സന്തോഷപൂർവം “വചനം പ്രവർത്തിക്കുന്നവർ”
“നിങ്ങളുടെ ദേഹികളെ രക്ഷിക്കാൻ പ്രാപ്തമായ വചനം നടുന്നതിനെ സൗമ്യതയോടെ സ്വീകരിക്കുക. . . . എന്നിരുന്നാലും കേൾവിക്കാർ മാത്രമായിരിക്കാതെ, വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ.”—യാക്കോബ് 1:21, 22, NW.
1. 1996-ലേക്കുള്ള വാർഷികവാക്യം എങ്ങനെ വീക്ഷിക്കപ്പെടണം?
“വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ.” ഈ ലളിതമായ പ്രസ്താവനയിൽ ശക്തമായ ഒരു സന്ദേശം അടങ്ങുന്നുണ്ട്. ബൈബിളിലെ “യാക്കോബ് എഴുതിയ ലേഖന” ത്തിൽനിന്ന് എടുത്തിട്ടുള്ളതാണത്. 1996-ലുടനീളം യഹോവയുടെ സാക്ഷികളുടെ വാർഷികവാക്യമായി ഇതു രാജ്യഹാളുകളിൽ പ്രദർശിപ്പിക്കപ്പെടുന്നതായിരിക്കും.
2, 3. തന്റെ നാമം വഹിക്കുന്ന ലേഖനം എഴുതിയത് യാക്കോബ് ആയിരിക്കണമെന്നത് ഉചിതമായിരുന്നത് എന്തുകൊണ്ട്?
2 കർത്താവായ യേശുവിന്റെ അർധസഹോദരനായ യാക്കോബ് ആദിമ ക്രിസ്തീയ സഭയിൽ പ്രമുഖനായിരുന്നു. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം ഒരു സന്ദർഭത്തിൽ, നമ്മുടെ കർത്താവ് യാക്കോബിനു വ്യക്തിപരമായി പ്രത്യക്ഷപ്പെട്ടു, അതിനുശേഷം മറ്റെല്ലാ അപ്പോസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു. (1 കൊരിന്ത്യർ 15:7) പിന്നീട്, അപ്പോസ്തലനായ പത്രോസ് തടവറയിൽനിന്ന് അത്ഭുതകരമായി മോചിപ്പിക്കപ്പെട്ടപ്പോൾ, ഒന്നിച്ചുകൂടിയിരുന്ന ഒരു ക്രിസ്തീയ കൂട്ടത്തോടായി അവൻ പറഞ്ഞു: “ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ.” (പ്രവൃത്തികൾ 12:17) യാക്കോബ് അപ്പോസ്തലനായിരുന്നില്ലെങ്കിലും, വിജാതീയരിൽനിന്ന് എത്തിയ മതപരിവർത്തിതർ പരിച്ഛേദന ഏൽക്കേണ്ടയാവശ്യമില്ലെന്ന് അപ്പോസ്തലന്മാരും മൂപ്പന്മാരുംകൂടി തീരുമാനിച്ച, യെരുശലേമിലെ ഭരണസംഘത്തിന്റെ യോഗത്തിൽ അധ്യക്ഷം വഹിച്ചത് അവനാണെന്നു തോന്നുന്നു. യാക്കോബ് സംഗതികളുടെ രത്നച്ചുരുക്കം തയ്യാറാക്കി. പരിശുദ്ധാത്മാവിന്റെ സ്ഥിരീകരണം ലഭിച്ച ആ തീരുമാനം എല്ലാ സഭകൾക്കും അയച്ചുകൊടുത്തു.—പ്രവൃത്തികൾ 15:1-29.
3 യാക്കോബിന്റെ പക്വതയാർന്ന ന്യായവാദത്തിനു വളരെ ആധികാരികതയുണ്ടായിരുന്നുവെന്നതു സ്പഷ്ടമാണ്. എന്നിരുന്നാലും, താൻ കേവലം “ദൈവത്തിന്റെയും കർത്താവിന്റെയും ദാസനാ”ണെന്ന് അവൻ താഴ്മയോടെ സമ്മതിച്ചു. (യാക്കോബ് 1:1) ഇന്നത്തെ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ഈടുറ്റ ബുദ്ധ്യുപദേശത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒരു ശേഖരം ഉൾക്കൊള്ളുന്നതാണ് അവന്റെ നിശ്വസ്ത ലേഖനം. അതു പൂർത്തീകരിച്ചത് “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത വ്യാപകമായി “ഘോഷിച്ചു”കഴിഞ്ഞശേഷം, ജനറൽ സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിൽ യെരുശലേമിനുമേൽ നടന്ന പ്രാരംഭ റോമൻ ആക്രമണത്തിന് ഏതാണ്ടു നാലു വർഷങ്ങൾക്കു മുമ്പായിരുന്നു. (കൊലൊസ്സ്യർ 1:23) അവ ദുർഘട സമയങ്ങളായിരുന്നു. യഹോവയുടെ ന്യായവിധി യഹൂദ ജനതയുടെമേൽ നിർവഹിക്കപ്പെടാൻ പോകുകയാണെന്ന് അവന്റെ ദാസന്മാർക്കു തികഞ്ഞ ബോധ്യമുണ്ടായിരുന്നു.
4. ആദിമ ക്രിസ്ത്യാനികൾക്കു ദൈവവചനത്തിൽ വലിയ വിശ്വാസമുണ്ടായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
4 ആ ക്രിസ്ത്യാനികളുടെ പക്കൽ മുഴു എബ്രായ തിരുവെഴുത്തുകളും ഗ്രീക്കു തിരുവെഴുത്തുകളുടെ നല്ലൊരുഭാഗവും ഉണ്ടായിരുന്നു. ആദ്യകാല എഴുത്തുകളെ അനേകം പ്രാവശ്യം പരാമർശിക്കുന്നതിലൂടെ, ക്രിസ്തീയ ബൈബിളെഴുത്തുകാർക്കു വ്യക്തമായും ദൈവവചനത്തിൽ വലിയ വിശ്വാസം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കപ്പെടുന്നു. അതുപോലെ, നാം ഇന്നു ദൈവവചനം ഉത്സാഹപൂർവം പഠിക്കുകയും അതു നമ്മുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. സഹിച്ചുനിൽക്കുന്നതിന്, വിശുദ്ധ തിരുവെഴുത്തുകൾ പ്രദാനം ചെയ്യുന്ന ആത്മീയ ബലവും ധൈര്യവും നമുക്ക് ആവശ്യമാണ്.—സങ്കീർത്തനം 119:97; 1 തിമൊഥെയൊസ് 4:13.
5. നമുക്കിന്നു പ്രത്യേക മാർഗനിർദേശം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, നാമത് എവിടെ കണ്ടെത്തും?
5 “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ഇന്നു മനുഷ്യവർഗം. (മത്തായി 24:21) ദിവ്യമാർഗനിർദേശം ഉണ്ടായിരിക്കുന്നതിലാണു നമ്മുടെ അതിജീവനം ആശ്രയിച്ചിരിക്കുന്നത്. നമുക്കിത് എങ്ങനെ കണ്ടെത്താനാവും? ദൈവാത്മാവിനാൽ നിശ്വസ്തമായ വചനത്തിലെ പഠിപ്പിക്കലുകളിലേക്കു നമ്മുടെ ഹൃദയങ്ങൾ തുറന്നുകൊണ്ട്. മുൻകാലങ്ങളിലെ, യഹോവയുടെ വിശ്വസ്ത ദാസന്മാരെപ്പോലെ, ഇതു നമ്മെ “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരു”ന്നതിലേക്കു നയിക്കും. നാം ദൈവവചനം ശുഷ്കാന്തിയോടെ വായിച്ചു പഠിക്കുകയും യഹോവയുടെ സ്തുതിക്കായി അത് ഉപയോഗിക്കുകയും വേണം.—2 തിമൊഥെയൊസ് 2:15; 3:16, 17.
സന്തോഷത്തോടെ സഹിച്ചുനിൽക്കൽ
6. പരിശോധനകളെ നേരിടുമ്പോൾ നമുക്കു സന്തോഷം തോന്നേണ്ടതെന്തുകൊണ്ട്?
6 ലേഖനത്തിന്റെ ആരംഭത്തിൽ, ദൈവാത്മാവിന്റെ ഫലങ്ങളിൽ രണ്ടാമത്തേതായ സന്തോഷത്തെക്കുറിച്ച് യാക്കോബ് പരാമർശിക്കുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിനും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.” (യാക്കോബ് 1:2-4; ഗലാത്യർ 5:22, 23) അനേകം പരിശോധനകളിൽ അകപ്പെടുമ്പോൾ, അതു “സന്തോഷ”മാണെന്നു പറയാവുന്നതെങ്ങനെ? കൊള്ളാം, ഗിരിപ്രഭാഷണത്തിൽ യേശുപോലും ഇങ്ങനെ പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:11, 12) നിത്യജീവൻ എന്ന ലക്ഷ്യംവെച്ചു നാം കഠിനമായി യത്നിക്കുമ്പോൾ, നമ്മുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹങ്ങൾ ദർശിക്കുന്നതിൽ സന്തോഷനിർഭരമായ സംതൃപ്തിയുണ്ട്.—യോഹന്നാൻ 17:3; 2 തിമൊഥെയൊസ് 4:7, 8; എബ്രായർ 11:8-10, 26, 35.
7. (എ) സഹിച്ചുനിൽക്കാൻ നാമെങ്ങനെ സഹായിക്കപ്പെട്ടേക്കാം? (ബി) ഇയ്യോബിനെപ്പോലെ, നമുക്കെങ്ങനെ പ്രതിഫലം ലഭിച്ചേക്കാം?
7 “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു” യേശുവും സഹിച്ചുനിന്നു. (എബ്രായർ 12:1, 2) യേശുവിന്റെ ധീരമാതൃകയെ ഉറ്റുനോക്കിക്കൊണ്ട്, നമുക്കും സഹിച്ചുനിൽക്കാൻ സാധിക്കും! തന്റെ ലേഖനത്തിന്റെ അവസാനത്തോടടുത്ത് യാക്കോബ് പരാമർശിക്കുന്നതുപോലെ, നിർമലതാപാലകർക്കു യഹോവ സമൃദ്ധമായ പ്രതിഫലം കൊടുക്കുന്നു. യാക്കോബ് പറയുന്നു: “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ് 5:11) ഇയ്യോബ് നല്ല ആരോഗ്യത്തിലേക്കും പ്രിയപ്പെട്ടവരുമൊത്തുള്ള തികവുള്ളതും സന്തുഷ്ടവുമായ ഒരു ജീവിതത്തിലേക്കും പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ അവന്റെ നിർമലതയ്ക്ക് എങ്ങനെ പ്രതിഫലം കിട്ടിയെന്ന് ഓർമിക്കുക. നാം നിർമലതയോടെ സഹിച്ചുനിൽക്കുന്നപക്ഷം, ഇപ്പോൾ യഹോവയെ സേവിക്കുന്നതിലെ സന്തോഷത്തിന്റെ പാരമ്യം എന്നനിലയിൽ ദൈവത്തിന്റെ പുതിയ ലോകത്തിലെ വാഗ്ദത്ത പറുദീസയിൽ നമുക്കു സമാനമായ ആഹ്ലാദം കൈവരും.
ജ്ഞാനം തേടൽ
8. സത്യവും പ്രായോഗികവുമായ ജ്ഞാനം നമുക്കെങ്ങനെ കണ്ടെത്താനാവും, ഇക്കാര്യത്തിൽ പ്രാർഥന വഹിക്കുന്ന പങ്ക് എന്ത്?
8 നാം ദൈവവചനം ശുഷ്കാന്തിയോടെ പഠിക്കുകയും അതു പ്രയോഗത്തിൽവരുത്തുകയും ചെയ്യുമ്പോൾ നമുക്കു ദൈവിക ജ്ഞാനം ലഭിക്കും. അത് മരിച്ചുകൊണ്ടിരിക്കുന്ന സാത്താന്യ വ്യവസ്ഥിതിയുടെ ദുഷിപ്പിൻമധ്യേ പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്തരാക്കും. അത്തരം ജ്ഞാനം കണ്ടെത്താമെന്നു നമുക്ക് എന്ത് ഉറപ്പാണുള്ളത്? യാക്കോബ് നമ്മോട് ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.” (യാക്കോബ് 1:5, 6) യഹോവ നമ്മുടെ യാചനകൾ കേൾക്കുമെന്നും അവന്റെ തക്ക സമയത്തും അവന്റേതായ വിധത്തിലും അവയ്ക്ക് ഉത്തരം നൽകുമെന്നുമുള്ള അചഞ്ചലമായ വിശ്വാസത്തോടെ നാം തീക്ഷ്ണമായി പ്രാർഥിക്കണം.
9. യാക്കോബ് ദൈവിക ജ്ഞാനത്തെയും അതിന്റെ ബാധകമാക്കലിനെയും വർണിക്കുന്നതെങ്ങനെ?
9 ദൈവിക ജ്ഞാനം യഹോവയിൽനിന്നുള്ള ഒരു ദാനമാണ്. അത്തരം ദാനങ്ങളെ വർണിച്ചുകൊണ്ട്, യാക്കോബ് എഴുതുന്നു: “ഉത്തമവും പൂർണ്ണവുമായ എല്ലാ നല്ല ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാററമോ മാററത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു.” പിന്നീട് തന്റെ ലേഖനത്തിൽ, സത്യമായ ജ്ഞാനം നേടുന്നതുകൊണ്ടുള്ള ഫലം വിശദീകരിച്ചുകൊണ്ട് യാക്കോബ് ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. . . . ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.”—യാക്കോബ് 1:17, പി.ഒ.സി. ബൈബിൾ; 3:13-17.
10. വ്യാജമതം സത്യമതത്തിൽനിന്നു നേർവിപരീതമായിരിക്കുന്നത് എങ്ങനെ?
10 ക്രൈസ്തവലോകത്തിലോ മറ്റു ദേശങ്ങളിലോ ആയാലും വ്യാജമത ലോകസാമ്രാജ്യത്തിൽ, ഏതെങ്കിലും സ്തുതിഗീതങ്ങൾ പാടുന്നതും ആവർത്തനസ്വഭാവമുള്ള പ്രാർഥനകൾ കേൾക്കുന്നതും ഒരുപക്ഷേ ഒരു പ്രസംഗം കേൾക്കുന്നതും പലപ്പോഴും ആരാധകർക്ക് ഒരു ആചാരമാണ്. പ്രത്യാശയുടെ സന്ദേശം പ്രഘോഷിക്കുന്നതു സംബന്ധിച്ചു യാതൊരു പ്രോത്സാഹനവും കൊടുക്കുന്നില്ല. മിക്ക മതങ്ങൾക്കും ഭാവിയെക്കുറിച്ച് ഒരു ശോഭനമായ കാഴ്ചപ്പാടൊട്ടില്ലതാനും. ദൈവത്തിന്റെ മിശിഹൈക രാജ്യം സംബന്ധിച്ചുള്ള മഹത്തായ പ്രത്യാശയെക്കുറിച്ച് അവർ ഒന്നുകിൽ പരാമർശിക്കുന്നില്ല, അല്ലെങ്കിൽ അതിനെ പരിപൂർണമായും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ക്രൈസ്തവലോകത്തിലെ അനുസാരികളെക്കുറിച്ചു യഹോവ പ്രാവചനികമായി പറയുന്നു: “എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.” (യിരെമ്യാവു 2:13) അവയിൽ സത്യജലമില്ല. സ്വർഗീയ ജ്ഞാനം ഇല്ലാതായിരിക്കുന്നു.
11, 12. (എ) ദിവ്യജ്ഞാനം നമ്മെ എങ്ങനെ പ്രചോദിപ്പിക്കണം? (ബി) ദിവ്യജ്ഞാനം നമുക്ക് എന്തിനെക്കുറിച്ചു മുന്നറിയിപ്പു നൽകണം?
11 യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഇന്ന് എത്ര വ്യത്യസ്തം! ദൈവദത്ത ചലനാത്മകശക്തിയാൽ, വരാൻപോകുന്ന അവന്റെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്തകൊണ്ട് അവർ ഭൂമിയെ നിറയ്ക്കുകയാണ്. ദൈവവചനത്തിൽ ശക്തിയുക്തം അടിയുറച്ചതാണ് അവർ സംസാരിക്കുന്ന ജ്ഞാനം. (സദൃശവാക്യങ്ങൾ 1:20-ഉം യെശയ്യാവു 40:29-31-ഉം താരതമ്യം ചെയ്യുക.) നിശ്ചയമായും, നമ്മുടെ ദൈവവും സ്രഷ്ടാവുമായവന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ പ്രഘോഷിക്കുന്നതിൽ അവർ യഥാർഥപരിജ്ഞാനവും ഗ്രാഹ്യവും പ്രായോഗികമായി ബാധകമാക്കുന്നു. സഭയിലെ എല്ലാവരും “ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും [ദൈവത്തിന്റെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണ”മെന്നതു നമ്മുടെ ആഗ്രഹമായിരിക്കണം. (കൊലൊസ്സ്യർ 1:10) ഈ അടിസ്ഥാനമുണ്ടായിരിക്കുമ്പോൾ, യുവപ്രായക്കാരും പ്രായമായവരും “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരാ”ൻ എല്ലായ്പോഴും പ്രേരിതരായിത്തീരും.
12 ദിവ്യാംഗീകാരത്തിന്റെ നഷ്ടത്തിൽ കലാശിക്കാവുന്ന പാപങ്ങളെക്കുറിച്ച് “ഉയരത്തിൽനിന്നുള്ള ജ്ഞാനം” നമുക്കു മുന്നറിയിപ്പു നൽകുന്നു. യാക്കോബ് പറയുന്നു: “പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. . . . ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” അതേ, ദൈവിക ബുദ്ധ്യുപദേശം കേൾക്കാനും ബാധകമാക്കാനും വേഗതയുള്ളവരും ഉൽസുകരുമായിരിക്കണം. എന്നാൽ, നാം ആ “ചെറിയ അവയവ”മായ നാവിന്റെ ദുരുപയോഗത്തിനെതിരെ ജാഗരിക്കണം. പൊങ്ങച്ചം പറയൽ, ബുദ്ധിപൂർവകമല്ലാത്ത കുശുകുശുപ്പ്, സ്വന്ത അഭിപ്രായത്തിൽ കടിച്ചുതൂങ്ങുന്ന സംസാരം എന്നിവയിലൂടെ നാവിന് ആലങ്കാരികമായി ഒരു “വലിയ കാടു” കത്തിക്കാൻ കഴിയും. അതുകൊണ്ടു നമ്മുടെ എല്ലാ സഹവാസങ്ങളിലും നാം പ്രസന്നതയും ആത്മനിയന്ത്രണവും നട്ടുവളർത്തേണ്ടയാവശ്യമുണ്ട്.—യാക്കോബ് 1:19, 20; 3:5.
13. “വചനം നടുന്നതിനെ” നാം സ്വീകരിക്കണമെന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
13 “അതുകൊണ്ട് എല്ലാ അഴുക്കും അത്യധികമായിരിക്കുന്ന വഷളത്വവും വിട്ടെറിഞ്ഞ് നിങ്ങളുടെ ദേഹികളെ രക്ഷിക്കാൻ പ്രാപ്തമായ വചനം നടുന്നതിനെ സൗമ്യതയോടെ സ്വീകരിക്കുക” എന്നു യാക്കോബ് എഴുതുന്നു. (യാക്കോബ് 1:21, NW) ഭൗതികത്വചിന്താഗതിയും ഞാൻ-മുമ്പൻ എന്ന ജീവിതശൈലിയും തരംതാണ ധാർമികതയും പ്രകടമാക്കുന്ന ഈ അത്യാർത്തിപൂണ്ട ലോകം ഒഴിഞ്ഞുപോകാറായിരിക്കുകയാണ്. എന്നാൽ “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) അപ്പോൾ “വചനം നടുന്നതി”നെ നാം സ്വീകരിക്കണമെന്നത് എത്ര പ്രധാനമാണ്! മരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ വഷളത്വത്തിനു നേർവിപരീതമായാണു ദൈവവചനം പ്രദാനം ചെയ്യുന്ന ജ്ഞാനം നിലകൊള്ളുന്നത്. ആ വഷളത്വത്തിൽപ്പെട്ട യാതൊന്നും നാം ആഗ്രഹിക്കുന്നില്ല. (1 പത്രൊസ് 2:1, 2) സത്യത്തോടു മമതയും ഹൃദയത്തിൽ നട്ടുവളർത്തിയിരിക്കുന്ന ശക്തമായ വിശ്വാസവും നമുക്കുണ്ടായിരിക്കേണ്ടയാവശ്യമുണ്ട്. അങ്ങനെയാവുമ്പോൾ, യഹോവയുടെ നീതിനിഷ്ഠമായ വഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കാൻ നാം ദൃഢചിത്തരായിരിക്കും. എന്നാൽ ദൈവവചനം കേട്ടാൽമാത്രം മതിയോ?
“വചനം പ്രവർത്തിക്കുന്നവർ” ആയിത്തീരൽ
14. വചനത്തിന്റെ “കേൾവിക്കാ”രും അതു “പ്രവർത്തിക്കുന്നവ”രും ആയിത്തീരാൻ നമുക്ക് എങ്ങനെ കഴിയും?
14 യാക്കോബ് 1:22-ൽ [NW] നാം ഇപ്രകാരം വായിക്കുന്നു: “വ്യാജ ന്യായവാദത്താൽ നിങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് കേൾവിക്കാർ മാത്രമായിരിക്കാതെ, വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ.” “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ!” യാക്കോബിന്റെ ലേഖനത്തിൽ തീർച്ചയായും ഈ വിഷയത്തിനു വിശേഷ ശ്രദ്ധ ലഭിക്കുന്നുണ്ട്. ശ്രദ്ധിച്ചിട്ട് നാം “അങ്ങനെ തന്നേ” പ്രവർത്തിക്കണം! (ഉല്പത്തി 6:22) ഒരു മതപ്രസംഗം കേൾക്കുകയോ, അല്ലെങ്കിൽ കേവലം ആചാരപരമായ ആരാധനയിൽ വല്ലപ്പോഴുമൊക്കെ പങ്കെടുക്കുകയോ മാത്രം മതിയെന്ന് ഇന്ന് അനേകർ അവകാശപ്പെടുന്നു. അതിൽക്കൂടുതലൊന്നും അവർ ചെയ്യുന്നില്ല. സ്വന്തം നിലവാരമനുസരിച്ചുള്ള ഒരു ‘നല്ല ജീവിതം’ നയിച്ചാൽമതി എന്നായിരിക്കാം ചിലരുടെ ചിന്ത. എന്നാൽ യേശുക്രിസ്തു പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24) ദൈവേഷ്ടം ചെയ്യുന്നതിൽ യേശുവിന്റെ മാതൃക പിൻപറ്റുമ്പോൾ ആത്മത്യാഗപരമായ പ്രവൃത്തിയും സഹനശക്തിയും സത്യക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കണമെന്നതു വ്യക്തമായ ആവശ്യമാണ്. ഇന്ന് അവർക്കായുള്ള ദൈവേഷ്ടം ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്നത് എന്തായിരുന്നുവോ അതുതന്നെയാണ്. പുനരുത്ഥാനം പ്രാപിച്ച യേശു അവർക്കു കൊടുത്ത കൽപ്പന ഇതായിരുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19) ഇക്കാര്യത്തിൽ നിങ്ങളുടെ പ്രവർത്തനം എങ്ങനെ?
15. (എ)“വചനം പ്രവർത്തിക്കുന്നവർ” എന്നനിലയിൽ നാം എങ്ങനെ സന്തുഷ്ടരായിത്തീർന്നേക്കാമെന്നു പ്രകടമാക്കിക്കൊണ്ട് യാക്കോബ് ഏതു ദൃഷ്ടാന്തം നൽകുന്നു? (ബി) കേവലമൊരു ആചാരപരമായ ആരാധന മതിയായിരിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
15 നാം ദൈവവചനത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നെങ്കിൽ, നാം ഏതുതരം വ്യക്തിയാണെന്നു നമ്മിലേക്കുതന്നെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിപോലെ ആയിരിക്കാൻ അതിനു കഴിയും. യാക്കോബ് ഇങ്ങനെ പറയുന്നു: “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും.” (യാക്കോബ് 1:23-25) അതേ, അവൻ സന്തോഷപൂർവം ‘വചനം പ്രവർത്തിക്കുന്നവൻ’ ആയിരിക്കും. അതിലുപരി, നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ സകല വിശദാംശങ്ങളിലും ‘പ്രവർത്തിക്കുന്നവൻ’ ആയിരിക്കണമെന്നതു പ്രധാനമാണ്. കേവലം ആചാരപരമായ ആരാധന മതിയാകുമെന്നു ചിന്തിച്ചു നാം ഒരിക്കലും നമ്മെത്തന്നെ വഞ്ചിക്കരുത്. തീക്ഷ്ണതയുള്ള ക്രിസ്ത്യാനികൾപോലും അവഗണിച്ചിരിക്കാവുന്ന സത്യാരാധനയുടെ ചില വശങ്ങൾ പ്രാവർത്തികമാക്കാൻ യാക്കോബ് നമ്മെ ബുദ്ധ്യുപദേശിക്കുന്നു. അവൻ എഴുതുന്നു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നുകാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.”—യാക്കോബ് 1:27.
16. ഏതെല്ലാം വിധങ്ങളിൽ അബ്രഹാം “യഹോവയുടെ സ്നേഹിതൻ” ആയിത്തീർന്നു, നമുക്കെങ്ങനെ അവന്റെ സുഹൃദ്ബന്ധം നേടാം?
16 ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു’ എന്നു പറഞ്ഞ് കാര്യങ്ങൾ അവിടംകൊണ്ട് അവസാനിപ്പിച്ചാൽ പോരാ. യാക്കോബ് 2:19-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” “വിശ്വാസം പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു” എന്നു യാക്കോബ് ഊന്നിപ്പറയുന്നു. കൂടാതെ, “അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും” പറഞ്ഞുകൊണ്ട് അവൻ അബ്രഹാമിനെ പരാമർശിക്കുകയും ചെയ്യുന്നു. (യാക്കോബ് 2:17, 20-22) ബന്ധുക്കൾക്ക് ആശ്വാസം പകരുന്നതും അതിഥിപ്രിയം പ്രകടമാക്കുന്നതും ഇസഹാക്കിനെ ബലിയർപ്പിക്കാൻ ഒരുങ്ങുന്നതും ഭാവി മിശിഹൈക രാജ്യമെന്ന ‘അടിസ്ഥാനങ്ങളുള്ള നഗര’ത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള അചഞ്ചലമായ വിശ്വാസം ‘പരസ്യമായി പ്രഖ്യാപിക്കു’ന്നതും അബ്രഹാമിന്റെ പ്രവൃത്തികളിൽ ഉൾപ്പെട്ടിരുന്നു. (ഉല്പത്തി 14:16; 18:1-5; 22:1-18; എബ്രായർ 11:8-10, 13, 14; 13:2) ഉചിതമായിത്തന്നെ, അബ്രഹാമിന് ‘ദൈവത്തിന്റെ സ്നേഹിതൻ എന്ന പേർ’ ലഭിക്കാനിടയായി. (യാക്കോബ് 2:23) വരാൻപോകുന്ന അവന്റെ നൈതിക രാജ്യത്തിലുള്ള നമ്മുടെ വിശ്വാസവും പ്രത്യാശയും ഊർജസ്വലതയോടെ നാം പ്രഘോഷിക്കുമ്പോൾ, ‘യഹോവയുടെ സ്നേഹിതരാ’യി നമ്മളും എണ്ണപ്പെട്ടേക്കാം.
17. (എ) രാഹാബ് “നീതീകരിക്കപ്പെ”ട്ടതെങ്ങനെ, അവൾക്കു പ്രതിഫലം ലഭിച്ചതെങ്ങനെ? (ബി) ‘വചനം പ്രവർത്തിക്കുന്നവർ ആയിത്തീർന്ന’വരുടെ ഏതു നീണ്ട പട്ടികയാണു ബൈബിൾ പ്രദാനം ചെയ്യുന്നത്? (സി) ഇയ്യോബിനു പ്രതിഫലം ലഭിച്ചതെങ്ങനെ, എന്തുകൊണ്ട്?
17 “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരു”ന്നവർ വാസ്തവത്തിൽ “വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു.” (യാക്കോബ് 2:24) യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ചു താൻ കേട്ടിട്ടുള്ള “വചന”ത്തിൽ വിശ്വസിക്കുകയും അതിനോടു പ്രവൃത്തികൾ കൂട്ടിച്ചേർക്കുകയും ചെയ്ത ഒരുവളായിരുന്നു രാഹാബ്. അവൾ ഇസ്രായേല്യ ചാരന്മാരെ ഒളിപ്പിക്കുകയും അവരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. അതിനുശേഷം, രക്ഷപ്പെടുന്നതിനുവേണ്ടി അവൾ പിതാവിന്റെ വീട്ടുകാരെ ഒരുമിച്ചുകൂട്ടി. പുനരുത്ഥാനത്തിൽ, പ്രവൃത്തികളോടുകൂടെയുള്ള തന്റെ വിശ്വാസം താൻ മിശിഹായുടെ ഒരു പൂർവികയായിത്തീരുന്നതിൽ കലാശിച്ചുവെന്നറിയുമ്പോൾ അവൾക്ക് അത് എത്ര ആഹ്ലാദകരമായിരിക്കും! (യോശുവ 2:11; 6:25; മത്തായി 1:5) തങ്ങളുടെ വിശ്വാസം പ്രകടമാക്കുന്നതിൽ ‘പ്രവർത്തിക്കുന്നവർ ആയിത്തീർന്ന’ മറ്റുള്ളവരുടെ ഒരു നീണ്ട പട്ടിക എബ്രായർ 11-ാം അധ്യായം തരുന്നുണ്ട്. അവരെല്ലാം സമൃദ്ധമായ അനുഗ്രഹങ്ങൾ പ്രാപിക്കും. കടുത്ത പരിശോധനയിൽ അകപ്പെട്ടപ്പോൾ, “യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞ ഇയ്യോബിനെ നാം വിസ്മരിക്കരുത്. നാം നേരത്തെതന്നെ മനസ്സിലാക്കിയതുപോലെ, അവന്റെ വിശ്വാസവും പ്രവൃത്തികളും വമ്പിച്ച പ്രതിഫലത്തിൽ കലാശിച്ചു. (ഇയ്യോബ് 1:21; 31:6; 42:10; യാക്കോബ് 5:11) അതുപോലെ, “വചനം പ്രവർത്തിക്കുന്നവർ” എന്നനിലയിൽ ഇന്നു നാം സഹിച്ചുനിൽക്കുമ്പോൾ യഹോവ അതു കണ്ട് അംഗീകാരത്തിന്റേതായ പുഞ്ചിരി തൂകും.
18, 19. ദീർഘനാളായി അടിച്ചമർത്തലിൻകീഴിലായിരുന്ന സഹോദരങ്ങൾ “വചനം പ്രവർത്തിക്കുന്നവർ ആയിത്തീ”ർന്നിരിക്കുന്നതെങ്ങനെ, അവരുടെ പ്രവർത്തനംമൂലം എന്ത് അനുഗ്രഹമുണ്ടായിരിക്കുന്നു?
18 വർഷങ്ങളോളം വളരെയേറെ സഹിച്ചുനിന്നിട്ടുള്ളവരുടെകൂട്ടത്തിൽ പൂർവ യൂറോപ്പിലെ നമ്മുടെ സഹോദരങ്ങളുമുണ്ട്. ഇപ്പോൾ അനേകം നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഇവർ, തങ്ങളുടെ പുതിയ പരിതഃസ്ഥിതിയിൽ, വാസ്തവമായും “വചനം പ്രവർത്തിക്കുന്നവർ ആയിത്തീർ”ന്നിരിക്കുകയാണ്. അടുത്ത രാജ്യത്തുനിന്നുള്ള മിഷനറിമാരും പയനിയർമാരും പഠിപ്പിക്കലിലും സംഘാടനത്തിലും സഹായമേകാൻ അവിടേക്കു നീങ്ങിയിരിക്കുന്നു. വാച്ച്ടവർ സൊസൈറ്റിയുടെ ഫിൻലൻഡ് ബ്രാഞ്ചും അയൽരാജ്യങ്ങളിലെ ബ്രാഞ്ചുകളും വിദഗ്ധരായ നിർമാണജോലിക്കാരെ അങ്ങോട്ട് അയച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ഔദാര്യമനസ്കരായ സഹോദരങ്ങൾ പുതിയ ബ്രാഞ്ച് ഓഫീസുകളും രാജ്യഹാളുകളും നിർമിക്കുന്നതിനുള്ള പണം ലഭ്യമാക്കുന്നു.—2 കൊരിന്ത്യർ 8:14, 15 താരതമ്യം ചെയ്യുക.
19 ദീർഘനാളായി അടിച്ചമർത്തപ്പെട്ടിരുന്ന ആ സഹോദരങ്ങൾ എത്ര തീക്ഷ്ണമായാണു വയലിലേക്കിറങ്ങി പ്രതികരിച്ചത്! “കുഴപ്പങ്ങൾ നിറഞ്ഞ കാലത്ത്” ലഭ്യമല്ലാഞ്ഞ അവസരങ്ങൾക്കു നഷ്ടപൂരണം നടത്താനെന്നോണം അവർ ‘കഠിനവേല ചെയ്ത് അദ്ധ്വാനിക്കുകയാണ്.’ (1 തിമോത്തി 4:10; 2 തിമോത്തി 4:2, NW) ഉദാഹരണത്തിന്, ക്രൂരമായി അടിച്ചമർത്തലുണ്ടായിരുന്ന അൽബേനിയയിൽ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ “ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ശീർഷകത്തിലുള്ള രാജ്യവാർത്തയുടെ ശേഖരം മുഴുവൻ കേവലം മൂന്നുദിവസംകൊണ്ടു വിതരണം ചെയ്തുതീർത്തു. 3,491 പേർ സംബന്ധിച്ച യേശുവിന്റെ മരണത്തിന്റെ സ്മാരകത്തെത്തുടർന്നു നടത്തിയ അതിഗംഭീര പരിപാടിയായിരുന്നു ഇത്. അവർക്കുള്ള 538 സജീവ പ്രസാധകരെക്കാൾ എത്രയോ കൂടുതലാണ് ആ സംഖ്യ.
20. സമീപ വർഷങ്ങളിലെ സ്മാരക ഹാജരുകൾ എന്തു സൂചിപ്പിക്കുന്നു, അനേകരും എങ്ങനെ സഹായിക്കപ്പെട്ടേക്കാം?
20 സമീപ വർഷങ്ങളിൽ 1,00,00,000-ലധികമായി ഉയർന്നിരിക്കുന്ന സ്മാരകഹാജരുകൾക്കു മറ്റു രാജ്യങ്ങളുടെയും കാര്യമായ സംഭാവനയുണ്ട്. അനേകം സ്ഥലങ്ങളിൽ, സ്മാരകാഘോഷത്തിൽ സംബന്ധിച്ചു നിരീക്ഷിച്ചതിന്റെ ഫലമായി വിശ്വാസം ബലിഷ്ഠമാവുന്ന പുതിയവർ ‘വചനം പ്രവർത്തിക്കുന്നവർ ആയിത്തീരു’കയാണ്. ആ പദവിക്കായി യോഗ്യത പ്രാപിക്കാൻ പുതിയവരായ കൂടുതൽ സഹകാരികളെ പ്രോത്സാഹിപ്പിക്കാൻ നമുക്കു കഴിയുമോ?
21. നമ്മുടെ വാർഷികവാക്യത്തോടുള്ള ചേർച്ചയിൽ, നാം എന്തു ഗതി പിൻപറ്റണം, എന്തു ലക്ഷ്യത്തോടെ?
21 ഒന്നാം നൂറ്റാണ്ടിലെ തീക്ഷ്ണതയുള്ള ആ ക്രിസ്ത്യാനികളെയും, അതിനുശേഷമുള്ള മറ്റനേകരെയുംപോലെ, സ്വർഗീയ രാജ്യത്തിലായാലും അതിന്റെ ഭൗമിക മണ്ഡലത്തിലായാലും നിത്യജീവൻ എന്ന “ലക്ഷ്യത്തിലേക്കു പിന്തുടരുന്ന”തിൽ സ്വയം അധ്വാനിക്കാൻ നമുക്കു ദൃഢചിത്തരാകാം. (ഫിലിപ്പിയർ 3:12-14) ആ ലക്ഷ്യം നേടുന്നതു നമ്മുടെ ഏതൊരു ശ്രമത്തിനുംതക്ക മൂല്യമുള്ളതാണ്. കേവലം കേൾവിക്കാർമാത്രമായി മാറിനിൽക്കാനുള്ള സമയമല്ല ഇത്. എല്ലാക്കാലങ്ങളിലുംവെച്ച് “ധൈര്യപ്പെട്ടു വേലചെയ്യാ”നുള്ള സമയമാണിത്. (ഹഗ്ഗായി 2:4; എബ്രായർ 6:11, 12) ‘വചനം നടുന്നതിനെ സ്വീകരി’ച്ച് ഇപ്പോഴും വരുവാനിരിക്കുന്ന നിത്യതയിലും നാം ‘സന്തോഷപൂർവം വചനം പ്രവർത്തിക്കുന്നവർ’ ആയിത്തീരട്ടെ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ നമുക്ക് എങ്ങനെ സന്തോഷത്തോടെ സഹിച്ചുനിൽക്കാനാവും?
◻ “ഉയരത്തിൽനിന്നുള്ള ജ്ഞാനം” എന്ത്, നാം അത് എങ്ങനെ പിൻപറ്റിയേക്കാം?
◻ നാം “കേൾവിക്കാർ മാത്രമല്ല, വചനം പ്രവർത്തിക്കുന്നവർ” ആയിത്തീരേണ്ടത് എന്തുകൊണ്ട്?
◻ “വചനം പ്രവർത്തിക്കുന്നവ”രായിരിക്കാൻ ഏതു റിപ്പോർട്ടുകൾ നമ്മെ പ്രചോദിപ്പിക്കണം?
17-ാം പേജിലെ ചിത്രം]
നമുക്കും നമ്മുടെ ഹൃദയങ്ങളെ ദിവ്യ പ്രബോധനത്തിനു തുറന്നുകൊടുക്കാം
18-ാം പേജിലെ ചിത്രം]
പ്രിയപ്പെട്ടവരുമൊത്തുള്ള തികവുള്ളതും സന്തുഷ്ടവുമായ ഒരു ജീവിതത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടതിലൂടെ ഇയ്യോബിന്റെ നിർമലതയ്ക്കു പ്രതിഫലം ലഭിച്ചു