വിശ്വാസരാഹിത്യത്തിന് എതിരെ ജാഗ്രതയുള്ളവർ ആയിരിക്കുക
“എന്റെ സഹോദരരേ, ജീവനുള്ള ദൈവത്തിൽനിന്ന് വിട്ടുമാറിക്കൊണ്ട് നിങ്ങളാരും വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയം വികസിപ്പിച്ചെടുക്കാതിരിക്കാൻ സൂക്ഷിക്കുവിൻ.”—എബ്രായർ 3:12, NW.
1. എബ്രായ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിന്റെ വാക്കുകൾ ഏതു ഞെട്ടിക്കുന്ന യാഥാർഥ്യത്തെ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു?
എത്ര ഭയാനകമായ ആശയം—ഒരിക്കൽ യഹോവയുമായി വ്യക്തിപരമായ ബന്ധം ആസ്വദിച്ചിരുന്നവർ ‘ജീവനുള്ള ദൈവത്തിൽനിന്നു വിട്ടുമാറിക്കൊണ്ട്’ ഒരു “ദുഷ്ട ഹൃദയം” വികസിപ്പിച്ചെടുക്കുക! അത് എന്തൊരു മുന്നറിയിപ്പാണ്! പൗലൊസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ അവിശ്വാസികളെയല്ല, യേശുക്രിസ്തുവിന്റെ മറുവില യാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചിട്ടുള്ളവരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
2. നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്?
2 ആത്മീയമായി അനുഗൃഹീതമായ അത്തരം അവസ്ഥയിലുള്ള ആർക്കെങ്കിലും “വിശ്വാസരഹിതമായ ഒരു ദുഷ്ടഹൃദയം” വികസിപ്പിച്ചെടുക്കാൻ എങ്ങനെ കഴിയുമായിരുന്നു? ദൈവത്തിന്റെ സ്നേഹവും അനർഹ ദയയും രുചിച്ചറിഞ്ഞിട്ടുള്ള ഒരുവന് അവനിൽനിന്ന് എങ്ങനെയാണ് മനഃപൂർവം വിട്ടുമാറാൻ കഴിയുമായിരുന്നത്? ഇതു നമ്മിൽ ആർക്കെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടോ? ഗൗരവാവഹമായി ചിന്തിക്കേണ്ട വിഷയങ്ങളാണ് ഇവ. ഈ മുന്നറിയിപ്പിന്റെ പിന്നിലെ കാരണം പരിശോധിക്കുന്നതു നിശ്ചയമായും നമുക്കു പ്രയോജനകരമാണ്.—1 കൊരിന്ത്യർ 10:11.
അത്തരം ശക്തമായ ബുദ്ധ്യുപദേശം എന്തുകൊണ്ട്?
3. യെരൂശലേമിലും പരിസരത്തും ഉണ്ടായിരുന്ന, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ബാധിച്ചിരുന്ന സ്ഥിതിവിശേഷങ്ങൾ വർണിക്കുക.
3 പൗലൊസ് യഹൂദ്യയിലുള്ള എബ്രായ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്തുകൊണ്ട് ലേഖനം എഴുതിയത് പൊ.യു. 61-ൽ ആയിരിക്കാം. “യെരൂശലേം നഗരത്തിലോ പ്രവിശ്യയിൽ ഉടനീളം എവിടെയെങ്കിലുമോ, ഗൗരവമാനസരും സത്യസന്ധരുമായവർക്ക് യാതൊരു സമാധാനവും സുരക്ഷിതത്വവും ഇല്ലാതിരുന്ന” സമയമായിരുന്നു ഇത് എന്ന് ഒരു ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു. അതു നിയമരാഹിത്യത്തിന്റെയും അക്രമത്തിന്റെയും നാളുകൾ ആയിരുന്നു. മർദകരായ റോമൻ സൈന്യത്തിന്റെ സാന്നിധ്യവും റോമാവിരുദ്ധ യഹൂദ തീവ്രവാദികളുടെ വീമ്പും അതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെപ്പോലെയുള്ള കള്ളന്മാരുടെ കുറ്റകൃത്യങ്ങളും എല്ലാം അത്തരം ഒരു അവസ്ഥയ്ക്ക് വളംവെച്ചിരുന്നു. ഇതെല്ലാം ക്രിസ്ത്യാനികൾക്കു ജീവിതം വളരെ ദുഷ്കരമാക്കി, അവർ അത്തരം സംഗതികളിൽ ഉൾപ്പെടാതിരിക്കാൻ പാടുപെടുകയായിരുന്നു. (1 തിമൊഥെയൊസ് 2:1, 2) വാസ്തവത്തിൽ, അവരുടെ നിഷ്പക്ഷ നിലപാടു നിമിത്തം, ചിലർ അവരെ സമൂഹത്തിനു കൊള്ളാത്തവരായി, കുഴപ്പക്കാരായി പോലും, വീക്ഷിച്ചിരുന്നു. ക്രിസ്ത്യാനികൾ മിക്കപ്പോഴും ഉപദ്രവിക്കപ്പെട്ടിരുന്നു, അവർക്കു വ്യക്തിപരമായ നഷ്ടങ്ങളും നേരിട്ടിരുന്നു.—എബ്രായർ 10:32-34.
4. എബ്രായ ക്രിസ്ത്യാനികൾക്ക് മതത്തിൽ നിന്നുള്ള എന്തു സമ്മർദം നേരിടേണ്ടിവന്നു?
4 എബ്രായ ക്രിസ്ത്യാനികൾക്ക് മതപരമായ കടുത്ത എതിർപ്പും നേരിട്ടിരുന്നു. യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരുടെ തീക്ഷ്ണതയും അതിന്റെ ഫലമായി ക്രിസ്തീയ സഭ തഴച്ചു വളരുന്നതും യഹൂദന്മാരിൽ—വിശേഷിച്ചും അവരുടെ മതനേതാക്കളിൽ—അസൂയയും വിദ്വേഷവും ജനിപ്പിച്ചിരുന്നു. യേശുക്രിസ്തുവിന്റെ അനുഗാമികളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും ലഭിച്ച അവസരങ്ങളൊന്നും അവർ പാഴാക്കിയില്ല.a (പ്രവൃത്തികൾ 6:8-14; 21:27-30; 23:12, 13; 24:1-9) ചില ക്രിസ്ത്യാനികൾക്കു നേരിട്ടുള്ള പീഡനം ഉണ്ടായില്ലെങ്കിലും അവർക്ക് യഹൂദന്മാരിൽനിന്നുള്ള വെറുപ്പും പരിഹാസവും നേരിട്ടിരുന്നു. യഹൂദമതത്തിന്റെ പകിട്ടോ ആലയമോ പൗരോഹിത്യമോ ഉത്സവങ്ങളോ ഔപചാരിക ബലികളോ പോലുള്ള സംഗതികൾ ഇല്ലാത്ത ഒരു പുതിയ മതമായി ക്രിസ്ത്യാനിത്വം പുച്ഛിക്കപ്പെട്ടിരുന്നു. അവരുടെ നേതാവായ യേശുപോലും കുറ്റംചുമത്തപ്പെട്ട കുറ്റവാളി എന്ന നിലയിൽ വധിക്കപ്പെട്ടു. തങ്ങളുടെ മതം ആചരിക്കുന്നതിന് ക്രിസ്ത്യാനികൾക്ക് വിശ്വാസവും ധൈര്യവും സഹിഷ്ണുതയും ആവശ്യമായിരുന്നു.
5. യഹൂദ്യയിലെ ക്രിസ്ത്യാനികൾ ആത്മീയമായി ജാഗരൂകരായി നിലകൊള്ളുന്നത് അത്യന്താപേക്ഷിതം ആയിരുന്നത് എന്തുകൊണ്ട്?
5 എല്ലാറ്റിനും ഉപരി, യഹൂദ്യയിലെ എബ്രായ ക്രിസ്ത്യാനികൾ ജീവിച്ചിരുന്നത് അതിന്റെ ചരിത്രത്തിലെ ഒരു നിർണായക സമയത്ത് ആയിരുന്നു. യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തിന്റെ അടയാളമെന്നു തങ്ങളുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞ അനേകം സംഗതികൾ അതിനോടകംതന്നെ സംഭവിച്ചിരുന്നു. അന്ത്യം താമസിയാതെ സംഭവിക്കുമായിരുന്നു. അതിജീവിക്കുന്നതിന്, ക്രിസ്ത്യാനികൾ ആത്മീയമായി ജാഗരൂകരായും ‘മലകളിലേക്കു ഓടിപ്പോകാ’നുള്ള തയ്യാറെടുപ്പുകളോടുകൂടെയും നിലകൊള്ളേണ്ടിയിരുന്നു. (മത്തായി 24:6, 15, 16) യേശു നിർദേശിച്ചിരുന്നതുപോലെ, സത്വര നടപടി കൈക്കൊള്ളുന്നതിന് ആവശ്യമായ വിശ്വാസവും ആത്മീയ കരുത്തും അവർക്ക് ഉണ്ടായിരിക്കുമായിരുന്നോ? കുറച്ച് സംശയം ഉണ്ടായിരുന്നതായി കാണപ്പെട്ടിരുന്നു.
6. യഹൂദ്യയിലെ ക്രിസ്ത്യാനികൾക്ക് അടിയന്തിരമായി എന്ത് ആവശ്യമായിരുന്നു?
6 മുഴു യഹൂദ വ്യവസ്ഥിതിയുടെയും വിഘടനത്തിനു മുമ്പുള്ള അവസാന പതിറ്റാണ്ടിൽ, എബ്രായ ക്രിസ്ത്യാനികൾക്ക് വ്യക്തമായും സഭയുടെ അകത്തുനിന്നും പുറത്തുനിന്നും കടുത്ത സമ്മർദം നേരിട്ടിരുന്നു. അവർക്ക് പ്രോത്സാഹനം ആവശ്യമായിരുന്നു. എന്നാൽ തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഗതി ശരിയായതാണെന്നും തങ്ങളുടെ കഷ്ടപ്പാടുകളും സഹിഷ്ണുതയും വ്യർഥമല്ലെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന ബുദ്ധ്യുപദേശവും നിർദേശങ്ങളും അവർക്ക് ആവശ്യമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, പൗലൊസ് അവസരത്തിനൊത്തു പ്രവർത്തിക്കുകയും അവരുടെ സഹായത്തിന് എത്തുകയും ചെയ്തു.
7. പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയതിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
7 പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയതിൽ നാമും വളരെ തത്പരരായിരിക്കണം. എന്തുകൊണ്ട്? എന്തെന്നാൽ അവരുടേതിന് സമാനമായ കാലത്താണ് നാം ജീവിക്കുന്നത്. സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകത്തിൽനിന്നു നമുക്കു ദിവസേന സമ്മർദം നേരിടുന്നു. (1 യോഹന്നാൻ 5:19) അന്ത്യകാലത്തെയും “വ്യവസ്ഥിതിയുടെ സമാപന”ത്തെയും കുറിച്ചുള്ള യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പ്രവചനങ്ങൾ നമ്മുടെ കൺമുമ്പാകെ നിറവേറുകയാണ്. (മത്തായി 24:3-14, NW; 2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:3, 4; വെളിപ്പാടു 6:1-8) എല്ലാറ്റിനും ഉപരി, “സംഭവിപ്പാനുള്ള ഈ സംഗതികളിൽ നിന്നെല്ലാം രക്ഷപ്പെടുന്നതിൽ വിജയിക്കാൻ കഴിയേ”ണ്ടതിന് നാം ആത്മീയമായി ജാഗരൂകർ ആയിരിക്കേണ്ടത് ആവശ്യമാണ്.—ലൂക്കൊസ് 21:36, NW.
മോശയെക്കാൾ വലിയവൻ
8. എബ്രായർ 3:1-ൽ രേഖപ്പെടുത്തിയിരിക്കുന്നത് പറയുന്നതിലൂടെ, പൗലൊസ് സഹക്രിസ്ത്യാനികളെ എന്തു ചെയ്യാൻ ഉദ്ബോധിപ്പിക്കുകയായിരുന്നു?
8 ഒരു ജീവത്പ്രധാനമായ ആശയം സൂചിപ്പിച്ചുകൊണ്ട്, പൗലൊസ് എഴുതി: “നാം ഏറ്റുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെക്കുറിച്ചു പരിചിന്തിക്കുക.” (എബ്രായർ 3:1, NW) “പരിചിന്തിക്കുക” എന്നതിന്റെ അർഥം “വ്യക്തമായി ഗ്രഹിക്കുക . . . , പൂർണമായി അറിയുക, അടുത്തു പരിചിന്തിക്കുക” എന്നൊക്കെയാണ്. (വൈൻസ് എക്സ്പോസിറ്ററി ഡിക്ഷനറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ്) അങ്ങനെ തങ്ങളുടെ വിശ്വാസത്തിലും രക്ഷയിലും യേശു വഹിച്ച പങ്കിനോടു യഥാർഥ വിലമതിപ്പു വളർത്തിയെടുക്കുന്നതിന് ശുഷ്കാന്തിയോടെ ശ്രമം നടത്താൻ പൗലൊസ് തന്റെ സഹവിശ്വാസികളെ ഉദ്ബോധിപ്പിക്കുക ആയിരുന്നു. ഇതു ചെയ്യുന്നത് വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനുള്ള അവരുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കുമായിരുന്നു. അപ്പോൾ യേശുവിന്റെ പങ്ക് എന്തായിരുന്നു, നാം എന്തിന് അവനെക്കുറിച്ചു “പരിചിന്തിക്ക”ണം?
9. പൗലൊസ് യേശുവിനെ “അപ്പൊസ്തലൻ” എന്നും “മഹാപുരോഹിതൻ” എന്നും പരാമർശിച്ചത് എന്തുകൊണ്ട്?
9 പൗലൊസ് യേശുവിനെ “അപ്പൊസ്തലൻ” എന്നും “മഹാപുരോഹിതൻ” എന്നും പരാമർശിച്ചു. “അപ്പൊസ്തലൻ” അയയ്ക്കപ്പെടുന്ന ഒരുവൻ ആണ്, ഇവിടെ അത് മനുഷ്യവർഗവുമായി ആശയവിനിയമം ചെയ്യുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയെ പരാമർശിക്കുന്നു. മനുഷ്യർക്ക് ദൈവത്തെ സമീപിക്കാൻ സാധിക്കുന്ന മാധ്യമമാണ് “മഹാപുരോഹിതൻ.” ഈ രണ്ടു കരുതലുകളും സത്യാരാധനയ്ക്ക് അത്യന്താപേക്ഷിതമാണ്, യേശു അതിന്റെ രണ്ടിന്റെയും ആൾരൂപം ആണ്. അവൻ ദൈവത്തെ കുറിച്ചുള്ള സത്യം മനുഷ്യവർഗത്തെ പഠിപ്പിക്കാൻ സ്വർഗത്തിൽനിന്ന് അയയ്ക്കപ്പെട്ടവനാണ്. (യോഹന്നാൻ 1:18; 3:16; 14:6) പാപമോചനത്തിനായുള്ള യഹോവയുടെ ആത്മീയ ആലയ ക്രമീകരണത്തിലെ പ്രതിമാതൃകാ മഹാപുരോഹിതൻ എന്ന നിലയിൽ നിയമിതൻ ആയിരിക്കുന്നതും യേശു ആണ്. (എബ്രായർ 4:14, 15; 1 യോഹന്നാൻ 2:1, 2) യേശുവിലൂടെ നേടാവുന്ന അനുഗ്രഹങ്ങളെ നാം യഥാർഥത്തിൽ വിലമതിക്കുന്നെങ്കിൽ, വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനുള്ള ധൈര്യവും ദൃഢനിശ്ചയവും നമുക്ക് ഉണ്ടായിരിക്കും.
10. (എ) യഹൂദ മതത്തെ അപേക്ഷിച്ച് ക്രിസ്ത്യാനിത്വത്തിനുള്ള ശ്രേഷ്ഠത വിലമതിക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ സഹായിച്ചത് എങ്ങനെ? (ബി) തന്റെ ആശയത്തെ ദൃഢീകരിക്കുന്നതിനായി പൗലൊസ് ഏതു സാർവലൗകിക സത്യം പരാമർശിക്കുന്നു?
10 ക്രിസ്തീയ വിശ്വാസത്തിന്റെ മൂല്യം ഊന്നിപ്പറയാൻ, പൗലൊസ് യേശുവിനെ മോശയുമായി താരതമ്യപ്പെടുത്തി. തങ്ങളുടെ പൂർവികർക്ക് ഇടയിലെ ഏറ്റവും വലിയ പ്രവാചകനായി യഹൂദർ വീക്ഷിക്കുന്നത് മോശയെ ആണ്. യേശു മോശയെക്കാൾ വലിയവനാണ് എന്ന വസ്തുത എബ്രായ ക്രിസ്ത്യാനികൾക്ക് മുഴു ഹൃദയത്തോടെ ഗ്രഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, യഹൂദ മതത്തെക്കാൾ ശ്രേഷ്ഠമാണ് ക്രിസ്ത്യാനിത്വം എന്നു സംശയലേശമെന്യേ വിശ്വസിക്കാൻ അവർക്ക് കഴിയുമായിരുന്നു. ദൈവത്തിന്റെ ‘ഗൃഹം’—ഇസ്രായേൽ ജനത, അഥവാ സഭ—ഭരമേൽപ്പിക്കപ്പെടാൻ മോശ യോഗ്യനായി എണ്ണപ്പെട്ടു എങ്കിലും, അവൻ കേവലം ഒരു വിശ്വസ്ത സേവകൻ, അഥവാ ദാസൻ മാത്രമായിരുന്നു എന്നു പൗലൊസ് സൂചിപ്പിച്ചു. (സംഖ്യാപുസ്തകം 12:7) നേരേമറിച്ച്, യേശു ഗൃഹത്തിന്മേൽ യജമാനൻ ആയ പുത്രനായിരുന്നു. (1 കൊരിന്ത്യർ 11:3; എബ്രായർ 3:2, 3, 5) തന്റെ ആശയത്തെ ദൃഢീകരിക്കാൻ, പൗലൊസ് ഈ സാർവലൗകിക സത്യം പരാമർശിച്ചു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) എല്ലാവരുടെയും നിർമാതാവ്, അല്ലെങ്കിൽ സ്രഷ്ടാവ് ആയതുകൊണ്ട് ദൈവം ഏതൊരുവനിലും വലിയവൻ ആണെന്നതിനെ ആരും ഖണ്ഡിക്കുകയില്ല. അപ്പോൾ യുക്തിപൂർവകമായി പറയുകയാണെങ്കിൽ, യേശു ദൈവത്തിന്റെ സഹപ്രവർത്തകൻ ആയതുകൊണ്ട്, മോശ ഉൾപ്പെടെയുള്ള മറ്റെല്ലാ സൃഷ്ടികളെക്കാളും വലിയവൻ ആയിരിക്കണം.—സദൃശവാക്യങ്ങൾ 8:30; കൊലൊസ്സ്യർ 1:15-17.
11, 12. “അവസാനത്തോളം” എന്ത് “മുറുകെപ്പിടിച്ചു”കൊണ്ടിരിക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു, അവന്റെ ബുദ്ധ്യുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും?
11 സത്യമായും, എബ്രായ ക്രിസ്ത്യാനികൾ ഏറെ അനുഗൃഹീത സ്ഥാനത്തായിരുന്നു. യഹൂദ മതത്തിനു നൽകാൻ കഴിയുമായിരുന്ന എന്തിനെക്കാളും വലിയ, നിധിയെന്നപോലെ കരുതേണ്ട ഒരു പദവി അവർക്കുണ്ടെന്ന്, അതായത് അവർ “സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരാ”ണെന്ന് പൗലൊസ് അവരെ ഓർമിപ്പിച്ചു. (എബ്രായർ 3:1) യഹൂദ പൈതൃകവുമായി ബന്ധപ്പെട്ട സംഗതികൾ ഉപേക്ഷിക്കേണ്ടിവന്നതിൽ ദുഃഖം തോന്നുന്നതിനു പകരം, പൗലൊസിന്റെ വാക്കുകൾ ആ അഭിഷിക്ത ക്രിസ്ത്യാനികളെ, തങ്ങൾക്ക് ഒരു പുതിയ അവകാശം ലഭിക്കാനിരിക്കുന്നു എന്നതിന്റെ വീക്ഷണത്തിൽ, കൃതജ്ഞതയുള്ളവർ ആക്കിയിരിക്കണം. (ഫിലിപ്പിയർ 3:8) തങ്ങളുടെ പദവി നിസ്സാരമായി കാണാതെ അതിനോടു പറ്റിനിൽക്കാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പൗലൊസ് പറഞ്ഞു: “ക്രിസ്തുവോ [ദൈവത്തിന്റെ] ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.”—എബ്രായർ 3:6.
12 അതേ, എബ്രായ ക്രിസ്ത്യാനികൾ യഹൂദ വ്യവസ്ഥിതിയുടെ ആസന്നമായിരുന്ന സമാപനത്തെ അതിജീവിക്കണമെങ്കിൽ, അവർ തങ്ങളുടെ ദൈവദത്ത പ്രത്യാശ “അവസാനത്തോളം” മുറുകെപ്പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ഈ വ്യവസ്ഥിതിയുടെ സമാപനത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇന്ന് നാമും അതുതന്നെ ചെയ്യണം. (മത്തായി 24:13) ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിൽനിന്നു ചഞ്ചലിക്കാൻ ജീവിത ഉത്കണ്ഠകളെയോ ആളുകളുടെ വിരക്തിയെയോ നമ്മുടെതന്നെ അപൂർണ പ്രവണതകളെയോ അനുവദിക്കരുത്. (ലൂക്കൊസ് 21:16-19) നമുക്കു സ്വയം എങ്ങനെ ബലിഷ്ഠരാക്കാമെന്നു കാണുന്നതിന്, പൗലൊസിന്റെ കൂടുതലായ വാക്കുകൾ ശ്രദ്ധിക്കാം.
“നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്”
13. പൗലൊസ് എന്തു മുന്നറിയിപ്പ് നൽകി, അവൻ സങ്കീർത്തനം 95 ബാധകമാക്കിയത് എങ്ങനെ?
13 എബ്രായ ക്രിസ്ത്യാനികളുടെ അനുഗൃഹീത സ്ഥാനത്തെക്കുറിച്ചു പരിചിന്തിച്ചശേഷം, പൗലൊസ് ഈ മുന്നറിയിപ്പു നൽകി: ‘പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതു പോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു കടുത്ത പ്രകോപനമുണ്ടായ സന്ദർഭത്തെയും പരീക്ഷാദിവസത്തെയും പോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.”’ (എബ്രായർ 3:7, 8, NW) പൗലൊസ് 95-ാം സങ്കീർത്തനത്തിൽനിന്ന് ഉദ്ധരിക്കുകയായിരുന്നു, അതുകൊണ്ട് ‘പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നു’ എന്നു പറയാൻ അവനു കഴിഞ്ഞു.b (സങ്കീർത്തനം 95:7, 8; പുറപ്പാടു 17:1-7) ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാക്കിയതാണു തിരുവെഴുത്തുകൾ.—2 തിമൊഥെയൊസ് 3:16.
14. തങ്ങൾക്കുവേണ്ടി യഹോവ ചെയ്തിരിക്കുന്നതിനോട് ഇസ്രായേല്യർ പ്രതികരിച്ചത് എങ്ങനെ, എന്തുകൊണ്ട്?
14 ഈജിപ്തിലെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടശേഷം, യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ഒരു വലിയ പദവി ഇസ്രായേല്യർക്കു നൽകപ്പെട്ടു. (പുറപ്പാടു 19:4, 5; 24:7, 8) എന്നിരുന്നാലും, തങ്ങൾക്കു വേണ്ടി ദൈവം ചെയ്തിരിക്കുന്ന സംഗതികളോടു വിലമതിപ്പു പ്രകടമാക്കുന്നതിനു പകരം, അവർ മത്സരിച്ചു. (സംഖ്യാപുസ്തകം 13:25–14:10) അതിന് എങ്ങനെ കഴിയുമായിരുന്നു? പൗലൊസ് കാരണം സൂചിപ്പിച്ചു: ഹൃദയത്തെ കഠിനമാക്കൽ. എന്നാൽ ദൈവ വചനത്താൽ ബാധിക്കപ്പെടുന്നതും അതിനോടു പ്രതികരിക്കുന്നതുമായ ഹൃദയം കഠിനം ആയിത്തീരുന്നത് എങ്ങനെ? ഇതു തടയാൻ നാം എന്തു ചെയ്യണം?
15. (എ) കഴിഞ്ഞ കാലത്തും ഇക്കാലത്തും ‘ദൈവത്തിന്റെ ശബ്ദം’ കേൾപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) ‘ദൈവത്തിന്റെ ശബ്ദം’ സംബന്ധിച്ചു നാം നമ്മോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്?
15 “നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ” എന്ന ഒരു വ്യവസ്ഥയോടെയാണ് പൗലൊസ് തന്റെ മുന്നറിയിപ്പു തുടങ്ങുന്നത്. ദൈവം മോശയിലൂടെയും മറ്റു പ്രവാചകന്മാരിലൂടെയും ആളുകളോടു സംസാരിച്ചു. പിന്നെ, യഹോവ അവരോട് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ സംസാരിച്ചു. (എബ്രായർ 1:1, 2) ഇന്ന്, നമുക്ക് ദൈവത്തിന്റെ സമ്പൂർണ നിശ്വസ്ത വചനമായ വിശുദ്ധ ബൈബിൾ ഉണ്ട്. “തക്ക സമയത്തു” ആത്മീയ “ഭക്ഷണം” പ്രദാനം ചെയ്യേണ്ടതിന് യേശു നിയമിച്ച “വിശ്വസ്തനും വിവേകിയുമായ അടിമ”യും നമുക്കുണ്ട്. (മത്തായി 24:45-47, NW) അതുകൊണ്ട്, ദൈവം ഇപ്പോഴും സംസാരിക്കുന്നുണ്ട്. എന്നാൽ നാം ശ്രദ്ധിക്കുന്നുണ്ടോ? ഉദാഹരണത്തിന്, വസ്ത്രധാരണത്തെയും ചമയത്തെയും, അല്ലെങ്കിൽ വിനോദം, സംഗീതം എന്നിവയുടെ തിരഞ്ഞെടുപ്പിനെയും കുറിച്ചുള്ള ബുദ്ധ്യുപദേശത്തോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്? നാം “ശ്രദ്ധിക്കുന്നു”ണ്ടോ, അതായത് കേൾക്കുന്നത് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ടോ? ബുദ്ധ്യുപദേശം ലഭിക്കുമ്പോൾ നാം ഒഴികഴിവു കണ്ടെത്തുകയോ എതിർക്കുകയോ ചെയ്യുന്ന ശീലമുള്ളവർ ആണെങ്കിൽ, നാം നമ്മുടെ ഹൃദയത്തെ കഠിനമാക്കുകയെന്ന കുടിലമായ അപകടത്തിലേക്ക് അടുക്കുകയാണ്.
16. നമ്മുടെ ഹൃദയം കഠിനം ആയിത്തീരാൻ കഴിയുന്ന ഒരു വിധം ഏത്?
16 ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ സംഗതിയിൽനിന്ന് ഒഴിവു തേടുന്നതും നമ്മുടെ ഹൃദയത്തെ കഠിനമാക്കും. (യാക്കോബ് 4:17) യഹോവ ഇസ്രായേലിനു വേണ്ടി പലതും പ്രവർത്തിച്ചിട്ടും, അവർ വിശ്വാസം പ്രകടമാക്കാൻ പരാജയപ്പെട്ടു, മോശയ്ക്ക് എതിരെ മത്സരിച്ചു, കനാനെ കുറിച്ചുള്ള നിഷേധാത്മക റിപ്പോർട്ട് വിശ്വസിക്കാൻ തീരുമാനിച്ചു, വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ വിസമ്മതിച്ചു. (സംഖ്യാപുസ്തകം 14:1-4) അതുകൊണ്ട് അവർ 40 വർഷം മരുഭൂമിയിൽ ചെലവഴിക്കുമെന്ന് യഹോവ കൽപ്പിച്ചു—ആ തലമുറയിലെ വിശ്വാസരഹിതരായ അംഗങ്ങൾ മൺമറയാൻ അത്രയും സമയം മതിയാകുമായിരുന്നു. അവരോടു വെറുപ്പു തോന്നി, ദൈവം പറഞ്ഞു: “അവർ എപ്പോഴും തെററിപ്പോകുന്ന ഹൃദയമുള്ളവർ . . . എന്റെ വഴികളെ അറിയാത്തവർ . . . അവർ എന്റെ സ്വസ്ഥതയിൽ [“വിശ്രമത്തിൽ,” NW] പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.” (എബ്രായർ 3:9-11) ഇതിൽ നമുക്കൊരു പാഠം കാണുന്നുണ്ടോ?
നമുക്കൊരു പാഠം
17. യഹോവയുടെ വീര്യപ്രവൃത്തികൾ കണ്ടിട്ടും അവന്റെ പ്രഖ്യാപനങ്ങൾ കേട്ടിട്ടും ഇസ്രായേല്യർ വിശ്വാസരാഹിത്യം പ്രകടമാക്കിയത് എന്തുകൊണ്ട്?
17 ഇസ്രായേലിന്റെ, ഈജിപ്തിൽനിന്നു പുറത്തുവന്ന തലമുറ സ്വന്തം കണ്ണുകൊണ്ട് യഹോവയുടെ വീര്യപ്രവൃത്തികൾ കണ്ടവരും സ്വന്തം ചെവികൊണ്ട് അവന്റെ പ്രഖ്യാപനങ്ങൾ കേട്ടവരും ആയിരുന്നു. എന്നിട്ടും, ദൈവത്തിനു തങ്ങളെ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി നയിക്കാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ഇല്ലായിരുന്നു. എന്തുകൊണ്ട്? “അവർ . . . എന്റെ വഴികളെ അറിയാത്തവർ” ആയിരുന്നുവെന്ന് യഹോവ പറയുന്നു. യഹോവ പറഞ്ഞതും ചെയ്തതും അവർക്ക് അറിയാമായിരുന്നു, എന്നാൽ തങ്ങൾക്കുവേണ്ടി കരുതുന്നതിനുള്ള അവന്റെ പ്രാപ്തിയിൽ അവർ ഉറപ്പും ആശ്രയവും വികസിപ്പിച്ച് എടുത്തിരുന്നില്ല. ദൈവത്തിന്റെ വഴികളെ കുറിച്ചും ഉദ്ദേശ്യത്തെ കുറിച്ചും ചിന്തിക്കാൻ കഴിയാതെവണ്ണം അവർ വ്യക്തിപരമായ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും മുഴുകിപ്പോയി. അതേ, അവന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസം ഇല്ലായിരുന്നു.
18. പൗലൊസ് പറയുന്ന പ്രകാരം, ഏതു പ്രവർത്തന ഗതി “വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയ”ത്തിൽ കലാശിക്കും?
18 എബ്രായർക്കുള്ള ഈ കൂടുതലായ വാക്കുകൾ അവർക്കെന്നപോലെ നമുക്കും ബാധകമാണ്: “എന്റെ സഹോദരരേ, ജീവനുള്ള ദൈവത്തിൽനിന്ന് വിട്ടുമാറിക്കൊണ്ട് നിങ്ങളാരും വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയം വികസിപ്പിച്ചെടുക്കാതിരിക്കാൻ സൂക്ഷിക്കുവിൻ.” (എബ്രായർ 3:12, NW) “ജീവനുള്ള ദൈവത്തിൽനിന്ന് വിട്ടുമാറു”ന്നതിന്റെ ഫലമാണ് “വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയം” എന്നു സൂചിപ്പിച്ചുകൊണ്ട് പൗലൊസ് അതിന്റെ അടിസ്ഥാന കാരണത്തിലേക്കു കടക്കുന്നു. തന്റെ ഈ ലേഖനത്തിന്റെ ഏതാണ്ട് ആദ്യ ഭാഗത്ത്, ശ്രദ്ധയില്ലായ്മ നിമിത്തം, ‘ഒഴുകിപ്പോകുന്ന’തിനെക്കുറിച്ച് അവൻ സംസാരിച്ചിരുന്നു. (എബ്രായർ 2:1) എന്നിരുന്നാലും, “വിട്ടുമാറൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “മാറി നിൽക്കുക” എന്നാണ്, ഇത് “വിശ്വാസത്യാഗം” എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് മനഃപൂർവവും ബോധപൂർവവുമായ, അതേസമയം വെറുപ്പോടെയുള്ള ചെറുത്തുനിൽപ്പിനെ, പിൻവാങ്ങലിനെ, കൂറുമാറ്റത്തെ അർഥമാക്കുന്നു.
19. ബുദ്ധ്യുപദേശം ശ്രദ്ധിക്കാൻ പരാജയപ്പെടുന്നത് ഗുരുതരമായ ഭവിഷ്യത്തുകളിലേക്കു നയിച്ചേക്കാവുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
19 അതുകൊണ്ട്, പാഠം ഇതാണ്: യഹോവയുടെ വചനത്തിലൂടെയും വിശ്വസ്ത അടിമവർഗത്തിലൂടെയും അവനിൽനിന്നു ലഭിക്കുന്ന ബുദ്ധ്യുപദേശം അവഗണിച്ചുകൊണ്ട് ‘അവന്റെ ശബ്ദം ശ്രദ്ധിക്കാൻ’ നാം പരാജയപ്പെടുന്നതിൽ തുടരുന്നെങ്കിൽ, താമസിയാതെ നമ്മുടെ ഹൃദയം പ്രതികരണശേഷി നഷ്ടപ്പെട്ട് കഠിനമായിത്തീരും. ഉദാഹരണത്തിന്, ഒരു അവിവാഹിത ഇണകൾ പരിധിവിട്ട് പെരുമാറി എന്നിരിക്കട്ടെ. അവർ സംഗതി കേവലം അവഗണിക്കുന്നെങ്കിലോ? തങ്ങൾ ചെയ്തത് ആവർത്തിക്കുന്നതിൽനിന്ന് അത് അവരെ സംരക്ഷിക്കുമോ, അതോ അത് അവർക്ക് ചെയ്തതുതന്നെ വീണ്ടും ചെയ്യാൻ കൂടുതൽ എളുപ്പം ആക്കിത്തീർക്കുമോ? അതുപോലെ, സംഗീതവും വിനോദവും പോലുള്ള സംഗതികൾ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മതയുള്ളവർ ആയിരിക്കേണ്ട ആവശ്യം സംബന്ധിച്ച് അടിമവർഗം ബുദ്ധ്യുപദേശം നൽകുമ്പോൾ, നാം അതു നന്ദിപൂർവം സ്വീകരിക്കുകയും ആവശ്യമായിരിക്കുന്നിടത്ത് പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നുണ്ടോ? ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കരുത്’ എന്നു പൗലൊസ് നമ്മെ ഉദ്ബോധിപ്പിച്ചു. (എബ്രായർ 10:24, 25) ഈ ബുദ്ധ്യുപദേശം ഉണ്ടായിരുന്നിട്ടും, ചിലർ ക്രിസ്തീയ യോഗങ്ങളെ ഉദാസീനതയോടെ വീക്ഷിക്കുന്നു. അവയിൽ ചിലതു നഷ്ടപ്പെട്ടാലും, അല്ലെങ്കിൽ ചില യോഗങ്ങൾ തീർത്തും ഒഴിവാക്കിയാലും കുഴപ്പമില്ലെന്ന് അവർ വിചാരിക്കുന്നു.
20. നാം തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശത്തോട് ഒരു ക്രിയാത്മകമായ വിധത്തിൽ പ്രതികരിക്കുന്നത് അത്യന്താപേക്ഷിതം ആയിരിക്കുന്നത് എന്തുകൊണ്ട്?
20 തിരുവെഴുത്തുകളിലും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലും വ്യക്തമായി പ്രതിഫലിപ്പിച്ചിരിക്കുന്ന യഹോവയുടെ “ശബ്ദ”ത്തോടു നാം ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെങ്കിൽ, താമസിയാതെ നാം “ജീവനുള്ള ദൈവത്തിൽനിന്ന് വിട്ടുമാറും”. ബുദ്ധ്യുപദേശത്തോടുള്ള നിസ്സംഗത എളുപ്പത്തിൽ തീവ്രമായ തുച്ഛീകരണത്തിലേക്കും വിമർശനത്തിലേക്കും ചെറുത്തുനിൽപ്പിലേക്കും നയിക്കും. തിരുത്തുന്നില്ലെങ്കിൽ, “വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയം” ആയിരിക്കും ഫലം, അത്തരമൊരു ഗതിയിൽ നിന്നുള്ള തിരിച്ചുവരവ് സാധാരണമായി വളരെ ദുഷ്കരമാണ്. (എഫെസ്യർ 4:19 താരതമ്യം ചെയ്യുക.) യിരെമ്യാവു ഉചിതമായിത്തന്നെ എഴുതി: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:9) ഇക്കാരണത്താൽ, പൗലൊസ് തന്റെ എബ്രായ സഹവിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.’—എബ്രായർ 3:13.
21. നാം എല്ലാവരും എന്തു ചെയ്യാൻ ഉദ്ബോധിപ്പിക്കപ്പെടുന്നു, നമുക്ക് എന്തെല്ലാം ഭാവിപ്രതീക്ഷകൾ ഉണ്ട്?
21 നമ്മുടെ ഇക്കാലത്തും യഹോവ തന്റെ വചനത്തിലൂടെയും തന്റെ സ്ഥാപനത്തിലൂടെയും നമ്മോടു സംസാരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മെ “ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടി”ക്കാൻ തുടർന്നും സഹായിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്. (എബ്രായർ 3:14) ദൈവത്തിന്റെ സ്നേഹത്തോടും മാർഗനിർദേശത്തോടും പ്രതികരിക്കാനുള്ള സമയമാണ് ഇപ്പോൾ. നാം അങ്ങനെ ചെയ്യവേ, നമുക്കു യഹോവയുടെ മഹത്തായ മറ്റൊരു വാഗ്ദാനം ആസ്വദിക്കാൻ കഴിയും—അവന്റെ വിശ്രമത്തിൽ ‘പ്രവേശിക്കൽ’ എന്നത്. (എബ്രായർ 4:3, 10) അതാണ് പൗലൊസ് എബ്രായരോട് അടുത്തതായി ചർച്ച ചെയ്യുന്ന വിഷയം. അതു നമ്മുടെ അടുത്ത ലേഖനത്തിന്റെ വിഷയവുമാണ്.
[അടിക്കുറിപ്പുകൾ]
a ഫെസ്തോസിന്റെ മരണശേഷം, സദൂക്യ വിഭാഗത്തിലെ അനാനസ് (അനന്യാസ്) മഹാപുരോഹിതൻ ആയിത്തീർന്നു എന്ന് ജോസീഫസ് റിപ്പോർട്ട് ചെയ്തു. അയാൾ യേശുവിന്റെ അർധസഹോദരനായ യാക്കോബിനെയും മറ്റു ശിഷ്യന്മാരെയും സൻഹെദ്രീമിനു മുമ്പാകെ വരുത്തി അവരെ കല്ലെറിഞ്ഞു കൊല്ലാൻ വിധിച്ചു.
b പൗലൊസ് വ്യക്തമായും ഗ്രീക്കു സെപ്റ്റുവജിന്റിൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. അത് “മെരീബ,” “മാസാ” എന്നിവയെ യഥാക്രമം “കലഹിക്കൽ,” “പരീക്ഷിക്കൽ” എന്നു പരിഭാഷപ്പെടുത്തുന്നു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 2, 350-ഉം 379-ഉം പേജുകൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് അത്തരം ശക്തമായ ബുദ്ധ്യുപദേശം എഴുതിയത് എന്തുകൊണ്ട്?
□ യഹൂദമതത്തിൻ കീഴിലെ ജീവിതത്തെക്കാൾ മെച്ചമായ ഒരു സംഗതി തങ്ങൾക്ക് ഉണ്ടെന്നു മനസ്സിലാക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ സഹായിച്ചത് എങ്ങനെ?
□ ഒരുവന്റെ ഹൃദയം എങ്ങനെ കഠിനം ആയിത്തീർന്നേക്കാം?
□ “വിശ്വാസരഹിതമായ ഒരു ദുഷ്ട ഹൃദയം” വികസിപ്പിച്ചെടുക്കുന്നത് ഒഴിവാക്കാൻ നാം എന്തു ചെയ്യണം?
[10-ാം പേജിലെ ചിത്രം]
വലിയ മോശയായ യേശുവിൽ നിങ്ങൾ വിശ്വാസം പ്രകടമാക്കുന്നുണ്ടോ?