സ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ സേവിക്കുക
“യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.”—2 കൊരി. 3:17.
1, 2. (എ) പൗലോസ് അപ്പോസ്തലന്റെ കാലത്തെ ആളുകൾക്ക് അടിമത്തവും സ്വാതന്ത്ര്യവും പ്രധാനവിഷയങ്ങളായിരുന്നത് എന്തുകൊണ്ട്? (ബി) യഥാർഥസ്വാതന്ത്ര്യം നേടുന്നതിനു പൗലോസ് ആരിലേക്കാണ് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടത്?
ആദ്യകാലക്രിസ്ത്യാനികൾ റോമാസാമ്രാജ്യത്തിലാണു ജീവിച്ചിരുന്നത്. സ്വന്തം നിയമസംഹിതയിലും നീതിന്യായവ്യവസ്ഥയിലും തങ്ങൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിലും അഭിമാനിച്ചിരുന്നവരായിരുന്നു റോമാക്കാർ. എന്നാൽ ആ സാമ്രാജ്യത്തിനു കൈവന്ന മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും ഏറിയ പങ്കും അടിമകളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. ഒരു അവസരത്തിൽ അടിമകൾ ജനസംഖ്യയുടെ മൂന്നിലൊന്നോളം എത്തി. അങ്ങനെ അടിമത്തവും സ്വാതന്ത്ര്യവും ക്രിസ്ത്യാനികൾ ഉൾപ്പെടെ സാധാരണക്കാരുടെ പ്രധാനവിഷയങ്ങളായി മാറി.
2 പൗലോസ് അപ്പോസ്തലന്റെ കത്തുകളിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അക്കാലത്തെ മിക്കവരെയുംപോലെ സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ലക്ഷ്യം. പൗലോസും സഹക്രിസ്ത്യാനികളും സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും മനുഷ്യനിലേക്കോ സംഘടനയിലേക്കോ നോക്കിയില്ല. പകരം അവർ ആളുകളെ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കാനും അവർക്കു ക്രിസ്തുയേശുവിന്റെ മോചനവിലയുടെ മൂല്യം മനസ്സിലാക്കിക്കൊടുക്കാനും കഠിനാധ്വാനം ചെയ്തു. യഥാർഥസ്വാതന്ത്ര്യത്തിന്റെ ഉറവിടത്തിലേക്കു പൗലോസ് സഹവിശ്വാസികളുടെ ശ്രദ്ധ തിരിച്ചുവിട്ടു. ഉദാഹരണത്തിന്, കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള രണ്ടാമത്തെ കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “യഹോവ ഒരു ആത്മവ്യക്തിയാണ്. യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.”—2 കൊരി. 3:17.
3, 4. (എ) 2 കൊരിന്ത്യർ 3:17-നു മുമ്പുള്ള വാക്യങ്ങളിൽ പൗലോസ് എന്താണു ചർച്ച ചെയ്യുന്നത്? (ബി) യഹോവ നൽകുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനു നമ്മൾ എന്തു ചെയ്യണം?
3 ഈ വാക്കുകൾ എഴുതുന്നതിനു മുമ്പ് പൗലോസ്, സീനായ് പർവതത്തിൽനിന്ന് ഇറങ്ങിവന്ന മോശയുടെ മുഖത്തെ പ്രഭയെക്കുറിച്ച് പറഞ്ഞു. യഹോവയുടെ ഒരു ദൂതന്റെ അടുക്കൽനിന്ന് വന്ന മോശയെ കണ്ടപ്പോൾ ആളുകൾക്കു പേടി തോന്നി, അതുകൊണ്ട് മോശ തന്റെ മുഖം ഒരു തുണികൊണ്ട് മൂടി. (പുറ. 34:29, 30, 33; 2 കൊരി. 3:7, 13) പൗലോസ് തുടർന്ന് വിശദീകരിച്ചു: “എന്നാൽ ഒരാൾ യഹോവയിലേക്കു തിരിയുമ്പോൾ ആ മൂടുപടം നീങ്ങുന്നു.” (2 കൊരി. 3:16) എന്താണു പൗലോസിന്റെ വാക്കുകളുടെ അർഥം?
4 മുൻലേഖനത്തിൽ പഠിച്ചതുപോലെ, എല്ലാത്തിന്റെയും സ്രഷ്ടാവായ യഹോവയ്ക്കു മാത്രമാണു പരിധികളില്ലാത്ത, പൂർണമായ സ്വാതന്ത്ര്യമുള്ളത്. അതുകൊണ്ട് യഹോവയുടെ സന്നിധിയിൽ, “യഹോവയുടെ ആത്മാവുള്ളിടത്ത്” സ്വാതന്ത്ര്യമുണ്ട് എന്നു നമുക്കു നിസ്സംശയം പറയാനാകും. ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനും അതിൽനിന്ന് പ്രയോജനം നേടുന്നതിനും നമ്മൾ ‘യഹോവയിലേക്കു തിരിയണം,’ അതായത് യഹോവയുമായി നമുക്ക് ഒരു നല്ല വ്യക്തിബന്ധമുണ്ടായിരിക്കണം. വിജനഭൂമിയിൽ യഹോവ ചെയ്ത കാര്യങ്ങളെ മാനുഷികമായ കാഴ്ചപ്പാടിലാണ് ഇസ്രായേല്യർ കണ്ടത്, യഹോവ കണ്ടതുപോലെയല്ല. ഈജിപ്തിൽനിന്ന് മോചിതരായപ്പോൾ അവർക്കു പുതുതായി കിട്ടിയ സ്വാതന്ത്ര്യം സ്വാർഥാഭിലാഷങ്ങൾ തൃപ്തിപ്പെടുത്താൻ അവർ ഉപയോഗിച്ചു. അവരുടെ മനസ്സും ഹൃദയവും കഠിനമായിരുന്നു, അതു മൂടുപടംകൊണ്ട് മറയ്ക്കപ്പെട്ടതുപോലെയായിരുന്നു.—എബ്രാ. 3:8-10.
5. (എ) യഹോവയുടെ ആത്മാവ് തരുന്ന സ്വാതന്ത്ര്യം ഏതു തരത്തിലുള്ളതാണ്? (ബി) അടിമയായിരിക്കുന്നതോ ജയിലിലായിരിക്കുന്നതോ ഒന്നും യഹോവ തരുന്ന സ്വാതന്ത്ര്യത്തിനു മങ്ങലേൽപ്പിക്കാത്തത് എന്തുകൊണ്ട്? (സി) നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
5 അക്ഷരാർഥത്തിലുള്ള അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെക്കാൾ വലുതാണ് യഹോവയുടെ ആത്മാവ് തരുന്ന സ്വാതന്ത്ര്യം. യഹോവയുടെ ആത്മാവ് പാപത്തിന്റെയും മരണത്തിന്റെയും അതുപോലെ വ്യാജാരാധനയുടെയും അതിന്റെ ആചാരങ്ങളുടെയും അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം തരുന്നു. മനുഷ്യൻ എത്ര ശ്രമിച്ചാലും തനിയെ അതു നേടാൻ കഴിയില്ല. (റോമ. 6:23; 8:2) എത്ര മഹത്തായ സ്വാതന്ത്ര്യമാണ് അത്! അതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാൻ എല്ലാവർക്കും, തടവിൽ കഴിയുന്നവർക്കും അടിമകൾക്കും പോലും, കഴിയും. (ഉൽപ. 39:20-23) വിശ്വാസത്തിന്റെ പേരിൽ അനേകവർഷങ്ങൾ ജയിലഴികൾക്കുള്ളിൽ കഴിയേണ്ടിവന്ന നാൻസി യൻ സഹോദരിയുടെയും ഹാരോൾഡ് കിങ് സഹോദരന്റെയും അനുഭവങ്ങൾ ഇതു തെളിയിക്കുന്നു. അവർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നത് JW പ്രക്ഷേപണത്തിൽ കാണാം. (അഭിമുഖങ്ങളും അനുഭവങ്ങളും>പരിശോധനകൾ സഹിച്ചുനിൽക്കുന്നു എന്നതിനു കീഴിൽ നോക്കുക.) നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മൾ വിലയേറിയതായി കാണുന്നെന്ന് എങ്ങനെ കാണിക്കാം? ഈ സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കാൻ നമുക്ക് എങ്ങനെ കഴിയും?
ദൈവം തരുന്ന സ്വാതന്ത്ര്യം വിലയേറിയതായി കാണുക
6. യഹോവ നൽകിയ സ്വാതന്ത്ര്യം തങ്ങൾ വിലയുള്ളതായി കാണുന്നില്ലെന്ന് ഇസ്രായേല്യർ പ്രകടമാക്കിയത് എങ്ങനെ?
6 വിലയേറിയ ഒരു സമ്മാനത്തിന്റെ മൂല്യം മനസ്സിലാകുമ്പോൾ അതു നൽകിയ ആളിനോടു നമുക്കു സ്വാഭാവികമായും നന്ദി തോന്നും. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വിടുവിച്ചുകൊണ്ട് യഹോവ നൽകിയ സ്വാതന്ത്ര്യത്തെ ഇസ്രായേല്യർ ഒട്ടും വിലയുള്ളതായി കണ്ടില്ല. മോചിതരായി മാസങ്ങൾക്കുള്ളിൽത്തന്നെ അവർ യഹോവയുടെ കരുതലുകളെക്കുറിച്ച് പരാതിപ്പെട്ടുതുടങ്ങി. ഈജിപ്തിൽവെച്ച് കഴിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കിട്ടാൻ ആഗ്രഹിച്ചു. ഈജിപ്തിലേക്കു തിരിച്ചുപോകാൻപോലും അവർ ഒരുങ്ങി. സത്യദൈവമായ യഹോവയെ ആരാധിക്കാൻ ദൈവം നൽകിയ സ്വാതന്ത്ര്യത്തെക്കാൾ അവർ ഈജിപ്തിലെ “മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നുള്ളി, വെളുത്തുള്ളി” തുടങ്ങിയ വസ്തുക്കൾക്കാണു വിലകല്പിച്ചത്. യഹോവയുടെ കോപം ആളിക്കത്തിയതിൽ അതിശയിക്കാനുണ്ടോ? (സംഖ്യ 11:5, 6, 10; 14:3, 4) നമുക്കുള്ള എത്ര പ്രധാനപ്പെട്ട പാഠമാണ് ഇത്!
7. പൗലോസ് 2 കൊരിന്ത്യർ 6:1-ലെ തന്റെ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിച്ചത് എങ്ങനെ, നമുക്കു പൗലോസിനെ എങ്ങനെ അനുകരിക്കാം?
7 യഹോവ ദയാപൂർവം തന്റെ മകനായ യേശുക്രിസ്തുവിലൂടെ നൽകിയ സ്വാതന്ത്ര്യത്തെ നിസ്സാരമായി കാണരുതെന്നു പൗലോസ് അപ്പോസ്തലൻ എല്ലാ ക്രിസ്ത്യാനികൾക്കും മുന്നറിയിപ്പു കൊടുത്തു. (2 കൊരിന്ത്യർ 6:1 വായിക്കുക.) പാപത്തിന്റെയും മരണത്തിന്റെയും അടിമയായിരുന്ന പൗലോസ് അനുഭവിച്ച വൈകാരികവേദനയും മനസ്സാക്ഷിക്കുത്തും ഓർക്കുക. എന്നിട്ടും അദ്ദേഹം നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി!” എന്തുകൊണ്ട്? സഹക്രിസ്ത്യാനികളോട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “കാരണം ക്രിസ്തുയേശുവുമായി യോജിപ്പിൽ ജീവിക്കാൻ അവസരം തരുന്ന ദൈവാത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.” (റോമ. 7:24, 25; 8:2) പൗലോസിന്റെ മാതൃക അനുകരിച്ചുകൊണ്ട്, പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്ന് യഹോവ നമ്മളെ വിടുവിച്ചതിനെ ഒരിക്കലും നമ്മൾ നിസ്സാരമായി കാണരുത്. മോചനവിലയുടെ അടിസ്ഥാനത്തിൽ ഒരു ശുദ്ധമായ മനസ്സാക്ഷിയോടെ നമുക്കു ദൈവത്തെ സേവിക്കാൻ കഴിയും, അങ്ങനെ ചെയ്യുന്നതിന്റെ യഥാർഥസന്തോഷം ആസ്വദിക്കാനും കഴിയും.—സങ്കീ. 40:8.
8, 9. (എ) നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ പത്രോസ് അപ്പോസ്തലൻ എന്തു മുന്നറിയിപ്പു തരുന്നു? (ബി) എന്തൊക്കെ അപകടങ്ങളാണു നമുക്കു മുന്നിലുള്ളത്?
8 നന്ദി പ്രകടിപ്പിക്കുന്നതിനു പുറമേ, നമ്മുടെ അമൂല്യമായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെ ജഡികാഭിലാഷങ്ങൾ തൃപ്തിപ്പെടുത്താനുള്ള ഒരു മറയായി ഉപയോഗിക്കാതിരിക്കാൻ പത്രോസ് അപ്പോസ്തലൻ മുന്നറിയിപ്പു നൽകി. (1 പത്രോസ് 2:16 വായിക്കുക.) ഈ മുന്നറിയിപ്പ് ഇസ്രായേല്യർക്കു വിജനഭൂമിയിൽ സംഭവിച്ചതിനെക്കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നില്ലേ? അവർക്കുണ്ടായതുപോലുള്ള അപകടങ്ങൾ ഇപ്പോഴുമുണ്ട്, ഒരുപക്ഷേ അതിനുള്ള സാധ്യത ഇന്നു കൂടുതലാണ്. വസ്ത്രധാരണം, ചമയം, തീറ്റിയും കുടിയും, ഉല്ലാസവും വിനോദവും എന്നിങ്ങനെ അനേകം കാര്യങ്ങളിൽ സാത്താനും അവന്റെ ലോകവും നമ്മളെ വശീകരിക്കാൻ ശ്രമിക്കുകയാണ്. നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ അത്യാവശ്യമുള്ളതാണെന്നു തോന്നിപ്പിക്കാൻ പരസ്യക്കമ്പനികൾ കൗശലപൂർവം ശ്രമിക്കുന്നു. അതിനുവേണ്ടി അവർ ആകർഷണീയരായ വ്യക്തികളെ ഉപയോഗിക്കുന്നു. നമ്മൾ എളുപ്പത്തിൽ ഈ കെണികളിൽ വീഴാനും നമ്മുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും ഇടയുണ്ട്.
9 വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ ജീവിതത്തിലെ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോഴും പത്രോസിന്റെ ഉപദേശം ബാധകമാണ്. ഉദാഹരണത്തിന്, പ്രശസ്തമായ കോളേജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാൻ യോഗ്യത നേടുന്നതിനു കുട്ടികളുടെ മേൽ ശക്തമായ സമ്മർദമുണ്ട്. അവിടെനിന്ന് ബിരുദം നേടിയാൽ നല്ല ശമ്പളവും അന്തസ്സും ഉള്ള ജോലി കിട്ടുമെന്ന് ആളുകൾ അവരോടു പറയുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ ഒരാൾക്കു ലഭിക്കുന്ന വരുമാനവും അടിസ്ഥാന സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയവർ നേടുന്ന വരുമാനവും തമ്മിലുള്ള വ്യത്യാസം അതിനുള്ള തെളിവായി അവർ എടുത്തുകാണിക്കുന്നു. ഭാവിജീവിതത്തെ കാര്യമായി ബാധിക്കുന്ന തിരഞ്ഞെടുപ്പുകളെ മുഖാമുഖം നേരിടുമ്പോൾ ചെറുപ്പക്കാർ അത്തരം പ്രലോഭനങ്ങളിൽ വീണുപോകാൻ ഇടയുണ്ട്. ഈ സാഹചര്യങ്ങളിൽ അവരും അവരുടെ മാതാപിതാക്കളും ഏതു കാര്യം ഓർത്തിരിക്കണം?
10. നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഏതു കാര്യം ഓർക്കണം?
10 ഇത്തരം തിരഞ്ഞെടുപ്പുകൾ തികച്ചും വ്യക്തിപരമാണെന്നു ചിലർ ചിന്തിക്കുന്നു. തങ്ങളുടെ മനസ്സാക്ഷി കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് അവർ ചിന്തിക്കുന്നത്. കൊരിന്തിലെ ക്രിസ്ത്യാനികൾക്കു പൗലോസ് എഴുതിയ ഈ കാര്യമായിരിക്കാം അവരുടെ മനസ്സിലുള്ളത്: “എന്റെ സ്വാതന്ത്ര്യത്തെ മറ്റൊരാളുടെ മനസ്സാക്ഷി എന്തിനു വിധിക്കണം?” (1 കൊരി. 10:29) വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും ഒക്കെ കാര്യത്തിൽ വ്യക്തിപരമായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും നമ്മുടെ സ്വാതന്ത്ര്യം ആപേക്ഷികമാണെന്നും നമ്മുടെ തീരുമാനങ്ങൾക്ക് അനന്തരഫലങ്ങളുണ്ടെന്നും നമ്മൾ ഓർത്തിരിക്കണം. അതുകൊണ്ടാണ് പൗലോസ് ഇങ്ങനെ പറഞ്ഞത്: “എല്ലാം അനുവദനീയമാണ്; പക്ഷേ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം അനുവദനീയമാണ്; പക്ഷേ എല്ലാം ബലപ്പെടുത്തുന്നില്ല.” (1 കൊരി. 10:23) നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ ഉപരി പ്രധാനപ്പെട്ട മറ്റു കാര്യങ്ങളും കണക്കിലെടുക്കണമെന്നു മനസ്സിലാക്കാൻ ഈ വാക്യം നമ്മളെ സഹായിക്കുന്നു.
ദൈവത്തെ സേവിക്കാൻ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുക
11. എന്തിനുവേണ്ടിയാണു നമ്മളെ സ്വതന്ത്രരാക്കിയത്?
11 സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിന് എതിരെ മുന്നറിയിപ്പു കൊടുത്തപ്പോൾ നമ്മൾ എന്തിനുവേണ്ടിയാണു സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്നും പത്രോസ് പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം “ദൈവത്തിന്റെ അടിമകളായി” സേവിക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അതെ, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് യഹോവ യേശുവിലൂടെ നമ്മളെ സ്വതന്ത്രരാക്കിയത് യഥാർഥത്തിൽ “ദൈവത്തിന്റെ അടിമകളായി” ജീവിക്കുന്നതിനുവേണ്ടിയാണ്.
12. നോഹയും കുടുംബവും നമുക്ക് എന്തു മാതൃകയാണു വെച്ചത്?
12 നമ്മുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് ഈ ലോകത്തിന്റെ ലക്ഷ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വീണ്ടും അടിമകളാകാതിരിക്കാനുള്ള ഏറ്റവും നല്ല വഴി ആത്മീയപ്രവർത്തനങ്ങളിൽ പൂർണമായി മുഴുകുന്നതാണ്. (ഗലാ. 5:16) ഈ കാര്യത്തിൽ ഗോത്രപിതാവായ നോഹയും കുടുംബവും നല്ല ഒരു മാതൃകയാണ്. അവർ ജീവിച്ച ലോകം അധാർമികത നിറഞ്ഞതും അക്രമാസക്തവും ആയിരുന്നു. എങ്കിലും ചുറ്റുമുള്ളവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തങ്ങളെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അവർക്ക് എങ്ങനെയാണ് അതിനു കഴിഞ്ഞത്? യഹോവ അവർക്കു കൊടുത്ത എല്ലാ നിയമനങ്ങളിലും തിരക്കോടെ ഏർപ്പെട്ടുകൊണ്ട്. പെട്ടകം പണിയുക, അവർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ള ആഹാരം ശേഖരിച്ചുവെക്കുക, മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുക ഇതിലൊക്കെ അവർ മുഴുകി. “ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു; അങ്ങനെതന്നെ ചെയ്തു.” (ഉൽപ. 6:22) എന്തായിരുന്നു ഫലം? ആ ലോകം നശിപ്പിക്കപ്പെട്ടപ്പോൾ നോഹയും കുടുംബവും രക്ഷപ്പെട്ടു.—എബ്രാ. 11:7.
13. യഹോവ ഏതു നിയമനമാണു നമുക്കു തന്നിരിക്കുന്നത്?
13 യഹോവ ഇന്നു നമ്മളോട് എന്തു ചെയ്യാനാണു കല്പിച്ചിരിക്കുന്നത്? യേശുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ ദൈവം തന്നിരിക്കുന്ന നിയമനം എന്താണെന്നു നമുക്കു നന്നായി അറിയാം. (ലൂക്കോസ് 4:18, 19 വായിക്കുക.) ഇന്നു ഭൂരിപക്ഷം മനുഷ്യരെയും ഈ ലോകത്തിന്റെ ദൈവം അന്ധരാക്കിയിരിക്കുകയാണ്. അവർ മതപരവും സാമ്പത്തികവും സാമൂഹികവും ആയ ബന്ധനത്തിലാണ്. (2 കൊരി. 4:4) യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്, സ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ അറിയാനും ആരാധിക്കാനും ആളുകളെ സഹായിക്കാനുള്ള വലിയ പദവി നമുക്കുണ്ട്. (മത്താ. 28:19, 20) പ്രസംഗപ്രവർത്തനം അത്ര എളുപ്പമുള്ള ഒരു നിയമനമല്ല, പല തടസ്സങ്ങളുമുണ്ട്. ചില രാജ്യങ്ങളിൽ ആളുകൾക്ക് ഈ സന്ദേശത്തോടു താത്പര്യമില്ല. ചിലയിടങ്ങളിൽ നമ്മുടെ പ്രവർത്തനത്തെ എതിർക്കുകപോലും ചെയ്യുന്നു. നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട ചോദ്യമിതാണ്: ‘ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ നന്നായി പിന്തുണയ്ക്കാൻ എന്റെ സ്വാതന്ത്ര്യം എനിക്ക് ഉപയോഗിക്കാനാകുമോ?’
14, 15. യഹോവയുടെ ജനം പ്രസംഗപ്രവർത്തനത്തിലെ പങ്കു വർധിപ്പിച്ചിരിക്കുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
14 ഇന്നു മിക്കവരും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത മനസ്സിലാക്കി ജീവിതം ലളിതമാക്കുകയും മുഴുസമയസേവനം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇതു ശരിക്കും പ്രോത്സാഹനം പകരുന്നില്ലേ? (1 കൊരി. 9:19, 23) ചിലർ സ്വന്തം പ്രദേശത്തുതന്നെ സേവിക്കുന്നു. മറ്റുള്ളവർ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2,50,000-ത്തിലധികം പേരാണു മുൻനിരസേവനം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ 11,00,000-ത്തിലധികം സഹോദരങ്ങൾ സാധാരണ മുൻനിരസേവനം ചെയ്യുന്നുണ്ട്. യഹോവയെ സേവിക്കാനായി സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്റെ എത്ര ആവേശകരമായ ഒരു കാഴ്ചയാണിത്!—സങ്കീ. 110:3.
15 തങ്ങളുടെ സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കാൻ ഈ സഹോദരീസഹോദരന്മാരെ സഹായിച്ചിരിക്കുന്നത് എന്താണ്? കഴിഞ്ഞ 30 വർഷമായി വ്യത്യസ്തരാജ്യങ്ങളിൽ സേവിച്ചിട്ടുള്ള ജോണിന്റെയും ജൂഡിത്തിന്റെയും അനുഭവം നോക്കാം. 1977-ൽ മുൻനിരസേവനസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യം അധികമുള്ളിടത്ത് പോയി സേവിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ മാറാതിരിക്കാൻ ലളിതമായ ഒരു ജീവിതം നയിക്കണമെന്നു മനസ്സിലാക്കിയ ജോൺ പലപല ജോലികൾ മാറിമാറി ചെയ്തു. പിന്നീട് ഒരു വിദേശരാജ്യത്ത് എത്തിയപ്പോൾ അവിടത്തെ ഭാഷ, സംസ്കാരം, കാലാവസ്ഥ എന്നിവപോലുള്ള പ്രശ്നങ്ങൾ മറികടക്കാൻ അവരെ എന്താണു സഹായിച്ചത്? അവർ യഹോവയോടു പ്രാർഥിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്തു. വർഷങ്ങളായി ചെയ്യുന്ന ആ സേവനത്തെക്കുറിച്ച് അവർക്ക് ഇപ്പോൾ എന്താണു തോന്നുന്നത്? ജോൺ പറയുന്നു: “എന്റെ അനുഭവത്തിൽനിന്ന് പറയട്ടെ, ഇതിനെക്കാൾ മെച്ചപ്പെട്ട വേറെ ഒരു പ്രവർത്തനമില്ല. ഇതിൽ മുഴുകുമ്പോൾ യഹോവ എനിക്ക് ഒരു യഥാർഥവ്യക്തിയായിത്തീരുന്നു, സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ. യാക്കോബ് 4:8-ൽ പറഞ്ഞിരിക്കുന്ന ‘ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും’ എന്നതിന്റെ അർഥം എനിക്ക് ഇപ്പോൾ കൂടുതൽ നന്നായി മനസ്സിലാകുന്നുണ്ട്. ജീവിതത്തിൽ സംതൃപ്തി തരുന്ന ഒന്നിനുവേണ്ടി ഞാൻ അന്വേഷിക്കുകയായിരുന്നു. അതു ഞാൻ കണ്ടെത്തി.”
16. പരിമിതമായ സാഹചര്യങ്ങളിലുള്ള ആയിരക്കണക്കിന് ആളുകൾ അവരുടെ സ്വാതന്ത്ര്യം എങ്ങനെ ജ്ഞാനപൂർവം ഉപയോഗിച്ചിരിക്കുന്നു?
16 എന്നാൽ ചിലർക്കു സാഹചര്യങ്ങൾ കാരണം കുറച്ച് നാളുകളേ മുഴുസമയസേവനം ചെയ്യാനാകുന്നുള്ളൂ. എങ്കിൽപ്പോലും മിക്കവരും ലോകത്തിനു ചുറ്റുമുള്ള ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നു. ഉദാഹരണത്തിന്, ന്യൂയോർക്കിലെ വാർവിക്കിൽ ലോകാസ്ഥാനം പണിതപ്പോൾ ഏതാണ്ട് 27,000 സഹോദരീസഹോദരന്മാരാണ് അതിന്റെ നിർമാണത്തിൽ പങ്കുപറ്റിയത്. ചിലർ രണ്ടാഴ്ചത്തേക്ക്, ചിലർ ഒരു വർഷമോ അതിലധികമോ കാലത്തേക്ക്. ജീവിതത്തിലെ പല കാര്യങ്ങളും മാറ്റിവെച്ചിട്ടാണു മിക്കവരും അവിടെ എത്തിയത്. സ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ സ്തുതിക്കാനും മഹത്ത്വപ്പെടുത്താനും ദൈവം തന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന്റെ എത്ര നല്ല മാതൃക!
17. ദൈവം തന്ന സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കുന്നവരെ എന്തു മഹത്തായ ഭാവിയാണു കാത്തിരിക്കുന്നത്?
17 യഹോവയെ അറിയാനും സത്യാരാധന കൈവരുത്തുന്ന സ്വാതന്ത്ര്യം ആസ്വദിക്കാനും കഴിഞ്ഞിരിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരാണ്. ആ സ്വാതന്ത്ര്യം നമ്മൾ വിലയേറിയതായി കാണുന്നെന്നു നമ്മുടെ തിരഞ്ഞെടുപ്പുകളിലൂടെ കാണിക്കാം. ആ സ്വാതന്ത്ര്യം പാഴാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം അതു തുറന്നുതരുന്ന അവസരങ്ങൾ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാനായി ഉപയോഗിക്കാം. അങ്ങനെ ചെയ്യുന്നവർക്കായി യഹോവ ഈ വാഗ്ദാനം നൽകിയിരിക്കുന്നു: “സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടി ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും എന്നതായിരുന്നു ആ പ്രത്യാശ.” (റോമ. 8:21) ആ അനുഗ്രഹങ്ങൾക്കായി നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാം.