കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
13 ഇത് ഇപ്പോൾ മൂന്നാം തവണയാണു ഞാൻ നിങ്ങളുടെ അടുത്ത് വരാൻ ഒരുങ്ങുന്നത്. “രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം.”+ 2 ഇപ്പോൾ ഞാൻ നിങ്ങളുടെകൂടെയില്ലെങ്കിലും രണ്ടാം പ്രാവശ്യം നിങ്ങളുടെകൂടെയുണ്ടായിരുന്നാൽ എന്നപോലെ, മുമ്പ് പാപം ചെയ്തവർക്കും മറ്റെല്ലാവർക്കും ഞാൻ മുൻകൂട്ടി ഈ താക്കീതു തരുകയാണ്: ഇനി ഞാൻ അവിടെ വന്നാൽ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. 3 ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തെളിവ് ആവശ്യപ്പെടുന്നല്ലോ. എന്നാൽ നിങ്ങളോട് ഇടപെടുന്നതിൽ ക്രിസ്തു ദുർബലനല്ല; നിങ്ങളുടെ ഇടയിൽ ക്രിസ്തു ശക്തനാണ്. 4 ദുർബലനായിരുന്നപ്പോൾ ക്രിസ്തുവിനെ സ്തംഭത്തിലേറ്റി വധിച്ചെങ്കിലും ദൈവത്തിന്റെ ശക്തികൊണ്ട് ക്രിസ്തു ജീവിക്കുന്നു.+ ക്രിസ്തു ദുർബലനായിരുന്നതുപോലെ ഞങ്ങളും ദുർബലരാണ്. പക്ഷേ നിങ്ങളിൽ പ്രവർത്തിക്കുന്ന ദൈവശക്തികൊണ്ട്+ ഞങ്ങൾ ക്രിസ്തുവിന്റെകൂടെ ജീവിക്കും.+
5 നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.+ നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക. അതോ യേശുക്രിസ്തു നിങ്ങളോടു യോജിപ്പിലാണെന്നു നിങ്ങൾക്ക് അറിയില്ലെന്നുണ്ടോ? അറിയില്ലെങ്കിൽ നിങ്ങൾ അംഗീകാരം നഷ്ടപ്പെട്ടവരായിരിക്കണം. 6 ഞങ്ങൾക്ക് അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്നു നിങ്ങൾ മനസ്സിലാക്കുമെന്നാണ് എന്റെ പ്രതീക്ഷ.
7 നിങ്ങൾ ഒരു തെറ്റും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. അതു ഞങ്ങൾക്ക് ആരുടെയെങ്കിലും അംഗീകാരം കിട്ടാൻവേണ്ടിയല്ല. ഞങ്ങളെ ആരും അംഗീകരിച്ചില്ലെങ്കിലും നിങ്ങൾ ശരിയായതു ചെയ്യണമെന്നേ ഞങ്ങൾക്കുള്ളൂ. 8 കാരണം സത്യത്തിന് എതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിയില്ല. സത്യത്തിനുവേണ്ടി മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ. 9 ഞങ്ങൾ ദുർബലരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോഴൊക്കെ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണു ഞങ്ങൾ പ്രാർഥിക്കുന്നത്. 10 കർത്താവ് എനിക്ക് അധികാരം തന്നതു നിങ്ങളെ തകർത്തുകളയാനല്ല പണിതുയർത്താനാണ്. ഞാൻ വരുമ്പോൾ ഈ അധികാരം പരുഷമായ വിധത്തിൽ+ പ്രയോഗിക്കാൻ ഇടവരാതിരിക്കാനാണ് അകലെയായിരിക്കുമ്പോൾത്തന്നെ ഇക്കാര്യങ്ങൾ എഴുതുന്നത്.
11 അതുകൊണ്ട് സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക; ആശ്വാസം സ്വീകരിക്കുക;+ ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക;+ സമാധാനത്തിൽ ജീവിക്കുക;+ അപ്പോൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം+ നിങ്ങളുടെകൂടെയുണ്ടായിരിക്കും. 12 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക. 13 വിശുദ്ധരെല്ലാം നിങ്ങളെ സ്നേഹാന്വേഷണം അറിയിക്കുന്നു.
14 കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയും ദൈവത്തിന്റെ സ്നേഹവും നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ. നിങ്ങളെല്ലാം പരിശുദ്ധാത്മാവിൽ പങ്കുകാരും ആയിരിക്കട്ടെ.