യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ താക്കോൽ എന്താണ്?
ഇന്ന് ലോകത്തിലെ മററ് ഏതു മതത്തിലേതിലും കൂടുതലാളുകൾ ക്രിസ്ത്യാനിത്വത്തിൽപെട്ടവരാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ഈ സ്വയനിർമ്മിത ക്രിസ്ത്യാനികളുടെ വിശ്വാസങ്ങൾ പരസ്പരവിരുദ്ധമാണ്, അവർക്ക് ഐക്യമില്ല, ചിലപ്പോൾ അവർ അന്യോന്യം കൊല്ലുകപോലും ചെയ്യുന്നു. അനേകർ യഥാർത്ഥ ക്രിസ്ത്യാനികളല്ലെന്ന് വ്യക്തമാണ്. നമ്മുടെ നാളിൽ അനേകർ യേശുവിനോട് “കർത്താവേ, കർത്താവേ” എന്ന് പറയുമെന്ന്, അല്ലെങ്കിൽ മററു വാക്കുകളിൽ പറഞ്ഞാൽ, അവർ ക്രിസ്ത്യാനികൾ ആണെന്ന് അവകാശപ്പെടുമെന്ന് പറഞ്ഞു. എന്നിരുന്നാലും, അവൻ അവരോട്: “ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക” എന്ന് പറയും. (മത്തായി 7:21, 23) തീർച്ചയായും, നമ്മിലാരും ആ കൂട്ടത്തിലായിരിക്കാൻ ആഗ്രഹിക്കുന്നില്ല! അതുകൊണ്ട് യാം യഥാർത്ഥ ക്രിസ്ത്യാനികളാണോയെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?
ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിരിക്കാൻ അനേകം കാര്യങ്ങൾ ആവശ്യമാണെന്നുള്ളതാണ് യാഥാർത്ഥ്യം. യഥാർത്ഥ ക്രിസ്ത്യാനിക്ക് ശക്തമായ വിശ്വാസം വേണം, എന്തുകൊണ്ടെന്നാൽ “വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്.” (എബ്രായർ 11:6) ആ ശക്തമായ വിശ്വാസത്തോടുകൂടെ ശരിയായ പ്രവൃത്തികളുണ്ടായിരിക്കണം. “പ്രവൃത്തികളില്ലാത്ത വിശ്വാസം ചത്തതാണ്” എന്ന് ശിഷ്യനായ യാക്കോബ് മുന്നറിയിപ്പുനൽകി. (യാക്കോബ് 2:26) മാത്രവുമല്ല, ഒരു ക്രിസ്ത്യാനി “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ അധികാരത്തെ അംഗീകരിക്കേണ്ടതുണ്ട്. (മത്തായി 24:45-47) എന്നാൽ യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ താക്കോൽ ഈ കാര്യങ്ങളിൽനിന്ന് വിഭിന്നമായ ഒന്നാണ്.
എന്താണ് താക്കോൽ? അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷയിൽ സംസാരിക്കുന്നുവെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ഒരു ഓട്ടുകഷണമോ കൂട്ടിയടിക്കുന്ന ഇലത്താളമോ ആയിത്തീർന്നിരിക്കുന്നു. എനിക്ക് പ്രവചനവരമുണ്ടായിരിക്കയും സകല പാവനരഹസ്യങ്ങളും സകല പരിജ്ഞാനവും പരിചിതമായിരിക്കുകയും ചെയ്യുന്നുവെങ്കിലും, പർവതങ്ങളെ പറിച്ചുനടാൻതക്കവണ്ണം സർവ വിശ്വാസവുമുണ്ടെങ്കിലും, സ്നേഹമില്ലെങ്കിൽ ഞാൻ ഏതുമില്ല. ഞാൻ എന്റെ സകല സ്വത്തും മററുള്ളവരെ പോഷിപ്പിക്കാൻ കൊടുക്കുകയും ഞാൻ പ്രശംസിക്കേണ്ടതിന് എന്റെ ശരീരം ഏൽപ്പിച്ചുകൊടുക്കുകയും ചെയ്താലും സ്നേഹമില്ലെങ്കിൽ എനിക്ക് അശേഷം പ്രയോജനമുണ്ടാകുന്നില്ല.”—1 കൊരിന്ത്യർ 13:1-13.
അതുകൊണ്ട് സ്നേഹമാണ് യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ താക്കോൽ. വിശ്വാസവും പ്രവൃത്തികളും ശരിയായ സഹവാസവും മർമ്മപ്രധാനമാണ്, ഒഴിച്ചുകൂടാൻ പാടില്ലാത്തവയാണ്. എന്നാൽ സ്നേഹമില്ലെങ്കിൽ അവയുടെ മൂല്യം സാക്ഷാത്ക്കരിക്കപ്പെടുന്നില്ല. അത് എന്തുകൊണ്ടാണ്?
അടിസ്ഥാനപരമായി, നാം ആരാധിക്കുന്ന ദൈവത്തിന്റെ തരം നിമിത്തം. “ദൈവം സ്നേഹമാകുന്നു” എന്ന വാക്കുകളിലാണ് യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ ദൈവമായ യഹോവയെ അപ്പോസ്തലനായ യോഹന്നാൻ വർണ്ണിച്ചത്. (1 യോഹന്നാൻ 4:8) യഹോവയാം ദൈവത്തിന് ശക്തി, നീതി, ജ്ഞാനം, എന്നിങ്ങനെയുള്ള മററനേകം ഗുണങ്ങളുണ്ട്. എന്നാൽ അവൻ മുഖ്യമായി സ്നേഹത്തിന്റെ ഒരു ദൈവമാകയാൽ തന്റെ ആരാധകർ ഏതു തരം ആളുകളായിരിക്കാൻ അവൻ ആഗ്രഹിക്കും? തീർച്ചയായും, അവനെ അനുഗമിക്കുകയും സ്നേഹം നട്ടുവളർത്തുകയും ചെയ്യുന്ന വ്യക്തികൾ.—മത്തായി 5:44, 45; 22:37-39.
ശരിയായ ആന്തരം
അതെ, സ്നേഹം ക്രിസ്ത്യാനികൾ തങ്ങളാരാധിക്കുന്ന ദൈവത്തെപ്പോലെയായിത്തീരാൻ ഇടയാക്കുന്നു. അതിന്റെ അർത്ഥം അവരുടെ ആന്തരങ്ങൾ ദൈവത്തിന്റെ ആന്തരങ്ങളോട് സമാനമാണെന്നാണ്. എല്ലാററിനുമുപരിയായി എന്ത് ആന്തരമാണ് നിത്യജീവൻ നേടാനുള്ള അവസരം നമുക്ക് നല്കുന്നതിന് യേശുവിനെ ഭൂമിയിലേക്കയക്കുന്നതിന് യഹോവയാം ദൈവത്തെ പ്രേരിപ്പിച്ചത്? സ്നേഹം. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു.” (യോഹന്നാൻ 3:16) അപ്പോൾ ദൈവേഷ്ടം ചെയ്യുന്നതിൽ നമ്മുടെ ആന്തരം എന്തായിരിക്കണം? വീണ്ടും സ്നേഹംതന്നെ. “ദൈവസ്നേഹത്തിന്റെ അർത്ഥമിതാണ്, നാം ദൈവത്തിന്റെ കല്പനകൾ അനുഷ്ഠിക്കണമെന്നുതന്നെ.”—1 യോഹന്നാൻ 5:3.
ഒരു തെററായ ആന്തരത്തോടെ ദൈവത്തെ സേവിക്കുക സാദ്ധ്യമാണോ? അതെ. പൗലോസ് തന്റെ നാളിൽ അസൂയയിൽനിന്നും മത്സരത്തിൽനിന്നും സേവിച്ചുകൊണ്ടിരുന്ന ചിലരെക്കുറിച്ചു പറഞ്ഞു. (ഫിലിപ്പിയർ 1:15-17) അത് നമുക്ക് സംഭവിക്കാം. ഈ ലോകം വളരെ മത്സരാത്മകമാണ്, ആ ആത്മാവിന് നമ്മെ ബാധിക്കാൻ കഴിയും. നാം മെച്ചപ്പെട്ട ഒരു പ്രസംഗകനാണെന്നോ മററുള്ളവരെക്കാൾ കൂടുതൽ സാഹിത്യം സമർപ്പിക്കാൻ പ്രാപ്തരാണെന്നോ വിചാരിക്കാൻ തക്കവണ്ണം നാം സ്വപ്രാധാന്യം തോന്നുന്നവരായിരിക്കാം. നാം നമ്മുടെ സേവന പപദവികളെ മററാരെങ്കിലും ആസ്വദിക്കുന്നവയോട് താരതമ്യപ്പെടുത്തുകയും ഉദ്ധതരോ അസൂയയുള്ളവരോ ആയിത്തീരുകയും ചെയ്തേക്കാം. ഒരു മൂപ്പൻ പ്രാപ്തിയുള്ള ഒരു ചെറുപ്പക്കാരൻ പുരോഗമിക്കുന്നതിൽനിന്ന് തടസ്സമുണ്ടാക്കുന്ന ഘട്ടത്തോളം പോലും തന്റെ അധികാരസ്ഥാനത്തെക്കുറിച്ച് ദുശ്ശങ്കയുള്ളയാളായിത്തീർന്നേക്കാം. വ്യക്തിപരമായ നേട്ടത്തിനുള്ള ഒരു ആഗ്രഹം കൂടുതൽ ദരിദ്രരായവരെ അവഗണിക്കെ, കൂടുതൽ ധനികരായ ക്രിസ്ത്യാനികളോടുള്ള സൗഹൃദം നട്ടുവളർത്താൻ നമ്മെ പ്രേരിപ്പിച്ചേക്കാം.
നാം അപൂർണ്ണരായതുകൊണ്ട് ഈ കാര്യങ്ങൾ സംഭവിച്ചേക്കാം. എന്നിരുന്നാലും, യഹോവയെപ്പോലെ, നാം സ്നേഹത്തെ നമ്മുടെ മുഖ്യ ഘടകമാക്കുന്നുവെങ്കിൽ, നാം അങ്ങനെയുള്ള പ്രവണതകളോട് പോരാടും. സ്വാർത്ഥതക്ക്, നമ്മേത്തന്നെ മഹത്വപ്പെടുത്താനുള്ള ഒരു ആഗ്രഹത്തിന്, അല്ലെങ്കിൽ ധിക്കാരപരമായ അഹങ്കാരത്തിന്, സ്നേഹത്തെ പുറന്തള്ളാൻ കഴിയും, തന്നിമിത്തം നമുക്ക് “അശേഷം പ്രയോജനമുണ്ടാകുന്നില്ല.”—സദൃശവാക്യങ്ങൾ 11:2; 1 കൊരിന്ത്യർ 13:3.
ഒരു സ്വാർത്ഥ ലോകത്തിൽ സ്നേഹം
തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കുമെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:14) നമുക്ക് നമ്മുടെ ചുററുമുള്ള ലോകത്താൽ ഗ്രസിക്കപ്പെടുന്നതിനെ എങ്ങനെ ഒഴിവാക്കാൻ കഴിയും? സ്നേഹം സഹായിക്കും. ദൃഷ്ടാന്തത്തിന്, ഇന്ന് മനുഷ്യർ “ദൈവപ്രിയരായിരിക്കുന്നതിനു പകരം ഉല്ലാസപ്രിയർ” ആണ്. (2 തിമൊഥെയോസ് 3:4) അതുപോലെയാകാതിരിക്കാൻ യോഹന്നാൻ നമുക്ക് മുന്നറിയിപ്പുനൽകി. “ലോകത്തെയൊ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ, പിതാവിന്റെ സ്നേഹം അവനിൽ ഇല്ല; എന്തുകൊണ്ടെന്നാൽ ലോകത്തിലുള്ളതെല്ലാം—ജഡത്തിന്റെ അഭിലാഷവും കണ്ണുകളുടെ അഭിലാഷവും ഒരുവന്റെ ഉപജീവനമാർഗ്ഗത്തിന്റെ പ്രതാപപ്രകടനവും—പിതാവിൽനിന്ന് ഉത്ഭവിക്കുന്നില്ല, എന്നാൽ ലോകത്തിൽനിന്ന് ഉത്ഭവിക്കുന്നു.”—1 യോഹന്നാൻ 2:15, 16.
എന്നാൽ “ജഡത്തിന്റെ അഭിലാഷ”ത്തെയും “കണ്ണുകളുടെ അഭിലാഷ”ത്തെയും പൂർണ്ണമായും ത്യജിക്കുക എളുപ്പമല്ല. ഈ കാര്യങ്ങൾ നമ്മുടെ ജഡത്തിന് വളരെ ഹിതകരമായതുകൊണ്ടാണ് കൃത്യമായി അവയെ സ്നേഹിക്കുന്നത്. മാത്രവുമല്ല, യോഹന്നാന്റെ നാളിലേതിനെക്കാൾ വളരെ കൂടുതലായും വ്യത്യസ്തമായുമുള്ള ഉല്ലാസങ്ങൾ ഇന്നുണ്ട്. അതുകൊണ്ട് കണ്ണുകളുടെ അഭിലാഷം അന്ന് ഒരു പ്രശ്നമായിരുന്നെങ്കിൽ, ഇപ്പോൾ അത് വിശേഷാൽ അങ്ങനെതന്നെയാണ്.
കൗതുകകരമായി, ലോകം വാഗ്ദാനംചെയ്യുന്ന ആധുനിക ഉല്ലാസങ്ങളിൽ അനേകവും അവയിൽത്തന്നെ തെററല്ല. ഒരു വലിയ വീടുണ്ടായിരിക്കുന്നതിലോ ഒരു നല്ല കാറുണ്ടായിരിക്കുന്നതിലോ ഒരു റെറലിവിഷൻസെററുണ്ടായിരിക്കുന്നതിലോ ഒരു സ്ററീറിയോ യൂണിററ് ഉണ്ടായിരിക്കുന്നതിലോ യാതൊരു തെററുമില്ല. നീണ്ട രസകരമായ പര്യടനങ്ങൾ നടത്തുന്നതും ആവേശകരമായ അവധിക്കാലങ്ങൾ ഉണ്ടായിരിക്കുന്നതും ഏതെങ്കിലും ബൈബിൾനിയമത്തെ ലംഘിക്കുന്നുമില്ല. അപ്പോൾ യോഹന്നാന്റെ മുന്നറിയിപ്പിന്റെ ആശയമെന്താണ്? ഒരു സംഗതി, അങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് അമിതപ്രാധാന്യമുള്ളതായിത്തീരുകയാണെങ്കിൽ അവ നമ്മിൽ സ്വാർത്ഥതയുടെയും ധനാസക്തിയുടെയും അഹങ്കാരത്തിന്റെയും ആത്മാവിനെ വളർത്തുന്നു എന്നതാണ്. അവ വാങ്ങാൻ പണം സമ്പാദിക്കുന്നതിനുള്ള ശ്രമം നമ്മുടെ യഹോവാസേവനത്തിൽ നമുക്ക് പ്രതിബന്ധമുണ്ടാക്കിയേക്കാം. അങ്ങനെയുള്ളവയുടെ ആസ്വാദനത്തിനുപോലും സമയമെടുക്കും, ബൈബിൾ പഠിക്കാനും ആരാധനക്കായി സഹക്രിസ്ത്യാനികളുമായി കൂടിവരാനും രാജ്യസുവാർത്ത പ്രസംഗിക്കാനുമുള്ള ഒരു ക്രിസ്ത്യനിയുടെ കടപ്പാട് നിമിത്തം അയാളുടെ സമയം പരിമിതമാണ്—സങ്കീർത്തനം 1:1-3; മത്തായി 24:14; 28:19, 20; എബ്രായർ 10:24, 25.
ഈ ധനാസക്ത ലോകത്തിൽ ‘ദൈവരാജ്യത്തെ ഒന്നാമതു വെക്കാനും’ ‘ഈ ലോകത്തെ പൂർണ്ണമായി ഉപയോഗിക്കുന്നതി’നെ ചെറുത്തുനിൽക്കാനും ദൃഢനിശ്ചയം ആവശ്യമാണ്. (മത്തായി 6:33; 1 കൊരിന്ത്യർ 7:31) ഒരു ശക്തമായ വിശ്വാസം സഹായിക്കും. എന്നാൽ വിശേഷിച്ച് യഹോവയോടും നമ്മുടെ അയൽക്കാരോടുമുള്ള യഥാർത്ഥ സ്നേഹം, അവയിൽത്തന്നെ തെററല്ലെങ്കിലും ‘നമ്മുടെ ശുശ്രൂഷയെ പൂർണ്ണമായി നിറവേററുന്ന’തിൽനിന്ന് നമ്മെ തടയുന്ന ആകർഷണങ്ങളെ ചെറുത്തുനിൽക്കുന്നതിന് നമ്മെ ബലപ്പെടുത്തും. (2 തിമൊഥെയോസ് 4:5) അങ്ങനെയുള്ള സ്നേഹമില്ലെങ്കിൽ നമ്മുടെ ശുശ്രൂഷ വെറും നാമമാത്രമായി അധഃപതിക്കാൻ കഴിയും.
സഭയിൽ സ്നേഹം
“നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാകുന്നുവെന്ന് എല്ലാവരും അറിയും” എന്നു പറഞ്ഞപ്പോൾ യേശു സ്നേഹത്തിന്റെ പ്രാധാന്യത്തെ പ്രദീപ്തമാക്കി. (യോഹന്നാൻ 13:35) മൂപ്പൻമാർക്ക് സഹക്രിസ്ത്യാനികളോട് സ്നേഹമില്ലെങ്കിൽ അവരെ മേയിക്കുന്നതിനും സഹായിക്കുന്നതിനും ഇത്രയധികം സമയം അവർ ചെലവഴിക്കുന്നതെന്തിന്? സ്നേഹം നിമിത്തമല്ലെങ്കിൽ സഭ മൂപ്പൻമാർ ഉൾപ്പെടെയുള്ള തങ്ങളുടെ സഹജീവികളുടെ ദൗർബല്യങ്ങൾ പൊറുക്കുന്നതെന്തിന്? മററുള്ളവർ ഞെരുക്കത്തിലാണെന്ന് കേൾക്കുമ്പോൾ ഒരു ഭൗതികവിധത്തിൽ അന്യോന്യം സഹായിക്കാൻ സ്നേഹം ക്രിസ്ത്യാനികളെ സഹായിക്കുന്നു. (പ്രവൃത്തികൾ 2:44, 45) പീഡനകാലങ്ങളിൽ ക്രിസ്ത്യാനികൾ അന്യോനം സംരക്ഷിക്കുകയും ഒരുവനുവേണ്ടി മറെറാരുവൻ മരിക്കുകപോലും ചെയ്യുന്നു. എന്തുകൊണ്ട്? സ്നേഹം നിമിത്തം.
ചിലപ്പോൾ സ്നേഹത്തിന്റെ ഏററവും വലിയ തെളിവുകൾ ചെറിയ കാര്യങ്ങളിൽ വരുന്നു. തങ്ങൾ പലപ്പോഴും ചർച്ചചെയ്ത ഒരു പരാതി ആവർത്തിക്കുന്ന ഒരു സഹക്രിസ്ത്യാനി ഭാരിച്ച ജോലിയിൽനിന്നുള്ള സമ്മർദ്ദമുണ്ടായിരുന്നപ്പോൾത്തന്നെ ഒരു മൂപ്പനെ സമീപിച്ചേക്കാം. മൂപ്പൻ കുപിതനാകണമോ? ഇത് ഭിന്നതക്കുള്ള ഒരു കാരണമായിത്തീരാൻ അനുവദിക്കുന്നതിനു പകരം അദ്ദേഹം ക്ഷമാപൂർവവും ദയാപൂർവവും തന്റെ സഹോദരനോട് ഇടപെടുന്നു. അവർ ഒരുമിച്ചു കാര്യങ്ങൾ ചർച്ചചെയ്യുകയും മുമ്പത്തെക്കാൾ മെച്ചപ്പെട്ട സുഹൃത്തുക്കളായി തങ്ങളേത്തന്നെ കണ്ടെത്തുകയും ചെയ്യുന്നു. (മത്തായി 5:23, 24; 18:15-17) ഓരോരുത്തരും തന്റെ അവകാശങ്ങൾക്കുവേണ്ടി നിർബന്ധം പിടിക്കുന്നതിനു പകരം, എല്ലാവരും യേശു ശുപാർശചെയ്ത ഹൃദയവിശാലത നട്ടുവളർത്താൻ ശ്രമിക്കുകയും തങ്ങളുടെ സഹോദരൻമാരോട് “എഴുപത്തേഴു പ്രാവശ്യം” ക്ഷമിക്കാൻ ഒരുക്കമായിരിക്കുകയും ചെയ്യുന്നു. (മത്തായി 18:21, 32) അങ്ങനെ ക്രിസ്ത്യാനികൾ സ്നേഹം ധരിക്കാൻ കഠിനശ്രമം ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ “അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധമാകുന്നു.”—കൊലോസ്യർ 3:14.
അന്യോന്യമുള്ള നമ്മുടെ സ്നേഹം ശക്തമാക്കൽ
അതെ, യഹോവയെ സ്നേഹിക്കുന്നതിനുള്ള ശരിയായ ആന്തരം സ്നേഹമാണ്. സ്നേഹം ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കാൻ നമ്മെ ശക്തീകരിക്കും, സ്നേഹം സഭ യഥാർത്ഥത്തിൽ ക്രിസ്തീയമായി നിലകൊള്ളുന്നുവെന്ന് ഉറപ്പുവരുത്തും. കാര്യക്ഷമത വെടിയാതിരിക്കെ, അധികാരമുള്ളവർ മററുള്ളവരോട് ഇടപെടുന്നതിൽ ദയയും സൗമ്യതയും മറക്കത്തക്കവണ്ണം അത്ര കാര്യക്ഷമതാബോധമുള്ളവരാകാതിരിക്കാൻ അത് അവരെ സഹായിക്കും. സ്നേഹം “നേതൃത്വം വഹിക്കുന്നവരോട് അനുസരണമുള്ളവരായിരിക്കാനും . . . കീഴ്പെട്ടിരിക്കാനും” നമ്മെയെല്ലാം സഹായിക്കുന്നു.—എബ്രായർ 13:17.
“സ്നേഹം ബഹുപാപങ്ങളെ മറയ്ക്കുന്ന”തുകൊണ്ട് അന്യോന്യം “ഉററ സ്നേഹം” ഉണ്ടായിരിക്കാൻ അപ്പോസ്തലനായ പത്രോസ് നമ്മെ പ്രോൽസാഹിപ്പിച്ചു. (1 പത്രോസ് 4:8) നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത്, തന്നിമിത്തം സ്നേഹിക്കുന്നതിന് അവന് ഒരു സ്വാഭാവികപ്രാപ്തിയുണ്ട്. എന്നാൽ നാം ഇവിടെ സംസാരിക്കുന്ന തരം സ്നേഹത്തിന് കൂടതലായി ചിലത് ആവശ്യമാണ്. യഥാർത്ഥത്തിൽ, അത് ദൈവാത്മാവിന്റെ മുഖ്യ ഫലമാണ്. (ഗലാത്യർ 5:22) അതുകൊണ്ട്, സ്നേഹം നട്ടുവളർത്തുന്നതിന് നാം ദൈവാത്മാവിന് നമ്മേത്തന്നെ വിധേയപ്പെടുത്തേണ്ടിയിരിക്കുന്നു. എങ്ങനെ? യഹോവയുടെ ആത്മാവിനാൽ നിശ്വസ്തമാക്കപ്പെട്ട ബൈബിൾ പഠിക്കുന്നതിനാൽ. (2 തിമൊഥെയോസ് 3:16) യഹോവയോടും നമ്മുടെ സഹോദരൻമാരോടുമുള്ള നമ്മുടെ സ്നേഹം വളർത്തുന്നതിന് യഹോവയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്. ആത്മാവ് നിർബാധം പ്രവഹിക്കുന്നടമായ യഹോവയുടെ സഭയോട് സഹവസിക്കുന്നതിനാൽ.
സ്നേഹരഹിതമായ ഏതെങ്കിലും പ്രവർത്തനങ്ങളോ ചിന്തകളോ കണ്ടുപിടിക്കത്തക്കവണ്ണം നാം നമ്മേത്തന്നെ പരിശോധിക്കേണ്ട ആവശ്യവുമുണ്ട്. സ്നേഹം ഹൃദയത്തിന്റെ ഒരു പ്രവർത്തനമാണെന്നോർക്കുക, “ഹൃദയം മറെറന്തിനെക്കാളും വഞ്ചകവും സാഹസികവുമാകുന്നു.” (യിരെമ്യാവ് 17:9) യഹോവ നൽകുന്ന സഹായമെല്ലാമുണ്ടെങ്കിലും നാം സ്നേഹരഹിതമായ ഒരു വിധത്തിൽ ചിലപ്പോൾ പ്രവർത്തിക്കും. നാം അനാവശ്യമായ പാരുഷ്യത്തോടെ ഒരു സഹ ക്രിസ്ത്യാനിയോട് സംസാരിച്ചേക്കാം, അല്ലെങ്കിൽ പറയപ്പെട്ട എന്തെങ്കിലും കാര്യത്തിൽ നാം അരിശപ്പെടുകയും മുഷിയുകയും ചെയ്തേക്കാം. അതുകൊണ്ട് നാം ദാവീദിന്റെ ഈ പ്രാർത്ഥനയെ പ്രതിദ്ധ്വനിപ്പിക്കുന്നത് നന്നായിരിക്കും: “ദൈവമേ, എന്നെ ആരായുകയും എന്റെ ഹൃദയത്തെ അറിയുകയും ചെയ്യേണമേ. എന്നെ പരിശോധിക്കുകയും എന്റെ ശല്യപ്പെടുത്തുന്ന ചിന്തകളെ അറിയുകയും ചെയ്യേണമേ, എന്നിൽ വേദനാകരമായ എന്തെങ്കിലും നടപടി ഉണ്ടോയെന്ന് കാണേണമേ, അനിശ്ചിതകാല മാർഗ്ഗത്തിൽ എന്നെ നയിക്കേണമേ.”—സങ്കീർത്തനം 139:23, 24.
ബൈബിൾ പറയുന്നതുപോലെ, “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:8) നാം അന്യോന്യം സ്നേഹിക്കുന്നത് ശീലമാക്കുന്നുവെങ്കിൽ നാം പരിശോധനാസമയങ്ങളിൽ ഒരിക്കലും കുറവുള്ളവരായി കണ്ടെത്തപ്പെടുകയില്ല. ദൈവജനത്തിന്റെ ഇടയിൽ സ്ഥിതിചെയ്യുന്ന സ്നേഹം ഇന്ന് സ്ഥിതിചെയ്യുന്ന ആത്മീയ പറുദീസക്ക് അതിയായി സംഭാവനചെയ്യുന്നു. ഹൃദയപൂർവം അന്യോന്യം ഉററു സ്നേഹിക്കുന്നവർ മാത്രമേ പുതിയ ലോകത്തിൽ ജീവിക്കുന്നതിൽ ഉല്ലാസം കണ്ടെത്തുകയുള്ളു. അതുകൊണ്ട്, അങ്ങനെയുള്ള സ്നേഹം പ്രകടമാക്കുന്നതിൽ യഹോവയെ അനുകരിക്കുകയും അങ്ങനെ ഐക്യത്തിന്റെ ബന്ധത്തെ ബലിഷ്ഠമാക്കുകയുംചെയ്യുക. സ്നേഹം നട്ടുവളർത്തുക, യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ താക്കോൽ കൈവശംവെക്കുകയും ചെയ്യുക. (w91 10/1)