശിച്ചത് എന്തോ അതെല്ലാം അങ്ങനെതന്നെ ആയിത്തീർന്നു കഴിഞ്ഞിരിക്കും എന്ന പൂർണ ഉറപ്പ് അവന് ഉണ്ട്. പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നാലും, അവ തരണം ചെയ്തിരിക്കും. ദൈവഹിതം ഒരു സമ്പൂർണ യാഥാർഥ്യം ആയിത്തീരുമ്പോൾ, അനുസരണമുള്ള എല്ലാ മനുഷ്യരും പ്രയോജനം അനുഭവിക്കും. “ഏഴാം ദിവസ”ത്തിന്മേൽ ദൈവത്തിന്റെ അനുഗ്രഹം ഉള്ളതിനാലും അവൻ അതിനെ ‘വിശുദ്ധ’മാക്കിയിരിക്കുന്നതിനാലും ഇതിനെ തടയാൻ യാതൊന്നിനും കഴിയില്ല. അനുസരണമുള്ള മനുഷ്യവർഗത്തിന് എന്തൊരു മഹനീയ പ്രതീക്ഷ!
ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ ഇസ്രായേൽ പരാജയപ്പെട്ടു
8. ഇസ്രായേല്യർ എപ്പോൾ, എങ്ങനെ ശബത്ത് ആചരിക്കാൻ തുടങ്ങി?
8 വേലയ്ക്കും വിശ്രമത്തിനും വേണ്ടിയുള്ള യഹോവയുടെ ക്രമീകരണത്തിൽനിന്ന് ഇസ്രായേൽ ജനത പ്രയോജനം അനുഭവിച്ചു. സീനായ് പർവതത്തിൽവെച്ച് ഇസ്രായേല്യർക്കു ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പുപോലും, മോശ മുഖാന്തരം ദൈവം അവരോടു പറഞ്ഞു: “നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു.” അതിന്റെ ഫലമോ, “ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു [“ശബത്ത് ആചരിച്ചു,” NW]”.—പുറപ്പാടു 16:22-30.
9. ഇസ്രായേല്യർക്ക് ശബത്ത് നിയമം ഒരു സ്വാഗതാർഹമായ മാറ്റം ആയിരുന്നത് എന്തുകൊണ്ട്?
9 ഈ ക്രമീകരണം ഇസ്രായേല്യർക്കു പുതിയത് ആയിരുന്നു. അവർ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് മോചിതരായതേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തുകാരുടെയും മറ്റുള്ളവരുടെയുമൊക്കെ ഒരു ആഴ്ചയ്ക്ക് 5-10 ദിവസത്തെ ദൈർഘ്യമാണ് ഉണ്ടായിരുന്നത് എങ്കിലും, അടിമകൾ ആയിരുന്ന ഇസ്രായേല്യർക്ക് ഒരു ദിവസത്തെ വിശ്രമം കൊടുത്തിരിക്കാൻ സാധ്യതയില്ല. (പുറപ്പാടു 5:1-9 താരതമ്യം ചെയ്യുക.) അതുകൊണ്ട് ഇസ്രായേല്യർ ഈ മാറ്റം സ്വാഗതം ചെയ്തിട്ടുണ്ടാകുമെന്ന് ന്യായമായും നിഗമനം ചെയ്യാം. ശബത്തു നിബന്ധനയെ ഒരു ഭാരം ആയോ ഒരു വിലക്ക് ആയോ വീക്ഷിക്കുന്നതിനു പകരം, അത് പിൻപറ്റാൻ അവർക്കു സന്തോഷം ആയിരുന്നിരിക്കണം. വാസ്തവത്തിൽ, ഈജിപ്തിലെ തങ്ങളുടെ അടിമത്തത്തെയും താൻ അവരെ അവിടെനിന്നും വിടുവിച്ചതിനെയും അനുസ്മരിപ്പിക്കുന്നതിനു വേണ്ടിയാണ് ശബത്ത് എന്ന് ദൈവം അവരോടു പിന്നീട് പറയുകയും ചെയ്തു.—ആവർത്തനപുസ്തകം 5:15.
10, 11. (എ) അനുസരണമുള്ളവർ ആയിരിക്കുന്നതിനാൽ, ഇസ്രായേല്യർക്ക് എന്ത് ആസ്വദിക്കാമെന്നു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു? (ബി) ഇസ്രായേല്യർ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ പരാജയപ്പെട്ടത് എന്തുകൊണ്ട്?
10 മോശയോടൊപ്പം ഈജിപ്തിൽനിന്നു വന്ന ഇസ്രായേല്യർ അനുസരണം പ്രകടമാക്കിയിരുന്നെങ്കിൽ, “പാലും തേനും ഒഴുകുന്ന” വാഗ്ദത്ത “ദേശ”ത്തേക്ക് പ്രവേശിക്കുന്നതിനുള്ള പദവി അവർക്കു ലഭിക്കുമായിരുന്നു. (പുറപ്പാടു 3:8) അവർ അവിടെ, ശബത്തിൽ മാത്രമല്ല ആജീവനാന്തം യഥാർഥ വിശ്രമം ആസ്വദിക്കുമായിരുന്നു. (ആവർത്തനപുസ്തകം 12:9, 10) എന്നാൽ അങ്ങനെ സംഭവിച്ചില്ല. അവരെക്കുറിച്ച്, പൗലൊസ് അപ്പൊസ്തലൻ എഴുതി: “ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ [“വിശ്രമത്തിൽ,” NW] പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.”—എബ്രായർ 3:16-19.
11 നമുക്ക് എത്ര ശക്തമായ പാഠം! യഹോവയിൽ അവർക്കു വിശ്വാസം ഇല്ലാതിരുന്നതു നിമിത്തം, ആ തലമുറയ്ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന വിശ്രമം ലഭിച്ചില്ല. പകരം, അവർ മരുഭൂമിയിൽ വെച്ചുതന്നെ നശിച്ചുപോയി. അബ്രാഹാമിന്റെ പിൻഗാമികൾ എന്ന നിലയിൽ, ഭൂമിയിലെ എല്ലാ ജാതികൾക്കും അനുഗ്രഹം പ്രദാനം ചെയ്യുക എന്ന ദൈവഹിതവുമായി, അടുത്തു ബന്ധപ്പെട്ടിരിക്കുന്നവർ തങ്ങളാണെന്നു ഗ്രഹിക്കാൻ അവർ പരാജയപ്പെട്ടു. (ഉല്പത്തി 17:7, 8; 22:18) ദൈവഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനു പകരം, അവർ ലൗകികവും സ്വാർഥപരവുമായ മോഹങ്ങളിൽ മുഴുകി. നാം അത്തരം ഒരു ഗതിയിൽ ഒരിക്കലും വീഴാതിരിക്കട്ടെ!—1 കൊരിന്ത്യർ 10:6, 10.
ഒരു വിശ്രമം അവശേഷിക്കുന്നു
12. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് അപ്പോഴും ഏതു പ്രതീക്ഷ നിലനിൽക്കുന്നുണ്ടായിരുന്നു, അവർക്ക് അത് എങ്ങനെ നേടാൻ കഴിയുമായിരുന്നു?
12 വിശ്വാസരാഹിത്യം നിമിത്തം ഇസ്രായേൽ, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ പരാജയപ്പെട്ടുവെന്നു സൂചിപ്പിച്ചതിനു ശേഷം, പൗലൊസ് തന്റെ സഹവിശ്വാസികളിലേക്കു ശ്രദ്ധ തിരിച്ചു. എബ്രായർ 4:1-5-ൽ (NW) പറഞ്ഞിരിക്കുന്നതുപോലെ, “[ദൈവത്തിന്റെ] വിശ്രമത്തിലേക്കു പ്രവേശിപ്പാനുള്ള വാഗ്ദത്തം നിലനിൽക്കുന്നു” എന്ന് അവൻ അവർക്ക് ഉറപ്പു നൽകി. “സുവാർത്ത”യിൽ വിശ്വാസം പ്രകടമാക്കാൻ പൗലൊസ് അവരെ ഉദ്ബോധിപ്പിച്ചു, എന്തെന്നാൽ “വിശ്വാസം പ്രകടമാക്കിയിരിക്കുന്ന നാം വിശ്രമത്തിലേക്കു പ്രവേശിക്കുകതന്നെ ചെയ്യുന്നു.” യേശുവിന്റെ മറുവിലയാഗത്താൽ ന്യായപ്രമാണം അതിനോടകംതന്നെ നീക്കം ചെയ്യപ്പെട്ടിരുന്നതിനാൽ, പൗലൊസ് ഇവിടെ ശബത്തിലൂടെ ലഭിച്ചിരുന്ന ശാരീരിക വിശ്രമത്തെ പരാമർശിക്കുക ആയിരുന്നില്ല. (കൊലൊസ്സ്യർ 2:13, 14) ഉല്പത്തി 2:2; സങ്കീർത്തനം 95:11 എന്നിവ ഉദ്ധരിക്കുകവഴി, പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ ഉദ്ബോധിപ്പിക്കുക ആയിരുന്നു.
13. സങ്കീർത്തനം 95 ഉദ്ധരിച്ച്, പൗലൊസ് “ഇന്നു” എന്ന പദത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് എന്തുകൊണ്ട്?
13 മുമ്പ്, ശബത്ത് വിശ്രമം ഇസ്രായേല്യർക്ക് “സുവാർത്ത” ആയിരുന്നതുപോലെ, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനുള്ള സാധ്യത എബ്രായ ക്രിസ്ത്യാനികൾക്ക് “സുവാർത്ത” ആയിരുന്നിരിക്കണം. അതുകൊണ്ട്, മരുഭൂമിയിൽവെച്ച് ഇസ്രായേല്യർ ചെയ്ത അതേ തെറ്റു ചെയ്യാതിരിക്കാൻ പൗലൊസ് തന്റെ സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചു. സങ്കീർത്തനം 95:7, 8 പരാമർശിച്ചുകൊണ്ട്, അവൻ “ഇന്നു” എന്ന വാക്കിലേക്കു ശ്രദ്ധ ക്ഷണിച്ചു—സൃഷ്ടിക്രിയയിൽനിന്ന് ദൈവം വിശ്രമിച്ച് ഇത്ര ദീർഘകാലം ആയിരുന്നിട്ടും. (എബ്രായർ 4:6, 7) പൗലൊസിന്റെ ആശയം എന്തായിരുന്നു? ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം പൂർണമായി നിവർത്തിക്കാൻ ദൈവം നീക്കിവെച്ചിരിക്കുന്ന സമയമായ “ഏഴാം ദിവസം” അപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു. അതുകൊണ്ട്, സ്വാർഥ അനുധാവനങ്ങളിൽ മുഴുകുന്നതിനുപകരം, തന്റെ സഹക്രിസ്ത്യാനികൾ ആ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടത് അടിയന്തിരം ആയിരുന്നു. അവൻ ഒരിക്കൽക്കൂടി മുന്നറിയിപ്പു മുഴക്കി: “നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.”
14. ദൈവത്തിന്റെ “വിശ്രമം” അപ്പോഴും ശേഷിച്ചിരിക്കുക ആയിരുന്നുവെന്ന് പൗലൊസ് പ്രകടമാക്കിയത് എങ്ങനെ?
14 അതിലുപരി, യോശുവയുടെ നേതൃത്വത്തിൻ കീഴിൽ വാഗ്ദത്ത ദേശത്ത് കേവലം പാർക്കുന്നത് ആയിരുന്നില്ല വാഗ്ദത്ത “വിശ്രമം” എന്നു പൗലൊസ് പ്രകടമാക്കി. (യോശുവ 21:44) പൗലൊസ് വാദിച്ചു: “യോശുവ അവരെ ഒരു വിശ്രമ സ്ഥലത്തേക്കു നയിച്ചിരുന്നെങ്കിൽ, മറ്റൊരു ദിവസത്തെക്കുറിച്ച് ദൈവം പിന്നീട് പറയുമായിരുന്നില്ല.” അതിന്റെ വീക്ഷണത്തിൽ, പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവത്തിന്റെ ജനത്തിന്നു ഒരു ശബത്ത് വിശ്രമം ശേഷിച്ചിരിക്കുന്നു.” (എബ്രായർ 4:8, 9, NW) ആ “ശബത്ത് വിശ്രമം” എന്താണ്?
ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുക
15, 16. “ശബത്ത് വിശ്രമം” എന്ന പ്രയോഗത്തിന്റെ അർഥം എന്ത്? (ബി) ‘ഒരുവൻ സ്വന്തം വേലയിൽനിന്നു വിശ്രമിക്കുക’ എന്നതിന്റെ അർഥം എന്ത്?
15 “ശബത്ത് വിശ്രമം” എന്നത് “ശബത്ത് ആചരിക്കൽ” എന്ന് അർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്. (രാജ്യവരിമധ്യം) പ്രൊഫസർ വില്യം ലാനെ പ്രസ്താവിക്കുന്നു: “പുറ[പ്പാടു] 20:8-10-ന്റെ അടിസ്ഥാനത്തിൽ യഹൂദ മതത്തിൽ വികാസം പ്രാപിച്ച ശബത്ത് പ്രബോധനങ്ങളിൽ നിന്നാണ് പ്രസ്തുത പദത്തിന് അതിന്റെ പ്രത്യേക അർഥച്ഛായ ലഭിച്ചിരിക്കുന്നത്. ആ വാക്യങ്ങളിൽ വിശ്രമവും സ്തുതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി എടുത്തുപറഞ്ഞിരിക്കുന്നു . . . [അത്] ദൈവത്തിന്റെ ആരാധനയിലും സ്തുതിയിലും പ്രകടമാക്കപ്പെടുന്ന ഉത്സവ പ്രതീതിയുടെയും സന്തോഷത്തിന്റെയും പ്രത്യേക വശത്തെ ഊന്നിപ്പറയുന്നു.” അതുകൊണ്ട്, വാഗ്ദത്ത വിശ്രമം കേവലം വേലയിൽ നിന്നുള്ള ഒരു വിടുതൽ അല്ല. അത് ക്ഷീണിപ്പിക്കുന്ന, ഉദ്ദേശ്യരഹിതമായ വേലയിൽനിന്നു ദൈവത്തിനു ബഹുമാനം കരേറ്റുന്ന സന്തുഷ്ടമായ സേവനത്തിലേക്കുള്ള ഒരു മാറ്റം ആണ്.
16 ഇതു പ്രതിഫലിപ്പിക്കുന്നതാണ് പൗലൊസിന്റെ അടുത്ത വാക്കുകൾ: “ദൈവം തന്റെ പ്രവൃത്തികളിൽനിന്ന് എന്നപോലെ, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിച്ചിരിക്കുന്ന മനുഷ്യൻ തന്റെ സ്വന്തം വേലകളിൽനിന്നു വിശ്രമിച്ചിരിക്കുന്നു.” (എബ്രായർ 4:10, NW) ഏഴാം ദിവസം ദൈവം വിശ്രമിച്ചത് ക്ഷീണം നിമിത്തമായിരുന്നില്ല. മറിച്ച്, തന്റെ കരവേല വികാസം പ്രാപിച്ച് പൂർണ മഹത്ത്വത്തിലെത്തി തനിക്കു സ്തുതിയും ബഹുമാനവും ഉണ്ടാകേണ്ടതിന് അവൻ ഭൗമിക സൃഷ്ടിക്രിയയിൽനിന്ന് ഒഴിഞ്ഞുനിന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ ഭാഗം എന്ന നിലയിൽ, നാമും ആ ക്രമീകരണത്തിൽ ഭാഗഭാക്കാകണം. നാം ‘നമ്മുടെ വേലകളിൽനിന്നു വിശ്രമി’ക്കണം, അതായത്, രക്ഷ നേടാനുള്ള ശ്രമത്തിൽ ദൈവമുമ്പാകെ നാം സ്വയം ന്യായീകരിക്കുന്നത് നിർത്തണം. അതിനു പകരം, നമ്മുടെ രക്ഷ ആശ്രയിച്ചിരിക്കുന്നത് സകല സംഗതികളും ദൈവത്തിന്റെ ഉദ്ദേശ്യവുമായി വീണ്ടും യോജിപ്പിൽ വരുത്തുന്ന, യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലാണ് എന്ന വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം.—എഫെസ്യർ 1:8-14; കൊലൊസ്സ്യർ 1:19, 20.
ദൈവവചനം ശക്തി ചെലുത്തുന്നു
17. ജഡിക ഇസ്രായേൽ പിൻപറ്റിയ ഏതു ഗതി നാം ഒഴിവാക്കണം?
17 അനുസരണക്കേടും വിശ്വാസരാഹിത്യവും നിമിത്തം ഇസ്രായേല്യർക്ക് ദൈവത്തിന്റെ വാഗ്ദത്ത വിശ്രമത്തിലേക്കു പ്രവേശിക്കാനായില്ല. തത്ഫലമായി, പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു: “അതുകൊണ്ട് അനുസരണക്കേടിന്റെ അതേ മാതൃകയിൽ ആരും വീഴാതിരിക്കേണ്ടതിന്, നമുക്ക് ആ വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനായി നമ്മുടെ പരമാവധി ചെയ്യാം.” (എബ്രായർ 4:11, NW) ഒന്നാം നൂറ്റാണ്ടിലെ മിക്ക യഹൂദന്മാരും യേശുവിൽ വിശ്വാസം പ്രകടമാക്കിയില്ല. അതുകൊണ്ട് പൊ.യു. 70-ൽ യഹൂദ വ്യവസ്ഥിതിയുടെ അവസാനം വന്നെത്തിയപ്പോൾ അവരിൽ അനേകർക്കും വലിയ കഷ്ടം സഹിക്കേണ്ടിവന്നു. നമുക്ക് ഇന്ന് ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ വിശ്വാസം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണ്!
18. (എ) ദൈവവചനത്തിൽ വിശ്വാസം പ്രകടമാക്കുന്നതിന് പൗലൊസ് എന്തെല്ലാം കാരണങ്ങൾ പ്രദാനം ചെയ്തു? (ബി) ദൈവവചനം “ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയ”ത് ആയിരിക്കുന്നത് എങ്ങനെ?
18 യഹോവയുടെ വചനത്തിൽ വിശ്വസിക്കുന്നതിന് നമുക്ക് ഈടുറ്റ കാരണങ്ങൾ ഉണ്ട്. പൗലൊസ് എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) അതേ, ദൈവത്തിന്റെ വചനം, അല്ലെങ്കിൽ സന്ദേശം, “ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയ”താണ്. തങ്ങളുടെ പൂർവപിതാക്കന്മാർക്ക് എന്തു സംഭവിച്ചുവെന്ന് എബ്രായ ക്രിസ്ത്യാനികൾ അനുസ്മരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. മരുഭൂമിയിൽവെച്ച് തങ്ങൾ നശിക്കും എന്ന യഹോവയുടെ ന്യായവിധി അവഗണിച്ചുകൊണ്ട് അവർ വാഗ്ദത്ത ദേശത്തേക്കു പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ മോശ അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ടു; നിങ്ങൾ വാളാൽ വീഴും.” ഇസ്രായേല്യർ ശാഠ്യപൂർവം മുന്നോട്ടു നീങ്ങിയപ്പോൾ, “മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോർമ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.” (സംഖ്യാപുസ്തകം 14:39-45) യഹോവയുടെ വചനം ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ്. അതിനെ മനഃപൂർവം അവഗണിക്കുന്ന ഏതൊരുവനും തീർച്ചയായും ഭവിഷ്യത്തുകൾ നേരിടും.—ഗലാത്യർ 6:7-9.
19. ദൈവവചനം എത്ര ശക്തമായി ‘തുളെച്ചുചെല്ലുന്നു,’ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണ് നമ്മൾ എന്നു നാം അംഗീകരിക്കേണ്ടത് എന്തുകൊണ്ട്?
19 ദൈവവചനം എത്ര ശക്തമായാണ് “പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതു”! അസ്ഥികൾക്കുള്ളിലെ മജ്ജവരെ പ്രതീകാത്മകമായി തുളച്ചിറങ്ങിക്കൊണ്ട് അതു വ്യക്തികളുടെ ചിന്തകളെയും പ്രേരണകളെയും തുളച്ചുചെല്ലുന്നു! ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വിമോചിതരായ ഇസ്രായേല്യർ ന്യായപ്രമാണം പാലിക്കാമെന്നു സമ്മതിച്ചിരുന്നെങ്കിലും, തന്റെ കരുതലുകളെയും നിബന്ധനകളെയും അവർ ഉള്ളിന്റെ ഉള്ളിൽ വിലമതിച്ചിരുന്നില്ലെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (സങ്കീർത്തനം 95:7-11) അവന്റെ ഹിതം നിവർത്തിക്കുന്നതിനു പകരം, അവരുടെ ശ്രദ്ധ തങ്ങളുടെ ജഡിക അഭിലാഷങ്ങൾ നിവർത്തിക്കുന്നതിൽ ആയിരുന്നു. അതുകൊണ്ട്, അവർ ദൈവത്തിന്റെ വാഗ്ദത്ത വിശ്രമത്തിലേക്കു പ്രവേശിച്ചില്ല, മരുഭൂമിയിൽവെച്ചു നശിച്ചുപോയി. നാം ആ പാഠത്തിനു ചെവി കൊടുക്കേണ്ടതുണ്ട്, എന്തെന്നാൽ “[ദൈവത്തിനു] മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു [“അവനോടു നാം കണക്കു ബോധിപ്പിക്കേണ്ടതാകുന്നു,” NW].” (എബ്രായർ 4:13) അതുകൊണ്ട്, നമുക്ക് യഹോവയോടുള്ള നമ്മുടെ സമർപ്പണം നിവർത്തിക്കുകയും ‘നാശത്തിലേക്കു പിന്മാറാ’തിരിക്കുകയും ചെയ്യാം.—എബ്രായർ 10:39.
20. ഇനി എന്തു സംഭവിക്കാനിരിക്കുന്നു, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനു നാം ഇപ്പോൾ എന്തു ചെയ്യണം?
20 “ഏഴാം ദിവസം”—ദൈവത്തിന്റെ വിശ്രമ ദിവസം—ഇപ്പോഴും പുരോഗമിക്കുക ആണെങ്കിലും, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ അവൻ ജാഗരൂകനാണ്. വളരെ പെട്ടെന്നുതന്നെ, മിശിഹൈക രാജാവായ യേശുക്രിസ്തു, പിശാചായ സാത്താൻ ഉൾപ്പെടെയുള്ള ദൈവത്തിന്റെ എല്ലാ എതിരാളികളെയും ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ നടപടി കൈക്കൊള്ളും. ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ, യേശുവും അവന്റെ 1,44,000 സഹഭരണാധിപന്മാരും ഭൂമിയെയും മനുഷ്യവർഗത്തെയും പൂർണമായും ദൈവം ഉദ്ദേശിച്ച അവസ്ഥയിൽ ആക്കിത്തീർക്കും. (വെളിപ്പാടു 14:1; 20:1-6) നമ്മുടെ ജീവിതം യഹോവയാം ദൈവത്തിന്റെ ഹിതത്തെ കേന്ദ്രീകരിച്ചാണ് എന്നു തെളിയിക്കുന്നതിനുള്ള സമയം ആണ് ഇപ്പോൾ. ദൈവമുമ്പാകെ സ്വയം ന്യായീകരിക്കാനും നമ്മുടെ താത്പര്യങ്ങൾ ഉന്നമിപ്പിക്കാനും പ്രവർത്തിക്കുന്നതിനു പകരം, നമ്മുടെ ‘സ്വന്തം വേലകളിൽനിന്ന് വിശ്രമിച്ച്’ മുഴുഹൃദയത്തോടെ രാജ്യതാത്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനുള്ള സമയം ആണ് ഇപ്പോൾ. അതു ചെയ്തുകൊണ്ടും നമ്മുടെ സ്വർഗീയ പിതാവായ യഹോവയോടു വിശ്വസ്തരായി നിലനിന്നുകൊണ്ടും, ഇപ്പോഴും എന്നേക്കും ദൈവത്തിന്റെ വിശ്രമത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിന്റെ പദവി നമുക്കു ലഭിക്കുന്നതായിരിക്കും.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ “ഏഴാം ദിവസം” ദൈവം വിശ്രമിച്ചതിന്റെ ഉദ്ദേശ്യം എന്ത്?
□ ഇസ്രായേല്യർക്ക് എന്തു വിശ്രമം ആസ്വദിക്കാമായിരുന്നു, എന്നാൽ അതിലേക്കു പ്രവേശിക്കാൻ അവർ പരാജയപ്പെട്ടത് എന്തുകൊണ്ട്?
□ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ നാം എന്തു ചെയ്യണം?
□ ദൈവവചനം ജീവനും ശക്തിയും ഉള്ളതും ഇരുവായ്ത്തലയുള്ള വാളിനെക്കാളും മൂർച്ചയുള്ളതും ആയിരിക്കുന്നത് എങ്ങനെ?
[16, 17 പേജുകളിലെ ചിത്രം]
ഇസ്രായേല്യർ ശബത്ത് ആചരിച്ചു, എന്നാൽ അവർ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിച്ചില്ല. എന്തുകൊണ്ടെന്നു നിങ്ങൾക്ക് അറിയാമോ?