ക്രിസ്തീയകുടുംബം കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നു
“സഹോദരൻമാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും . . . ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ . . . പ്രബോധിപ്പിക്കുന്നു.”—1 കൊരിന്ത്യർ 1:10.
1. അനേകം കുടുംബങ്ങളിൽ ഐക്യം സംബന്ധിച്ചുള്ള സ്ഥിതിവിശേഷം എന്താണ്?
നിങ്ങളുടേത് ഒരു ഏകീകൃത കുടുംബമാണോ? അതോ ഓരോരുത്തരും തന്റെ സ്വന്തം വഴിയിൽ പോകുന്നതായി തോന്നുന്നുവോ? നിങ്ങൾ ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യുന്നുവോ? അതോ നിങ്ങൾ എല്ലാവരും ഒരേസമയം ഒരു സ്ഥലത്തായിരിക്കുന്നത് അപൂർവമായാണോ? “കുടുംബം” എന്ന വാക്കുതന്നെ അർഥമാക്കുന്നത് ഒരു ഏകീകൃത ഗൃഹജനം എന്നാണ്.a എന്നിരുന്നാലും എല്ലാ കുടുംബങ്ങളും ഏകീകൃതമല്ല. “ഉത്തമമായ സമൂഹത്തിന്റെ അടിത്തറയായിരിക്കുന്നതിനു പകരം കുടുംബം . . . നമ്മുടെ എല്ലാ അതൃപ്തികളുടെയും ഉറവായിരിക്കുന്നു” എന്നുപോലും ഒരു ബ്രിട്ടീഷ് ലക്ചറർ പറഞ്ഞുപോയി. അതു നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചു വാസ്തവമാണോ? അങ്ങനെയെങ്കിൽ, അത് അപ്രകാരംതന്നെ ആയിരിക്കണമോ?
2. ഏതു ബൈബിൾ കഥാപാത്രങ്ങൾ ഒരു ഉത്തമ കുടുംബത്തിൽനിന്നു വന്നതിന്റെ തെളിവു നൽകുന്നു?
2 ഒരു കുടുംബത്തിലെ ഐക്യമോ അനൈക്യമോ ആശ്രയിച്ചിരിക്കുന്നതു മാതാപിതാക്കൾ ഇരുവരിൽ നിന്നോ അവരിൽ ഒരാളിൽ നിന്നോ ഉള്ള നേതൃത്വത്തിൻമേലാണ്. ബൈബിൾ കാലങ്ങളിൽ ഒത്തൊരുമിച്ച് ആരാധന നടത്തിയിരുന്ന ഏകീകൃത കുടുംബങ്ങൾ യഹോവയുടെ അനുഗ്രഹം ആസ്വദിച്ചു. പുരാതന ഇസ്രയേലിലും ഇതു സത്യമായിരുന്നു, അവിടെ യിഫ്താഹിന്റെ മകളും ശിംശോനും ശമൂവേലും, ഓരോരുത്തരും അവരവരുടേതായ വിധത്തിൽ, ദൈവികഭക്തിയുള്ള കുടുംബത്തിൽനിന്നു വന്നതിന്റെ തെളിവു നൽകി. (ന്യായാധിപൻമാർ 11:30-40; 13:2-25; 1 ശമൂവേൽ 1:21-23; 2:18-21) ആദിമ ക്രിസ്തീയ നാളുകളിൽ പൗലോസിന്റെ ചില മിഷനറി യാത്രകളിൽ അദ്ദേഹത്തിന്റെ വിശ്വസ്ത സഹകാരിയായിരുന്ന തിമൊഥെയൊസിനെ അദ്ദേഹത്തിന്റെ വലിയമ്മയായ ലോവീസും അമ്മയായ യൂനീക്കയും എബ്രായ തിരുവെഴുത്തുകളുടെ പരിജ്ഞാനത്തിൽ വളർത്തിക്കൊണ്ടുവന്നു. അദ്ദേഹം എത്ര മികച്ച ഒരു ശിഷ്യനും മിഷനറിയും ആയിത്തീർന്നു!—പ്രവൃത്തികൾ 16:1, 2; 2 തിമൊഥെയൊസ് 1:5; 3:14, 15; പ്രവൃത്തികൾ 21:8, 9 കൂടി കാണുക.
കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യേണ്ടതെന്തുകൊണ്ട്?
3, 4. (എ) ഒരു ഏകീകൃത കുടുംബത്തിൽ ഏതെല്ലാം ഗുണങ്ങളാണു പ്രകടമായിരിക്കേണ്ടത്? (ബി) ഒരു ഭവനത്തിനു കേവലമൊരു വീടിനെക്കാൾ കവിഞ്ഞതായിരിക്കാൻ കഴിയുന്നതെങ്ങനെ?
3 കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നതു കുടുംബങ്ങൾക്കു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അതു പരസ്പരധാരണയും ആദരവും കെട്ടുപണിചെയ്യുന്നു. ഓരോരുത്തരിൽനിന്നും നമ്മെത്തന്നെ അകററുന്നതിനു പകരം നാം അടുത്തു നിലകൊള്ളുകയും പിന്തുണ കൊടുക്കുകയും ചെയ്യുന്നു. കുടുംബബന്ധങ്ങൾ (Family Relations) എന്ന ഒരു വാർത്താപത്രികയിൽ ഈയിടെ വന്ന ഒരു ലേഖനം ഇപ്രകാരം പ്രസ്താവിച്ചു: “‘ബലിഷ്ഠമായ കുടുംബങ്ങ’ളുടെ സവിശേഷ ഗുണഗണങ്ങളെ വർണിച്ചുകൊണ്ടു താരതമ്യേന വ്യക്തമായ ഒരു ചിത്രം പൊന്തിവന്നിരിക്കുന്നു. പരസ്പരമുള്ള പ്രതിബദ്ധതയും വിലമതിപ്പും ഒത്തൊരുമയും നല്ല ആശയവിനിമയവും പ്രശ്നം പരിഹരിക്കാനുള്ള പ്രാപ്തിയും ഒരു ബലിഷ്ഠമായ ആത്മീയതയും അത്തരം ഗുണങ്ങളിൽ ഉൾപ്പെടുന്നു.”
4 ഈ ഗുണങ്ങൾ കുടുംബത്തിൽ നിലനിൽക്കുന്നെങ്കിൽ ഭവനം മേലാൽ, ഇന്ധനത്തിനുവേണ്ടി നിർത്തുന്ന ഒരു സ്ഥലമായ, ഒരു പെട്രോൾ പമ്പ് പോലെ ആയിരിക്കില്ല. അതു കേവലം ഒരു വീടിനെക്കാൾ കവിഞ്ഞതാണ്. അതു കുടുംബാംഗങ്ങളെ ആകർഷിച്ചു കൂട്ടിവരുത്തുന്ന ഒരു സ്ഥലമാണ്. ഊഷ്മളതയുടെയും വാത്സല്യത്തിന്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും ഒരു താവളമാണത്. (സദൃശവാക്യങ്ങൾ 4:3, 4) അത് കുടുംബ ഐക്യം കാണപ്പെടുന്ന ഒരു കൂടാണ്, ഉരസലും ഭിന്നതയും ഉള്ള തേളിന്റെ ഒരു മാളമല്ല. പക്ഷേ ഇതെങ്ങനെ കൈവരിക്കും?
കുടുംബാധ്യയനത്തിലെ ഒത്തൊരുമ
5. സത്യാരാധന പഠിക്കാൻ നാം എന്താണ് ഉപയോഗിക്കുന്നത്?
5 ന്യായവാദം ചെയ്യാനുള്ള നമ്മുടെ കഴിവിന്റെ, അഥവാ “ചിന്താശക്തി”യുടെ ഉപയോഗത്തിലൂടെയാണ് യഹോവയുടെ സത്യാരാധന പഠിക്കുന്നത്. (റോമർ 12:1, NW) വാക്ചാതുര്യത്തോടെയുള്ള മതപ്രസംഗങ്ങളാലും തന്ത്രപരമായ ടിവി ശുശ്രൂഷകളാലും ഉണർത്തപ്പെടുന്നതു പോലുള്ള നൈമിഷിക വികാരങ്ങൾ നമ്മുടെ പെരുമാററത്തെ നിയന്ത്രിക്കരുത്. പ്രത്യുത, ബൈബിളും “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” തയ്യാറാക്കുന്ന ബൈബിൾ-പഠന-സാഹിത്യങ്ങളും നിരന്തരമായി പഠിക്കുന്നതിനാലും ധ്യാനിക്കുന്നതിനാലും നാം പ്രചോദിപ്പിക്കപ്പെടുന്നു. (മത്തായി 24:45) ഉയർന്നുവന്നേക്കാവുന്ന ഏതൊരു സാഹചര്യത്തിലും അല്ലെങ്കിൽ പ്രലോഭനത്തിലും ക്രിസ്തുവിന്റെ മനസ്സ് സ്വായത്തമാക്കുന്നതിന്റെ അനന്തരഫലമാണു നമ്മുടെ ക്രിസ്തീയ നടപടികൾ. ആ വശത്ത് യഹോവയാണു നമ്മുടെ മഹാനായ ഉപദേഷ്ടാവ്.—സങ്കീർത്തനം 25:9; യെശയ്യാവു 54:13; 1 കൊരിന്ത്യർ 2:16.
6. കുടുംബാധ്യയനത്തിന്റെ ഏതു ലോകവ്യാപക മാതൃക നമുക്കുണ്ട്?
6 കുടുംബ ബൈബിളധ്യയനം ഓരോ ക്രിസ്തീയ കുടുംബത്തിന്റെയും ആത്മീയതയിൽ ഒരു സർവപ്രധാനമായ പങ്കുവഹിക്കുന്നു. നിങ്ങളുടെ കുടുംബാധ്യയനം നിങ്ങൾ എപ്പോഴാണു നടത്തുന്നത്? യാദൃശ്ചികമായി വീണുകിട്ടുന്ന അവസരത്തിലോ പെട്ടെന്നൊരു നിമിഷം തോന്നുമ്പോൾ തീരുമാനിക്കുന്നതോ ആണെങ്കിൽ അതു വല്ലപ്പോഴുമാകാനാണ് ഏറെ സാധ്യത. കുടുംബാധ്യയനത്തിലെ ഒത്തൊരുമക്കു നിരന്തരവും നിശ്ചിതവുമായ ഒരു പട്ടിക ആവശ്യമാക്കിത്തീർക്കുന്നു. അപ്പോൾ കുടുംബത്തിന്റെ ഒരു ആത്മീയ ഒത്തുചേരലിന് ഏതു ദിവസം ഏതു സമയത്തു തങ്ങൾ സന്നിഹിതരാകാൻ പ്രതീക്ഷിക്കുന്നുവെന്നു എല്ലാവർക്കും അറിയാനാകും. പന്തീരായിരത്തിലധികം വരുന്ന ലോകവ്യാപക ബെഥേൽ കുടുംബാംഗങ്ങൾക്കു തങ്ങളുടെ കുടുംബാധ്യയനം തിങ്കളാഴ്ച വൈകുന്നേരമാണെന്ന് അറിയാം. പകൽ അവസാനിക്കുന്നതോടെ പസഫിക് ദ്വീപുകളിലും ന്യൂസിലാൻഡിലും, പിന്നെ ക്രമത്തിൽ ആസ്ട്രേലിയയിലും ജപ്പാനിലും തായ്വാനിലും ഹോങ്കോംങിലും, തുടർന്ന് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും, അവസാനം അമേരിക്കകളിലും തങ്ങളെല്ലാം പങ്കുപററുന്നത് ഒരേ പഠനമാണെന്ന് ഓർക്കുന്നത് ഈ ബെഥേൽ സ്വമേധയാ സേവകർക്ക് എത്ര മതിപ്പുളവാക്കുന്നതാണ്. ആയിരക്കണക്കിനു കിലോമീറററുകളാലും അനേകം ഭാഷകളാലും അകന്നിരിക്കുന്നവരെങ്കിലും ഈ കുടുംബാധ്യയനം ബെഥേൽ കുടുംബാംഗങ്ങളിൽ ഒരുമയുടെ വികാരം അങ്കുരിപ്പിക്കുന്നു. ഒരു ചെറിയ തോതിൽ, നിങ്ങളുടെ കുടുംബാധ്യയനത്തിലൂടെ അതേ വികാരം നിങ്ങൾക്കു നട്ടുവളർത്താനാകും.—1 പത്രൊസ് 2:17; 5:9.
7. പത്രോസ് പറയുന്നതു പ്രകാരം, സത്യവചനത്തെ നാം എപ്രകാരം വീക്ഷിക്കണം?
7 അപ്പോസ്തലനായ പത്രോസ് നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.” (1 പത്രൊസ് 2:2, 3) ആ വാക്കുകളാൽ എത്ര മനോജ്ഞമായ ചിത്രമാണ് പത്രോസ് നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്! ലിങ്ഗ്വിസ്ററിക് കീ ററു ദ ഗ്രീക്ക് ന്യൂ ടെസ്ററമെൻറ് പറയുന്ന പ്രകാരം അദ്ദേഹം ഉപയോഗിച്ച ഗ്രീക്ക് പദമായ എപിപ്പോതെസാതെ “അതീവ ആഗ്രഹം തോന്നുക, ആഗ്രഹിക്കുക, കേഴുക” എന്ന് അർഥമുള്ള ഒരു പദത്തിൽനിന്നു വരുന്നു. അതു തീവ്രമായ ആഗ്രഹത്തെ അർഥമാക്കുന്നു. ഒരു മൃഗത്തിന്റെ കുഞ്ഞ് എത്ര ആർത്തിയോടെ അതിന്റെ അമ്മയുടെ മുലക്കണ്ണ് പരതുന്നുവെന്നും ഒരു മനുഷ്യശിശു അതിന്റെ അമ്മയുടെ മുലപ്പാൽ നുകരുമ്പോൾ അത് എത്ര തൃപ്തിയുള്ളതായിരിക്കുന്നുവെന്നും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സത്യത്തിന്റെ വചനത്തിനുവേണ്ടി അതേ ആഗ്രഹം നമുക്കുണ്ടായിരിക്കണം. ഗ്രീക്ക് പണ്ഡിതനായ വില്യം ബാർക്ലേ ഇങ്ങനെ പ്രസ്താവിച്ചു: “ആത്മാർഥതയുള്ള ക്രിസ്ത്യാനിക്ക് ദൈവവചനം പഠിക്കുക എന്നത് ഒരു പ്രയാസമേറിയ ജോലിയല്ല, മറിച്ച് പ്രമോദമാണ്, കാരണം അയാളുടെ ഹൃദയം അതിയായി ആഗ്രഹിക്കുന്ന പുഷ്ടഭോജ്യം അതിൽ കണ്ടെത്തുമെന്ന് അയാൾക്ക് അറിയാം.”
8. കുടുംബാധ്യയനം നിർവഹിക്കുന്നതിൽ കുടുംബനാഥൻ അഭിമുഖീകരിക്കുന്ന വെല്ലുവിളി ഏത്?
8 കുടുംബാധ്യയനം കുടുംബ നാഥനിൽ ഒരു വലിയ ഉത്തരവാദിത്വം വെക്കുന്നു. അധ്യയനം എല്ലാവർക്കും രസാവഹമായിരിക്കുന്നു എന്നും എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നു എന്നും അദ്ദേഹം ഉറപ്പാക്കേണ്ടതുണ്ട്. അധ്യയനം വാസ്തവത്തിൽ മുതിർന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന തോന്നൽ കുട്ടികൾക്കുണ്ടാകരുത്. അധ്യയനത്തിന്റെ ഗുണനിലവാരം പഠിപ്പിക്കുന്ന വിവരങ്ങളുടെ അളവിനെക്കാൾ പ്രധാനമാണ്. ബൈബിളിനെ ജീവസ്സുററതാക്കിത്തീർക്കുക. ഉചിതമായിരിക്കുന്നിടത്തെല്ലാം ചർച്ച ചെയ്യുന്ന സംഭവങ്ങൾ നടന്ന പാലസ്തീനിന്റെ പ്രദേശങ്ങളും സവിശേഷതകളും ഭാവനയിൽ കാണുവാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. വ്യക്തിഗതമായ ഗവേഷണം നടത്താനും കുടുംബവുമായി അതു പങ്കുവെക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. ഈ വിധത്തിൽ കുട്ടികൾക്കും ‘യഹോവയുടെ സന്നിധിയിൽ വളർന്നു’വരാൻ കഴിയും.—1 ശമൂവേൽ 2:20, 21.
സുവിശേഷവേലയിലെ ഒത്തൊരുമ
9. പ്രസംഗവേലയെ സന്തുഷ്ടികരമായ ഒരു കുടുംബാനുഭവമാക്കിത്തീർക്കാൻ കഴിയുന്നതെങ്ങനെ?
9 “സുവിശേഷം മുമ്പെ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്നു യേശു പറഞ്ഞു. (മർക്കൊസ് 13:10) ആ വാക്കുകൾ മനസ്സാക്ഷിബോധമുള്ള ഓരോ ക്രിസ്ത്യാനിക്കും ഒരു നിയമനം നൽകുന്നു—സുവിശേഷവേല ചെയ്യുക, ദൈവരാജ്യഭരണത്തിന്റെ സുവാർത്ത മററുള്ളവരുമായി പങ്കുവെക്കുക. ഇതു കുടുംബമെന്ന നിലയിൽ ഒത്തൊരുമിച്ചു ചെയ്യുന്നതു പ്രോത്സാഹജനകവും ഉല്ലാസപ്രദവുമായ ഒരു അനുഭവമായിരിക്കാവുന്നതാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സുവാർത്ത അവതരിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ബുധനാഴ്ചതോറും സ്കൂൾ കഴിഞ്ഞും ശനിയാഴ്ചതോറും രാവിലെയും പരസ്യ പ്രസംഗവേലയിൽ തങ്ങളുടെ കുട്ടികളോടൊപ്പം പോകുന്ന സ്വഭാവം തങ്ങൾക്ക് എല്ലായ്പോഴും ഉണ്ടെന്നു 15-നും 21-നും ഇടയ്ക്കു പ്രായമുള്ള മൂന്നു പുത്രൻമാരുള്ള ഒരു ദമ്പതികൾ പറയുന്നു. പിതാവ് ഇപ്രകാരം പറഞ്ഞു: “ഓരോ പ്രാവശ്യവും ഞങ്ങൾ അവരെ എന്തെങ്കിലും പഠിപ്പിക്കുന്നു. അത് ആസ്വാദ്യവും പ്രോത്സാഹജനകവുമായ ഒരു അനുഭവമാണെന്നു ഞങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു.”
10. മാതാപിതാക്കൾക്കു ശുശ്രൂഷയിൽ തങ്ങളുടെ കുട്ടികൾക്കു പ്രയോജനം ചെയ്യാൻ കഴിയുന്നത് എങ്ങനെ?
10 പ്രസംഗവേലയിലും പഠിപ്പിക്കൽവേലയിലും ഒരു കുടുംബമെന്ന നിലയിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനം വളരെ ഫലദായകമായിരിക്കാവുന്നതാണ്. ചിലപ്പോൾ ഒരു കുട്ടിയുടെ ലളിതവും എന്നാൽ അതേ സമയം ആത്മാർഥവുമായ അവതരണത്തോട് ആളുകൾ കൂടുതൽ അനുകൂലമായി പ്രതികരിക്കുന്നു. അപ്പോൾ ആവശ്യമെങ്കിൽ സഹായിക്കാൻ മമ്മിയും ഡാഡിയും അവിടെയുണ്ട്. തങ്ങളുടെ കുട്ടികൾക്കു ക്രമാനുഗതമായ പരിശീലനം ലഭിക്കുന്നുണ്ടെന്നും അങ്ങനെ “സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത” ശുശ്രൂഷകരായിത്തീരുന്നുണ്ടെന്നും മാതാപിതാക്കൾക്ക് ഉറപ്പാക്കാവുന്നതാണ്. ഈവിധം ഒരുമിച്ചുള്ള സുവിശേഷപ്രസംഗം തങ്ങളുടെ കുട്ടിയുടെ ശുശ്രൂഷയിലുള്ള മനോഭാവത്തെയും ഫലപ്രദത്വത്തെയും നല്ല പെരുമാററ രീതികളെയും നിരീക്ഷിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നു. ഒരു പതിവുക്രമം അവലംബിച്ചുകൊണ്ട്, അവർ കുട്ടിയുടെ പുരോഗതി മനസ്സിലാക്കുകയും അവന്റെയോ അവളുടെയോ വിശ്വാസത്തെ ബലിഷ്ഠമാക്കാൻവേണ്ടി പടിപടിയായുള്ള പരിശീലനവും പ്രോത്സാഹനവും നൽകുകയും ചെയ്യുന്നു. അതേ സമയം തങ്ങളുടെ മാതാപിതാക്കൾ ശുശ്രൂഷയിൽ നല്ല ദൃഷ്ടാന്തങ്ങളാണെന്നു കുട്ടികൾ മനസ്സിലാക്കുന്നു. ഏകീകൃതവും ശ്രദ്ധചെലുത്തുന്നതും ആയ ഒരു കുടുംബമെന്ന നിലയിൽ പ്രവർത്തിക്കുന്നതു നിർണായകവും അക്രമാസക്തവുമായ സമയങ്ങളിൽ കുററകൃത്യങ്ങൾ സാധാരണമായിരിക്കുന്ന ചുററുപാടുകളിൽ ഒരളവോളം സുരക്ഷപോലും പ്രദാനം ചെയ്തേക്കാം.—2 തിമൊഥെയൊസ് 2:15; ഫിലിപ്പിയർ 3:16.
11. സത്യത്തോടുള്ള ഒരു കുട്ടിയുടെ തീക്ഷ്ണതയെ എളുപ്പത്തിൽ കുറച്ചുകളയാൻ എന്തിനു കഴിയും?
11 മുതിർന്നവരിലുള്ള ഇരട്ടത്താപ്പു നയം കുട്ടികൾ എളുപ്പത്തിൽ കണ്ടുപിടിക്കുന്നു. മാതാപിതാക്കൾ സത്യത്തോടും വീടുതോറുമുള്ള ശുശ്രൂഷയോടും ഒരു യഥാർഥ സ്നേഹം പ്രകടമാക്കുന്നില്ലെങ്കിൽ കുട്ടികൾ തീക്ഷ്ണതയുള്ളവരായിരിക്കാൻ പ്രതീക്ഷിക്കാൻ കഴിയില്ല. അതിനാൽ, വാരന്തോറും കുട്ടികളോടൊത്തുള്ള ബൈബിളധ്യയനം മാത്രം വയൽസേവനമായിട്ടുള്ള ഒരു ആരോഗ്യവാനായ പിതാവ് ഇവർ പ്രായമാകുമ്പോൾ ഒരു കനത്ത വില കൊടുക്കേണ്ടതായി വന്നേക്കാം.—സദൃശവാക്യങ്ങൾ 22:6; എഫെസ്യർ 6:4.
12. ചില കുടുംബങ്ങൾക്കു യഹോവയിൽനിന്നു വിശേഷാലുള്ള ഒരു അനുഗ്രഹം പ്രാപിക്കാൻ കഴിയുന്നതെങ്ങനെ?
12 ചുരുങ്ങിയപക്ഷം ഒരംഗത്തിന് സഭയിൽ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനായി സേവിക്കാൻ കഴിയേണ്ടതിന് ഒരുപക്ഷേ കുടുംബത്തിനു സഹകരിക്കാൻ കഴിയുമെന്നതാണ് “ഏകമനസ്സുള്ളവരാ”യിരിക്കുന്നതിന്റെ ഒരു പ്രയോജനം. ലോകമെമ്പാടും അനേകം കുടുംബങ്ങൾ ഇതു ചെയ്യുന്നു, അവർക്ക് എല്ലാവർക്കും അവരുടെ പയനിയർ കുടുംബാംഗത്തിന്റെ അനുഭവങ്ങളിൽനിന്നും വർധിച്ച ഫലക്ഷമതയിൽനിന്നും അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 13:11; ഫിലിപ്പിയർ 2:1-4.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ ഒത്തൊരുമ
13, 14. (എ) ഏതു സ്ഥിതിവിശേഷങ്ങൾക്ക് ഒരു കുടുംബത്തിന്റെ ഐക്യത്തെ ബാധിക്കാൻ കഴിയും? (ബി) അനേകം കുടുംബപ്രശ്നങ്ങൾ തടയാൻ കഴിയുന്നതെങ്ങനെ?
13 “ഞെരുക്ക”ത്തിന്റെയും “അപകട”ത്തിന്റെയും ഈ പ്രയാസമേറിയ കാലഘട്ടത്തിൽ നമുക്കെല്ലാം സമ്മർദം അനുഭവപ്പെടുന്നു. (2 തിമൊഥെയൊസ് 3:1, റിവൈസ്ഡ് സ്ററാൻഡേഡ് വേർഷൻ; ഫിലിപ്സ്) ജോലിസ്ഥലത്തും സ്കൂളിലും തെരുവിലും, പിന്നെ ഭവനത്തിൽപ്പോലും പ്രശ്നങ്ങളുണ്ട്. ചിലർ മോശമായ ആരോഗ്യത്താലോ വളരെ നാളുകളായുള്ള വൈകാരിക പ്രശ്നങ്ങളാലോ കഷ്ടപ്പെടുന്നു, അതു ചിലപ്പോൾ കുടുംബത്തിൽ പിരിമുറുക്കങ്ങളിലേക്കും തെററിധാരണകളിലേക്കും നയിക്കുന്നു. അത്തരം സ്ഥിതിവിശേഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? ഓരോരുത്തരും ആശയവിനിയമം ചെയ്യാതിരുന്നുകൊണ്ടോ? ഒരേ ഭവനത്തിൽ ആയിരിക്കുമ്പോൾ പോലും സ്വയം ഒററപ്പെട്ടുകൊണ്ടോ? അല്ല. മറിച്ച്, നാം നമ്മുടെ ഉത്കണ്ഠകളെ പറഞ്ഞറിയിക്കേണ്ടതും സഹായം അഭ്യർഥിക്കേണ്ടതും ആവശ്യമാണ്. ഇതിന് ഒരു സ്നേഹമുള്ള കുടുംബവൃത്തത്തിനുള്ളിലല്ലാതെ കൂടുതൽ മെച്ചപ്പെട്ട വേറെ ഏതു സ്ഥലമാണുള്ളത്?—1 കൊരിന്ത്യർ 16:14; 1 പത്രൊസ് 4:8.
14 ഏതൊരു ഡോക്ടർക്കും അറിയാവുന്നതുപോലെ, ചികിത്സയെക്കാൾ ഭേദം രോഗപ്രതിരോധമാണ്. കുടുംബപ്രശ്നങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. തുറന്നതും ആത്മാർഥവുമായ ചർച്ചയ്ക്കു പലപ്പോഴും പ്രശ്നങ്ങൾ ഗൗരവമായിത്തീരുന്നതു തടയാനാകും. ഗൗരവമുള്ള പ്രശ്നങ്ങൾ പൊന്തിവന്നാൽപ്പോലും ഉൾപ്പെട്ടിരിക്കുന്ന ബൈബിൾതത്ത്വങ്ങൾ കുടുംബം ഒത്തൊരുമിച്ചിരുന്നു പരിചിന്തിക്കുന്നെങ്കിൽ അവ കൈകാര്യം ചെയ്യാനും പരിഹരിക്കാൻ തന്നെയും കഴിയും. കൊലൊസ്സ്യർ 3:12-14വരെയുള്ള പൗലോസിന്റെ വാക്കുകൾ ബാധകമാക്കിക്കൊണ്ടു പലപ്പോഴും ഉരസൽ മിനുസമാർന്ന ബന്ധമാക്കി മാററാനാകും: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; . . . എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”
വിനോദത്തിലെ ഒത്തൊരുമ
15, 16. (എ) ഏതു ഗുണമാണു ക്രിസ്തീയ കുടുംബങ്ങളെ വേർതിരിച്ചറിയിക്കേണ്ടത്? (ബി) ചില മതങ്ങൾ ഏതുതരം ആളുകളെയാണ് ഉത്പാദിപ്പിക്കുന്നത്, എന്തുകൊണ്ട്?
15 യഹോവ സന്തുഷ്ടനായ ദൈവമാണ്, സത്യം ഒരു സന്തോഷകരമായ സന്ദേശവുമാണ്—മനുഷ്യവർഗത്തിനു പ്രത്യാശ നൽകുന്ന ഒന്നുതന്നെ. അതിലുപരി, ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് സന്തോഷം. ഏതെങ്കിലും ഒരു മത്സരക്കളിയിൽ വിജയിക്കുന്ന കായികതാരത്തിന്റെ നൈമിഷിക ഉല്ലാസത്തിൽനിന്നും വളരെയധികം വിഭിന്നമാണ് ഈ സന്തോഷം. അതു യഹോവയുമായി ഒരു ഉററ ബന്ധം നട്ടുവളർത്തുന്നതിന്റെ ഫലമായി ഹൃദയത്തിൽ നിറഞ്ഞൊഴുകുന്നതും ആഴത്തിൽ നിലനിർത്തപ്പെടുന്നതുമായ സംതൃപ്തിയുടെ വികാരമാണ്. അതു ദൈവം അടിസ്ഥാനമായിട്ടുള്ള സന്തോഷമാണ്. ആത്മീയ മൂല്യങ്ങളിലും പരിപുഷ്ടിപ്പെടുത്തുന്ന ബന്ധങ്ങളിലും വേരൂന്നിയതാണ് ഈ സന്തോഷം.—ഗലാത്യർ 5:22; 1 തിമൊഥെയൊസ് 1:11.
16 അതുകൊണ്ട്, യഹോവയുടെ ക്രിസ്തീയ സാക്ഷികളെന്ന നിലയിൽ മ്ലാനരോ നർമബോധമില്ലാത്തവരോ ആയിരിക്കാൻ നമുക്ക് ഒരു കാരണവുമില്ല. ചില മതങ്ങൾ അതുപോലുള്ള ആളുകളെ ഉത്പാദിപ്പിക്കുന്നു, കാരണം അവരുടെ വിശ്വാസത്തിന്റെ സ്വഭാവം നിഷേധാത്മക ഘടകങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു. അവരുടെ പഠിപ്പിക്കലുകൾ ബൈബിൾപരമോ സമനിലയുള്ളതോ അല്ലാത്ത മ്ലാനമായ, സന്തോഷരഹിതമായ ആരാധനാരീതിയിൽ കലാശിക്കുന്നു. അവർ ദൈവസേവനത്തിൽ സന്തുഷ്ടരായ കുടുംബങ്ങളെ ഉത്പാദിപ്പിക്കുന്നില്ല. യേശു വിനോദത്തിന്റെയും വിശ്രമത്തിന്റെയും ആവശ്യം കണ്ടു. ഉദാഹരണത്തിന്, ഒരു സന്ദർഭത്തിൽ അവിടുന്നു ശിഷ്യൻമാരോട് “ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ” എന്ന് ആവശ്യപ്പെട്ടു.—മർക്കൊസ് 6:30-32; സങ്കീർത്തനം 126:1-3; യിരെമ്യാവു 30:18, 19.
17, 18. ക്രിസ്തീയ കുടുംബങ്ങൾ വിനോദത്തിലേർപ്പെട്ടേക്കാവുന്ന ഉചിതമായ വിധങ്ങൾ ഏതെല്ലാം?
17 അതുപോലെ കുടുംബങ്ങൾക്കു വിനോദത്തിനായി സമയം ആവശ്യമാണ്. ഒരു പിതാവ് തന്റെ കുട്ടികളെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഒരുമിച്ചു പല നേരമ്പോക്കുകളിലും ഏർപ്പെടുന്നു—കടൽത്തീരത്തു പോകുന്നു, പാർക്കിൽ പന്തു കളിക്കുന്നു, മലകളിലേക്കു വിനോദയാത്രകൾ നടത്തുന്നു. ചിലപ്പോഴൊക്കെ, ശുശ്രൂഷയിൽ ഞങ്ങൾ ഒരുമിച്ച് ‘ഒരു പയനിയർ ദിനം’ ചെലവഴിക്കും; പിന്നെ ആഘോഷപൂർവം ഒരു വിശേഷപ്പെട്ട ഭക്ഷണവും, ചിലപ്പോൾ ഞങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുക പോലും ചെയ്യും.”
18 മാതാപിതാക്കൾ പരിഗണിച്ചേക്കാവുന്ന മററു ചില നിർദേശങ്ങൾ മൃഗശാലകളിലേക്കും വിനോദത്തിനു വ്യത്യസ്ത ഉപാധികൾ നിറഞ്ഞ പാർക്കുകളിലേക്കും (amusement parks) കാഴ്ചബംഗ്ലാവിലേക്കും മററു രസകരമായ സ്ഥലങ്ങളിലേക്കും കുടുംബ വിനോദയാത്രകൾ നടത്തലാണ്. ചെറുകാടുകളിലൂടെയുള്ള പദയാത്ര, പക്ഷിനിരീക്ഷണം, പൂന്തോട്ടനിർമാണം എന്നിവയെല്ലാം ആസ്വാദനപൂർവം പങ്കുകൊള്ളാവുന്ന പ്രവർത്തനങ്ങളാണ്. മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതിനോ പ്രായോഗികമായ ഒരു ഹോബിയിലേർപ്പെടുന്നതിനോ പ്രോത്സാഹിപ്പിക്കാനും കഴിയും. തീർച്ചയായും സമനിലയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമൊത്തു കളിക്കാൻ സമയം കണ്ടെത്തും. കുടുംബങ്ങൾ ഒരുമിച്ചു കളിക്കുന്നെങ്കിൽ അവർ ഒരുമിച്ചു നിലകൊള്ളാനുള്ള സാധ്യത കൂടുതലാണ്!
19. ഏത് ആധുനിക പ്രവണത കുടുംബത്തിനു ദോഷം വരുത്തിക്കൂട്ടിയേക്കാം?
19 വിനോദത്തിന്റെ കാര്യം വരുമ്പോൾ കുടുംബത്തിൽനിന്നു വേർപെട്ടുനിൽക്കാനും സ്വന്ത ഇഷ്ടാനുസാരം പ്രവർത്തിക്കാനും ആഗ്രഹിക്കുന്നുവെന്നതാണ് യുവാക്കളെ സംബന്ധിച്ച ആധുനിക പ്രവണത. ഒരു യുവാവിന് ഒരു ഹോബിയുണ്ടായിരിക്കുന്നതിലോ വ്യക്തിപരമായി ഇഷ്ടപ്പെട്ട ഒരു നേരമ്പോക്കുണ്ടായിരിക്കുന്നതിലോ ദോഷമൊന്നും ഇല്ലെങ്കിലും കുടുംബത്തിലെ ശേഷിക്കുന്നവരിൽനിന്നു സ്ഥിരമായ ഒരു വേർപാടു സൃഷ്ടിക്കാൻ അത്തരം താത്പര്യങ്ങളെ അനുവദിക്കുന്നതു ബുദ്ധിയായിരിക്കില്ല. പ്രത്യുത, പൗലോസ് അപ്പോസ്തലൻ പ്രസ്താവിച്ച തത്ത്വം ബാധകമാക്കാൻ നാം ആഗ്രഹിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.”—ഫിലിപ്പിയർ 2:4.
20. സമ്മേളനങ്ങളും കൺവെൻഷനുകളും സന്തോഷകരമായ സമയങ്ങളായിരിക്കാൻ കഴിയുന്നതെങ്ങനെ?
20 കൺവെൻഷനുകളിലും സമ്മേളനങ്ങളിലും കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നതു കാണുന്നതു നമുക്കെല്ലാവർക്കും എന്തൊരു സന്തോഷമാണ്! അതുവഴി പലപ്പോഴും മുതിർന്ന കുട്ടികൾക്ക് ഇളയവരെ സഹായിക്കാൻ കഴിയുന്നു. അത്തരം ഒരു ക്രമീകരണം പിറകിലെ നിരകളിൽ കൂട്ടംകൂടി ഇരുന്നു കൺവെൻഷൻ പരിപാടിക്കു തീരെ കുറഞ്ഞ ശ്രദ്ധ കൊടുക്കുന്ന ചില യുവജനങ്ങളുടെ പ്രവണതയെ തടയുക കൂടി ചെയ്യുന്നു. ഏതു വഴിയെ പോകണം, പോകുംവഴി ഏതെല്ലാം സ്ഥലങ്ങൾ സന്ദർശിക്കണം, എവിടെ താമസിക്കണം എന്നിവയെക്കുറിച്ചെല്ലാം കുടുംബവുമായി ചർച്ച ചെയ്യുകയാണെങ്കിൽ കൺവെൻഷൻ സ്ഥലത്തേക്കുള്ള യാത്രയും മടക്കയാത്രയും പോലും ഉല്ലാസപ്രദമായിരിക്കാവുന്നതാണ്. യേശുവിന്റെ നാളിൽ കുടുംബങ്ങൾക്ക് ഒരുമിച്ചു യരൂശലേംവരെ യാത്ര ചെയ്യാൻ കഴിഞ്ഞത് എന്തുമാത്രം രസകരമായ സമയമായിരുന്നിരിക്കണം എന്ന് ഭാവനയിൽ കാണുക!—ലൂക്കൊസ് 2:41, 42.
ഒത്തൊരുമയുടെ അനുഗ്രഹങ്ങൾ
21. (എ) വിവാഹജീവിതത്തിലെ വിജയത്തിനുവേണ്ടി നമുക്ക് എങ്ങനെ കഠിനപ്രയത്നം ചെയ്യാനാകും? (ബി) നിലനിൽക്കുന്ന ഒരു വിവാഹത്തിനുവേണ്ടിയുള്ള നാലു നിർദേശങ്ങൾ ഏതെല്ലാം?
21 വിജയകരമായ വിവാഹജീവിതങ്ങളും ഏകീകൃത കുടുംബങ്ങളും യാഥാർഥ്യമാക്കുക എന്നത് ഒരിക്കലും അത്രക്ക് എളുപ്പമായിരുന്നിട്ടില്ല, അവ ആകസ്മികമായി സംഭവിക്കുന്നുമില്ല. ശ്രമം ഉപേക്ഷിച്ച് വിവാഹമോചനത്തിലൂടെ ബന്ധം വേർപെടുത്തി വീണ്ടും ആദ്യംമുതൽ ആരംഭിക്കാൻ ശ്രമിക്കുന്നതും ചിലർ എളുപ്പമായി കണ്ടെത്തുന്നു. എന്നിരുന്നാലും, രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹത്തിലും അതേ പ്രശ്നങ്ങൾതന്നെ പലപ്പോഴും അവരെ ബാധിക്കുന്നു. ഏറെ മെച്ചപ്പെട്ട ഒരു പരിഹാരം ക്രിസ്തീയമായ ഒന്നാണ്: സ്നേഹത്തിന്റെയും ആദരവിന്റെയും ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടു വിജയത്തിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തുക. ഏകീകൃത കുടുംബം നിസ്വാർഥതയുടെ, വിട്ടുവീഴ്ചയുടെ ഒരു ആത്മാവിൽ ആശ്രയിച്ചിരിക്കുന്നു. ഒരു വിവാഹോപദേഷ്ടാവ് വിവാഹത്തെ നിലനിൽക്കുന്നതാക്കാൻ ഒരു ലളിതമായ സമവാക്യം മുന്നോട്ടുവെക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “മിക്കവാറും ഉത്തമമായ എല്ലാ വിവാഹങ്ങളിലും കാണപ്പെടുന്ന നാലു നിർണായക ഘടകങ്ങൾ ശ്രദ്ധിക്കാനുള്ള മനസ്സൊരുക്കം, ക്ഷമാപണം നടത്താനുള്ള പ്രാപ്തി, പൊരുത്തമുള്ള വൈകാരിക പിന്തുണ പ്രദാനം ചെയ്യാനുള്ള കഴിവ്, വാത്സല്യപൂർവം സ്പർശിക്കാനുള്ള ആഗ്രഹം എന്നിവയാണ്.” ഈ ഘടകങ്ങൾക്കു തീർച്ചയായും ഒരു വിവാഹത്തെ നിലനിൽക്കുന്നതാക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അവ അടിസ്ഥാനപ്പെട്ടിരിക്കുന്നതും സയുക്തികമായ ബൈബിൾതത്ത്വങ്ങളിൽ തന്നെയാണ്.—1 കൊരിന്ത്യർ 13:1-8; എഫെസ്യർ 5:33; യാക്കോബ് 1:19.
22. ഒരു ഏകീകൃത കുടുംബമുണ്ടായിരിക്കുന്നതിൽ നിന്നുമുള്ള ഏതാനും പ്രയോജനങ്ങൾ ഏവ?
22 നാം ബൈബിൾ ബുദ്ധ്യുപദേശം പിൻപററുന്നെങ്കിൽ ഏകീകൃത കുടുംബത്തിനായുള്ള ഒരു ഈടുററ അടിത്തറ നമുക്കുണ്ടായിരിക്കും, ഏകീകൃതവും ആത്മീയമായി ബലിഷ്ഠവും ആയ ഒരു സഭയുടെ അടിസ്ഥാനം ഏകീകൃത കുടുംബങ്ങളാണ്. അങ്ങനെ, നാം ഏകീകൃതമായി യഹോവക്കു വർധിച്ച സ്തുതി സമർപ്പിക്കുമ്പോൾ നമുക്കു യഹോവയിൽനിന്നു സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a “കുടുംബം എന്നതിന്റെ ഇംഗ്ലീഷ് പദമായ ഫാമിലി ഫാമിലിയ എന്ന ലത്തീൻ പദത്തിൽനിന്നു വരുന്നു, അടിസ്ഥാനപരമായി ഒരു വലിയ കുടുംബത്തിലെ ഭൃത്യരും അടിമകളും, പിന്നെ കുടുംബനാഥനും ഭാര്യയും കുട്ടികളും—ജോലിക്കാരും.”—എറിക് പാട്രിഡ്ജിന്റെ ഒറിജിൻസ്—എ ഷോർട്ട് എററിമോളജിക്കൽ ഡിക്ഷ്ണറി ഓഫ് മോഡേൺ ഇംഗ്ലീഷ്.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നതു കുടുംബങ്ങൾക്കു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ നിരന്തരമായ ഒരു കുടുംബ ബൈബിളധ്യയനം സർവപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമൊത്തു വയൽശുശ്രൂഷയിൽ ഏർപ്പെടുന്നത് ഉത്തമമായിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ പ്രശ്നങ്ങൾ കുടുംബവൃത്തത്തിനുള്ളിൽ ചർച്ച ചെയ്യുന്നത് സഹായം ചെയ്യുന്നതെന്തുകൊണ്ട്?
◻ ക്രിസ്തീയ കുടുംബങ്ങൾ വിഷണ്ണരും സന്തോഷരഹിതരും ആയിരിക്കാൻ പാടില്ലാത്തത് എന്തുകൊണ്ടാണ്?
[17-ാം പേജിലെ ചിത്രം]
ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളുടെ കുടുംബം ഒത്തൊരുമിച്ചു ഭക്ഷണം ആസ്വദിക്കാറുണ്ടോ?
[18-ാം പേജിലെ ചിത്രം]
കുടുംബ വിനോദയാത്രകൾ വിനോദപരവും ആസ്വാദ്യവുമായിരിക്കണം