നമ്മുടെ അമൂല്യ വിശ്വാസം മുറുകെപ്പിടിക്കാം!
“ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു.”—2 പത്രൊസ് 1:1.
1. യേശു തന്റെ അപ്പോസ്തലന്മാരോട് എന്തു മുൻകൂട്ടിപ്പറഞ്ഞു, എങ്കിലും പത്രൊസ് എന്തു വീമ്പിളക്കി?
അപ്പോസ്തലന്മാരെല്ലാം തന്നെ ഉപേക്ഷിക്കുമെന്ന് യേശു തന്റെ മരണത്തിന്റെ തലേ രാത്രി പറഞ്ഞു. അവരിലൊരാളായ പത്രൊസ് ഇങ്ങനെ വീമ്പിളക്കി: “എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 26:33) എന്നാൽ, അതു സത്യമല്ലെന്ന് യേശുവിനറിയാമായിരുന്നു. അതുകൊണ്ടാണ് അതേ അവസരത്തിൽ അവൻ പത്രൊസിനോട് ഇങ്ങനെ പറഞ്ഞത്: “ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരുസമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.”—ലൂക്കൊസ് 22:32.
2. പത്രൊസിന് അമിത ആത്മവിശ്വാസമുണ്ടായിരുന്നിട്ടും ഏതു പ്രവൃത്തികളാണ് അവന്റെ വിശ്വാസം ദുർബലമായിരുന്നുവെന്നു തെളിയിച്ചത്?
2 തന്റെ വിശ്വാസത്തെക്കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തിയ പത്രൊസ് അന്നു രാത്രിതന്നെ യേശുവിനെ തള്ളിപ്പറഞ്ഞു. അതും, മൂന്നു തവണ. ക്രിസ്തുവിനെ തനിക്കറിയില്ലെന്നുപോലും അവൻ പറഞ്ഞു! (മത്തായി 26:69-75) “തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക” എന്ന തന്റെ യജമാനന്റെ വാക്കുകൾ പത്രൊസിന്റെ കാതുകളിൽ ഉച്ചത്തിൽ, വ്യക്തമായി മുഴങ്ങിയിരിക്കണം. ആ ഉദ്ബോധനം പത്രൊസിന്റെ ശിഷ്ടജീവിതത്തിൽ ശക്തമായ പ്രഭാവം ചെലുത്തി. അതിന്റെ തെളിവാണ് അവനെഴുതിയ, ബൈബിളിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ടു ലേഖനങ്ങൾ.
പത്രൊസ് തന്റെ ലേഖനങ്ങൾ എഴുതിയതിന്റെ കാരണം
3. പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം എഴുതിയത് എന്തുകൊണ്ട്?
3 യേശു മരിച്ച് ഏതാണ്ട് 30 വർഷം കഴിഞ്ഞാണ് പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം എഴുതുന്നത്. ഇപ്പോൾ ടർക്കിയുടെ ഉത്തര-പശ്ചിമ പ്രദേശങ്ങളായ പൊന്തൊസ്, ഗലാത്യ, കപ്പദൊക്യ, ആസ്യ, ബിഥുന്യ എന്നിവിടങ്ങളിലെ സഹോദരങ്ങളെയാണ് അതിൽ സംബോധന ചെയ്തിരിക്കുന്നത്. (1 പത്രൊസ് 1:1) പത്രൊസ് ലേഖനമെഴുതിയവരുടെ കൂട്ടത്തിൽ യഹൂദന്മാർ—അവരിൽ ചിലർ ക്രിസ്ത്യാനികളായിത്തീർന്നത് പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആയിരിക്കാനിടയുണ്ട്—ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല. (പ്രവൃത്തികൾ 2:1, 7-9) എതിരാളികളിൽനിന്നു കടുത്ത പീഡാനുഭവങ്ങൾ നേരിടേണ്ടിവന്ന വിജാതീയരായ പലരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. (1 പത്രൊസ് 1:6, 7; 2:12, 19, 20; 3:13-17; 4:12-14) അതുകൊണ്ട്, ആ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പത്രൊസ് എഴുതിയത്. ‘[അവരുടെ] വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കാൻ’ അവരെ സഹായിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അതിനാൽ, ഉപസംഹാര ഉദ്ബോധനത്തിൽ അവൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി [പിശാചിനോട്] എതിർത്തു നില്പിൻ.”—1 പത്രൊസ് 1:9; 5:8-10.
4. പത്രൊസ് തന്റെ രണ്ടാമത്തെ ലേഖനം എഴുതിയത് എന്തുകൊണ്ട്?
4 പിന്നീട്, ആ ക്രിസ്ത്യാനികൾക്ക് പത്രൊസ് രണ്ടാമതും ഒരു ലേഖനമെഴുതി. (2 പത്രൊസ് 3:1) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അതിലുമേറെ വലിയ ഭീഷണി നിലനിന്നിരുന്നു. വിശ്വാസികളുടെ ഇടയിൽ തങ്ങളുടെ ദുഷിപ്പിക്കുന്ന നടത്ത പ്രോത്സാഹിപ്പിക്കുന്നതിനും ചിലരെ വഴിതെറ്റിക്കുന്നതിനും അധാർമിക വ്യക്തികൾ ശ്രമിക്കുമായിരുന്നു! (2 പത്രൊസ് 2:1-3) പരിഹാസികളെക്കുറിച്ചും പത്രൊസ് മുന്നറിയിപ്പു നൽകുകയുണ്ടായി. “എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു”വെന്ന് ഒന്നാമത്തെ ലേഖനത്തിൽ അവൻ എഴുതിയിരുന്നു. ഇപ്പോൾ പ്രത്യക്ഷത്തിൽ ചിലർ അത്തരമൊരു ആശയത്തെ പുച്ഛിക്കുന്നുണ്ടായിരുന്നു. (1 പത്രൊസ് 4:7; 2 പത്രൊസ് 3:3, 4) നമുക്കു പത്രൊസിന്റെ രണ്ടാം ലേഖനം പരിശോധിച്ച്, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അത് ആ സഹോദരങ്ങളെ എങ്ങനെ ശക്തീകരിച്ചെന്നു നോക്കാം. ഒന്നാമത്തെ ഈ ലേഖനത്തിൽ 2 പത്രൊസ് 1-ാം അധ്യായം നമുക്കു പരിചിന്തിക്കാം.
1-ാം അധ്യായത്തിന്റെ ഉദ്ദേശ്യം
5. പ്രശ്നങ്ങളുടെ ചർച്ചയ്ക്കായി പത്രൊസ് തന്റെ വായനക്കാരെ ഒരുക്കുന്നതെങ്ങനെ?
5 ഗുരുതരമായ പ്രശ്നങ്ങൾ പത്രൊസ് ഉടനേ കൈകാര്യം ചെയ്യുന്നില്ല. മറിച്ച്, പത്രൊസിന്റെ വായനക്കാർ ക്രിസ്ത്യാനികളായിത്തീർന്നപ്പോൾ അവർക്കു ലഭിച്ചതിനോടുള്ള വിലമതിപ്പു വർധിപ്പിച്ചുകൊണ്ട് ആ പ്രശ്നങ്ങളുടെ ചർച്ചയ്ക്കായി അവൻ വഴിയൊരുക്കുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളും ബൈബിൾ പ്രവചനങ്ങളുടെ ആശ്രയയോഗ്യതയും സംബന്ധിച്ച് അവൻ അവരെ ഓർമിപ്പിക്കുന്നു. ക്രിസ്തു രാജ്യാധികാരത്തിലായിരിക്കുന്നതു സംബന്ധിച്ചു തനിക്കു വ്യക്തിപരമായി ലഭിച്ച ദർശനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് അവൻ അതു ചെയ്യുന്നത്.—മത്തായി 17:1-8; 2 പത്രൊസ് 1:3, 4, 11, 16-21.
6, 7. (എ) പത്രൊസിന്റെ ലേഖന ആമുഖത്തിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാനാകും? (ബി) നാം ബുദ്ധ്യുപദേശം നൽകുന്നെങ്കിൽ ചിലപ്പോൾ എന്തു സമ്മതിച്ചുപറയുന്നതു സഹായകമായിരുന്നേക്കാം?
6 പത്രൊസിന്റെ ആമുഖത്തിൽനിന്നു നമുക്ക് എന്തെങ്കിലും പാഠം പഠിക്കാൻ സാധിക്കുമോ? നാം പൊതുവിൽ അമൂല്യമായി കരുതുന്ന മഹത്തായ രാജ്യപ്രത്യാശയുടെ വിവിധ വശങ്ങൾ പത്രൊസിന്റെ ശ്രോതാക്കളോടൊപ്പം പരിശോധിക്കുന്നെങ്കിൽ ആ ബുദ്ധ്യുപദേശം കൂടുതൽ സ്വീകാര്യമായിരിക്കില്ലേ? വ്യക്തിപരമായ ഒരനുഭവം ഉപയോഗിക്കുന്ന കാര്യമോ? രൂപാന്തരീകരണത്തെക്കുറിച്ച്, രാജ്യമഹത്ത്വത്തിലായിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ദർശനം കണ്ടതിനെക്കുറിച്ച്, യേശുവിന്റെ മരണാനന്തരം, പത്രൊസ് പലപ്പോഴും സംസാരിച്ചിരിക്കാനിടയുണ്ട്.—മത്തായി 17:9.
7 സകല സാധ്യതയുമനുസരിച്ച്, പത്രൊസ് തന്റെ രണ്ടാമത്തെ ലേഖനമെഴുതിയ സമയമായപ്പോഴേക്കും മത്തായിയുടെ സുവിശേഷവും പൗലൊസ് അപ്പോസ്തലൻ ഗലാത്യർക്കെഴുതിയ ലേഖനവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് പത്രൊസിന്റെ മാനുഷികമായ പിഴവുകളും വിശ്വസ്തതയുടെ ദൃഷ്ടാന്തവും അവന്റെ സമകാലികരുടെ ഇടയിൽ പരിചിതമായിരുന്നിരിക്കാൻ സാധ്യതയുണ്ട്. (മത്തായി 16:21-23; ഗലാത്യർ 2:11-14) എന്നാൽ, അതു നിമിത്തം അവനു സംസാരസ്വാതന്ത്ര്യം നഷ്ടമായില്ല. വാസ്തവത്തിൽ, സ്വന്തം ബലഹീനതകളെക്കുറിച്ചു ബോധവാന്മാരായവർക്ക് അവന്റെ ലേഖനം കൂടുതൽ ആകർഷകമായി തോന്നിയിരിക്കാം. അതുകൊണ്ട്, പ്രശ്നങ്ങളുള്ളവരെ സഹായിക്കുമ്പോൾ, നമുക്കും തെറ്റു സംഭവിച്ചേക്കാമെന്നു സമ്മതിക്കുന്നത് ഫലപ്രദമായിരിക്കില്ലേ?—റോമർ 3:23; ഗലാത്യർ 6:1.
ബലിഷ്ഠമാക്കുന്ന ഒരു അഭിവാദനം
8. ഏത് അർഥത്തിലായിരിക്കാം പത്രൊസ് “വിശ്വാസം” എന്ന പദം ഉപയോഗിച്ചത്?
8 ഇനി പത്രൊസിന്റെ അഭിവാദനം പരിശോധിക്കാം. “ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർ” എന്നു തന്റെ വായനക്കാരെ സംബോധന ചെയ്തുകൊണ്ട് വിശ്വാസം എന്ന വിഷയത്തെ അവൻ ഉടനേ പരാമർശിക്കുന്നു. (2 പത്രൊസ് 1:1) ഇവിടത്തെ “വിശ്വാസം” എന്ന പദപ്രയോഗത്തിന്റെ അർഥം “ദൃഢമായ ബോധ്യം” എന്നായിരിക്കാനിടയുണ്ട്. അത്, തിരുവെഴുത്തുകളിൽ ചിലപ്പോൾ “സത്യം” എന്നു വിളിച്ചിരിക്കുന്ന ക്രിസ്തീയ വിശ്വാസങ്ങളുടെയും ഉപദേശങ്ങളുടെയും സഞ്ചയത്തെയാണു പരാമർശിക്കുന്നത്. (ഗലാത്യർ 5:7; 2 പത്രൊസ് 2:2; 2 യോഹന്നാൻ 1) “വിശ്വാസം” എന്ന പദം മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് ഈ അർഥത്തിലാണ്, ഒരു വ്യക്തിയിലോ വസ്തുവിലോ ഉള്ള ആശ്രയം അല്ലെങ്കിൽ ഉറപ്പ് എന്ന പൊതുവായ അർഥത്തിലല്ല.—പ്രവൃത്തികൾ 6:7; 2 കൊരിന്ത്യർ 13:5; ഗലാത്യർ 6:10; എഫെസ്യർ 4:5; യൂദാ 3.
9. പത്രൊസിന്റെ അഭിവാദനം വിശേഷിച്ചും വിജാതീയർക്ക് ഊഷ്മളമായി തോന്നിയിരിക്കാൻ കാരണമെന്ത്?
9 പത്രൊസിന്റെ അഭിവാദനം വിശേഷിച്ചും വിജാതീയ വായനക്കാർക്ക് ഊഷ്മളമായി തോന്നിയിരിക്കണം. യഹൂദർക്കു വിജാതീയരുമായി യാതൊരു ഇടപാടുകളുമില്ലായിരുന്നുവെന്നു മാത്രമല്ല, അവർ അവരെ തുച്ഛീകരിക്കുകപോലും ചെയ്തിരുന്നു. ക്രിസ്ത്യാനികളായിത്തീർന്നിരുന്ന യഹൂദരുടെ ഇടയിൽ വിജാതീയരോടുള്ള മുൻവിധിയുണ്ടായിരുന്നു. (ലൂക്കൊസ് 10:29-37; യോഹന്നാൻ 4:9; പ്രവൃത്തികൾ 10:28) എന്നിട്ടും, ജന്മംകൊണ്ട് ഒരു യഹൂദനും യേശുക്രിസ്തുവിന്റെ അപ്പോസ്തലനുമായ പത്രൊസ്, തന്റെ വായനക്കാരായ യഹൂദർക്കും വിജാതീയർക്കുമുള്ളത് ഒരേ വിശ്വാസമാണെന്നും തന്നോടൊപ്പം തുല്യമായ പദവി അവർക്കുണ്ടെന്നും പറയുകയുണ്ടായി.
10. പത്രൊസിന്റെ അഭിവാദനത്തിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനാകും?
10 പത്രൊസിന്റെ അഭിവാദനം ഇന്നു നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ചു ചിന്തിക്കുക. ദൈവം മുഖപക്ഷമുള്ളവനല്ല; ഒരു ജാതിയെയോ രാഷ്ട്രത്തെയോ അവൻ മറ്റൊന്നിനുപരിയായി കരുതുന്നുമില്ല. (പ്രവൃത്തികൾ 10:34, 35; 11:1, 17; 15:3-9) യേശുതന്നെ പഠിപ്പിച്ചതുപോലെ, എല്ലാ ക്രിസ്ത്യാനികളും സഹോദരങ്ങളാണ്, മറ്റുള്ളവരെക്കാൾ താൻ ശ്രേഷ്ഠനാണെന്ന് നമ്മിലാരും വിചാരിക്കരുത്. പത്രൊസിനും അവന്റെ സഹ അപ്പോസ്തലന്മാർക്കും ഉണ്ടായിരുന്ന “അതേ വിലയേറിയ” വിശ്വാസം പുലർത്തുന്ന നാം തീർച്ചയായും ഒരു ലോകവ്യാപക സഹോദരവർഗമാണെന്നു പത്രൊസിന്റെ അഭിവാദനം ഊന്നിപ്പറയുന്നു.—മത്തായി 23:8; 1 പത്രൊസ് 5:9.
പരിജ്ഞാനവും ദൈവവാഗ്ദത്തങ്ങളും
11. തന്റെ അഭിവാദനത്തെത്തുടർന്ന് മർമപ്രധാനമായ ഏതു കാര്യങ്ങൾ പത്രൊസ് ഊന്നിപ്പറയുന്നു?
11 തന്റെ അഭിവാദനത്തെത്തുടർന്ന് പത്രൊസ് എഴുതുന്നു: “നിങ്ങൾക്കു കൃപയും [“അനർഹദയയും,” NW] സമാധാനവും വർദ്ധിക്കുമാറാകട്ടെ.” നമുക്ക് എങ്ങനെയാണ് അനർഹദയയും സമാധാനവും വർധിച്ചുവരുന്നത്? ‘ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്താൽ’ എന്നു പത്രൊസ് ഉത്തരം നൽകുന്നു. എന്നിട്ട് അവൻ പറയുന്നു: “ദിവ്യശക്തി ജീവന്നും ഭക്ഷിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” എന്നാൽ മർമപ്രധാനമായ ഈ സംഗതികൾ എങ്ങനെയാണ് നമുക്കു ലഭിക്കുന്നത്? “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ.” അങ്ങനെ, ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തെക്കുറിച്ച് പത്രൊസ് രണ്ടുപ്രാവശ്യം ഊന്നിപ്പറയുന്നു.—2 പത്രൊസ് 1:2, 3; യോഹന്നാൻ 17:3.
12. (എ) സൂക്ഷ്മപരിജ്ഞാനത്തിന്റെ പ്രാധാന്യം പത്രൊസ് ഊന്നിപ്പറയുന്നത് എന്തുകൊണ്ട്? (ബി) ദൈവവാഗ്ദത്തങ്ങൾ ആസ്വദിക്കുന്നതിന് നാം ആദ്യമേ എന്തു ചെയ്തിരിക്കേണ്ടതുണ്ട്?
12 രണ്ടാം അധ്യായത്തിൽ പത്രൊസ് മുന്നറിയിപ്പു നൽകുന്ന “വ്യാജോപദേഷ്ടാക്കന്മാർ” (NW) ക്രിസ്ത്യാനികളെ വഞ്ചിക്കാനായി “കൌശലവാക്കു” ഉപയോഗിക്കുന്നു. തങ്ങൾ ഏത് അധാർമികതയിൽനിന്നാണോ രക്ഷിക്കപ്പെട്ടത് അതിലേക്കുതന്നെ തിരികെ പോകാൻ അവർ ആ വിധത്തിൽ ക്രിസ്ത്യാനികളെ വശീകരിക്കുന്നു. “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാന”ത്താൽ രക്ഷിക്കപ്പെട്ട ഏതൊരുവനും പിന്നീട് അത്തരം വഞ്ചനയിൽ അകപ്പെട്ടാൽ അതിന്റെ ഫലങ്ങൾ വിപത്കരമായിരിക്കും. (2 പത്രൊസ് 2:1-3, 20) പ്രസ്തുത പ്രശ്നത്തെക്കുറിച്ചു പിന്നീട് ചർച്ചചെയ്യാമെന്ന പ്രതീക്ഷയുണർത്തിക്കൊണ്ട്, ദൈവമുമ്പാകെ ശുദ്ധമായ ഒരു നില കാത്തുസൂക്ഷിക്കുന്നതിൽ സൂക്ഷ്മപരിജ്ഞാനം വഹിക്കുന്ന പങ്കിന് ലേഖനാരംഭത്തിൽത്തന്നെ പത്രൊസ് ഊന്നൽ നൽകുന്നു. ദൈവം ‘നല്കിയിരിക്കുന്ന വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളാൽ നിങ്ങൾ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരാൻ ഇടവരുന്നു’ എന്നു പത്രൊസ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, നമ്മുടെ വിശ്വാസത്തിന്റെ അവിഭാജ്യഘടകമായ ഈ വാഗ്ദത്തങ്ങൾ ആസ്വദിക്കുന്നതിനു നാം ആദ്യം “ലോകത്തിൽ മോഹത്താലുള്ള നാശം [“ദുഷിപ്പ്,” NW] വിട്ടൊഴി”യണമെന്ന് പത്രൊസ് പറയുന്നു.—2 പത്രൊസ് 1:4.
13. എന്തു മുറുകെപ്പിടിക്കാനാണ് അഭിഷിക്ത ക്രിസ്ത്യാനികളും “വേറെ ആടുക”ളും ദൃഢനിശ്ചയം ചെയ്തിരിക്കുന്നത്?
13 ദൈവവാഗ്ദത്തങ്ങളെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്? അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനുള്ള അതേ വീക്ഷണമാണോ നിങ്ങൾക്കുള്ളത്? 1991-ൽ, 75-ലധികം വർഷക്കാലം മുഴുസമയ ശുശ്രൂഷയിലേർപ്പെട്ട, അന്നു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറായിരുന്ന ഫ്രെഡറിക് ഫ്രാൻസ്, ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശയുള്ളവരുടെ വികാരങ്ങളെക്കുറിച്ച് ഇങ്ങനെ സംക്ഷിപ്തമായി പറഞ്ഞു: “ഈ നാഴികവരെ ഞങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു, ദൈവം തന്റെ ‘വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങൾ’ സംബന്ധിച്ചു യഥാർഥത്തിൽ സത്യവാനെന്നു തെളിയിക്കുന്നതുവരെ ഞങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടിരിക്കും.” സ്വർഗീയ പുനരുത്ഥാനം സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഫ്രാൻസ് സഹോദരൻ ഉറപ്പുള്ളവനായി നിലകൊണ്ടു. 99-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ തന്റെ വിശ്വാസം അദ്ദേഹം മുറുകെപ്പിടിച്ചു. (1 കൊരിന്ത്യർ 15:42-44; ഫിലിപ്പിയർ 3:13, 14; 2 തിമൊഥെയൊസ് 2:10-12) സമാനമായി, ആളുകൾ എന്നേക്കും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ഭൗമിക പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു ലക്ഷങ്ങൾ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുന്നു. നിങ്ങൾ അവരിലൊരുവനാണോ?—ലൂക്കൊസ് 23:43; 2 പത്രൊസ് 3:13; വെളിപ്പാടു 21:3-5എ.
ദൈവവാഗ്ദത്തങ്ങളോടുള്ള പ്രതികരണം
14. വിശ്വാസത്തിനു പ്രദാനം ചെയ്യേണ്ട ഒന്നാമത്തെ ഗുണമായി പത്രൊസ് സദ്ഗുണത്തെ പട്ടികപ്പെടുത്തുന്നത് എന്തുകൊണ്ട്?
14 ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നതിനോടു നാം നന്ദിയുള്ളവരാണോ? എങ്കിൽ നാമതു പ്രകടമാക്കണമെന്നു പത്രൊസ് വാദിക്കുന്നു. “അതുനിമിത്തം” (ദൈവം നമുക്ക് അമൂല്യമായ വാഗ്ദത്തങ്ങൾ നൽകിയിരിക്കുന്നതിനാൽ) നാം തദനുസൃതം ജീവിക്കാൻ യഥാർഥ ശ്രമം ചെയ്യേണ്ടതുണ്ട്. കേവലം വിശ്വാസത്തിലായിരിക്കുന്നതിനാലോ ബൈബിൾ സത്യവുമായി പരിചയത്തിലായിരിക്കുന്നതിനാലോ നമുക്കു തൃപ്തരായിരിക്കാനാവില്ല. അതു മാത്രം മതിയാകുന്നില്ല! ഒരുപക്ഷേ പത്രൊസിന്റെ നാളിൽ സഭയിലുള്ള ചിലർ വിശ്വാസത്തെക്കുറിച്ചു വാചാലരാകുകയും അതേസമയം, അധാർമിക നടത്തയിൽ ഉൾപ്പെടുകയും ചെയ്തിരിക്കാം. അവരുടെ പെരുമാറ്റം സദ്ഗുണം നിറഞ്ഞതായിരിക്കേണ്ടിയിരുന്നു. അതുകൊണ്ട് പത്രൊസ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യുവിൻ.’—2 പത്രൊസ് 1:5, NW; യാക്കോബ് 2:14-17.
15. (എ) സദ്ഗുണത്തിനുശേഷം വിശ്വാസത്തിനു പ്രദാനം ചെയ്യേണ്ട ഒരു ഗുണമായി പരിജ്ഞാനത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്? (ബി) വിശ്വാസം മുറുകെപ്പിടിക്കാൻ വേറേ ഏതു ഗുണങ്ങൾ നമ്മെ സജ്ജരാക്കും?
15 സദ്ഗുണത്തെക്കുറിച്ചു പരാമർശിച്ചശേഷം, നമ്മുടെ വിശ്വാസത്തിനു പ്രദാനം ചെയ്യേണ്ട അല്ലെങ്കിൽ അതിനോടു കൂട്ടിച്ചേർക്കേണ്ട കൂടുതലായ ആറു ഗുണങ്ങൾ പത്രൊസ് പട്ടികപ്പെടുത്തുന്നു. ‘വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ’ ഇവയിലോരോന്നും അനിവാര്യമാണ്. (1 കൊരിന്ത്യർ 16:13, NW) വിശ്വാസത്യാഗികൾ ‘തിരുവെഴുത്തുകളെ കോട്ടിക്കളയുകയും’ “വഞ്ചക പഠിപ്പിക്കലുകൾ” പ്രചരിപ്പിക്കുകയും ചെയ്തിരുന്നതിനാൽ, ‘സദ്ഗുണത്തിനു പരിജ്ഞാനം [പ്രദാനം ചെയ്യുവിൻ]’ എന്നു പറഞ്ഞുകൊണ്ട് പരിജ്ഞാനം മർമപ്രധാനമായിരിക്കുന്നതായി പത്രൊസ് പട്ടികപ്പെടുത്തുന്നു. എന്നിട്ട് അവൻ തുടരുന്നു: “നിങ്ങളുടെ പരിജ്ഞാനത്തോട് ആത്മനിയന്ത്രണവും നിങ്ങളുടെ ആത്മനിയന്ത്രണത്തോട് സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതയോട് ദൈവഭക്തിയും നിങ്ങളുടെ ദൈവഭക്തിയോടു സഹോദരപ്രീതിയും നിങ്ങളുടെ സഹോദരപ്രീതിയോട് സ്നേഹവും [കൂട്ടിക്കൊൾവിൻ].”—2 പത്രൊസ് 1:5-7; 2:12, 13, NW; 3:16.
16. പത്രൊസ് പട്ടികപ്പെടുത്തുന്ന ഗുണങ്ങൾ വിശ്വാസത്തിനു പ്രദാനം ചെയ്താൽ എന്തായിരിക്കും ഫലം, പ്രദാനം ചെയ്തില്ലെങ്കിൽ എന്തായിരിക്കും ഫലം?
16 നമ്മുടെ വിശ്വാസത്തിന് ഈ ഏഴു കാര്യങ്ങൾ പ്രദാനം ചെയ്താൽ എന്തായിരിക്കും ഫലം? “ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം [“സൂക്ഷ്മപരിജ്ഞാനം,” NW] സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല” എന്നു പത്രൊസ് ഉത്തരം നൽകുന്നു. (2 പത്രൊസ് 1:8) നേരേമറിച്ച്, പത്രൊസ് ഇങ്ങനെ പറയുന്നു: “അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.” (2 പത്രൊസ് 1:9) “നിങ്ങൾ,” “നമ്മുടെ” എന്നീ പ്രയോഗങ്ങൾ വിട്ട്, “അവൻ,” “തന്റെ” എന്നിവ പത്രൊസ് ഉപയോഗിക്കുന്നതു ശ്രദ്ധിക്കുക. ചിലർ സങ്കടകരമാംവണ്ണം അന്ധരും മറവിക്കാരും അശുദ്ധരുമാണെങ്കിലും, വായനക്കാരൻ അവരിലൊരുവനാണെന്ന് പത്രൊസ് സൂചിപ്പിക്കാത്തത് ദയാപൂർവകമാണ്.—2 പത്രൊസ് 2:2.
തന്റെ സഹോദരങ്ങളെ ബലിഷ്ഠരാക്കൽ
17. “ഇങ്ങനെ” ചെയ്യാൻ ആർദ്രമായി പ്രോത്സാഹിപ്പിക്കുന്നതിന് പത്രൊസിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം?
17 പ്രത്യേകിച്ചും പുതിയവർ വഞ്ചിക്കപ്പെടുക എളുപ്പമാണെന്ന് ഒരുപക്ഷേ തിരിച്ചറിഞ്ഞുകൊണ്ട് പത്രൊസ് ആർദ്രമായി അവരെ പ്രോത്സാഹിപ്പിക്കുന്നു: “സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല.” (2 പത്രൊസ് 1:10; 2:18, പി.ഒ.സി. ബൈബിൾ) തങ്ങളുടെ വിശ്വാസത്തിന് ഈ ഏഴു കാര്യങ്ങൾ പ്രദാനം ചെയ്യുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രതിഫലം മഹത്തായതാണ്. കാരണം, പത്രൊസ് പറയുന്നു: “നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2 പത്രൊസ് 1:11) “വേറെ ആടുകൾ” ദൈവരാജ്യത്തിന്റെ ഭൗമികമണ്ഡലത്തിൽ നിത്യാവകാശം കരസ്ഥമാക്കും.—യോഹന്നാൻ 10:16; മത്തായി 25:33, 34.
18. തന്റെ സഹോദരങ്ങളെ “എപ്പോഴും ഓർപ്പിപ്പാൻ” പത്രൊസ് ചായ്വു കാട്ടുന്നതെന്തുകൊണ്ട്?
18 തന്റെ സഹോദരങ്ങൾക്കായി പത്രൊസ് അത്തരം മഹത്തായ ഒരു പ്രതിഫലം ആത്മാർഥമായി ആഗ്രഹിക്കുന്നു. “അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചുനില്ക്കുന്നവരും എന്നുവരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.” (2 പത്രൊസ് 1:12) “ഉറെച്ചുനില്ക്കുന്ന” എന്ന് ഇവിടെ പരിഭാഷപ്പെടുത്തുന്നതിന്, പത്രൊസ് ഉപയോഗിക്കുന്ന ഗ്രീക്കുപദം സ്റ്റെറിസോ ആണ്. എന്നാൽ, “നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക” എന്ന യേശുവിന്റെ നേരത്തേയുള്ള ഉദ്ബോധനത്തിൽ “ഉറപ്പിച്ചുകൊൾക” എന്നാണ് ആ വാക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ലൂക്കൊസ് 22:32) ആ വാക്കിന്റെ ഉപയോഗം തന്റെ കർത്താവിൽനിന്നു തനിക്കു ലഭിച്ച ശക്തമായ ഉദ്ബോധനം പത്രൊസ് ഓർമിച്ചിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നുണ്ടാകാം. ഇപ്പോൾ പത്രൊസ് ഇങ്ങനെ പറയുന്നു: “എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം [മനുഷ്യശരീരം] പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.”—2 പത്രൊസ് 1:13, 14.
19. നമുക്കിന്ന് ഏതു സഹായങ്ങൾ ആവശ്യമാണ്?
19 തന്റെ വായനക്കാർ “സത്യത്തിൽ ഉറെച്ചുനില്ക്കുന്ന”വരാണെന്ന് പത്രൊസ് പറയുന്നെങ്കിലും, അവരുടെ വിശ്വാസത്തിനു കപ്പൽച്ചേതം സംഭവിച്ചേക്കാമെന്ന് അവൻ മനസ്സിലാക്കുന്നു. (1 തിമൊഥെയൊസ് 1:19) തന്റെ മരണം ആസന്നമാണെന്ന് അറിയാമായിരുന്നതിനാൽ, ആത്മീയമായി ശക്തരായിരിക്കാൻതക്കവണ്ണം പിന്നീട് ഓർക്കാൻ കഴിയുന്ന കാര്യങ്ങളെ പരാമർശിച്ചുകൊണ്ട് അവൻ തന്റെ സഹോദരങ്ങളെ ബലിഷ്ഠരാക്കുന്നു. (2 പത്രൊസ് 1:15; 3:12, 13) സമാനമായി, വിശ്വാസത്തിൽ ദൃഢമായി നിലകൊള്ളുന്നതിനു നമുക്കിന്ന് നിരന്തരമായ ഓർമിപ്പിക്കലുകൾ ആവശ്യമാണ്. നാം ആരായിരുന്നാലും എത്രകാലമായി സത്യത്തിലായിരുന്നാലും, പതിവായ ബൈബിൾവായനയും വ്യക്തിപരമായ പഠനവും സഭായോഗങ്ങളിലെ ഹാജരാകലും നമുക്ക് അവഗണിക്കാനാവില്ല. ഹാജരാകാതിരിക്കാൻ ചിലർ ഒഴികഴിവുകൾ നിരത്തുന്നു. തങ്ങൾ ക്ഷീണിതരാണെന്നോ യോഗങ്ങൾ കേവലം ആവർത്തനമാണെന്നോ നന്നായി അവതരിപ്പിക്കുന്നില്ലെന്നോ ഒക്കെയായിരിക്കാം അവർ അതിനുവേണ്ടി പറയുന്നത്. എന്നാൽ നമ്മിലാരെങ്കിലും അമിത ആത്മവിശ്വാസം കാട്ടിയാൽ എത്ര പെട്ടെന്നു വിശ്വാസം നഷ്ടപ്പെട്ടേക്കാമെന്നു പത്രൊസിനറിയാമായിരുന്നു.—മർക്കൊസ് 14:66-72; 1 കൊരിന്ത്യർ 10:12; എബ്രായർ 10:25.
നമ്മുടെ വിശ്വാസത്തിന്റെ ശക്തമായ അടിസ്ഥാനം
20, 21. യേശുവിന്റെ രൂപാന്തരീകരണം, ഇന്നു ജീവിക്കുന്ന നാമുൾപ്പെടെ, പത്രൊസിന്റെയും അവന്റെ ലേഖനങ്ങൾ വായിച്ചവരുടെയും വിശ്വാസത്തെ ബലപ്പെടുത്തിയതെങ്ങനെ?
20 വിദഗ്ധമായി ചമച്ചെടുത്തിരിക്കുന്ന കെട്ടുകഥകളിലാണോ നമ്മുടെ വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത്? ‘അല്ല’ എന്ന് പത്രൊസ് തറപ്പിച്ചുപറയുന്നു. “ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.” യേശു രാജ്യമഹത്ത്വത്തിൽ ആയിരിക്കുന്നതായുള്ള ദർശനം ഉണ്ടായപ്പോൾ അവന്റെകൂടെ പത്രൊസും യാക്കോബും യോഹന്നാനുമുണ്ടായിരുന്നു. പത്രൊസ് ഇപ്രകാരം വിശദീകരിക്കുന്നു: “‘ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.”—2 പത്രൊസ് 1:16-18.
21 പത്രൊസും യാക്കോബും യോഹന്നാനും ആ ദർശനം കണ്ടപ്പോൾ, അവർക്ക് ആ രാജ്യം യഥാർഥമായിത്തീർന്നു! പത്രൊസ് പറയുന്നു: “ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങൾക്കു കൂടുതൽ ഉറപ്പുലഭിച്ചിരിക്കുന്നു. . . . പ്രവാചകവചനത്തെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.” അതേ, ഇന്നു ജീവിക്കുന്ന നാമുൾപ്പെടെ, പത്രൊസിന്റെ ലേഖനം വായിക്കുന്നവർക്കു ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ശ്രദ്ധിക്കാൻ ശക്തമായ കാരണമുണ്ട്. ഏതു വിധത്തിലാണു നാം ശ്രദ്ധിക്കേണ്ടത്? പത്രൊസ് ഉത്തരം നൽകുന്നു: “പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളിൽ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ.”—2 പത്രൊസ് 1:19, പി.ഒ.സി. ബൈ.; ദാനീയേൽ 7:13, 14; യെശയ്യാവു 9:6, 7.
22. (എ) നമ്മുടെ ഹൃദയം എന്തു സംബന്ധിച്ചു ജാഗ്രത പുലർത്തേണ്ടതുണ്ട്? (ബി) നാം പ്രവാചകവചനം ശ്രദ്ധിക്കുന്നത് എങ്ങനെയാണ്?
22 പ്രവാചകവചനം പ്രകാശിക്കുന്നില്ലെങ്കിൽ നമ്മുടെ ഹൃദയം ഇരുണ്ടുപോകും. എന്നാൽ അതു ശ്രദ്ധിച്ചതിനാൽ, “പ്രഭാതനക്ഷത്ര”മായ യേശുക്രിസ്തു രാജ്യമഹത്ത്വത്തിൽ ഉദിക്കുന്ന ദിവസം പൊട്ടിവിടരുന്നതു സംബന്ധിച്ചു ക്രിസ്ത്യാനികളുടെ ഹൃദയം ജാഗരൂകമായിരുന്നിട്ടുണ്ട്. (വെളിപ്പാടു 22:16, പി.ഒ.സി. ബൈ.) നാമിന്ന് എങ്ങനെയാണു പ്രവാചകവചനം ശ്രദ്ധിക്കുന്നത്? ബൈബിൾ പഠിച്ചുകൊണ്ടും യോഗങ്ങൾക്കു തയ്യാറായി അവയിൽ പങ്കെടുത്തുകൊണ്ടും ‘ഈ കാര്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്തുകൊണ്ടും അവയിൽ മുഴുകിയിരുന്നുകൊണ്ടും’ അതിനു സാധിക്കും. (1 തിമൊഥെയൊസ് 4:15, NW) പ്രവാചകവാക്യം “ഇരുളിൽ” (നമ്മുടെ ഹൃദയങ്ങളിൽ) പ്രകാശിക്കുന്ന ഒരു വിളക്കുപോലെ ആയിരിക്കണമെങ്കിൽ അതു നമ്മെ—നമ്മുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രചോദനങ്ങളെയും ലക്ഷ്യങ്ങളെയും—ആഴമായി സ്വാധീനിക്കാൻ നാം അനുവദിക്കേണ്ടതുണ്ട്. നാം ബൈബിൾ വിദ്യാർഥികളായിരിക്കേണ്ടതുണ്ട്. കാരണം 1-ാം അധ്യായം പത്രൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”—2 പത്രൊസ് 1:20, 21.
23. 2 പത്രൊസ് 1-ാം അധ്യായം വായനക്കാരെ എന്തിനായി ഒരുക്കിയിരിക്കുന്നു?
23 തന്റെ രണ്ടാം ലേഖനത്തിന്റെ ആദ്യത്തെ അധ്യായത്തിൽ, നമ്മുടെ അമൂല്യ വിശ്വാസം മുറുകെപ്പിടിക്കുന്നതിനുള്ള ശക്തമായ പ്രചോദനമാണ് പത്രൊസ് നമുക്കു നൽകിയത്. അതിനുശേഷം നൽകിയിരിക്കുന്ന ഗൗരവമുള്ള കാര്യങ്ങൾ പരിചിന്തിക്കുന്നതിനു നാം ഇപ്പോൾ സജ്ജരാണ്. അടുത്ത ലേഖനത്തിൽ നാം ചർച്ചചെയ്യാൻ പോകുന്നത് 2 പത്രൊസ് 2-ാം അധ്യായമാണ്. അവിടെ, സഭകൾക്കുള്ളിലേക്കു നുഴഞ്ഞുകടന്നിരിക്കുന്ന അധാർമിക സ്വാധീനങ്ങളുയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് അപ്പോസ്തലൻ പ്രതിപാദിക്കുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
□ സൂക്ഷ്മപരിജ്ഞാനത്തിന്റെ പ്രാധാന്യത്തിനു പത്രൊസ് ഊന്നൽ നൽകുന്നതെന്തുകൊണ്ട്?
□ വിശ്വാസത്തോടു ചേർക്കേണ്ട ഒന്നാമത്തെ ഗുണമായി സദ്ഗുണത്തെ പട്ടികപ്പെടുത്തിയിരിക്കുന്നതിന്റെ കാരണം എന്തായിരിക്കാം?
□ തന്റെ സഹോദരങ്ങളെ എപ്പോഴും ഓർപ്പിക്കാൻ പത്രൊസ് ചായ്വു കാട്ടുന്നതെന്തുകൊണ്ട്?
□ നമ്മുടെ വിശ്വാസത്തിനു പത്രൊസ് നൽകുന്ന ശക്തമായ അടിസ്ഥാനം എന്താണ്?
[9-ാം പേജിലെ ചിത്രം]
പത്രൊസിന്റെ പിഴവുകൾ അവൻ വിശ്വാസം ഉപേക്ഷിക്കുന്നതിന് ഇടയാക്കിയില്ല