പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുക്കുക
1 “കൂടുതൽ ഉറപ്പായിത്തീർന്ന പ്രാവചനിക വചനം നമുക്കുണ്ട്.” (2 പത്രോ. 1:19, NW) പത്രോസ് ഇതു പറഞ്ഞതെന്തുകൊണ്ടായിരുന്നു? ഏതാണ്ട് 32 വർഷങ്ങൾക്കുമുമ്പ് രൂപാന്തരീകരണ സമയത്തു പത്രോസും മററു രണ്ടു ശിഷ്യൻമാരും കാണുകയും കേൾക്കുകയും ചെയ്ത സംഗതികളാൽ എബ്രായ തിരുവെഴുത്തുകളിൽനിന്നും യേശുക്രിസ്തുവിൽനിന്നുമുളള രാജ്യപ്രവചനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു, അല്ലെങ്കിൽ ‘കൂടുതൽ ഉറപ്പായിത്തീർന്നിരുന്നു.’ തേജസ്സാർന്ന മഹത്ത്വത്തോടെയും തന്റെ പിതാവിന്റെ മുഴുപിന്തുണയോടെയും യേശുക്രിസ്തു തീർച്ചയായും രാജ്യാധികാരത്തിലേക്കു വരുമെന്ന് അവർക്ക് ഉറപ്പേകുന്നതായിരുന്നു ഈ നാടകീയ ദർശനം. ഇരുളിലാകേണ്ടിയിരുന്ന തങ്ങളുടെ ഹൃദയത്തിൽ ‘വിളക്കുപോലെ പ്രകാശിക്കുകയായിരുന്ന ആ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുത്തുകൊണ്ട്’ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ‘നന്നായി പ്രവർത്തിക്കു’കയായിരുന്നു. പ്രകാശം പരത്തുന്ന പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുത്തത് “ഉദയനക്ഷത്ര”മെന്ന ക്രിസ്തു രാജ്യമഹത്ത്വത്തിലേക്ക് ഉയർന്നുവരുമ്പോഴത്തെ പുതുദിനപ്പിറവി സംബന്ധിച്ച് അവരെ ജാഗരൂകരായും പ്രബുദ്ധരായും നിലനിർത്തുമായിരുന്നു.—2 പത്രോ. 1:16-19, NW; മത്താ. 17:1-9.
2 മഹത്തായ രൂപാന്തരീകരണ രംഗം ദർശിക്കാൻ പത്രോസിനോടൊപ്പം നാം സന്നിഹിതരായിരുന്നില്ല. എങ്കിലും, ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു മുൻനിഴലല്ല, പകരം മഹത്ത്വപൂർണനായ രാജാവു വാസ്തവത്തിൽ ഭരിക്കുന്നു എന്നതിനുളള അതിശക്തമായ തെളിവുകൾ ദർശിക്കാനുളള ഉന്നത പദവി ലഭിച്ചവരാണു പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുത്തിട്ടുളള ഈ തലമുറയിലെ ക്രിസ്ത്യാനികൾ! തന്റെ രാജകീയ “സാന്നിധ്യ”ത്തെക്കുറിച്ചു യേശു നൽകിയ ശ്രദ്ധേയമായ “അടയാള”ത്തിന്റെ വ്യത്യസ്ത ഘടകങ്ങളുടെ നിവൃത്തിക്കു നാം സാക്ഷ്യം വഹിക്കുന്നതുകൊണ്ട്, 1914 മുതൽ ഓരോ വർഷങ്ങൾ കടന്നുപോകുന്നതോടെ പ്രാവചനിക വചനത്തിന് ഉറപ്പു കൂടുകയാണ്. രാജാവ് ഇന്നത്തെ വ്യവസ്ഥിതിക്ക് അന്തം വരുത്തുന്നതിനു മുമ്പ് അവന്റെ ഗവൺമെൻറിനെ അല്ലെങ്കിൽ രാജ്യത്തെക്കുറിച്ചുളള പ്രഖ്യാപനം സകല രാഷ്ട്രങ്ങളിലും നടത്തപ്പെടുമെന്നതാണ് ആ അടയാളത്തിന്റെ ഒരു പ്രധാന ഭാഗം. ക്രിസ്തുവിന്റെ നിർദേശത്തിൻ കീഴിൽ ഇപ്പോൾ 231 രാജ്യങ്ങളിലാണ് രാജ്യപ്രസംഗവേല നടന്നുകൊണ്ടിരിക്കുന്നത്, അതാകട്ടെ ഒരിക്കലും വിഭാവന ചെയ്തിട്ടില്ലാത്ത അളവിലും. (മത്താ. 24:3-14) കൂടാതെ, “മഹാകഷ്ട”ത്തിനുളള സമയം അടുത്തുവരുന്തോറും സിംഹാസനാരൂഢനായ രാജാവ് “കുഞ്ഞാടിന്റെ” മറുവില “രക്തത്തിൽ” വിശ്വാസമർപ്പിക്കുന്ന “സകല ജാതികളിലും”നിന്നുളള “ഒരു മഹാപുരുഷാര”ത്തെ കൂട്ടിവരുത്തിക്കൊണ്ടിരിക്കുകയുമാണ്.—വെളി. 7:9, 10, 14.
3 “ഉദയനക്ഷത്രം” ഉദിച്ചിരിക്കുന്നതുകൊണ്ട്, അതായത് ക്രിസ്തു രാജ്യാധികാരത്തിൽ വന്നിരിക്കുന്നതുകൊണ്ട്, പ്രാവചനിക വചനത്തിന് ഇനിയും ശ്രദ്ധകൊടുക്കേണ്ടയാവശ്യമുണ്ടോ? ഉണ്ട്! മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു വെളിപാടു പുസ്തകത്തിന്റെ ഉളളടക്കമായിത്തീർന്ന ദർശനങ്ങളുടെ ഒരു പരമ്പര അപ്പോസ്തലനായ യോഹന്നാനു നൽകുകയുണ്ടായി. ഇവ ആദിമ ക്രിസ്ത്യാനികൾക്കു പ്രോത്സാഹനവും പ്രബോധനവുമായിരുന്നെങ്കിലും “കർത്താവിന്റെ ദിവസ”ത്തിൽ ജീവിക്കുന്നവരെ സംബന്ധിച്ച് അവയ്ക്കു പ്രത്യേക മൂല്യമുണ്ട്. നാം ഇപ്പോൾ ആ ദിവസത്തിലാണ്. (വെളി. 1:10) അതുകൊണ്ടാണ് യഹോവയുടെ ജനത്തിന്റെ സഭകൾ ഇപ്പോൾ വെളിപാട് പാരമ്യം പുസ്തകം പിന്നെയും പഠിക്കുന്നത്.
4 “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാൻമാർ [‘സന്തുഷ്ടർ,’ NW]; സമയം അടുത്തിരിക്കുന്നു.” (വെളി. 1:3) നാം സന്തുഷ്ടരാകണമെങ്കിൽ, നാം അർഥം ഗ്രഹിക്കണം. അതേ, ഈ പ്രാവചനിക ദർശനങ്ങളെക്കുറിച്ചു യഥാർഥ ഗ്രാഹ്യം നേടണം. ഇതിന് എന്താണ് ആവശ്യമായിരിക്കുന്നത്? വെളിപാട് വിവരണത്തിന്റെ അർഥം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ ആവർത്തനം ആവശ്യമാണ്. ഒന്നാം നൂററാണ്ടിൽ ഭരണസംഘത്തിലെ ഒരംഗമായിരുന്ന അപ്പോസ്തലനായ പത്രോസ് സഹോദരങ്ങളെ ആത്മീയമായി ‘ഉണർത്താൻ’ അടിസ്ഥാനപരമായ സത്യങ്ങൾ ആവർത്തിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞു. (2 പത്രൊ. 1:12, 13) അതുപോലെതന്നെ, ആധുനിക നാളിലെ “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രാവചനിക വചനത്തിലേക്കു നമ്മുടെ ശ്രദ്ധയെ ആവർത്തിച്ചാവർത്തിച്ചു ക്ഷണിച്ചുകൊണ്ട് നമ്മുടെ വിലമതിപ്പിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു.—മത്താ. 24:45-47, NW.
5 ശ്രദ്ധകൊടുക്കേണ്ട വിധം: വെളിപാടിലെ പ്രാവചനിക വചനത്തിന് ഏതുതരം ശ്രദ്ധയാണു ലഭിക്കേണ്ടത്? ക്രിസ്തീയ കാലഘട്ടത്തിനു മുമ്പുളള തന്റെ ദാസൻമാരോട് ആശയവിനിയമം ചെയ്തതുപോലെ, ദൈവം ദൂതൻമാരിലൂടെയോ പ്രവാചകൻമാരിലൂടെയോ ക്രിസ്ത്യാനികളോടു സംസാരിച്ചിട്ടില്ലെന്ന് അപ്പോസ്തലനായ പൗലോസ് നമ്മെ അനുസ്മരിപ്പിക്കുന്നു. പ്രത്യുത, യഹോവ തനിക്ക് ഏററവും പ്രിയപ്പെട്ട, താൻ “സകലത്തിന്നും അവകാശിയാക്കി വെച്ച” പുത്രനിലൂടെ നമ്മോട് ആശയവിനിയമം നടത്തിയിരിക്കുന്നു. (എബ്രാ. 1:1, 2) “അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.” (എബ്രാ. 2:1) അതേ, നാം ദൈവത്തിന്റെ വചനത്തിന്, വിശേഷിച്ചും യേശുക്രിസ്തുവിലൂടെ വരുന്ന പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുക്കണം. വെളിപാടിനെക്കുറിച്ചുളള നമ്മുടെ പഠനത്തിനു നമുക്ക് എങ്ങനെ വിശേഷ ശ്രദ്ധകൊടുക്കാനാവും?
6 ഒന്ന്, വാരംതോറും പുസ്തകാധ്യയന സമയത്തു സന്നിഹിതരായിരിക്കണമെന്നതു വളരെ പ്രാധാന്യമുളളതാണ്. നമ്മിൽ പലരും വെളിപാട് പാരമ്യം പുസ്തകം പഠിക്കുന്നത് ഇതു മൂന്നാം പ്രാവശ്യമാണെന്നതു ശരിതന്നെ. അതിനാൽ, ചിലർ പുസ്തകാധ്യയനത്തിനു കൂടുന്നത് ഒരു വലിയ കാര്യമായി എടുക്കുകയില്ലായിരിക്കാം. വിവരങ്ങളുമായി ഇതിനോടകംതന്നെ പരിചിതരായ തങ്ങൾക്ക് ഒരു യോഗം നഷ്ടമാകുന്നതൊന്നും വലിയ പ്രശ്നമല്ലെന്നായിരിക്കാം അവരുടെ ചിന്ത. എന്നാൽ, ഓരോ വർഷവും കടന്നുപോകുന്നതോടെ, 1989-ൽ വെളിപാട് പാരമ്യം പുസ്തകം നാം ആദ്യപരിചിന്തനത്തിന് എടുത്തപ്പോഴത്തേതിനെക്കാൾ പ്രാവചനിക വിവരങ്ങൾക്കു പ്രസക്തി കൂടിക്കൂടി വരികയാണ്, അവ കൂടുതൽ സമയോചിതമായിത്തീരുകയാണ്. വെളിപാടിലെ പ്രവചനങ്ങളുടെ നിവൃത്തിയിലേക്കു ശീഘ്രം പാഞ്ഞുകൊണ്ടിരിക്കുന്ന അനുദിന സംഭവവികാസങ്ങളെക്കുറിച്ചു നാമെല്ലാം ജാഗരൂകരായിരിക്കേണ്ട ആവശ്യമുണ്ട്. അപ്പോൾ നമുക്കു യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ഒരുങ്ങിയിരിക്കാനാവും. സാധിക്കുമെങ്കിൽ, വെളിപാടിന്റെ ഈ പ്രധാന പരിചിന്തനത്തിൽ ഒരൊററ പുസ്തകാധ്യയനംപോലും മുടങ്ങാതിരിക്കണം എന്നതു നിങ്ങളുടെ വ്യക്തിപരമായ ലാക്കാക്കുക.
7 രണ്ട്, നിങ്ങളുടെ പാഠഭാഗം നന്നായി തയ്യാറാകുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുകയും പഠിച്ചുകൊണ്ടിരിക്കുന്ന വെളിപാട് വാക്യങ്ങളുടെ വിശദീകരണത്തെ അത് എപ്രകാരം പിന്തുണക്കുന്നുവെന്നു പരിചിന്തിക്കുകയും ചെയ്യുക. ഈ വിധത്തിലാവുമ്പോൾ കേവലം ചോദ്യത്തിനുളള ഉത്തരത്തെക്കാളും അധികം നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും. കേവലം അറിവു മാത്രമല്ല, ജ്ഞാനവും ഗ്രാഹ്യവും സമ്പാദിക്കാൻ കിണഞ്ഞു പരിശ്രമിക്കുക. (സദൃ. 4:7) മൂന്ന്, അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും തിരുവെഴുത്തുകൾ വായിച്ചുകൊണ്ടും സജീവമായി പങ്കുപററുക. ഒരുത്തരമെങ്കിലും നൽകുന്നതിനുളള ലാക്കു വയ്ക്കുക. ഓരോ അധ്യയനത്തിലും പല ഉത്തരങ്ങൾ പറഞ്ഞാൽ ഏറെ നല്ലത്. അങ്ങനെ ചെയ്യുമ്പോൾ അതു നിങ്ങളുടെ മനസ്സിനെ വിഷയത്തിൽ കേന്ദ്രീകരിച്ചുനിർത്താൻ സഹായിക്കും.
8 സാധാരണയിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നതിൽ തയ്യാറാകൽ, ഹാജരാകൽ, പങ്കുപററൽ എന്നിവയെക്കാൾ അധികം ഉൾപ്പെടുന്നുണ്ട്. പഠനത്തിനുശേഷംപോലും “ഇവയിൽ ആമഗ്നമായിരുന്ന് ഈ സംഗതികളെക്കുറിച്ചു ധ്യാനിക്കു”ന്നതിൽ നാം തുടരണം എന്നുകൂടി അതിന് അർഥമുണ്ട്. (1 തിമോ. 4:15, NW) പ്രാവചനിക വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിക്കുന്ന വിളക്കായിരിക്കണമെങ്കിൽ നമ്മുടെ ആന്തരിക വ്യക്തിയെ—നമ്മുടെ ചിന്തകളെ, ആഗ്രഹങ്ങളെ, വികാരങ്ങളെ, ആന്തരങ്ങളെ, ലാക്കുകളെ—ആഴത്തിൽ ബാധിക്കാൻ നാം അതിനെ അനുവദിക്കണം. (2 പത്രൊ. 1:19) അതുകൊണ്ട്, നാം നമ്മോടുതന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കണം: ഈ വിവരങ്ങൾ വ്യക്തിപരമായി എനിക്ക് എന്തർഥമാക്കുന്നു? യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചു ഞാൻ എന്തു പഠിച്ചിരിക്കുന്നു? ഈ വിവരങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്ന തത്ത്വങ്ങൾ എന്ത്? പഠനത്തിന്റെ അർഥം എന്റെ ഹൃദയത്തിൽ എത്തുന്നുണ്ടോ? ഈ സത്യങ്ങൾ എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും സഭയിലും എങ്ങനെ എനിക്കു ബാധകമാക്കാനാവും? എന്റെ കുടുംബത്തിൽ? സഭയിൽ? നാം പഠിക്കുന്നതു സംബന്ധിച്ചു പ്രായോഗിക ബാധകമാക്കൽ നടത്തിക്കൊണ്ട് സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പറയാം: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.”—സങ്കീ. 119:105; ഇയ്യോ. 29:3, 4.
9 നിർണായക സമയത്ത് ഉണർന്നിരിക്കുവിൻ: യെരുശലേമിനു വരാനിരുന്ന നാശത്തെയും സുരക്ഷിത സ്ഥാനത്തേക്ക് അവർ ഓടിപ്പോകേണ്ടിയിരുന്ന സമയം സൂചിപ്പിക്കുന്ന സാഹചര്യത്തെയും കുറിച്ചു പൊ.യു. 33-ൽ യേശു ശിഷ്യൻമാർക്കു മുന്നറിയിപ്പു കൊടുത്തു. (ലൂക്കൊ. 19:41-44; 21:7-21) അതിനുശേഷം 30 വർഷങ്ങൾ പിന്നിട്ടു. സമീപഭാവിയിലൊന്നും യാതൊരു മാററവും സംഭവിക്കാൻ പോകുന്നില്ലെന്നു കുറച്ചു യഹൂദ്യ ക്രിസ്ത്യാനികൾക്കു തോന്നിയിരിക്കണം. പൊ.യു. 64-ൽ എഴുതിയ തന്റെ രണ്ടാം ലേഖനത്തിൽ ‘പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുക്കുക’ എന്നു പ്രിയപ്പെട്ട പത്രോസ് ആഹ്വാനം ചെയ്തത് എത്ര സമയോചിതമായിരുന്നു! (2 പത്രോ. 1:19, NW) കുറച്ചുനാൾ കഴിഞ്ഞ് പൊ.യു. 66-ൽ യെരുശലേമിനെ റോമൻ സൈന്യം വളഞ്ഞു. കാരണമെന്തെന്ന് അറിയില്ലെങ്കിലും റോമൻ സൈന്യം പെട്ടെന്നു പിൻവാങ്ങി. അപ്പോൾ, ഉണർന്നിരിക്കുകയായിരുന്ന യഹൂദ്യ ക്രിസ്ത്യാനികൾ യേശുവിന്റെ ഉപദേശം പിൻപററിക്കൊണ്ട് പലായനം ചെയ്തു. അതിനുശേഷം, പൊ.യു. 70-ൽ റോമൻ സൈന്യം തിരിച്ചുവന്ന് യെരുശലേമിനെ പൂർണമായും നശിപ്പിച്ചു. യേശുവിന്റെ പ്രാവചനിക വചനത്തിനു സൂക്ഷ്മ ശ്രദ്ധകൊടുത്തതിൽ ആ ക്രിസ്ത്യാനികൾക്ക് എന്തൊരു ആഹ്ലാദമായിരുന്നിരിക്കണം!
10 ആധുനികനാളിലെ ക്രിസ്ത്യാനികളായ നാം ജാഗ്രതാപൂർവം എന്തു നോക്കിപ്പാർത്തിരിക്കുകയാണ്? ഇപ്പോൾ ജീവിക്കുന്ന ക്രിസ്ത്യാനികളെ കർത്താവിന്റെ ദിവസത്തിൽ സംഭവിക്കാനിരിക്കുന്ന അനേകം സംഭവങ്ങളെക്കുറിച്ചു യേശു വെളിപാടിലെ ദർശനങ്ങളിലൂടെ ജാഗരൂകരാക്കുകയുണ്ടായി. കഴിഞ്ഞ 80 വർഷത്തിനുളളിൽ അവയിൽ പല സംഭവങ്ങളും അരങ്ങേറി: രാജ്യത്തിന്റെ പിറവി; സ്വർഗത്തിലെ യുദ്ധവും തുടർന്നു സാത്താനും അവന്റെ ഭൂതങ്ങൾക്കും സംഭവിച്ച പരാജയവും, പിന്നെ ഭൂമിയുടെ സമീപത്തേക്കുളള അവരുടെ തളളപ്പെടൽ; മഹാബാബിലോന്റെ വീഴ്ച; എട്ടാമത്തെ ലോകശക്തിയായ കടുഞ്ചുവപ്പു നിറമുളള കാട്ടുമൃഗത്തിന്റെ പ്രത്യക്ഷത. വെളിപാടിലെ പ്രാവചനിക വചനത്തിൽപ്പെട്ട ഈ ഘടകങ്ങളുടെ നിവൃത്തി ശേഷിക്കുന്ന നാടകീയ സംഭവങ്ങൾ നാം ഉടനെ കാണുമെന്നതിനെ കൂടുതൽ ഉറപ്പാക്കുന്നു: 1,44,000-ത്തിൽപ്പെട്ട അവസാന അംഗങ്ങളുടെ മുദ്രയിടൽ, മഹാപുരുഷാരത്തെ കൂട്ടിവരുത്തുന്നതിന്റെ പൂർത്തീകരണം, മഹാബാബിലോന്റെ നാശം, അർമഗെദോൻ യുദ്ധം, സാത്താനെ അഗാധത്തിൽ തളയ്ക്കൽ, ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ച. അതുകൊണ്ട്, യേശുവിന്റെ ഈ മുന്നറിയിപ്പിനു നാം ശ്രദ്ധകൊടുക്കുന്നത് എത്ര പ്രധാനമാണ്: “ഞാൻ കളളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊളളുന്നവൻ ഭാഗ്യവാൻ [‘സന്തുഷ്ടൻ,’ NW].”—വെളി. 16:15.
11 നാം ഉണർന്നിരിക്കുകയാണോ? പ്രാവചനിക വചനത്തെ നാം എത്രകണ്ടു ഗൗരവമായി എടുക്കുന്നുണ്ട്? നാം നമ്മുടെ ജീവിതം യഹോവക്കു സമർപ്പിച്ചിട്ട് 5 വർഷമായാലും ശരി 50 വർഷമായാലും ശരി, റോമിലെ ക്രിസ്ത്യാനികളോടു പൗലോസ് പറഞ്ഞത് ഉചിതമായി നമുക്കും ബാധകമാണ്: “ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച [‘വിശ്വാസികളായിത്തീർന്ന,’ NW] സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു.” അതുകൊണ്ട് “ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകള”യാനും ‘മര്യാദയായി [‘അന്തസ്സോടെ,’ NW] നടക്കാ’നും പൗലോസ് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നു. (റോമ. 13:11-13) ധാർമികമായി കൂരിരുട്ടിലായ ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. 30-ഓ 40-ഓ വർഷംമുമ്പു ഞെട്ടലുളവാക്കുന്നതായിരുന്ന പ്രവൃത്തി ലോകക്കാർക്ക് ഇന്ന്, 20-ാം നൂററാണ്ടിന്റെ ഈ ഒടുവിലത്തെ പതിററാണ്ടിൽ, തികച്ചും സാധാരണ പ്രവൃത്തിയായിരിക്കുന്നു. സഹോദരങ്ങളേ, നിങ്ങൾ ലോകത്തിന്റെ അന്ധകാരത്തിലേക്ക് ഒഴുകിപ്പോകാനും ധാർമികമയക്കത്തിലായിപ്പോകാനും ഒരിക്കലും അനുവദിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. ഈ ലോകത്തിന്റെ തരംതാണ ചിന്തയോടും ജീവിതരീതിയോടും അനുവാദാത്മകമോ സഹിഷ്ണുതാപരമോ ആയ മനോഭാവം വെച്ചുപുലർത്താൻ നിങ്ങളെ അനുവദിക്കുന്നപക്ഷം നമ്മെ ഇന്ന് അഭിമുഖീകരിക്കുന്ന, എന്നാൽ അതേസമയം ഉടനെ എന്നെന്നേക്കുമായി പരിഹരിക്കപ്പെടാനിരിക്കുന്ന ആ വലിയ പ്രശ്നത്തെ—യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തെയും അവന്റെ നാമത്തിന്റെ വിശുദ്ധീകരണത്തെയും—നിങ്ങൾ മറന്നുകളയും. അതുകൊണ്ട്, വളരെ അടുത്തെത്തിയിരിക്കുന്ന ഒരുവന്റെ രക്ഷയെ ആത്മീയമയക്കം അപകടത്തിലാക്കും.
12 പ്രാവചനിക വചനത്തോടുളള ഹൃദയവിലമതിപ്പിൽ വളരുക: മിശിഹായെക്കുറിച്ചുളള ആത്മ-നിശ്വസ്ത പ്രഖ്യാപനങ്ങളുടെ നിവൃത്തിയിൽ പുരാതന നാളിലെ എബ്രായ പ്രവാചകൻമാർ അതീവ തത്പരരായിരുന്നു. അവർ ദൈവത്തിന്റെ ഉദ്ദേശ്യപൂർത്തീകരണത്തെക്കുറിച്ച് “ആരാഞ്ഞു അന്വേഷിച്ചിരുന്നു.” (1 പത്രൊ. 1:10, 11) അതുപോലെ, വെളിപാടു പുസ്തകത്തിലെ പ്രാവചനിക വചനത്തിനു നിങ്ങൾ ശ്രദ്ധകൊടുക്കുമ്പോൾ ആത്മീയ കാര്യങ്ങളോടുളള നിങ്ങളുടെ വിലമതിപ്പു വളരും. നിങ്ങളുടെ ആത്മീയ വിശപ്പിന്റെ കാഠിന്യം കൂടും. അങ്ങനെ നാം “ദൈവത്തിന്റെ ആഴങ്ങ”ളിലേക്കു കുഴിച്ചിറങ്ങാൻ പ്രചോദിതരായിത്തീരും. (1 കൊരി. 2:10) നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പ്രാവചനിക വചനത്തോടുളള വിലമതിപ്പും പ്രതിപത്തിയുംകൊണ്ടു നിറയ്ക്കുമ്പോൾ യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളെ ആരും നിർബന്ധിക്കേണ്ടയാവശ്യമില്ല. ക്രമമായി ഹാജരാകാനും പങ്കുപററാനും നിങ്ങൾക്കുതന്നെ തോന്നും. (ലൂക്കൊ. 6:45) ‘വചനം നിങ്ങളുടെ ഹൃദയത്തി’ലുണ്ടെങ്കിൽ ‘രക്ഷയ്ക്കുവേണ്ടി അതിന്റെ പരസ്യപ്രഖ്യാപനം നടത്താൻ’ നിങ്ങൾ പ്രചോദിതരാകും.—റോമ. 10:8-10.
13 അന്ത്യം വരുന്ന സമയത്തോടു നാം കൂടുതൽക്കൂടുതൽ അടുക്കുന്തോറും ദൈവത്തിന്റെ പ്രാവചനിക പ്രഖ്യാപനങ്ങളിൽ വിശ്വാസമർപ്പിച്ചു നിലകൊളളുന്നതിന്റെപേരിൽ നമ്മെ കളിയാക്കാൻ കൂടുതൽ പരിഹാസികളുണ്ടായിരിക്കും. (2 പത്രൊ. 3:3, 4) എന്നാലും, പ്രാവചനിക വചനത്തോടു നാം ഉണർന്നിരിക്കും. സമയത്തിന്റെ നീരൊഴുക്കിൽ നാം എവിടെ എത്തിയിരിക്കുന്നുവെന്ന് ദൈവവചനത്തിന്റെ വിളക്കു നമ്മെ കാണിച്ചുതരുന്നു. നാം ഈ അന്ധകാരലോകത്തിന്റെ അവസാന നാളുകളിലാണെന്ന വസ്തുതയെ അതു തെളിമയിൽ പ്രകാശിപ്പിക്കുന്നു. ഉദയനക്ഷത്രം ഉദിച്ചിരിക്കുന്നു! ക്രിസ്തു രാജ്യാധികാരത്തിലാണ്! ചക്രവാളത്തിൽ ഒരു പുതുദിനപ്പിറവി നാം ഇപ്പോൾത്തന്നെ ദർശിക്കുകയാണ്. യേശുവിന്റെ രൂപാന്തരീകരണ ദർശനത്തിൽ രാജ്യത്തിന്റെ ഒരു മുൻനിഴൽ കാണാൻ പദവി ലഭിച്ച മൂന്ന് അപ്പോസ്തലൻമാർക്ക് അതു യാഥാർഥ്യമായിരുന്നതുപോലെ, ദൈവത്തിന്റെ വാഗ്ദത്ത പുതിയ ലോകം നമുക്കു തുടർന്നും യാഥാർഥ്യമായിരിക്കട്ടെ!