ബൈബിൾ പുസ്തക നമ്പർ 59—യാക്കോബ്
എഴുത്തുകാരൻ: യാക്കോബ്
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു. 62-നുമുമ്പ്
1. യാക്കോബ് എന്ന അഭിധാനത്തിലുളള പുസ്തകത്തിന്റെ എഴുത്തുകാരൻ യാക്കോബ് ആണെന്നുളളതു സംബന്ധിച്ച് ഒരു ചോദ്യം ഉയർത്തുന്നത് എന്ത്?
“അവന്നു ബുദ്ധിഭ്രമം ഉണ്ടു.” അതാണു യേശുവിന്റെ ബന്ധുക്കൾ അവനെക്കുറിച്ചു വിചാരിച്ചത്. അവന്റെ ഭൗമികശുശ്രൂഷക്കാലത്ത് “അവന്റെ സഹോദരൻമാരും അവനിൽ വിശ്വസിച്ചില്ല.” യോസേഫിനോടും ശിമയോനോടും യൂദായോടുമൊപ്പം യാക്കോബും യേശുവിന്റെ ആദിമ ശിഷ്യരിലൊരാളായി എണ്ണപ്പെട്ടില്ല. (മർക്കൊ. 3:21; യോഹ. 7:5; മത്താ. 13:55) അപ്പോൾ, യാക്കോബ് എന്ന പേർ വഹിക്കുന്ന ബൈബിൾപുസ്തകം യേശുവിന്റെ അർധസഹോദരനായ യാക്കോബ് എഴുതിയെന്ന് ഏതടിസ്ഥാനത്തിൽ പറയാൻ കഴിയും?
2. യേശുവിന്റെ അർധസഹോദരനായിരുന്നു യാക്കോബിന്റെ എഴുത്തുകാരനെന്നു തെളിയിക്കുന്നത് എന്ത്?
2 പുനരുത്ഥാനം പ്രാപിച്ച യേശു യാക്കോബിനു പ്രത്യക്ഷമായി എന്നു രേഖ പ്രകടമാക്കുന്നു. ഇതു യേശു, മിശിഹായാണെന്ന് അവനെ സംശയാതീതമായി ബോധ്യപ്പെടുത്തിയെന്നതിനു സംശയം വേണ്ട. (1 കൊരി. 15:7) പെന്തക്കോസ്തിനുമുമ്പുപോലും മറിയയും യേശുവിന്റെ സഹോദരൻമാരും യെരുശലേമിലെ ഒരു മാളികമുറിയിൽ പ്രാർഥനക്കായി അപ്പോസ്തലൻമാരോടുകൂടെ കൂടിവന്നിരുന്നതായി പ്രവൃത്തികൾ 1:12-14 പറയുന്നു. എന്നാൽ അപ്പോസ്തലൻമാരിൽ യാക്കോബ് എന്നു പേരുളള ഒരാളല്ലേ ലേഖനമെഴുതിയത്? അല്ല, കാരണം തുടക്കത്തിൽതന്നെ എഴുത്തുകാരൻ ഒരു അപ്പോസ്തലനായിട്ടല്ല, പിന്നെയോ ‘കർത്താവായ യേശുക്രിസ്തുവിന്റെ ഒരു അടിയമായി’ തന്നേത്തന്നെ തിരിച്ചറിയിക്കുന്നു. മാത്രവുമല്ല, യാക്കോബിന്റേതിനോടു സമാനമായ യൂദായുടെ ആമുഖവാക്കുകൾ യൂദായെ (അല്ലെങ്കിൽ യൂദാസിനെ) കുറിച്ചും “യേശുക്രിസ്തുവിന്റെ ഒരു അടിമയും എന്നാൽ യാക്കോബിന്റെ സഹോദരനും” എന്നു പറയുന്നു. (യാക്കോ. 1:1; യൂദാ 1, NW) ഇതിൽനിന്നു യേശുവിന്റെ ജഡിക അർധസഹോദരൻമാരായ യാക്കോബും യൂദായും തങ്ങളുടെ നാമങ്ങൾ വഹിക്കുന്ന ബൈബിൾപുസ്തകങ്ങളെഴുതിയെന്നു നമുക്കു വിശ്വാസയോഗ്യമായി നിഗമനംചെയ്യാൻ കഴിയും.
3. എഴുത്തിനുളള യാക്കോബിന്റെ യോഗ്യതകൾ ഏവയായിരുന്നു?
3 യാക്കോബ് ക്രിസ്തീയസഭയ്ക്ക് ഒരു ബുദ്ധ്യുപദേശലേഖനം എഴുതാൻ തികച്ചും യോഗ്യനായിരുന്നു. യെരുശലേം സഭയിലെ ഒരു മേൽവിചാരകനെന്ന നിലയിൽ അവൻ അതിയായി ബഹുമാനിക്കപ്പെട്ടിരുന്നു. “കർത്താവിന്റെ സഹോദരനായ യാക്കോബി”നെക്കുറിച്ച്, കേഫാവിനോടും യോഹന്നാനോടുമൊപ്പം സഭയിലെ ‘തൂണുകളിൽ’ ഒരാളെന്നു പൗലൊസ് പറയുന്നു. (ഗലാ. 1:19; 2:9) തടവിൽനിന്നുളള തന്റെ മോചനത്തിനുശേഷം പത്രൊസ് ‘യാക്കോബിനും സഹോദരൻമാർക്കും’ സത്വര സന്ദേശമയയ്ക്കുന്നതിൽനിന്നു യാക്കോബിന്റെ പ്രാമുഖ്യത സൂചിപ്പിക്കപ്പെടുന്നു. പരിച്ഛേദനസംബന്ധിച്ച് ഒരു തീരുമാനത്തിന് അപേക്ഷിക്കാൻ പൗലൊസും ബർന്നബാസും യെരുശലേമിലേക്കു യാത്രചെയ്തപ്പോൾ “അപ്പോസ്തലൻമാരുടെയും പ്രായമേറിയ പുരുഷൻമാരുടെയും” വക്താവായി പ്രവർത്തിച്ചതു യാക്കോബായിരുന്നില്ലേ? ആനുഷംഗികമായി, ഈ തീരുമാനവും യാക്കോബിന്റെ ലേഖനവും “അഭിവാദ്യങ്ങൾ” എന്ന സർവസമമായ വന്ദനത്തോടെ തുടങ്ങുന്നു—അവയ്ക്ക് ഒരു പൊതു എഴുത്തുകാരനാണുണ്ടായിരുന്നതെന്നുളളതിന്റെ മറെറാരു സൂചന.—പ്രവൃ. 12:17; 15:13, 22, 23; യാക്കോ. 1:1, NW.
4. യാക്കോബിന്റെ ലേഖനം പൊ.യു. 62-ന് അൽപ്പംമുമ്പ് എഴുതപ്പെട്ടുവെന്നു സൂചിപ്പിക്കുന്നത് എന്ത്?
4 യാക്കോബിനെ കല്ലെറിഞ്ഞുകൊന്നതിന് ഉത്തരവാദി ഒരു സദൂക്യനായിരുന്ന അനാനസ് (അനന്യാസ്) മഹാപുരോഹിതനായിരുന്നുവെന്നു ചരിത്രകാരനായ ജോസീഫസ് നമ്മോടു പറയുന്നു. ഇതു റോമാഗവർണറായിരുന്ന ഫെസ്ററസിന്റെ പൊ.യു. ഏതാണ്ട് 62-ലെ മരണശേഷവും അവന്റെ പിൻഗാമിയായ ആൽബിനസ് സ്ഥാനമേൽക്കുന്നതിനുമുമ്പുമായിരുന്നു.a എന്നാൽ യാക്കോബ് എപ്പോഴാണു ലേഖനമെഴുതിയത്? “ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങ”ളെ, അക്ഷരീയമായി “ചിതറിപ്പോകലിൽ ഉളളവരെ,” ആണു യെരുശലേമിൽനിന്നുളള തന്റെ ലേഖനത്തിൽ യാക്കോബ് സംബോധനചെയ്യുന്നത്. (യാക്കോ. 1:1, NW അടിക്കുറിപ്പ്) പൊ.യു. 33-ലെ പരിശുദ്ധാത്മാവിന്റെ പകരലിനെ തുടർന്നു ക്രിസ്ത്യാനിത്വം പുറത്തേക്കു വ്യാപിക്കുന്നതിനും ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഭയങ്കര അവസ്ഥകൾ ഉടലെടുക്കുന്നതിനും സമയമെടുക്കുമായിരുന്നു. കൂടാതെ, ക്രിസ്ത്യാനികൾ മേലാൽ ചെറിയ കൂട്ടങ്ങളായിരിക്കാതെ ദുർബലർക്കുവേണ്ടി പ്രാർഥിക്കാനും അവരെ പിന്താങ്ങാനും കഴിവും പക്വതയുമുളള “മൂപ്പൻമാർ” ഉളള സഭകളായി സംഘടിപ്പിക്കപ്പെട്ടിരുന്നതായി ലേഖനം സൂചിപ്പിക്കുന്നു. തന്നെയുമല്ല, ഒരളവിലുളള അലംഭാവവും ഔപചാരികതയും നുഴഞ്ഞുകയറുന്നതിനു വേണ്ടത്ര സമയം കടന്നുപോയിരുന്നു. (2:1-4; 4:1-3; 5:14; 1:26, 27) അതുകൊണ്ട്, ഫെസ്ററസിന്റെ മരണത്തെ ചുററിപ്പററിയുളള സംഭവങ്ങളെക്കുറിച്ചുളള ജോസീഫസിന്റെ വിവരണവും ഫെസ്ററസിന്റെ മരണം പൊ.യു. ഏതാണ്ട് 62-ൽ നടന്നുവെന്നു സ്ഥാപിക്കുന്ന ആധാരങ്ങളും ശരിയാണെങ്കിൽ ഒരു പിൽക്കാല തീയതിയിൽ, ഒരുപക്ഷേ പൊ.യു. 62-ന് അൽപ്പം മുമ്പ് യാക്കോബ് തന്റെ ലേഖനമെഴുതി.
5. യാക്കോബിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നതെന്ത്?
5 യാക്കോബിന്റെ വിശ്വാസ്യത സംബന്ധിച്ചാണെങ്കിൽ, അതു വത്തിക്കാൻ നമ്പർ 1209-ലും സൈനാററിക്ക്, അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതികളിലും അടങ്ങിയിരിക്കുന്നു. പൊ.യു. 397-ലെ കാർത്തേജ് കൗൺസിലിനുമുമ്പുളള പത്തു പുരാതന പുസ്തകപ്പട്ടികകളിലെങ്കിലും അതുൾപ്പെടുന്നു.b സഭാപരമായ ആദിമ എഴുത്തുകാർ വ്യാപകമായി അത് ഉദ്ധരിച്ചു. നിശ്വസ്ത തിരുവെഴുത്തുകളിൽ ശേഷിച്ചവയോടുളള ആഴമായ ഒരു ആന്തരികയോജിപ്പ് യാക്കോബിന്റെ എഴുത്തുകളിൽ വളരെ പ്രകടമാണ്.
6. (എ) യാക്കോബ് തന്റെ ലേഖനമെഴുതേണ്ടതാവശ്യമാക്കിത്തീർത്ത സാഹചര്യങ്ങളേവ? (ബി) യാക്കോബിന്റെ ലേഖനം വിശ്വാസത്തെസംബന്ധിച്ച പൗലൊസിന്റെ വാദങ്ങൾക്കു വിരുദ്ധമായിരിക്കുന്നതിനുപകരം പൂരകമായിരിക്കുന്നത് എങ്ങനെ?
6 യാക്കോബ് ഈ ലേഖനം എഴുതിയത് എന്തിനാണ്? ലേഖനത്തിന്റെ ഒരു ശ്രദ്ധാപൂർവകമായ പരിചിന്തനം ആന്തരികാവസ്ഥകൾ സഹോദരൻമാരുടെ ഇടയിൽ വൈഷമ്യങ്ങൾക്കിടയാക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. ക്രിസ്തീയ നിലവാരങ്ങളെ താഴ്ത്തുകയായിരുന്നു, അതെ അവഗണിക്കുകപോലുമായിരുന്നു. തന്നിമിത്തം ലോകത്തോടുളള സൗഹൃദത്തിന്റെ കാര്യത്തിൽ ചിലർ ആത്മീയ വ്യഭിചാരിണികളായിത്തീർന്നിരുന്നു. സാങ്കൽപ്പിക വൈരുദ്ധ്യങ്ങൾ കണ്ടുപിടിക്കാനുളള ആകാംക്ഷയോടെ, പ്രവൃത്തികൾ മുഖേനയുളള വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന യാക്കോബിന്റെ ലേഖനം പ്രവൃത്തികളാലല്ല, വിശ്വാസത്താലുളള രക്ഷയെസംബന്ധിച്ച പൗലൊസിന്റെ എഴുത്തുകളെ ദുർബലമാക്കുന്നുവെന്നു ചിലർ അവകാശപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വെറും വാക്കുകളല്ല, പ്രവൃത്തികൾ പിന്താങ്ങുന്ന വിശ്വാസത്തെ ആണു യാക്കോബ് പരാമർശിക്കുന്നതെന്നും അതേസമയം ന്യായപ്രമാണത്തിന്റെ പ്രവൃത്തികളെയാണു പൗലൊസ് വ്യക്തമായും അർഥമാക്കുന്നതെന്നും സന്ദർഭം വെളിപ്പെടുത്തുന്നു. യഥാർഥത്തിൽ, യാക്കോബ് വിശ്വാസം പ്രകടമാകുന്ന വിധം നിർവചിച്ചുകൊണ്ട് ഒരു പടികൂടെ മുമ്പോട്ടുപോയി പൗലൊസിന്റെ വാദങ്ങളെ പോഷിപ്പിക്കുകയാണു ചെയ്യുന്നത്. ക്രിസ്ത്യാനിയുടെ അനുദിന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്നതിനാൽ യാക്കോബിന്റെ ബുദ്ധ്യുപദേശം അത്യന്തം പ്രായോഗികമാണ്.
7. യാക്കോബ് യേശുവിന്റെ പഠിപ്പിക്കൽരീതികളെ പകർത്തുന്നത് എങ്ങനെ, എന്തു ഫലത്തോടെ?
7 മൃഗങ്ങൾ, കപ്പലുകൾ, കർഷകർ, സസ്യങ്ങൾ എന്നിവ ഉൾപ്പെടെ അനുദിന ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾ വിശ്വാസവും ക്ഷമയും സഹിഷ്ണുതയും സംബന്ധിച്ച യാക്കോബിന്റെ വാദങ്ങൾക്കു നിറപ്പകിട്ടാർന്ന പിന്തുണ കൊടുക്കുന്നു. യേശുവിന്റെ വിജയപ്രദമായ പഠിപ്പിക്കൽരീതികളുടെ ഈ പകർത്തൽ അവന്റെ ബുദ്ധ്യുപദേശത്തെ അത്യന്തം ശക്തിമത്താക്കുന്നു. ഈ ലേഖനം വ്യക്തികളെ പ്രേരിപ്പിക്കുന്ന ആന്തരങ്ങളെ സംബന്ധിച്ച യാക്കോബിന്റെ വിവേചനയിൽ ഒരുവനു മതിപ്പുളവാക്കുന്നു.
യാക്കോബിന്റെ ഉളളടക്കം
8. ക്ഷമാപൂർവകമായ സഹിഷ്ണുതയിൽനിന്ന് എന്തു ഫലമുണ്ടാകും, എന്നാൽ ദുർമോഹത്തിൽനിന്ന് എന്തു ഫലം?
8 “വചനം ചെയ്യുന്നവർ” എന്നനിലയിലുളള ക്ഷമാപൂർവകമായ സഹിഷ്ണുത (1:1-27). യാക്കോബ് പ്രോത്സാഹനവാക്കുകളോടെ തുടക്കമിടുന്നു: “എന്റെ സഹോദരൻമാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ . . . അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” ക്ഷമാപൂർവകമായ സഹിഷ്ണുതയിലൂടെ അവർ തികഞ്ഞവരാക്കപ്പെടും. ഒരാൾക്കു ജ്ഞാനം കുറവാണെങ്കിൽ, അയാൾ അതിനുവേണ്ടി ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കണം, കാററടിച്ചുലയുന്ന സമുദ്രത്തിലെ തിരമാലയെപ്പോലെ സംശയത്തോടെയല്ല, വിശ്വാസത്തോടെ. എളിമയുളളവർ ഉയർത്തപ്പെടും, എന്നാൽ ധനികർ നശിച്ചുപോകുന്ന പുഷ്പം പോലെ വാടിപ്പോകും. പീഡാനുഭവം സഹിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു, എന്തുകൊണ്ടെന്നാൽ “അവൻ കൊളളാകുന്നവനായി തെളിഞ്ഞശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തംചെയ്ത ജീവകിരീടം പ്രാപിക്കും.” ദൈവം മമനുഷ്യന്റെ വീഴ്ചക്കിടയാക്കുന്നതിന് അവനെ തിൻമയാൽ പരീക്ഷിക്കുന്നില്ല. ഒരുവന്റെ സ്വന്തം തെററായ മോഹമാണു പുഷ്ടിപ്രാപിക്കുന്നതും പാപത്തെ പ്രസവിക്കുന്നതും. ക്രമത്തിൽ ഇതു മരണം ഉളവാക്കുന്നു.—1:2, 12, 22.
9. “വചനം ചെയ്യുന്നവർ” ആയിരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു, എന്നാൽ ഏതു രൂപത്തിലുളള ആരാധന ദൈവത്താൽ അംഗീകരിക്കപ്പെടുന്നു?
9 എവിടെനിന്നാണു നല്ല ദാനങ്ങളെല്ലാം വരുന്നത്? ഒരിക്കലും മാററംവരാത്ത, ‘സ്വർഗീയ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്.’ “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു,” യാക്കോബ് പറയുന്നു. അപ്പോൾ, ക്രിസ്ത്യാനികൾ കേൾവിസംബന്ധിച്ചു വേഗതയുളളവരും സംസാരംസംബന്ധിച്ചു താമസമുളളവരും കോപം സംബന്ധിച്ചു താമസമുളളവരും ആയിരിക്കണം, അവർ സകല അഴുക്കും ധാർമിക വഷളത്വവും നീക്കി രക്ഷാവചനത്തിന്റെ നടീൽ സ്വീകരിക്കണം. ‘വചനം കേൾക്കുന്നവർ മാത്രമായിരിക്കാതെ ചെയ്യുന്നവരായിരിപ്പിൻ.’ എന്തുകൊണ്ടെന്നാൽ സ്വാതന്ത്ര്യത്തിന്റെ കണ്ണാടിപോലെയുളള നിയമത്തിലേക്കു ചുഴിഞ്ഞിറങ്ങുകയും അതിൽ ഉററിരിക്കുകയും ചെയ്യുന്നവൻ “താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.” തന്റെ നാവിനു കടിഞ്ഞാണിടാത്ത മമനുഷ്യന്റെ ഔപചാരിക ആരാധന വ്യർഥമാണ്, എന്നാൽ “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുളള ഭക്തിയോ [“ആരാധനാരൂപമോ,” NW]: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നുകാണുന്നതും ലോകത്താലുളള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊളളുന്നതും ആകുന്നു.”—1:17, 18, 22, 25, 27.
10. (എ) ഏതു പക്ഷഭേദങ്ങൾ വർജിക്കണം? (ബി) വിശ്വാസത്തോടു പ്രവൃത്തികൾക്കുളള ബന്ധമെന്ത്?
10 ശരിയായ പ്രവൃത്തികളാൽ പൂർണമാക്കപ്പെടുന്ന വിശ്വാസം (2:1-26). ദരിദ്രരെ അപേക്ഷിച്ചു ധനികർക്കു മുൻഗണന കൊടുത്തുകൊണ്ടു സഹോദരൻമാർ പക്ഷഭേദം കാണിക്കുകയാണ്. എന്നാൽ “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും . . . രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടു”ത്തുവെന്നതു സത്യമല്ലയോ? ധനികർ ഞെരുക്കുന്നവരല്ലേ? സഹോദരൻമാർ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന രാജകീയ ന്യായപ്രമാണം അനുസരിക്കുകയും പക്ഷപാതിത്വം ഒഴിവാക്കുകയും വേണം. അവർ കരുണ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യട്ടെ, എന്തെന്നാൽ ന്യായപ്രമാണത്തെ സംബന്ധിച്ചടത്തോളം ഒരു സംഗതിയിൽ തെററുചെയ്യുന്നവൻ എല്ലാററിലും തെററുചെയ്യുന്നു. പ്രവൃത്തികളില്ലാത്ത വിശ്വാസം അർഥശൂന്യമാണ്, ഞെരുക്കമുളള ഒരു സഹോദരനോടോ സഹോദരിയോടോ, പ്രായോഗികസഹായം കൊടുക്കാതെ, “തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ” എന്നു പറയുന്നതുപോലെ. പ്രവൃത്തികൾ കൂടാതെ വിശ്വാസം പ്രകടമാക്കാൻ കഴിയുമോ? യാഗപീഠത്തിൻമേൽ ഇസ്ഹാക്കിനെ അർപ്പിച്ചതിനാൽ അബ്രഹാമിന്റെ വിശ്വാസം അവന്റെ പ്രവൃത്തികളാലല്ലയോ പൂർണമാക്കപ്പെട്ടത്? അതുപോലെതന്നെ, വേശ്യയായിരുന്ന രാഹാബ് ‘പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു.’ അതുകൊണ്ടു പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതമാണ്.—2:5, 8, 16, 19, 25.
11. (എ) ഏതു ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്താൽ യാക്കോബ് നാവിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു? (ബി) ജ്ഞാനവും വിവേകവും എങ്ങനെ പ്രകടമാക്കണം?
11 ജ്ഞാനം പഠിപ്പിക്കുന്നതിനു നാവിനെ നിയന്ത്രിക്കൽ (3:1-18). സഹോദരൻമാർ ഏറെ കഠിനമായ ന്യായവിധി പ്രാപിക്കാതിരിക്കേണ്ടതിന് ഉപദേഷ്ടാക്കളാകുന്നതിൽ ജാഗ്രത പുലർത്തണം. എല്ലാവരും അനേകം പ്രാവശ്യം ഇടറുന്നു. കടിഞ്ഞാൺ ഒരു കുതിരയുടെ ശരീരത്തെ നിയന്ത്രിക്കുന്നതുപോലെയും ചെറിയ ചുക്കാൻ ഒരു വലിയ കപ്പലിനെ നിയന്ത്രിക്കുന്നതുപോലെയും ആ ചെറിയ അവയവത്തിന്, നാവിന്, വലിയ ശക്തിയുണ്ട്. അത് ഒരു വലിയ കാടിനെ അഗ്നിക്കിരയാക്കാൻ കഴിയുന്ന ഒരു തീ പോലെയാണ്! കാട്ടുമൃഗങ്ങളെ നാവിനെക്കാൾ അനായാസം മെരുക്കാൻ കഴിയും! അതുകൊണ്ടു മനുഷ്യർ യഹോവയെ വാഴ്ത്തുന്നു, എന്നിരുന്നാലും അവരുടെ സഹമനുഷ്യനെ ശപിക്കുന്നു. ഇത് ഉചിതമല്ല. ഒരു ഉറവ കയ്പുജലവും മധുരജലവും ഉളവാക്കുന്നുവോ? ഒരു അത്തിവൃക്ഷത്തിന് ഒലിവുപഴങ്ങൾ ഉളവാക്കാൻ കഴിയുമോ? ഒരു മുന്തിരിവളളിക്ക് അത്തിപ്പഴങ്ങൾ? ഉപ്പുവെളളത്തിനു മധുരവെളളം? യാക്കോബ് ചോദിക്കുന്നു: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?” അയാൾ സൗമ്യതയോടെ തന്റെ പ്രവൃത്തികൾ കാണിച്ചുകൊടുക്കുകയും സത്യത്തിനെതിരെയുളള മത്സരത്തെ, മൃഗീയമായ വീമ്പിളക്കലിനെ, ഒഴിവാക്കുകയും ചെയ്യട്ടെ. എന്തെന്നാൽ “ഉയരത്തിൽനിന്നുളള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുളളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.”—3:13, 17.
12. (എ) സഭയിൽ ഏതു തെററായ അവസ്ഥകൾ സ്ഥിതിചെയ്യുന്നു, അവയുടെ ഉറവേത്? (ബി) യഹോവയുടെ അംഗീകാരം നേടുന്നതിന് ഏതു മനോഭാവം ഒഴിവാക്കുകയും ഏതു ഗുണം നട്ടുവളർത്തുകയും ചെയ്യണം?
12 ഭോഗേച്ഛയും ലോകസ്നേഹവും വർജിക്കുക (4:1-17). “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു?” തന്റെ സ്വന്തം ചോദ്യത്തിനു യാക്കോബ് ഉത്തരം പറയുന്നു: ‘നിങ്ങളുടെ ഭോഗേച്ഛകളിൽനിന്ന്’! ചിലരുടെ ആന്തരങ്ങൾ തെററാണ്. ലോകത്തിന്റെ സുഹൃത്തുക്കളായിരിക്കാനാഗ്രഹിക്കുന്നവർ “വ്യഭിചാരണി”കൾ ആണ്, അവർ ദൈവത്തിന്റെ ശത്രുക്കൾ ആയിത്തീരുന്നു. അതുകൊണ്ട്, അവൻ ഉദ്ബോധിപ്പിക്കുന്നു: “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തുചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തവരും.” യഹോവ താഴ്മയുളളവരെ ഉയർത്തും. അതുകൊണ്ടു സഹോദരൻമാർ അന്യോന്യം വിധിക്കുന്നതു നിർത്തണം. ഒരു ദിവസംമുതൽ പിറേറന്നുവരെയുളള തന്റെ ജീവനെക്കുറിച്ചു യാതൊരുത്തർക്കും ഉറപ്പുണ്ടായിരിക്കാൻ കഴിയാത്തതിനാൽ അവർ “കർത്താവിന്നു [“യഹോവക്ക്,” NW] ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും” എന്നുതന്നെ വേണം പറയാൻ. അഹങ്കാരം ദുഷ്ടമാണ്, നൻമ അറിഞ്ഞിട്ട് അതു ചെയ്യാത്തത് ഒരു പാപമാണ്.—4:1, 4, 7, 8, 15.
13. (എ) ധനികർക്ക് മഹാകഷ്ടം ഉളളതെന്തുകൊണ്ട്? (ബി) ക്ഷമക്കും സഹിഷ്ണുതക്കുമുളള ആവശ്യം യാക്കോബ് വിശദീകരിക്കുന്നത് എങ്ങനെ, എന്തു ഫലങ്ങളോടെ?
13 നീതിയിൽ സഹിച്ചുനിൽക്കുന്നവർ സന്തുഷ്ടർ (5:1-20). ‘ധനവാൻമാരേ, കരഞ്ഞുമുറയിടുവിൻ’ എന്നു യാക്കോബ് പ്രഖ്യാപിക്കുന്നു. ‘നിങ്ങളുടെ സ്വത്തിന്റെ തുരുമ്പ് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും. നിങ്ങൾ അപഹരിച്ച കൊയ്ത്തുകാരുടെ സഹായത്തിനായുളള നിലവിളി സൈന്യങ്ങളുടെ യഹോവ കേട്ടിരിക്കുന്നു. നിങ്ങൾ ആഡംബരത്തിലും ഭോഗേച്ഛയിലും ജീവിച്ചിരിക്കുന്നു, നിങ്ങൾ നീതിമാനായവനെ കുററം വിധിക്കുകയും കൊലചെയ്യുകയും ചെയ്തിരിക്കുന്നു.’ എന്നിരുന്നാലും, കർത്താവിന്റെ സാന്നിധ്യത്തിന്റെ സാമീപ്യത്തിന്റെ കാഴ്ചപ്പാടിൽ സഹോദരൻമാർ കൊയ്ത്തിനുവേണ്ടി കാത്തിരിക്കുന്ന കർഷകനെപ്പോലെ ക്ഷമ പ്രകടമാക്കുകയും “യഹോവയുടെ നാമത്തിൽ സംസാരിച്ച” പ്രവാചകൻമാരുടെ മാതൃക പരിഗണിക്കുകയും ചെയ്യണം. സഹിച്ചുനിന്നിട്ടുളളവർ സന്തുഷ്ടരാകുന്നു! സഹോദരൻമാർ ഇയ്യോബിന്റെ സഹിഷ്ണുതയും യഹോവ നൽകിയ ഫലവും ഓർമിക്കണം, “യഹോവ വളരെ ആർദ്രപ്രിയവും കരുണയുമുളളവൻ ആകുന്നു എന്നുതന്നെ.”—5:1-6, 10, 11, NW.
14. പാപം ഏററുപറയുന്നതുസംബന്ധിച്ചും പ്രാർഥനസംബന്ധിച്ചും ഏതു സമാപന ബുദ്ധ്യുപദേശം കൊടുക്കുന്നു?
14 അവർ ആണയിടുന്നതു നിർത്തട്ടെ. മറിച്ച്, അവർ “ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല” എന്നും അർഥമായിരിക്കട്ടെ. അവർ തങ്ങളുടെ പാപങ്ങൾ തുറന്ന് ഏററുപറയുകയും അന്യോന്യം പ്രാർഥിക്കുകയും വേണം. ഏലിയാവിന്റെ പ്രാർഥനകളാൽ പ്രകടമാക്കപ്പെടുന്നതുപോലെ, “നീതിമാന്റെ . . . പ്രാർഥന വളരെ ഫലിക്കുന്നു.” ഒരുവൻ സത്യത്തിൽനിന്നു വഴിതെററിക്കപ്പെടുന്നുവെങ്കിൽ അയാളെ തിരികെ വരുത്തുന്നവൻ “അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും.”—5:12, 16, 20.
എന്തുകൊണ്ടു പ്രയോജനപ്രദം
15. യാക്കോബ് എബ്രായതിരുവെഴുത്തുകളെ എങ്ങനെ ബാധകമാക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
15 യാക്കോബ് യേശുവിന്റെ പേർ രണ്ടുപ്രാവശ്യമേ പറയുന്നുളളുവെങ്കിലും (1:1; 2:1), യാക്കോബിന്റെ ലേഖനവും ഗിരിപ്രഭാഷണവും തമ്മിലുളള ഒരു ശ്രദ്ധാപൂർവമായ താരതമ്യപഠനം വെളിപ്പെടുത്തുന്നതുപോലെ, അവൻ യജമാനന്റെ ഉപദേശങ്ങളുടെ വളരെയധികമായ പ്രായോഗിക ബാധകമാക്കൽ നടത്തുന്നുണ്ട്. അതേസമയം യഹോവയുടെ നാമം (പുതിയലോക ഭാഷാന്തരം) 13 പ്രാവശ്യം കാണുന്നു. അവന്റെ വാഗ്ദത്തങ്ങളെ വിശ്വാസം കാക്കുന്ന ക്രിസ്ത്യാനികൾക്കുളള പ്രതിഫലമായി ഊന്നിപ്പറയുന്നു. (4:10; 5:11) യാക്കോബ് തന്റെ പ്രായോഗികബുദ്ധ്യുപദേശം വികസിപ്പിക്കുന്നതിനു ദൃഷ്ടാന്തങ്ങൾക്കായും യോജിച്ച ഉദ്ധരണികൾക്കായും ആവർത്തിച്ച് എബ്രായ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു. “തിരുവെഴുത്തിന്നു ഒത്തവണ്ണം”, “തിരുവെഴുത്തു നിവൃത്തിയായി,” ‘തിരുവെഴുത്തു സംസാരിക്കുന്നു’ എന്നിങ്ങനെയുളള പ്രയോഗങ്ങളാൽ അവൻ ഉറവിനെ തിരിച്ചറിയിക്കുന്നു; തുടർന്ന് അവൻ ഈ തിരുവെഴുത്തുകളെ ക്രിസ്തീയ ജീവിതത്തിനു ബാധകമാക്കുന്നു. (2:8, 23; 4:5) ബുദ്ധ്യുപദേശത്തിലെ ആശയങ്ങൾ വ്യക്തമാക്കുമ്പോഴും യോജിപ്പുളള ഒരു സാകല്യമെന്ന നിലയിൽ ദൈവവചനത്തിൽ വിശ്വാസം കെട്ടുപണിചെയ്യുമ്പോഴും യാക്കോബ് അബ്രഹാമിന്റെ വിശ്വാസത്തിന്റെ പ്രവൃത്തികൾ, രാഹാബിന്റെ പ്രവൃത്തികളാലുളള വിശ്വാസപ്രകടനം, ഇയ്യോബിന്റെ വിശ്വസ്തമായ സഹനം, പ്രാർഥനയിലുളള ഏലിയാവിന്റെ ആശ്രയം എന്നിവയെ ഉചിതമായി പരാമർശിക്കുന്നു.—യാക്കോ. 2:21-25; 5:11, 17, 18; ഉല്പ. 22:9-12; യോശു. 2:1-21; ഇയ്യോ. 1:20-22; 42:10; 1 രാജാ. 17:1; 18:41-45.
16. യാക്കോബ് ഏതു ബുദ്ധ്യുപദേശവും മുന്നറിയിപ്പുകളും കൊടുക്കുന്നു, അങ്ങനെയുളള പ്രായോഗികജ്ഞാനം ഏതുറവിൽനിന്നാണ്?
16 വചനം കേൾക്കുന്നവർ മാത്രമായിരിക്കാതെ ചെയ്യുന്നവരായിരിക്കുന്നതിനും നീതിപ്രവൃത്തികളാൽ വിശ്വാസം തെളിയിച്ചുകൊണ്ടിരിക്കുന്നതിനും വിവിധ പീഡാനുഭവങ്ങൾ സഹിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിനും ജ്ഞാനത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നതിനും എല്ലായ്പോഴും പ്രാർഥനയിൽ അവനോട് അടുക്കുന്നതിനും “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന രാജകീയ നിയമം അനുസരിക്കുന്നതിനുമുളള യാക്കോബിന്റെ ബുദ്ധ്യുപദേശം വിലപ്പെട്ടതാണ്. (യാക്കോ. 1:22; 2:24; 1:2, 5; 4:8; 5:13-18; 2:8) തെററു പഠിപ്പിക്കുന്നതിനും നാവിനെ ഹാനികരമായി ഉപയോഗിക്കുന്നതിനും സഭയിൽ വർഗവിവേചനം ഉളവാക്കുന്നതിനും ഇന്ദ്രിയ സുഖം വാഞ്ഛിക്കുന്നതിനും അഴിഞ്ഞുപോകുന്ന ധനത്തിൽ ആശ്രയിക്കുന്നതിനും എതിരായ അവന്റെ മുന്നറിയിപ്പുകൾ ശക്തമാണ്. (3:1, 8; 2:4; 4:3; 5:1, 5) ലോകവുമായുളള സഖിത്വം ആത്മീയവ്യഭിചാരവും ദൈവത്തോടുളള ശത്രുത്വവുമായിത്തീരുന്നുവെന്നു യാക്കോബ് സുവ്യക്തമാക്കുന്നു. അവൻ ദൈവദൃഷ്ടിയിൽ ശുദ്ധമായ പ്രായോഗിക ആരാധനാരൂപത്തിന്റെ നിർവചനം നൽകുന്നു: “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുളള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊളളുന്നതും.” (4:4; 1:27) വളരെ പ്രായോഗികവും മനസ്സിലാക്കാൻ എളുപ്പവുമായ ഈ ബുദ്ധ്യുപദേശമെല്ലാംതന്നെയാണ് ആദിമക്രിസ്തീയസഭയുടെ ഈ ‘തൂണിൽ’നിന്നു പ്രതീക്ഷിക്കാൻ കഴിയുന്നത്. (ഗലാ. 2:9) അതിലെ സൗമ്യമായ സന്ദേശം നമ്മുടെ പ്രക്ഷുബ്ധ കാലങ്ങളിൽ ക്രിസ്ത്യാനികൾക്ക് ഒരു വഴികാട്ടിയായി തുടരുന്നു, എന്തുകൊണ്ടെന്നാൽ “നീതി എന്ന ഫലം” ഉളവാക്കുന്നത് “ഉയരത്തിൽനിന്നുളള ജ്ഞാന”മാണ്.—3:17, 18.
17. വിശ്വസ്തപ്രവൃത്തികളിൽ സഹിച്ചുനിൽക്കുന്നതിന് ഏതു ശക്തമായ കാരണം അവതരിപ്പിക്കപ്പെടുന്നു?
17 ദൈവരാജ്യത്തിലെ ജീവിതമാകുന്ന തങ്ങളുടെ ലക്ഷ്യം പ്രാപിക്കാൻ തന്റെ സഹോദരൻമാരെ സഹായിക്കുന്നതിനു യാക്കോബ് ആകാംക്ഷയുളളവനായിരുന്നു. അതുകൊണ്ട് അവൻ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.” പീഡാനുഭവം സഹിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ അവർ സന്തുഷ്ടരാണ്, എന്തുകൊണ്ടെന്നാൽ ദൈവാംഗീകാരം “കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തംചെയ്ത ജീവകിരീടം” പ്രാപിക്കുന്നതിനെ അർഥമാക്കും. (5:8; 1:12) അങ്ങനെ ജീവകിരീടത്തിന്റെ ദൈവികവാഗ്ദത്തത്തിനു—സ്വർഗങ്ങളിലെ അമർത്ത്യജീവനായാലും ഭൂമിയിലെ നിത്യജീവനായാലും—വിശ്വസ്ത പ്രവർത്തനങ്ങളിൽ സഹിച്ചുനിൽക്കുന്നതിനുളള ശക്തമായ കാരണമെന്ന നിലയിൽ ദൃഢത കൊടുത്തിരിക്കുന്നു. തീർച്ചയായും ഈ വിശിഷ്ടമായ ലേഖനം സ്വർഗത്തിലെയോ നമ്മുടെ കർത്താവായ യേശുക്രിസ്തു ആകുന്ന രാജ്യസന്തതിയാൽ ഭരിക്കപ്പെടുന്ന യഹോവയുടെ പുതിയലോകത്തിലെയോ നിത്യജീവന്റെ ലാക്കിനെ എത്തിപ്പിടിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കും.—2:5.
[അടിക്കുറിപ്പുകൾ]
a യഹൂദ പുരാതനത്വങ്ങൾ, XX, 197-200 (IX, 1); വെബ്സ്റേറഴ്സ് ന്യൂ ബയോഗ്രഫിക്കൽ ഡിക്ഷ്നറി, 1983, പേജ് 350.
b ചാർട്ടു കാണുക, പേജ് 303.