“വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക”!
‘വിശുദ്ധന്മാർക്ക് എന്നേക്കുമായി ഒരിക്കൽ ഏൽപ്പിച്ചുകൊടുത്ത വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക.”—യൂദാ 3, NW.
1. ഏത് അർഥത്തിലാണ് ക്രിസ്ത്യാനികൾ ഇന്ന് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്?
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പടയാളികൾക്ക് എക്കാലവും കഠിനമായ ജീവിതമാണ് നയിക്കേണ്ടി വന്നിട്ടുള്ളത്. സകല യുദ്ധ ആയുധങ്ങളും ധരിച്ച് എല്ലാത്തരം കാലാവസ്ഥയിലും അസംഖ്യം കിലോമീറ്റർ മാർച്ചു ചെയ്യുന്നതോ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ക്ഷീണിപ്പിക്കുന്ന പരിശീലനത്തിനു വിധേയരാകുന്നതോ മരണമോ അംഗഹീനതയോ കൈവരുത്തിയേക്കാവുന്ന സകലതരം ഭീതിദ സാഹചര്യങ്ങളെയും ഒറ്റയ്ക്കു ചെറുത്തുനിൽക്കുന്നതോ ഒന്നു വിഭാവന ചെയ്യൂ. എന്നാൽ, സത്യക്രിസ്ത്യാനികൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. (യെശയ്യാവു 2:2-4; യോഹന്നാൻ 17:14) പക്ഷേ, നാമെല്ലാവരും ആത്മീയ അർഥത്തിലുള്ള ഒരു യുദ്ധത്തിലാണെന്ന് ഒരിക്കലും മറക്കരുത്. സാത്താൻ യേശുക്രിസ്തുവിനോടും ഭൂമിയിലെ അവന്റെ അനുഗാമികളോടും കൊടിയ ശത്രുതയിലാണ്. (വെളിപ്പാടു 12:17) യഹോവയാം ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നവർ എല്ലാവരും ഫലത്തിൽ, ആത്മീയ യുദ്ധം നടത്താനുള്ള പടയാളികളായി പേർ ചാർത്തുകയാണ്.—2 കൊരിന്ത്യർ 10:4.
2. ക്രിസ്തീയ പോരാട്ടത്തെ യൂദാ വിവരിക്കുന്നതെങ്ങനെ, ആ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ അവന്റെ ലേഖനത്തിന് നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
2 യേശുവിന്റെ അർധ സഹോദരനായ യൂദാ ഉചിതമായിത്തന്നെ ഇങ്ങനെ എഴുതുന്നു: “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു [“ഒരു കഠിന പോരാട്ടം നടത്താൻ” NW] പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.” (യൂദാ 3) “ഒരു കഠിന പോരാട്ടം നടത്താൻ” യൂദാ ക്രിസ്ത്യാനികളെ പ്രബോധിപ്പിക്കുമ്പോൾ “തീവ്രവേദന”യോടു ബന്ധപ്പെട്ട ഒരു പദപ്രയോഗം അവൻ ഉപയോഗിക്കുന്നു. അതേ, ഈ പോരാട്ടം പ്രയാസകരവും അതിവേദനാജനകവും ആയിരിക്കാവുന്നതാണ്! ഈ യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസമാണെന്നു നിങ്ങൾ ചിലപ്പോഴൊക്കെ കണ്ടെത്തുന്നുവോ? യൂദായുടെ, ഹ്രസ്വമെങ്കിലും ശക്തമായ ലേഖനത്തിനു നമ്മെ സഹായിക്കാനാകും. അധാർമികതയെ ചെറുക്കാനും ദൈവനിയമിത അധികാരത്തെ ആദരിക്കാനും നമ്മെത്തന്നെ ദൈവസ്നേഹത്തിൽ നിലനിർത്താനും അതു നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ ബുദ്ധ്യുപദേശം എങ്ങനെ ബാധകമാക്കാമെന്നു നമുക്കു നോക്കാം.
അധാർമികതയെ ചെറുക്കുക
3. യൂദായുടെ നാളിൽ ക്രിസ്തീയ സഭ ഏത് അടിയന്തിര സാഹചര്യത്തെ അഭിമുഖീകരിച്ചു?
3 സഹക്രിസ്ത്യാനികളിൽ എല്ലാവരും സാത്താനെതിരായ യുദ്ധത്തിൽ വിജയം വരിക്കുന്നില്ലെന്നു യൂദാ മനസ്സിലാക്കി. ആട്ടിൻകൂട്ടം ഒരു അടിയന്തിര സാഹചര്യത്തെ അഭിമുഖീകരിച്ചു. ദുഷിച്ചയാളുകൾ “നുഴഞ്ഞു വന്നിരിക്കുന്നു,” യൂദാ എഴുതുന്നു. ആ മനുഷ്യർ തന്ത്രപൂർവം അധാർമികതയെ പ്രോത്സാഹിപ്പിക്കുക ആയിരുന്നു. “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി”ക്കൊണ്ട് അവർ തങ്ങളുടെ പ്രവൃത്തികളെ കൗശലപൂർവം ന്യായീകരിച്ചു. (യൂദാ 4) ഒരുവൻ എത്രകണ്ട് പാപം ചെയ്യുന്നുവോ അത്രകണ്ട് ദൈവത്തിന്റെ അനർഹദയ സ്വീകരിക്കാൻ ആകുമെന്ന് പുരാതന ജ്ഞാനവാദികളെപ്പോലെ അവർ ന്യായവാദം ചെയ്തിരിക്കാം—അതുകൊണ്ട് ഫലത്തിൽ, കൂടുതൽ പാപം ചെയ്യുന്നതായിരുന്നു മെച്ചം! ഇനി അതല്ലെങ്കിൽ, ദയാലുവായ ദൈവം തങ്ങളെ ഒരിക്കലും ശിക്ഷിക്കില്ലെന്ന് അവർ നിഗമനം ചെയ്തിരിക്കാം. സംഗതി എന്തായിരുന്നാലും, അവരുടെ വാദഗതി തെറ്റായിരുന്നു.—1 കൊരിന്ത്യർ 3:19.
4. യഹോവയുടെ മുൻകാല ന്യായവിധികളുടെ ഏതു മൂന്നു ദൃഷ്ടാന്തങ്ങളാണ് യൂദാ ഉദ്ധരിക്കുന്നത്?
4 യഹോവയുടെ മുൻകാല ന്യായവിധികളുടെ മൂന്നു ദൃഷ്ടാന്തങ്ങൾ ഉദ്ധരിച്ചുകൊണ്ട് യൂദാ അവരുടെ ദുഷ്ട വാദഗതികളെ ഖണ്ഡിക്കുന്നു. “വിശ്വസിക്കാ”ഞ്ഞ ഇസ്രായേല്യർക്കും സ്ത്രീകളുമായി പാപം ചെയ്യേണ്ടതിന് “സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാ”ർക്കും “ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്ന” സോദോം-ഗൊമോറ നിവാസികൾക്കും എതിരായി നടന്ന ന്യായവിധികളാണ് അവൻ ഉദ്ധരിച്ചത്. (യൂദാ 5-7; ഉല്പത്തി 6:2-4; 19:4-25; സംഖ്യാപുസ്തകം 14:35) അവയോരോന്നിലും യഹോവ പാപികൾക്കെതിരായി മാറ്റൊലികൊള്ളുന്ന ന്യായവിധി നടപ്പാക്കി.
5. ഏത് പുരാതന പ്രവാചക വാക്യമാണ് യൂദാ ഉദ്ധരിക്കുന്നത്, ആ പ്രവചനം അതിന്റെ നിവൃത്തിയുടെ സമ്പൂർണ സുനിശ്ചിതത്വം പ്രകടിപ്പിച്ചതെങ്ങനെ?
5 പിന്നീട്, കൂടുതൽ വ്യാപകമായ ഫലങ്ങൾ ഉളവാക്കിയ ഒരു ന്യായവിധിയെ യൂദാ പരാമർശിക്കുന്നു. അവൻ ഹാനോക്കിന്റെ ഒരു പ്രവചനം ഉദ്ധരിക്കുന്നു—നിശ്വസ്ത തിരുവെഴുത്തുകളിൽ മറ്റൊരിടത്തും കാണപ്പെടാത്ത ഒരു ഭാഗമാണിത്.a (യൂദാ 14, 15) സകല ഭക്തികെട്ടവരെയും അവരുടെ ഭക്തികെട്ട പ്രവർത്തനങ്ങളെയും യഹോവ ന്യായംവിധിക്കുന്ന ഒരു സമയത്തെക്കുറിച്ച് ഹാനോക്ക് മുൻകൂട്ടിപ്പറഞ്ഞു. രസാവഹമായി, ഹാനോക്ക് ഭൂതകാല ക്രിയയിലാണ് സംസാരിച്ചത്, കാരണം യഹോവയുടെ ന്യായവിധികൾ അപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞാൽ എന്നവണ്ണം അത്ര സുനിശ്ചിതമായിരുന്നു. ആളുകൾ ഹാനോക്കിനെ പുച്ഛിച്ചിരിക്കാം, എന്നാൽ ആ പരിഹാസികളെല്ലാം ആഗോള ജലപ്രളയത്തിൽ മുങ്ങിമരിച്ചു.
6. (എ) യൂദായുടെ നാളിലെ ക്രിസ്ത്യാനികളെ എന്തിനെക്കുറിച്ചായിരുന്നു ഓർമപ്പെടുത്തേണ്ടിയിരുന്നത്? (ബി) യൂദായുടെ ഓർമിപ്പിക്കലുകൾക്കു നാം ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
6 ഈ ദിവ്യന്യായവിധികളെക്കുറിച്ച് യൂദാ എഴുതിയത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ, അവന്റെ നാളിൽ ക്രിസ്തീയ സഭകളുമായി സഹവസിച്ചിരുന്ന ചിലർ, മുൻകാലങ്ങളിൽ പ്രസ്തുത ന്യായവിധികൾക്ക് ഇടയാക്കിയ അതേ നികൃഷ്ടവും നിന്ദ്യവുമായ പാപങ്ങൾ ചെയ്യുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട്, ചില അടിസ്ഥാന ആത്മീയ സത്യങ്ങളെക്കുറിച്ച് സഭകൾ ഓർമിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന് യൂദാ എഴുതുന്നു. (യൂദാ 5) തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് യഹോവയാം ദൈവം കാണുന്നു എന്നത് അവർ വ്യക്തമായും മറന്നുകളഞ്ഞു. അതേ, തന്റെ ദാസന്മാർ തങ്ങളെത്തന്നെയും മറ്റുള്ളവരെയും ദുഷിപ്പിച്ചുകൊണ്ട് മനപ്പൂർവം തന്റെ നിയമങ്ങൾ ലംഘിക്കുമ്പോൾ യഹോവ അതു കാണുന്നു. (സദൃശവാക്യങ്ങൾ 15:3) അത്തരം പ്രവർത്തനങ്ങൾ അവനെ ആഴമായി വ്രണപ്പെടുത്തുന്നു. (ഉല്പത്തി 6:6; സങ്കീർത്തനം 78:40) വെറും മനുഷ്യരായ നമുക്കു പ്രപഞ്ചത്തിന്റെ പരമാധികാര കർത്താവിന്റെ വികാരങ്ങളെ ബാധിക്കാനാകും എന്നത് ഭയാദരവുളവാക്കുന്ന ഒരു സംഗതിയാണ്. അവൻ അനുദിനം നമ്മെ നിരീക്ഷിക്കുന്നു, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കാലടികളെ പിന്തുടരാൻ നാം നമ്മുടെ പരമാവധി പ്രവർത്തിക്കുമ്പോൾ നമ്മുടെ നടത്ത അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ട് യൂദാ നൽകുന്ന തരത്തിലുള്ള ഓർമിപ്പിക്കലുകളിൽ ഒരിക്കലും അലോസരപ്പെടാതെ നമുക്ക് അവയ്ക്കു ശ്രദ്ധനൽകാം.—സദൃശവാക്യങ്ങൾ 27:11; 1 പത്രൊസ് 2:21.
7. (എ) ഗുരുതരമായ ദുഷ്പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നവർ അടിയന്തിര സഹായം തേടേണ്ടതു നിർണായകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്കെല്ലാം എങ്ങനെ അധാർമികത ഒഴിവാക്കാൻ കഴിയും?
7 യഹോവ കാണുക മാത്രമല്ല ചെയ്യുന്നത്, അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു. നീതിയുടെ ദൈവം എന്നനിലയിൽ അവൻ ഉചിതമായ സമയത്ത് ദുഷ്പ്രവൃത്തിക്കാരുടെമേൽ ശിക്ഷ നടപ്പാക്കുന്നു. (1 തിമൊഥെയൊസ് 5:24) അവന്റെ ന്യായവിധികൾ വെറുമൊരു കഴിഞ്ഞകാല ചരിത്രമാണെന്നും തങ്ങൾ ചെയ്യുന്ന ദുഷ്ടതയെ അവൻ കാര്യമായെടുക്കുന്നില്ല എന്നും വാദിക്കുന്നവർ സ്വയം വിഡ്ഢികളാക്കുകയാണ്. ഇന്ന് അധാർമികതയിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരുവനും ക്രിസ്തീയ മൂപ്പന്മാരിൽ നിന്ന് അടിയന്തിരമായി സഹായം തേടേണ്ടത് എത്ര നിർണായകമാണ്! (യാക്കോബ് 5:14, 15) നമ്മുടെ ആത്മീയ ക്ഷേമത്തിന് അധാർമികത ഉയർത്തുന്ന ഭീഷണിയെക്കുറിച്ചു നാമെല്ലാം ഗൗരവപൂർവം ചിന്തിക്കേണ്ടതാണ്. ഓരോ വർഷവും അത്യാഹിതങ്ങൾ സംഭവിക്കുന്നുണ്ട്, അതായത് ആളുകൾ നമ്മുടെ ഇടയിൽനിന്ന് പുറത്താക്കപ്പെടുന്നുണ്ട്. അവരിൽ ഭൂരിപക്ഷത്തിനും അപ്രകാരം സംഭവിക്കുന്നത് അനുതാപമില്ലാതെ അധാർമിക പ്രവൃത്തികൾ ചെയ്യുന്നതു നിമിത്തമാണ്. അത്തരമൊരു ഗതിയിലേക്കു നമ്മെ നയിക്കാൻ തുടങ്ങുകയെങ്കിലും ചെയ്യുന്ന ഏതൊരു പ്രലോഭനത്തെയും ചെറുക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.—മത്തായി 26:41 താരതമ്യം ചെയ്യുക.
ദൈവനിയമിത അധികാരത്തെ ആദരിക്കുക
8. യൂദാ 8-ൽ പരാമർശിച്ചിരിക്കുന്ന ‘മഹിമയണിഞ്ഞവർ’ ആരാണ്?
8 യൂദാ ചർച്ച ചെയ്യുന്ന മറ്റൊരു പ്രശ്നം ദൈവനിയമിത അധികാരത്തോടുള്ള ആദരവില്ലായ്മയാണ്. ദൃഷ്ടാന്തത്തിന് 8-ാം വാക്യത്തിൽ, [പി.ഒ.സി. ബൈബിൾ] അവൻ അതേ ദുഷ്പ്രവൃത്തിക്കാരുടെമേൽ ‘മഹിമയണിഞ്ഞവരെ നിന്ദിക്കുന്നു’ എന്ന കുറ്റം ചുമത്തുന്നു. ആരായിരുന്നു ഈ ‘മഹിമയണിഞ്ഞവർ’? അപൂർണരെങ്കിലും, യഹോവയുടെ പരിശുദ്ധാത്മാവിനാൽ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെട്ട പുരുഷന്മാരായിരുന്നു അവർ. ദൃഷ്ടാന്തത്തിന്, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ അധികാരപ്പെടുത്തപ്പെട്ട മൂപ്പന്മാർ സഭകളിൽ ഉണ്ടായിരുന്നു. (1 പത്രൊസ് 5:2) പൗലൊസ് അപ്പോസ്തലനെപ്പോലുള്ള സഞ്ചാരമേൽവിചാരകന്മാരും ഉണ്ടായിരുന്നു. ക്രിസ്തീയ സഭയെ മൊത്തത്തിൽ ബാധിക്കുന്ന തീരുമാനങ്ങൾ എടുത്തുകൊണ്ട് മൂപ്പൻമാരുടെ ഒരു സംഘം യെരൂശലേമിൽ ഭരണസംഘമായി വർത്തിച്ചിരുന്നു. (പ്രവൃത്തികൾ 15:6) സഭകളിലെ ചിലർ അത്തരം പുരുഷന്മാരെ നിന്ദിച്ചിരുന്നത്, അഥവാ അവരെക്കുറിച്ച് അനാദരവോടെ സംസാരിച്ചിരുന്നത് യൂദായെ വളരെയേറെ ഉത്കണ്ഠാകുലനാക്കി.
9. അധികാരത്തോടുള്ള അനാദരവിന്റെ ഏതു ദൃഷ്ടാന്തങ്ങൾ യൂദാ ഉദ്ധരിക്കുന്നു?
9 അത്തരം അനാദരപൂർവകമായ സംസാരത്തെ അപലപിക്കാൻ ഓർമിപ്പിക്കലുകൾ എന്നനിലയിൽ യൂദാ 11-ാം വാക്യത്തിൽ മൂന്നു ദൃഷ്ടാന്തങ്ങൾകൂടി ഉദ്ധരിക്കുന്നു: കയീൻ, ബാലാക്ക്, കോരഹ്. കയീൻ യഹോവയുടെ സ്നേഹപൂർവകമായ ബുദ്ധ്യുപദേശം അവഗണിച്ച് ഹിംസാത്മക വിദ്വേഷത്തിന്റെ സ്വന്തം മാർഗം മനപ്പൂർവം പിന്തുടർന്നു. (ഉല്പത്തി 4:4-8) നിസ്സംശയമായും പ്രകൃത്യതീത ഉറവിൽനിന്നു വന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ബാലാക്കിനു ലഭിച്ചു—അവന്റെ പെൺകഴുതപോലും അവനോടു സംസാരിച്ചു! എന്നാൽ, ബാലാക്ക് സ്വാർഥപൂർവം ദൈവജനത്തിന് എതിരെ ഗൂഢാലോചന തുടർന്നു. (സംഖ്യാപുസ്തകം 22:28, 32-34; ആവർത്തനപുസ്തകം 23:5) കോരഹ് തന്നെ ഒരു ഉത്തരവാദിത്വ സ്ഥാനത്തായിരുന്നു, എന്നാൽ അവനതു പോരായിരുന്നു. ഭൂമിയിലെ ഏറ്റവും സൗമ്യനായിരുന്ന മോശയ്ക്കെതിരെ അവൻ മത്സരം ഇളക്കിവിട്ടു.—സംഖ്യാപുസ്തകം 12:3; 16:1-3, 32.
10. ചിലർ ഇന്നു ‘മഹിമയണിഞ്ഞവരെ നിന്ദിച്ചു’ സംസാരിക്കുന്നതിന്റെ കെണിയിൽ അകപ്പെട്ടേക്കാവുന്നത് എങ്ങനെ, അത്തരം സംസാരം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
10 ഉത്തരവാദിത്വ സ്ഥാനങ്ങളിൽ യഹോവ ഉപയോഗിക്കുന്നവരുടെ ബുദ്ധ്യുപദേശം ശ്രദ്ധിക്കാനും അവരെ ആദരിക്കാനും ഈ ദൃഷ്ടാന്തങ്ങൾ നമ്മെ എത്ര സ്പഷ്ടമായി പഠിപ്പിക്കുന്നു! (എബ്രായർ 13:17) നിയമിത മൂപ്പന്മാരിൽ കുറ്റം കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്, കാരണം അവർ നമ്മെപ്പോലെതന്നെ അപൂർണരാണ്. എന്നാൽ നാം അവരുടെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്ന് അവരോടുള്ള ആദരവിനു തുരങ്കംവെച്ചാൽ നാം ‘മഹിമയണിഞ്ഞവരെ നിന്ദിക്കുക’യായിരിക്കില്ലേ ചെയ്യുന്നത്? 10-ാം വാക്യത്തിൽ, “തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്ന [“ദുഷിച്ചുസംസാരിക്കുന്ന,” NW]” ആളുകളെ യൂദാ പരാമർശിക്കുന്നു. മൂപ്പൻമാരുടെ സംഘമോ നീതിന്യായ കമ്മിറ്റിയോ എടുത്ത തീരുമാനത്തെ ചിലപ്പോൾ ചിലർ വിമർശിക്കും. എന്നാൽ, തീരുമാനത്തിൽ എത്തിച്ചേരാനായി മൂപ്പന്മാർ പരിഗണിക്കേണ്ടിയിരുന്ന എല്ലാ വിശദാംശങ്ങളും സംബന്ധിച്ച് അവർക്ക് അറിവില്ല. അതുകൊണ്ട്, അവർക്കു ശരിക്കും അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചു ദുഷിച്ചു സംസാരിക്കുന്നത് എന്തിന്? (സദൃശവാക്യങ്ങൾ 18:13) അത്തരം നിഷേധാത്മക സംസാരം തുടരുന്നവർ സഭയിൽ വിഭാഗീയത ഉളവാക്കിയേക്കാം. സഹവിശ്വാസികളുടെ കൂടിവരവുകളിലെ, “വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന” അപകടകരമായ “പാറക”ളോടുപോലും അവരെ ഉപമിക്കാൻ കഴിഞ്ഞേക്കും. (യൂദാ 12 NW, 16, 19) മറ്റുള്ളവർക്ക് ആത്മീയ അപകടം ഉളവാക്കാൻ നാമൊരിക്കലും ആഗ്രഹിക്കില്ല. മറിച്ച്, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി ഉത്തരവാദിത്വപ്പെട്ട പുരുഷന്മാർ ചെയ്യുന്ന കഠിനാധ്വാനത്തെയും അവരുടെ അർപ്പണബോധത്തെയും പ്രതി അവരെ വിലമതിക്കാൻ നമുക്ക് ഓരോരുത്തർക്കും ദൃഢനിശ്ചയം ചെയ്യാം.—1 തിമൊഥെയൊസ് 5:17.
11. മീഖായേൽ സാത്താനെതിരെ ദൂഷണവിധി ഉച്ചരിക്കാതിരുന്നത് എന്തുകൊണ്ട്?
11 ഉചിതമായി സ്ഥാപിക്കപ്പെട്ട അധികാരത്തെ ആദരിച്ച ഒരുവന്റെ ദൃഷ്ടാന്തം യൂദാ പരാമർശിക്കുന്നു. അവൻ എഴുതുന്നു: “പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളു.” (യൂദാ 9) നിശ്വസ്ത തിരുവെഴുത്തുകളിൽ യൂദാ മാത്രം രേഖപ്പെടുത്തിയ ഈ രസകരമായ വിവരണം രണ്ട് വ്യത്യസ്ത പാഠങ്ങൾ പഠിപ്പിക്കുന്നു. ഒരു വശത്ത്, ന്യായവിധി യഹോവയ്ക്കു വിടാൻ അതു നമ്മെ പഠിപ്പിക്കുന്നു. വ്യക്തമായും, വ്യാജാരാധനയെ ഉന്നമിപ്പിക്കാനായി വിശ്വസ്ത മനുഷ്യനായ മോശയുടെ ശരീരം ദുരുപയോഗിക്കാൻ സാത്താൻ ആഗ്രഹിച്ചു. എന്തൊരു ദുഷ്ടത! എന്നിട്ടും, മീഖായേൽ ഒരു ന്യായവിധി ഉച്ചരിക്കുന്നതിൽനിന്നു സവിനയം വിട്ടുനിന്നു, കാരണം യഹോവയ്ക്കു മാത്രമേ അതിന് അധികാരം ഉണ്ടായിരുന്നുള്ളൂ. യഹോവയെ സേവിക്കാൻ ശ്രമിക്കുന്ന വിശ്വസ്തരായ പുരുഷന്മാരെ വിധിക്കുന്നതിൽനിന്ന് നാം അപ്പോൾ എത്രകൂടുതൽ വിട്ടുനിൽക്കണം.
12. ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളുള്ളവർക്ക് മീഖായേലിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പഠിക്കാവുന്നതാണ്?
12 മറുവശത്ത്, സഭയിൽ ഒരളവിൽ അധികാരമുള്ളവർക്കും മീഖായേലിൽനിന്ന് ഒരു പാഠം പഠിക്കാം. മീഖായേൽ ‘പ്രധാനദൂതൻ,’ എല്ലാ ദൂതന്മാരിലും മുഖ്യൻ, ആയിരുന്നെങ്കിലും പ്രകോപനത്തിൻ കീഴിൽപ്പോലും അവൻ തന്റെ അധികാരസ്ഥാനം ദുർവിനിയോഗം ചെയ്തില്ല. തങ്ങളുടെ അധികാരത്തിന്റെ ദുർവിനിയോഗം യഹോവയുടെ പരമാധികാരത്തോടുള്ള അനാദരവാണെന്നു മനസ്സിലാക്കിക്കൊണ്ട് വിശ്വസ്തരായ മൂപ്പന്മാർ ആ ദൃഷ്ടാന്തം അടുത്തു പിൻപറ്റുന്നു. സഭകളിൽ ആദരണീയ സ്ഥാനങ്ങൾ ഉള്ളവരെങ്കിലും തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തവരെ സംബന്ധിച്ച് യൂദായുടെ ലേഖനത്തിന് ധാരാളം പറയാനുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ‘ഭയംകൂടാതെ തങ്ങളെത്തന്നേ തീറ്റുന്ന’ ഇടയന്മാരെക്കുറിച്ച് 12 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ യൂദാ നിശിതമായൊരു അപലപനം നടത്തുന്നു. (യെഹെസ്കേൽ 34:7-10 താരതമ്യം ചെയ്യുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ ആട്ടിൻകൂട്ടത്തിനല്ല, മറിച്ച് തങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുന്നതിൽ ആയിരുന്നു അവർക്ക് ഒന്നാമതു താത്പര്യം. അത്തരം നിഷേധാത്മക ദൃഷ്ടാന്തങ്ങളിൽനിന്ന് ഇന്നു മൂപ്പന്മാർക്കു ധാരാളം പഠിക്കാൻ കഴിയും. വാസ്തവത്തിൽ യൂദായുടെ വാക്കുകൾ, നാം ആയിത്തീരാൻ ആഗ്രഹിക്കരുതാത്തതിന്റെ വിശദമായൊരു ചിത്രം ഇവിടെ വരച്ചുകാട്ടുന്നു. സ്വാർഥതയ്ക്കു വശംവദരാകുമ്പോൾ നമുക്കു ക്രിസ്തുവിന്റെ പടയാളികളാകാൻ കഴിയില്ല; സ്വന്തം കാര്യത്തിനുവേണ്ടി പോരാടാനുള്ള വല്ലാത്ത തിരക്കിലായിരിക്കും നാം. മറിച്ച്, നമുക്കെല്ലാം യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കാം: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ”
13. ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നാം എല്ലാവരും ഉത്കടമായി ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
13 തന്റെ ലേഖനത്തിന്റെ അവസാന ഭാഗത്ത് യൂദാ ഹൃദയോഷ്മളമായ ഈ ബുദ്ധ്യുപദേശം തരുന്നു: “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 21) യഹോവയാം ദൈവത്തിന്റെ സ്നേഹത്തിന്റെ പാത്രമായി തുടരുക. കാരണം, ക്രിസ്തീയ പോരാട്ടത്തിൽ അതിനെക്കാൾ ഉപരിയായി മറ്റൊന്നിനും നമ്മെ സഹായിക്കാനാകില്ല. യഹോവയുടെ ഏറ്റം പ്രമുഖ ഗുണമാണല്ലോ സ്നേഹം. (1 യോഹന്നാൻ 4:8) റോമിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് ഇപ്രകാരം എഴുതി: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (റോമർ 8:38, 39) എന്നാൽ നാം ആ സ്നേഹത്തിൽ തുടരുന്നതെങ്ങനെ? യൂദാ പറയുന്നപ്രകാരം നമുക്കു സ്വീകരിക്കാൻ കഴിയുന്ന മൂന്നു മാർഗങ്ങൾ പരിചിന്തിക്കുക.
14, 15. (എ) “അതിവിശുദ്ധ വിശ്വാസ”ത്തിൽ നമ്മെത്തന്നെ പണിതുയർത്തുക എന്നാൽ അർഥമെന്ത്? (ബി) നമ്മുടെ ആത്മീയ പടച്ചട്ടയുടെ അവസ്ഥ നമുക്കു പരിശോധിക്കാവുന്നതെങ്ങനെ?
14 ഒന്നാമതായി, നമ്മുടെ “അതിവിശുദ്ധ വിശ്വാസ”ത്തിന്മേൽ നമ്മെത്തന്നെ പണിതുയർത്തുന്നതിൽ തുടരാൻ യൂദാ നമ്മോടു പറയുന്നു. (യൂദാ 20) നാം കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. പ്രകൃതിശക്തികളുടെ ദുർബലീകരിക്കുന്ന ആക്രമണത്തിന് എതിരായി അധികമധികം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്ന കെട്ടിടങ്ങളെപ്പോലെയാണ് നാം. (മത്തായി 7:24, 25 താരതമ്യം ചെയ്യുക.) അതുകൊണ്ട് നമുക്കൊരിക്കലും അമിത ആത്മവിശ്വാസം ഉള്ളവർ ആകാതിരിക്കാം. പകരം, വിശ്വാസമാകുന്ന അടിത്തറയിന്മേൽ നമുക്ക് ഇനിയും സ്വയം പണിതുയർത്താനുള്ള വശങ്ങളേവയെന്നു നാം നോക്കണം. അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ കൂടുതൽ ശക്തരും വിശ്വസ്തരുമായ പടയാളികളായിത്തീരാം. ദൃഷ്ടാന്തത്തിന്, എഫെസ്യർ 6:11-18-ൽ വിവരിച്ചിരിക്കുന്ന ആത്മീയ പടച്ചട്ടയുടെ ഘടകങ്ങളെക്കുറിച്ച് നമുക്കു വിചിന്തനം ചെയ്യാവുന്നതാണ്.
15 നമ്മുടെ സ്വന്തം ആത്മീയ പടച്ചട്ടയുടെ അവസ്ഥ എന്താണ്? നമ്മുടെ “വിശ്വാസം എന്ന പരിച” വേണ്ടത്ര ശക്തമാണോ? കഴിഞ്ഞ ഏതാനും വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, യോഗഹാജർ കുറയൽ, ശുശ്രൂഷയിൽ തീക്ഷ്ണതയില്ലായ്മ, വ്യക്തിപരമായ പഠനത്തോടുള്ള താത്പര്യം നഷ്ടപ്പെടൽ എന്നിങ്ങനെയുള്ള അലംഭാവത്തിന്റെ ചില ലക്ഷണങ്ങൾ നാം കാണുന്നുണ്ടോ? അത്തരം ലക്ഷണങ്ങൾ അപകടകരമാണ്! വിശ്വാസത്തിൽ നമ്മെത്തന്നെ പണിതുയർത്താനും ശക്തീകരിക്കാനുമായി നാമിപ്പോൾ പ്രവർത്തിക്കണം.—1 തിമൊഥെയൊസ് 4:15; 2 തിമൊഥെയൊസ് 4:2; എബ്രായർ 10:24, 25.
16. പരിശുദ്ധാത്മാവിൽ പ്രാർഥിക്കുകയെന്നാൽ അർഥമെന്ത്, യഹോവയോട് നാം പതിവായി യാചിക്കേണ്ട ഒരു സംഗതിയെന്ത്?
16 ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള രണ്ടാമത്തെ മാർഗം “പരിശുദ്ധാത്മാവിൽ പ്രാർത്ഥി”ക്കുന്നതു തുടരുക എന്നതാണ്. (യൂദാ 20) യഹോവയുടെ ആത്മാവിന്റെ സ്വാധീനത്തിൻകീഴിലും അവന്റെ ആത്മനിശ്വസ്ത വചനത്തിനു ചേർച്ചയിലും പ്രാർഥിക്കുക എന്നാണ് അതിന്റെ അർഥം. യഹോവയോടു വ്യക്തിപരമായി അടുത്തുവരാനും അവനോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കാനുമുള്ള ഒരു മർമപ്രധാന മാർഗമാണ് പ്രാർഥന. ഈ അതിശയകരമായ പദവി നാമൊരിക്കലും അവഗണിക്കരുത്! പ്രാർഥിക്കുമ്പോൾ നമുക്കു പരിശുദ്ധാത്മാവിനായി യാചിക്കാവുന്നതാണ്, വാസ്തവത്തിൽ യാചിച്ചുകൊണ്ടേയിരിക്കാവുന്നതാണ്. (ലൂക്കൊസ് 11:13) നമുക്കു ലഭ്യമായിരിക്കുന്ന ഏറ്റവും വലിയ ശക്തി അതാണ്. അത്തരം സഹായത്താൽ നമുക്ക് എല്ലായ്പോഴും ദൈവസ്നേഹത്തിൽ നിലനിൽക്കാനും ക്രിസ്തുവിന്റെ പടയാളികൾ എന്നനിലയിൽ തുടരാനും കഴിയും.
17. (എ) കരുണയുടെ കാര്യത്തിൽ യൂദായുടെ ദൃഷ്ടാന്തം വളരെ ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്ക് ഓരോരുത്തർക്കും കരുണ കാണിക്കുന്നതിൽ തുടരാവുന്നത് എങ്ങനെ?
17 മൂന്നാമത്, കരുണ കാണിക്കുന്നതിൽ തുടരാൻ യൂദാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (യൂദാ 22) ഈ സംഗതിയിൽ അവന്റെതന്നെ ദൃഷ്ടാന്തം ശ്രദ്ധേയമാണ്. ദുഷിപ്പ്, അധാർമികത, വിശ്വാസത്യാഗം എന്നിവ ക്രിസ്തീയ സഭയിലേക്കു നുഴഞ്ഞു കടക്കുന്നതിൽ അവൻ അസ്വസ്ഥനായത് ഉചിതം തന്നെയായിരുന്നു. എന്നിരുന്നാലും, കരുണ പോലുള്ള “മൃദുല” വികാരങ്ങൾ പ്രകടമാക്കിക്കൂടാത്ത വിധം സാഹചര്യം അത്ര വളരെ അപകടകരം ആയിരിക്കുന്നുവെന്നു ചിന്തിച്ചുകൊണ്ട് അവൻ സംഭ്രാന്തിക്കു വഴിപ്പെട്ടില്ല. ഇല്ല, സംശയങ്ങളാൽ വലയുന്നവരുമായി ദയാപൂർവം ന്യായവാദം ചെയ്തുകൊണ്ട് സാധ്യമായിരിക്കുന്നിടത്തെല്ലാം കരുണ കാണിക്കുന്നതിൽ തുടരാനും ഗുരുതരമായ പാപത്തിന്റെ വക്കിൽ നിൽക്കുന്നവരെ “തീയിൽനിന്നു വലിച്ചെടു”ക്കാനും പോലും അവൻ തന്റെ സഹോദരന്മാരെ ഉദ്ബോധിപ്പിച്ചു. (യൂദാ 23; ഗലാത്യർ 6:1) ഈ പ്രക്ഷുബ്ധ നാളിൽ മൂപ്പന്മാർക്ക് എത്ര നല്ല ഉദ്ബോധനം! ആവശ്യമായിരിക്കുമ്പോൾ ഒരു ഉറച്ചനിലപാട് സ്വീകരിക്കുന്നുവെങ്കിലും, കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോഴെല്ലാം അതു പ്രകടമാക്കാൻ അവർ ശ്രമിക്കുന്നു. സമാനമായി നാമെല്ലാവരും അന്യോന്യം കരുണ കാണിക്കണം. ദൃഷ്ടാന്തത്തിന്, ചെറിയ കാര്യങ്ങളെപ്രതി നീരസം വെച്ചുകൊണ്ടിരിക്കുന്നതിനു പകരം നമുക്ക് ക്ഷമിക്കുന്നതിൽ ഔദാര്യമുള്ളവർ ആയിരിക്കാം.—കൊലൊസ്സ്യർ 3:13.
18. നമ്മുടെ ആത്മീയ പോരാട്ടത്തിൽ വിജയം സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതെങ്ങനെ?
18 നാം ചെയ്യുന്ന യുദ്ധം എളുപ്പമുള്ള ഒന്നല്ല. യൂദാ പറയുന്നതുപോലെ അത് “ഒരു കഠിന പോരാട്ട”മാണ്. (യൂദാ 3, NW) നമ്മുടെ ശത്രുക്കൾ ശക്തരാണ്. സാത്താൻ മാത്രമല്ല മറിച്ച്, അവന്റെ ലോകവും നമ്മുടെതന്നെ അപൂർണതകളുമെല്ലാം നമുക്കെതിരെ അണിനിരക്കുന്നു. എങ്കിലും, വിജയം സംബന്ധിച്ച് നമുക്ക് പൂർണമായ ഉറപ്പുണ്ടായിരിക്കാവുന്നതാണ്! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം യഹോവയുടെ പക്ഷത്താണ്. “സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും” ഉണ്ടായിരിക്കാൻ യഹോവ അർഹനാണെന്നുള്ള ഓർമിപ്പിക്കലോടെ യൂദാ തന്റെ ലേഖനം ഉപസംഹരിക്കുന്നു. (യൂദാ 25) ഭയാദരവ് ഉണർത്തുന്ന ഒരു ആശയമല്ലേ അത്? “വീഴാതവണ്ണം നിങ്ങളെ സൂക്ഷി”ക്കാൻ ഇതേ ദൈവത്തിന് “ശക്തിയു”ണ്ടെന്നുള്ളതിന് അപ്പോൾപ്പിന്നെ എന്തെങ്കിലും സംശയമുണ്ടോ? (യൂദാ 24, 25) തീർച്ചയായുമില്ല! അധാർമികതയെ ചെറുക്കുകയും ദിവ്യ നിയമിത അധികാരത്തെ ആദരിക്കുകയും നമ്മെത്തന്നെ ദൈവത്തിന്റെ സ്നേഹത്തിൽ നിലനിർത്തുകയും ചെയ്യുന്നതിൽ തുടരാൻ നാമോരോരുത്തരും ദൃഢനിശ്ചയമുള്ളവർ ആയിരിക്കട്ടെ. അങ്ങനെ ഒരു മഹത്തായ വിജയം നാമെല്ലാം ഒരുമിച്ച് ആസ്വദിക്കും.
[അടിക്കുറിപ്പ്]
a യൂദാ ഉത്തരകാനോനിക ഗ്രന്ഥമായ ഹാനോക്കിന്റെ പുസ്തകത്തിൽനിന്നാണ് ഉദ്ധരിക്കുന്നതെന്നു ചില ഗവേഷകർ ഉറപ്പിച്ചുപറയുന്നു. എന്നാൽ ആർ. സി. എച്ച്. ലെൻസ്കി അഭിപ്രായപ്പെടുന്നു: “നാം ചോദിക്കുന്നു: ‘ഹാനോക്കിന്റെ പുസ്തകം എന്ന ഈ കൂട്ടിത്തുന്നലിന്റെ ഉറവിടം ഏതാണ്?’ ഈ പുസ്തകം ഒരു കൂട്ടിച്ചേർപ്പാണ്, ഇതിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ തീയതികൾ സംബന്ധിച്ച് ആർക്കും ഉറപ്പില്ല . . . ; അതേസമയം, ഇതിലെ ചില പ്രയോഗങ്ങൾ യൂദായിൽനിന്ന് എടുത്തതല്ല എന്ന് ആർക്കും ഉറപ്പിച്ചു പറയാനാവില്ല.”
പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ
□ അധാർമികതയെ ചെറുക്കാൻ യൂദായുടെ ലേഖനം നമ്മെ പഠിപ്പിക്കുന്നത് എങ്ങനെ?
□ ദിവ്യനിയമിത അധികാരത്തെ ആദരിക്കുന്നത് വളരെ പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ സഭാപരമായ അധികാരം ദുർവിനിയോഗം ചെയ്യുന്നത് വളരെ ഗൗരവമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
□ ദൈവസ്നേഹത്തിൽ നിലനിൽക്കാനായി നമുക്കു പ്രവർത്തിക്കാവുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
റോമൻ പടയാളികളിൽനിന്നു വ്യത്യസ്തരായി ക്രിസ്ത്യാനികൾ ഒരു ആത്മീയ യുദ്ധം ചെയ്യുന്നു
18-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഇടയന്മാർ സേവിക്കുന്നത് സ്വാർഥത നിമിത്തമല്ല മറിച്ച് സ്നേഹം നിമിത്തമാണ്