അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
15 യഹൂദ്യയിൽനിന്ന് ചിലർ വന്ന്, “മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനയേറ്റില്ലെങ്കിൽ*+ നിങ്ങൾക്കു രക്ഷ കിട്ടില്ല” എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി. 2 പൗലോസും ബർന്നബാസും അവരോടു വിയോജിക്കുകയും അതിനെക്കുറിച്ച് കാര്യമായി തർക്കിക്കുകയും ചെയ്തു. പൗലോസും ബർന്നബാസും മറ്റു ചിലരും ഈ പ്രശ്നവുമായി യരുശലേമിൽ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് പോകണമെന്ന് അവർ തീരുമാനിച്ചു.+
3 സഭയിലുള്ളവർ അവരോടൊപ്പം അൽപ്പദൂരം ചെന്ന് അവരെ യാത്രയാക്കി. ഫൊയ്നിക്യയിലൂടെയും+ ശമര്യയിലൂടെയും പോകുംവഴി, അവർ അവിടെയുള്ള സഹോദരന്മാരോടു ജനതകളിൽപ്പെട്ടവരുടെ പരിവർത്തനത്തെക്കുറിച്ച് വിവരിച്ചു; എല്ലാവർക്കും വലിയ സന്തോഷമായി. 4 അവർ യരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പോസ്തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങളിലൂടെ ചെയ്ത കാര്യങ്ങളെല്ലാം അവർ അവരെ അറിയിച്ചു.+ 5 എന്നാൽ പരീശഗണത്തിൽനിന്ന് വിശ്വാസികളായിത്തീർന്ന ചിലർ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ്, “ജൂതരല്ലാത്ത വിശ്വാസികളെ പരിച്ഛേദന ചെയ്യിപ്പിക്കുകയും മോശയുടെ നിയമം ആചരിക്കാൻ അവരോടു കല്പിക്കുകയും വേണം”+ എന്നു പറഞ്ഞു.
6 അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു. 7 ഏറെ നേരത്തെ ചൂടുപിടിച്ച ചർച്ചകൾക്കു ശേഷം പത്രോസ് എഴുന്നേറ്റ് അവരോടു പറഞ്ഞു: “സഹോദരന്മാരേ, ജനതകളിൽപ്പെട്ടവരോടു സന്തോഷവാർത്ത അറിയിക്കാനും അങ്ങനെ അവർ വിശ്വാസികളായിത്തീരാനും വേണ്ടി കുറെ നാൾ മുമ്പ് ദൈവം എന്നെ നിങ്ങൾക്കിടയിൽനിന്ന് തിരഞ്ഞെടുത്ത കാര്യം നിങ്ങൾക്ക് അറിയാമല്ലോ.+ 8 ഹൃദയങ്ങളെ അറിയുന്ന ദൈവം,+ നമുക്കു തന്നതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു.+ അങ്ങനെ അവരെയും അംഗീകരിച്ചെന്നു തെളിവ് നൽകി. 9 നമുക്കും അവർക്കും തമ്മിൽ ദൈവം ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല.+ അവരുടെ വിശ്വാസം കാരണം അവരുടെ ഹൃദയങ്ങളെ ദൈവം ശുദ്ധീകരിച്ചിരിക്കുന്നു.+ 10 അതുകൊണ്ട് നമ്മുടെ പൂർവികർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തിനാണ്? 11 കർത്താവായ യേശുവിന്റെ അനർഹദയയാൽ+ അവർക്കു രക്ഷ ലഭിക്കുന്നതുപോലെതന്നെയാണു നമുക്കും രക്ഷ+ ലഭിക്കുന്നതെന്നു നമ്മൾ വിശ്വസിക്കുന്നു.”
12 അപ്പോൾ, കൂടിവന്നവരെല്ലാം നിശ്ശബ്ദരായി. ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ ജനതകൾക്കിടയിൽ ചെയ്ത പല അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുകേട്ടു. 13 അവർ സംസാരിച്ചുതീർന്നപ്പോൾ യാക്കോബ്+ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക.+ 14 ജനതകളിൽപ്പെട്ടവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ+ ദൈവം ആദ്യമായി അവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ+ നന്നായി വിവരിച്ചല്ലോ. 15 പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും ഇതിനോടു യോജിക്കുന്നു: 16 ‘ഇതിനു ശേഷം ഞാൻ മടങ്ങിവന്ന് ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം വീണ്ടും ഉയർത്തും. നശിച്ചുകിടക്കുന്ന ആ കൂടാരം പുനർനിർമിച്ച് ഞാൻ പണ്ടത്തെപ്പോലെയാക്കും. 17 അങ്ങനെ ജനത്തിൽ ബാക്കിയുള്ളവർ എല്ലാ ജനതകളിലുംപെട്ടവരോടൊപ്പം, അതായത് എന്റെ നാമത്തിൽ അറിയപ്പെടുന്ന ആളുകളോടൊപ്പം, എന്നെ ആത്മാർഥമായി അന്വേഷിക്കും എന്ന് യഹോവ പറയുന്നു.+ 18 താൻ പണ്ടേ+ നിശ്ചയിച്ചിട്ടുള്ളതൊക്കെ നിവർത്തിക്കുന്ന ദൈവമാണ് യഹോവ.’ 19 അതുകൊണ്ട് ജനതകളിൽനിന്ന് ദൈവത്തിലേക്കു തിരിയുന്നവരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് എന്റെ അഭിപ്രായം.+ 20 പക്ഷേ വിഗ്രഹങ്ങളാൽ മലിനമായത്,+ ലൈംഗിക അധാർമികത,+ ശ്വാസംമുട്ടി ചത്തത്, രക്തം+ എന്നിവ ഒഴിവാക്കാൻ അവർക്ക് എഴുതണം. 21 കാലങ്ങളായി* മോശയുടെ പുസ്തകങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ വായിക്കുകയും അങ്ങനെ നഗരംതോറും അതു പ്രസംഗിക്കപ്പെടുകയും ചെയ്യുന്നതാണല്ലോ.”+
22 പിന്നെ, തങ്ങൾക്കിടയിൽനിന്ന് ചിലരെ തിരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടും ഒപ്പം അന്ത്യോക്യയിലേക്ക് അയയ്ക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തീരുമാനിച്ചു. അങ്ങനെ അവർ സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്ന, ബർശബാസ് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിനെയും ശീലാസിനെയും+ അയച്ചു. 23 അവർ ഇങ്ങനെ ഒരു എഴുത്തും അവരുടെ കൈയിൽ കൊടുത്തയച്ചു:
“അപ്പോസ്തലന്മാരും മൂപ്പന്മാരും ആയ നിങ്ങളുടെ സഹോദരന്മാർ അന്ത്യോക്യ,+ സിറിയ, കിലിക്യ എന്നിവിടങ്ങളിലുള്ള ജനതകളിൽപ്പെട്ട സഹോദരന്മാർക്ക് എഴുതുന്നത്: പ്രിയ സഹോദരങ്ങളേ, 24 ഞങ്ങൾക്കിടയിൽനിന്നുള്ള ചിലർ പലതും പറഞ്ഞ് നിങ്ങളെ വിഷമിപ്പിക്കുകയും+ നിങ്ങളുടെ മനസ്സു മാറ്റാൻ ശ്രമിക്കുകയും ചെയ്തതായി ഞങ്ങൾ കേട്ടു. അങ്ങനെ ചെയ്യാൻ ഞങ്ങൾ അവർക്ക് അധികാരം കൊടുത്തിട്ടില്ല. 25 അതുകൊണ്ട് ചിലരെ തിരഞ്ഞെടുത്ത് അവരെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പേരിനുവേണ്ടി സ്വന്തം ജീവൻ വിട്ടുകൊടുത്തവരായ 26 നമ്മുടെ പ്രിയപ്പെട്ട ബർന്നബാസിനോടും പൗലോസിനോടും കൂടെ+ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു. 27 ഞങ്ങൾ യൂദാസിനെയും ശീലാസിനെയും ആണ് അയയ്ക്കുന്നത്. അവർ വന്ന് ഈ കാര്യങ്ങൾ നിങ്ങളോടു നേരിട്ട് പറയുകയും ചെയ്യും.+ 28 നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും+ ഞങ്ങൾക്കും തോന്നിയതുകൊണ്ട് പിൻവരുന്ന പ്രധാനകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: 29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,+ ലൈംഗിക അധാർമികത+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”
30 അങ്ങനെ അവർ അന്ത്യോക്യയിലേക്കു പോയി. അവിടെ ചെന്ന് ശിഷ്യന്മാരെ മുഴുവൻ കൂട്ടിവരുത്തി അവർക്കു കത്തു കൈമാറി. 31 അതു വായിച്ച് പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു. 32 പ്രവാചകന്മാർകൂടെയായിരുന്ന യൂദാസും ശീലാസും പല പ്രസംഗങ്ങൾ നടത്തി സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു.+ 33 കുറച്ച് നാൾ അവർ അവിടെ തങ്ങി. പിന്നെ സഹോദരന്മാർ യാത്രാമംഗളങ്ങൾ* നേർന്ന് അവരെ തിരികെ യരുശലേമിലേക്കു യാത്രയയച്ചു. 34 —— 35 എന്നാൽ പൗലോസും ബർന്നബാസും അന്ത്യോക്യയിൽ താമസിച്ച് പഠിപ്പിക്കുകയും മറ്റു പലരോടുമൊപ്പം യഹോവയുടെ വചനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു.
36 കുറച്ച് ദിവസങ്ങൾക്കു ശേഷം പൗലോസ് ബർന്നബാസിനോട്, “വരൂ, നമ്മൾ യഹോവയുടെ വചനം അറിയിച്ച നഗരങ്ങളിലെല്ലാം മടങ്ങിച്ചെന്ന്* സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അന്വേഷിക്കാം”+ എന്നു പറഞ്ഞു. 37 മർക്കോസ് എന്ന് അറിയപ്പെട്ടിരുന്ന യോഹന്നാനെയും+ കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ് നിർബന്ധം പിടിച്ചു. 38 പക്ഷേ പംഫുല്യയിൽവെച്ച് അവരെ വിട്ട് പോകുകയും പ്രവർത്തനത്തിൽ പങ്കുചേരാതിരിക്കുകയും ചെയ്ത മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസിനു താത്പര്യമില്ലായിരുന്നു.+ 39 ഇതിന്റെ പേരിൽ അവർ തമ്മിൽ വലിയൊരു വഴക്ക് ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു പോയി. ബർന്നബാസ്+ മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി. 40 പൗലോസ് ശീലാസിനെയും കൂട്ടി യാത്ര തിരിച്ചു. സഹോദരന്മാർ പൗലോസിനെ യഹോവയുടെ കൈയിൽ ഭരമേൽപ്പിച്ച് യാത്രയാക്കി.+ 41 പൗലോസ് സിറിയയിലൂടെയും കിലിക്യയിലൂടെയും സഞ്ചരിച്ച് സഭകളെ ശക്തിപ്പെടുത്തി.