പ്രത്യാശയിൽ ആഹ്ലാദിക്കുക
‘ഭോഷ്കു പറയാൻ കഴിയാത്ത ദൈവം യുഗങ്ങൾക്കു മുമ്പേ നിത്യജീവന്റെ പ്രത്യാശ വാഗ്ദാനം ചെയ്തു.’—തീത്തൊ. 1:1, 2.
പുനരവലോകനത്തിന്
അഭിഷിക്തരിൽ ഒരാൾ വിശ്വസ്തഗതി പൂർത്തിയാക്കുമ്പോൾ സ്വർഗത്തിൽ സന്തോഷം ഉണ്ടാകുമെന്ന് നമുക്ക് എങ്ങനെ അറിയാം?
വേറെ ആടുകളുടെ പ്രത്യാശ സഫലമാകുന്നത് അഭിഷിക്തരുടെ പ്രത്യാശ സഫലമാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
നമ്മുടെ പ്രത്യാശ സഫലമാക്കാൻ നമുക്ക് എങ്ങനെ “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം” നയിക്കാം?
1. യഹോവ നൽകിയിരിക്കുന്ന പ്രത്യാശ പ്രശ്നങ്ങളിന്മധ്യേ പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
യഹോവ “പ്രത്യാശ നൽകുന്ന ദൈവ”മാണ്. പൗലോസ് അപ്പൊസ്തലന്റേതാണ് ഈ വാക്കുകൾ. യഹോവയ്ക്ക്, ‘നമ്മുടെ വിശ്വാസത്താൽ നമ്മെ സകല സന്തോഷവും സമാധാനവുംകൊണ്ടു നിറയ്ക്കാനും അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മിൽ പ്രത്യാശ നിറഞ്ഞുകവിയാനും’ ഇടയാക്കാനാകുമെന്ന് അവൻ എഴുതി. (റോമ. 15:13) നമ്മിൽ പ്രത്യാശ നിറഞ്ഞുകവിയുന്നെങ്കിൽ, ഏതൊരു സാഹചര്യത്തിലും സഹിച്ചുനിൽക്കാനും സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കാനും നമുക്കാകും. അഭിഷിക്ത ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ അത്തരം പ്രത്യാശ മറ്റു ക്രിസ്ത്യാനികൾക്കും ‘സുനിശ്ചിതവും ഉറപ്പുള്ളതുമായ ഒരു നങ്കൂരമാണ്.’ (എബ്രാ. 6:18, 19) പ്രശ്നങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ പിടിച്ചുനിൽക്കാനും സംശയത്തിലേക്കും വിശ്വാസരാഹിത്യത്തിലേക്കും ഒഴുകിപ്പോകാതിരിക്കാനും പ്രത്യാശ നമ്മെ സഹായിക്കും.—എബ്രായർ 2:1; 6:11 വായിക്കുക.
2. ഏതു രണ്ട് പ്രത്യാശയാണ് ക്രിസ്ത്യാനികൾക്കുള്ളത്, അഭിഷിക്തരുടെ പ്രത്യാശയിൽ ‘വേറെ ആടുകൾക്ക്’ താത്പര്യമുള്ളത് എന്തുകൊണ്ട്?
2 അന്ത്യകാലത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾക്കു മുന്നിൽ രണ്ടുപ്രത്യാശയുണ്ട്. അഭിഷിക്ത ക്രിസ്ത്യാനികളാകുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിലെ ശേഷിക്കുന്ന അംഗങ്ങളുടെ പ്രത്യാശ സ്വർഗത്തിലെ അമർത്യജീവനാണ്; അവിടെ അവർ യേശുക്രിസ്തുവിനോടൊപ്പം അവന്റെ രാജ്യത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കും. (ലൂക്കോ. 12:32; വെളി. 5:9, 10) മിശിഹൈക രാജ്യത്തിന്റെ പ്രജകളായി പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവരാണ് ‘വേറെ ആടുകളുടെ’ എണ്ണിയാലൊടുങ്ങാത്ത “മഹാപുരുഷാരം.” (വെളി. 7:9, 10; യോഹ. 10:16) ക്രിസ്തുവിന്റെ “സഹോദരന്മാരിൽ” ശേഷിക്കുന്നവരെ സജീവമായി പിന്തുണയ്ക്കുന്നെങ്കിലേ തങ്ങൾക്ക് രക്ഷ ലഭിക്കുകയുള്ളൂ എന്ന കാര്യം വേറെ ആടുകളിൽപ്പെട്ടവർ ഒരിക്കലും വിസ്മരിക്കരുത്. (മത്താ. 25:34-40) അഭിഷിക്തർക്ക് തീർച്ചയായും തങ്ങളുടെ പ്രതിഫലം ലഭിക്കും; എന്നാൽ, വേറെ ആടുകളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും അത്രതന്നെ ഉറപ്പുണ്ട്. (എബ്രായർ 11:39, 40 വായിക്കുക.) നമുക്ക് ആദ്യം, അഭിഷിക്തരുടെ മുമ്പാകെ വെച്ചിരിക്കുന്ന പ്രത്യാശയെക്കുറിച്ച് ചിന്തിക്കാം.
അഭിഷിക്ത ക്രിസ്ത്യാനികളുടെ “സജീവമായ പ്രത്യാശ”
3, 4. അഭിഷിക്ത ക്രിസ്ത്യാനികൾ ‘സജീവമായ പ്രത്യാശയിലേക്ക് പുതുജനനം’ പ്രാപിക്കുന്നത് എങ്ങനെ, എന്താണ് ആ പ്രത്യാശ?
3 പത്രോസ് അപ്പൊസ്തലന്റെ രണ്ടുലേഖനങ്ങൾ അഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ളതായിരുന്നു. “തിരഞ്ഞെടുക്കപ്പെട്ടവർ” എന്നാണ് അവൻ അവരെ വിളിച്ചത്. (1 പത്രോ. 1:1, 2) ചെറിയ ആട്ടിൻകൂട്ടത്തിനു നൽകിയിരിക്കുന്ന മഹത്തായ പ്രത്യാശയുടെ വിശദാംശങ്ങൾ അവൻ അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലേഖനത്തിൽ അവൻ ഇങ്ങനെ എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ തന്റെ അതിരറ്റ കരുണയാൽ സജീവമായ പ്രത്യാശയിലേക്ക് അവൻ നമുക്കു പുതുജനനം നൽകിയിരിക്കുന്നു; സ്വർഗത്തിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശത്തിലേക്കുതന്നെ. അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയ്ക്കായി നിങ്ങൾ ദൈവശക്തിയാൽ വിശ്വാസത്തിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു. ആകയാൽ . . . നിങ്ങൾ ആഹ്ലാദിക്കുന്നു.”—1 പത്രോ. 1:3-6.
4 ക്രിസ്തുവിനോടൊപ്പം സ്വർഗീയ രാജ്യഗവണ്മെന്റിന്റെ ഭാഗമാകാൻ യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ക്രിസ്ത്യാനികളുടെ ഒരു നിശ്ചിതസംഖ്യ ദൈവത്തിന്റെ ആത്മപുത്രന്മാരായി “പുതുജനനം” പ്രാപിക്കുന്നു. ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയിരിക്കാനായി അവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു. (വെളി. 20:6) ഈ “പുതുജനനം” അവർക്ക് ഒരു “സജീവമായ പ്രത്യാശ” തുറന്നുനൽകുമെന്നു പറഞ്ഞ പത്രോസ് അതിനെ, അവർക്കായി “സ്വർഗത്തിൽ” കരുതിവെച്ചിരിക്കുന്ന ‘അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശം’ എന്നാണ് വിളിച്ചിരിക്കുന്നത്. തങ്ങളുടെ സജീവമായ പ്രത്യാശയെക്കുറിച്ച് അഭിഷിക്തർ “ആഹ്ലാദിക്കുന്ന”തിൽ അത്ഭുതപ്പെടാനില്ല! എന്നാൽ ഈ പ്രത്യാശയുടെ സാക്ഷാത്കാരം അവരുടെ വിശ്വസ്തതയെ ആശ്രയിച്ചിരിക്കുന്നു.
5, 6. തങ്ങളുടെ സ്വർഗീയ വിളി സുനിശ്ചിതമാക്കാൻ അഭിഷിക്ത ക്രിസ്ത്യാനികൾ ഉത്സാഹിക്കേണ്ടത് എന്തുകൊണ്ട്?
5 “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും സുനിശ്ചിതമാക്കുവാൻ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ” എന്ന് പത്രോസ് തന്റെ രണ്ടാം ലേഖനത്തിൽ അഭിഷിക്ത ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (2 പത്രോ. 1:10) വിശ്വാസം, ദൈവഭക്തി, സഹോദരപ്രീതി, സ്നേഹം എന്നീ ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കാൻ അവർ പ്രയത്നിക്കേണ്ടതുണ്ട്. അവൻ പറഞ്ഞു: “ഇതൊക്കെയും നിങ്ങളിൽ സമൃദ്ധമായി ഉണ്ടായിരുന്നാൽ . . . നിങ്ങൾ ഉദാസീനരോ ഫലശൂന്യരോ ആകാൻ ഇടവരുകയില്ല.”—2 പത്രോസ് 1:5-8 വായിക്കുക.
6 ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ ഫിലദെൽഫ്യ സഭയിലുണ്ടായിരുന്ന ആത്മജനനം പ്രാപിച്ച ഓരോ മൂപ്പനെയും അഭിസംബോധനചെയ്തുകൊണ്ട്, മഹത്ത്വീകരിക്കപ്പെട്ട യേശു ഇങ്ങനെ പറഞ്ഞു: “പരീക്ഷകളിൽ എന്നെപ്പോലെ സഹിച്ചുനിൽക്കണമെന്ന വചനം നീ കാത്തുകൊണ്ടതിനാൽ ഭൂവാസികളെ പരീക്ഷിക്കേണ്ടതിന് ഭൂതലത്തിലെങ്ങും വരാനിരിക്കുന്ന പരീക്ഷയുടെ നാഴികയിൽ ഞാനും നിന്നെ കാത്തുകൊള്ളും. ഞാൻ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിക്കാൻ നിനക്കുള്ളതു മുറുകെപ്പിടിച്ചുകൊള്ളുക.” (വെളി. 3:10, 11) ഒരു അഭിഷിക്ത ക്രിസ്ത്യാനി അവിശ്വസ്തനായാൽ ആ വ്യക്തിക്ക്, മരണപര്യന്തം വിശ്വസ്തരായി നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്കു വാഗ്ദാനംചെയ്തിട്ടുള്ള “മഹത്ത്വത്തിന്റെ വാടാത്ത കിരീടം” ലഭിക്കുകയില്ല.—1 പത്രോ. 5:4; വെളി. 2:10.
രാജ്യത്തിലേക്കുള്ള പ്രവേശനം
7. ഏതു മഹത്തായ പ്രത്യാശയെക്കുറിച്ചാണ് തന്റെ ലേഖനത്തിൽ യൂദാ പരാമർശിച്ചത്?
7 യേശുവിന്റെ അർധസഹോദരനായ യൂദാ “വിളിക്കപ്പെട്ട”വരായ മറ്റ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എ.ഡി. 65-നോടടുത്ത് ഒരു ലേഖനം എഴുതി. (യൂദാ 1; എബ്രായർ 3:1 താരതമ്യംചെയ്യുക.) ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലേക്കു വിളിക്കപ്പെട്ട ക്രിസ്ത്യാനികൾക്കു “പൊതുവായുള്ള” രക്ഷയുടെ മഹത്തായ പ്രത്യാശയെക്കുറിച്ച് എഴുതാനാണ് അവൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. (യൂദാ 3) എന്നാൽ അടിയന്തിര ശ്രദ്ധയർഹിക്കുന്ന മറ്റു കാര്യങ്ങൾ അവന് എഴുതേണ്ടിവന്നു. എങ്കിലും, ആ ചെറിയ ലേഖനത്തിന്റെ ഉപസംഹാരത്തിൽ അഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള മഹത്തായ പ്രത്യാശയെക്കുറിച്ച് എഴുതാൻ അവൻ മറന്നില്ല: “വീണുപോകാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്ത്വത്തിന്റെ സന്നിധിയിൽ കളങ്കരഹിതരായി മഹാസന്തോഷത്തോടെ നിറുത്താനും കഴിവുള്ള നമ്മുടെ രക്ഷകനായ ഏകദൈവത്തിന് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം മഹത്ത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തേയുംപോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ.”—യൂദാ 24, 25.
8. യൂദാ 24-നു ചേർച്ചയിൽ, അഭിഷിക്തരിൽ ഒരാൾ വിശ്വസ്തഗതി പൂർത്തിയാക്കുമ്പോൾ സ്വർഗത്തിൽ സന്തോഷം ഉണ്ടാകുമെന്ന് എങ്ങനെ മനസ്സിലാക്കാം?
8 നാശത്തിലേക്കു വീണുപോകാതിരിക്കാൻ, തന്നെ ദൈവം കാത്തുകൊള്ളണമെന്ന് വിശ്വസ്തത പാലിക്കുന്ന ഓരോ അഭിഷിക്ത ക്രിസ്ത്യാനിയും ആഗ്രഹിക്കുമെന്നതിൽ സംശയമില്ല. തങ്ങളെ യേശുക്രിസ്തു ഉയിർത്തെഴുന്നേൽപ്പിച്ച് പൂർണതയുള്ള ആത്മശരീരത്തോടെ യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ നിറുത്തും എന്ന ബൈബിളധിഷ്ഠിത പ്രത്യാശ അവർക്കുണ്ട്. അഭിഷിക്തനായ ഒരു വ്യക്തി മരണത്തോളം വിശ്വസ്തത പാലിക്കുന്നെങ്കിൽ, ‘അനശ്വരമായി, തേജസ്സിൽ’ ‘ആത്മീയശരീരം ഉയിർപ്പിക്കപ്പെടും’ എന്ന കാര്യം ഉറപ്പാണ്. (1 കൊരി. 15:42-44) “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകു”മെങ്കിൽ ക്രിസ്തുവിന്റെ ആത്മജനനം പ്രാപിച്ച സഹോദരന്മാരിൽ ഒരാൾ തന്റെ വിശ്വസ്ത ജീവിതഗതി പൂർത്തിയാക്കുമ്പോൾ സ്വർഗീയ സദസ്സിലുണ്ടാകുന്ന സന്തോഷം എത്രയധികമായിരിക്കും! (ലൂക്കോ. 15:7) അഭിഷിക്തരിൽ ഒരാൾ “മഹാസന്തോഷത്തോടെ” തന്റെ പ്രതിഫലം ഏറ്റുവാങ്ങുമ്പോൾ യഹോവയും വിശ്വസ്തരായ ആത്മജീവികളും ആഹ്ലാദിക്കും.—1 യോഹന്നാൻ 3:2 വായിക്കുക.
9. വിശ്വസ്തരായ അഭിഷിക്തർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം “മഹനീയ”മായിരിക്കുന്നത് എങ്ങനെ, ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തരെ ഈ പ്രത്യാശ എങ്ങനെ സ്വാധീനിക്കുന്നു?
9 യൂദാ പറഞ്ഞതിനു സമാനമായ ഒരു കാര്യം അഭിഷിക്ത ക്രിസ്ത്യാനികളോട് പത്രോസും പറയുകയുണ്ടായി. വിശ്വസ്ത ജീവിതഗതിയാൽ തങ്ങളുടെ സ്വർഗീയ വിളി ഉറപ്പാക്കുന്നെങ്കിൽ, “കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് മഹനീയമായൊരു പ്രവേശനം” അവർക്കു ലഭിക്കുമെന്ന് അവൻ എഴുതി. (2 പത്രോ. 1:10, 11) അവരുടെ ക്രിസ്തീയ ഗുണങ്ങളുടെ ശോഭയായിരിക്കാം സ്വർഗീയ പ്രതിഫലത്തിലേക്കുള്ള അവരുടെ പ്രവേശനം “മഹനീയ”മാക്കുന്നത്. ഇത് ഒരുപക്ഷേ, ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വളരെയധികം പ്രയത്നിച്ച അവർക്കു ലഭിക്കാനിരിക്കുന്ന അതിമഹത്തായ അനുഗ്രഹങ്ങളുമാവാം. അത്യാഹ്ലാദത്തോടും ചാരിതാർഥ്യത്തോടും കൂടെ തങ്ങളുടെ വിശ്വസ്ത ജീവിതഗതിയിലേക്ക് അവർക്ക് തിരിഞ്ഞുനോക്കാനാകും. ഇപ്പോൾ ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ‘കർമോത്സുകരായിരിക്കാൻ’ ഈ പ്രത്യാശ ശക്തിപകരുന്നു എന്നതിനു സംശയമില്ല.—1 പത്രോ. 1:13.
വേറെ ആടുകളുടെ “പ്രത്യാശ”
10, 11. (എ) വേറെ ആടുകളുടെ മുമ്പാകെ വെച്ചിരിക്കുന്ന പ്രത്യാശ എന്ത്? (ബി) ഭൗമിക പ്രത്യാശ സഫലമാകുന്നത് ക്രിസ്തുവിനോടും “ദൈവപുത്രന്മാരുടെ വെളിപ്പെട”ലിനോടും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
10 ക്രിസ്തുവിനോടൊപ്പം ‘കൂട്ടവകാശികൾ’ ആയിരിക്കാൻ, ആത്മജനനം പ്രാപിച്ച ‘ദൈവപുത്രന്മാർക്കുള്ള’ മഹത്തായ പ്രത്യാശയെക്കുറിച്ച് പൗലോസ് അപ്പൊസ്തലൻ എഴുതി. തുടർന്ന് എണ്ണമറ്റ വേറെ ആടുകൾക്ക് യഹോവ നൽകിയിരിക്കുന്ന ശ്രേഷ്ഠമായ പ്രത്യാശയെക്കുറിച്ചും അവൻ പറയുകയുണ്ടായി: “(മനുഷ്യ)സൃഷ്ടി (അഭിഷിക്തരായ) ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട് ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുമെന്ന പ്രത്യാശയോടുകൂടെ വ്യർഥതയ്ക്കു വിധേയമാക്കപ്പെട്ടു; അതിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല, അതിനെ വിധേയമാക്കിയവന്റെ ഇഷ്ടപ്രകാരംതന്നെ.”—റോമർ 8:14-21.
11 പിശാചായ സാത്താൻ എന്ന ‘പഴയ പാമ്പിന്റെ’ പിടിയിൽനിന്ന് മനുഷ്യവർഗത്തെ “സന്തതി” മുഖാന്തരം വിടുവിക്കുമെന്നു വാഗ്ദാനംചെയ്യുകവഴി യഹോവ അവർക്ക് “പ്രത്യാശ” നൽകി. (വെളി. 12:9; ഉല്പ. 3:15) “സന്തതി”യുടെ മുഖ്യ ഭാഗം യേശുക്രിസ്തുവായിരുന്നു. (ഗലാ. 3:16) പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് വിടുതൽ ലഭിക്കുമെന്ന ആ പ്രത്യാശ യേശു തന്റെ മരണവും പുനരുത്ഥാനവും വഴി ഉറപ്പിച്ചിരിക്കുന്നു. ആ പ്രത്യാശ സഫലമാകുന്നത് “ദൈവപുത്രന്മാരുടെ വെളിപ്പെട”ലുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹത്ത്വീകരിക്കപ്പെട്ട അഭിഷിക്തരാണ് “സന്തതി”യുടെ ഉപഭാഗം. സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാൻ ക്രിസ്തുവിനോടൊപ്പം ചേരുമ്പോൾ അവർ ‘വെളിപ്പെടും.’ (വെളി. 2:26, 27) മഹാകഷ്ടത്തിൽനിന്നു പുറത്തുവരുന്ന വേറെ ആടുകൾക്ക് ഇത് രക്ഷ കൈവരുത്തും.—വെളി. 7:9, 10, 14.
12. അഭിഷിക്തരുടെ വെളിപ്പെടൽ മനുഷ്യവർഗത്തിന് മഹത്തായ എന്തൊക്കെ പ്രയോജനങ്ങൾ കൈവരുത്തും?
12 ക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചയുടെ സമയത്ത് മനുഷ്യ“സൃഷ്ടി”ക്ക് എത്ര വലിയ ആശ്വാസമായിരിക്കും ലഭിക്കുക! ക്രിസ്തുവിനോടൊപ്പം പുരോഹിതന്മാരായി സേവിക്കവെ മറുവിലായാഗത്തിന്റെ പ്രയോജനം മനുഷ്യവർഗത്തിനു ലഭിക്കാൻ ഇടയാക്കിക്കൊണ്ട് ആ സമയത്ത് ‘ദൈവപുത്രന്മാർ’ വേറൊരു വിധത്തിലും ‘വെളിപ്പെടും.’ സ്വർഗീയ രാജ്യത്തിന്റെ പ്രജകളെന്ന നിലയിൽ മനുഷ്യ“സൃഷ്ടി” പാപത്തിന്റെയും മരണത്തിന്റെയും കെടുതികളിൽനിന്നുള്ള വിടുതൽ അനുഭവിച്ചുതുടങ്ങും. അനുസരണമുള്ള മനുഷ്യർ ക്രമേണ ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടും.’ ആയിരംവർഷ വാഴ്ചക്കാലത്തുടനീളവും അതിന്റെ ഒടുവിലുള്ള അന്തിമ പരിശോധനയിലും യഹോവയോടു വിശ്വസ്തരായി നിലനിൽക്കുന്നെങ്കിൽ അവരുടെ പേരുകൾ “ജീവന്റെ പുസ്തക”ത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തും. അവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കും. (വെളി. 20:7, 8, 11, 12) എത്ര ഉദാത്തമായ പ്രത്യാശ!
നമ്മുടെ പ്രത്യാശ സജീവമാക്കി നിറുത്തുക
13. നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം എന്ത്, ക്രിസ്തു വെളിപ്പെടുന്നത് എപ്പോൾ?
13 തങ്ങളുടെ പ്രത്യാശ സജീവമാക്കി നിറുത്താൻ അഭിഷിക്തരെയും വേറെ ആടുകളെയും സഹായിക്കുന്ന നിരവധി കാര്യങ്ങൾ പത്രോസിന്റെ രണ്ട് നിശ്വസ്ത ലേഖനങ്ങളിലുമുണ്ട്. അവരുടെ പ്രത്യാശയ്ക്ക് അടിസ്ഥാനം അവരുടെ പ്രവൃത്തികളല്ല മറിച്ച് യഹോവയുടെ കൃപയാണെന്ന് അവൻ ചൂണ്ടിക്കാട്ടി. “സുബോധത്തോടെ ഇരിക്കുവിൻ; യേശുക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുവിൻ” എന്ന് അവൻ എഴുതി. (1 പത്രോ. 1:13) ക്രിസ്തു വെളിപ്പെടുന്നത്, തന്റെ വിശ്വസ്ത അനുഗാമികൾക്കു പ്രതിഫലം നൽകാനും അഭക്തരായവരുടെമേൽ യഹോവയുടെ ന്യായവിധികൾ നടപ്പിലാക്കാനും വരുമ്പോഴാണ്.—2 തെസ്സലോനിക്യർ 1:6-10 വായിക്കുക.
14, 15. (എ) നമ്മുടെ പ്രത്യാശ സജീവമാക്കി നിറുത്താൻ നാം എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്? (ബി) പത്രോസ് എന്ത് ബുദ്ധിയുപദേശം നൽകി?
14 നമ്മുടെ പ്രത്യാശ സജീവമാക്കി നിറുത്താൻ, “യഹോവയുടെ ദിവസ”ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക; ആസന്നമായ ആ ദിവസത്തെ ചുറ്റിപ്പറ്റിയായിരിക്കണം നമ്മുടെ ജീവിതം. അത് ഇന്നത്തെ മനുഷ്യഗവണ്മെന്റുകളാകുന്ന ‘ആകാശത്തെയും’ ദുഷിച്ച മനുഷ്യസമൂഹമായ ‘ഭൂമിയെയും’ അതിലെ ‘മൂലപദാർഥങ്ങളെയും’ നശിപ്പിക്കും. പത്രോസ് എഴുതി: “യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് . . . നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവർ ആയിരിക്കണം! അന്ന് ആകാശം കത്തിയഴിയുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുമല്ലോ.”—2 പത്രോ. 3:10-12.
15 ഇപ്പോഴത്തെ ‘ആകാശത്തിന്റെയും ഭൂമിയുടെയും’ സ്ഥാനത്ത് ‘പുതിയ ആകാശവും (ക്രിസ്തുവിന്റെ രാജ്യഗവണ്മെന്റ്) പുതിയ ഭൂമിയും (ഭൂമിയിലെ പുതിയ ജനസമൂഹം)’ ആഗതമാകും. (2 പത്രോ. 3:13) വാഗ്ദാനംചെയ്തിരിക്കുന്ന പുതിയ ലോകത്തിനായി ‘കാത്തിരിക്കാൻ’ അഥവാ നമ്മുടെ പ്രത്യാശ സജീവമാക്കി നിറുത്താൻ നാം എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ബുദ്ധിയുപദേശം പത്രോസ് നൽകുന്നു: “ആകയാൽ പ്രിയരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കുകയാൽ കറയും കളങ്കവും ഇല്ലാതെ സമാധാനത്തിൽ വസിക്കുന്നവരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന് നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.”—2 പത്രോ. 3:14.
പ്രത്യാശയ്ക്കു ചേർച്ചയിൽ ജീവിക്കുക
16, 17. (എ) “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ” എന്തൊക്കെ ഉൾപ്പെടുന്നു? (ബി) നമ്മുടെ പ്രത്യാശ യാഥാർഥ്യമാകുന്നത് എങ്ങനെ?
16 പ്രത്യാശ സജീവമാക്കി നിറുത്തുന്നതിനോടൊപ്പം അതിനു ചേർച്ചയിൽ ജീവിക്കാനും നാം ശ്രമിക്കണം. നാം ആത്മീയമായി എങ്ങനെയുള്ള വ്യക്തികളാണ് എന്നതിന് ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഉന്നത ധാർമികനിലവാരങ്ങൾ പാലിച്ചുകൊണ്ട് ‘വിജാതീയരുടെ ഇടയിൽ നമ്മുടെ നടപ്പു നന്നായി’ സൂക്ഷിക്കുന്നത് ‘വിശുദ്ധ ജീവിതം’ നയിക്കുന്നതിൽ ഉൾപ്പെടുന്നു. (1 പത്രോ. 2:12; 2 പത്രോ. 3:11, 12) നമുക്ക് “പരസ്പരം സ്നേഹം” ഉണ്ടായിരിക്കണം. ലോകവ്യാപക സഹോദരവർഗത്തിന്റെയും പ്രാദേശിക സഭയുടെയും ഐക്യം നിലനിറുത്താൻ നമ്മളാൽ ആവുന്നതെല്ലാം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. (യോഹ. 13:35) ‘ഭക്തിപൂർണമായ ജീവിതം’ നയിക്കുന്ന ഒരു വ്യക്തി യഹോവയുമായുള്ള തന്റെ ബന്ധം ദൃഢമാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യും. അതിൽ അർഥവത്തായ പ്രാർഥന, ദിവസേനയുള്ള ബൈബിൾവായന, ആഴമായ പഠനം, കുടുംബാരാധന, ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്നതിലെ സജീവമായ പങ്ക് എന്നിവയെല്ലാം ഉൾപ്പെടുന്നു.—മത്താ. 24:14.
17 ഈ ദുഷ്ട വ്യവസ്ഥിതി ‘അഴിഞ്ഞുപോകുമ്പോൾ’ യഹോവയാൽ അംഗീകരിക്കപ്പെടാനും അവന്റെ സംരക്ഷണവലയത്തിലായിരിക്കാനുമാണ് നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹം. അപ്പോൾ, നമ്മുടെ പ്രത്യാശ യാഥാർഥ്യമാകും; ‘ഭോഷ്കു പറയാൻ കഴിയാത്ത ദൈവം യുഗങ്ങൾക്കു മുമ്പേ വാഗ്ദാനം ചെയ്ത നിത്യജീവന്റെ പ്രത്യാശ.’—തീത്തൊ. 1:1, 2.
[22-ാം പേജിലെ ചിത്രം]
അഭിഷിക്ത ക്രിസ്ത്യാനികൾ ‘സജീവമായ പ്രത്യാശയിലേക്ക് പുതുജനനം’ പ്രാപിക്കുന്നു
[24-ാം പേജിലെ ചിത്രം]
കുടുംബത്തിൽ പ്രത്യാശ സജീവമാക്കി നിറുത്തുക