വെളിപാട് പുസ്തകം—എന്താണ് അത് അർഥമാക്കുന്നത്?
ബൈബിളിന്റെ ഉത്തരം
ബൈബിളിലെ വെളിപാട് പുസ്തകത്തിന്റെ ഗ്രീക്ക് വാക്കായ അപ്പൊക്കാലിപ്സിസ് (അപ്പൊക്കാലിപ്സ്) എന്ന പദത്തിന്റെ അർഥം “അനാവരണം ചെയ്യൽ” അഥവാ “മറനീക്കൽ” എന്നാണ്. ഇതു വെളിപാട് എന്നതിന്റെ അർഥം വ്യക്തമാക്കുന്നു. ഈ പുസ്തകം, മറഞ്ഞിരുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും ഇത് എഴുതിയതിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് സംഭവിക്കാനുള്ള കാര്യങ്ങൾ തുറന്നുകാണിക്കുകയും ചെയ്യുന്നു. ഇതിലെ പല പ്രവചനങ്ങളും സത്യമായി ഭവിക്കാൻ പോകുന്നതേ ഉള്ളൂ.
വെളിപാട് പുസ്തകത്തിലേക്ക് ഒരു എത്തിനോട്ടം
ആമുഖം.—വെളിപാട് 1:1-9.
ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശം.—വെളിപാട് 1:10–3:22.
സ്വർഗത്തിൽ ദൈവം സിംഹാസനത്തിൽ ഇരിക്കുന്നതിന്റെ ഒരു ദർശനം.—വെളിപാട് 4:1-11.
ഒന്ന് ഒന്നിലേക്കു നയിക്കുന്ന ദർശനങ്ങളുടെ ഒരു പരമ്പര:
ഏഴു മുദ്രകൾ.—വെളിപാട് 5:1–8:6.
ഏഴു കാഹളങ്ങൾ, അവസാനത്തെ മൂന്ന് എണ്ണത്തെ തുടർന്ന് വലിയ കഷ്ടങ്ങളുണ്ടാകുന്നു.—വെളിപാട് 8:7–14:20.
ഏഴു പാത്രങ്ങൾ. അതിൽ ഓരോന്നിലും ഓരോ ബാധയുണ്ട്. ഭൂമിയുടെ മേൽ ഒഴിക്കാനിരിക്കുന്ന ഒരു ദിവ്യന്യായവിധിയെയാണ് ഈ ബാധകൾ അർഥമാക്കുന്നത്.—വെളിപാട് 15:1–16:21.
ദൈവത്തിന്റെ ശത്രുക്കളുടെ നാശത്തെക്കുറിച്ചുള്ള ദർശനങ്ങൾ.—വെളിപാട് 17:1–20:10.
സ്വർഗത്തിനും ഭൂമിക്കും കിട്ടാൻ പോകുന്ന ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങളുടെ ദർശനങ്ങൾ.—വെളിപാട് 20:11–22:5.
ഉപസംഹാരം.—വെളിപാട് 22:6-21.
വെളിപാട് പുസ്തകത്തിന്റെ അർഥം മനസ്സിലാക്കാനുള്ള എളുപ്പവഴികൾ
വെളിപാട് പുസ്തകത്തിന്റെ അർഥം ദൈവത്തെ സേവിക്കുന്നവർക്കു ശുഭപ്രതീക്ഷ നൽകുന്നതാണ്, യാതൊരു വിധത്തിലുമുള്ള ഭയത്തിനോ ഭീതിക്കോ ഇട നൽകുന്നില്ല. “അപ്പൊക്കാലിപ്സ്” എന്ന പദം ഒരു വലിയ ദുരന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പലരും പറയുന്നു. എങ്കിലും അതിലെ സന്ദേശം വായിക്കുകയും മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കും എന്ന വാക്കുകളോടെയാണ് ഈ പുസ്തകം തുടങ്ങുന്നതും അവസാനിക്കുന്നതും.—വെളിപാട് 1:3; 22:7.
വെളിപാട് പുസ്തകത്തിൽ പല ‘അടയാളങ്ങൾ’ അഥവാ പ്രതീകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇവയൊന്നും അക്ഷരീയമായി മനസ്സിലാക്കേണ്ടതല്ല.—വെളിപാട് 1:1.
വെളിപാട് പുസ്തകത്തിലെ പല പ്രധാന ചിഹ്നങ്ങളും അടയാളങ്ങളും വെളിപാടിനു മുമ്പുള്ള ചില ബൈബിൾപുസ്തകങ്ങളിൽ പരാമർശിച്ചിട്ടുള്ളവയാണ്:
യഹോവ—സ്വർഗത്തിലുള്ള സത്യദൈവം, എല്ലാത്തിന്റെയും സ്രഷ്ടാവ്.—ആവർത്തനം 4:39; സങ്കീർത്തനം 103:19; വെളിപാട് 4:11; 15:3.
യേശുക്രിസ്തു—“ദൈവത്തിന്റെ കുഞ്ഞാട്.”—യോഹന്നാൻ 1:29; വെളിപാട് 5:6; 14:1.
പിശാചായ സാത്താൻ—ദൈവത്തിന്റെ ശത്രു.—ഉൽപത്തി 3:14, 15; യോഹന്നാൻ 8:44; വെളിപാട് 12:9.
ബാബിലോൺ എന്ന മഹതി—പുരാതന ബാബിലോണിനെപ്പോലെ (ബാബേൽ) ദൈവത്തിന്റെയും ദൈവജനത്തിന്റെയും ശത്രുവും മതപരമായ നുണകളുടെ ഉറവിടവും.—ഉൽപത്തി 11:2-9; യശയ്യ 13:1, 11; വെളിപാട് 17:4-6; 18:4, 20.
“കടൽ”—ദൈവത്തെ എതിർക്കുന്ന ദുഷ്ടമനുഷ്യർ.—യശയ്യ 57:20; വെളിപാട് 13:1; 21:1.
ദൈവത്തെ ആരാധിക്കാനായി ഉപയോഗിച്ചിരുന്ന പുരാതനകാലത്തെ വിശുദ്ധകൂടാരത്തിന്റെ സവിശേഷതകൾ—ഉടമ്പടിപ്പെട്ടകം, പളുങ്കിന്നൊത്ത കണ്ണാടിക്കടൽ (കഴുകാനുള്ള തൊട്ടി), വിളക്കുകൾ, അർപ്പിക്കാനുള്ള സുഗന്ധക്കൂട്ട്, യാഗപീഠം.—പുറപ്പാട് 25:10, 17, 18; 40:24-32; വെളിപാട് 4:5, 6; 5:8; 8:3; 11:19.
കാട്ടുമൃഗങ്ങൾ—മനുഷ്യഗവണ്മെന്റുകളെ പ്രതീകപ്പെടുത്തുന്നു.—ദാനിയേൽ 7:1-8, 17-26; വെളിപാട് 13:2, 11; 17:3.
പ്രതീകാത്മകമായ അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഖ്യകൾ.—വെളിപാട് 1:20; 8:13; 13:18; 21:16.
‘കർത്താവിന്റെ ദിവസത്തിൽ’ നിറവേറുന്ന ദർശനങ്ങൾ. 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുകയും യേശു രാജാവാകുകയും ചെയ്തപ്പോഴാണ് ആ ദിവസം ആരംഭിച്ചത്. (വെളിപാട് 1:10) അതുകൊണ്ട് വെളിപാടിലെ പ്രവചനങ്ങൾ പ്രധാനമായും നിറവേറുന്നതു നമ്മുടെ നാളിലാണെന്നു പ്രതീക്ഷിക്കാം.
ബൈബിളിന്റെ മറ്റു പുസ്തകങ്ങൾ മനസ്സിലാക്കാൻ ദൈവത്തിൽനിന്നുള്ള ജ്ഞാനവും അതു മനസ്സിലാക്കിയിട്ടുള്ള ആളുകളുടെ സഹായവും നമുക്ക് ആവശ്യമാണ്. വെളിപാട് പുസ്തകം മനസ്സിലാക്കുന്ന കാര്യത്തിലും അതു സത്യമാണ്.—പ്രവൃത്തികൾ 8:26-39; യാക്കോബ് 1:5.