അന്ത്യം അടുത്തുവരുമ്പോൾ യഹോവയെ ശ്രദ്ധിക്കൽ
“എന്നെ ശ്രദ്ധിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു . . . എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ തീർച്ചയായും ജീവൻ കണ്ടെത്തും.”—സദൃശവാക്യങ്ങൾ 8:34, 35.
1, 2. (എ) മനുഷ്യചരിത്രത്തിലുടനീളം സമാധാനരാഹിത്യമുണ്ടായിരുന്നിട്ടും, ചിലർ ഇപ്പോൾ എന്തു പറയുന്നു? (ബി) മനുഷ്യശ്രമങ്ങളാൽ യഥാർത്ഥസമാധാനം വരുക അസാദ്ധ്യമായിരിക്കുന്നതെന്തുകൊണ്ട്?
ചരിത്രത്തിലുടനീളമുള്ള സമാധാനമില്ലായ്മ ഗണ്യമാക്കാതെ, വിശേഷിച്ച് ഈ 20-ാം നൂററാണ്ടിൽ, തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ജനതകൾ നടപടികൾ സ്വീകരിക്കുകയാണെന്ന് ചിലർ പറയുന്നു. സമാധാനത്തെക്കുറിച്ചു സംസാരിക്കാൻ ലോകനേതാക്കൻമാർ ഉച്ചകോടി സമ്മേളനങ്ങൾ നടത്തുകയും വിവിധ ഉടമ്പടികൾ ഒപ്പുവെക്കുകയും ചെയ്യുന്നുവെന്ന വസ്തുതയിലേക്ക് അവർ വിരൽചൂണ്ടുന്നു. എന്തിനധികം, ഐക്യരാഷ്ട്രങ്ങൾ കഴിഞ്ഞവർഷത്തെ “അന്താരാഷ്ട്ര സമാധാനവർഷ”മായി പ്രഖ്യാപിക്കുകപോലും ചെയ്തു!, സമീപഭാവിയിൽ വിജയസാദ്ധ്യതയോടെ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രങ്ങളുടെ ഒരു കൂടുതലായ ശ്രമത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് ആശിച്ചിരുന്നു.
2 ഏതായാലും, ചരിത്രത്തിലെല്ലാം സമാനമായ ശ്രമങ്ങൾ എന്നെങ്കിലും ശാശ്വതസമാധാനം കൈവരുത്തിയിട്ടുണ്ടോ? അത് മാനുഷികമായി സാദ്ധ്യമായിരുന്നെങ്കിൽ, പണ്ടേതന്നെ, 160-ൽ പരം രാഷ്ട്രങ്ങളായി പിരിഞ്ഞിരിക്കുന്നതും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും മതപരവുമായ എണ്ണമററ തത്വശാസ്ത്രങ്ങളോടു കൂടിയതുമായ അഞ്ഞൂറുകോടി ആളുകൾ ഭൂമിയിൽ ഉണ്ടാകുന്നതിനുമുൻപ്, സമാധാനം നിലവിൽ വരുമായിരുന്നു. എന്നാൽ ഒരിക്കലും സമാധാനം ഉണ്ടായിട്ടില്ല; ഈ ലോകനേതാക്കൻമാരുടെ ശ്രമങ്ങളാൽ ഒരിക്കലും സമാധാനം സംജാതമാകുകയുമില്ല. എന്തുകൊണ്ടില്ല? മനുഷ്യശ്രമങ്ങളാൽ മാത്രം പരിഹരിക്കപ്പെടാൻ കഴിയാത്തവിധം മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ഇപ്പോൾ വളരെ ഗുരുതരമാണെന്നുള്ളതാണ് ഒരു കാരണം. യിരെമ്യാവ് 10:23 വളരെ ശരിയായി പറയുന്നതുപോലെ: “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”
മനുഷ്യ ശ്രമങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിന്റെ കാരണം
3. വേറെ ഏതു കാരണത്താൽ മനുഷ്യരും രാഷ്ട്രങ്ങളും ഒരിക്കലും യഥാർത്ഥസമാധാനം കൈവരുത്തുകയില്ല?
3 മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും ശ്രമങ്ങൾക്ക് ഒരിക്കലും യഥാർത്ഥസമാധാനം കൈവരുത്താൻ കഴിയാത്തതിന് മറെറാരു കാരണമുണ്ട്. “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിൽ കിടക്കുന്നു”വെന്ന് പറഞ്ഞുകൊണ്ട് ബൈബിൾ 1 യോഹന്നാൻ 5:19-ൽ അതിനെ പരാമർശിക്കുന്നു. ദുഷ്ടനായവൻ “മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെടുന്നവൻ” ആണെന്ന് വെളിപ്പാട് 12:9 സൂചിപ്പിക്കുന്നു. രണ്ടു കൊരിന്ത്യർ 4:4 അവനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നു വിളിക്കുന്നു. അങ്ങനെ, ഇത്രയധികം അക്രമം ഉളവാക്കിയിട്ടുള്ള രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ ഭരണത്തിന്റെ ഇപ്പോഴത്തെ മുഴു വ്യവസ്ഥിതിയും സാത്താന്റെ ഭരണത്തിന്റെ ഉല്പന്നമാണ്, ദൈവത്തിന്റെ ഭരണത്തിന്റേതല്ല. അതുകൊണ്ടാണ് ദൈവത്തിൽനിന്ന് വരുന്ന ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ “ഈ ജ്ഞാനം ഈ വ്യവസ്ഥിതിയിലെ ഭരണാധികാരികളിൽ ഒരുവൻപോലും അറിയാനിടയായില്ല” എന്ന് 1 കൊരിന്ത്യർ 2:8 പറയുന്നത്.—ലൂക്കോസ് 4:5, 6.
4. നമ്മുടെ ആദ്യമാതാപിതാക്കൾ യഹോവയെ ശ്രദ്ധിക്കുന്നതു നിർത്തിയശേഷം എന്തുണ്ടായി?
4 സാത്താൻ ദൈവത്തിനെതിരായി മത്സരിച്ചപ്പോൾ നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തെ ശ്രദ്ധിക്കുന്നതിനു പകരം അവനെ ശ്രദ്ധിക്കാൻ അവൻ പ്രേരിപ്പിച്ചു. തൽഫലമായി, അവർ ദൈവത്തോടുള്ള അനുസരണത്തിൽനിന്ന് വ്യതിചലിക്കുകയും മനുഷ്യകുടുംബത്തിൻമേൽ ഏതാണ്ട് 6000 വർഷത്തെ കഠിനവേദന വരുത്തിക്കൂട്ടുകയും ചെയ്തു. തങ്ങളുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാതിരിക്കുന്നത് തങ്ങൾക്ക് മെച്ചമായിരിക്കുമെന്നു വിശ്വസിക്കാൻ സാത്താൻ മനുഷ്യരെ പ്രേരിപ്പിച്ചുവെന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു. (ഉല്പത്തി 3:1-5) ഈ കാലംവരെയും തന്റെ മാർഗ്ഗനിർദ്ദേശം കൂടാതെ സ്വന്തനിലയിൽ മുന്നോട്ടു പോകാൻ യഹോവ തന്റെ ജ്ഞാനത്തിൽ പൊതു മനുഷ്യവർഗ്ഗലോകത്തെ അനുവദിച്ചു. തീർച്ചയായും, മാനുഷ ഭരണം ഒരു പരാജയമാണെന്ന് ഈ നൂററാണ്ടുകളിലെല്ലാം മതിയായി പ്രകടമാക്കപ്പെട്ടിരിക്കുന്നു.—ആവർത്തനം 32:5; സഭാപ്രസംഗി 8:9.
5. മനുഷ്യശ്രമങ്ങളാൽ സമാധാനം കൈവരുത്താൻ കഴിഞ്ഞാൽപോലും, പിന്നെയും നമ്മോടുകൂടെ എന്തുണ്ടായിരിക്കും?
5 മാത്രവുമല്ല, ആദാമും ഹവ്വായും അവരുടെ പൂർണ്ണതയുള്ള ജീവന്റെ ഉറവായ യഹോവയെ ശ്രദ്ധിക്കുന്നതു നിർത്തിയപ്പോൾ അവർ അപൂർണ്ണരായിത്തീരുകയും ഒടുവിൽ മരിക്കുകയും ചെയ്തു. അങ്ങനെ അവരുടെ സന്തതികളെല്ലാം അപൂർണ്ണരായി ജനിച്ചു. രോഗവും വാർദ്ധക്യവും മരണവും മനുഷ്യവർഗ്ഗത്തിന്റെ ഭാഗധേയമായിത്തീർന്നു. (റോമർ 5:12) അതുകൊണ്ട്, സമാധാനം കൈവരുത്തുന്നതിൽ മനുഷ്യർക്കു വിജയിക്കാൻ കഴിഞ്ഞാൽപോലും, അവർക്ക് അവകാശപ്പെടുത്തിയ അപൂർണ്ണത പരിഹരിക്കാൻ കഴികയില്ല. നാം പിന്നെയും രോഗബാധിതരായിത്തീരുകയും വാർദ്ധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യും. സാത്താൻ ഇതിന് ഉത്തരവാദിയായിരുന്നതുകൊണ്ട് യേശു അവനെക്കുറിച്ച്, “അവൻ തുടങ്ങിയപ്പോൾത്തന്നെ, അവൻ ഒരു ഘാതകൻ [അതെ, ഒരു കൊലപാതകി] ആയിരുന്നു. അവൻ സത്യത്തിൽ ഉറച്ചു നിന്നില്ല” എന്ന് യോഹന്നാൻ 8:44-ൽ പറയുകയുണ്ടായി. യഥാർത്ഥത്തിൽ, കഴിഞ്ഞ കാലത്തു ജീവിക്കുകയും മരിക്കുകയും ചെയ്ത ശതകോടികളെക്കുറിച്ചു ചിന്തിക്കുമ്പോൾ സാത്താൻ അവരെയെല്ലാം കൊലചെയ്തതുപോലെയാണ്.
6. സമാധാനം തകർക്കുന്നവർ ആരാണ്, അവർക്ക് എന്തു ഭവിക്കും?
6 സാത്താൻ മത്സരത്തിൽ തന്നോടു ചേരാൻ മററ് ആത്മജീവികളെയും പ്രേരിപ്പിച്ചു. ഈ ദുഷ്ടരെല്ലാം യഹോവ സംസാരിച്ചപ്പോൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചു. അങ്ങനെ, സാത്താനും അവന്റെ ഭൂതങ്ങളും മത്സരികളായ മനുഷ്യരുമാണ് ഈ ലോകത്തെ അതിന്റെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയിരിക്കുന്നത്. അവരെയെല്ലാം വഴിയിൽനിന്ന് നീക്കം ചെയ്യുകയും ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ 6000 വർഷത്തെ ഈ അപകടകരമായ പരീക്ഷണത്തെ അവസാനിപ്പിക്കുകയും ചെയ്യേണ്ടതാണ്. “സമാധാനം നൽകുന്ന ദൈവം താമസിയാതെ സാത്താനെ”യും അവന്റെ ഭൂതങ്ങളെയും, ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്ന സകല മനുഷ്യരെയും “തകർത്തുകളയും” എന്ന് റോമർ 16:20 നമുക്ക് ഉറപ്പുനൽകുന്നു.—മത്തായി 25:41.
ഇപ്പോൾ ശ്രദ്ധിക്കേണ്ടതിന്റെ വർദ്ധിച്ച ആവശ്യം
7. നാം ഇപ്പോൾ യഹോവയെ സേവിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തീകരിക്കേണ്ടതെന്തുകൊണ്ട്?
7 നാം ഇപ്പോൾ ഈ “അന്ത്യനാളുകളുടെ” അന്തിമഭാഗത്ത് വളരെ ആഴത്തിൽ വന്നെത്തിയിരിക്കുകയാണ്. (2 തിമൊഥെയോസ് 3:1-5) തൽഫലമായി, യഹോവ നമ്മോടു പറയുന്നതു ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം എന്നെത്തേതിലും വലുതാണ്. അവനെ സേവിക്കുന്നതിന് ത്യാഗങ്ങൾ സഹിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധതയെ ശക്തമാക്കേണ്ടതിന്റെ ആവശ്യവും തൽസമാനമായി ഉണ്ട്. നമ്മുടെ ശ്രമങ്ങളെ ശക്തമാക്കുന്നത് എന്തിന്? എന്തുകൊണ്ടെന്നാൽ തനിക്ക് “അല്പകാലഘട്ടം” മാത്രമേ ഉള്ളുവെന്ന് സാത്താന് അറിയാം. (വെളിപ്പാട് 12:12) അതുകൊണ്ട് ദുഷിപ്പിക്കാനും നശിപ്പിക്കാനുമുള്ള അവന്റെ ശ്രമങ്ങളെ അവൻ തീർച്ചയായും ശക്തമാക്കും.
8. (എ) പ്രസംഗവേലയെ അതിന്റെ ശത്രുക്കൾക്ക് നിർത്താൻ കഴിയാത്തതെന്തുകൊണ്ട്? (ബി) ദിവ്യപിന്തുണ നിലനിർത്താൻ നാം എന്തു ചെയ്യേണ്ടതാണ്?
8 രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് യഹോവയുടെ സാക്ഷികളെ തടയാൻ സാത്താൻ വിശേഷാൽ ആഗ്രഹിക്കും. എന്നാൽ അവന് സാദ്ധ്യമാകുകയില്ല, എന്തുകൊണ്ടെന്നാൽ “നിനക്കെതിരെ രൂപപ്പെടുത്തുന്ന ഏതൊരു ആയുധവും വിജയിക്കുകയില്ല” എന്ന് യഹോവ അവരോടു വാഗ്ദത്തം ചെയ്തിട്ടുണ്ട്. (യെശയ്യാവ് 54:17) തന്റെ ദാസൻമാരെ എതിർക്കുന്നവർ “യഥാർത്ഥത്തിൽ ദൈവത്തിനെതിരെ പോരാടുന്നവർ എന്നും കണ്ടെത്തപ്പെടും.” (പ്രവൃത്തികൾ 5:38, 39) അതുകൊണ്ട്, യഹോവയുടെ ആത്മാവിന്റെയും, ക്രിസ്തുയേശുവിന്റെയും, ദൂതസൈന്യസമൂഹങ്ങളുടെയും ശക്തമായ പിന്തുണയാൽ രാജ്യപ്രഘോഷണവേല ഓരോ വർഷവും ശക്തിപ്രാപിച്ചുവരുകയാണ്. ആ ദിവ്യപിന്തുണ നിലനിർത്തുന്നതിന്, യഹോവയുടെ ദാസൻമാർ യാക്കോബ് 4:7, 8-ലെ ബുദ്ധിയുപദേശം അനുസരിക്കാൻ ശ്രദ്ധാലുക്കളാണ്: “അതുകൊണ്ട്, ദൈവത്തിന് കീഴ്പ്പെടുക; എന്നാൽ പിശാചിനെ എതിർക്കുക, അപ്പോൾ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുക, അവൻ നിങ്ങളോട് അടുത്തുവരും.”
9. നാം സാത്താനെ താഴ്ത്തിമതിക്കരുതാത്തതെന്തുകൊണ്ട്?
9 വഞ്ചനക്കും ഉപദ്രവത്തിനുമുള്ള സാത്താന്റെ പ്രാപ്തിയെ താഴ്ത്തി മതിക്കരുത്. ദൈവവചനം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ജാഗ്രത പാലിക്കുക, ഉണർന്നിരിക്കുക. നിങ്ങളുടെ എതിരാളിയായ പിശാച് ആരെയെങ്കിലും വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് അലറുന്ന സിംഹത്തെപ്പോലെ, അങ്ങുമിങ്ങും നടക്കുകയാണ്. എന്നാൽ വിശ്വാസത്തിൽ ഉറച്ചവരായി അവനെതിരെ നിലകൊള്ളുക.” (1 പത്രോസ് 5:8, 9) ഒരു ഭ്രാന്തൻ സിംഹം പരിസരത്തു വിഹരിക്കുന്നുണ്ടെന്ന് നിങ്ങൾ അറിയുന്നുവെങ്കിൽ നിങ്ങളേത്തന്നെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് നിങ്ങൾ കരുതൽ നടപടികൾ സ്വീകരിക്കും. സാത്താന്റെ കാര്യത്തിൽ നാം അതിലുമധികം ജാഗ്രത പുലർത്തേണ്ടതാണ്, എന്തുകൊണ്ടെന്നാൽ അവന് നമുക്ക് നിത്യദ്രോഹം ചെയ്യാൻ കഴിയും. സങ്കടകരമെന്നു പറയട്ടെ, മിക്ക ആളുകളും സംരക്ഷണമില്ലാത്തവരാണ്, കാരണം സാത്താൻ സ്ഥിതിചെയ്യുന്നുവെന്നുപോലും അവർക്കറിയാൻ പാടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ വചനം ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുന്നില്ല. ആ ചീത്ത തെരഞ്ഞെടുപ്പിന്റെ ഫലമെന്തായിരിക്കും? “ഒരു മനുഷ്യൻ വിതയ്ക്കുന്നത് എന്തുതന്നെയായാലും, അത് അയാൾ കൊയ്യുകയും ചെയ്യും.”—ഗലാത്യർ 6:7.
അവർ “സമാധാനവും സുരക്ഷിതത്വവും!” എന്ന് ഉദ്ഘോഷിക്കുമ്പോൾ
10, 11. (എ) സമാധാനം കൈവരുത്തുന്നതിൽ രാഷ്ട്രങ്ങൾക്കു ലഭിച്ചേക്കാവുന്ന ഏതു വിജയം സംബന്ധിച്ചും നാം എന്തു മനസ്സിൽ പിടിക്കണം? (ബി) നമ്മുടെ കാലത്തെ രാഷ്ട്രങ്ങളുടെ സമാധാനാന്വേഷണത്തോട് ഏതു ബൈബിൾ പ്രവചനത്തിനു ബന്ധമുണ്ട്? (സി) അങ്ങനെയുള്ള ഏതു സമാധാനവും എത്ര ശാശ്വതമായിരിക്കും?
10 സമാധാനം കൈവരുത്തുന്നതിൽ രാഷ്ട്രങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതു വിജയത്താലും ജാഗ്രത വെടിയരുത്. ആ ലക്ഷ്യത്തിൽ ഈ ലോകത്തിലെ ഏജൻസികളെയൊന്നിനെയും യഹോവ ഉപയോഗിക്കുന്നില്ലെന്ന് എല്ലായ്പ്പോഴും ഓർത്തിരിക്കുക. യഥാർത്ഥസമാധാനം കൈവരുത്തുന്നതിന് യഹോവയ്ക്ക് സ്വന്തം മാർഗ്ഗമുണ്ട്. അത് ക്രിസ്തുവിൻ കീഴിലെ അവന്റെ രാജ്യം മുഖാന്തരം മാത്രമാണ്. തന്നിമിത്തം സമാധാനം സ്ഥാപിക്കുന്നതിൽ രാഷ്ട്രങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതു വിജയവും ഹ്രസ്വവും ഒരു പുറംപൂച്ചുമായിരിക്കും. യാതൊന്നിനും യഥാർത്ഥമാററം വന്നിട്ടുണ്ടായിരിക്കയില്ല. കുററകൃത്യവും അക്രമവും യുദ്ധവും വിശപ്പും ദാരിദ്ര്യവും കുടുംബശൈഥില്യവും ദുർമ്മാർഗ്ഗവും രോഗവും മരണവും സാത്താനും അവന്റെ ഭൂതങ്ങളുമെല്ലാം യഹോവ അവയെ നീക്കുന്നതുവരെ നമ്മോടുകൂടെ ഉണ്ടായിരിക്കും. “യഹോവതന്നെ വീടു പണിയാത്തപക്ഷം, അതിന്റെ പണിക്കാർ അതിന് കഠിനവേല ചെയ്തിരിക്കുന്നത് വ്യർത്ഥമായിട്ടാണ്.”—സങ്കീർത്തനം 127:1.
11 രാഷ്ട്രങ്ങൾ നമ്മുടെ കാലത്ത് സമാധാനത്തിനായി ഒരു തീവ്രയത്നം നടത്തുമെന്ന് ബൈബിൾ പ്രവചനം പ്രകടമാക്കുകതന്നെ ചെയ്യുന്നു. അത് ഇങ്ങനെ പറയുന്നു: “യഹോവയുടെ ദിവസം രാത്രിയിലെ ഒരു കള്ളനെപ്പോലെ വരുന്നുവെന്ന് നിങ്ങൾക്കുതന്നെ നന്നായി അറിയാം. അവർ ‘സമാധാനവും സുരക്ഷിതത്വവും!’ എന്നു പറയുന്നത് എപ്പോഴായാലും അപ്പോൾ ഗർഭിണിക്ക് പ്രസവവേദനയെന്നപോലെ പെട്ടെന്നുള്ള നാശം അവരുടെമേൽ ക്ഷണത്തിൽ വരേണ്ടതാണ്; അവർ യാതൊരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.” (1 തെസ്സലോനീക്യർ 5:2, 3) “സമാധാനവും സുരക്ഷിതത്വവും!” എന്ന ആ ഉദ്ഘോഷം ഈ ലോകത്തിന്റെ അധഃപതനം മാറിയെന്ന് അർത്ഥമാക്കുകയില്ല. “ദുഷ്ടമനുഷ്യരും വഞ്ചകരും ചീത്തത്വത്തിൽ അധികമധികം മുന്നേറു”മെന്ന് 2 തിമൊഥെയോസ് 3:13 പറയുന്നു. യാഥാർത്ഥ്യം പിന്നെയും ഒരു പാരിസ്ഥിതിക സ്ഥാപനത്തിന്റെ തലവൻ പറഞ്ഞതുപോലെയായിരിക്കും: “സമുദായത്തെ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം അത് ഭരിക്കാൻ കഴിയാത്തതായിരിക്കുന്നുവെന്നതാണ്.”
12. യഹോവയുടെ ദാസൻമാർക്ക് ആസന്നമായിരിക്കുന്ന ‘സമാധാനവും സുരക്ഷിതത്വവും’ എന്ന ഉദ്ഘോഷത്തിന്റെ യഥാർത്ഥ പ്രാധാന്യത്തെക്കുറിച്ച് എന്തറിയാം?
12 ലോകത്തിലെ അനേകർ ആസന്നമായിരിക്കുന്ന “സമാധാനവും സുരക്ഷിതത്വവും!” എന്ന ഉദ്ഘോഷ കാലത്ത് വ്യാജ പ്രത്യാശകളാൽ വഞ്ചിക്കപ്പെടും. എന്നാൽ യഹോവയുടെ ദാസൻമാർ കബളിപ്പിക്കപ്പെടുകയില്ല, എന്തുകൊണ്ടെന്നാൽ ദൈവം സംസാരിക്കുമ്പോൾ അവർ ശ്രദ്ധിക്കുന്നു. അങ്ങനെ അത്തരമൊരു പ്രഖ്യാപനം യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയില്ലെന്ന് അവന്റെ വചനത്തിൽനിന്ന് അവർക്കറിയാം. പകരം, യഥാർത്ഥത്തിൽ അത് “പെട്ടെന്നുള്ള നാശം അവരുടെമേൽ ക്ഷണത്തിൽ വരാ”നിരിക്കുന്നുവെന്നതിന്റെ അന്തിമ സിഗ്നൽ ആയിരിക്കും. അത് നമ്മുടെ കാലത്തേക്ക് യേശു മുൻകൂട്ടി പറഞ്ഞ “മഹോപദ്രവ”ത്തിന്റെ ആസന്നമായ തുടക്കത്തെ വിളിച്ചറിയിക്കും. അവൻ ഇങ്ങനെ പറഞ്ഞു: “എന്തെന്നാൽ ലോകാരംഭം മുതൽ ഇപ്പോൾ വരെ സംഭവിച്ചിട്ടില്ലാത്തതും വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം അന്നുണ്ടായിരിക്കും.”—മത്തായി 24:21.
13. ബൈബിൾ മനുഷ്യഭരണാധിപത്യങ്ങളുടെ അവസാനത്തെ വർണ്ണിക്കുന്നതെങ്ങനെ?
13 “മഹോപദ്രവ” കാലത്ത് മനുഷ്യഭരണത്തിന് അറുതിവരുത്തപ്പെടും. സങ്കീർത്തനം 2:2-6 ഇങ്ങനെ പറയുന്നു: “ഭൂമിയിലെ രാജാക്കൻമാർ തങ്ങളുടെ നില സ്വീകരിക്കുന്നു, ഉയർന്ന ഉദ്യോഗസ്ഥൻമാർ തന്നെ ‘നമുക്ക് അവരുടെ കെട്ടുകളെ പൊട്ടിച്ച് അവരുടെ കയറുകളെ നമ്മിൽനിന്ന് എറിഞ്ഞുകളയാം’ എന്നു പറഞ്ഞുകൊണ്ട് യഹോവക്കെതിരായും അവന്റെ അഭിഷിക്തനെതിരായും ഒന്നിച്ചു കൂടിയിരിക്കുന്നു. സ്വർഗ്ഗത്തിലിരിക്കുന്നവൻതന്നെ ചിരിക്കും; യഹോവതന്നെ അവരെ പരിഹസിക്കും. ആ സമയത്ത് അവൻ അവരോട് തന്റെ ക്രോധത്തിൽ സംസാരിക്കുകയും ‘ഞാൻ, ഞാൻതന്നെ, എന്റെ രാജാവിനെ എന്റെ വിശുദ്ധ പർവ്വതമായ [സ്വർഗ്ഗീയ] സീയോനിൽ വാഴിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് തന്റെ ഉഗ്രമായ അപ്രീതിയിൽ അവരെ കുഴപ്പത്തിലാക്കുകയും ചെയ്യും.” സങ്കീർത്തനം 110:5, 6 ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവതന്നെ തന്റെ ക്രോധദിവസത്തിൽ തീർച്ചയായും രാജാക്കൻമാരെ തകർത്തുകളയും. അവൻ ജനതകളുടെ ഇടയിൽ ന്യായവിധി നടത്തും. “സകല രാഷ്ട്രീയ പദ്ധതികളും അവസാനിക്കും, എന്തുകൊണ്ടെന്നാൽ യെശയ്യാവ് 8:9, 10 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അരകെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ! അരകെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ! ഒരു പദ്ധതി ആസൂത്രണം ചെയ്തുകൊള്ളുക, അതു തകർക്കപ്പെടും! ഏതു വാക്കും പറഞ്ഞുകൊള്ളുക, അതു നിലനിൽക്കുകയില്ല, എന്തെന്നാൽ ദൈവം ഞങ്ങളോടു കൂടെയുണ്ട്!”
അതിജീവനത്തിന്റെ ഉറപ്പുള്ളവർ
14. ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കുമെന്ന് നമുക്ക് ഉറപ്പുള്ളതെന്തുകൊണ്ട്?
14 തന്റെ ജനത്തിന് ആസന്നമായിരിക്കുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയത്തക്കവണ്ണം യഹോവ അവർക്കു നല്ല അറിവു കൊടുക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമുക്ക് വളരെ ഉറപ്പുള്ളവരായിരിക്കാൻ എങ്ങനെ കഴിയും? എന്തുകൊണ്ടെന്നാൽ ഒരു “മഹാപുരുഷാരം” തീർച്ചയായും അതിജീവിക്കുന്നുവെന്ന് വെളിപ്പാട് 7:9, 14-ലെ പ്രവചനം പ്രകടമാക്കുന്നു. എന്തുകൊണ്ട്? യഹോവ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നതിനാലും ഉചിതമായി ഉപദേശിക്കപ്പെടുന്നതിനാലുംതന്നെ. ഈ വിധത്തിൽ “മഹാപുരുഷാര”ത്തിൽപെട്ടവർക്ക് വെളിപ്പാട് 7:15 പറയുന്നത് ചെയ്യാൻ സാധിക്കുന്നു: “അവർ പകലും രാവും അവന് വിശുദ്ധസേവനം അർപ്പിക്കുന്നു.” അങ്ങനെ അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും അവന്റെ അംഗീകാരം നേടുകയും ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കാൻ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.—1 യോഹന്നാൻ 2:15-17.
15. യോവേൽ ഈ വ്യവസ്ഥിതിയുടെ ഞെരിക്കലിനെ വർണ്ണിക്കുന്നതെങ്ങനെ, ദൈവദാസൻമാർക്ക് എന്തു ഫലമാണുണ്ടാവുക?
15 യോവേൽ 3:13-16-ഉം ഈ വ്യവസ്ഥിതി ഒരു മുന്തിരിച്ചക്കിൽ മുന്തിരിപ്പഴംപോലെ ഞെരിക്കപ്പെടുമ്പോൾ ദൈവദാസൻമാർ അതിജീവിക്കുന്നതിനെ പരാമർശിക്കുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “ഒരു അരിവാൾ ഇടുക, എന്തുകൊണ്ടെന്നാൽ വിളവു മൂത്തിരിക്കുന്നു . . . തൊട്ടികൾ യഥാർത്ഥമായി കവിഞ്ഞൊഴുകുന്നു; എന്തെന്നാൽ അവരുടെ വഷളത്തം പെരുകിയിരിക്കുന്നു. വിധിയുടെ താഴ്വരയിൽ സമൂഹങ്ങൾ, സമൂഹങ്ങൾ, എന്തെന്നാൽ വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും തന്നെ തീർച്ചയായും ഇരുണ്ടുപോകും, നക്ഷത്രങ്ങൾതന്നെ യഥാർത്ഥമായി അവയുടെ ശോഭ പിൻവലിക്കും. യഹോവതന്നെ [സ്വർഗ്ഗീയ] സീയോനിൽനിന്ന് ഗർജ്ജിക്കും . . . ആകാശവും ഭൂമിയും തീർച്ചയായും കുലുങ്ങും; എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു അഭയമായിരിക്കും.”
16. യഹോവ ലോകനാശത്തിൽ തന്റെ ജനത്തെ കാത്തുസൂക്ഷിക്കുമെന്ന് വേറെ ഏതു പ്രവചനങ്ങൾ തെളിയിക്കുന്നു?
16 അതുപോലെതന്നെ, യെശയ്യാവ് 26:20, 21-ൽ യഹോവ ആ വരുംകാലത്തെക്കുറിച്ച് പറയുന്നു: “എന്റെ ജനമേ, പോയി നിങ്ങളുടെ ഉൾമുറികളിൽ പ്രവേശിക്കുകയും നിങ്ങളുടെ വാതിലുകൾ അടയ്ക്കുകയും ചെയ്യുക. ഭീഷണി നീങ്ങിപ്പോകുന്നതുവരെ ക്ഷണനേരത്തേക്ക് ഒളിച്ചിരിക്കുക. എന്തെന്നാൽ, നോക്കൂ! യഹോവ തനിക്കെതിരായ ദേശനിവാസിയുടെ അകൃത്യത്തിന് കണക്കു ചോദിക്കാൻ തന്റെ സ്ഥലത്ത് നിന്ന് പുറപ്പെട്ടുവരുന്നു.” തന്നിമിത്തം, സെഫന്യാവ് 2:2, 3 ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “യഹോവയുടെ സ്വന്തം ന്യായത്തീർപ്പ് ആചരിച്ചിരിക്കുന്ന, ഭൂമിയിലെ സകല സൗമ്യരുമേ, യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനു മുൻപേ, അവനെ അന്വേഷിപ്പിൻ. നീതി അന്വേഷിപ്പിൻ, സൗമ്യത അന്വേഷിപ്പിൻ. പക്ഷേ, നിങ്ങൾ യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെട്ടേക്കാം.”
യഹോവയിങ്കലേക്ക് ‘ഓടുക’
17. (എ) യഹോവയുടെ സംരക്ഷണം ലഭിക്കാൻ എന്തു ചെയ്യണം? (ബി) പ്രളയത്തിനു മുമ്പത്തെ ലോകത്തിലെ ജനങ്ങൾ എന്തു തെററാണ് ചെയ്തത്?
17 സദൃശവാക്യങ്ങൾ 18:10 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയുടെ നാമം ബലമുള്ള ഒരു ഗോപുരമാകുന്നു. നീതിമാൻ അതിലേക്ക് ഓടുകയും സംരക്ഷണം കൊടുക്കപ്പെടുകയും ചെയ്യുന്നു.” നിങ്ങൾ യഹോവയിങ്കലേക്ക് ‘ഓടുന്നുണ്ടോ?’ നോഹയുടെ നാളിലെ ജനങ്ങളെക്കുറിച്ച് യേശു പറഞ്ഞത് ഓർക്കുക: അവർ “നോഹ പെട്ടകത്തിൽ കയറിയ നാൾവരെ തിന്നുകയും കുടിക്കുകയും, പുരുഷൻമാർ വിവാഹം ചെയ്യുകയും സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയുമായിരുന്നു; പ്രളയം വന്ന് അവരെയെല്ലാം ഒഴുക്കിക്കൊണ്ടു പോകുന്നതുവരെ അവർ ശ്രദ്ധിച്ചില്ല.” (മത്തായി 24:38, 39) ദൈവം “ഒരു നീതിപ്രസംഗിയായ” തന്റെ ദാസൻ നോഹ മുഖാന്തരം സംസാരിച്ചപ്പോൾ അവനെ ശ്രദ്ധിക്കാതെ മറെറല്ലാററിലും വ്യാപൃതരായിരുന്നുവെന്നതായിരുന്നു അവരുടെ തെററ്. (2 പത്രോസ് 2:5) അവർ ശ്രദ്ധിക്കാഞ്ഞതുകൊണ്ട്, പ്രളയം വന്നപ്പോൾ അത് “അവരെയെല്ലാം” നാശത്തിലേക്ക് “ഒഴുക്കിക്കൊണ്ടുപോയി.”
18. പ്രളയത്തിൽ നശിപ്പിക്കപ്പെട്ടവർ “നല്ലവർ” ആയിരുന്നതുകൊണ്ടുമാത്രം സംരക്ഷിക്കപ്പെടാഞ്ഞതെന്തുകൊണ്ട്?
18 പ്രളയത്തിൽ മരിച്ച അനേകർ, ആ നാളുകളിലെ സമുദായത്തെ നിറച്ചിരുന്ന അക്രമത്തിൽ ഉൾപ്പെടാതെ തങ്ങളേത്തന്നെ “നല്ലവർ” എന്നു പരിഗണിച്ചിരിക്കുമെന്നുള്ളതിനു സംശയമില്ല. എന്നാൽ വെറുതെ “നല്ലവർ” ആയിരുന്നതുകൊണ്ടുമാത്രം അവർക്കു രക്ഷ കിട്ടിയില്ല. അവർ തങ്ങളുടെ വിരക്തിയാൽ അവരുടെ നാളിലെ തിൻമ സംബന്ധിച്ച് കണ്ണടച്ചു. നിർണ്ണായക സംഗതി അവർ യഹോവയിങ്കലേക്ക് ‘ഓടി’യില്ലെന്നുള്ളതായിരുന്നു; ദൈവദാസൻ സംസാരിച്ചപ്പോൾ അവർ ശ്രദ്ധിച്ചില്ല. തന്നിമിത്തം അവർ അതിജീവനത്തിനുള്ള ഉചിതമായ നടപടികൾ സ്വീകരിച്ചില്ല. മറിച്ച്, ശ്രദ്ധിച്ചവർ അതിജീവിച്ചു.
19. യഹോവയുടെ ദാസൻമാർ ഇപ്പോൾപോലും ഏത് അത്ഭുതകരമായ പ്രയോജനങ്ങൾ കൊയ്തെടുക്കുന്നു, എന്തുകൊണ്ട്?
19 ഇക്കാലത്ത് ദൈവം തന്നെ ശ്രദ്ധിക്കുന്നവരോട് സമാധാനം സംസാരിക്കുകയാണ്. അവർക്കെന്താണ് ഫലം? യെശയ്യാവ് 54:13 പ്രസ്താവിക്കുന്നു: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ട ആളുകളായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.” അതെ, “യഹോവതന്നെ തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കും.” (സങ്കീർത്തനം 29:11) അങ്ങനെ, ഈ അക്രമാസക്ത ലോകത്തിൻ മദ്ധ്യേ യഹോവയുടെ സാക്ഷികൾക്ക് അവരുടെ ഇടയിൽ യഥാർത്ഥവും അഭിഞ്ജവുമായ സമാധാനം ഉണ്ട്. ലോകനേതാക്കൻമാർക്കും അവരുടെ ജനതകൾക്കും അവരുടെ മതങ്ങൾക്കും പകർത്താൻ കഴിയാത്ത സ്നേഹനിർഭരമായ ഒരു സാർവ്വദേശീയ സാഹോദര്യം അവർക്കുണ്ട്. എന്തുകൊണ്ട് അവർക്കു പകർത്താൻ കഴിയുന്നില്ല? എന്തുകൊണ്ടെന്നാൽ അവർ യഥാർത്ഥത്തിൽ ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നില്ല. അതിനാൽ അവർ അവൻ പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നില്ല. എന്നാൽ യഹോവയുടെ സാക്ഷികൾ ദൈവത്തെ ശ്രദ്ധിക്കുകതന്നെ ചെയ്യുന്നു. അവർ സഭാപ്രസംഗി 12:13-ലെ വാക്കുകൾ ഗൗരവമായി എടുക്കുന്നു: “സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കല്പനകളനുസരിക്കുകയും ചെയ്യുക. എന്തെന്നാൽ മമനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്.”
20. ദൈവത്തിന്റെ പുതിയലോകത്തിലേക്ക് അതിജീവിക്കാൻ ഓരോ വ്യക്തിയും എന്തു ചെയ്യേണ്ടതാണ്?
20 അതാണ് ഓരോ വ്യക്തിയും—അതെ, ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും—ചെയ്യേണ്ടത്. അവർ താമസംവിനാ യഹോവയിങ്കലേക്ക് ‘ഓടണം.’ തീർച്ചയായും അവർ ദൈവദത്തമായ ജ്ഞാനത്താൽ നയിക്കപ്പെടണം. അത് ഇങ്ങനെ പറയുന്നതായി പ്രതിനിധാനം ചെയ്യപ്പെടുന്നു: “എന്നെ ശ്രദ്ധിക്കുക; അതെ, എന്റെ വഴികൾതന്നെ അനുഷ്ഠിക്കുന്നവർ സന്തുഷ്ടരാകുന്നു. ശിക്ഷണം ശ്രദ്ധിച്ച് ജ്ഞാനികളായിത്തീരുക, യാതൊരു ഉദാസീനതയും കാണിക്കരുത്. എന്നെ ശ്രദ്ധിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു . . . എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ തീർച്ചയായും ജീവൻ കണ്ടെത്തും.”—സദൃശവാക്യങ്ങൾ 8:32-35. (w87 5/15)
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ സമാധാനം കൈവരുത്തുന്നതിൽ മാനുഷശ്രമങ്ങൾ ഒരിക്കലും വിജയിക്കുകയില്ലാത്തതെന്തുകൊണ്ട്?
◻ ഇപ്പോൾ യഹോവയെ ശ്രദ്ധിക്കേണ്ടതിന്റെ വർദ്ധിച്ച ആവശ്യമുള്ളതെന്തുകൊണ്ട്?
◻ “സമാധാനവും സുരക്ഷിതത്വവും!” എന്ന ആസന്നമായ ഉദ്ഘോഷം യഥാർത്ഥത്തിൽ എന്തർത്ഥമാക്കും?
◻ നാം ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്ക് അതിജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
[17-ാം പേജിലെ ചിത്രം]
അലറുന്ന ഒരു സിംഹത്തെപ്പോലെ, ദുഷിപ്പിക്കാനും നശിപ്പിക്കാനുമുള്ള തന്റെ ശ്രമങ്ങളെ സാത്താൻ ശക്തമാക്കുകയാണ്
[18-ാം പേജിലെ ചിത്രം]
ഈ വ്യവസ്ഥിതി മുന്തിരിച്ചക്കിലെ മുന്തിരിപ്പഴങ്ങൾപോലെ ഞെരിക്കപ്പെടുമ്പോൾ “യഹോവ തന്റെ ജനത്തിന് ഒരു അഭയമായിരിക്കും”