പാഠം 57
നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്താൽ എന്തു ചെയ്യണം?
നിങ്ങൾ യഹോവയെ ആഴമായി സ്നേഹിക്കുന്നുണ്ട്. യഹോവയ്ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. എങ്കിലും ചിലപ്പോഴൊക്കെ നമുക്കു തെറ്റുകൾ സംഭവിക്കും. എന്നാൽ ചില തെറ്റുകൾ വളരെ ഗുരുതരമായിരുന്നേക്കാം. (1 കൊരിന്ത്യർ 6:9, 10) നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്തിട്ടുണ്ടെങ്കിൽ, ഓർക്കുക: യഹോവ നിങ്ങളെ സ്നേഹിക്കുന്നത് അപ്പോഴും നിറുത്തിയിട്ടില്ല. നിങ്ങളോടു ക്ഷമിക്കാനും നിങ്ങളെ സഹായിക്കാനും യഹോവ ആഗ്രഹിക്കുന്നു.
1. യഹോവയുടെ ക്ഷമ ലഭിക്കാൻ നമ്മൾ എന്താണു ചെയ്യേണ്ടത്?
ഗുരുതരമായ പാപമാണു ചെയ്തിരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ യഹോവയെ സ്നേഹിക്കുന്ന വ്യക്തികൾക്ക് വലിയ വിഷമം തോന്നുന്നു. എങ്കിലും യഹോവ പറഞ്ഞിരിക്കുന്ന വാക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവർക്കു വലിയ ആശ്വാസം തോന്നും. “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെളുക്കും.” (യശയ്യ 1:18) ആത്മാർഥമായി പശ്ചാത്തപിക്കുകയാണെങ്കിൽ യഹോവ നമ്മളോടു പൂർണമായും ക്ഷമിക്കും. നമ്മൾ എങ്ങനെയാണു പശ്ചാത്തപിക്കേണ്ടത്? ചെയ്തുപോയ തെറ്റിനെക്കുറിച്ച് നമുക്ക് ആത്മാർഥമായ ദുഃഖം തോന്നണം. അതോടൊപ്പം, മേലാൽ ആ തെറ്റു ചെയ്യാതിരിക്കുകയും ക്ഷമയ്ക്കുവേണ്ടി യഹോവയോടു യാചിക്കുകയും വേണം. മാത്രമല്ല ആ തെറ്റിലേക്കു നയിച്ച ചിന്തകളും ശീലങ്ങളും ഒഴിവാക്കാൻ കഠിനമായി പരിശ്രമിക്കുകയും വേണം. അങ്ങനെ യഹോവയുടെ ശുദ്ധമായ നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മുടെ ജീവിതം കൊണ്ടുവരുന്നതിനു നമ്മൾ പരിശ്രമിക്കണം.—യശയ്യ 55:6, 7 വായിക്കുക.
2. നമ്മൾ പാപം ചെയ്താൽ മൂപ്പന്മാരെ ഉപയോഗിച്ച് യഹോവ സഹായിക്കുന്നത് എങ്ങനെയാണ്?
നമ്മൾ ഗുരുതരമായ പാപം ചെയ്താൽ ‘സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്താനാണ്’ യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (യാക്കോബ് 5:14, 15 വായിക്കുക.) മൂപ്പന്മാർ യഹോവയെയും യഹോവയുടെ ആടുകളെയും സ്നേഹിക്കുന്നു. യഹോവയുമായുള്ള നമ്മുടെ ബന്ധം നേരെയാക്കാൻ പരിശീലനം കിട്ടിയവരാണ് അവർ.—ഗലാത്യർ 6:1.
ഗുരുതരമായ പാപം ചെയ്താൽ മൂപ്പന്മാർ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? രണ്ടോ മൂന്നോ മൂപ്പന്മാർ തിരുവെഴുത്തുകൾ ഉപയോഗിച്ച് നമുക്കു ബുദ്ധിയുപദേശം തരും, അങ്ങനെ നമ്മളെ തിരുത്തും. അതോടൊപ്പം ആ പാപം ആവർത്തിക്കാതിരിക്കാൻ പ്രായോഗികമായി എന്തെല്ലാം ചെയ്യാമെന്നു കാണിച്ചുതരുകയും, വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യും. ഇനി, ഒരാൾ ഗുരുതരമായ പാപം ചെയ്തിട്ടും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, അയാൾ സഭയെ മോശമായി സ്വാധീനിക്കാതിരിക്കാൻ മൂപ്പന്മാർ അയാളെ സഭയിൽനിന്ന് നീക്കം ചെയ്യും.
ആഴത്തിൽ പഠിക്കാൻ
ഗുരുതരമായ പാപം ചെയ്തുപോയ ഒരാളെ സഹായിക്കാൻ യഹോവ ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ എത്ര നല്ലതാണെന്നു നോക്കാം.
3. തെറ്റു തുറന്നുപറയുന്നത് യഹോവയുമായുള്ള ബന്ധം നേരെയാകാൻ സഹായിക്കും
നമ്മൾ ചെയ്യുന്ന ഏതൊരു പാപവും യഹോവയെ വേദനിപ്പിക്കുന്നതുകൊണ്ട് നമ്മൾ അത് യഹോവയോടു തുറന്നുപറയണം. സങ്കീർത്തനം 32:1-5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ചെയ്തുപോയ തെറ്റു മറച്ചുവെക്കാതെ യഹോവയോടു തുറന്നുപറയേണ്ടത് എന്തുകൊണ്ട് ?
ചെയ്തുപോയ തെറ്റുകൾ യഹോവയോടു തുറന്നുപറയുന്നതിനോടൊപ്പം മൂപ്പന്മാരുടെ സഹായവും സ്വീകരിക്കുമ്പോൾ നമുക്കു വളരെ ആശ്വാസം ലഭിക്കും. വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട ക്യാനൻ എന്ന വ്യക്തിയെ യഹോവയിലേക്കു മടങ്ങിവരാൻ മൂപ്പന്മാർ സഹായിച്ചത് എങ്ങനെയാണ്?
നമ്മൾ മൂപ്പന്മാരോട് എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ, തുറന്ന് സംസാരിക്കണം. മൂപ്പന്മാർ നമ്മളെ സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. യാക്കോബ് 5:16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ സത്യസന്ധരായിരിക്കുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെയാണ് കൂടുതൽ എളുപ്പത്തിൽ നമ്മളെ സഹായിക്കാൻ കഴിയുക?
4. യഹോവ പാപികളോടു കരുണ കാണിക്കുന്നു
ഗുരുതരമായ പാപം ചെയ്ത ഒരു വ്യക്തി യഹോവയുടെ നിലവാരങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നെങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്യും. പിന്നെ നമ്മൾ അദ്ദേഹത്തോടൊപ്പം ഇടപഴകില്ല. 1 കൊരിന്ത്യർ 5:6, 11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പുളിച്ച അൽപ്പം മാവ് മുഴുമാവിനെയും പുളിപ്പിക്കുന്നതുപോലെ പശ്ചാത്താപമില്ലാത്ത പാപിയുമായി ഇടപഴകുന്നത് സഭയെ ഏതു വിധത്തിൽ ബാധിക്കും?
അപൂർണരായ പാപികളോടുള്ള യഹോവയുടെ കരുണ അനുകരിച്ചുകൊണ്ട്, സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട വ്യക്തികളെ സഹായിക്കാൻ മൂപ്പന്മാർ മുൻകൈയെടുക്കും. അനേകം വ്യക്തികൾ വീണ്ടും സഭയിലേക്കു മടങ്ങിവന്നിട്ടുണ്ട്. കാരണം അവർക്കു ലഭിച്ച ശിക്ഷണം, അവർ ചെയ്ത തെറ്റ് എത്ര ഗുരുതരമാണെന്നു മനസ്സിലാക്കാൻ അവരെ സഹായിച്ചിരിക്കുന്നു.—സങ്കീർത്തനം 141:5.
പാപികളോട് യഹോവ ഇടപെടുന്ന വിധം, യഹോവയുടെ നീതിയും കരുണയും സ്നേഹവും തെളിയിക്കുന്നത് എങ്ങനെയാണ്?
5. നമ്മൾ പശ്ചാത്തപിക്കുമ്പോൾ യഹോവ നമ്മളോടു ക്ഷമിക്കുന്നു
ഒരു വ്യക്തി പശ്ചാത്തപിക്കുമ്പോൾ യഹോവയ്ക്ക് എന്താണ് തോന്നുന്നതെന്ന് വ്യക്തമാക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. ലൂക്കോസ് 15:1-7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഈ ഭാഗം യഹോവയെക്കുറിച്ച് എന്താണ് നമ്മളെ പഠിപ്പിക്കുന്നത്?
യഹസ്കേൽ 33:11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പശ്ചാത്താപത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട കാര്യം എന്താണ്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ എന്റെ തെറ്റിനെക്കുറിച്ച് മൂപ്പന്മാരോട് പറഞ്ഞാൽ അവർ എന്നെ സഭയിൽനിന്ന് നീക്കം ചെയ്യില്ലേ?”
അങ്ങനെ കരുതുന്ന ഒരാളോടു നിങ്ങൾ എന്തു പറയും?
ചുരുക്കത്തിൽ
നമ്മൾ ഗുരുതരമായ ഒരു പാപം ചെയ്തുപോയിട്ടുണ്ടെങ്കിൽ, ആത്മാർഥമായി പശ്ചാത്തപിക്കുകയും തെറ്റ് ആവർത്തിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുകയും ചെയ്താൽ യഹോവ ക്ഷമിക്കും.
ഓർക്കുന്നുണ്ടോ?
ചെയ്തുപോയ തെറ്റിനെക്കുറിച്ച് യഹോവയോടു തുറന്നുപറയേണ്ടത് എന്തുകൊണ്ട്?
നമ്മുടെ പാപങ്ങൾ യഹോവ ക്ഷമിക്കണമെങ്കിൽ നമ്മൾ എന്താണു ചെയ്യേണ്ടത്?
ഗുരുതരമായ ഒരു പാപം ചെയ്താൽ മൂപ്പന്മാരുടെ സഹായം തേടേണ്ടത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
യശയ്യ 1:18-ൽ വർണിച്ചിരിക്കുന്ന യഹോവയുടെ കരുണ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയെക്കുറിച്ച് കാണുക.
ഗുരുതരമായ പാപം ചെയ്ത ഒരാളെ സഹായിക്കാൻ മൂപ്പന്മാർ എങ്ങനെയാണ് ശ്രമിക്കുന്നത്?
“പാപം ചെയ്തവരോട് എങ്ങനെ സ്നേഹവും കരുണയും കാണിക്കാം?” (വീക്ഷാഗോപുരം 2024 ആഗസ്റ്റ്)
പശ്ചാത്താപമില്ലാത്ത പാപികളോട് എങ്ങനെയാണ് സ്നേഹവും കരുണയും കാണിക്കുന്നത്?
“സഭയിൽനിന്ന് നീക്കം ചെയ്തവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം?” (വീക്ഷാഗോപുരം 2024 ആഗസ്റ്റ്)
സത്യത്തിൽനിന്ന് അകന്നുപോയ ഒരാളെ യഹോവ വീണ്ടും ആകർഷിച്ചത് എങ്ങനെ? “ഞാൻ യഹോവയുടെ അടുക്കലേക്കു തിരിച്ചുവരണമായിരുന്നു” എന്ന ജീവിതകഥ വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വീക്ഷാഗോപുരം 2012 ജൂലൈ-സെപ്റ്റംബർ)