“ജീവദായകമായ ആത്മാവിന്” കീഴ്പ്പെട്ടുകൊണ്ടിരിക്കുക
“ആത്മാവാണ് ജീവദായകമായിരിക്കുന്നത്; ജഡം അശേഷം ഉപയോഗപ്രദമല്ല.”—യോഹന്നാൻ 6:63
1. (എ) ഈ ലോക“വായു”വിന്റെ സ്വാധീനത്തെ ചെറുത്തുനിൽക്കുന്നതിന് യഹോവ തന്റെ ജനത്തെ സഹായിക്കുന്നതെങ്ങനെ? (ബി) ദൈവാത്മാവിന്റെ ഫലം നട്ടുവളർത്തുന്നത് ശരിയായ മാനസിക ചായ്വ് ഉണ്ടായിരിക്കാൻ നമ്മെ എങ്ങനെ സഹായിക്കും?
ഈ ലോകത്തിന്റെ “വായു”വിന്റെ സ്വാധീനത്തെയോ അതിന്റെ മനോഭാവങ്ങളെയോ നാം ചെറുത്തുനിൽക്കണമെങ്കിൽ യഹോവയാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത്യാവശ്യമാണ്. (എഫേസ്യർ 2:1, 2) നമുക്കു ബൈബിളും ആവശ്യമാണ്, അതിൽ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ രേഖപ്പെടുത്തപ്പെട്ട ദൈവത്തിന്റെ ചിന്തകൾ അടങ്ങിയിരിക്കുന്നു. നമുക്ക് ദൈവാത്മാവിന്റെ ഫലങ്ങൾ—“സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവ”—ഉളവാക്കുന്ന ഒരു വിനീതമായ ക്രിസ്തീയ മനോഭാവവും ആവശ്യമാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ആത്മാവിൽ നടക്കുന്നതിൽ തുടരുക, അപ്പോൾ നിങ്ങൾ അശേഷം ജഡികമോഹം നിറവേററുകയില്ല. എന്തെന്നാൽ ജഡം അതിന്റെ ആഗ്രഹത്തിൽ ആത്മാവിനെതിരാണ്, ആത്മാവു ജഡത്തിനുമെതിരാണ്; എന്തെന്നാൽ ഇവ അന്യോന്യം എതിർപ്പിലാണ്, തന്നിമിത്തം നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾതന്നെ നിങ്ങൾ ചെയ്യുന്നില്ല.”—ഗലാത്യർ 5:16, 17, 22, 23.
2. ദൈവാത്മാവ് ഉല്പാദിപ്പിക്കുന്നത് “ലോകത്തിന്റെ ആത്മാവി”നെ സ്വീകരിക്കുന്നതിന്റെ ഫലങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
2 പൗലോസ് ഇങ്ങനെയും എഴുതി: “നമുക്കു ലഭിച്ചത് ലോകത്തിന്റെ ആത്മാവല്ല;, പിന്നെയോ ദൈവത്തിൽനിന്നുള്ള ആത്മാവാണ്, ദൈവത്താൽ നമുക്കു ദയാപൂർവ്വം നൽകപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നാം അറിയേണ്ടതിനുതന്നെ.” (1 കൊരിന്ത്യർ 2:12) ഈ ലോകത്തിന്റെ “വായു” അഥവാ മാനസികഭാവം കൊല്ലുന്നു, എന്നാൽ ദൈവം പരിശുദ്ധാത്മാവിനാൽ നൽകുന്നത്, അതു സ്വീകരിക്കുന്നവർക്ക് നിത്യജീവൻ കൈവരുത്തുന്നു. യേശു പറഞ്ഞു: “ആത്മാവാണ് ജീവദായകമായിരിക്കുന്നത്; ജഡം അശേഷം ഉപയോഗപ്രദമല്ല. ഞാൻ നിങ്ങളോടു പ്രസ്താവിച്ചിട്ടുള്ള മൊഴികൾ ആത്മാവാകുന്നു, ജീവനുമാകുന്നു.” (യോഹന്നാൻ 6:63) “ജഡം അശേഷം ഉപയോഗപ്രദമല്ലാത്തതുകൊണ്ട്” ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കാൻ നമുക്ക് ദിവ്യസഹായം ആവശ്യമാണ്.
3, 4. (എ) അത്യാഗ്രഹം എന്താണ്, ‘വായുവിന്റെ ഭരണാധിപൻ’ ഭൗതികവസ്തുക്കൾക്കായുള്ള ജഡികമോഹത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെ? (ബി) ഒരു അത്യാഗ്രഹി ഒരു വിഗ്രഹാരാധി ആയിരിക്കുന്നതെങ്ങനെ?
3 മുൻലേഖനത്തിൽ ഈ ലോക “വായു”വിന്റെ അപകടകരമായ രണ്ടു വശങ്ങൾ ചർച്ച ചെയ്തു—അസാൻമാർഗ്ഗിക കാര്യങ്ങളുടെ താലോലിക്കലും വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും അനുചിതമായ സ്റൈറലുകളും. എന്നാൽ മററനേകം വശങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, ഈ ലോകത്തിലെ അന്തരീക്ഷം ഭൗതികപ്രയോജനങ്ങൾക്കോ വസ്തുക്കൾക്കോ വേണ്ടിയുള്ള ശക്തമായ സ്വാർത്ഥമോഹം നിമിത്തമുള്ള അത്യാഗ്രഹത്താൽ പൂരിതമാണ്. നിങ്ങൾക്ക് സമൃദ്ധമായി ഭൗതികവസ്തുക്കളില്ലെങ്കിൽ നിങ്ങൾക്ക് സംതൃപ്തി ഇല്ലെന്ന് ഈ ലോകത്തിലെ പ്രചാരണവും പരസ്യവും നിങ്ങളെക്കൊണ്ടു വിചാരിപ്പിക്കുന്നതിൽ ‘വായുവിന്റെ ഭരണാധിപൻ’ ശ്രദ്ധിച്ചിരിക്കുന്നു. ലോകത്തിന്റെ “വായു”വിന്റെ ഈ വശത്തിന് ജീവിതത്തിലെ വലിയ കാര്യങ്ങൾ ഇവയാണെന്നുള്ള ആശയത്താൽ നിങ്ങളെ മദിപ്പിക്കാൻ കഴിയും. ഈ ഭൗതികത്വ “വായു”വിനാൽ നിങ്ങൾ ബാധിക്കപ്പെട്ടിരിക്കുന്നുവോ?
4 ബൈബിൾ പറയുന്നു: “യാതൊരു ദുർവൃത്തനും അല്ലെങ്കിൽ അശുദ്ധനും അല്ലെങ്കിൽ അത്യാഗ്രഹിക്കും അതായത് വിഗ്രഹാരാധിക്കും—ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല.” (എഫേസ്യർ 5:5) ഒരു അത്യാഗ്രഹി യഥാർത്ഥത്തിൽ ഒരു വിഗ്രഹാരാധിയാണെന്നു കാണുക. ‘ഞാൻ അത്രത്തോളം പോയി ഒരു വിഗ്രഹാരാധി ആകുകയില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ വിഗ്രഹാരാധന എന്താണ്? അത് യഹോവയുടെയും അവന്റെ ആരാധനയുടെയും സ്ഥാനത്ത് മറെറന്തെങ്കിലും പ്രതിഷ്ഠിക്കുന്നതും ദൈവത്തിലും അവന്റെ സേവനത്തിലും ശ്രദ്ധിക്കുന്നതിനുപകരം അതിനു ശ്രദ്ധകൊടുക്കുന്നതുമല്ലയോ? അത്യാഗ്രഹത്തിൽ വാസ്തവത്തിൽ പണത്തെയും അതിന്റെ ശക്തിയെയും സ്വാധീനത്തെയും ആരാധിക്കുന്നത് ഉൾപ്പെട്ടേക്കാം. ഒരു പുതിയ കാറോ ഒരു വീഡിയോ കാസററ് റിക്കോർഡറോ മറെറന്തെങ്കിലും ഭൗതികവസ്തുവോ വാങ്ങുന്നതിന് യഹോവയുടെ സേവനത്തിലുള്ള നിങ്ങളുടെ അവസരങ്ങളെ വർദ്ധിപ്പിക്കുന്നതിനെക്കാളധികം മുൻഗണന കൊടുക്കുന്നുവെങ്കിൽ ഈ ലോകത്തിന്റെ “വായു” നിങ്ങളെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവല്ലേ അത്? ഭൗതിക വസ്തുക്കൾ നിങ്ങൾക്ക് വിഗ്രഹങ്ങൾപോലെ ആകുകയല്ലേ?
5. ഈ ലോകത്തിന്റെ “വായു” ഏതുവിധങ്ങളിൽ ധനത്തിനുവേണ്ടിയുള്ള സ്വാർത്ഥമോഹത്താൽ നിറഞ്ഞിരിക്കുന്നു?
5 നിങ്ങൾ ഉപരിവിദ്യാഭ്യാസമോ ലാഭകരമായ ജോലിയോ തേടുകയാണെങ്കിൽ, ധനവാനാകാനും നിങ്ങൾക്കാവശ്യമുള്ളതിലധികം ഭൗതിക നേട്ടങ്ങളുണ്ടാക്കാനുമാണോ നിങ്ങൾ അങ്ങനെ ചെയ്യുന്നത്? പെട്ടെന്ന് ധനികനാകാനുള്ള പദ്ധതികളിൽ നിങ്ങൾ ആകൃഷ്ടനാകുകയും അവയിൽ ഉൾപ്പെടാനാഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ? ഈ ലോകത്തിന്റെ “വായു”വിൽ ധനത്തിനായുള്ള സ്വാർത്ഥമോഹവും ഗവൺമെൻറു ചുമത്തുന്ന നികുതി കൊടുക്കുന്നതിലുള്ള വഞ്ചനയും നിറഞ്ഞിരിക്കുന്നു. ഈ അന്തരീക്ഷത്തിൽ ചൂതാട്ടവും സമാനമായ പ്രവർത്തനങ്ങളും തഴച്ചുവളരുന്നു. പ്രലോഭിതരാകരുത്. ഈ ലോകത്തിന്റെ അത്യാഗ്രഹം നിറഞ്ഞ “വായു”വിന്റെ സ്വാധീനത്തെ ഒഴിവാക്കുന്നവർ യഥാർത്ഥസമാധാനം ലഭിക്കുന്നത് അവശ്യകാര്യങ്ങളിൽ തൃപ്തിപ്പെടുന്നതിൽനിന്നും രാജ്യതാത്പര്യങ്ങളെ ഒന്നാമതു കരുതുന്നതിൽ നിന്നുമാണെന്നു കണ്ടെത്തുന്നു.—മത്തായി 6:25-34; 1 യോഹന്നാൻ 2:15-17.
നാവിന്റെ ഉചിതമായ ഉപയോഗം
6. ഈ ലോകത്തിന്റെ സംസാരശീലങ്ങൾക്ക് ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെമേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?
6 നമ്മുടെ സംസാരശീലങ്ങൾ സംബന്ധിച്ചെന്ത്? അശ്ലീലം, കോപവാക്കുകൾ, കള്ളംപറച്ചിൽ—ഇത്തരം തെററായ സംസാരത്താൽ ഈ ലോക “വായു” പൂർണ്ണമായും ദൂഷിതമാണ്. എന്നിരുന്നാലും, ക്രിസ്തീയസഭയോടു സഹവസിക്കുന്ന ചുരുക്കം ചിലരുടെ സംസാരം പോലും ചിലപ്പോൾ പാരുഷ്യത്തെ, ആഭാസത്തരത്തെപ്പോലും, പ്രതിഫലിപ്പിക്കുന്നു. ശിഷ്യനായ യാക്കോബ് ശക്തിമത്തായി നമ്മോടിങ്ങനെ പറയുന്നു: “ഒരേ വായിൽനിന്ന് അനുഗ്രഹവും ശാപവും വരുന്നു. എന്റെ സഹോദരൻമാരേ, ഈ കാര്യങ്ങൾ ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ല. ഒരു ഉറവ ഒരേ ദ്വാരത്തിലൂടെ മധുരവും കൈപ്പും പുറപ്പെടുവിക്കുന്നില്ല, ഉണ്ടോ?” (യാക്കോബ് 3:10, 11) നിങ്ങൾ ഈ ലോകത്തിലെ സംഭാഷണ ശൈലിയിലോ ഗ്രാമ്യഭാഷയിലോ കുറേ വശമാക്കിയിട്ടുണ്ടോ? നിങ്ങൾക്ക് രണ്ട് പദ സമ്പത്തുണ്ടോ, ഒന്ന് ക്രിസ്ത്യാനികളുടെ ഇടയിൽ ഉപയോഗിക്കുന്നതിനും മറേറത് മററുള്ളടങ്ങളിൽ ഉപയോഗിക്കുന്നതിനും? പൗലോസ് എഴുതി: “യാതൊരു ചീത്ത സംസാരവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടാതിരിക്കട്ടെ, എന്നാൽ കേൾവിക്കാർക്ക് ഹിതകരമായത് കൊടുക്കേണ്ടതിന് ആവശ്യാനുസരണം കെട്ടുപണി ചെയ്യുന്നതിന് നല്ല ഏതു സംസാരവുമായിരിക്കട്ടെ.” (എഫേസ്യർ 4:29) എല്ലാസമയത്തും ഉചിതമായ, ശുദ്ധമായ സംസാരം ഉപയോഗിക്കുന്നത് എത്ര പ്രധാനമാണ്!
7. ‘വ്യാജം നീക്കുന്നതിലും സത്യം സംസാരിക്കുന്നതിലും’ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
7 നാം എല്ലായ്പ്പോഴും സത്യം പറയുന്നതിലും ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്. ഉത്തരവാദിത്തം ഒഴിവാക്കാൻ നേർവഴിവെടിയുന്നതോ കരുതിക്കൂട്ടി മററുള്ളവരെ വഴിതെററിക്കുന്നതോ യഥാർത്ഥത്തിൽ വ്യാജം പറയലാണ്. തന്നിമിത്തം പൗലോസിന്റെ ഈ ബുദ്ധിയുപദേശം തീർച്ചയായും അനുസരിക്കുക: “നിങ്ങൾ വ്യാജം നീക്കിക്കളഞ്ഞിരിക്കുന്ന സ്ഥിതിക്ക് നിങ്ങളിൽ ഓരോരുത്തനും തന്റെ അയൽക്കാരനോടു സത്യം സംസാരിക്കുക, എന്തുകൊണ്ടെന്നാൽ നാം അന്യോന്യം അവയവങ്ങളാകുന്നു.”—എഫേസ്യർ 4:25; സദൃശവാക്യങ്ങൾ 3:32.
8. (എ) അനേകം ലോകജനങ്ങൾ പ്രകോപിതരാകുമ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? (ബി) നാം പ്രകോപിതരാക്കപ്പെടുന്നുവെങ്കിൽ നാം എന്തുചെയ്യണം?
8 അനിയന്ത്രിത കോപപ്രകടനം ഈ ലോകത്തിന്റെ ആത്മാവിന്റെ മറെറാരു സവിശേഷതയാണ്. അനേകം ലോകർക്ക് അനായാസം ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു. അവർ കോപാക്രാന്തരാകുകയും തങ്ങൾ കേവലം വിഷയം തീർക്കുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒഴികഴിവു കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ പൗലോസ് ബുദ്ധിയുപദേശിച്ചത് അതല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ എഴുതി: “ദ്രോഹകരമായ സകല കൈപ്പും കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും സകല ചീത്തത്വത്തോടും കൂടെ നിങ്ങളിൽ നിന്ന് നീക്കപ്പെടട്ടെ.” (എഫേസ്യർ 4:31) എന്നാൽ നാം ആത്മനിയന്ത്രണവും ദൈവാത്മാവിന്റെ മററു ഫലങ്ങളും വളർത്തിയെടുത്തിട്ടും കോപം വർദ്ധിക്കുകയാണെങ്കിൽ എന്ത്? “കോപിക്കുക, എന്നാലും പാപം ചെയ്യരുത്” എന്ന് പൗലോസ് എഴുതി. “നിങ്ങളുടെ ഒരു പ്രകോപിതാവസ്ഥയിൽ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ, പിശാചിന് ഇടം കൊടുക്കുകയുമരുത്.” (എഫേസ്യർ 4:26, 27) അതുകൊണ്ട് നാം പ്രകോപിതരാക്കപ്പെടുന്നുവെങ്കിൽ ദിവസം അവസാനിക്കുന്നതിനു മുമ്പ് നാം പെട്ടെന്ന് കാര്യത്തിനു തീരുമാനമുണ്ടാക്കണം. അതല്ലെങ്കിൽ, കൈപ്പും നീരസവും ഹൃദയത്തിൽ വേരുപിടിക്കുന്നു, അവ പിഴുതുമാററുക പ്രയാസമാണ്.—സങ്കീർത്തനം 37:8.
9. തൊഴിലാളികളുടെ ചില പൊതു മനോഭാവങ്ങൾ എന്താണ്, നാം നമ്മുടെ ജോലി ശീലങ്ങളെ പരിശോധിക്കേണ്ടതെന്തുകൊണ്ട്?
9 നിങ്ങളുടെ ജോലി ശീലങ്ങൾ സംബന്ധിച്ചെന്ത്? ജോലിയിൽ മിനക്കെടുന്നതും മുതലാളിയുടെ വസ്തുക്കൾ മോഷ്ടിക്കുന്നതും ഇന്നു സാധാരണമാണ്. നിങ്ങൾ ഈ “വായു”വിൽ കുറെ അകത്താക്കിയിട്ടുണ്ടോ? ‘എല്ലാവരും അതു ചെയ്യുന്നു’ എന്ന മനോഭാവം നിങ്ങളിൽ കടന്നുകൂടിയിട്ടുണ്ടോ? ക്രിസ്ത്യാനികളെന്നനിലയിൽ നാം ജോലി ചെയ്യുന്നവിധം യഹോവയെയും അവന്റെ സത്യാരാധനയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഒരിക്കലും മറക്കരുത്. നിങ്ങൾ ജോലി സമയത്തു പ്രവർത്തിക്കുന്നവിധം ഹേതുവായി യഹോവയുടെ സാക്ഷികളിലൊരാൾ സംസാരിക്കുന്ന സത്യത്തെ ആരെങ്കിലും ത്യജിക്കാൻ നിങ്ങളാഗ്രഹിക്കുമോ? “കള്ളൻ മേലാൽ കക്കാതെ കഠിനവേല ചെയ്യട്ടെ . . . ഞെരുക്കമുള്ള ആർക്കെങ്കിലും വിതരണം ചെയ്യാൻ അയാൾക്ക് എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതിനുതന്നെ.”—എഫേസ്യർ 4:28.
10. ലൗകിക ജോലി ചെയ്യുന്നതിൽ, ഈ ലോകത്തിന്റെ സ്വാർത്ഥ “വായു”വിനാൽ നാം ബാധിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
10 ഒന്നാം നൂററാണ്ടിൽ സ്ഥിതിചെയ്തിരുന്ന ഉടമ—അടിമബന്ധം ഇന്ന് അപൂർവ്വമാണെങ്കിലും എഫേസ്യർ 6:5-8-ൽ പൗലോസ് ക്രിസ്തീയ അടിമകൾക്ക് എഴുതിയതിൽനിന്ന് ക്രിസ്തീയ തൊഴിലാളികൾക്ക് പാഠം പഠിക്കാൻ കഴിയും. ‘കേവലം മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായിട്ടല്ല, പിന്നെയോ ക്രിസ്തുവിന്റെ അടിമകളായി, തങ്ങൾ ആർക്കുവേണ്ടി ജോലി ചെയ്യുന്നുവോ അവരെ അനുസരിക്കാൻ’ വേലക്കാരോട് അവിടെ പറയപ്പെട്ടു. തന്നിമിത്തം ഒരു ക്രിസ്ത്യാനി ഒരു പൂർണ്ണദിവസത്തെ വേല ചെയ്യുന്നതോ വാഗ്ദത്തം ചെയ്ത വസ്തുക്കളോ സേവനമോ പ്രദാനം ചെയ്യുന്നതോ ഒഴിവാക്കാൻ ഒരിക്കലും കാര്യങ്ങൾ തിരിച്ചുവിടാൻ പാടില്ല. നാം “യഹോവക്കെന്നപോലെ” കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ നമുക്ക് ശരിയായ മനോഭാവം ഉണ്ടായിരിക്കും, നാം ഈ ലോകത്തിലെ സ്വാർത്ഥപരവും അലസവുമായ “വായു”വിനാൽ ബാധിക്കപ്പെടുകയില്ല.
ഭക്തണം, പാനീയം, വിനോദം
11. ഭക്ഷണ പാനീയങ്ങൾ സംബന്ധിച്ച ഒരു ലൗകിക മനോഭാവം ബൈബിൾ കാലങ്ങളിലെ യഹോവയുടെ ജനത്തിൽ ചിലരെ ബാധിച്ചതെങ്ങനെ?
11 ലോകത്തിലെ ഭക്ഷണപാനീയങ്ങളുടെ അമിതോപയോഗം നിങ്ങളെ ബാധിച്ചിട്ടുണ്ടോ? ‘തിന്നുക, കുടിക്കുക, ആനന്ദിക്കുക, എന്തെന്നാൽ നാളെ നാം മരിച്ചേക്കാം’ എന്നതാണ് ലോകത്തിന്റെ മനോഭാവം. (1 കൊരിന്ത്യർ 15:32) പുരാതനകാലങ്ങൾ മുതൽ പോലും ദൈവദാസൻമാരിൽ ചിലരെ ഈ ആത്മാവു ബാധിച്ചിട്ടുണ്ട്. യിസ്രായേല്യർ മരുഭൂമിയിൽ “തിന്നാനും കുടിക്കാനും ഇരുന്ന” അവസരം ഓർക്കുക. “പിന്നീട് അവർ നേരമ്പോക്കിനായി എഴുന്നേററു.” (പുറപ്പാട് 32:6) ആ നേരമ്പോക്ക് അനിയന്ത്രിതമായ ദുർന്നടത്തയിലേക്കും വിഗ്രഹാരാധനയിലേക്കും നയിച്ചു, തന്നിമിത്തം അവർക്കെതിരെ ദൈവകോപം ജ്വലിച്ചു. നമുക്ക് ഒരിക്കലും ആ ഗതി പിന്തുടരാതിരിക്കാം.—1 പത്രോസ് 4:3-6.
12. നമ്മുടെ ഭക്ഷണപാനീയശീലങ്ങൾക്ക് കുറെ ശ്രദ്ധ ആവശ്യമാണെങ്കിൽ, നാം എന്തുചെയ്യണം?
12 യഹോവ നമുക്ക് നിറവും രുചിയും പോഷണവുമുള്ള വൈവിധ്യമാർന്ന ധാരാളം ഭക്ഷ്യപാനീയങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ നാം ഇവ മിതമായി ഉപയോഗിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. അതിഭക്ഷണവും മദ്യാസക്തിയും ബൈബിളിൽ കുററംവിധിക്കപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 23:20, 21) അതുകൊണ്ട് സത്യസന്ധരായി നിങ്ങളോടുതന്നെ ചോദിക്കുക: “എന്റെ ഭക്ഷണപാനീയശീലങ്ങളിൽ മെച്ചപ്പെടുന്നതിന് ഇടമുണ്ടോ? നിങ്ങൾ കൂടുതൽ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ടെങ്കിൽ അതു തിരിച്ചറിയുകയും ഈ പ്രശ്നത്തെ തരണം ചെയ്യുന്നതിനുള്ള സഹായത്തിനായി ദൈവാത്മാവിനുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനക്കനുയോജ്യമായി പ്രവർത്തിക്കുകയും ചെയ്യുക. “വീഞ്ഞുകുടിച്ചു മത്തരാകരുത്, അതിൽ സാൻമാർഗ്ഗികാധഃപതനമുണ്ട്, എന്നാൽ ആത്മാവുകൊണ്ടു നിറഞ്ഞുകൊണ്ടേയിരിക്കുക” എന്ന് പൗലോസ് പറഞ്ഞു. (എഫേസ്യർ 5:18) അതെ, ദൈവാത്മാവിനാൽ നിറയുക, ഈ ലോകത്തിന്റെ അനിയന്ത്രിതമായ ആത്മാവിന് കീഴ്പ്പെടരുത്! “നിങ്ങൾ തിന്നാലും കുടിച്ചാലും മററ് എന്തു ചെയ്താലും സകലവും ദൈവമഹത്വത്തിനായി ചെയ്യുക.” (1 കൊരിന്ത്യർ 10:31) ഈ ദിശയിൽ നിങ്ങൾക്ക് സ്ഥായിയായ പ്രശ്നങ്ങളുണ്ടെങ്കിൽ, ഏതായാലും, സഭയിലെ ആത്മീയ പക്വതയുള്ള പുരുഷൻമാരുടെ സഹായം തേടുക.—ഗലാത്യർ 6:1; യാക്കോബ് 5:14, 15.
13. (എ) ഇന്ന് ലഭ്യമായിരിക്കുന്ന വിനോദത്തിലധികത്തെയും പിശാച് ദുഷിപ്പിച്ചിരിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുന്നതെങ്ങനെ? (ബി) വിനോദത്തോടുള്ള ഈ ലോകത്തിന്റെ മനോഭാവത്തെ നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും?
13 ഈ ലോകം സ്പോർട്ട്സ്, സംഗീതം, വിവിധ വിനോദരൂപങ്ങൾ എന്നിവയിൽ ശക്തമായി ആസക്തമാണ്. അവ തിരുവെഴുത്തുതത്വങ്ങളെ ലംഘിക്കാത്തപക്ഷം അവ ആസ്വദിക്കുന്നത് അവശ്യം തെററായിരിക്കുന്നില്ല. എന്നാൽ “വായുവിനെ ഭരിക്കുന്ന ഭരണാധിപനായ” സാത്താൻ ഇന്നു ലഭ്യമായ വിനോദത്തിലധികത്തെയും ദുഷിപ്പിച്ചിരിക്കുന്നുവെന്നതാണ് പ്രശ്നം. (എഫേസ്യർ 2:2, യെരൂശലേം ബൈബിൾ) മിക്കപ്പോഴും അധാർമ്മികത പ്രോത്സാഹിപ്പിക്കപ്പെടുന്നു, അക്രമം അനുവദിക്കപ്പെടുന്നു, ചതിയിലൂടെയും വഞ്ചനയിലൂടെയുമുള്ള വിജയവും കൊലപാതകവും പോലും ചിത്രീകരിക്കപ്പെടുന്നു. നാം അത്തരം വിനോദം വീക്ഷിക്കുമ്പോൾ നാം നമ്മുടെ ശരീരത്തിലേക്ക് ഈ മനോഭാവങ്ങൾ ആഴമായി ശ്വസിക്കുകയാണ്, അവയുടെ വിഷഫലങ്ങൾ നമുക്ക് ദ്രോഹം ചെയ്യുകതന്നെ ചെയ്യും. തന്നെയുമല്ല, ചില രൂപങ്ങളിലുള്ള വിനോദം തിരുവെഴുത്തുപരമായി പ്രതിഷേധാർഹമല്ലാത്തപ്പോൾപോലും അവയിൽ ആസക്തരാകുന്നതിന്റെ അപകടമുണ്ട്, തന്നിമിത്തം ആത്മീയകാര്യങ്ങൾക്ക് സമയം ശേഷിക്കുന്നില്ല. അതിനാൽ വിനോദത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ആരോഗ്യപ്രദവും പ്രയോജനകരവുമായ അല്പം വിനോദം ആസ്വദിക്കുന്നതിന് സമയമെടുക്കുക. എന്നാൽ ലോകത്തിന്റെ അമിതത്വങ്ങൾ അനുകരിക്കുന്നത് ഒഴിവാക്കുക. ഈ ലോകത്തിന്റെ “വായു”വിന് നല്ല ഗന്ധമായാലും രൂക്ഷഗന്ധമായാലും അത് ദൂഷിതവും മാരകവുമാണ്!—സദൃശവാക്യങ്ങൾ 11:19.
വർഗ്ഗാഭിമാനം—ഒരു ദുഷ്ടമായ കാററ
14. സാമൂഹ്യ പ്രശ്നങ്ങൾ സംബന്ധിച്ച്, ഈ ലോകത്തിന്റെ “വായു”വിനാൽ നാം എങ്ങനെ ബാധിക്കപ്പെടാൻ കഴിയും?
14 ഈ ലോക “വായു”വിന്റെ കുടിലമായ ഒരു വശം വർഗ്ഗത്തിന്റെയും ദേശീയതയുടെയും അഭിമാനമാണ്. ചില വർഗ്ഗങ്ങൾ ശ്രേഷ്ഠവും മററു ചിലത് അപകൃഷ്ടവുമാണെന്നുള്ള തെററായ ആശയത്തെ ചിലർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തങ്ങളുടെ സ്വദേശം മറെറല്ലാററിനെക്കാളും ശ്രേഷ്ഠമാണെന്നു വീക്ഷിക്കാൻ ദേശീയത്വം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ മററുള്ളവരുടെ സ്വാർത്ഥതയും മുൻവിധികളും നിമിത്തം അനേകർ അനാവശ്യമായി കഷ്ടപ്പെടുകയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും ആവശ്യങ്ങളും നിരസിക്കപ്പെടുകയും ചെയ്യുന്നു. നീരസവും അക്രമവുംപോലും ഉളവാകുന്നു. അനേകർ സ്വന്തമാർഗ്ഗത്തിൽ സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്നുള്ള ഉറപ്പോടെ വിപ്ലവം നടത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നു. നാമും ഈ ആശയങ്ങളിൽ കുടുങ്ങിപ്പോയേക്കാം. നാം അനീതികൾ കാണുകയോ അനുഭവിക്കുകയോ ചെയ്യുമ്പോഴും അനന്തരം സാമൂഹ്യ പരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തുന്നവരെ കേൾക്കുമ്പോഴും നാം ശ്രദ്ധാലുക്കളല്ലെങ്കിൽ നാം സ്വാധീനിക്കപ്പെട്ടേക്കാം. നാം നമ്മുടെ നിഷ്പക്ഷനില ഉപേക്ഷിച്ച് പക്ഷം പിടിച്ചുതുടങ്ങിയേക്കാം. (യോഹന്നാൻ 15:19) അതിലും ഗുരുതരമായി, മാററത്തിന് നിർബ്ബന്ധിക്കാൻ പിക്കററിംഗിലോ സമരത്തിലോ ചേരാനോ ആക്രമത്തെ ആശ്രയിക്കാൻ പോലുമോ പ്രലോഭിപ്പിക്കപ്പെട്ടേക്കാം.
15. ‘നാംതന്നെ പ്രതികാരം ചെയ്യാൻ’ ചായ്വുണ്ടാകുമ്പോൾ ഏതു ഗതി സ്വീകരിക്കാൻ ബൈബിൾ ശുപാർശ ചെയ്യുന്നു?
15 വർഗ്ഗീയമോ ദേശീയമോ ആയ വികാരങ്ങളാൽ ഒരു സഭയുടെ ആത്മാവ് ഹാനികരമായി ബാധിക്കപ്പെടാവുന്നതാണ്. (പ്രവൃത്തികൾ 6:1-7 താരതമ്യപ്പെടുത്തുക.) എന്നാൽ നാം ഈ ബുദ്ധിയുപദേശം അനുസരിക്കുകയാണെങ്കിൽ നമുക്ക് ശരിയായ ആത്മാവ് ഉണ്ടായിരിക്കും. “സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം, സകല മനുഷ്യരോടും സമാധാനത്തിലിരിക്കുക. പ്രിയരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്, എന്നാൽ ക്രോധത്തിന് ഇടം കൊടുക്കുക; എന്തുകൊണ്ടെന്നാൽ ‘പ്രതികാരം എന്റേതാകുന്നു; ഞാൻ പ്രതികാരം ചെയ്യും’ എന്ന് യഹോവ പറയുന്നു.” (റോമർ 12:18, 19) സകല വർഗ്ഗങ്ങളും ആദ്യ മനുഷ്യജോടിയിൽനിന്ന് വന്നതിനാലും ദൈവത്തിന് പക്ഷപാതിത്വമില്ലാത്തതിനാലും ക്രിസ്തീയസഭയിൽ വർഗ്ഗത്തിന്റെയോ ദേശീയതയുടെയോ ഗർവ്വിന് സ്ഥാനമില്ല.—പ്രവൃത്തികൾ 10:34, 35; 17:26; റോമർ 10:12; എഫേസ്യർ 4:1-3.
ജീവദായകമായ “വായു” ശ്വസിച്ചുകൊണ്ടിരിക്കുക
16. ഈ ലോകത്തിന്റെ ആത്മാവിനാൽ നാം ബാധിക്കപ്പെടുന്നതിനെ തടയാൻ എന്തു സഹായിക്കും?
16 ഈ ലോക“വായു”വിന്റെ അഥവാ ആത്മാവിന്റെ മാരകമായ മുഖ്യ സവിശേഷതകൾ നമ്മൾ ചർച്ച ചെയ്തിരിക്കുന്നു. അതു നമുക്കു ചുററുമുണ്ട്. നമ്മുടെ ആത്മീയതയിൽ ഒരു ശൂന്യത വളരാൻ നാം അനുവദിക്കുന്നുവെങ്കിൽ ഈ ചീത്ത “വായു” അവിടെ നിറയുന്നതിന് ഇരച്ചുചെല്ലും. അതിനെ ചെറുത്തുനിൽക്കുന്നതിലുള്ള വിജയം നാം ശുദ്ധവും നിർമ്മലവും നീതിനിഷ്ഠവുമായതിനെ എത്രയധികം സ്നേഹിക്കുന്നുവെന്നതിനെയും അശുദ്ധവും മലിനവും ദുഷ്ടവുമായതിനെ എത്രയധികം വെറുക്കുന്നുവെന്നതിനെയുമാണ് ഏറെയും ആശ്രയിച്ചിരിക്കുന്നത്. യഹോവയുടെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനോട് പ്രതികരിച്ച് നാം ശരിയായ മാനസികഭാവം നട്ടുവളർത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ നാം ശരിയായ “വായു” ശ്വസിച്ചുകൊണ്ടേയിരിക്കും.—റോമർ 12:9; 2 തിമൊഥെയോസ് 1:7; ഗലാത്യർ 6:7, 8.
17. ഈ ലോക “വായു”വിൽ കുറെ നമ്മുടെ നേരെ അടിക്കുന്നതായി നമ്മൾ കണ്ടുപിടിക്കുന്നുവെങ്കിൽ പെട്ടെന്നുതന്നെ എന്തുചെയ്യണം?
17 തീർച്ചയായും, ഈ ലോകത്തിന്റെ ഏതെങ്കിലും ചീത്ത “വായു” നിങ്ങൾക്ക് സുഗന്ധമായിത്തീരാൻ തുടങ്ങുന്നതിന് അനുവദിക്കരുത്. ഇന്ദ്രിയങ്ങൾക്ക് ആകർഷകമായിരിക്കുന്നതിനും മിക്കപ്പോഴും പാപത്തിലേക്കു നയിക്കുന്ന ഒരു വാഞ്ഛ ഉളവാക്കുന്നതിനും ആവശ്യമായിരിക്കുന്നതെന്തെന്ന് ഈ “വായു”വിന്റെ ഭരണാധിപന് അറിയാം. (യാക്കോബ് 1:14, 15) “പുകവലിപാടില്ലാത്ത” സ്ഥലത്ത്, യഹോവയുടെ ആത്മീയ പരദീസയിൽ ആയിരിക്കുക. ഈ ലോകത്തിന്റെ ഒരു “വായു” പടലം നിങ്ങളുടെ നേരേ വരുന്നതായി നിങ്ങൾ കണ്ടുപിടിക്കുമ്പോൾ അതിനെ വർജ്ജിക്കുക. നിങ്ങൾ മാരകമായ വിഷത്തെ വർജ്ജിക്കുന്നതുപോലെ, അതിൽനിന്ന് മാറിപ്പോകുക. “നാളുകൾ ദുഷ്ടമായതുകൊണ്ട്, നിങ്ങൾക്കുവേണ്ടി അവസരോചിതമായ സമയം വിലയ്ക്കു വാങ്ങിക്കൊണ്ട്, നിങ്ങളുടെ നടപ്പ് അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായിട്ടായിരിക്കാൻ കർശനമായി സൂക്ഷിക്കുക. ഈ കാരണത്താൽ യുക്തിഹീനരാകുന്നതു നിർത്തി യഹോവയുടെ ഇഷ്ടം എന്തെന്ന് ഗ്രഹിച്ചുകൊണ്ടിരിക്കുക.”—എഫേസ്യർ 5:15-17.
18. ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ജീവിക്കാൻ പദവി ലഭിക്കുന്നവരുടെ ആത്മാവ് എന്തായിരിക്കും?
18 നാം നിർമ്മലതാപാലകരായി ദൈവത്തെ സേവിക്കുകയെന്നത് ദൈവേഷ്ടമാണ്. അങ്ങനെ ചെയ്യുന്നത് ഇപ്പോൾ വളരെ അടുത്തിരിക്കുന്ന അവന്റെ പുതിയ വ്യവസ്ഥിതിയിലെ ജീവൻ കൈവരുത്തും. അന്നു നാം വായു ശ്വസിക്കുമ്പോൾ അത് എത്ര ആശ്വാസദായകമായിരിക്കും! മാരകമായ പ്രദൂഷകങ്ങളുണ്ടായിരിക്കയില്ല, ജീവദായകമായ ശുദ്ധവായു മാത്രം. ഭൗതിക വായുവിനെ സംബന്ധിച്ച് അതു സത്യമായിരിക്കും. ഏറെ പ്രധാനമായി, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ജീവിക്കാൻ പദവിയുള്ളവരുടെ ആത്മാവിനെ സംബന്ധിച്ചും അതു സത്യമായിരിക്കും. അവർക്ക് അനുസരണമുള്ള, വിനീതമായ, പ്രതിബദ്ധതയുള്ള, ഒരു മനോഭാവമുണ്ടായിരിക്കും. മത്സരാത്മകവും ദുഷിച്ചതും ഭക്തികെട്ടതുമായ സ്വാധീനങ്ങൾ നിറഞ്ഞ ഈ പഴയലോകത്തിന്റെ “വായു” പൊയ്പ്പോയിരിക്കും.—വെളിപ്പാട് 21:5-8.
19. യഹോവയുടെ പുതിയ വ്യവസ്ഥിതിയിലേക്ക് ആർ അതിജീവിക്കും?
19 തീർച്ചയായും, യഹോവ പ്രദൂഷണത്തെയും പ്രദൂഷകരെയും അർമ്മഗെദ്ദോനിൽ നീക്കം ചെയ്യുമ്പോൾ ഈ വ്യവസ്ഥിതിയുടെ “വായു” ശ്വസിക്കുന്നവരിൽ ഉൾപ്പെടാൻ നാം ആഗ്രഹിക്കുന്നില്ല. പഴയലോകം പൊയ്പ്പോയിരിക്കുകയും ‘വായുവിന്റെ ഭരണാധിപൻ’ അഗാധത്തിലാക്കപ്പെട്ടിരിക്കയും ചെയ്യുമ്പോൾ എന്തോരാശ്വാസം ഉണ്ടായിരിക്കും! യഹോവയെ സ്നേഹിക്കുകയും ശുദ്ധവും യോഗ്യവും നീതിനിഷ്ഠവുമായതിനെ സ്നേഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏവനും അവിടെ ഉണ്ടായിരിക്കും. അവർ അവിടെ ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. തന്റെ ആത്മാവിനാൽ അവൻ അവരെ സഹായിക്കും. ഒരു ശുദ്ധവും ആരോഗ്യപ്രദവുമായ പുതിയ വ്യവസ്ഥിതിയിൽ അവൻ അവർക്കു നിത്യജീവൻ കൊടുക്കും. ഈ പഴയ വ്യവസ്ഥിതിയുടെ മാരകമായ “വായു” ശ്വസിക്കുക നിമിത്തം നമുക്ക് ആ പദവി നഷ്ടപ്പെടുത്താതിരിക്കാം! (w87 9/15)
നിങ്ങൾ എങ്ങനെ ഉത്തരം കൊടുക്കും?
◻ ഒരു അത്യാഗ്രഹി ഏതു വിധത്തിൽ ഒരു വിഗ്രഹാരാധി ആയിത്തീരുന്നു?
◻ ഈ ലോകത്തിന്റെ “വായു” നിങ്ങളുടെ സംസാരശീലങ്ങളെ എങ്ങനെ ബാധിച്ചേക്കാം?
◻ ലൗകിക ജോലി ചെയ്യുമ്പോൾ ക്രിസ്തീയ ജോലിക്കാർ ഏതാത്മാവ് പ്രതിഫലിപ്പിക്കണം?
◻ ഭക്ഷണപാനീയങ്ങളോടും വിനോദത്തോടുമുള്ള ഈ ലോകത്തിന്റെ മനോഭാവത്താൽ ബാധിക്കപ്പെടുന്നതിനെ എങ്ങനെ ഒഴിവാക്കാൻ കഴിയും?
◻ വർഗ്ഗവും ദേശീയതയും സംബന്ധിച്ച ഏത് ആത്മാവ് ക്രിസ്തീയ സഭയിലേക്ക് വരരുത്?
[18-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുടുംബം ഈ ലോകത്തിന്റെ “വായു”വിനെ ചെറുത്തുനിൽക്കാൻ തക്കവിധം ശക്തമാണോ?
[19-ാം പേജിലെ ചിത്രം]
“യഹോവയ്ക്കെന്നപോലെ” നാം കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ നാം ഈ ലോകത്തിന്റെസ്വാർത്ഥവും അലസവുമായ “വായു”വിനാൽ ബാധിക്കപ്പെടുകയില്ല