പുനഃസ്ഥാപിത “ദേശ”ത്ത് ഒരുമിച്ചു വസിക്കുന്നവർ
“നിങ്ങളോ യഹോവയുടെ പുരോഹിതൻമാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകൻമാർ എന്നും നിങ്ങൾക്കു പേരാകും.”—യെശയ്യാവു 61:6.
1, 2. (എ) ഇസ്രായേലിൽ മതപരിവർത്തനം ചെയ്തവരുടെ സ്ഥിതി എന്തായിരുന്നു? (ബി) ആധുനിക നാളുകളിൽ “മഹാപുരുഷാര”ത്തിലെ അംഗങ്ങൾ എന്തു മനോഭാവമാണു പ്രകടിപ്പിച്ചിരിക്കുന്നത്?
പുരാതന നാളുകളിൽ, ഇസ്രായേല്യർ വിശ്വസ്തരായിരുന്നപ്പോൾ യഹോവയുടെ മഹത്ത്വത്തിനായി സാക്ഷികളെന്ന നിലയിൽ ലോകരംഗത്തു പ്രവർത്തിച്ചു. (യെശയ്യാവു 41:8, 9; 43:10) അനേകം വിദേശീയർ അതിനോടു പ്രതികരിക്കുകയും യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടു ചേർന്നുകൊണ്ട് അവനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ഫലത്തിൽ അവർ ഇസായേല്യരോട്, രൂത്ത് നവോമിയോടു പറഞ്ഞപ്രകാരം പറഞ്ഞു: “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1:16) അവർ ന്യായപ്രമാണത്തിലെ വ്യവസ്ഥകൾക്കു കീഴ്പെട്ടുനിന്നു, പുരുഷൻമാർ പരിച്ഛേദന ഏൽക്കുകയും ചെയ്തു. (പുറപ്പാടു 12:43-48) ചില സ്ത്രീകൾ ഇസ്രായേല്യരെ വിവാഹം കഴിച്ചു. യരീഹോയിലെ രാഹാബും മോവാബ്യ സ്ത്രീ ആയിരുന്ന രൂത്തും യേശുക്രിസ്തുവിന്റെ പൂർവ മാതാക്കൾ ആയിത്തീർന്നു. (മത്തായി 1:5) മതപരിവർത്തനം ചെയ്ത അത്തരം ആളുകൾ ഇസ്രായേല്യ സഭയുടെ ഭാഗമായിരുന്നു.—ആവർത്തനപുസ്തകം 23:7, 8.
2 ഇസ്രായേലിലെ മതപരിവർത്തനം ചെയ്തവരെപ്പോലെ ഇന്നു “മഹാപുരുഷാരം” അഭിഷിക്ത ശേഷിപ്പിനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (വെളിപ്പാടു 7:9; സെഖര്യാവു 8:23) ഈ അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ “വിശ്വസ്തനും വിവേകിയുമായ അടിമ”യാണെന്ന് അവർ തിരിച്ചറിയുന്നു, കൂടാതെ അവരുമായി അടുത്തു പ്രവർത്തിക്കുന്നതുകൊണ്ട് അഭിഷിക്തരും “വേറെ ആടുക”ളും “ഒരാട്ടിൻകൂട്ടവും ഒരിടയനും” ആണ്. (മത്തായി 24:45-47, NW; യോഹന്നാൻ 10:16) തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെല്ലാം അവരുടെ സ്വർഗീയ പ്രതിഫലം കൈപ്പറ്റുമ്പോൾ മഹാപുരുഷാരത്തിന് എന്തു സംഭവിക്കും? അവർ ഭയപ്പെടേണ്ട കാര്യമില്ല. ഈ “അന്ത്യകാല”ത്തെല്ലാം ആ നാളിലേക്കായി യഹോവ തയ്യാറെടുപ്പു നടത്തിയിരിക്കുന്നു.—2 തിമൊഥെയൊസ് 3:1.
ഒരു ആത്മീയ “ദേശം”
3. പത്രോസ് പ്രവചിച്ച ‘പുതിയ ആകാശം’ എന്താണ്, എന്നാണ് അതു സ്ഥാപിതമായത്?
3 1,44,000 അഭിഷിക്ത ക്രിസ്ത്യാനികൾ പങ്കാളികളായിരിക്കുന്ന സ്വർഗീയ ഭരണ ക്രമീകരണത്തെപ്പറ്റി അപ്പോസ്തലനായ പത്രോസ് പ്രവചിച്ചിരുന്നു. “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു,” അവൻ പറഞ്ഞു. (2 പത്രൊസ് 3:13) ഈ ‘പുതിയ ആകാശം’ 1914-ൽ ക്രിസ്തു സ്വർഗീയ രാജ്യത്തിൽ രാജാവായി സിംഹാസനസ്ഥനായപ്പോഴാണു സ്ഥാപിതമായത്. എന്നാൽ “പുതിയ ഭൂമി”യെപ്പറ്റിയോ?
4. (എ) 1919-ൽ എന്ത് അപ്രതീക്ഷിത സംഭവമാണു നടന്നത്? (ബി) ‘ഒന്നായിട്ടുതന്നേ ജനിച്ച ജനത’ എന്തായിരുന്നു, ‘പ്രസവ വേദനയോടെ ജനിപ്പിക്കപ്പെട്ട ജനത’ എന്താണ്?
4 അഭിഷിക്ത ശേഷിപ്പിനെ 1919-ൽ യഹോവ മഹാബാബിലോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചു. (വെളിപ്പാടു 18:4) ക്രൈസ്തവലോകത്തിലെ നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ നാടകീയ സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേപ്പറ്റി ബൈബിൾ പറയുന്നു: “ഈവക ആർ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? [“പ്രസവവേദനയോടെ പ്രസവിക്കുമോ?,” NW] ഒരു ജാതി [“ജനത,” NW] ഒന്നായിട്ടുതന്നേ ജനിക്കുമോ?” (യെശയ്യാവു 66:8) സ്വതന്ത്രരാക്കപ്പെട്ട ഒരു ജനമെന്ന നിലയിൽ അഭിഷിക്ത സഭ പെട്ടെന്നു ജാതികളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതു വാസ്തവത്തിൽ ഒരു ജനത “ഒന്നായിട്ടുതന്നേ ജനി”ച്ചപോലായിരുന്നു. എങ്കിലും, ആ “ദേശം” എന്തായിരുന്നു? ഒരർഥത്തിൽ അത് പുരാതന ഇസ്രായേലിന്റെ ദേശത്തിനു തുല്യമായ ഒരു ആത്മീയ ദേശമായിരുന്നു. അത് പുതുതായി പിറന്ന “ദേശ”ത്തിനു നൽകപ്പെട്ട പ്രവർത്തന മണ്ഡലം, പറുദീസയെപ്പറ്റി യെശയ്യാവിന്റെ പുസ്തകത്തിലുള്ള പ്രവചനങ്ങൾക്ക് ആധുനിക ആത്മീയ നിവൃത്തിയുള്ള ഒരു സ്ഥലം, ആയിരുന്നു. (യെശയ്യാവു 32:16-20; 35:1-7; താരതമ്യം ചെയ്യുക: എബ്രായർ 12:12-14.) ഒരു ക്രിസ്ത്യാനി ശാരീരികമായി എവിടെയായിരുന്നാലും അവൻ ആ “ദേശ”ത്തായിരിക്കും.
5. 1919-ൽ എന്തു കേന്ദ്രമാണ് അസ്തിത്വത്തിൽ വന്നത്? വിശദീകരിക്കുക.
5 പത്രോസ് പ്രവചിച്ച “പുതിയ ഭൂമി”യുമായി ഇതിന് എന്തു ബന്ധമാണുള്ളത്? കൊള്ളാം, 1919-ൽ പുനഃസ്ഥാപിക്കപ്പെട്ട ഒരു “ദേശ”ത്തിലേക്കു പിറന്ന ആ പുതിയ “ജനത,” അഭിഷിക്തരും അഭിഷിക്തരല്ലാത്തവരും അടങ്ങിയ യഹോവയുടെ സ്തുതിപാഠകരുടെ ഒരു ലോകവ്യാപക സ്ഥാപനമായി വികാസം പ്രാപിക്കേണ്ടിയിരുന്നു. ഈ സ്ഥാപനം അർമഗെദോനെ അതിജീവിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കും. ഈ വിധത്തിൽ, സാത്താന്റെ ലോകത്തിന്റെ നാശത്തിനു ശേഷം നിലനിൽക്കാൻപോകുന്ന നീതിയുള്ള മനുഷ്യ സമുദായത്തിന്റെ, പുതിയ ഭൂമിയുടെ, കേന്ദ്രമായി ആ ജനത വീക്ഷിക്കപ്പെടും.a 1930-കളുടെ മധ്യത്തോടെ അഭിഷിക്തർ, ഒരു കൂട്ടമെന്ന നിലയിൽ, പുനഃസ്ഥാപിത ദേശത്തിലേക്കു കൂട്ടിച്ചേർക്കപ്പെട്ടു. അന്നുമുതൽ, വേറെ ആടുകളുടെ മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുന്നതിലായിരുന്നു ഊന്നൽ നൽകിയിരുന്നത്. ഇന്നത് ഏതാണ്ട് 50 ലക്ഷമായിരിക്കുന്നു. (വെളിപ്പാടു 14:15, 16) ആ “ദേശ”ത്ത് ജനപ്പെരുപ്പമുണ്ടോ? ഇല്ല, അതിന്റെ അതിർത്തികൾ ആവശ്യാനുസരണം വിശാലമാക്കാവുന്നതാണ്. (യെശയ്യാവു 26:15) അഭിഷിക്ത ശേഷിപ്പ് “ഫല”ത്താൽ—ആരോഗ്യാവഹമായ, ഊർജസ്വലമാക്കുന്ന ആത്മീയ ആഹാരത്താൽ—“ദേശ”ത്തെ നിറയ്ക്കുമ്പോൾ ജനസംഖ്യ വർധിക്കുന്നതു കാണുന്നത് രോമാഞ്ചജനകമാണ്. (യെശയ്യാവു 27:6) എന്നാൽ, ദൈവജനത്തിന്റെ പുനഃസ്ഥാപിത “ദേശ”ത്ത് ഈ വേറെ ആടുകളുടെ സ്ഥാനമെന്താണ്?
“ദേശ”ത്തു വിദേശീയർ സജീവർ
6. ദൈവജനത്തിന്റെ “ദേശ”ത്തു വിദേശീയർ എങ്ങനെ സജീവരായിരിക്കുന്നു?
6 ഇസ്രായേൽ ദേശത്തുണ്ടായിരുന്ന മതപരിവർത്തനം ചെയ്തവർ മോശൈക ന്യായപ്രമാണത്തിനു കീഴ്പെട്ടിരുന്നതുപോലെ ഇന്നു മഹാപുരുഷാരം പുനഃസ്ഥാപിത “ദേശ”ത്ത് യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നു. തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളാൽ പഠിപ്പിക്കപ്പെട്ട അവർ സകലവിധ വ്യാജാരാധനയിൽനിന്നും പൂർണമായി ഒഴിഞ്ഞുനിൽക്കുകയും രക്തത്തിന്റെ പവിത്രത മാനിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 15:19, 20; ഗലാത്യർ 5:19, 20; കൊലൊസ്സ്യർ 3:5) അവർ യഹോവയെ തങ്ങളുടെ മുഴു ഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടും കൂടെ സ്നേഹിക്കുകയും തങ്ങളുടെ അയൽക്കാരെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നു. (മത്തായി 22:37; യാക്കോബ് 2:8) പുരാതന ഇസ്രായേലിൽ മതപരിവർത്തനം ചെയ്തവർ ശലോമോന്റെ ആലയ നിർമാണത്തിൽ സഹായിക്കുകയും സത്യാരാധന പുനഃസ്ഥിതീകരിക്കുന്നതിനു പിന്തുണ നൽകുകയും ചെയ്തിരുന്നു. (1 ദിനവൃത്താന്തം 22:2; 2 ദിനവൃത്താന്തം 15:8-14; 30:25) ഇന്ന്, മഹാപുരുഷാരവും ഭൗതിക നിർമാണ പദ്ധതികളിൽ പങ്കുപറ്റുന്നു. ഉദാഹരണത്തിന്, സഭകളും സർക്കിട്ടുകളും നിർമിക്കുന്നതിന് അവർ സഹായിക്കുന്നു, രാജ്യഹാളുകൾ, സമ്മേളന ഹാളുകൾ, ബ്രാഞ്ച് സൗകര്യങ്ങൾ എന്നിവയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല.
7. പ്രവാസാനന്തരം യെരുശലേമിൽ ആലയ ശുശ്രൂഷ നിർവഹിക്കാൻ ആവശ്യത്തിനു ലേവ്യർ ഇല്ലാതിരുന്നപ്പോൾ എന്തു സംഭവിച്ചു?
7 പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 537-ൽ ഇസ്രായേല്യർ ബാബിലോനിലെ പ്രവാസത്തിൽനിന്നു തിരിച്ചെത്തിയശേഷം ആലയ പ്രദേശത്തു സേവനമനുഷ്ഠിക്കുന്നതിന് അവർ ക്രമീകരണങ്ങൾ ചെയ്തു. എന്നിരുന്നാലും, തിരിച്ചെത്തിയ ലേവ്യരുടെ സംഖ്യ അത്ര വലുതല്ലായിരുന്നു. തൻമൂലം, ആലയ ശുശ്രൂഷയിൽ നെഥിനിമുകൾക്ക്—മുമ്പു ലേവ്യരെ സഹായിച്ചിരുന്ന പരിച്ഛേദനയേറ്റ പരദേശികൾക്ക്—കൂടുതലായ പദവികൾ നൽകപ്പെട്ടു. എന്നിരുന്നാലും, അവർ അഭിഷിക്ത അഹരോന്യ പുരോഹിതൻമാർക്കു തുല്യരായിരുന്നില്ല.b—എസ്രാ 7:24; 8:15-20; നെഹെമ്യാവു 3:22-26.
8, 9. വിശുദ്ധ സേവനം അർപ്പിക്കുന്നതിനോടു ബന്ധപ്പെട്ട വേലയിൽ അന്ത്യനാളുകളിൽ വേറെ ആടുകൾ വർധിച്ച പങ്കു വഹിച്ചിരിക്കുന്നത് എങ്ങനെ?
8 ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ ഈ മാതൃക പിൻപറ്റിയിരിക്കുന്നു. “അന്ത്യകാല”ത്തിന്റെ പരിസമാപ്തിയിലേക്കു നീങ്ങുന്നതനുസരിച്ച് അഭിഷിക്തരുടെ ശേഷിപ്പ് ദൈവജനത്തിന്റെ “ദേശ”ത്തു കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ദാനീയേൽ 12:9; വെളിപ്പാടു 12:17) അതിന്റെ വീക്ഷണത്തിൽ “വിശുദ്ധ സേവനം” അർപ്പിക്കുകയെന്ന വേലയുടെ സിംഹഭാഗവും ഇപ്പോൾ മഹാപുരുഷാരമാണു നടത്തുന്നത്. (വെളിപ്പാടു 7:15) തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളുടെ നേതൃത്വത്തെ പിന്തുടർന്നുകൊണ്ട് അവർ “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കു”ന്നു. അവർ “നൻമചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കു”ന്നില്ല, കാരണം ‘ഈവക യാഗത്തിൽ ദൈവം പ്രസാദിക്കുന്നു’വെന്ന് അവർ അറിയുന്നു.—എബ്രായർ 13:15, 16.
9 കൂടാതെ, മഹാപുരുഷാരം വർഷംതോറും ലക്ഷങ്ങളായി വർധിച്ചുവരുന്നതുകൊണ്ട് മേൽനോട്ടത്തിന്റെ വർധിച്ച ആവശ്യമുണ്ട്. ഒരുകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളാണ് ഇതു മുഴുവൻ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ മിക്ക സഭകളുടെയും സർക്കിട്ടുകളുടെയും ഡിസ്ട്രിക്റ്റുകളുടെയും ബ്രാഞ്ചുകളുടെയും മേൽനോട്ടം വേറെ ആടുകളെ ഏൽപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. 1992-ൽ ഭരണസംഘത്തിന്റെ കമ്മിറ്റികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതിനും വോട്ടവകാശമില്ലാത്ത സഹായകരായി സേവിക്കുന്നതിനും ഇവരിൽ ചിലർക്കു പദവികൾ നൽകപ്പെട്ടു. എങ്കിലും, വേറെ ആടുകൾ തങ്ങളുടെ അഭിഷിക്ത സഹ ക്രിസ്ത്യാനികളോടു വിശ്വസ്തതയുള്ളവരായിരിക്കുകയും യഹോവയുടെ വിശ്വസ്തനും വിവേകിയുമായ അടിമയെ പിന്തുണയ്ക്കുന്നതു പദവിയായി കരുതുകയും ചെയ്യുന്നു.—മത്തായി 25:34-40.
“ഒരു മേധാവിയെപ്പോലെ”
10, 11. ചില ഫെലിസ്ത്യരുടെ മാതൃക പിന്തുടർന്നുകൊണ്ട് ദൈവജനത്തിന്റെ മുൻ ശത്രുക്കൾക്ക് ഹൃദയനിലയിൽ ഒരു മാറ്റം വന്നിരിക്കുന്നത് എങ്ങനെ? എന്തു ഫലത്തോടെ?
10 വിശ്വസ്തനും വിവേകിയുമായ അടിമ വേറെ ആടുകളെ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്നതിന് ഉപയോഗിക്കുന്ന വിധത്തെപ്പറ്റി സെഖര്യാവു 9:6, 7-ൽ പ്രവചിച്ചിരുന്നു, അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും. ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.”c സാത്താന്റെ ഇന്നത്തെ ലോകംപോലെ ഫെലിസ്ത്യർ യഹോവയുടെ ജനത്തിന്റെ ബദ്ധശത്രുക്കൾ ആയിരുന്നു. (1 യോഹന്നാൻ 5:19) ഒരു ജനമെന്ന നിലയിൽ ഫെലിസ്ത്യർ ഒടുവിൽ നിർമൂലമാക്കപ്പെട്ടതുപോലെ ഈ ലോകം അതിന്റെ മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളോടൊപ്പം പെട്ടെന്നുതന്നെ യഹോവയുടെ നാശകരമായ കോപം അനുഭവിച്ചറിയും.—വെളിപ്പാടു 18:21; 19:19-21.
11 എന്നിരുന്നാലും, സെഖര്യാവിന്റെ വാക്കുകളനുസരിച്ച് ചില ഫെലിസ്ത്യരുടെ ഹൃദയനിലയിൽ മാറ്റം വന്നു. ലോകക്കാരായ ചിലർ ഇന്ന് യഹോവയുമായി ശത്രുതയിൽ നിലകൊള്ളുകയില്ലെന്ന് ഇതു മുൻനിഴലാക്കി. വെറുക്കത്തക്ക ആചാരവും അറയ്ക്കത്തക്ക വിധത്തിലുള്ള യാഗങ്ങളർപ്പിക്കുന്നതും സഹിതമുള്ള മതപരമായ വിഗ്രഹാരാധന അവർ നിർത്തുകയും യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധീകരിക്കപ്പെട്ടവരായിത്തീരുകയും ചെയ്യും. നമ്മുടെ നാളിൽ പരിവർത്തനം വന്ന അത്തരം “ഫെലിസ്ത്യ”രെ മഹാപുരുഷാരത്തിനിടയിൽ കണ്ടെത്താവുന്നതാണ്.
12. ആധുനിക നാളിൽ ‘എക്രോൻ’ “യെബൂസ്യനെപ്പോലെ” ആയിരിക്കുന്നതെങ്ങനെ?
12 പ്രവചനം പറയുന്നതനുസരിച്ച്, പ്രമുഖ ഫെലിസ്ത്യ നഗരമായ എക്രോൻ “യെബൂസ്യനെപ്പോലെ” ആകും. യെബൂസ്യരും ഒരിക്കൽ ഇസ്രായേലിന്റെ ശത്രുക്കളായിരുന്നു. ദാവീദ് യെരൂശലേം കീഴടക്കുന്നതുവരെ അത് അവരുടെ കൈകളിലായിരുന്നു. എന്നിരുന്നാലും, ഇസ്രായേല്യരോടൊപ്പം യുദ്ധങ്ങളെ അതിജീവിച്ച ചിലർ സ്പഷ്ടമായും മതപരിവർത്തനം ചെയ്യപ്പെട്ടു. അവർ ഇസ്രായേലിൽ അടിമകളായി സേവിച്ചു, കൂടാതെ ആലയ നിർമാണത്തിൽ വേലചെയ്യുന്നതിനുള്ള പദവിപോലും അവർക്കു ലഭിക്കുകയുണ്ടായി. (2 ശമൂവേൽ 5:4-9; 2 ദിനവൃത്താന്തം 8:1-18) ഇന്ന്, യഹോവയെ ആരാധിക്കുന്ന ‘എക്രോന്യർ’ക്ക് വിശ്വസ്തനും വിവേകിയുമായ അടിമയുടെ മേൽനോട്ടത്തിൻ കീഴിലുള്ള “ദേശ”ത്തു സേവനമനുഷ്ഠിക്കുന്നതിനുള്ള പദവികളും ഉണ്ട്.
13. പുരാതന ലോകത്തു മേധാവികൾ എന്തായിരുന്നു?
13 ഫെലിസ്ത്യർ യഹൂദയിൽ ഒരു മേധാവിയെപ്പോലെ ആയിരിക്കുമെന്നു സെഖര്യാവ് പറയുന്നു. “മേധാവി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അലൂഫ് (ʼal·luphʹ) എന്ന എബ്രായ പദത്തിന്റെ അർഥം “ആയിരത്തിന്റെ നേതാവ്” (അല്ലെങ്കിൽ, “ചിലിയാർക്ക്”) എന്നാണ്. അത് വളരെ ഉന്നതമായ ഒരു സ്ഥാനമായിരുന്നു. മുമ്പുണ്ടായിരുന്ന ഏദോമ്യർക്ക് 13 മേധാവികളെ ഉണ്ടായിരുന്നുള്ളൂ. (ഉല്പത്തി 36:15-19) “മേധാവി” എന്ന പദം ഇസ്രായേല്യരെപ്പറ്റി സംസാരിക്കുമ്പോൾ ഉപയോഗിക്കാറു പതിവില്ല, എന്നാൽ ‘സഹസ്രാധിപൻമാർ’ എന്ന പദപ്രയോഗം പതിവായി കാണുന്നു. മോശ ഇസ്രായേൽ ജനതയുടെ പ്രതിനിധികളെ വിളിപ്പിച്ചപ്പോൾ അവൻ ‘സഹസ്രാധിപൻമാരെ’യാണു വിളിച്ചത്.d ഇവരിൽ 12 പേർ നേരിട്ടു മോശയ്ക്കു കീഴ്പെട്ടിരുന്നവരായിരുന്നു. (സംഖ്യാപുസ്തകം 1:4-16) സമാനമായി, സൈനിക സ്ഥാപനത്തിൽ ജനറൽ അല്ലെങ്കിൽ രാജാവ് കഴിഞ്ഞുള്ള സ്ഥാനമേ മുഖ്യ സഹസ്രാധിപൻമാർക്ക് ഉണ്ടായിരുന്നുള്ളൂ.—2 ശമൂവേൽ 18:1, 2; 2 ദിനവൃത്താന്തം 25:5.
14. ഇന്ന് ‘ഫെലിസ്ത്യൻ’ മേധാവിയെപ്പോലെ ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
14 അനുതാപമുള്ള ഫെലിസ്ത്യൻ യഥാർഥത്തിൽ ഇസ്രായേലിൽ മേധാവിയായിരിക്കുമെന്നു സെഖര്യാവ് പ്രവചിച്ചില്ല. അയാൾ ഒരു സ്വാഭാവിക ഇസ്രായേല്യനായി പിറക്കാത്തതിനാൽ അത് ഉചിതമായിരിക്കയില്ല. എങ്കിലും അവൻ ഒരു മേധാവിയെ പോലെ ആയിരിക്കും, ഒരു മേധാവിയുടെ അധികാര സ്ഥാനത്തിനു സാമ്യമുള്ള ഒരു സ്ഥാനം അവൻ വഹിക്കും. അത് അങ്ങനെതന്നെ സംഭവിച്ചു. അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിന്റെ സംഖ്യ കുറഞ്ഞുവരുകയും അതിജീവിക്കുന്നവരിൽ അനേകരുടെയും പ്രായാധിക്യം നിമിത്തം അവരുടെ പ്രവർത്തനം പരിമിതപ്പെടുകയും ചെയ്യുന്നു. തൻമൂലം വേറെ ആടുകളിൽപ്പെട്ട, നല്ലവണ്ണം പരിശീലിപ്പിക്കപ്പെട്ടവർ ആവശ്യാനുസരണം സഹായഹസ്തം നീട്ടുന്നു. തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെ കടത്തിവെട്ടാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സ്ഥാപനം സംഘടിതമായ വിധത്തിൽ മുന്നേറുന്നതിൽ വിശ്വസ്തനും വിവേകിയുമായ അടിമ “ദേശ”ത്ത് ആവശ്യമായിരിക്കുന്ന അധികാരം അവർക്കു നൽകുന്നു. പുരോഗമനപരമായ അത്തരമൊരു നടപടിക്രമം മറ്റൊരു പ്രവചനത്തിൽ കാണാവുന്നതാണ്.
പുരോഹിതൻമാരും ഉഴവുകാരും
15. (എ) യെശയ്യാവു 61:5, 6-ന്റെ നിവൃത്തിയായി “യഹോവയുടെ പുരോഹിതൻമാർ” ആരാണ്, പരിപൂർണ അർഥത്തിൽ അവർ ഈ സ്ഥാനത്ത് സേവിക്കുന്നത് എപ്പോൾ? (ബി) ഇസ്രായേലിൽ കൃഷിപ്പണി ചെയ്യുന്ന “അന്യജാതിക്കാർ” ആരാണ്, ആത്മീയ അർഥത്തിൽ ഈ വേലയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
15 യെശയ്യാവു 61:5, 6 ഇങ്ങനെ വായിക്കുന്നു: “അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതൻമാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകൻമാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” ഇന്ന്, അഭിഷിക്ത ക്രിസ്ത്യാനികളാണ് “യഹോവയുടെ പുരോഹിതൻമാർ.” അന്തിമവും പരിപൂർണവുമായ അർഥത്തിൽ അവർ സ്വർഗീയ രാജ്യത്തിൽ “യഹോവയുടെ പുരോഹിതൻമാർ . . . നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകൻമാർ” ആയിത്തീരും. (വെളിപ്പാടു 4:9-11) കൃഷിപ്പണിക്ക് ഉത്തരവാദികളായ “അന്യജാതിക്കാർ” ആരാണ്? അവർ ദൈവത്തിന്റെ ഇസ്രായേലിന്റെ “ദേശ”ത്തു വസിക്കുന്ന വേറെ ആടുകളാണ്. അവരെ ഏൽപ്പിച്ചിരിക്കുന്ന ഇടയവേലയും ഉഴവുവേലയും മുന്തിരികൃഷിയും എന്താണ്? സുപ്രധാനമായ ആത്മീയ അർഥത്തിൽ ഈ വേലകൾ ജനത്തെ സഹായിക്കുകയും പരിപാലിക്കുകയും വിളവെടുപ്പിനു കൂട്ടിച്ചേർക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു.—യെശയ്യാവു 5:7; മത്തായി 9:37, 38; 1 കൊരിന്ത്യർ 3:9; 1 പത്രൊസ് 5:2.
16. ദൈവജനത്തിന്റെ “ദേശ”ത്ത് ഒടുവിൽ എല്ലാ വേലയും ചെയ്യുന്നത് ആരായിരിക്കും?
16 ഇപ്പോൾ, ആത്മീയ ഇസ്രായേല്യരുടെ ഒരു ചെറിയ സംഖ്യ ആത്മീയ ഇടയവേലയിലും ഉഴവുവേലയിലും മുന്തിരികൃഷിയിലും പങ്കുപറ്റുന്നു. അഭിഷിക്ത സഭ മുഴുവനായി ഒടുവിൽ ക്രിസ്തുവിനോടു ചേരുമ്പോൾ ഈ വേല മുഴുവനും വേറെ ആടുകളുടെ കൈകളിലായിത്തീരും. “ദേശ”ത്തിന്റെ മാനവ മേൽനോട്ടംപോലും യോഗ്യതയുള്ള വേറെ ആടുകളുടെ കരങ്ങളിലായിരിക്കും. യെഹെസ്കേലിന്റെ പുസ്തകം അവരെ “പ്രഭുക്കൻമാർ” എന്നു നാമകരണം ചെയ്യുന്നു.—യെഹെസ്കേൽ 45-ഉം 46-ഉം അധ്യായങ്ങൾ.e
“ദേശം” സഹിച്ചുനിൽക്കുന്നു
17. ഈ അന്ത്യനാളുകളിലെല്ലാം യഹോവ എന്ത് ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്?
17 അതേ, മഹാപുരുഷാരത്തിനു ഭയപ്പെടേണ്ട ഒരു കാര്യവുമില്ല! അവർക്കുവേണ്ടി യഹോവ ധാരാളമായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഈ അന്ത്യനാളുകളിൽ ഭൂമിയിൽ നടക്കുന്ന സുപ്രധാന സംഭവവികാസം അഭിഷിക്തരെ കൂട്ടിച്ചേർക്കുന്നതും മുദ്രയിടുന്നതുമാണ്. (വെളിപ്പാടു 7:3) എന്നിരുന്നാലും, ഇതു നടത്തിക്കൊണ്ടിരിക്കുമ്പോൾത്തന്നെ അവരോടുള്ള സഹവാസത്തിൽ പുനഃസ്ഥാപിക്കപ്പെട്ട ആത്മീയ ദേശത്തേക്ക് യഹോവ വേറെ ആടുകളെ കൊണ്ടുവന്നിരിക്കുന്നു. അവിടെ അവർ ആത്മീയമായി പോഷിപ്പിക്കപ്പെടുകയും ക്രിസ്തീയ ജീവിതരീതിയിൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ അവർ മേൽനോട്ടം ഉൾപ്പെടെ വിശുദ്ധ സേവനത്തിൽ നല്ലവണ്ണം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിന് അവർ യഹോവയോടും തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളോടും ആഴമായ നന്ദിയുള്ളവരാണ്.
18. ആത്മീയ ഇസ്രായേലിന്റെ “ദേശ”ത്ത് വേറെ ആടുകൾ എന്തു സംഭവങ്ങളിലെല്ലാം വിശ്വസ്തരായി നിലകൊള്ളും?
18 മാഗോഗിലെ ഗോഗ് ദൈവജനത്തിൻമേൽ തന്റെ അന്തിമ ആക്രമണം നടത്തുമ്പോൾ വേറെ ആടുകൾ അഭിഷിക്ത ശേഷിപ്പിനോടൊപ്പം “മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു” ഉറച്ചു നിലകൊള്ളും. ജനതകളുടെ നാശത്തെ അതിജീവിച്ചു ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കുമ്പോൾ വേറെ ആടുകൾ ആ “ദേശ”ത്ത് ഉണ്ടായിരിക്കും. (യെഹെസ്കേൽ 38:11; 39:12, 13; ദാനീയേൽ 12:1; വെളിപ്പാടു 7:9, 14) വിശ്വസ്തരായി തുടരുന്നപക്ഷം അവർക്ക് ആ രമണീയമായ സ്ഥലം വിടേണ്ടിവരില്ല.—യെശയ്യാവു 11:9.
19, 20. (എ) പുതിയ ലോകത്തിൽ എന്തു മഹത് മേൽനോട്ടമാണ് “ദേശ”ത്തിലെ നിവാസികൾ ആസ്വദിക്കാൻ പോകുന്നത്? (ബി) അതിവാഞ്ഛയോടെ നാം എന്തിലേക്കാണു നോക്കിപ്പാർത്തിരിക്കുന്നത്?
19 പുരാതന ഇസ്രായേൽ ഭരിച്ചിരുന്നത് മാനുഷ രാജാക്കൻമാരാണ്, അവർക്കു ലേവ്യ പുരോഹിതൻമാരും ഉണ്ടായിരുന്നു. പുതിയ ലോകത്തിൽ ക്രിസ്ത്യാനികൾക്ക് അതിലും വളരെ മഹത്തായ മേൽനോട്ടമുണ്ടായിരിക്കും: യഹോവയുടെ കീഴിൽ അവർ മഹാപുരോഹിതനും രാജാവുമായ യേശുക്രിസ്തുവിനും 1,44,000 സഹ പുരോഹിതൻമാർക്കും രാജാക്കൻമാർക്കും കീഴ്പെട്ടിരിക്കും. അവരിൽ ചിലരെ ഭൂമിയിലെ തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരും സഹോദരിമാരുമെന്ന നിലയിൽ ഈ ക്രിസ്ത്യാനികൾ നേരത്തെ അറിയുമായിരുന്നു. (വെളിപ്പാടു 21:1) പുതിയ യെരുശലേമിൽനിന്ന് ഒഴുകിവരുന്ന രോഗശാന്തി പകരുന്ന അനുഗ്രഹങ്ങളിൽ പ്രമോദിച്ചുകൊണ്ട് ആത്മീയ ദേശത്തെ വിശ്വസ്ത നിവാസികൾ അക്ഷരീയ പറുദീസയായി പുനഃസ്ഥാപിക്കപ്പെട്ട ഭൂമിയിൽ ജീവിക്കും.—യെശയ്യാവു 32:1; വെളിപ്പാടു 21:2; 22:1, 2.
20 യഹോവയുടെ മഹനീയമായ സ്വർഗീയ രഥം തന്റെ ലക്ഷ്യപ്രാപ്തിയിലേക്കു നിർത്താതെ കുതിക്കുമ്പോൾ നമ്മിലോരോരുത്തരും നമുക്കു നിയമിച്ചു നൽകിയിരിക്കുന്ന ഭാഗം പൂർത്തിയാക്കാൻ അതീവ താത്പര്യത്തോടെ നോക്കിപ്പാർത്തിരിക്കുന്നു. (യെഹെസ്കേൽ 1:1-28) ആ ഉദ്ദേശ്യങ്ങൾ ഒടുവിൽ പൂർത്തിയാക്കുമ്പോൾ യഹോവയുടെ വിജയകരമായ നാമവിശുദ്ധീകരണം എത്ര സന്തോഷത്തോടെയായിരിക്കും ആഘോഷിക്കപ്പെടുന്നത് എന്നു ചിന്തിച്ചു നോക്കൂ! വെളിപ്പാടു 5:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന ശക്തമായ സ്തോത്രഗീതം അപ്പോൾ സകല സൃഷ്ടിയും പാടും: “സിംഹാസനത്തിൽ ഇരിക്കുന്നവന്നും കുഞ്ഞാടിന്നും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ!” നമ്മുടെ സ്ഥാനം സ്വർഗത്തിലായാലും ശരി, ഭൂമിയിലായാലും ശരി, സ്തുതിപാഠകരുടെ ആ മഹനീയ സംഘത്തോടു നമ്മുടെ സ്വരവും ചേർക്കുന്നതിന് അവിടെ ഉണ്ടായിരിക്കാൻ നാം വാഞ്ഛിക്കുന്നില്ലേ?
[അടിക്കുറിപ്പുകൾ]
a 1953-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “പുതിയ ആകാശവും പുതിയ ഭൂമിയും (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ പേജുകൾ 322-3 കാണുക.
b ഒരു മുഴു ചർച്ചക്കുവേണ്ടി 1992 ജൂലൈ 15 വീക്ഷാഗോപുരത്തിലെ “‘നൽകപ്പെട്ടവർ,’ യഹോവയുടെ കരുതൽ” എന്ന ലേഖനം കാണുക.
c 1972-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ദിവ്യാധിപത്യത്താൽ മനുഷ്യവർഗത്തിന് പറുദീസാ പുനഃസ്ഥാപിക്കപ്പെടുന്നു (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ 264-9 പേജുകൾ കാണുക.
d എബ്രായ: റാഷെഹ് അൽഫെ ഇസ്രായേൽ (raʼ·shehʹ ʼal·phehʹ Yis·ra·ʼelʹ,) സെപ്റ്റ്വജിന്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഖിലിയാർക്കോയി ഇസ്രായേൽ, “ഇസ്രായേലിന്റെ ചിലിയാർക്കുകൾ” എന്നാണ്.
e വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1971-ൽ പ്രസിദ്ധീകരിച്ച “ഞാൻ യഹോവയെന്ന് ജനതകൾ അറിയും”—എങ്ങനെ? (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ 401-7 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ 1919-ൽ ഏതു “ദേശ”മാണ് പുനഃസ്ഥാപിക്കപ്പെട്ടത്, അത് നിവാസികളാൽ നിറയപ്പെട്ടത് എങ്ങനെ?
◻ ദൈവത്തിന്റെ പുനഃസ്ഥാപിക്കപ്പെട്ട ജനത്തിന്റെ “ദേശ”ത്ത് വേറെ ആടുകൾക്ക് കൂടുതലായ ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ മഹാപുരുഷാരത്തിൽപ്പെട്ട അംഗങ്ങൾ ഏതു വിധത്തിലാണ് ‘യെബൂസ്യനെപ്പോലെ’യും “യഹൂദയിൽ ഒരു മേധാവിയെപ്പോലെ”യും ആയിരിക്കുന്നത്?
◻ വിശ്വസ്തരായ വേറെ ആടുകൾ “ദേശ”ത്ത് എത്ര കാലം നിലനിൽക്കും?
[23-ാം പേജിലെ ചിത്രം]
ആധുനിക ഫെലിസ്ത്യൻ “യഹൂദയിൽ ഒരു മേധാവിയെപ്പോലെ” ആയിരിക്കും
[24-ാം പേജിലെ ചിത്രം]
അഭിഷിക്തരും വേറെ ആടുകളും ആത്മീയ ദേശത്ത് ഒരുമിച്ചു സേവനമനുഷ്ഠിക്കുന്നു