പാഠം 13
ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കാത്ത മതങ്ങൾ
സ്നേഹിക്കാനാണല്ലോ ദൈവം പഠിപ്പിക്കുന്നത്. അപ്പോൾപ്പിന്നെ ദൈവത്തിന്റെ ആളുകളെന്നു പറയുന്നവർ മോശമായ കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണ്? അങ്ങനെയുള്ള മതങ്ങൾ ദൈവത്തിന്റെ ഇഷ്ടമല്ല ചെയ്യുന്നത്. അവരുടെ പ്രവൃത്തികൾ വാസ്തവത്തിൽ ദൈവത്തെ ഒരു മോശം വ്യക്തിയായി ചിത്രീകരിക്കുകയാണ്. അത് എങ്ങനെ? ഇതൊക്കെ കാണുമ്പോൾ ദൈവത്തിന് എന്താണ് തോന്നുന്നത്? ദൈവം എന്താണു ചെയ്യാൻ പോകുന്നത്?
1. മതങ്ങളുടെ തെറ്റായ പഠിപ്പിക്കലുകൾ എങ്ങനെയാണ് ആളുകളെ ദൈവത്തിൽനിന്ന് അകറ്റുന്നത്?
യഹോവ എന്ന പേര് എല്ലാവരും അറിയാൻ ദൈവം ആഗ്രഹിക്കുന്നു. (റോമർ 10:13, 14) പക്ഷേ മിക്ക മതങ്ങളും ആ പേര് പഠിപ്പിക്കുന്നില്ല. അതുപോലെ, മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ അതു ദൈവത്തിന്റെ ഇഷ്ടമാണെന്ന് ചില മതനേതാക്കന്മാർ പറയുന്നു. എന്നാൽ ഇതിന്റെയൊന്നും കാരണക്കാരൻ ദൈവമല്ലെന്നാണ് ബൈബിൾ പറയുന്നത്. (യാക്കോബ് 1:13 വായിക്കുക.) പല മതങ്ങളും “വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു.” (റോമർ 1:25) മതങ്ങൾ പഠിപ്പിക്കുന്ന നുണകൾ ആളുകളെ ദൈവത്തിൽനിന്ന് അകറ്റിയിരിക്കുന്നു എന്നതു ദുഃഖകരമായൊരു സത്യമാണ്.
2. മതങ്ങളുടെ തെറ്റായ പ്രവൃത്തികൾ എങ്ങനെയാണ് ആളുകളെ ദൈവത്തിൽനിന്ന് അകറ്റുന്നത്?
യഹോവ സ്നേഹത്തോടെയാണ് ആളുകളോട് ഇടപെടുന്നത്. എന്നാൽ പല മതങ്ങളും അങ്ങനെയല്ല. നൂറുകണക്കിനു വർഷങ്ങളായി മതങ്ങൾ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നു, യുദ്ധങ്ങളെ പിന്തുണയ്ക്കുന്നു, കോടിക്കണക്കിനു മനുഷ്യരുടെ മരണത്തിന് നേരിട്ടോ അല്ലാതെയോ കാരണക്കാരായിരിക്കുന്നു. ആരാധകരെ ചൂഷണംചെയ്ത് മതനേതാക്കന്മാർ ആഡംബരജീവിതം നയിക്കുന്നു. അവരുടെ “പാപങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (വെളിപാട് 18:5) ഈ പ്രവൃത്തികൾ ദൈവം അംഗീകരിക്കുന്നുണ്ടോ? ഇല്ല. അങ്ങനെയെങ്കിൽ തങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ് എന്ന് അവകാശപ്പെടാൻ അവർക്ക് കഴിയുമോ? അവർക്ക് ദൈവത്തെ ശരിക്കും അറിയില്ല എന്നതാണ് സത്യം.—1 യോഹന്നാൻ 4:8 വായിക്കുക.
3. മതങ്ങളുടെ തെറ്റായ പഠിപ്പിക്കലുകളും പ്രവൃത്തികളും കാണുമ്പോൾ ദൈവത്തിന് എന്താണു തോന്നുന്നത്?
മതങ്ങൾ ചെയ്തുകൂട്ടുന്ന തെറ്റായ കാര്യങ്ങൾ നമുക്കു സഹിക്കാൻ പറ്റുന്നില്ല. അങ്ങനെയെങ്കിൽ ദൈവത്തിന് എന്തായിരിക്കും തോന്നുന്നത്? ദൈവം മനുഷ്യരെ സ്നേഹിക്കുന്നു. പക്ഷേ ദൈവത്തെ മോശം വ്യക്തിയായി ചിത്രീകരിക്കുകയും തങ്ങളുടെ അനുയായികളോടു മോശമായി പെരുമാറുകയും ചെയ്യുന്ന മതനേതാക്കന്മാരോടു ദൈവത്തിന് വെറുപ്പാണ്. അത്തരം മതങ്ങളെ പിന്നെ ‘ആരും കാണില്ലെന്ന്’ അഥവാ അവയെ നശിപ്പിക്കുമെന്നു ദൈവം ഉറപ്പു തരുന്നു. (വെളിപാട് 18:21) അത് ഉടൻതന്നെ സംഭവിക്കും!—വെളിപാട് 18:8.
ആഴത്തിൽ പഠിക്കാൻ
മോശമായ കാര്യങ്ങൾ ചെയ്യുന്ന മതങ്ങളെ ദൈവം എങ്ങനെയാണു കാണുന്നത്? മതങ്ങളുടെ അത്തരം പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായി നോക്കാം. എന്നാൽ ഇതൊന്നും യഹോവയെക്കുറിച്ച് പഠിക്കുന്നതിൽനിന്ന് നിങ്ങളെ തടയരുത്. അതിന്റെ കാരണവും മനസ്സിലാക്കാം.
4. എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കുന്നില്ല
ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള പല വഴികളാണ് മതങ്ങളെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അതാണോ സത്യം? മത്തായി 7:13, 14 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ജീവനിലേക്കുള്ള വഴിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ദൈവത്തിന് ഇഷ്ടമുള്ള പല മതങ്ങളുണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
5. ദൈവത്തിന്റെ സ്നേഹത്തിന് ചേർച്ചയിൽ പ്രവർത്തിക്കാത്ത മതനേതാക്കന്മാർ
വ്യാജമതങ്ങൾ പലവിധങ്ങളിൽ ദൈവത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ട്. യുദ്ധങ്ങളിൽ ഏർപ്പെട്ടതാണ് അതിൽ ഒരു വിധം. ഒരു ഉദാഹരണം നോക്കാം. വീഡിയോ കാണുക. അതിനു ശേഷം ചോദ്യങ്ങൾ ചർച്ച ചെയ്യുക.
രണ്ടാം ലോകമഹായുദ്ധകാലത്ത് ക്രൈസ്തവസഭകൾ എടുത്ത നിലപാട് എന്താണ്?
അതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
യോഹന്നാൻ 13:34, 35; 17:16 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മതങ്ങൾ യുദ്ധങ്ങളിൽ ഏർപ്പെടുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും?
പല മോശം കാര്യങ്ങളുടെയും പിന്നിൽ വ്യാജമതങ്ങളാണ്. അവർ ദൈവത്തിന്റെ സ്നേഹം അനുകരിക്കാത്തതിന്റെ ചില ഉദാഹരണങ്ങൾ പറയാമോ?
6. ദൈവാംഗീകാരമില്ലാത്ത മതങ്ങളിൽനിന്ന് ആളുകൾ പുറത്തുവരാൻ ദൈവം ആഗ്രഹിക്കുന്നു
വെളിപാട് 18:4 വായിക്കുക.a എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
വ്യാജമതങ്ങളിൽനിന്ന് ആളുകൾ പുറത്തുവരാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
7. സത്യദൈവത്തെക്കുറിച്ച് പഠിക്കുന്നതു തുടരുക
അനേകം മതങ്ങൾ മോശമായ കാര്യങ്ങൾ ചെയ്യുന്നു എന്നു കരുതി ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന് എന്തെങ്കിലും കുറവു വരേണ്ടതുണ്ടോ? ഇല്ല. ഒരു ഉദാഹരണം നോക്കാം. ഒരു പിതാവ് തന്റെ മകനു നല്ല ജീവിതം നയിക്കാൻ ആവശ്യമായ നിർദേശങ്ങൾ കൊടുക്കുന്നു. പക്ഷേ മകൻ അത് അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടിറങ്ങി മോശം ജീവിതം നയിക്കുന്നു. ഈ ധിക്കാരിയായ മകൻ ചെയ്തുകൂട്ടുന്ന കാര്യങ്ങൾക്കു പിതാവിനെ കുറ്റപ്പെടുത്തുന്നതു ന്യായമാണോ?
വ്യാജമതങ്ങൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കണ്ടിട്ട് യഹോവയെ കുറ്റപ്പെടുത്തുകയും യഹോവയെക്കുറിച്ച് പഠിക്കുന്നതു നിറുത്തുകയും ചെയ്യുന്നതു ശരിയായിരിക്കുമോ?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എല്ലാ മതങ്ങളും നല്ല കാര്യങ്ങളല്ലേ പഠിപ്പിക്കുന്നത്?”
നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?
നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പല മതങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും അവയെ എല്ലാം ദൈവം അംഗീകരിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
ചുരുക്കത്തിൽ
വ്യാജമതങ്ങൾ തെറ്റായ പഠിപ്പിക്കലുകളിലൂടെയും ദൈവത്തിന് ഇഷ്ടമില്ലാത്ത ആചാരങ്ങളിലൂടെയും ദൈവത്തെ അപമാനിച്ചിരിക്കുന്നു. വ്യാജമതങ്ങളെ ദൈവം നശിപ്പിക്കും.
ഓർക്കുന്നുണ്ടോ?
വ്യാജമതങ്ങളുടെ പഠിപ്പിക്കലുകളും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്?
വ്യാജമതങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
ദൈവം വ്യാജമതങ്ങളെ എന്തു ചെയ്യും?
കൂടുതൽ മനസ്സിലാക്കാൻ
മതങ്ങളെ ദൈവം എങ്ങനെയാണ് വീക്ഷിക്കുന്നത്?
ഒരു സംഘടനയുടെ ഭാഗമായി യഹോവയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?
“ഒരു സംഘടിത മതത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ടോ?” (വെബ്സൈറ്റിലെ ലേഖനം)
ഒരു പുരോഹിതൻ തന്റെ മതത്തിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് അസ്വസ്ഥനായി. പക്ഷേ ദൈവത്തെക്കുറിച്ച് പഠിക്കുന്നത് അദ്ദേഹം നിറുത്തിയില്ല.
തലമുറകളായി മതങ്ങൾ ദൈവത്തെക്കുറിച്ചുള്ള നുണകൾ പഠിപ്പിക്കുന്നു. അതുകൊണ്ട് ദൈവം ക്രൂരനാണെന്നും ദൈവത്തോട് അടുക്കാൻ കഴിയില്ലെന്നും അനേകർ ചിന്തിക്കുന്നു. അത്തരം മൂന്നു നുണകളുടെ വാസ്തവം നോക്കാം.
“ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ” (വെബ്സൈറ്റിലെ ലേഖനം)
a വ്യാജമതത്തെ ‘ബാബിലോൺ എന്ന മഹതി’ എന്നു പേരുള്ള ഒരു സ്ത്രീയായിട്ടാണു ബൈബിളിലെ വെളിപാട് പുസ്തകത്തിൽ വർണിച്ചിരിക്കുന്നത്. അത് എന്തുകൊണ്ടാണ്? അത് അറിയാൻ പിൻകുറിപ്പ് 1 കാണുക.