യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുക
‘പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരും.’—2 പത്രൊസ് 3:4.
1. ഒരു ആധുനികകാല ക്രിസ്ത്യാനിക്ക് എങ്ങനെയുള്ള അടിയന്തിരതാബോധമാണ് ഉണ്ടായിരുന്നത്?
അറുപത്താറ് വർഷത്തിലധികം മുഴുസമയ ശുശ്രൂഷകനായിരുന്ന ഒരു വ്യക്തി ഇങ്ങനെയെഴുതി: “എനിക്കെപ്പോഴും സൂക്ഷ്മമായ അടിയന്തിരതാബോധം തോന്നിയിട്ടുണ്ട്. അർമഗെദോൻ മറ്റന്നാൾ വരുമെന്നാണ് എപ്പോഴും ഞാൻ ചിന്തിക്കുന്നത്. (വെളിപ്പാടു 16:14, 16) എന്റെ അച്ഛനെയും മുത്തച്ഛനെയും പോലെതന്നെ, ‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്ന അപ്പോസ്തലന്റെ [പത്രൊസിന്റെ] ആഹ്വാനപ്രകാരമാണു ഞാൻ ജീവിച്ചിട്ടുള്ളത്. വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകം ‘കാണാത്തതാണെങ്കിലും’ അതിനെ ‘ഒരു യാഥാർഥ്യ’മായി ഞാൻ എന്നും വീക്ഷിച്ചിരിക്കുന്നു.”—2 പത്രൊസ് 3:11, 12; എബ്രായർ 11:1; NW; യെശയ്യാവു 11:6-9; വെളിപ്പാടു 21:3-5എ.
2. യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുക എന്നതിന്റെ അർഥമെന്ത്?
2 യഹോവയുടെ ദിവസം ‘മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്ന പത്രൊസിന്റെ പ്രയോഗത്തിന്റെ അർഥം അത് അകലെയാണെന്നു നാം വിചാരിക്കരുത് എന്നാണ്. വാഗ്ദത്തം ചെയ്തിരിക്കുന്ന തന്റെ പുതിയലോകം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ദൈവം ഈ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന ദിവസം വളരെ സമീപമാണെന്നു നാം മറക്കരുത്. നാം വ്യക്തമായി കാണുന്നതുപോലെതന്നെ, നമ്മുടെ തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്നതുപോലെതന്നെ, വളരെ യഥാർഥമായിരിക്കണം അത്. പുരാതനകാലത്തെ ദൈവത്തിന്റെ പ്രവാചകന്മാർക്ക് അത് എത്രയധികം യഥാർഥമായിരുന്നെന്നോ! അതു സമീപത്തായിരിക്കുന്നതിനെക്കുറിച്ച് അവർ മിക്കപ്പോഴും സംസാരിച്ചു.—യെശയ്യാവു 13:6; യോവേൽ 1:15; 2:1; ഓബദ്യാവു 15; സെഫന്യാവു 1:7, 14.
3. യഹോവയുടെ ദിവസം സംബന്ധിച്ചു ബുദ്ധ്യുപദേശം നൽകാൻ പ്രത്യക്ഷത്തിൽ പത്രൊസിനെ പ്രേരിപ്പിച്ചതെന്താണ്?
3 പ്രതീകാത്മകമായി പറഞ്ഞാൽ, “മറ്റന്നാൾ” വരുമെന്നതുപോലെ നാം യഹോവയുടെ ദിവസത്തെ വീക്ഷിക്കണമെന്നു പത്രൊസ് നമ്മെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ടാണ്? ദുഷ്പ്രവൃത്തിക്കാർ ശിക്ഷിക്കപ്പെടുന്ന സമയമായ ക്രിസ്തുവിന്റെ വാഗ്ദത്ത സാന്നിധ്യമെന്ന ആശയത്തെ ചിലർ വ്യക്തമായും പരിഹസിക്കാൻ തുടങ്ങിയിരുന്നു എന്നതാണു കാരണം. (2 പത്രൊസ് 3:3, 4) അതുകൊണ്ട് പത്രൊസ് തന്റെ രണ്ടാം ലേഖനത്തിന്റെ 3-ാം അധ്യായത്തിൽ ആ പരിഹാസികളുടെ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നു. ആ അധ്യായമാണു നാമിനി പരിചിന്തിക്കാൻ പോകുന്നത്.
ഓർമിക്കാനൊരു ഹൃദ്യമായ ആഹ്വാനം
4. നാം എന്ത് ഓർക്കാനാണു പത്രൊസ് ആഗ്രഹിക്കുന്നത്?
4 ഈ അധ്യായത്തിൽ പത്രൊസ് തന്റെ സഹോദരങ്ങളെ “പ്രിയമുള്ളവരേ” എന്ന് ആവർത്തിച്ചാവർത്തിച്ചു സംബോധന ചെയ്യുന്നതിൽ അവരോടുള്ള അവന്റെ വാത്സല്യം പ്രകടമാകുന്നു. പഠിപ്പിച്ച കാര്യങ്ങൾ മറക്കരുതെന്നു ഹൃദ്യമായി ആഹ്വാനം ചെയ്തുകൊണ്ട് പത്രൊസ് തുടങ്ങുന്നു: “പ്രിയമുള്ളവരേ . . . വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു . . . ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.”—2 പത്രൊസ് 3:1, 2, 8, 14, 17; യൂദാ 17.
5. യഹോവയുടെ ദിവസത്തെക്കുറിച്ച് ചില പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതെന്ത്?
5 “വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ” ഏതു ‘വചനങ്ങൾ’ ഓർത്തുകൊള്ളാനാണ് പത്രൊസ് വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നത്? രാജ്യാധികാരത്തിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തെയും ഭക്തികെട്ടവരെ ന്യായംവിധിക്കുന്നതിനെയും കുറിച്ചുള്ളതാണ് ആ വചനങ്ങൾ. ആ വചനങ്ങളിലേക്കു പത്രൊസ് നേരത്തേതന്നെ ശ്രദ്ധ ക്ഷണിച്ചിരുന്നു. (2 പത്രൊസ് 1:16-19; 2:3-10) ദുഷ്പ്രവൃത്തിക്കാരുടെമേൽ വരുന്ന പ്രതികൂല ദൈവന്യായവിധിയെക്കുറിച്ചു മുന്നറിയിപ്പു നൽകിയ രേഖപ്പെടുത്തപ്പെട്ട ആദ്യ പ്രവാചകനെന്ന നിലയിൽ ഹാനോക്കിനെക്കുറിച്ചു യൂദാ പരാമർശിക്കുന്നു. (യൂദാ 14, 15) മറ്റു പ്രവാചകന്മാരും ഹാനോക്കിനെപ്പോലെതന്നെ മുന്നറിയിപ്പു നൽകി. അവർ എഴുതിയ കാര്യങ്ങൾ നാം മറന്നുകളയാൻ പത്രൊസ് ആഗ്രഹിക്കുന്നില്ല.—യെശയ്യാവു 66:15, 16; സെഫന്യാവു 1:15-18; സെഖര്യാവു 14:6-9.
6. ക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും ഏതു വാക്കുകൾ യഹോവയുടെ ദിവസം സംബന്ധിച്ചു നമ്മെ പ്രബുദ്ധരാക്കുന്നു?
6 തന്നെയുമല്ല, “കർത്താവും രക്ഷിതാവുമായവൻ തന്ന കല്പന” ഓർത്തുകൊള്ളാനും പത്രൊസ് തന്റെ വായനക്കാരോടു പറയുന്നുണ്ട്. “നിങ്ങളുടെ ഹൃദയം . . . ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”; “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ” എന്ന ഉദ്ബോധനം യേശുവിന്റെ കൽപ്പനയിൽ ഉൾപ്പെടുന്നു. (ലൂക്കൊസ് 21:34-36; മർക്കൊസ് 13:33) അപ്പോസ്തലന്മാരുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കാനും പത്രൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു . . . ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.”—1 തെസ്സലൊനീക്യർ 5:2, 6.
പരിഹാസികളുടെ അഭിലാഷങ്ങൾ
7, 8. (എ) ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശങ്ങളെ പരിഹസിക്കുന്ന പുരുഷന്മാർ എങ്ങനെയുള്ളവരാണ്? (ബി) പരിഹാസികൾ എന്ത് അവകാശപ്പെടുന്നു?
7 മുമ്പു പറഞ്ഞതുപോലെ, മുൻകാലങ്ങളിലെ ഇസ്രായേല്യർ യഹോവയുടെ പ്രവാചകന്മാരെ പരിഹസിച്ചതുപോലെതന്നെ, ചിലർ അത്തരം മുന്നറിയിപ്പുകളെ പരിഹസിക്കാൻ തുടങ്ങിയിരുന്നുവെന്നതാണ് പത്രൊസ് അങ്ങനെ ഉദ്ബോധിപ്പിക്കാൻ കാരണം. (2 ദിനവൃത്താന്തം 36:16) പത്രൊസ് ഇങ്ങനെ വിശദീകരിക്കുന്നു: “സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 പത്രൊസ് 3:3) ഈ പരിഹാസികളുടെ മോഹങ്ങൾ “ഭക്തികെട്ട”താണെന്ന് യൂദാ പറയുന്നു. “പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ (“ആത്മീയതയില്ലാത്തവർ,” NW)” എന്നാണ് അവൻ അവരെ വിളിക്കുന്നത്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യൂദാ 17-19.
8 ‘മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കു’ന്നുവെന്നു പത്രൊസ് പറഞ്ഞ വ്യാജോപദേഷ്ടാക്കന്മാർ ആത്മീയതയില്ലാത്ത ഈ പരിഹാസികളുടെ കൂട്ടത്തിൽ ഉൾപ്പെടാം. (2 പത്രൊസ് 2:1, 9, 14) വിശ്വസ്ത ക്രിസ്ത്യാനികളോട് അവർ പരിഹാസപൂർവം ചോദിക്കുന്നു: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു.”—2 പത്രൊസ് 3:3, 4.
9. (എ) ദൈവവചനത്തിലെങ്ങുമുള്ള അടിയന്തിരതാബോധത്തിനു തുരങ്കം വെക്കാൻ പരിഹാസികൾ ശ്രമിക്കുന്നതെന്തുകൊണ്ട്? (ബി) യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുന്നത് നമുക്കു സംരക്ഷണമായിരിക്കുന്നതെങ്ങനെ?
9 ഈ പരിഹാസം എന്തിന്? ക്രിസ്തുവിന്റെ സാന്നിധ്യം ഒരിക്കലും ഉണ്ടാകുകയില്ലെന്ന്, ദൈവം മനുഷ്യകാര്യങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന്, ഇനിയൊരിക്കലും ഇടപെടുകയില്ലെന്ന് ധ്വനിപ്പിക്കുന്നതെന്തിന്? ദൈവവചനത്തിലെങ്ങും കാണുന്ന അടിയന്തിരതാബോധത്തിനു തുരങ്കംവെക്കുകവഴി ആത്മീയ വിരക്തിയുടെ ഒരവസ്ഥയിലേക്കു മറ്റുള്ളവരെ തള്ളിവിട്ടുകൊണ്ട് സ്വാർഥപരമായ വശീകരണത്തിന് അവരെ എളുപ്പത്തിൽ ഇരകളാക്കാനാണ് ഈ മൃഗസമാന പരിഹാസികൾ ശ്രമിക്കുന്നത്. ആത്മീയ ഉണർവുള്ളവരായി തുടരാൻ ഇന്ന് എത്ര ശക്തമായ പ്രോത്സാഹനമാണ് അത്! നമുക്കു യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്താം, അവന്റെ കണ്ണുകൾ നമ്മുടെമേലുണ്ടെന്ന് എപ്പോഴും ഓർത്തിരിക്കാം! അങ്ങനെ ഉത്സാഹത്തോടെ യഹോവയെ സേവിക്കാനും നമ്മുടെ ധാർമിക സംശുദ്ധി നിലനിർത്താനും നാം പ്രേരിതരായിത്തീരും.—സങ്കീർത്തനം 11:4; യെശയ്യാവു 29:15; യെഹെസ്കേൽ 8:12; 12:27; സെഫന്യാവു 1:12.
മനപ്പൂർവമായി, നിന്ദ്യമായി
10. പരിഹാസികൾക്കു തെറ്റു സംഭവിച്ചിരിക്കുന്നുവെന്നു പത്രൊസ് തെളിയിക്കുന്നതെങ്ങനെ?
10 ഒരു സുപ്രധാന വസ്തുത അത്തരം പരിഹാസികൾ അവഗണിക്കുന്നു. അവർ മനപ്പൂർവം അത് അവഗണിക്കുകയും മറ്റുള്ളവർ അതു മറന്നുപോകാൻ ഇടയാക്കുകയും ചെയ്യുന്നു. എന്തിന്? ആളുകളെ കൂടുതൽ എളുപ്പത്തിൽ വശീകരിക്കുന്നതിന്. “അവർ മനസ്സോടെ [“ഈ വസ്തുത,” NW] മറന്നുകളയുന്നു” എന്നു പത്രൊസ് എഴുതുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഏതു വസ്തുത? “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും” ഉള്ള വസ്തുത. (2 പത്രൊസ് 3:5, 6) അതേ, നോഹയുടെ നാളിലെ ജലപ്രളയത്തിൽ യഹോവ ഭൂമിയിലെ ദുഷ്ടത അവസാനിപ്പിച്ചു. യേശുവും ഊന്നിപ്പറഞ്ഞ ഒരു വസ്തുതയാണത്. (മത്തായി 24:37-39; ലൂക്കൊസ് 17:26, 27; 2 പത്രൊസ് 2:5) അതുകൊണ്ട്, പരിഹാസികൾ പറയുന്നതിനു വിരുദ്ധമായി, സകലവും “സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ” ആയിരുന്നിട്ടില്ല.
11. അകാലത്തിലുള്ള ഏതു പ്രതീക്ഷകൾ നിമിത്തമാണ് ആദിമ ക്രിസ്ത്യാനികൾ ചിലരുടെ പരിഹാസത്തിനു പാത്രമായത്?
11 നിവൃത്തിയാകാഞ്ഞ പ്രതീക്ഷകൾ അപ്പോഴും വെച്ചുപുലർത്തിയിരുന്നതിനാൽ വിശ്വസ്ത ക്രിസ്ത്യാനികളെ പരിഹാസികൾ കളിയാക്കിയിരുന്നിരിക്കാം. “ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടു”മെന്നായിരുന്നു യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് അവന്റെ ശിഷ്യന്മാർ വിചാരിച്ചിരുന്നത്. അതുകൊണ്ട്, രാജ്യം ഉടനെ സ്ഥാപിക്കപ്പെടുമോ എന്ന് യേശുവിന്റെ പുനരുത്ഥാനശേഷം അവർ ചോദിച്ചു. തന്നെയുമല്ല, പത്രൊസ് തന്റെ രണ്ടാമത്തെ ലേഖനമെഴുതുന്നതിന് ഏതാണ്ട് പത്തു വർഷം മുമ്പു ചിലർ “കർത്താവിന്റെ നാൾ [“യഹോവയുടെ ദിവസം,” NW] അടുത്തിരിക്കുന്നു എന്നുവെച്ചു” അപ്പോസ്തലനായ പൗലൊസിൽനിന്നോ അവന്റെ സുഹൃത്തുക്കളിൽനിന്നോ ഉള്ളതായിരിക്കാമെന്നു കരുതുന്ന ഒരു “വചനത്താലോ” “ലേഖനത്താലോ” ‘ഇളകി’യിരുന്നു. (ലൂക്കൊസ് 19:11; 2 തെസ്സലൊനീക്യർ 2:2; പ്രവൃത്തികൾ 1:6) എന്നിരുന്നാലും, യേശുവിന്റെ ശിഷ്യന്മാരുടെ അത്തരം പ്രതീക്ഷകൾ തെറ്റായിരുന്നില്ല, അകാലത്തിലുള്ളതായിരുന്നു. യഹോവയുടെ ദിവസം തീർച്ചയായും വരും!
ദൈവവചനം ആശ്രയയോഗ്യം
12. “യഹോവയുടെ ദിവസം” സംബന്ധിച്ച പ്രവചനങ്ങളുടെ കാര്യത്തിൽ ദൈവവചനം ആശ്രയയോഗ്യമെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
12 മുമ്പു സൂചിപ്പിച്ചതുപോലെ, യഹോവയുടെ പ്രതികാരദിവസം സമീപമാണെന്നു ക്രിസ്തീയപൂർവ പ്രവാചകന്മാർ മിക്കപ്പോഴും മുന്നറിയിപ്പു നൽകിയിരുന്നു. ചെറിയ തോതിലുള്ള “യഹോവയുടെ ദിവസം” പൊ.യു.മു. 607-ൽ വരുകയുണ്ടായി. അന്ന് യഹോവ വഴിപിഴച്ച തന്റെ ജനത്തിന്മേൽ പ്രതികാരം നടത്തി. (സെഫന്യാവു 1:14-18) പിന്നീട്, ബാബിലോനും ഈജിപ്തും ഉൾപ്പെടെയുള്ള മറ്റു പല ജനതകൾക്കും അത്തരത്തിലുള്ള “യഹോവയുടെ ദിവസം” അനുഭവിക്കേണ്ടതായിവന്നു. (യെശയ്യാവു 13:6-9; യിരെമ്യാവു 46:1-10; ഓബദ്യാവു 15) ഒന്നാം നൂറ്റാണ്ടിലെ യഹൂദ വ്യവസ്ഥിതിയുടെ അന്ത്യവും മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു. പൊ.യു. 70-ൽ റോമാസൈന്യങ്ങൾ യഹൂദ്യയെ നശിപ്പിച്ചപ്പോൾ അതു സംഭവിക്കുകയുണ്ടായി. (ലൂക്കൊസ് 19:41-44; 1 പത്രൊസ് 4:7) എന്നാൽ പത്രൊസ് വിരൽചൂണ്ടുന്നത് ഭാവിയിൽ വരാൻ പോകുന്ന “യഹോവയുടെ ദിവസ”ത്തിലേക്കാണ്. വ്യാപ്തിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ആഗോള ജലപ്രളയം പോലും അതിനോടുള്ള താരതമ്യത്തിൽ നിഷ്പ്രഭമായിപ്പോകും!
13. ഈ വ്യവസ്ഥിതിയുടെ സമാപനം സുനിശ്ചിതമാണെന്നു കാണിക്കുന്ന ചരിത്രദൃഷ്ടാന്തമേത്?
13 “അതേ വചനത്താൽ” എന്നു പറഞ്ഞുകൊണ്ടാണ് വരാൻ പോകുന്ന ആ നാശത്തെക്കുറിച്ചുള്ള തന്റെ വർണന പത്രൊസ് തുടങ്ങുന്നത്. “ദൈവത്തിന്റെ വചനത്താൽ” ജലപ്രളയത്തിനു മുമ്പത്തെ ലോകം “വെള്ളത്തിൽനിന്നും വെള്ളത്താലും” നിന്നുവെന്ന് അവൻ പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തിൽ വർണിച്ചിരിക്കുന്ന ഈ സ്ഥിതിവിശേഷം ദൈവത്തിന്റെ നിർദേശത്താൽ അഥവാ വചനത്താൽ ജലം കോരിച്ചൊരിയപ്പെട്ടപ്പോൾ പ്രളയം സാധ്യമാക്കിത്തീർത്തു. പത്രൊസ് തുടരുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ [ദൈവ]വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു.” (2 പത്രൊസ് 3:5-7; ഉല്പത്തി 1:6-8) അതു സംബന്ധിച്ചു നമുക്കു യഹോവയുടെ ആശ്രയയോഗ്യമായ വചനമുണ്ട്! അവൻ തന്റെ മഹാദിവസത്തിലെ ഉഗ്രകോപത്തിൽ ‘ആകാശത്തിനും ഭൂമിക്കും’—ഈ വ്യവസ്ഥിതിക്ക്—അവസാനം വരുത്തും! (സെഫന്യാവു 3:8) എന്നാൽ എപ്പോൾ?
അന്ത്യം വരാനുള്ള ആകാംക്ഷ
14. നാമിപ്പോൾ ‘അന്ത്യകാലത്താ’ണു ജീവിക്കുന്നതെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
14 അന്ത്യം എപ്പോൾ വരുമെന്നു ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് അറിയണമെന്നുണ്ടായിരുന്നു. അതുകൊണ്ട്, ‘നിന്റെ വരവിന്നും [“സാന്നിധ്യത്തിനും,” NW] ലോകാവസാനത്തിന്നും അടയാളം എന്ത്?’ എന്ന് അവർ ചോദിച്ചു. യഹൂദ വ്യവസ്ഥിതി എപ്പോൾ അവസാനിക്കുമെന്നാണ് അവർ ചോദിച്ചതെന്നതു സ്പഷ്ടം. എന്നാൽ യേശുവിന്റെ മറുപടി, പ്രമുഖമായും ഇപ്പോഴത്തെ ‘ആകാശവും ഭൂമിയും’ എപ്പോൾ നശിപ്പിക്കപ്പെടും എന്നതിനെക്കുറിച്ചുള്ളതായിരുന്നു. വൻ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, രോഗം, കുറ്റകൃത്യം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:3-14; ലൂക്കൊസ് 21:5-36) ‘ലോകാവസാനത്തെ’ക്കുറിച്ച് യേശു നൽകിയ അടയാളവും ‘അന്ത്യകാലത്തി’ന്റെ പ്രത്യേകതകളായി പൗലൊസ് അപ്പോസ്തലൻ പരാമർശിച്ച കാര്യങ്ങളും നിവൃത്തിയേറുന്നത് 1914 മുതൽ നാം കണ്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) സത്യമായും, നാം ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്താണു ജീവിച്ചിരിക്കുന്നത് എന്നതിനുള്ള തെളിവുകൾ ധാരാളമാണ്!
15. യേശുവിന്റെ മുന്നറിയിപ്പുണ്ടായിരുന്നിട്ടും എന്തു ചെയ്യാനാണു ക്രിസ്ത്യാനികൾ ചായ്വു കാണിച്ചിരിക്കുന്നത്?
15 യഹോവയുടെ ദിവസം എപ്പോൾ വരുമെന്നറിയാൻ യഹോവയുടെ സാക്ഷികൾ ആകാംക്ഷയുള്ളവരായിരുന്നിട്ടുണ്ട്. ഈ ആകാംക്ഷ നിമിത്തം അത് എപ്പോൾ വരുമെന്നു കണക്കാക്കാൻ അവർ ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ, അങ്ങനെ ചെയ്യവേ, “ആ കാലം എപ്പോൾ എന്നു” നാം അറിയേണ്ടതില്ല എന്ന യേശുവിന്റെ മുന്നറിയിപ്പു ചെവിക്കൊള്ളുന്നതിൽ, യേശുവിന്റെ ആദിമ ശിഷ്യന്മാരെപ്പോലെ, അവരും പരാജയപ്പെട്ടിരിക്കുന്നു. (മർക്കൊസ് 13:32, 33) വിശ്വസ്ത ക്രിസ്ത്യാനികളുടെ അപക്വമായ പ്രതീക്ഷകൾ നിമിത്തം പരിഹാസികൾ അവരെ കളിയാക്കിയിട്ടുണ്ട്. (2 പത്രൊസ് 3:3, 4) എന്നിരുന്നാലും, യഹോവയുടെ സമയപ്പട്ടികയനുസരിച്ച് അവന്റെ ദിവസം തീർച്ചയായും വരുമെന്ന് പത്രൊസ് തറപ്പിച്ചു പറയുന്നു.
യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം
16. നാം ഏതു മുന്നറിയിപ്പ് ജ്ഞാനപൂർവം ചെവിക്കൊള്ളുന്നു?
16 പത്രൊസ് നമ്മെ ഓർമിപ്പിക്കുന്നതുപോലെ കാലം സംബന്ധിച്ച യഹോവയുടെ വീക്ഷണം നമുക്കുണ്ടായിരിക്കേണ്ടതുണ്ട്: “എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.” 70-ഓ 80-ഓ വർഷം വരുന്ന നമ്മുടെ ആയുഷ്കാലം അതിനോടുള്ള താരതമ്യത്തിൽ എത്രയോ ഹ്രസ്വമാണ്! (2 പത്രൊസ് 3:8; സങ്കീർത്തനം 90:4, 10) അതുകൊണ്ട് ദൈവവാഗ്ദത്തങ്ങളുടെ നിവൃത്തി താമസിക്കുന്നുവെന്നു തോന്നുന്നെങ്കിൽ ദൈവത്തിന്റെ പ്രവാചകന്റെ ഈ പ്രബോധനം നാം സ്വീകരിക്കേണ്ടതുണ്ട്: “അതു [നിയമിത സമയം] വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ഹബക്കൂക് 2:3.
17. അന്ത്യനാളുകൾ പലരും പ്രതീക്ഷിച്ചതിനെക്കാൾ നീണ്ടുപോയിരിക്കുന്നെങ്കിലും ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും?
17 ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ പലരും പ്രതീക്ഷിച്ചതിനെക്കാൾ നീണ്ടുപോയിരിക്കുന്നത് എന്തുകൊണ്ട്? ഒരു നല്ല കാരണം, പത്രൊസ് അടുത്തതായി വിശദീകരിക്കുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു [“യഹോവ,” NW] തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (2 പത്രൊസ് 3:9) മുഴു മനുഷ്യവർഗത്തിനും എന്താണ് ഏറ്റവും ഉത്തമമെന്നത് യഹോവ പരിഗണനയിലെടുക്കുന്നു. ആളുകളുടെ ജീവനിലാണ് അവനു താത്പര്യമുള്ളത്, കാരണം അവൻ ഇങ്ങനെ പറയുന്നു: ‘ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളത്.’ (യെഹെസ്കേൽ 33:11) അതുകൊണ്ട് നമ്മുടെ സർവജ്ഞാനിയായ, സ്നേഹവാനായ സ്രഷ്ടാവിന്റെ ഉദ്ദേശ്യം നിവൃത്തിക്കാൻ കൃത്യസമയത്തുതന്നെ അവസാനം വരുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം!
എന്താണ് ഒഴിഞ്ഞുപോകാനിരിക്കുന്നത്?
18, 19. (എ) ഈ വ്യവസ്ഥിതിയെ നശിപ്പിക്കാൻ യഹോവ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതെന്തുകൊണ്ട്? (ബി) ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ പത്രൊസ് വിവരിക്കുന്നതെങ്ങനെ, വാസ്തവത്തിൽ നശിപ്പിക്കപ്പെടുന്നത് എന്തായിരിക്കും?
18 തന്നെ സേവിക്കുന്നവരെ യഹോവ വാസ്തവമായും സ്നേഹിക്കുന്നതുകൊണ്ട് അവർക്ക് അരിഷ്ടത വരുത്തുന്നവരെ അവൻ തുടച്ചുമാറ്റും. (സങ്കീർത്തനം 37:9-11, 29) പൗലൊസ് നേരത്തേ അഭിപ്രായപ്പെട്ടതുപോലെ, ഈ നാശം അപ്രതീക്ഷിതമായ ഒരു സമയത്തായിരിക്കുമെന്നു പറഞ്ഞുകൊണ്ട് പത്രൊസ് എഴുതുന്നു: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2 പത്രൊസ് 3:10; 1 തെസ്സലൊനീക്യർ 5:2) അക്ഷരീയ ആകാശവും ഭൂമിയും ജലപ്രളയത്തിൽ നശിച്ചുപോയില്ല, യഹോവയുടെ ദിവസത്തിലും അവ നശിച്ചുപോകുകയില്ല. അപ്പോൾ, ‘ഒഴിഞ്ഞുപോകു’ന്നത് അല്ലെങ്കിൽ നശിപ്പിക്കപ്പെടുന്നത് എന്തായിരിക്കും?
19 ‘ആകാശങ്ങൾ’ പോലെ മനുഷ്യവർഗത്തിന്മേൽ ഭരണം നടത്തിയിരിക്കുന്ന മാനുഷഗവൺമെൻറുകൾ അവസാനിക്കും. ഭക്തികെട്ട മനുഷ്യസമൂഹമാകുന്ന ‘ഭൂമിക്കും’ അതുതന്നെ ഭവിക്കും. ആകാശങ്ങൾ ശീഘ്രമായി നീങ്ങിപ്പോകുന്നതിനെയായിരിക്കാം “കൊടുമ്മുഴക്കത്തോടെ” എന്നത് സൂചിപ്പിക്കുന്നത്. ഇന്നത്തെ അധഃപതിച്ച മനുഷ്യസമൂഹത്തിന്റെ ഭാഗമായ “മൂലപദാർത്ഥങ്ങൾ” ‘കത്തിയഴിയും’ അഥവാ നശിപ്പിക്കപ്പെടും. ‘ഭൂമിയും അതിലുള്ള പണികളും വെന്തുപോകും [“വെളിച്ചത്താക്കപ്പെടും,” NW].’ യഹോവ മുഴു ലോകവ്യവസ്ഥിതിയെയും അത് അർഹിക്കുന്ന അവസാനത്തിലേക്കു കൊണ്ടുവരുമ്പോൾ മനുഷ്യരുടെ ദുഷ്പ്രവൃത്തികൾ പൂർണമായും വെളിച്ചത്താക്കപ്പെടും.
നിങ്ങളുടെ പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവിൻ
20. സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
20 ഈ വൻസംഭവങ്ങൾ അടുത്തിരിക്കുന്നതിനാൽ, ‘ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു [നാം] വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം’ എന്നു പത്രൊസ് പറയുന്നു. അതു സംബന്ധിച്ചു യാതൊരു സംശയവുമില്ല! ‘ആകാശം ചുട്ടഴിയുകയും മൂലപദാർത്ഥങ്ങൾ വെന്തുരുകുകയും’ ചെയ്യും. (2 പത്രൊസ് 3:11, 12) ഈ വൻസംഭവങ്ങൾ ഒരുപക്ഷേ നാളെ സംഭവിച്ചേക്കാമെന്ന വസ്തുത നാം ചെയ്യുന്നതും ചെയ്യാൻ പരിപാടിയിടുന്നതുമായ സകലത്തെയും ബാധിക്കേണ്ടതുണ്ട്.
21. ഇപ്പോഴത്തെ ആകാശങ്ങളുടെയും ഭൂമിയുടെയും സ്ഥാനത്ത് എന്തു വരും?
21 “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഈ പഴയ വ്യവസ്ഥിതിയുടെ സ്ഥാനത്ത് എന്തു വരാൻ പോകുന്നുവെന്ന് പത്രൊസ് നമ്മെ അറിയിക്കുന്നു. (2 പത്രൊസ് 3:13; യെശയ്യാവു 65:17) ഹാ, എന്തൊരാശ്വാസം! ക്രിസ്തുവും അവന്റെ 1,44,000 സഹഭരണാധിപന്മാരും ഉൾപ്പെട്ടതായിരിക്കും “പുതിയ” ഗവൺമെൻറാകുന്ന ‘ആകാശങ്ങൾ.’ ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുന്നവരായിരിക്കും “പുതിയ ഭൂമി”യായി വർത്തിക്കുക.—1 യോഹന്നാൻ 2:17; വെളിപ്പാടു 5:9, 10; 14:1, 3.
അടിയന്തിരതയും ധാർമികശുദ്ധിയും കാത്തുകൊള്ളുക
22. (എ) ഏതെങ്കിലും തരത്തിലുള്ള ആത്മീയ കറയോ കളങ്കമോ ഉണ്ടെങ്കിൽ അതൊഴിവാക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) പത്രൊസ് ഏത് അപകടത്തെക്കുറിച്ചാണു മുന്നറിയിപ്പു നൽകുന്നത്?
22 പത്രൊസ് തുടരുന്നു: “അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” അതിയായ ആകാംക്ഷയോടെ കാത്തിരിക്കുന്നതും യഹോവയുടെ ദിവസം താമസിക്കുന്നതായി തോന്നുന്നെങ്കിൽ അതിനെ ദിവ്യക്ഷമയുടെ പ്രകടനമായി വീക്ഷിക്കുന്നതും, എന്തെങ്കിലും ആത്മീയ കറയോ കളങ്കമോ ഉണ്ടെങ്കിൽ അതു നീക്കാൻ നമ്മെ സഹായിക്കും. എന്നാൽ, അപകടമുണ്ട്! ‘നമ്മുടെ പ്രിയ സഹോദരനായ പൗലൊസി’ന്റെ ലേഖനങ്ങളിൽ “ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു” എന്നു പത്രൊസ് മുന്നറിയിപ്പു നൽകുന്നു.—2 പത്രൊസ് 3:14-16.
23. എന്താണ് പത്രൊസിന്റെ ഉപസംഹാര ഉദ്ബോധനം?
23 ദൈവത്തിന്റെ അനർഹദയയെക്കുറിച്ച് പൗലൊസ് എഴുതിയ കാര്യങ്ങൾ അഴിഞ്ഞ നടത്തയ്ക്കുള്ള ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട് വ്യാജോപദേഷ്ടാക്കന്മാർ അവ കോട്ടിക്കളഞ്ഞുവെന്നതു വ്യക്തമാണ്. തന്റെ ഈ ഉപസംഹാര ഉദ്ബോധനം എഴുതുമ്പോൾ ഒരുപക്ഷേ പത്രൊസിന്റെ മനസ്സിലുണ്ടായിരുന്നത് അതായിരിക്കാം: “എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” എന്നിട്ട്, “കൃപയിലും [“അനർഹദയയിലും,” NW] നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ” എന്ന പ്രോത്സാഹനം നൽകിക്കൊണ്ട് അവൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നു.—2 പത്രൊസ് 3:17, 18.
24. യഹോവയുടെ ദാസന്മാർക്കെല്ലാം ഉണ്ടായിരിക്കേണ്ട മനോഭാവമെന്തായിരിക്കണം?
24 വ്യക്തമായും, പത്രൊസ് തന്റെ സഹോദരന്മാരെ ബലപ്പെടുത്താനാഗ്രഹിക്കുന്നു. തുടക്കത്തിൽ ഉദ്ധരിച്ച 82 വയസ്സുള്ള വിശ്വസ്ത സാക്ഷിയുടെ മനോഭാവം എല്ലാവരും പ്രകടിപ്പിക്കാൻ അവനാഗ്രഹിക്കുന്നു: “‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്ന അപ്പോസ്തലന്റെ ആഹ്വാനപ്രകാരമാണു ഞാൻ ജീവിച്ചിട്ടുള്ളത്. വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകം ‘കാണാത്തതാണെങ്കിലും’ അതിനെ ‘ഒരു യാഥാർഥ്യ’മായി ഞാൻ എന്നും വീക്ഷിച്ചിരിക്കുന്നു.” നമുക്കെല്ലാവർക്കും അങ്ങനെ ജീവിക്കാം.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
□ യഹോവയുടെ ദിവസം ‘മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്നതിന്റെ അർഥമെന്ത്?
□ പരിഹാസികൾ മനപ്പൂർവം എന്ത് അവഗണിക്കുന്നു, എന്തുകൊണ്ട്?
□ പരിഹാസികൾ വിശ്വസ്ത ക്രിസ്ത്യാനികളെ കളിയാക്കാനുള്ള കാരണമെന്ത്?
□ നാം നിലനിർത്തേണ്ട വീക്ഷണഗതി എന്താണ്?
[23-ാം പേജിലെ ചിത്രം]
യഹോവയുടെ ദിവസവും . . .
[24-ാം പേജിലെ ചിത്രം]
. . . വരാനിരിക്കുന്ന പുതിയ ലോകവും മനസ്സിൽ അടുപ്പിച്ചുനിർത്തുക