പരിഹാസികളെ സൂക്ഷിക്കുക!
ഇന്ന് ഭാവികഥനം വിപുല വ്യാപകമാണ്. ഭാവികഥന വിദ്യ തഴച്ചു വളരുന്ന ഒരു ബിസിനസ് ആയിരിക്കുന്നു. “2000-ാമാണ്ട് പടിവാതിൽക്കൽ നിൽക്കവേ അസാധാരണമായ—എങ്കിലും, തികച്ചും അപ്രതീക്ഷിതമെന്നു പറയാനാകാത്ത—ഒരു കാര്യം സംഭവിക്കുകയാണ്. ലോകമെമ്പാടും ഉള്ള ആയിരക്കണക്കിന് ആളുകൾ ഭാവിയെക്കുറിച്ച് വിചിത്രവും ഭീതിദവുമായ ദർശനങ്ങൾ കാണുന്നു” എന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് അഭിപ്രായപ്പെടുന്നു. ഭാവികാര്യങ്ങളിൽ ആളുകൾ അങ്ങേയറ്റം താത്പര്യം എടുക്കുന്നത് മുമ്പു നിറവേറാതെപോയ പ്രതീക്ഷകൾ അവർ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് എന്നു നിരീക്ഷകരായ പലരും അഭിപ്രായപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ കുതിര വണ്ടികൾ വർധിച്ചപ്പോൾ, കാലക്രമത്തിൽ യൂറോപ്യൻ നഗരങ്ങളിൽ കുതിരച്ചാണകത്തിന്റെ കളിയായിരിക്കുമെന്ന് ഒരു മനുഷ്യൻ പ്രവചിച്ചു. നിസ്സംശയമായും അയാളുടെ പ്രവചനം പൊള്ളയെന്നു തെളിഞ്ഞു. അങ്ങനെ, ഭാവികഥനങ്ങൾ മിക്കപ്പോഴും പൊള്ളയെന്നു തെളിയുന്നതിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ലണ്ടനിലെ ദ ടൈംസ് ഇങ്ങനെ പ്രസ്താവിച്ചു: “ഭാവി കേവലം ഒരു കൂന കുതിരച്ചാണകമാണ്.”
മറ്റു ചിലർ തൊട്ടുമുന്നിൽ അപകടം ദർശിക്കുന്നവരെ പരിഹസിക്കുന്നു. ഉദാഹരണത്തിന്, ഒരു യു.എസ്. സർവകലാശാലയിലെ വാണിജ്യ പ്രൊഫസർ, പരിസ്ഥിതി അപചയത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നവരെ വെല്ലുവിളിച്ചു. അവസ്ഥ മോശമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ ബെറ്റുവെക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ന്യൂ സയൻറിസ്റ്റ് മാഗസിനിൽ റിപ്പോർട്ടു ചെയ്തപ്രകാരം, “നമ്മുടെ ജീവിത നിലവാരം മെച്ചപ്പെട്ടു വരികയാണ്, അതു തുടർന്നും മെച്ചപ്പെട്ടുകൊണ്ടേയിരിക്കും” എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അവകാശവാദങ്ങളുടെയും എതിർ വാദങ്ങളുടെയും ചുഴിയിൽ, സകലതും അടിസ്ഥാനപരമായി മാറ്റമൊന്നുമില്ലാതെ തുടരുമെന്ന് അനേകരും വിശ്വസിക്കുന്നു. മനുഷ്യ കാര്യാദികളിൽ ദിവ്യ ഇടപെടലുണ്ടാകും എന്ന ആശയത്തെ പരിഹസിച്ചുകൊണ്ട് അവർ പൊ.യു. ഒന്നാം നൂറ്റാണ്ടിലെ പരിഹാസികളുടെതിനു സമാനമായ മനോഭാവം പ്രകടമാക്കുന്നു.
സകലതും ആരംഭത്തിലേതുപോലെതന്നെയോ?
പൊ.യു. ഏതാണ്ട് 64-ൽ എഴുതിയ തന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: ‘സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരും.’—2 പത്രൊസ് 3:4.
തങ്ങൾ പരിഹസിച്ചു തള്ളുന്ന വിഷയം ആക്ഷേപാർഹം ആണെന്നു വരുത്താൻ പരിഹാസികൾ ശ്രമിക്കുന്നു. പരിഹാസത്തിനു വശംവദനാകുന്ന ആൾ സ്വാർഥതയുടെ കെണിയിലായിരിക്കും അകപ്പെടുന്നത്. കാരണം, മിക്കപ്പോഴും പരിഹാസി ആഗ്രഹിക്കുന്നത് താൻ പറയുന്നതു ശ്രദ്ധിക്കുന്നയാൾ തന്റെ വീക്ഷണം പിൻപറ്റാനാണ്. ഒരുപക്ഷേ, പത്രൊസ് മുന്നറിയിപ്പു നൽകിയ ചില പരിഹാസികൾ, “സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന” ഇത്തരക്കാർ ആയിരുന്നിരിക്കണം. തന്റെ വായനക്കാരെ ജാഗരൂകർ ആക്കിക്കൊണ്ട് ആ അപ്പോസ്തലൻ ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പദപ്രയോഗം ഉപയോഗിച്ചു. ‘പരിഹാസികൾ പരിഹാസത്തോടെ’ വരുമെന്ന് അവൻ മുന്നറിയിപ്പു നൽകി.
ഒന്നാം നൂറ്റാണ്ടിലെ ആ പരിഹാസികൾ ക്രിസ്തുവിന്റെ “പ്രത്യക്ഷതയുടെ വാഗ്ദത്ത”ത്തെ ഇങ്ങനെ ചോദ്യം ചെയ്തു: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു.” (2 പത്രൊസ് 3:3, 4) അവർക്ക് അങ്ങനെയാണു തോന്നിയത്. എന്നാൽ, യെരൂശലേം നഗരത്തിന്റെ നാശത്തെക്കുറിച്ച് യേശു പൊ.യു. 33-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. “നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുററും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.” ആ മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളിയവർക്ക് എത്ര വലിയ അബദ്ധമാണു പറ്റിയത്! പൊ.യു. 70-ൽ റോമാ സൈന്യം യെരൂശലേമിന് ഉപരോധം ഏർപ്പെടുത്തി ആ നഗരത്തെ നശിപ്പിച്ചു. അസംഖ്യം പേർക്കു ജീവൻ നഷ്ടമായി. നഗരവാസികളിൽ ഭൂരിഭാഗവും ആ ദുരന്തത്തെ നേരിടാൻ ഒരുങ്ങാതിരുന്നതിനു കാരണമെന്തായിരുന്നു? തന്റെ പുത്രനായ യേശുവിലൂടെ ദൈവം അവരെ പരിശോധിച്ച് അറിഞ്ഞെന്ന് അവർ വിവേചിക്കാഞ്ഞതുതന്നെ.—ലൂക്കൊസ് 19:43, 44.
സർവശക്തനാം ദൈവത്തിന്റെ ഒരു ഭാവി ഇടപെടലിനെക്കുറിച്ചു പത്രൊസ് അപ്പോസ്തലൻ പരാമർശിക്കുന്നുണ്ട്. “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും,” പത്രൊസ് മുന്നറിയിപ്പു നൽകുന്നു. (2 പത്രൊസ് 3:10) അന്നു ദൈവം ഗോളമെമ്പാടുമുള്ള ഭക്തികെട്ടവരെ നീക്കം ചെയ്യും. നീതിമാന്മാരെന്നു ഗണിക്കപ്പെടുന്നവർ പരിരക്ഷിക്കപ്പെടും. ഈ പത്രിക ആവർത്തിച്ചു വിശദീകരിച്ചിട്ടുള്ളതുപോലെ, ക്രിസ്തുയേശുവിന്റെ “സാന്നിധ്യം” 1914-ൽ തുടങ്ങി. എന്നാൽ, ദൈവത്താലുള്ള വധനിർവാഹകൻ എന്ന നിലയിൽ അവൻ നടപടി സ്വീകരിക്കാൻ ഇരിക്കുന്നതേയുള്ളൂ. തന്മൂലം, പരിഹാസികളെ സൂക്ഷിക്കുകയെന്ന അപ്പോസ്തലന്റെ മുന്നറിയിപ്പ് ഇന്ന് എന്നത്തേക്കാളും അടിയന്തിര ശ്രദ്ധയർഹിക്കുന്നു.
മാനുഷ കാര്യാദികളിൽ ദൈവം ഇടപെടാൻ നിങ്ങൾ ദീർഘകാലമായി നോക്കിപ്പാർത്തിരിക്കുകയാകാം. പരിഹാസികളുടെ കെണിയിലകപ്പെടാതെ ക്ഷമാപൂർവം കാത്തിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? ദയവായി തുടർന്നുള്ള ലേഖനം വായിക്കുക.
[4-ാം പേജിലെ ആകർഷകവാക്യം]
“നിന്റെ ശത്രുക്കൾ നിനക്കു ചുററും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി . . . നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.” അതു പരിഹസിച്ചു തള്ളാവുന്ന മുന്നറിയിപ്പ് ആയിരുന്നില്ല. റോമാ സൈന്യം യെരൂശലേമിനെ നശിപ്പിച്ചു, അസംഖ്യം ആളുകൾക്കു ജീവൻ നഷ്ടമായി.