പഠനലേഖനം 47
നമുക്കു പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കി നിറുത്താം?
“നമുക്കു പരസ്പരം സ്നേഹിക്കാം. കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്.”—1 യോഹ. 4:7.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
ചുരുക്കംa
1-2. (എ) സ്നേഹമാണ് ‘ഏറ്റവും ശ്രേഷ്ഠമായ’ ഗുണമെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കാണും?
അപ്പോസ്തലനായ പൗലോസ് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഇവയിൽ ഏറ്റവും ശ്രേഷ്ഠമായതു സ്നേഹമാണ്.” (1 കൊരി. 13:13) എന്തുകൊണ്ടാണു പൗലോസ് അങ്ങനെ പറഞ്ഞത്? പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഭാവിയിൽ നിറവേറിക്കഴിയുമ്പോൾ നമ്മൾ ആ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുകയോ അതു നിറവേറുന്നതിനായി പ്രത്യാശയോടെ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ നമുക്ക് അപ്പോഴും യഹോവയോടും ആളുകളോടും സ്നേഹം ഉണ്ടായിരിക്കേണ്ടതുണ്ട്. ആ സ്നേഹം എന്നെന്നും വളർന്നുകൊണ്ടിരിക്കുകയും ചെയ്യും.
2 അതുകൊണ്ട് നമുക്ക് ഇപ്പോൾ മൂന്നു ചോദ്യങ്ങളുടെ ഉത്തരം നോക്കാം. ഒന്ന്, നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്? രണ്ട്, മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? മൂന്ന്, നമുക്കു പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കിനിറുത്താം?
നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
3. നമ്മൾ പരസ്പരം സ്നേഹിക്കേണ്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
3 നമ്മൾ പരസ്പരം സ്നേഹിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? പരസ്പരം സ്നേഹിക്കുന്നതിലൂടെ നമ്മൾ യഥാർഥക്രിസ്ത്യാനികളാണെന്നു തെളിയിക്കുന്നു. യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹ. 13:35) കൂടാതെ, നമുക്കു തമ്മിൽത്തമ്മിൽ സ്നേഹമുണ്ടെങ്കിൽ നമ്മുടെ ഇടയിൽ ഐക്യമുണ്ടായിരിക്കും. കാരണം, പൗലോസ് സ്നേഹത്തെക്കുറിച്ച് പറഞ്ഞത് “ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള” ഗുണം എന്നാണ്. (കൊലോ. 3:14) എന്നാൽ നമ്മൾ അന്യോന്യം സ്നേഹിക്കുന്നതിന് അതിനെക്കാളെല്ലാം പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. അതെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ തന്റെ സഹവിശ്വാസികൾക്ക് ഇങ്ങനെ എഴുതി: “ദൈവത്തെ സ്നേഹിക്കുന്നയാൾ സഹോദരനെയും സ്നേഹിക്കണം.” (1 യോഹ. 4:21) പരസ്പരം സ്നേഹിക്കുന്നതിലൂടെ നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കുകയാണ്.
4-5. ദൈവത്തോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും എങ്ങനെയാണു പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
4 ദൈവത്തോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും എങ്ങനെയാണു പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്? അതു മനസ്സിലാക്കാൻ ഡോക്ടർമാർ പൊതുവേ ചെയ്യുന്ന ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക. നമ്മുടെ ഹൃദയത്തിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും തമ്മിൽ ഒരു ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഒരാളുടെ കൈയിലെ നാഡിമിടിപ്പ് നോക്കിയിട്ട് അയാളുടെ ഹൃദയത്തിന്റെ അവസ്ഥ ഡോക്ടർമാർക്കു കണ്ടുപിടിക്കാനാകുന്നത്. ഇതുപോലെ ദൈവത്തോടുള്ള നമ്മുടെ സ്നേഹവും സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും തമ്മിൽ ഒരു ബന്ധമുണ്ട്.
5 നാഡിമിടിപ്പ് നോക്കി ഹൃദയത്തിന്റെ അവസ്ഥ എങ്ങനെയാണെന്നു ഡോക്ടർമാർ കണ്ടുപിടിക്കുന്നതുപോലെ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം എങ്ങനെയുള്ളതാണെന്നു നോക്കി ദൈവത്തോടുള്ള സ്നേഹം എത്ര ശക്തമാണെന്നു കണ്ടുപിടിക്കാനാകും. സഹോദരങ്ങളോടു നമ്മൾ മുമ്പത്തെ അത്ര സ്നേഹം കാണിക്കുന്നില്ലെങ്കിൽ അതിന്റെ അർഥം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനും കുറവ് വന്നിട്ടുണ്ടെന്നാണ്. എന്നാൽ സഹോദരങ്ങളെ നന്നായി സ്നേഹിക്കുന്നുണ്ടെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹവും ശക്തമാണെന്നു മനസ്സിലാക്കാം.
6. സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം കുറയുന്നുണ്ടെങ്കിൽ നമ്മൾ അതിനെ ഗൗരവമായി കാണേണ്ടത് എന്തുകൊണ്ട്? (1 യോഹന്നാൻ 4:7-9, 11)
6 സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹത്തിൽ കുറവ് വരുന്നുണ്ടെങ്കിൽ അതു ഗൗരവമായി കാണേണ്ട ഒന്നാണ്. കാരണം യഹോവയുമായുള്ള നമ്മുടെ സ്നേഹബന്ധത്തിന് കുറവ് വന്നിട്ടുണ്ടെന്നാണ് അതു കാണിക്കുന്നത്. അത് എത്ര ശരിയാണെന്ന് അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകൾ നമ്മളെ ഓർമിപ്പിക്കുന്നു. അദ്ദേഹം എഴുതി: “കാണുന്ന സഹോദരനെ സ്നേഹിക്കാത്തയാൾ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?” (1 യോഹ. 4:20) എന്താണു നമുക്കുള്ള പാഠം? നമ്മൾ പരസ്പരം സ്നേഹിച്ചാലേ നമുക്ക് യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുകയുള്ളൂ.—1 യോഹന്നാൻ 4:7-9, 11 വായിക്കുക.
മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
7-8. പരസ്പരം സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള ചില വിധങ്ങൾ ഏതൊക്കെയാണ്?
7 ‘തമ്മിൽത്തമ്മിൽ സ്നേഹിക്കാനുള്ള’ കല്പന ബൈബിളിൽ പലയിടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. (യോഹ. 15:12, 17; റോമ. 13:8; 1 തെസ്സ. 4:9; 1 പത്രോ. 1:22; 1 യോഹ. 4:11) എന്നാൽ സ്നേഹം ഹൃദയത്തിലെ അല്ലെങ്കിൽ ഉള്ളിന്റെ ഉള്ളിലെ ഒരു ഗുണമാണ്. ഹൃദയത്തിൽ എന്താണെന്നു മറ്റുള്ളവർക്കു കാണാനാകില്ലല്ലോ. അതുകൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും.
8 സഹോദരങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു പല രീതിയിൽ നമുക്കു തെളിയിക്കാം. അതിനുള്ള ചില വിധങ്ങൾ ഇവയാണ്: “പരസ്പരം സത്യം പറയുക.” (സെഖ. 8:16) ‘പരസ്പരം സമാധാനത്തിൽ കഴിയുന്നവർ ആയിരിക്കുക.’ (മർക്കോ. 9:50) “പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.” (റോമ. 12:10) “അന്യോന്യം സ്വീകരിക്കുക.” (റോമ. 15:7) “അന്യോന്യം . . . ക്ഷമിക്കുക.” (കൊലോ. 3:13) “തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.” (ഗലാ. 6:2) “പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.” (1 തെസ്സ. 4:18) “പരസ്പരം . . . ബലപ്പെടുത്തുക.” (1 തെസ്സ. 5:11) “ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുക.”—യാക്കോ. 5:16.
9. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നത് അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാനവിധമായിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
9 മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ നമുക്കു ചെയ്യാനാകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോൾ നോക്കാം. പൗലോസ് അപ്പോസ്തലൻ പറഞ്ഞു: “പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.” മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നത് അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാനവിധമായിരിക്കുന്നത് എന്തുകൊണ്ടാണ്? ബൈബിൾവാക്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം പറയുന്നതനുസരിച്ച് ‘ആശ്വസിപ്പിക്കുക’ എന്നതിനു പൗലോസ് ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അർഥം “പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ പ്രോത്സാഹിപ്പിക്കാൻവേണ്ടി അയാളുടെ അടുത്ത് നിൽക്കുക” എന്നാണ്. അതുകൊണ്ട് കഷ്ടതയിലായിരിക്കുന്ന ഒരു സഹോദരനെ നമ്മൾ ആശ്വസിപ്പിക്കുന്നതിലൂടെ തളർന്നുപോകാതെ ജീവന്റെ പാതയിൽ തുടർന്നും നടക്കാൻ നമ്മൾ ആ വ്യക്തിയെ സഹായിക്കുകയായിരിക്കും. അങ്ങനെ ഓരോ തവണ സഹോദരങ്ങളെ ആശ്വസിപ്പിക്കുമ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നു നമ്മൾ തെളിയിക്കുകയാണ്.—2 കൊരി. 7:6, 7, 13.
10. അനുകമ്പയും ആശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്?
10 അനുകമ്പ തോന്നുന്നതും ആശ്വാസം നൽകുന്നതും തമ്മിൽ അടുത്ത ബന്ധമുണ്ട്. കാരണം, കഷ്ടതയിലായിരിക്കുന്ന ആരോടെങ്കിലും അനുകമ്പ തോന്നുന്നയാൾ ആ വ്യക്തിയെ ആശ്വസിപ്പിക്കാനും എങ്ങനെയും അദ്ദേഹത്തെ സഹായിക്കാനും ആഗ്രഹിക്കും. അതുകൊണ്ട് മറ്റുള്ളവരോട് അനുകമ്പ തോന്നുമ്പോഴാണ് അവരെ ആശ്വസിപ്പിക്കാൻ നമ്മൾ തയ്യാറാകുന്നത്. യഹോവയുടെ അനുകമ്പ ദൈവം നൽകുന്ന ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു പൗലോസ് വ്യക്തമാക്കി. യഹോവയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദൈവം മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.” (2 കൊരി. 1:3) ഇവിടെ പൗലോസ്, മറ്റുള്ളവരോട് അനുകമ്പ തോന്നുന്നതിനെ കുറിക്കാൻ “മനസ്സലിവ്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പൗലോസ് യഹോവയെ വിളിച്ചത് ‘മനസ്സലിവുള്ള പിതാവ്’ എന്നാണ്. കാരണം യഹോവയ്ക്ക് ആളുകളോടു വലിയ അനുകമ്പയുണ്ട്. ‘കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കാൻ’ ആ അനുകമ്പ യഹോവയെ പ്രേരിപ്പിക്കുന്നു. (2 കൊരി. 1:4) ഒരു നീരുറവയിൽനിന്ന് ഒഴുകിവരുന്ന ശുദ്ധജലം ദാഹിച്ചിരിക്കുന്ന ഒരാൾക്ക് ഉന്മേഷം പകരുന്നതുപോലെ കഷ്ടതയിലായിരിക്കുന്ന ഒരാൾക്ക് യഹോവ ഉന്മേഷവും ആശ്വാസവും പകരുന്നു. മറ്റുള്ളവരോട് അനുകമ്പ തോന്നുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? ആളുകളോട് അനുകമ്പ തോന്നാനും അവരെ ആശ്വസിപ്പിക്കാനും നമ്മളെ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുന്നതാണ് അതിനുള്ള ഒരു മാർഗം. അത്തരം ചില ഗുണങ്ങൾ ഏതൊക്കെയാണ്?
11. കൊലോസ്യർ 3:12-ഉം 1 പത്രോസ് 3:8-ഉം പറയുന്നതനുസരിച്ച് മറ്റുള്ളവരെ സ്നേഹിക്കാനും അവരെ ആശ്വസിപ്പിക്കാനും വേറെ ഏതു ഗുണങ്ങൾ നമ്മൾ വളർത്തിയെടുക്കണം?
11 എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കാനും ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കാനും’ നമ്മളെ എന്തു സഹായിക്കും? അതിനുവേണ്ടി സഹാനുഭൂതി, സഹോദരപ്രിയം, ദയ എന്നിവപോലുള്ള ഗുണങ്ങൾ നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. (കൊലോസ്യർ 3:12; 1 പത്രോസ് 3:8 വായിക്കുക.) ഈ ഗുണങ്ങൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? അനുകമ്പയും അതുമായി ബന്ധപ്പെട്ട മറ്റു ഗുണങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുമ്പോൾ കഷ്ടതയിലായിരിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടാകും. യേശു പറഞ്ഞതുപോലെ “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്! നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു.” (മത്താ. 12:34, 35) കഷ്ടതയിലായിരിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതു ശരിക്കും അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാന വഴിയാണ്.
പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കിനിറുത്താം?
12. (എ) യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ ഏതു ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കും?
12 എപ്പോഴും ‘പരസ്പരം സ്നേഹിക്കാൻ’ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. (1 യോഹ. 4:7) എന്നാൽ യേശു തന്ന ഒരു മുന്നറിയിപ്പു മനസ്സിൽപ്പിടിക്കുന്നതു പ്രധാനമാണ്. യേശു പറഞ്ഞു: “മിക്കവരുടെയും സ്നേഹം തണുത്തുപോകും.” (മത്താ. 24:12) തന്റെ ശിഷ്യന്മാരിൽ മിക്കവരുടെയും സ്നേഹം തണുത്തുപോകുമെന്നല്ല യേശു പറഞ്ഞത് എന്നതു ശരിയാണ്. എങ്കിലും ചുറ്റുമുള്ള ആളുകളുടെ സ്നേഹം തണുത്തുപോകുന്നതുകൊണ്ട് ആ മനോഭാവം നമ്മളിലേക്കും കടന്നുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ശക്തമാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം.
13. സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ശക്തമാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം?
13 നമ്മുടെ സ്നേഹം എത്ര ശക്തമാണെന്നു കണ്ടുപിടിക്കാനുള്ള ഒരു വഴി ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മൾ എന്തു ചെയ്യുന്നു എന്നു നോക്കുന്നതാണ്. (2 കൊരി. 8:8) അത്തരമൊരു സാഹചര്യത്തെക്കുറിച്ച് അപ്പോസ്തലനായ പത്രോസ് പറഞ്ഞു: “ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം; കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.” (1 പത്രോ. 4:8) അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ എന്തെങ്കിലും തെറ്റു ചെയ്യുകയോ നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽനിന്ന് അവരോടുള്ള നമ്മുടെ സ്നേഹം ശക്തമാണോ എന്നു കണ്ടുപിടിക്കാനാകും.
14. 1 പത്രോസ് 4:8 പറയുന്നതുപോലെ ഏതു തരത്തിലുള്ള സ്നേഹമാണു നമുക്കു വേണ്ടത്? ഒരു ഉദാഹരണത്തിലൂടെ അതു വിശദീകരിക്കുക.
14 പത്രോസ് പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് ഒന്നുകൂടി നോക്കാം. 8-ാം വാക്യത്തിന്റെ ആദ്യഭാഗത്ത് ഏതു തരത്തിലുള്ള സ്നേഹമാണു നമുക്കുണ്ടായിരിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു: ‘അഗാധമായ സ്നേഹം.’ “അഗാധം” എന്ന് ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന വാക്കിന്റെ അക്ഷരാർഥം “വലിച്ചു നീട്ടിയത്” എന്നാണ്. ഇനി, ആ വാക്യത്തിന്റെ രണ്ടാം ഭാഗത്ത്, സഹോദരങ്ങളോട് അഗാധമായ സ്നേഹമുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യുമെന്നും പറഞ്ഞിരിക്കുന്നു. ആ സ്നേഹം സഹോദരങ്ങളുടെ പാപങ്ങൾ മറയ്ക്കും. അതു മനസ്സിലാക്കാൻ നമുക്കു സ്നേഹത്തെ വലിച്ചുനീട്ടാവുന്ന ഒരു തുണിയോട് ഉപമിക്കാം. എന്തെങ്കിലും മൂടാൻവേണ്ടി അത്തരമൊരു തുണി വലിച്ചുനീട്ടുന്നതുപോലെ സ്നേഹത്തെ രണ്ടു കൈകൊണ്ടും വലിച്ചുനീട്ടിയാൽ അത് ഒന്നോ രണ്ടോ പാപത്തെയല്ല വാക്യം പറയുന്നതുപോലെ “പാപങ്ങൾ എത്രയുണ്ടെങ്കിലും” അതെല്ലാം മറയ്ക്കും. ഇവിടെ മറയ്ക്കുക എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ക്ഷമിക്കുക എന്നാണ്. ഒരു തുണികൊണ്ട് കറയോ പാടോ ഒക്കെ മറയ്ക്കാനാകുന്നതുപോലെ സ്നേഹംകൊണ്ട് മറ്റുള്ളവരുടെ കുറവുകളും ബലഹീനതകളും നമുക്കു മറയ്ക്കാനാകും.
15. സഹോദരങ്ങളോടുള്ള സ്നേഹം ശക്തമാണെങ്കിൽ അതു നമ്മളെ എങ്ങനെ സഹായിക്കും? (കൊലോസ്യർ 3:13)
15 സഹോദരങ്ങളുടെ കുറവുകൾ ക്ഷമിക്കാൻ കഴിയുന്ന അളവോളം ശക്തമായിരിക്കണം അവരോടുള്ള നമ്മുടെ സ്നേഹം. അത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. (കൊലോസ്യർ 3:13 വായിക്കുക.) എന്നാൽ നല്ല ശ്രമം ചെയ്തിട്ടാണെങ്കിലും അങ്ങനെ ക്ഷമിക്കുന്നെങ്കിൽ അവരോടു ശക്തമായ സ്നേഹമുണ്ടെന്നും യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്നും തെളിയിക്കുകയായിരിക്കും. മറ്റുള്ളവരുടെ തെറ്റുകളും നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ചില സ്വഭാവങ്ങളും കണ്ടില്ലെന്നു വെക്കാൻ വേറെ എന്തു നമ്മളെ സഹായിക്കും?
16-17. മറ്റുള്ളവരുടെ ചെറിയചെറിയ തെറ്റുകൾ കണ്ടില്ലെന്നുവെക്കാൻ വേറെ എന്തും നമ്മളെ സഹായിക്കും? ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക. (ചിത്രവും കാണുക.)
16 സഹോദരങ്ങളുടെ മോശം ഗുണങ്ങളിലല്ല നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുക. ഇങ്ങനെയൊന്നു ചിന്തിക്കുക: സഹോദരങ്ങളോടൊപ്പം നിങ്ങൾ ഒരു കൂടിവരവിനു വന്നിരിക്കുകയാണ്. സന്തോഷകരമായ ആ കൂടിവരവിനു ശേഷം എല്ലാവരുംകൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ തീരുമാനിക്കുന്നു. ആദ്യം എടുക്കുന്ന ഫോട്ടോ ശരിയായില്ലെങ്കിലോ എന്ന് ഓർത്ത് നിങ്ങൾ രണ്ടെണ്ണംകൂടെ എടുക്കുന്നു. അങ്ങനെ നിങ്ങളുടെ കൈയിൽ ഇപ്പോൾ മൂന്നു ഫോട്ടോയുണ്ട്. എന്നാൽ ഒരു ഫോട്ടോയിൽ ഒരാളുടെ മുഖത്ത് ഒട്ടും ചിരിയില്ല. ആ ഫോട്ടോ നിങ്ങൾ ഫോണിൽനിന്ന് കളയും, ശരിയല്ലേ? കാരണം ആ സഹോദരൻ ഉൾപ്പെടെ എല്ലാവരും നന്നായി ചിരിക്കുന്ന വേറെ രണ്ടു ഫോട്ടോ കൈയിലുണ്ട്.
17 നമ്മൾ സൂക്ഷിച്ചുവെക്കുന്ന ആ ഫോട്ടോകളെ നമ്മൾ ഓർമയിൽ സൂക്ഷിക്കുന്ന കാര്യങ്ങളോടു താരതമ്യം ചെയ്യാം. സഹോദരങ്ങളുടെകൂടെ ആയിരുന്നപ്പോഴത്തെ നല്ല ഓർമകളായിരിക്കും പൊതുവേ നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സമയത്ത് ഒരു സഹോദരനോ സഹോദരിയോ നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തെന്നിരിക്കട്ടെ. നമുക്ക് അപ്പോൾ എന്തു ചെയ്യാനാകും? നമ്മൾ എടുത്ത ഫോട്ടോകളിൽ ഒന്ന് ഫോണിൽനിന്ന് കളഞ്ഞതുപോലെ അതും മനസ്സിൽനിന്ന് മായ്ച്ചുകളയുക. (സുഭാ. 19:11; എഫെ. 4:32) ആ സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ കൂടെ ആയിരുന്നപ്പോഴത്തെ ഒരുപാടു നല്ല ഓർമകളുള്ളതുകൊണ്ട് ആ ഒരു ചെറിയ തെറ്റു നമുക്കു മറന്നുകളയാനാകും. കാരണം, നല്ല ഓർമകൾ മനസ്സിൽ സൂക്ഷിക്കാനാണല്ലോ നമ്മളെല്ലാം ആഗ്രഹിക്കുന്നത്.
ഇന്നു സ്നേഹം കാണിക്കുന്നതു കൂടുതൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18. സ്നേഹത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങളാണു നമ്മൾ ഈ ലേഖനത്തിൽ പഠിച്ചത്?
18 തമ്മിൽത്തമ്മിലുള്ള സ്നേഹം നമ്മൾ ശക്തമാക്കിനിറുത്തേണ്ടത് എന്തുകൊണ്ടാണ്? ഈ ലേഖനത്തിൽ കണ്ടതുപോലെ, സഹോദരങ്ങളെ സ്നേഹിക്കുന്നതിലൂടെ നമ്മൾ യഹോവയെ സ്നേഹിക്കുന്നെന്നു തെളിയിക്കുകയാണ്. സഹോദരങ്ങളെ എങ്ങനെയെല്ലാം സ്നേഹിക്കാനാകും? ഒരു വിധം അവരെ ആശ്വസിപ്പിക്കുക എന്നതാണ്. അനുകമ്പയുണ്ടെങ്കിൽ നമുക്കു ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കാനാകും.’ നമുക്ക് എങ്ങനെ പരസ്പരമുള്ള സ്നേഹം ശക്തമാക്കിനിറുത്താം? സഹോദരങ്ങളുടെ തെറ്റുകൾ ക്ഷമിക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നുമ്പോൾപ്പോലും അങ്ങനെ ചെയ്തുകൊണ്ട്.
19. പരസ്പരം സ്നേഹിക്കുന്നത് ഇന്നു കൂടുതൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 നമ്മൾ പരസ്പരം സ്നേഹിക്കുന്നത് ഇന്നു കൂടുതൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ കാരണത്തെക്കുറിച്ച് പത്രോസ് അപ്പോസ്തലൻ പറയുന്നു: “എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു. അതുകൊണ്ട് . . . പരസ്പരം അഗാധമായി സ്നേഹിക്കണം.” (1 പത്രോ. 4:7, 8) ഈ ദുഷ്ടലോകം അതിന്റെ അവസാനത്തോടു കൂടുതൽക്കൂടുതൽ അടുക്കുമ്പോൾ നമുക്ക് എന്തു പ്രതീക്ഷിക്കാം? തന്റെ അനുഗാമികളെക്കുറിച്ച് യേശു ഇങ്ങനെയൊരു കാര്യം മുൻകൂട്ടിപ്പറഞ്ഞു: “എന്റെ പേര് നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.” (മത്താ. 24:9) അത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ യഹോവയോടു വിശ്വസ്തരായി തുടരാൻ കഴിയണമെങ്കിൽ നമ്മളെല്ലാം ഐക്യത്തിലായിരിക്കേണ്ടതുണ്ട്. നമ്മുടെ ഇടയിൽ ഐക്യമുണ്ടെങ്കിൽ സാത്താനു നമ്മളെ ഭിന്നിപ്പിക്കാനാകില്ല. കാരണം നമ്മളെ ചേർത്ത് നിറുത്തുന്നത് ആളുകളെ ‘ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹമാണ്.’—കൊലോ. 3:14; ഫിലി. 2:1, 2.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
a സഹോദരങ്ങളോടു സ്നേഹം കാണിക്കേണ്ടതു മുമ്പെന്നത്തെക്കാളും ഇന്നു പ്രധാനമാണ്. അത് എന്തുകൊണ്ടാണ്? സഹോദരങ്ങളെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെയെല്ലാം തെളിയിക്കാം?