യഹോവ—നമ്മുടെ ആർദ്രാനുകമ്പയുള്ള പിതാവ്
“യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്.”യാക്കോബ് 5:11, NW, അടിക്കുറിപ്പ്.
1. എളിയവർ യഹോവയാം ദൈവത്തിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
ജ്യോതിശാസ്ത്രജ്ഞൻമാർക്ക് ആകാശഗംഗകളെയെല്ലാം എണ്ണിത്തീർക്കാൻ കഴിയാത്തവിധം അത്ര ബൃഹത്താണ് ഈ പ്രപഞ്ചം. നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിന്റെ വലുപ്പംനിമിത്തം അതിലെ നക്ഷത്രങ്ങളെയെല്ലാം എണ്ണിത്തീർക്കാൻപ്പോലും മനുഷ്യനു കഴിഞ്ഞിട്ടില്ല. അൻറാറിസ് പോലുള്ള ചില നക്ഷത്രങ്ങൾ നമ്മുടെ സൂര്യനെക്കാൾ ആയിരക്കണക്കിനിരട്ടി വലുപ്പവും പ്രഭയും ഉള്ളവയാണ്. പ്രപഞ്ചത്തിലെ സകല നക്ഷത്രങ്ങളുടെയും മഹദ് സ്രഷ്ടാവ് എത്ര ശക്തിയുള്ളവനായിരിക്കണം! വാസ്തവത്തിൽ, അവൻ “അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും” ചെയ്യുന്നവനാണ്. (യെശയ്യാവു 40:26) എന്നിട്ടും ഈ ഭയഗംഭീരനായ ദൈവം “പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്.” അത്തരം അറിവ് യഹോവയുടെ എളിയ ദാസൻമാർക്ക്, പ്രത്യേകിച്ചും പീഡനം, രോഗം, വിഷാദം അല്ലെങ്കിൽ മററു ബുദ്ധിമുട്ടുകൾ എന്നിവ അനുഭവിക്കുന്നവർക്ക്, എത്ര നവോൻമേഷം പകരുന്നതാണ്!
2. മൃദുല വികാരങ്ങളെ ലോകത്തിലെ ആളുകൾ മിക്കപ്പോഴും എങ്ങനെയാണു വീക്ഷിക്കുന്നത്?
2 ക്രിസ്തുവിന്റെ “ആർദ്രപ്രീതിയും അനുകമ്പയും” പോലുള്ള മൃദുല വികാരങ്ങളെ ബലഹീനതയായിട്ടാണ് അനേകരും വീക്ഷിക്കുന്നത്. (ഫിലിപ്യർ 2:1, NW) പരിണാമ തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നതിന്റെ ഫലമായി മററുള്ളവരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചിട്ടാണേലും വേണ്ടില്ല തങ്ങളെ മുന്നിൽ നിർത്തുന്നതിന് ആളുകളെ അവർ പ്രോത്സാഹിപ്പിക്കുന്നു. വിനോദ രംഗങ്ങളിലേയും സ്പോർട്സിലേയും മാതൃകാ വ്യക്തികളിൽ ഒരു ബഹുസംഖ്യ കണ്ണുനീർ പൊഴിക്കുകയോ ആർദ്രപ്രീതി പ്രകടിപ്പിക്കുകയോ ചെയ്യാത്ത കഠിനഹൃദയരാണ്. അത്തരക്കാരാണു ചില രാഷ്ട്രീയ നേതാക്കൻമാരും. ക്രൂരനായ നീറോ ചക്രവർത്തിയെ വിദ്യ അഭ്യസിപ്പിച്ച സ്റേറായിക്ക് തത്ത്വചിന്തകനായ സെനിക “കരുണ ഒരു ബലഹീനതയാണ്” എന്ന് ഊന്നിപ്പറഞ്ഞു. “സ്റേറായിക്കുകളുടെ തത്ത്വശാസ്ത്രം . . . ഇക്കാലത്തെപോലും ജനങ്ങളുടെ മനസ്സുകളെ സ്വാധീനിക്കുന്നതിൽ തുടരുന്നു” എന്ന് മക്ലിന്റോക്കിന്റെയും സ്ട്രോങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു.
3. യഹോവ തന്നെക്കുറിച്ചു മോശയോട് എങ്ങനെയാണു വർണിച്ചത്?
3 അതിനു നേരേ വിപരീതമായി, മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിന്റെ വ്യക്തിത്വം ഹൃദയോഷ്മളമാണ്. അവൻ തന്നെക്കുറിച്ചു മോശയോട് ഇങ്ങനെ വർണിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. . . . അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാതെ”യിരിക്കുന്നവൻ. (പുറപ്പാടു 34:6, 7) യഹോവ തന്നെക്കുറിച്ചുള്ള ഈ വിവരണം തന്റെ നീതിയെ പ്രദീപ്തമാക്കിക്കൊണ്ട് അവസാനിപ്പിച്ചുവെന്നതു ശരിതന്നെ. അർഹിക്കുന്ന ശിക്ഷയിൽനിന്നു മനഃപൂർവ പാപികളെ അവൻ ഒഴിവാക്കുകയില്ല. എന്നിട്ടും അവൻ ദയയുള്ള ദൈവമായി, അക്ഷരീയ അർഥത്തിൽ “കരുണ നിറഞ്ഞ”വനായി സ്വയം ചിത്രീകരിക്കുന്നു.
4. “കരുണ” എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ ഹൃദയോഷ്മളമായ അർഥം എന്താണ്?
4 ചിലപ്പോഴൊക്കെ “കരുണ” എന്ന പദത്തിന് വ്യക്തിപരമായ വികാരങ്ങളുടെ സ്പർശനമേൽക്കാതെ, ശിക്ഷ പിൻവലിക്കുകയെന്ന നീതിന്യായപരമായ അർഥം മാത്രമേ നൽകാറുള്ളൂ. എന്നിരുന്നാലും, ബൈബിൾ ഭാഷാന്തരങ്ങൾ ഒത്തുനോക്കുമ്പോൾ റാച്ചാം എന്ന ക്രിയയിൽനിന്നു രൂപംകൊണ്ട എബ്രായ നാമവിശേഷണത്തിന്റെ മൂല്യവത്തായ അർഥം വെളിപ്പെടുത്തുന്നു. ചില പണ്ഡിതൻമാരുടെ അഭിപ്രായപ്രകാരം അതിന്റെ മൂലപദത്തിന്റെ അർഥം “മൃദുവായിരിക്കുക” എന്നാണ്. “റാച്ചാം എന്നത് നമുക്കു പ്രിയമുള്ളവരുടെയോ നമ്മുടെ സഹായം ആവശ്യമായിട്ടുള്ളവരുടെയോ ബലഹീനതയോ കഷ്ടപ്പാടോ കാണുന്നതുമൂലം ഉണ്ടാകുന്ന അനുകമ്പയുടെ ആഴവും ആർദ്രവുമായ വികാരം പ്രകടമാക്കുന്നു” എന്ന് പഴയ നിയമത്തിന്റെ പര്യായപദങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു. അഭിലഷണീയമായ ഈ ഗുണത്തിന്റെ ഹൃദയോഷ്മളമായ നിർവചനങ്ങൾ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജുകൾ 375-9-ൽ കാണാവുന്നതാണ്.
5. മോശൈക ന്യായപ്രമാണത്തിൽ കരുണ എങ്ങനെ സുവ്യക്തമായിരുന്നു?
5 ദൈവത്തിന്റെ ആർദ്രാനുകമ്പ അവൻ ഇസ്രായേൽ ജനതയ്ക്കു കൊടുത്ത നിയമത്തിൽ സുവ്യക്തമാണ്. വിധവമാർ, അനാഥർ, ദരിദ്രർ എന്നിങ്ങനെ ഹതഭാഗ്യരായവരോട് അനുകമ്പയോടെ പെരുമാറേണ്ടതുണ്ടായിരുന്നു. (പുറപ്പാടു 22:22-27; ലേവ്യപുസ്തകം 19:9, 10; ആവർത്തനപുസ്തകം 15:7-11) വാരാന്ത ശബത്തിന്റെ പ്രയോജനം അടിമകളും മൃഗങ്ങളുമുൾപ്പെടെ സകലരും അനുഭവിക്കേണ്ടതുണ്ടായിരുന്നു. (പുറപ്പാടു 20:10) കൂടാതെ, എളിയവരോട് ആർദ്രതയോടെ പെരുമാറിയ വ്യക്തികളെ ദൈവം പ്രത്യേകം കണക്കിട്ടു. “എളിയവനോടു കൃപ കാട്ടുന്നവർ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നൻമെക്കു അവൻ പകരം കൊടുക്കും” എന്ന് സദൃശവാക്യങ്ങൾ 19:17 പറയുന്നു.
ദിവ്യാനുകമ്പയുടെ പരിധികൾ
6. യഹോവ പ്രവാചകൻമാരെയും സന്ദേശവാഹകരെയും തന്റെ ജനത്തിന്റെ ഇടയിലേക്ക് അയച്ചതിനു കാരണമെന്ത്?
6 ഇസ്രായേല്യർ ദൈവത്തിന്റെ നാമം വഹിക്കുകയും “യഹോവയുടെ നാമത്തിന്നു ഒരാലയ”മായിരുന്ന യെരുശലേമിലെ ആലയത്തിൽ ആരാധന കഴിക്കുകയും ചെയ്തുപോന്നു. (2 ദിനവൃത്താന്തം 2:4; 6:33) എന്നിരുന്നാലും, കാലക്രമേണ അവർ അധാർമികത, വിഗ്രഹാരാധന, കൊലപാതകം എന്നിവയ്ക്ക് ഇടംകൊടുത്തു. അത് യഹോവയുടെ നാമത്തിനു വലിയ നിന്ദ കൈവരുത്തി. തന്റെ അനുകമ്പയുള്ള വ്യക്തിത്വത്തിനു ചേർച്ചയിൽ മുഴു ജനതയുടെയുംമേൽ ദുരന്തം വരുത്താതെ ദൈവം ക്ഷമാപൂർവം ഈ മോശമായ അവസ്ഥ തിരുത്തുന്നതിനു ശ്രമിച്ചു. “യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം [“അനുകമ്പ,” NW] തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതൻമാരെ അവരുടെ അടുക്കൽ അയച്ചു. അവരോ ദൈവത്തിന്റെ ദൂതൻമാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകൻമാരെ നിന്ദിച്ചുകളഞ്ഞു.”—2 ദിനവൃത്താന്തം 36:15, 16.
7. യഹോവയുടെ അനുകമ്പ അതിന്റെ പരിധിയുടെ അങ്ങേയററം എത്തിയപ്പോൾ യഹൂദാ രാജ്യത്തിന് എന്തു സംഭവിച്ചു?
7 യഹോവ അനുകമ്പയും കോപത്തിനു താമസമുള്ളവനുമാണെങ്കിലും ആവശ്യമെന്നു തോന്നുമ്പോൾ അവൻ നീതിയുള്ള കോപം പ്രകടിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ന് ദിവ്യാനുകമ്പ അതിന്റെ പരിധിയുടെ അങ്ങേയററം എത്തിയിരുന്നു. പരിണതഫലങ്ങളെക്കുറിച്ചു നാം വായിക്കുന്നു: “അതുകൊണ്ടു [യഹോവ] കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.” (2 ദിനവൃത്താന്തം 36:17) അങ്ങനെ യെരുശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടു. ജനതയെ ബാബിലോനിലേക്ക് ബന്ദികളായി പിടിച്ചുകൊണ്ടും പോയി.
തന്റെ നാമത്തോടുള്ള അനുകമ്പ
8, 9. (എ) തന്റെ നാമത്തോട് അനുകമ്പ ഉണ്ടായിരിക്കുമെന്ന് യഹോവ പ്രഖ്യാപിക്കാൻ കാരണമെന്ത്? (ബി) യഹോവയുടെ ശത്രുക്കളുടെ വായടയ്ക്കപ്പെട്ടത് എങ്ങനെ?
8 ചുററുപാടുമുള്ള രാഷ്ട്രങ്ങൾ ഈ ദുരന്തത്തിൽ ആനന്ദിച്ചു. “ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ” എന്ന് അവർ പരിഹാസച്ചുവയോടെ പറഞ്ഞു. ഈ നിന്ദയ്ക്കു പ്രത്യുത്തരമായി യഹോവ പ്രഖ്യാപിച്ചു: ‘എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം [“അനുകമ്പ,” NW] തോന്നി . . . എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; . . . ഞാൻ യഹോവ എന്നു അവർ അറിയും.’—യെഹെസ്കേൽ 36:20-23.
9 തന്റെ ജനത അടിമത്തത്തിലായി 70 വർഷം കഴിഞ്ഞപ്പോൾ അനുകമ്പയുള്ള ദൈവമായ യഹോവ അവർ തിരികെപ്പോകുന്നതിനും യെരുശലേമിൽ ആലയം പുനർനിർമിക്കുന്നതിനും അവരെ വിടുവിച്ചു. ഇത് ചുററുപാടുമുള്ള രാഷ്ട്രങ്ങളുടെ വായടച്ചു. അവർ അത്ഭുതസ്തബ്ധരായി മിഴിച്ചുനിന്നു. (യെഹെസ്കേൽ 36:35, 36) ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേൽ ജനത വീണ്ടും മോശമായ പ്രവൃത്തികളിലേക്കു തിരിഞ്ഞു. നെഹെമ്യാവ് എന്നു പേരുള്ള വിശ്വസ്തനായ ഒരു യഹൂദൻ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചു. ഒരു പരസ്യ പ്രാർഥനയിൽ അവൻ ദൈവത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടലുകളെക്കുറിച്ച് അയവിറക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:
10. നെഹെമ്യാവ് യഹോവയുടെ അനുകമ്പ പ്രദീപ്തമാക്കിയത് എങ്ങനെ?
10 “അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകൻമാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു. അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു. . . . നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു.”—നെഹെമ്യാവു 9:26-30; ഇതുകൂടെ കാണുക: യെശയ്യാവു 63:9, 10.
11. യഹോവയും മനുഷ്യ നിർമിതമായ ദൈവങ്ങളും തമ്മിൽ എന്തു വ്യത്യാസം സ്ഥിതിചെയ്യുന്നു?
11 ഒടുവിൽ, ദൈവത്തിന്റെ പ്രിയ പുത്രനെ ക്രൂരമാംവിധം തള്ളിക്കളഞ്ഞതോടെ യഹൂദ രാഷ്ട്രത്തിന് അതിന്റെ വിശേഷ പദവി നഷ്ടപ്പെട്ടു. അവരോടുള്ള ദൈവത്തിന്റെ വിശ്വസ്ത ബന്ധം 1,500 വർഷത്തിലധികം നിലനിന്നു. യഹോവ തികച്ചും കരുണാസമ്പന്നനായ ദൈവമാണ് എന്ന വസ്തുതയ്ക്കു നിത്യ സാക്ഷ്യമായി അതു നിലകൊള്ളുന്നു. പാപികളായ മനുഷ്യർ നിർമിച്ചെടുത്തിട്ടുള്ള ക്രൂരമായ ദൈവങ്ങളിൽനിന്നും ദേവതകളിൽനിന്നും എത്ര വിഭിന്നം!—8-ാം പേജ് കാണുക.
അനുകമ്പയുടെ ഏററവും വലിയ പ്രകടനം
12. ദൈവത്തിന്റെ അനുകമ്പയുടെ ഏററവും വലിയ പ്രകടനമെന്തായിരുന്നു?
12 തന്റെ പ്രിയ പുത്രനെ ഭൂമിയിലേക്ക് അയച്ചതായിരുന്നു ദൈവത്തിന്റെ അനുകമ്പയുടെ ഏററവും വലിയ പ്രകടനം. യേശുവിന്റെ നിർമലതയോടെയുള്ള ജീവിതം യഹോവക്കു വലിയ സന്തോഷം കൈവരുത്തിയെന്നതിൽ സംശയമില്ല. അത് സാത്താന്റെ വ്യാജ ആരോപണങ്ങൾക്ക് ഏററവും പരിപൂർണമായ ഉത്തരം അവനു പ്രദാനം ചെയ്തു. (സദൃശവാക്യങ്ങൾ 27:11) അതേസമയംതന്നെ, തന്റെ പ്രിയ പുത്രൻ വളരെ ക്രൂരവും നിന്ദ്യവുമായ മരണം സഹിക്കുന്നതു വീക്ഷിക്കേണ്ടിവന്നത് യഹോവയെ വളരെ വേദനിപ്പിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല. മനുഷ്യ മാതാപിതാക്കളിൽ ആർക്കും ഇതുപോലൊരു വേദന സഹിക്കേണ്ടിവന്നിട്ടില്ല. മനുഷ്യവർഗത്തിന്റെ രക്ഷയിലേക്കു വഴിതുറന്ന വളരെ സ്നേഹനിർഭരമായ ഒരു ത്യാഗമായിരുന്നു അത്. (യോഹന്നാൻ 3:16) സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് മുൻകൂട്ടി പറഞ്ഞപോലെ അത് “നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണ”യെ [“ആർദ്രാനുകമ്പ,” NW] പ്രദർശിപ്പിച്ചു.—ലൂക്കൊസ് 1:77, 78.
13. ഏതു പ്രധാന വിധത്തിലാണ് യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ചത്?
13 ദൈവപുത്രനെ ഭൂമിയിലേക്ക് അയച്ചതും മനുഷ്യവർഗത്തിന് ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാടു നൽകി. അതെങ്ങനെ? എങ്ങനെയെന്നാൽ യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ചു, പ്രത്യേകിച്ചും എളിയവരോടുകാട്ടിയ അവന്റെ ആർദ്രാനുകമ്പയോടെയുള്ള പെരുമാററത്തിൽ! (യോഹന്നാൻ 1:14; 14:9) ഇതിനോടുള്ള ബന്ധത്തിൽ മത്തായി, മർക്കോസ്, ലൂക്കോസ് എന്നീ മൂന്നു സുവിശേഷ എഴുത്തുകാരും സ്പ്ലാഗ്ക്ക്നി സോമായ് എന്ന ഗ്രീക്കു പദമാണ് ഉപയോഗിക്കുന്നത്. അത് “കുടലുകൾ” എന്ന് അർഥം കുറിക്കുന്ന ഗ്രീക്കു പദത്തിൽനിന്നാണു വരുന്നത്. “അത് സാധാരണ കരുണയോ അനുകമ്പയോ അല്ല വർണിക്കുന്നത് മറിച്ച്, ഒരു മനുഷ്യനെ തന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ പ്രേരിപ്പിക്കുന്ന വികാരങ്ങളെയാണു സൂചിപ്പിക്കുന്നത് എന്ന് അതിന്റെ ഉത്ഭവത്തിൽനിന്നു കാണാവുന്നതാണ്. അനുകമ്പ എന്ന വികാരത്തെ പ്രതിപാദിക്കാൻ ഗ്രീക്കു ഭാഷയിലുള്ള ഏററവും ശക്തമായ പദമാണത്” എന്ന് ബൈബിൾ പണ്ഡിതനായ വില്യം ബാർക്ലേ വിശദീകരിക്കുന്നു. അത് “കരുണ തോന്നി” അല്ലെങ്കിൽ “സഹതാപം തോന്നി” എന്നെല്ലാം വ്യത്യസ്തവിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു.—മർക്കോസ് 6:34; 8:2, NW.
യേശുവിന് സഹതാപം തോന്നിയ സമയം
14, 15. ഗലീലയിലെ ഒരു പട്ടണത്തിൽ യേശുവിന് എങ്ങനെ സഹതാപം തോന്നി, ഇത് എന്തു ചിത്രീകരിക്കുന്നു?
14 ഗലീലയിലെ ഒരു പട്ടണമാണു രംഗം. ആചാരപ്രകാരമുള്ള മുന്നറിയിപ്പൊന്നും നൽകാതെ “കുഷ്ഠം നിറഞ്ഞോരു” മനുഷ്യൻ യേശുവിനെ സമീപിക്കുന്നു. (ലൂക്കൊസ് 5:12) ന്യായപ്രമാണം അനുശാസിക്കുന്നവിധം “അശുദ്ധൻ അശുദ്ധൻ” എന്നു വിളിച്ചുപറയാത്തതുകൊണ്ട് യേശു അയാളെ കർശനമായി ശാസിക്കുന്നുവോ? (ലേവ്യപുസ്തകം 13:45) ഇല്ല. മറിച്ച്, “നിനക്കു വേണമെന്നുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും” എന്ന ആ മമനുഷ്യന്റെ പരിതാപകരമായ ഈ നിവേദനത്തിന് യേശു ചെവി ചായ്ക്കുന്നു. “സഹതാപം തോന്നി” യേശു “എനിക്കു വേണമെന്നുണ്ട്. ശുദ്ധനാകുക” എന്നു പറഞ്ഞുകൊണ്ട് കൈനീട്ടി ആ കുഷ്ഠരോഗിയെ തൊടുന്നു. തത്ക്ഷണം ആ മനുഷ്യൻ ആരോഗ്യം വീണ്ടെടുക്കുന്നു. അങ്ങനെ യേശു അത്ഭുതകരമായ, ദൈവദത്തമായ തന്റെ ശക്തി മാത്രമല്ല അത്തരം ശക്തി ഉപയോഗിക്കുന്നതിനു തന്നെ പ്രേരിപ്പിക്കുന്ന ആർദ്രമായ വികാരങ്ങളും പ്രകടിപ്പിക്കുന്നു.—മർക്കോസ് 1:40-42, NW.
15 യേശു അനുകമ്പ പ്രകടിപ്പിക്കുന്നതിന് അവനെ സമീപിക്കണമെന്നു നിർബന്ധമുണ്ടോ? ഇല്ല. മറെറാരിക്കൽ അവൻ നയീൻ നഗരത്തിൽനിന്ന് ഒരു ശവസംസ്കാരഘോഷയാത്ര വരുന്നതു കാണുന്നു. ഇതിനുമുമ്പും യേശു അനേകം ശവസംസ്കാരത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ ഇതു വിശേഷാൽ ശോകജനകമാണ്. മരിച്ചയാൾ ഒരു വിധവയുടെ ഏക മകനായിരുന്നു. “സഹതാപം തോന്നി” യേശു അവളുടെ സമീപം ചെന്നു പറയുന്നു: “കരച്ചിൽ നിർത്തൂ.” അതിനുശേഷം അവളുടെ മകനെ വീണ്ടും ജീവനിലേക്ക് ഉയിർപ്പിക്കുന്ന മഹത്തായ അത്ഭുതം അവൻ പ്രവർത്തിക്കുന്നു.—ലൂക്കോസ് 7:11-15, NW.
16. തന്നെ അനുഗമിക്കുന്ന വലിയ പുരുഷാരത്തോട് യേശുവിന് സഹതാപം തോന്നാൻ കാരണമെന്ത്?
16 യേശുവിനു ‘സഹതാപം തോന്നുമ്പോൾ’ സഹായിക്കുന്നതിന് അവൻ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുന്നുവെന്നാണ് മുകളിൽ നൽകിയിരിക്കുന്ന സംഭവങ്ങളിൽനിന്നു പഠിക്കുന്ന പാഠം. മറെറാരു സന്ദർഭത്തിൽ തന്നെ അനുഗമിക്കുന്ന വലിയ പുരുഷാരത്തെ യേശു നിരീക്ഷിക്കുന്നു. “അവന് അവരോടു സഹതാപം തോന്നി, എന്തുകൊണ്ടെന്നാൽ അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ തൊലിയുരിക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തിരുന്നു” എന്ന് മത്തായി രേഖപ്പെടുത്തുന്നു. (മത്തായി 9:36, NW) സാധാരണക്കാരായ ജനങ്ങളുടെ ആത്മീയ വിശപ്പ് അടക്കുന്നതിന് പരീശൻമാർ ഒന്നും ചെയ്യുന്നില്ല. മറിച്ച്, അനാവശ്യ നിയമങ്ങളുടെ അമിതഭാരം കെട്ടിവെച്ചുകൊണ്ട് അവർ എളിയവരെ വലയ്ക്കുന്നു. (മത്തായി 12:1, 2; 15:1-9; 23:4, 23) “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു” എന്ന് യേശുവിന് ചെവിചായിച്ചവരെക്കുറിച്ച് അവർ പറഞ്ഞപ്പോൾ സാധാരണക്കാരായ ആളുകളെ അവർ വീക്ഷിച്ചവിധം വ്യക്തമായി.—യോഹന്നാൻ 7:49.
17. പുരുഷാരത്തോടുള്ള യേശുവിന്റെ സഹതാപം അവനെ പ്രേരിപ്പിച്ചതെങ്ങനെ, അവിടെ അവൻ എത്ര ദൂരവ്യാപക മാർഗനിർദേശമാണു പ്രദാനം ചെയ്യുന്നത്?
17 അതിനു വിപരീതമായി, പുരുഷാരത്തിന്റെ പരിതാപകരമായ ആത്മീയ അവസ്ഥയെക്കുറിച്ച് യേശു തികച്ചും ചിന്തയുള്ളവനാണ്. എന്നാൽ ഓരോരുത്തർക്കും വ്യക്തിഗതമായ ശ്രദ്ധ കൊടുക്കാൻ കഴിയാത്തവിധം അവിടെ അത്രയധികം താത്പര്യക്കാരാണുള്ളത്. അതുകൊണ്ട് കൂടുതൽ വേലക്കാർക്കുവേണ്ടി യാചിക്കാൻ അവൻ തന്റെ ശിഷ്യൻമാരോടു പറയുന്നു. (മത്തായി 9:35-38) അത്തരം യാചനകൾക്കു ചേർച്ചയിൽ യേശു തന്റെ ശിഷ്യൻമാരെ പിൻവരുന്ന സന്ദേശം സഹിതം പറഞ്ഞയക്കുന്നു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” ആ സന്ദർഭത്തിൽ നൽകിയ നിർദേശങ്ങൾ ഈ നാൾവരെയും ക്രിസ്ത്യാനികൾക്ക് ആവശ്യമായ വിലയേറിയ മാർഗനിർദേശമായി സേവിക്കുന്നു. മനുഷ്യവർഗത്തിന്റെ ആത്മീയ വിശപ്പ് അടക്കുന്നതിന് അനുകമ്പയെന്ന വികാരം യേശുവിനു പ്രേരണയേകിയെന്നതിൽ സംശയമില്ല.—മത്തായി 10:5-7.
18. തന്റെ സ്വകാര്യ വേളയിൽ പുരുഷാരം നുഴഞ്ഞുകയറി വന്നപ്പോൾ യേശു എങ്ങനെ പ്രതികരിക്കുന്നു, നാം അതിൽനിന്ന് എന്തു പാഠം പഠിക്കുന്നു?
18 മറെറാരു സന്ദർഭത്തിൽ പുരുഷാരത്തിന്റെ ആത്മീയ ആവശ്യം സംബന്ധിച്ച് യേശു വീണ്ടും ബോധവാനാകുന്നു. ഇത്തവണ, തിരക്കു പിടിച്ച ഒരു പ്രസംഗ പര്യടനത്തിനുശേഷം യേശുവും അപ്പോസ്തലൻമാരും ക്ഷീണിതരാണ്. വിശ്രമിക്കുന്നതിന് അവർ ഒരിടം തേടുന്നു. എന്നാൽ ജനങ്ങൾ പെട്ടെന്ന് അവരെ കണ്ടുപിടിക്കുന്നു. തങ്ങളുടെ സ്വകാര്യ വേളയിൽ നുഴഞ്ഞുകയറി വന്നതിൽ രോഷാകുലനാകുന്നതിനു പകരം യേശുവിന് “സഹതാപം തോന്നി” എന്ന് മർക്കോസ് രേഖപ്പെടുത്തുന്നു. യേശുവിനുണ്ടായ ആഴമായ വികാരങ്ങൾക്കു കാരണമെന്തായിരുന്നു? “അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ” ആയിരുന്നു. വീണ്ടും “ദൈവരാജ്യത്തെക്കുറിച്ചു” പുരുഷാരത്തെ പഠിപ്പിച്ചുകൊണ്ട് യേശു തന്റെ വികാരങ്ങൾ പ്രവൃത്തിയിലൂടെ പ്രകടമാക്കുന്നു. അതേ, അവരുടെ ആത്മീയ വിശപ്പുകാരണം തനിക്ക് ആവശ്യമായ വിശ്രമംപോലും ത്യജിച്ചുകൊണ്ട് അവരെ പഠിപ്പിക്കാൻപോന്നവിധം അവൻ പ്രേരിതനായി.—മർക്കൊസ് 6:34; ലൂക്കൊസ് 9:11.
19. പുരുഷാരത്തെക്കുറിച്ചുള്ള യേശുവിന്റെ പരിഗണന അവരുടെ ആത്മീയ ആവശ്യങ്ങൾക്കുമപ്പുറം വ്യാപിച്ചതെങ്ങനെ?
19 ആളുകളുടെ ആത്മീയ ആവശ്യങ്ങൾക്കാണ് യേശു പ്രഥമ സ്ഥാനം നൽകിയിരുന്നതെങ്കിലും അവരുടെ അടിസ്ഥാന ജഡിക ആവശ്യങ്ങളെയും അവൻ അവഗണിച്ചില്ല. ആ സന്ദർഭത്തിൽ അവൻ “രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.” (ലൂക്കൊസ് 9:11) മറെറാരു സന്ദർഭത്തിൽ പുരുഷാരം അവന്റെയൊപ്പം വളരെയേറെ സമയം ചെലവിട്ടു. അവർ തങ്ങളുടെ ഭവനങ്ങളിൽനിന്നും വളരെ ദൂരെയായിരുന്നു. അവരുടെ ജഡിക ആവശ്യം തിരിച്ചറിഞ്ഞ് യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “എനിക്ക് ഈ പുരുഷാരത്തോടു സഹതാപം തോന്നുന്നു, എന്തുകൊണ്ടെന്നാൽ അവർ എന്നോടുകൂടെ കഴിയാൻ തുടങ്ങിയിട്ട് ഇപ്പോൾത്തന്നെ മൂന്നു ദിവസമായി; അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ലല്ലോ; അവരെ പട്ടിണിക്കയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ വഴിയിൽ തളർന്നു വീണെന്നുവരാം.” (മത്തായി 15:32, NW) സംഭവിച്ചേക്കാമായിരുന്ന ഒരു ദുരന്തത്തെ തടുക്കുന്നതിന് ഇപ്പോൾ യേശു ക്രിയാത്മകമായ ഒരു കാര്യം ചെയ്യുന്നു. ഏഴ് അപ്പവും ഏതാനും ചെറുമീനും കൊണ്ട് അവൻ ആയിരക്കണക്കിനു പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അത്ഭുതകരമായി ഭക്ഷണം പ്രദാനം ചെയ്യുന്നു.
20. യേശുവിനു സഹതാപം തോന്നിയതായി രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ സംഭവത്തിൽനിന്നു നാം എന്തു പഠിക്കുന്നു?
20 യേശുവിനു സഹതാപം തോന്നിയതായി രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ സംഭവം യെരുശലേമിലേക്കുള്ള അവന്റെ അന്ത്യയാത്രയിലാണ്. പെസഹ ആഘോഷിക്കുന്നതിന് വലിയ പുരുഷാരം അവനോടൊപ്പം യാത്ര ചെയ്യുന്നു. യരീഹോയ്ക്കു സമീപമുള്ള വഴിയിൽ ഭിക്ഷക്കാരായ രണ്ടു കുരുടൻമാർ “കർത്താവേ, . . . ഞങ്ങളോടു കരുണതോന്നേണമേ” എന്ന് അലറി കരയുന്നു. അവരെ നിശബ്ദരാക്കുന്നതിനു പുരുഷാരം ശ്രമിക്കുന്നു. എന്നാൽ യേശു അവരെ വിളിച്ച് താൻ എന്തുചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അവരോടു ചോദിക്കുന്നു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരേണമേ” എന്ന് അവർ യാചിക്കുന്നു. “സഹതാപം തോന്നി” അവൻ അവരുടെ കണ്ണുകൾ തൊടുന്നു. അവർക്കു കാഴ്ച ലഭിക്കുന്നു. (മത്തായി 20:29-34, NW) എത്ര പ്രധാനപ്പെട്ട ഒരു പാഠമാണു നാം ഇതിൽനിന്നു പഠിക്കുന്നത്! യേശു തന്റെ ഭൗമിക ശുശ്രൂഷയിലെ ഒടുവിലത്തെ വാരത്തിലേക്കു കടക്കാൻ പോകുകയാണ്. സാത്താന്റെ ഏജൻറുമാരുടെ കരങ്ങളാൽ ക്രൂരമായ മരണം വരിക്കുന്നതിനുമുമ്പ് അവന് വളരെയധികം വേല ചെയ്തുതീർക്കാനുണ്ട്. എങ്കിൽപ്പോലും, പ്രാധാന്യം കുറഞ്ഞ മനുഷ്യ ആവശ്യങ്ങളുടെ നേർക്കു തനിക്കുള്ള അനുകമ്പയുടെ മൃദുല വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽനിന്നു തടയാൻ ഈ നിർണായക നിമിഷത്തിലെ സമ്മർദത്തെ അവൻ അനുവദിക്കുന്നില്ല.
അനുകമ്പ പ്രദീപ്തമാക്കുന്ന ദൃഷ്ടാന്തങ്ങൾ
21. തന്റെ അടിമയുടെ ഭീമമായ കടം യജമാനൻ റദ്ദുചെയ്തതിലൂടെ എന്താണു ചിത്രീകരിക്കുന്നത്?
21 യേശുവിന്റെ ജീവിതത്തിലെ ഈ വൃത്താന്തങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദമായ സ്പ്ലാഗ്ക്ക്നി സോമായ് യേശുവിന്റെ മൂന്നു ദൃഷ്ടാന്തങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഒരു കഥയിൽ ഒരു അടിമ വലിയൊരു കടം തീർക്കുന്നതിനു സമയം നൽകാൻ അപേക്ഷിക്കുന്നു. “സഹതാപം തോന്നി” അയാളുടെ യജമാനൻ കടം റദ്ദാക്കുന്നു. ഈ ദൃഷ്ടാന്തം പഠിപ്പിക്കുന്നത്, യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്ന ഓരോ ക്രിസ്ത്യാനിയുടേയും ഭീമമായ പാപക്കടം റദ്ദുചെയ്തുകൊണ്ടു യഹോവയാം ദൈവം അനുകമ്പ കാണിച്ചുവെന്നാണ്.—മത്തായി 18:27; 20:28, NW.
22. മുടിയനായ പുത്രന്റെ ദൃഷ്ടാന്തം എന്താണു ചിത്രീകരിക്കുന്നത്?
22 അടുത്തത് മുടിയനായ പുത്രന്റെ കഥയാണ്. വഴിതെററിപ്പോയ പുത്രൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് അനുസ്മരിക്കുക. “ദൂരത്തുനിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു [“സഹതാപം തോന്നി,” NW] ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊസ് 15:20) വഴിതെററിപ്പോയ ഒരു ക്രിസ്ത്യാനി യഥാർഥ അനുതാപം കാണിക്കുമ്പോൾ യഹോവക്ക് അയാളോടു സഹതാപം തോന്നുകയും ആർദ്രതയോടെ അയാളെ തിരികെ ചേർക്കുകയും ചെയ്യുമെന്ന് ഇതു കാണിക്കുന്നു. അങ്ങനെ, നമ്മുടെ പിതാവായ യഹോവ “പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്” എന്ന് ഈ രണ്ടു ദൃഷ്ടാന്തങ്ങളിലൂടെ യേശു പ്രകടമാക്കുന്നു.—യാക്കോബ് 5:11, NW, അടിക്കുറിപ്പ്.
23. അയൽക്കാരനായ ശമര്യാക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലൂടെ നാം എന്തു പാഠം പഠിക്കുന്നു?
23 സ്പ്ലാഗ്ക്ക്നി സോമായ് ഉപയോഗിച്ചിരിക്കുന്ന മൂന്നാമത്തെ ദൃഷ്ടാന്തം അനുകമ്പാപൂർണനായ ശമര്യാക്കാരനെ ബന്ധപ്പെടുത്തിയുള്ളതാണ്. കൊള്ളക്കാരുടെ കയ്യിലകപ്പെട്ട് അർധപ്രാണനായി ഉപേക്ഷിച്ചിട്ടുപോയ ഒരു യഹൂദന്റെ ദയനീയമായ അവസ്ഥകണ്ട് അയാൾക്കു “സഹതാപം തോന്നി.” (ലൂക്കോസ് 10:33, NW) അപരിചിതനെ സഹായിക്കുന്നതിനു തന്നാൽ ആവതെല്ലാം ചെയ്യാൻ ഈ വികാരം ശമര്യാക്കാരനെ പ്രേരിപ്പിച്ചു. ആർദ്രതയും അനുകമ്പയും പ്രകടിപ്പിക്കുന്നതിന് സത്യക്രിസ്ത്യാനികൾ തങ്ങളുടെ മാതൃക പിൻപററണമെന്നു യഹോവയും യേശുവും പ്രതീക്ഷിക്കുന്നുവെന്ന് ഈ ദൃഷ്ടാന്തം തെളിയിക്കുന്നു. നമുക്ക് ഇതു ചെയ്യാൻ കഴിയുന്ന ചില വിധങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
പുനരവലോകന ചോദ്യങ്ങൾ
◻ കരുണയുള്ളവരായിരിക്കുക എന്നതിന്റെ അർഥമെന്ത്?
◻ യഹോവ തന്റെ നാമത്തിനുവേണ്ടി അനുകമ്പ കാണിച്ചതെങ്ങനെ?
◻ അനുകമ്പയുടെ ഏററവും വലിയ ദൃഷ്ടാന്തമെന്ത്?
◻ ഏത് മുന്തിയ വിധത്തിലാണ് യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നത്?
◻ യേശുവിന്റെ അനുകമ്പയോടെയുള്ള പ്രവൃത്തികളിൽനിന്നും അവന്റെ ദൃഷ്ടാന്തങ്ങളിൽനിന്നും നാമെന്തു പഠിക്കുന്നു?
[12, 13 പേജുകളിലെ ചതുരം]
“ആർദ്ര സ്നേഹത്തോടെയുള്ള കരുതൽ” എന്നതിന് ഒരു വർണനാപദം
“അയ്യോ എന്റെ കുടൽ, എന്റെ കുടൽ!” എന്ന് യിരെമ്യാ പ്രവാചകൻ നിലവിളിച്ചു. എന്തെങ്കിലും ചീത്ത സാധനം തിന്നതുകൊണ്ടുണ്ടായ ഉദരരോഗത്തെക്കുറിച്ച് പരാതി പറയുകയായിരുന്നോ അവൻ? ആയിരുന്നില്ല. യഹൂദാ രാജ്യത്തിനു സംഭവിക്കാനിരുന്ന നാശത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന ആഴമായ ഉത്കണ്ഠ വർണിക്കുന്നതിന് അവൻ ഒരു എബ്രായ അലങ്കാര പദം ഉപയോഗിക്കുകയായിരുന്നു.—യിരെമ്യാവ് 4:19, NW.
യഹോവക്ക് ആഴമായ വികാരങ്ങൾ ഉള്ളതിനാൽ അവന്റെ മൃദുലവികാരങ്ങൾ വർണിക്കുന്നതിന് “കുടലുകൾ” അല്ലെങ്കിൽ “ഉദരകോശങ്ങൾ” എന്നതിന്റെ എബ്രായ പദവും (മീയിം) ഉപയോഗിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, യിരെമ്യാവിന്റെ കാലത്തിനു ദശകങ്ങൾക്കു മുമ്പ് പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെ അസീറിയയുടെ രാജാവ് ബന്ദികളായി പിടിച്ചുകൊണ്ടുപോയി. അവരുടെ അവിശ്വസ്തതയ്ക്കുള്ള ശിക്ഷയായി യഹോവ ഇത് അനുവദിച്ചു. എന്നാൽ പ്രവാസത്തിലായിരുന്ന അവരെ ദൈവം വിസ്മരിച്ചോ? ഇല്ല. അവന്റെ ഉടമ്പടിജനം എന്നനിലയിൽ അവൻ അപ്പോഴും അവരോട് ആഴമായ അടുപ്പത്തിലായിരുന്നു. പ്രമുഖ ഗോത്രമായ എഫ്രയീമിന്റെ പേരിൽ അവരെ പരാമർശിച്ചുകൊണ്ട് യഹോവ ചോദിച്ചു: “എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം [“കുടലുകൾ,” NW] അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 31:20.
‘എന്റെ കുടലുകൾ ഉരുകുന്നു’ എന്നു പറഞ്ഞുകൊണ്ട് പ്രവാസത്തിലുള്ള തന്റെ ജനത്തോടു തനിക്കുള്ള വാത്സല്യ വികാരങ്ങളുടെ വ്യാപ്തി വർണിക്കുന്നതിന് യഹോവ സുപരിചിതമായ ഒരു ആലങ്കാരിക പ്രയോഗം ഉപയോഗിക്കുകയായിരുന്നു. ഈ വചനത്തെക്കുറിച്ചുള്ള തന്റെ നിരൂപണഗ്രന്ഥത്തിൽ 19-ാം നൂററാണ്ടിലെ ബൈബിൾ പണ്ഡിതനായ ഇ. ഹെൻഡേഴ്സൺ എഴുതി: “മടങ്ങിവരുന്ന മുടിയനായ പുത്രന്റെനേരെ യഹോവ ഇവിടെ കാണിക്കുന്ന, ആരെയും സ്പർശിക്കുന്ന, പിതൃസമാനമായ മൃദുലവികാരങ്ങളെ മറികടക്കാൻ മറെറാന്നിനും കഴിയില്ല. . . . അവൻ (വ്യഭിചാരികളായ എഫ്രയീമ്യർക്ക്) വിരോധമായി സംസാരിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും അവരെ ഒരിക്കലും മറന്നില്ല. നേരേമറിച്ച്, അവർ അന്തിമമായി വീണ്ടെടുക്കപ്പെടുമല്ലോ എന്നോർത്ത് അവൻ ആനന്ദിച്ചു.”
“ഉദരകോശങ്ങൾ” അല്ലെങ്കിൽ “കുടലുകൾ” എന്നതിന്റെ ഗ്രീക്കു പദം സമാനമായ വിധത്തിൽ ക്രിസ്തീയ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രവൃത്തികൾ 1:18-ലേതുപോലുള്ള അക്ഷരാർഥപ്രയോഗം അല്ലാത്തപ്പോൾ അത് വാത്സല്യത്തിന്റെ മൃദുലവികാരങ്ങളെയോ അനുകമ്പയെയോ ആണ് അർഥമാക്കുന്നത്. (ഫിലേമോൻ 12) ഈ പദം ചിലപ്പോഴെല്ലാം “നല്ലത്” അല്ലെങ്കിൽ “കൊള്ളാം” എന്ന് അർഥം വരുന്ന ഗ്രീക്കു പദത്തോടു ചേർന്നിരിക്കുന്നു. ക്രിസ്ത്യാനികൾ ‘ആർദ്രാനുകമ്പയുള്ളവർ’ അക്ഷരീയാർഥത്തിൽ ‘നല്ല സഹതാപമുള്ളവർ’ ആയിരിക്കണം എന്നു പറയുമ്പോൾ അപ്പോസ്തലനായ പൗലോസും പത്രോസും ഈ സംയുക്തപ്രയോഗമാണ് ഉപയോഗിക്കുന്നത്. (എഫേസ്യർ 4:32, NW; 1 പത്രോസ് 3:8, NW) “ഉദരകോശങ്ങൾ” എന്നതിന്റെ ഗ്രീക്കു പദം പോളി എന്ന ഗ്രീക്കു പദത്തോടു ചേർത്തും ഉപയോഗിക്കാം. ഈ ദ്വിശബ്ദ പ്രയോഗത്തിന്റെ അക്ഷരീയ അർഥം “ധാരാളം ഉദരകോശങ്ങളുള്ള” എന്നാണ്. ഈ വിരളമായ ഗ്രീക്കു പദപ്രയോഗം ബൈബിളിൽ ഒരിക്കൽമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, അത് യഹോവയാം ദൈവത്തെയാണു പരാമർശിക്കുന്നതും. പുതിയലോക ഭാഷാന്തരം ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവ”നാണ്.—യാക്കോബ് 5:11.
പ്രപഞ്ചത്തിലെ ഏററവും ശക്തനായ യഹോവയാം ദൈവം അനുകമ്പാഹീനരായ മനുഷ്യർ നിർമിച്ചിരിക്കുന്ന ക്രൂരരായ ദൈവങ്ങളെപ്പോലെയല്ല എന്നതിൽ നാം എത്ര കൃതാർഥരായിരിക്കണം! തങ്ങളുടെ “ആർദ്രാനുകമ്പയുള്ള” ദൈവത്തെ അനുകരിച്ചുകൊണ്ട് മററുള്ളവരോട് അതേരീതിയിൽ പെരുമാറുന്നതിനു സത്യക്രിസ്ത്യാനികൾ പ്രേരിതരാകുന്നു.—എഫേസ്യർ 5:1, NW.
[10-ാം പേജിലെ ചിത്രം]
ദിവ്യാനുകമ്പ അതിന്റെ പരിധിയുടെ അങ്ങേയററം എത്തിയപ്പോൾ വഴിതെററിപ്പോയ തന്റെ ജനത്തെ കീഴടക്കുന്നതിന് യഹോവ ബാബിലോന്യരെ അനുവദിച്ചു
[11-ാം പേജിലെ ചിത്രം]
തന്റെ പ്രിയ പുത്രൻ മരിക്കുന്നതു വീക്ഷിച്ചപ്പോൾ യഹോവക്കുണ്ടായ വേദന ഏതൊരുവനും എന്നെങ്കിലും സഹിച്ചിട്ടുള്ളതിനെക്കാൾ വലുതായിരുന്നിരിക്കണം
[15-ാം പേജിലെ ചിത്രം]
യേശു തന്റെ പിതാവിന്റെ അനുകമ്പയുള്ള വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ചു