ഗിലെയാദ് ‘ഭൂമിയുടെ അറ്റത്തോളം’ മിഷനറിമാരെ അയയ്ക്കുന്നു
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ അര നൂറ്റാണ്ടിലധികമായി മിഷനറിമാരെ അയച്ചുവരുന്നു. 1999 സെപ്റ്റംബർ 11-ന് ഗിലെയാദിന്റെ 107-ാമത്തെ ക്ലാസ്സ് ബിരുദം നേടി. 11 രാജ്യങ്ങളിൽ നിന്നുള്ള 48 വിദ്യാർഥികൾ ഈ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവർക്ക് 24 രാജ്യങ്ങളിലേക്കു നിയമനം ലഭിച്ചു. സ്വർഗാരോഹണത്തിനു മുമ്പുള്ള യേശുവിന്റെ അവസാന വാക്കുകൾ നിവർത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുള്ള ആയിരക്കണക്കിനു മിഷനറിമാരോട് അവരും ചേരും. തന്റെ ശിഷ്യന്മാർ, ‘ഭൂമിയുടെ അറ്റത്തോളം [തന്റെ] സാക്ഷികൾ ആകും’ എന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു.—പ്രവൃത്തികൾ 1:8.
ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള മനോഹരമായ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു മഹത്തായ ആ ബിരുദദാന ചടങ്ങു നടന്നത്. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും അതിഥികളും ഹാജരായിരുന്നതു ബിരുദം നേടുന്ന വിദ്യാർഥികളെ അത്യധികം സന്തോഷിപ്പിച്ചു. ഓഡിയോ, വീഡിയോ സംവിധാനങ്ങളിലൂടെ പരിപാടി ആസ്വദിച്ച ബ്രുക്ലിൻ, വാൾക്കിൽ സമുച്ചയങ്ങളിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ മൊത്തം ഹാജർ 4,992 ആയിരുന്നു.
യഹോവയെയും അയൽക്കാരനെയും വിശ്വസ്തതയോടെ സേവിക്കുക
ഭരണസംഘത്തിലെ ഒരു അംഗവും ബിരുദദാന ചടങ്ങിന്റെ അധ്യക്ഷനുമായിരുന്ന ക്യാരി ബാർബർ നടത്തിയ പ്രാരംഭ പ്രസംഗത്തിന്റെ വിഷയം, ‘യഹോവയുടെ പക്ഷത്ത് ഉള്ളവൻ ആർ?’ എന്നതായിരുന്നു. മോശെയുടെ കാലത്തെ ഇസ്രായേല്യർ അക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. യഹോവയുടെ പക്ഷത്തു വിശ്വസ്തതയോടെ നിലകൊള്ളാഞ്ഞതിന്റെ ഫലമായി നിരവധി ഇസ്രായേല്യർക്കു മരുഭൂമിയിൽ ജീവൻ നഷ്ടമായ കാര്യം ബിരുദം നേടുന്ന ക്ലാസ്സിനെയും ഹാജരായിരുന്ന മറ്റുള്ളവരെയും അദ്ദേഹം ഓർമിപ്പിച്ചു. വിഗ്രഹാരാധനയ്ക്ക് ഇരകളായ അവർ “ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേററു.” (പുറപ്പാടു 32:1-29) അതേ അപകടത്തെ കുറിച്ചു തന്നെ ക്രിസ്ത്യാനികൾക്ക് യേശു മുന്നറിയിപ്പു നൽകി: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”—ലൂക്കൊസ് 21:34-36.
എഴുത്തു വിഭാഗത്തിലെ ജീൻ സ്മോളിയാണ് അടുത്ത പ്രസംഗം നടത്തിയത്. അദ്ദേഹം ബിരുദം നേടുന്ന വിദ്യാർഥികളോട് ഇങ്ങനെ ചോദിച്ചു: “നിങ്ങൾ ഒരു പാരെഗോറിക് (വേദനാ സംഹാരി) ആയിരിക്കുമോ?” പാരെഗോറിയ എന്ന ഗ്രീക്ക് പദം അസ്വാസ്ഥ്യം ലഘൂകരിക്കുന്ന ഒരു മരുന്നിന്റെ പേരായി ഇംഗ്ലീഷിൽ ഉപയോഗിച്ചു വരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. എന്നിരുന്നാലും, പൗലൊസ് അപ്പൊസ്തലൻ കൊലൊസ്സ്യർ 4:11-ൽ തന്റെ സഹപ്രവർത്തകരെ വർണിക്കാൻ അർഥപൂർണമായ ഈ ഗ്രീക്ക് പദം ഉപയോഗിച്ചു. പുതിയ ലോക ഭാഷാന്തരത്തിൽ ഈ പദം ‘കരുത്തേകുന്ന ഒരു സഹായി’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
തങ്ങളുടെ നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ താഴ്മയോടെ പ്രാദേശിക സഹോദരങ്ങൾക്കു കരുത്തേകുന്ന ഒരു സഹായി ആയിരുന്നുകൊണ്ടും സഹ മിഷനറിമാരോടു സഹകരണവും സ്നേഹവും പ്രകടമാക്കിക്കൊണ്ടും ബിരുദം നേടുന്ന മിഷനറിമാർക്കു പ്രായോഗികമായ വിധത്തിൽ ആധുനികകാല വേദനാ സംഹാരികൾ ആയിരിക്കാനാകും.
“ജീവിതത്തെ നയിക്കേണ്ട സുവർണ നിയമം” എന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു അടുത്ത പ്രസംഗം. ഭരണസംഘാംഗമായ ഡാനിയേൽ സിഡ്ലിക് ആണ് ആ പ്രസംഗം നിർവഹിച്ചത്. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്ന, മത്തായി 7:12-ൽ യേശു നൽകിയ ഉന്നത തത്ത്വത്തിൽ മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നതു മാത്രമല്ല അവർക്കുവേണ്ടി ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നതും ഉൾപ്പെടുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
അതു വിജയപ്രദമായി ചെയ്യുന്നതിനു മൂന്നു സംഗതികൾ അനിവാര്യമാണ്: കാണുന്ന കണ്ണ്, അനുകമ്പയുള്ള ഹൃദയം, സഹായിക്കുന്ന കരങ്ങൾ. തന്റെ പ്രസംഗം സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആർക്കെങ്കിലും സഹായം ചെയ്യണം എന്നു തോന്നുന്ന ഉടനെ അതു ചെയ്യണം. മറ്റുള്ളവർ നമുക്കു ചെയ്തുതരാൻ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ അത്യധികം ശ്രമം ചെലുത്തിയാണെങ്കിൽ പോലും നാം അവർക്കു ചെയ്തുകൊടുക്കണം.” സത്യക്രിസ്ത്യാനിത്വം പിൻപറ്റാൻ ആളുകളെ സഹായിക്കുന്നതിനായി മറ്റു ദേശങ്ങളിലേക്കു പോകുന്ന മിഷനറിമാരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരിക്കണം.
അധ്യാപകർ ഊഷ്മളമായ ഓർമിപ്പിക്കലുകൾ നൽകുന്നു
ഗിലെയാദ് അധ്യാപകനായ കാൾ ആഡംസ് മിഷനിമാരെ “വളർന്നുകൊണ്ടേയിരിക്കു”ന്നതിനു പ്രോത്സാഹിപ്പിച്ചു. ഏതെല്ലാം വശങ്ങളിൽ? ഒന്നാമതായി, അറിവിലും അതു ശരിയാംവണ്ണം ഉപയോഗിക്കാനുള്ള കഴിവിലും. ബൈബിൾ വിവരണങ്ങളുടെ പശ്ചാത്തലവും സന്ദർഭവും മനസ്സിലാക്കുന്നതിനു ഗവേഷണം നടത്തേണ്ട വിധം ഗിലെയാദ് സ്കൂളിൽവെച്ചു വിദ്യാർഥികൾ മനസ്സിലാക്കി. ഓരോ വൃത്താന്തവും തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കണമെന്നു പരിചിന്തിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. തുടർന്നും അതു ചെയ്യാൻ അവർ ഉദ്ബോധിപ്പിക്കപ്പെട്ടു.
“രണ്ടാമതായി, സ്നേഹത്തിൽ വളർന്നുകൊണ്ടേയിരിക്കുക. പരിപോഷിപ്പിക്കുന്നത് അനുസരിച്ച് സ്നേഹം വളരുന്നു. അവഗണിക്കപ്പെടുന്നപക്ഷം, അത് മൃതമാകുന്നു,” ആഡംസ് സഹോദരൻ പറഞ്ഞു. (ഫിലിപ്പിയർ 1:9) മിഷനറിമാർ എന്ന നിലയിൽ അവർ ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിന്മധ്യേ സ്നേഹത്തിൽ വളരേണ്ടതുണ്ട്. മൂന്നാമതായി, “നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും [“അനർഹദയയിലും,” NW] അവനെക്കുറിച്ചുള്ള അറിവിലും . . . വളര”ണം. (2 പത്രൊസ് 3:18, പി.ഒ.സി. ബൈബിൾ) “തന്റെ പുത്രനിലൂടെ യഹോവ പ്രകടിപ്പിച്ചിരിക്കുന്ന ദയയുടെ ഉത്കൃഷ്ട രൂപമാണ് ഇത്,” പ്രസംഗകൻ പറഞ്ഞു. “ആ അനർഹ ദയയോടുള്ള വിലമതിപ്പിൽ നാം വളരുമ്പോൾ, ദൈവേഷ്ടം ചെയ്യുന്നതിലും ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല നിർവഹിക്കുന്നതിലും നമ്മുടെ സന്തോഷം വർധിക്കുന്നു.”
മറ്റൊരു ഗിലെയാദ് അധ്യാപകനായ മാർക്ക് നൂമാർ “സ്നേഹത്തോടെ സ്വീകരിക്കുക, അപ്പോൾ നിങ്ങൾക്ക് അതിനു കഴിയും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചു. അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “മിഷനറി ജീവിതത്തിലെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളെ സ്നേഹത്തോടെ നേരിടാൻ പഠിക്കുക, അപ്പോൾ നിങ്ങൾക്ക് അതിനു കഴിയും. താൻ സ്നേഹിക്കുന്നവർക്കു മാത്രമേ യഹോവ ശിക്ഷണം നൽകുന്നുള്ളൂ. ചില ബുദ്ധിയുപദേശങ്ങൾ അത്രതന്നെ കഴമ്പില്ലാത്തതും അലോസരപ്പെടുത്തുന്നതും ന്യായരഹിതവും ആണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിലും യഹോവയോടുള്ള സ്നേഹവും അവനുമായുള്ള ബന്ധവും അതു സ്വീകരിക്കാൻ നിങ്ങളെ സഹായിക്കും.”
മിഷനറി സേവനത്തിൽ പല ഉത്തരവാദിത്വങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി നൂമാർ സഹോദരൻ ചൂണ്ടിക്കാട്ടി. “എന്നാൽ, സ്നേഹത്തോടെ അല്ലാതെയുള്ള കടമ നിർവഹണം നിങ്ങളെ അതൃപ്തരാക്കും. ഭക്ഷണം പാകം ചെയ്യൽ, സാധനങ്ങൾ വാങ്ങൽ, പഴങ്ങൾ കഴുകൽ, വെള്ളം തിളപ്പിക്കൽ എന്നിങ്ങനെയുള്ള മിഷനറി ഭവനത്തിലെ ജോലികൾ സ്നേഹം കൂടാതെയാണ് ചെയ്യുന്നതെങ്കിൽ അത് ഒരു ഭാരമായിത്തീർന്നേക്കാം. സ്വയം ഇങ്ങനെ ചോദിക്കുക, ‘ഞാൻ ഇതു ചെയ്യുന്നത് എന്തിനാണ്?’ അതിന് ഉത്തരമായി, ‘എന്റെ ശ്രമങ്ങൾ സഹമിഷനറിമാരുടെ ആരോഗ്യത്തിനും സന്തുഷ്ടിക്കും സംഭാവന ചെയ്യുന്നു’ എന്നു സ്വയം പറയാനാകുമെങ്കിൽ അത്തരം ജോലികൾ നിങ്ങൾക്ക് എളുപ്പമാകും.” രത്നച്ചുരുക്കം എന്ന നിലയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ശിക്ഷണം സ്വീകരിക്കുന്നതോ മിഷനറിവേലയോടു ബന്ധപ്പെട്ട കടമകൾ നിർവഹിക്കുന്നതോ തെറ്റിദ്ധാരണകൾ കൈകാര്യം ചെയ്യുന്നതോ ഒക്കെ സ്നേഹപുരസ്സരമാണെങ്കിൽ നിയമനത്തിൽ തുടരാൻ അതു നിങ്ങളെ സഹായിക്കും. ‘സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.’”—1 കൊരിന്ത്യർ 13:8.
അടുത്തതായി, സഭകളോടൊപ്പം പ്രവർത്തിക്കവെ തങ്ങൾ ആസ്വദിച്ച ആനന്ദപ്രദമായ അനുഭവങ്ങൾ ഗിലെയാദ് അധ്യാപകനായ വാലസ് ലിവറൻസിന്റെ അധ്യക്ഷതയിൽ വിദ്യാർഥികൾ പ്രകടിപ്പിച്ചു കാണിച്ചു. തങ്ങളുടെ മിഷനറി പരിശീലനത്തിന് അനുസൃതമായി അവർ വീടുതോറും പോകുന്നതിനു പുറമേ ട്രക്കുകൾ നിറുത്തിയിട്ടിരിക്കുന്നിടങ്ങളിലും അലക്കുശാലകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റിടങ്ങളിലുമൊക്കെ പ്രസംഗിച്ചു.
അനുഭവസമ്പത്തുള്ള മിഷനറിമാർ ധൈര്യം പകരുന്നു
വിദേശ രാജ്യങ്ങളിലേക്കു നിയമനം ലഭിക്കുമ്പോൾ പുതിയ മിഷനറിമാർ അതേക്കുറിച്ച് ഉത്കണ്ഠപ്പെടണമോ? വിദേശ നിയമനത്തിന്റെ വെല്ലുവിളികളെ അവർക്കു നേരിടാനാകുമോ? തങ്ങളുടെ സേവനത്തിൽ വിജയപ്രദരാകാൻ പുതുതായി എത്തുന്ന മിഷനറിമാരെ സഹായിക്കുന്നതിനു ബ്രാഞ്ച് ഓഫീസുകൾ എന്താണ് ചെയ്യുന്നത്? ഈ ചോദ്യങ്ങൾക്കും വേറെ ചില ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതിന് സേവന വിഭാഗത്തിലെ സ്റ്റീവൻ ലെട്ടും എഴുത്തു വിഭാഗത്തിലെ ഡേവിഡ് സ്പ്ലേനും, വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ബ്രാഞ്ച് സ്കൂളിൽ പങ്കെടുത്തുകൊണ്ടിരുന്നവരുമായി അഭിമുഖം നടത്തി. അവർ സ്പെയിൻ, ഹോങ്കോംഗ്, ലൈബീരിയ, ബെനിൻ, മഡഗാസ്കർ, ബ്രസീൽ, ജപ്പാൻ എന്നിവിടങ്ങളിലെ ബ്രാഞ്ച് കമ്മിറ്റികളിൽ സേവിക്കുന്നരായിരുന്നു.
അനുഭവസമ്പത്തുള്ള ഈ യഹോവയുടെ ദാസന്മാർ—അവരിൽ പലരും ദശകങ്ങളോളം മിഷനറിമാർ ആയി സേവിച്ചിട്ടുള്ളവരാണ്—ബിരുദം നേടുന്ന വിദ്യാർഥികൾക്കും അവിടെ ഉണ്ടായിരുന്ന അവരുടെ ബന്ധുമിത്രാദികൾക്കും ധൈര്യം പകർന്നു. തങ്ങളുടെയും സഹമിഷനറിമാരുടെയും വ്യക്തിപരമായ അനുഭവത്തെ അധികരിച്ച് പ്രശ്നങ്ങളും ഉത്കണ്ഠകളും വിജയപ്രദമായി കൈകാര്യം ചെയ്യാമെന്ന് അവർ വ്യക്തമാക്കി. അവർ നേരിടുന്ന പ്രശ്നം വലുതായിരുന്നാൽ പോലും “അതു പരിഹരിക്കാൻ സാധിക്കും, സൊസൈറ്റി അതിനു നമ്മെ സഹായിക്കുന്നു,” മഡഗാസ്കറിൽ മിഷനറിയായി സേവിക്കുന്ന റൈമോ ക്വോക്കാനെൻ പറഞ്ഞു. “ആ നിയമനം ഞങ്ങൾ തിരഞ്ഞെടുത്തതല്ല, ഞങ്ങൾക്കു ലഭിച്ചതാണ്. അതുകൊണ്ട്, അതിൽ തുടരുന്നതിനു കഴിവിന്റെ പരമാവധി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു,” ഇപ്പോൾ ബ്രസീലിൽ സേവിക്കുന്ന ഓസ്റ്റൻ ഗുസ്റ്റാവ്സൻ പറഞ്ഞു. “അപ്പോൾത്തന്നെ മിഷനറിമാരായി സേവിച്ചുകൊണ്ടിരുന്ന സഹോദരങ്ങളുടെ സാന്നിധ്യമാണ്” തന്നെ സഹായിച്ചത് എന്ന് ഇപ്പോൾ ജപ്പാനിൽ സേവിക്കുന്ന ജെയിംസ് ലിന്റൺ പറഞ്ഞു. യഹോവയെ സേവിക്കുന്നതിനും അവന്റെ ആടുകളെ പരിപാലിക്കുന്നതിനും ഉള്ള സന്തോഷപ്രദവും സംതൃപ്തിദായകവുമായ ഒരു വിധമാണ് മിഷനറി സേവനം.
ആത്മീയതയെ നശിപ്പിക്കുന്ന പകർച്ചവ്യാധി ഒഴിവാക്കൽ
ഭരണസംഘത്തിലെ ഒരു അംഗമായ, ഏഴാമത്തെ ഗിലെയാദ് ക്ലാസ്സിൽ നിന്ന് 1946-ൽ ബിരുദം നേടിയ തിയോഡർ ജാരറ്റ്സ്, “ആത്മീയമായി ജീവിച്ചിരിക്കുന്നതിൽ തുടരുന്നതിലെ വെല്ലുവിളി” എന്ന വിഷയത്തെ ആസ്പദമാക്കി സമാപന പ്രസംഗം നടത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന കൊടുംക്രൂരതകളെ കുറിച്ചു പരാമർശിച്ചുകൊണ്ട്, മനുഷ്യവർഗം വാസ്തവത്തിൽ അതിദാരുണമായ ദുരന്തങ്ങൾ അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
91-ാം സങ്കീർത്തനം പരാമർശിച്ചുകൊണ്ട്, നമുക്കു ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആത്മീയമായി രോഗഗ്രസ്തരാക്കുകയും കൊല്ലുകയും ചെയ്തിരിക്കുന്ന “മഹാമാരി”യും “വിനാശ”വും ഏവയെന്നു ജാരറ്റ്സ് സഹോദരൻ തിരിച്ചറിയിച്ചു. ആത്മീയതയെ ദുർബലമാക്കാനും നശിപ്പിക്കാനുമായി പിശാചും അവന്റെ ദുഷ്ട വ്യവസ്ഥിതിയും യുക്തിവാദത്തിലും ഭൗതികത്വത്തിലും അധിഷ്ഠിതമായ, മഹാമാരിക്കു സമാനമായ നുണപ്രചാരണങ്ങൾ ഉപയോഗിക്കുന്നു. എങ്കിലും, അത്തരം പകർച്ചവ്യാധികൾ “അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവ”ന്റെ അടുത്തുപോലും എത്തുകയില്ലെന്ന് യഹോവ നമുക്ക് ഉറപ്പേകുന്നു.—സങ്കീർത്തനം 91:1-7, പി.ഒ.സി. ബൈ.
“വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലകൊള്ളുകയും സുരക്ഷാ സ്ഥാനത്തു തുടരുകയും ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി,” ജാരറ്റ്സ് സഹോദരൻ പറഞ്ഞു. “‘ആത്മീയത ഇല്ലാത്ത’ പരിഹാസികളെ പോലെ ആയിരിക്കാൻ നമുക്കാവില്ല. ആത്മീയതയില്ലായ്മ ഇപ്പോൾ ഒരു പ്രശ്നം ആയിരിക്കുകയാണ്. സംഘടനയിൽ ഉള്ള നാം ഓരോരുത്തരും അതിനെ അഭിമുഖീകരിക്കുന്നു. നിങ്ങളുടെ മിഷനറി നിയമനത്തിലും നിങ്ങൾ അതിനെ അഭിമുഖീകരിച്ചേക്കാം.” (യൂദാ 18, 19, NW) നിയമനങ്ങളിൽ ആത്മീയത നിലനിർത്തുന്നതിൽ വിജയിക്കാനാകും എന്ന് ബിരുദം നേടിയ മിഷനറിമാരോട് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, നിരോധനം, കൊടിയ എതിർപ്പ്, പരിഹാസം, നിരീശ്വരവാദ പ്രചാരണം, വ്യാജാരോപണങ്ങൾ എന്നിവയ്ക്കു മധ്യേ റഷ്യയിലും ഏഷ്യയിലും ആഫ്രിക്കൻ ദേശങ്ങളിലും നമ്മുടെ സഹോദരങ്ങൾ എങ്ങനെ സഹിച്ചു നിൽക്കുന്നു എന്നു പരിചിന്തിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. അതിനു പുറമേ മിക്കപ്പോഴും, വംശീയ പോരാട്ടങ്ങളും അടിസ്ഥാന വസ്തുക്കളുടെ അഭാവവും നിമിത്തം ശാരീരിക പ്രശ്നങ്ങളും ഉണ്ടാകുന്നു.
ആത്മീയത ദുർബലമായിത്തീരുമ്പോൾ, “പ്രശ്നം എന്താണെന്നു കണ്ടുപിടിച്ച് ദൈവവചനത്തിലെ ബുദ്ധിയുപദേശം ഉപയോഗിച്ച് അതു പരിഹരിക്കേണ്ടത് അനിവാര്യമാണ്.” അതിന് അദ്ദേഹം ബൈബിൾ ദൃഷ്ടാന്തങ്ങൾ നൽകി. തന്റെ പക്കലുള്ള ന്യായപ്രമാണത്തിന്റെ പ്രതി ദിവസവും വായിക്കാൻ യോശുവയ്ക്കു പ്രോത്സാഹനം ലഭിച്ചു. (യോശുവ 1:8) യോശീയാവിന്റെ കാലത്തു നിയമപുസ്തകം കണ്ടുകിട്ടിയപ്പോൾ അതിലെ നിർദേശങ്ങൾ വിശ്വസ്തതയോടെ ബാധകമാക്കിയത് യഹോവയുടെ അനുഗ്രഹത്തിൽ കലാശിച്ചു. (2 രാജാക്കന്മാർ 23:2, 3) ശൈശവം മുതൽ തിമൊഥെയൊസ് വിശുദ്ധ ലിഖിതങ്ങൾ അറിഞ്ഞിരുന്നു. (2 തിമൊഥെയൊസ് 3:14, 15, NW) ബെരോവക്കാർ നല്ല കേൾവിക്കാർ ആയിരുന്നുവെന്നു മാത്രമല്ല തിരുവെഴുത്തുകൾ അനുദിനം പരിശോധിക്കുന്നവരും ആയിരുന്നതിനാൽ “ഉത്തമന്മാരായി” കണക്കാക്കപ്പെട്ടു. (പ്രവൃത്തികൾ 17:10, 11) ദൈവവചനം അറിയുകയും ഉപയോഗിക്കുകയും ചെയ്തിരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് യേശുക്രിസ്തു.—മത്തായി 4:1-11.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ജാരറ്റ്സ് സഹോദരൻ പുതിയ മിഷനറിമാരെ ഊഷ്മളമായി ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഇപ്പോൾ നിങ്ങൾ മിഷനറി നിയമനത്തിൽ ഏർപ്പെടാൻ സജ്ജരാണ്. നിങ്ങൾ വിദേശത്തേക്ക്, അക്ഷരാർഥത്തിൽ ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലേക്ക്, പോകാനിരിക്കുകയാണ്. ആത്മീയ ജീവന് എതിരായ വെല്ലുവിളിയെ നാം തരണം ചെയ്യുന്നപക്ഷം, ചെയ്യാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന കാര്യങ്ങളിൽ നിന്നു നമ്മെ വ്യതിചലിപ്പിക്കാൻ നാം ഒന്നിനെയും അനുവദിക്കുകയില്ല. നിങ്ങൾ തീക്ഷ്ണതയോടെ പ്രസംഗിക്കാനും നിങ്ങളുടെ വിശ്വാസം അനുകരിക്കുന്നതിനു മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പോകുകയാണ്. യഹോവ നമ്മെ ജീവനിലേക്കു വരുത്തിയിരിക്കുന്നതുപോലെ നിങ്ങൾ പഠിപ്പിക്കുന്നവരെയും അവൻ ജീവനിലേക്കു വരുത്തേണ്ടതിനു ഞങ്ങൾ നിങ്ങളോടൊപ്പം പ്രാർഥിക്കുന്നതാണ്. അങ്ങനെ, ലോകവ്യാപകമായി തേർവാഴ്ച നടത്തുന്ന ആത്മീയ ദുരന്തത്തിൽ നിന്ന് ഇനിയും ഒട്ടനവധി പേർ രക്ഷപ്പെടും. ആ വലിയ ഗണവും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ നമ്മോടു ചേരും. അതിനായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ.”
അധ്യക്ഷൻ ലോകമെമ്പാടുമുള്ള വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആശംസകൾ വായിച്ചു, തുടർന്ന് ബിരുദം നേടുന്ന വിദ്യാർഥികൾക്കു ഡിപ്ലോമ നൽകാനുള്ള സമയമായി. അതേത്തുടർന്ന്, വിദ്യാർഥികൾ എഴുതിയ, ഊഷ്മളമായ വിലമതിപ്പ് തുളുമ്പുന്ന ഒരു കത്തു വായിച്ചു. തങ്ങൾക്കു ലഭിച്ച സവിശേഷ പരിശീലനത്തെയും ‘ഭൂമിയുടെ അറ്റത്തോളം’ മിഷനറിമാരായി പോകാനുള്ള നിയമനങ്ങളെയും പ്രതി അവർ യഹോവയോടും അവന്റെ സംഘടനയോടും എത്ര നന്ദിയുള്ളവർ ആയിരുന്നു!—പ്രവൃത്തികൾ 1:8.
[29-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 11
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 24
വിദ്യാർഥികളുടെ എണ്ണം: 48
ദമ്പതികളുടെ എണ്ണം: 24
ശരാശരി വയസ്സ്: 34
സത്യത്തിലായിരുന്ന ശരാശരി വർഷം: 17
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ നിന്നു ബിരുദം നേടുന്ന 107-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
1. പേരാൽറ്റാ, സി.; ഹോലെൻബെക്, ബി.; ഷോ, ആർ.; ഹസാൻ, എൻ.; മാർട്ടിൻ, ഡി.; ഹച്ചിൻസൺ, എ. 2. എഡ്വാർഡ്സ്, എൽ.; വിസെർ, റ്റി.; സെറൂട്ടി, ക്യൂ.; എന്റ്സ്മിനെൻ, ജി.; ഡാലോയിസ്, എൽ.; ബാലിയെറി, എൽ. 3. നൈറ്റ്, പി.; ക്രാവുസ, എ.; കസസ്കി, ഡി.; റോസ്, എം.; ഫ്രിഡെൽ, കെ.; നൈയെറ്റോ, ആർ. 4. റോസ്, ഇ.; ബാക്കസ്, റ്റി.; റ്റാലി, എസ്.; യോൻബെർ, ഡി.; ബെർൺഹാർട്ട്, എ.; പേരാൽറ്റാ, എം. 5. ഡാലോയിസ്, എ.; യോൻബെർ, ഡി.; ഡൺ, എച്ച്.; ഗാറ്റ്ലിങ്, ജി.; ഷോ, ജെ.; സെറൂട്ടി, എം. 6. ബാലിയെറി, എസ്.; ക്രാവുസ, ജെ.; ഹോലെൻബെക്, റ്റി.; മാർട്ടിൻ, എം.; ബെർൺഹാർട്ട്, ജെ.; ഹച്ചിൻസൺ, എം. 7. ബാക്കസ്, എ.; ഡൺ, ഒ.; ഗാറ്റ്ലിങ്, റ്റി.; വിസെർ, ബി.; നൈറ്റ്, പി.; ഹസാൻ, ഓ. 8. നൈയെറ്റോ, സി.; റ്റാലി, എം.; ഫ്രിഡെൽ, ഡി.; കസസ്കി, എ.; എഡ്വാർഡ്സ് ജെ.; എന്റ്സ്മിനെൻ, എം.