അധ്യായം 40
സർപ്പത്തിന്റെ തല തകർക്കൽ
ദർശനം 14—വെളിപ്പാടു 20:1-10
വിഷയം: സാത്താന്റെ അഗാധത്തിലടയ്ക്കലും സഹസ്രാബ്ദ വാഴ്ചയും മനുഷ്യവർഗത്തിന്റെ അന്തിമ പരിശോധനയും സാത്താന്റെ നാശവും
നിവൃത്തിയുടെ കാലം: മഹോപദ്രവത്തിന്റെ അവസാനംമുതൽ സാത്താന്റെ നാശംവരെ
1. ആദ്യത്തെ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി എങ്ങനെ മുന്നേറിയിരിക്കുന്നു?
നിങ്ങൾ ആദ്യത്തെ ബൈബിൾ പ്രവചനം ഓർമിക്കുന്നുവോ? “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്ന് യഹോവയാം ദൈവം സർപ്പത്തോടു പറഞ്ഞപ്പോൾ അവൻ അത് അരുളിച്ചെയ്തു. (ഉല്പത്തി 3:15) ഇപ്പോൾ ആ പ്രവചനത്തിന്റെ നിവൃത്തി അതിന്റെ പാരമ്യത്തിലേക്കു വരുന്നു! യഹോവയുടെ സ്ത്രീസമാന സ്ഥാപനത്തിനെതിരെ സാത്താൻ യുദ്ധം ചെയ്യുന്നതിന്റെ ചരിത്രം നാം വിവരിച്ചിരിക്കുന്നു. (വെളിപ്പാടു 12:1, 9) മതവും രാഷ്ട്രീയവും വൻ വ്യാപാരവും ചേർന്നുളള സർപ്പത്തിന്റെ ഭൗമിക സന്തതി, ഇവിടെ ഭൂമിയിൽ വെച്ച്, യേശുക്രിസ്തുവും അവന്റെ 1,44,000 അഭിഷിക്ത അനുഗാമികളുമടങ്ങുന്ന സ്ത്രീയുടെ സന്തതിയുടെമേൽ ക്രൂരമായ പീഡനം കുന്നിച്ചിരിക്കുന്നു. (യോഹന്നാൻ 8:37, 44; ഗലാത്യർ 3:16, 29) സാത്താൻ യേശുവിനു വേദനാകരമായ ഒരു മരണം വരുത്തി. എന്നാൽ ഇതു കുതികാലിലെ ഒരു മുറിവുപോലെ ആണെന്നു തെളിഞ്ഞു, എന്തെന്നാൽ ദൈവം തന്റെ വിശ്വസ്ത പുത്രനെ മൂന്നാം ദിവസം ഉയിർപ്പിച്ചു.—പ്രവൃത്തികൾ 10:38-40.
2. സർപ്പം തകർക്കപ്പെടുന്നതെങ്ങനെ, സർപ്പത്തിന്റെ ഭൗമികസന്തതിക്ക് എന്തു സംഭവിക്കുന്നു?
2 സർപ്പത്തെയും അവന്റെ സന്തതിയെയും സംബന്ധിച്ചെന്ത്? അപ്പോസ്തലനായ പൗലോസ് പൊ.യു. 56-നോടടുത്തു റോമിലുളള ക്രിസ്ത്യാനികൾക്ക് ഒരു നീണ്ട ലേഖനം എഴുതി. അത് ഉപസംഹരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞ് അവൻ അവരെ പ്രോത്സാഹിപ്പിച്ചു: “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും.” (റോമർ 16:20) ഇതു ബാഹ്യമായ ഒരു തകർക്കലിനെക്കാൾ കവിഞ്ഞതാണ്. സാത്താൻ ചതെക്കപ്പെടേണ്ടതാണ്! പൗലോസ് ഇവിടെ സിൻട്രിബോ എന്ന ഒരു ഗ്രീക്കു വാക്കാണ് ഉപയോഗിച്ചത്, അതിന്റെ അർഥം ചതച്ചു കുഴമ്പുപരുവമാക്കുക, ചവിട്ടിമെതിക്കുക, തകർത്തു തരിപ്പണമാക്കുക എന്നെല്ലാമാണ്. സർപ്പത്തിന്റെ മാനുഷ സന്തതിയെ സംബന്ധിച്ചിടത്തോളം, മഹാബാബിലോനും ഈ ലോകത്തിലെ രാഷ്ട്രീയ വ്യവസ്ഥിതികളും അവരുടെ സാമ്പത്തിക-സൈനിക കൈയാളൻമാരും പൂർണമായി തകർക്കപ്പെടുന്നതോടെ മഹോപദ്രവത്തിൽ പാരമ്യത്തിലെത്തുന്ന കർത്താവിന്റെ ദിവസത്തിലെ ഒരു യഥാർഥ ബാധക്ക് അത് ഇരയാകാനിരിക്കുകയാണ്. (വെളിപ്പാടു 18-ഉം 19-ഉം അധ്യായങ്ങൾ) അങ്ങനെ യഹോവ രണ്ടു സന്തതികൾ തമ്മിലുളള ശത്രുത ഒരു പാരമ്യത്തിലേക്കു വരുത്തുന്നു. ദൈവത്തിന്റെ സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ ഭൗമികസന്തതിയുടെ മേൽ വിജയം വരിക്കുന്നു, ആ സന്തതി മേലാൽ ഇല്ല!
സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടുന്നു
3. സാത്താന് എന്തു സംഭവിക്കാൻ പോകുന്നതായി യോഹന്നാൻ നമ്മോടു പറയുന്നു?
3 അപ്പോൾ സാത്താനുതന്നെയും അവന്റെ ഭൂതങ്ങൾക്കും എന്താണ് കരുതിയിരിക്കുന്നത്? യോഹന്നാൻ നമ്മോടു പറയുന്നു: “അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുളള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തളളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെശേഷം അവനെ അല്പകാലത്തേക്കു അഴിച്ചുവിടേണ്ടതാകുന്നു.”—വെളിപ്പാടു 20:1-3.
4. അഗാധത്തിന്റെ താക്കോലുളള ദൂതൻ ആരാണ്, നാം എങ്ങനെ അറിയുന്നു?
4 ഈ ദൂതൻ ആരാണ്? യഹോവയുടെ പ്രധാന ശത്രുവിനെ ഒടുക്കിക്കളയാൻ കഴിയുന്ന ഉഗ്രശക്തി അവനുണ്ടായിരിക്കണം. അവന് “അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും” കയ്യിലുണ്ട്. ഇതു നമ്മെ ഒരു മുൻദർശനം അനുസ്മരിപ്പിക്കുന്നില്ലേ? ഉവ്വ്, വെട്ടുക്കിളികളുടെ രാജാവ് “അഗാധദൂതൻ” എന്നു വിളിക്കപ്പെടുന്നു! (വെളിപ്പാടു 9:11) അതുകൊണ്ട് ഇവിടെ യഹോവയുടെ മുഖ്യസംസ്ഥാപകനായ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു യുദ്ധത്തിൽ ഏർപ്പെടുന്നതു നാം വീണ്ടും കാണുന്നു. സാത്താനെ സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുകയും മഹാബാബിലോനെ ന്യായംവിധിക്കുകയും ‘ഭൂരാജാക്കൻമാരെയും അവരുടെ സൈന്യങ്ങളെയും’ അർമഗെദോനിൽ നശിപ്പിക്കുകയും ചെയ്ത ഈ പ്രധാനദൂതൻ സാത്താനെ അഗാധത്തിലടച്ചുകൊണ്ടു കനത്ത പ്രഹരം ഏൽപ്പിക്കാൻ ഒരു താണ ദൂതനെ അനുവദിച്ചുകൊണ്ടു മാറിനിൽക്കുകയില്ല!—വെളിപ്പാടു 12:7-9; 18:1, 2; 19:11-21.
5. അഗാധദൂതൻ പിശാചായ സാത്താനെ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്തുകൊണ്ട്?
5 തീനിറമുളള മഹാസർപ്പം സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കപ്പെട്ടപ്പോൾ അവനെക്കുറിച്ച് ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്’ എന്നു പറയപ്പെട്ടു. (വെളിപ്പാടു 12:3, 9) ഇപ്പോൾ പിടിച്ച് അഗാധത്തിലടയ്ക്കപ്പെടുന്ന ഘട്ടത്തിലും അവൻ ‘പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പം’ എന്നു വീണ്ടും പൂർണമായി വർണിക്കപ്പെടുന്നു. ഈ കുപ്രസിദ്ധ വിഴുങ്ങൽവീരനും വഞ്ചകനും ദൂഷകനും എതിരാളിയും ചങ്ങലയാൽ ബന്ധിക്കപ്പെട്ട് ‘അഗാധത്തിലേക്ക്’ എറിയപ്പെടുന്നു, അവൻ മേലാൽ “ജാതികളെ വഞ്ചിക്കാതിരിപ്പാൻ” അത് അടച്ചു മുദ്രയിടപ്പെടുന്നു. സാത്താന്റെ ഈ അഗാധത്തിലടയ്ക്കൽ ഒരു ആയിരം വർഷത്തേക്കാണ്, അഗാധമായ ഒരു ഇരുട്ടറയിൽ അടയ്ക്കപ്പെട്ട തടവുകാരന്റേതുപോലെ ആ കാലത്ത് മനുഷ്യവർഗത്തിൻമേൽ അവന്റെ സ്വാധീനം ഉണ്ടായിരിക്കുകയില്ല. അഗാധദൂതൻ സാത്താനെ നീതിപൂർവകമായ രാജ്യത്തോടുളള ഏതു സമ്പർക്കത്തിൽനിന്നും പൂർണമായി നീക്കം ചെയ്യുന്നു. മനുഷ്യവർഗത്തിന് എന്തൊരു ആശ്വാസം!
6. (എ) ഭൂതങ്ങളും അഗാധത്തിലേക്കു പോകുന്നുവെന്നതിന് എന്തു തെളിവുണ്ട്? (ബി) ഇപ്പോൾ എന്തു തുടങ്ങാൻ കഴിയും, എന്തുകൊണ്ട്?
6 ഭൂതങ്ങൾക്ക് എന്തു സംഭവിക്കുന്നു? അവരും “ന്യായവിധിക്കായി” മാററിനിർത്തപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 2:4) സാത്താൻ ‘ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂൽ’ എന്നു വിളിക്കപ്പെടുന്നു. (ലൂക്കൊസ് 11:15, 18; മത്തായി 10:25) സാത്താനുമായുളള അവരുടെ ദീർഘകാലത്തെ സഹകരണത്തിന്റെ വീക്ഷണത്തിൽ അതേ ന്യായവിധി അവർക്കും നൽകേണ്ടതല്ലേ? അഗാധം ദീർഘകാലമായി ആ ഭൂതങ്ങൾക്ക് ഒരു പേടിസ്വപ്നമായിരുന്നിട്ടുണ്ട്; ഒരു സന്ദർഭത്തിൽ യേശു അവരെ നേരിട്ടപ്പോൾ “പാതാളത്തിലേക്കു [അഗാധത്തിലേക്കു, NW] പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.” (ലൂക്കൊസ് 8:31) എന്നാൽ സാത്താൻ അഗാധത്തിലടയ്ക്കപ്പെടുമ്പോൾ അവന്റെ ദൂതൻമാരും തീർച്ചയായും അവനോടുകൂടെ അഗാധത്തിലേക്കു വലിച്ചെറിയപ്പെടും. (താരതമ്യം ചെയ്യുക: യെശയ്യാവു 24:21, 22.) സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിലടച്ചശേഷം യേശുക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ച തുടങ്ങാൻ കഴിയും.
7. (എ) അഗാധത്തിലായിരിക്കെ സാത്താനും അവന്റെ ഭൂതങ്ങളും ഏതവസ്ഥയിൽ ആയിരിക്കും, നാം എങ്ങനെ അറിയുന്നു? (ബി) ഹേഡീസും അഗാധവും ഒന്നുതന്നെയാണോ? (അടിക്കുറിപ്പു കാണുക.)
7 അഗാധത്തിലായിരിക്കുമ്പോൾ സാത്താനും അവന്റെ ഭൂതങ്ങളും പ്രവർത്തനനിരതരായിരിക്കുമോ? കൊളളാം, “ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി” വരാനിരിക്കുന്നതുമായ ഏഴുതലയും കടുഞ്ചുവപ്പുമുളള കാട്ടുമൃഗത്തെ ഓർക്കുക. (വെളിപ്പാടു 17:8) അഗാധത്തിലായിരിക്കെ അത് ‘ഇല്ലായിരുന്നു.’ അതു പ്രവർത്തനരഹിതം, നിശ്ചലം, എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും മരിച്ചത് ആയിരുന്നു. അതുപോലെതന്നെ യേശുവിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽനിന്നു കയറേറണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ [അഗാധത്തിൽ, NW] ഇറങ്ങും”? (റോമർ 10:7) ആ അഗാധത്തിലായിരിക്കെ യേശു മരിച്ചവനായിരുന്നു.a അപ്പോൾ, സാത്താനും അവന്റെ ഭൂതങ്ങളും അവരുടെ അഗാധവാസത്തിന്റെ ആയിരം വർഷക്കാലം മരണതുല്യമായ നിഷ്ക്രിയത്വത്തിന്റെ ഒരവസ്ഥയിൽ ആയിരിക്കുമെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്. നീതിസ്നേഹികൾക്ക് എന്തൊരു സദ്വാർത്ത!
ആയിരം വർഷത്തേക്കു ന്യായാധിപൻമാർ
8, 9. സിംഹാസനങ്ങളിൽ ഇരിക്കുന്നവരെ സംബന്ധിച്ച് യോഹന്നാൻ ഇപ്പോൾ നമ്മോട് എന്തു പറയുന്നു, അവർ ആരാണ്?
8 ആയിരം വർഷത്തിനുശേഷം സാത്താനെ അല്പകാലത്തേക്ക് അഗാധത്തിൽനിന്നു മോചിപ്പിക്കുന്നു. എന്തിന്? ഉത്തരം നൽകുന്നതിനുമുമ്പ് ആ കാലഘട്ടത്തിന്റെ തുടക്കത്തിലേക്ക് യോഹന്നാൻ വീണ്ടും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നാം വായിക്കുന്നു: “ഞാൻ ന്യായാസനങ്ങളെ [സിംഹാസനങ്ങൾ, NW] കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു.” (വെളിപ്പാടു 20:4എ) സിംഹാസനങ്ങളിൽ ഇരിക്കുകയും മഹത്ത്വീകരിക്കപ്പെട്ട യേശുവിനോടുകൂടെ സ്വർഗത്തിൽ ഭരിക്കുകയും ചെയ്യുന്ന ഇവർ ആരാണ്?
9 അവർ “മനുഷ്യപുത്രനോടു സദൃശനായ” ഒരുവനോടുകൂടെ രാജ്യത്തിൽ ഭരണം നടത്തുന്നതായി ദാനിയേൽ വർണിക്കുന്ന “വിശുദ്ധൻമാർ” ആണ്. (ദാനീയേൽ 7:13, 14, 18) അവർ യഹോവയുടെ സാക്ഷാൽ സന്നിധാനത്തിൽ സ്വർഗീയ സിംഹാസനങ്ങളിൽ ഇരിക്കുന്ന 24 മൂപ്പൻമാർതന്നെയാണ്. (വെളിപ്പാടു 4:4) യേശു ഈ വാഗ്ദത്തം നൽകിയ 12 അപ്പോസ്തലൻമാർ അവരിൽ ഉൾപ്പെടുന്നു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ [പുനർസൃഷ്ടിയിൽ, NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായംവിധിക്കും.” (മത്തായി 19:28) അവരിൽ പൗലോസും വിശ്വസ്തരായി നിലനിന്ന കൊരിന്ത്യക്രിസ്ത്യാനികളും ഉൾപ്പെടുന്നു. (1 കൊരിന്ത്യർ 4:8; 6:2, 3) വിജയംവരിച്ച ലവോദിക്ക്യ സഭയിലെ അംഗങ്ങളും അവരിൽ ഉൾപ്പെടും.—വെളിപ്പാടു 3:21.
10. (എ) യോഹന്നാൻ ഇപ്പോൾ 1,44,000 രാജാക്കൻമാരെ വർണിക്കുന്നതെങ്ങനെ? (ബി) യോഹന്നാൻ നേരത്തെ നമ്മോടു പറഞ്ഞിട്ടുളളതിൽനിന്ന് 1,44,000 രാജാക്കൻമാരിൽ ആർ ഉൾപ്പെടുന്നു?
10 സിംഹാസനങ്ങൾ—1,44,000 എണ്ണം—“ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു” വിലയ്ക്കുവാങ്ങപ്പെടുന്ന ഈ അഭിഷിക്ത ജേതാക്കൾക്കുവേണ്ടി ഒരുക്കപ്പെടുന്നു. (വെളിപ്പാടു 14:1, 4) യോഹന്നാൻ തുടരുന്നു: “യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെററിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊളളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു”. (വെളിപ്പാടു 20:4ബി) അപ്പോൾ, ആ രാജാക്കൻമാരിൽ, മുമ്പ് അഞ്ചാം മുദ്രയുടെ തുറക്കലിൽ തങ്ങളുടെ രക്തത്തിനു പ്രതികാരം നടത്താൻ യഹോവ എത്രകാലംകൂടെ കാത്തിരിക്കുമെന്ന് അവനോടു ചോദിച്ച അഭിഷിക്ത ക്രിസ്തീയ രക്തസാക്ഷികൾ ഉണ്ട്. ആ സമയത്ത്, അവർക്ക് ഒരു വെളളയങ്കി നൽകുകയും അവരോട് അല്പകാലം കൂടെ കാത്തിരിക്കാൻ പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ മഹാബാബിലോന്റെ ശൂന്യമാക്കലും രാജാധിരാജാവും കർത്താധികർത്താവും ആയവനാലുളള ജനതകളുടെ നശിപ്പിക്കലും സാത്താന്റെ അഗാധത്തിലടയ്ക്കലും മുഖാന്തരം അവർക്കുവേണ്ടി പ്രതികാരം ചെയ്യപ്പെട്ടിരിക്കുന്നു.—വെളിപ്പാടു 6:9-11; 17:16; 19:15, 16.
11. (എ) “മഴുവിനാൽ വധിക്കപ്പെട്ടവ”ർ എന്ന പ്രയോഗം നാം എങ്ങനെ മനസ്സിലാക്കേണ്ടതാണ്? (ബി) 1,44,000 മുഴുവനും ഒരു ബലിമരണം വരിച്ചു എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
11 ഈ 1,44,000 രാജകീയ ന്യായാധിപൻമാർ എല്ലാവരും ശാരീരികമായി ‘തല ഛേദിക്കപ്പെട്ടവ’ർ [മഴുവിനാൽ വധിക്കപ്പെട്ടവർ, NW] ആയിരുന്നോ? സാധ്യതയനുസരിച്ച്, അക്ഷരാർഥത്തിൽ അവരിൽ ഏതാനുംപേർ മാത്രമേ അങ്ങനെ ആയിരുന്നുളളു. എങ്കിലും ഈ പ്രയോഗം ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ രക്തസാക്ഷിത്വം വരിച്ച എല്ലാ അഭിഷിക്ത ക്രിസ്ത്യാനികളെയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുളളതാണ് എന്നതിനു സംശയമില്ല.b (മത്തായി 10:22, 28) തീർച്ചയായും, അവർ എല്ലാവരുടെയും തല ഛേദിക്കാൻ സാത്താന് ഇഷ്ടമായിരുന്നു, എങ്കിലും വാസ്തവത്തിൽ, യേശുവിന്റെ അഭിഷിക്ത സഹോദരൻമാരെല്ലാം രക്തസാക്ഷികളായി മരിക്കുന്നില്ല. അവരിൽ അനേകർ രോഗത്താലോ വാർധക്യത്താലോ മരിക്കുന്നു. എന്നുവരികിലും, യോഹന്നാൻ ഇപ്പോൾ കാണുന്ന കൂട്ടത്തിൽ അത്തരക്കാരും ഉൾപ്പെടുന്നു. അവരുടെയെല്ലാം മരണം ഒരർഥത്തിൽ ബലിമരണമാണ്. (റോമർ 6:3-5) അതിനുപുറമേ, അവരിൽ ആരും ലോകത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട് അവരെല്ലാം ലോകത്താൽ ദ്വേഷിക്കപ്പെടുകയും ഫലത്തിൽ അതിന്റെ ദൃഷ്ടിയിൽ മരിച്ചവർ ആയിത്തീരുകയും ചെയ്തിരിക്കുന്നു. (യോഹന്നാൻ 15:19; 1 കൊരിന്ത്യർ 4:13) അവരിൽ ആരും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിച്ചില്ല, അവർ മരിച്ചപ്പോൾ അവർ ആരും മൃഗത്തിന്റെ മുദ്ര വഹിച്ചുമില്ല. അവരെല്ലാവരും ജേതാക്കളായി മരിച്ചു.—1 യോഹന്നാൻ 5:4; വെളിപ്പാടു 2:7; 3:12; 12:11.
12. യോഹന്നാൻ 1,44,000 രാജാക്കൻമാരെ സംബന്ധിച്ച് എന്തു റിപ്പോർട്ടു ചെയ്യുന്നു, അവരുടെ ജീവനിലേക്കുളള വരവ് എപ്പോൾ സംഭവിക്കുന്നു?
12 ഇപ്പോൾ ഈ ജേതാക്കൾ വീണ്ടും ജീവിക്കുന്നു! യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “അവർ ജീവനിലേക്കു വരുകയും ക്രിസ്തുവിനോടുകൂടെ ഒരു ആയിരം വർഷത്തേക്കു രാജാക്കൻമാരായി ഭരിക്കുകയും ചെയ്തു.” (വെളിപാട് 20:4സി, NW) ജനതകളുടെ നാശവും സാത്താന്റെയും ഭൂതങ്ങളുടെയും അഗാധത്തിലടയ്ക്കലും കഴിയുന്നതുവരെ ഈ ന്യായാധിപൻമാർ ഉയിർപ്പിക്കപ്പെടുന്നില്ലെന്ന് ഇതർഥമാക്കുന്നുവോ? ഇല്ല. അവരിൽ മിക്കവരും അപ്പോൾതന്നെ വളരെ സജീവരാണ്, കാരണം അർമഗെദോനിൽ അവർ ജനതകൾക്കെതിരെ യേശുവിനോടുകൂടെ യുദ്ധസവാരി ചെയ്യുന്നു. (വെളിപ്പാടു 2:26, 27; 19:14) വാസ്തവത്തിൽ, യേശുവിന്റെ സാന്നിധ്യം 1914-ൽ തുടങ്ങിയശേഷം ഉടൻ അവരുടെ പുനരുത്ഥാനം തുടങ്ങുന്നുവെന്നും ചിലർ മററുളളവർക്കുമുമ്പു പുനരുത്ഥാനം പ്രാപിക്കുന്നുവെന്നും പൗലോസ് സൂചിപ്പിച്ചു. (1 കൊരിന്ത്യർ 15:51-54; 1 തെസ്സലൊനീക്യർ 4:15-17) അതുകൊണ്ട് അവർ ഓരോരുത്തരായി സ്വർഗത്തിലെ അമർത്ത്യജീവൻ എന്ന സമ്മാനം സ്വീകരിക്കവേ അവരുടെ ജീവനിലേക്കുളള വരവ് ഒരു കാലഘട്ടംകൊണ്ടു നടക്കുന്നു.—2 തെസ്സലൊനീക്യർ 1:7; 2 പത്രൊസ് 3:11-14.
13. (എ) നാം 1,44,000 ഭരണം നടത്തുന്ന ആയിരം വർഷത്തെ എങ്ങനെ വീക്ഷിക്കണം, എന്തുകൊണ്ട്? (ബി) ഹീറപ്പോലിസിലെ പപ്പിയാസ് ആയിരം വർഷത്തെ എങ്ങനെ വീക്ഷിച്ചു? (അടിക്കുറിപ്പു കാണുക.)
13 അവരുടെ വാഴ്ചയും ന്യായവിധിയും ഒരു ആയിരം വർഷത്തേക്കായിരിക്കും. ഇത് അക്ഷരാർഥ ആയിരം വർഷങ്ങളാണോ, അതോ അത് അനിശ്ചിതമായ ഒരു ദീർഘകാലഘട്ടമെന്ന നിലയിൽ നാം പ്രതീകാത്മകമായി വീക്ഷിക്കേണ്ടതാണോ? ‘ആയിരങ്ങൾ’ 1 ശമൂവേൽ 21:11-ലേതുപോലെ ഒരു വലിയ അനിശ്ചിതസംഖ്യയെ അർഥമാക്കിയേക്കാം. എന്നാൽ ഇവിടെ “ആയിരം” അക്ഷരാർഥമാണ്, കാരണം [ഇംഗ്ലീഷിൽ ദ എന്ന നിശ്ചയോപപദത്തോടെ] “ആയിരം വർഷം” എന്നു വെളിപാട് 20:5-7-ൽ [NW] മൂന്നു പ്രാവശ്യം കാണുന്നു. “ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയിച്ചു” എന്നു പറഞ്ഞപ്പോൾ പൗലോസ് ഈ ന്യായവിധികാലത്തെ ‘ഒരു ദിവസം’ എന്നു വിളിച്ചു. (പ്രവൃത്തികൾ 17:31) യഹോവക്ക് ഒരു ദിവസം ആയിരം വർഷംപോലെയാണ് എന്നു പത്രോസ് നമ്മോടു പറയുന്നതുകൊണ്ട് ഈ ന്യായവിധിദിവസം അക്ഷരാർഥത്തിൽ ആയിരം വർഷം ആയിരിക്കുന്നത് ഉചിതമാണ്.c—2 പത്രൊസ് 3:8.
മരിച്ചവരിൽ ശേഷമുളളവർ
14. (എ) ‘മരിച്ചവരിൽ ശേഷമുളളവരെ’ സംബന്ധിച്ച് യോഹന്നാൻ ഏതു പ്രസ്താവന കൂട്ടിച്ചേർക്കുന്നു? (ബി) അപ്പോസ്തലനായ പൗലോസ് ഉപയോഗിച്ച പദപ്രയോഗങ്ങൾ ‘ജീവനിലേക്കു വരുക’ എന്ന പ്രയോഗത്തിൻമേൽ എങ്ങനെ വെളിച്ചം വീശുന്നു?
14 എന്നാൽ അപ്പോസ്തലനായ യോഹന്നാൻ ഇവിടെ കൂട്ടിച്ചേർക്കുന്നതുപോലെ, “(മരിച്ചവരിൽ ശേഷമുളളവർ ആയിരം വർഷം കഴിയുവോളം ജീവനിലേക്കു വന്നില്ല)” എങ്കിൽ ഈ രാജാക്കൻമാർ ആരെ ന്യായം വിധിക്കും? (വെളിപാട് 20:5എ, NW) വീണ്ടും, ‘ജീവനിലേക്കു വരുക’ എന്ന പ്രയോഗം സന്ദർഭമനുസരിച്ചു മനസ്സിലാക്കേണ്ടതാണ്. ഈ പ്രയോഗത്തിനു വിവിധ സന്ദർഭങ്ങളിൽ വിവിധ അർഥങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, പൗലോസ് തന്റെ അഭിഷിക്ത സഹക്രിസ്ത്യാനികളെ സംബന്ധിച്ചു പറഞ്ഞു: “നിങ്ങളുടെ അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നെങ്കിലും ദൈവം ജീവിപ്പിച്ചവരാണു നിങ്ങൾ.” (എഫേസ്യർ 2:1, NW) അതെ, ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ യേശുവിന്റെ ബലിയിലുളള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടതിനാൽ ഒന്നാം നൂററാണ്ടിൽത്തന്നെ ‘ജീവിപ്പിക്കപ്പെട്ടിരുന്നു’.—റോമർ 3:23, 24.
15. (എ) ക്രിസ്തുവിനു മുമ്പുളള യഹോവയുടെ സാക്ഷികൾ ദൈവവുമായി എന്തു നില ആസ്വദിച്ചിരുന്നു? (ബി) വേറെ ആടുകൾ ‘ജീവനിലേക്കു വരുന്ന’തെങ്ങനെ, ഏററവും പൂർണമായ അർഥത്തിൽ അവർ ഭൂമിയെ കൈവശമാക്കുന്നത് എപ്പോൾ?
15 അതുപോലെതന്നെ, ക്രിസ്തീയകാലത്തിനുമുമ്പുളള യഹോവയുടെ സാക്ഷികൾ ദൈവത്തോടുളള സൗഹൃദം സംബന്ധിച്ചു നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടു; കൂടാതെ, ശാരീരികമായി മരിച്ചെങ്കിലും അബ്രഹാമും യിസ്ഹാക്കും യാക്കോബും ‘ജീവിക്കുന്നതായി’ പറയപ്പെടുന്നു. (മത്തായി 22:31, 32; യാക്കോബ് 2:21, 23) എന്നിരുന്നാലും, അവരും പുനരുത്ഥാനം പ്രാപിക്കുന്ന മറെറല്ലാവരും അതുപോലെതന്നെ അർമഗെദോനെ അതിജീവിക്കുന്ന വിശ്വസ്തരായ വേറെ ആടുകളുടെ മഹാപുരുഷാരവും ഇവർക്കു പുതിയ ലോകത്തിൽ ജനിച്ചേക്കാവുന്ന ഏതു മക്കളും പിന്നീടു മനുഷ്യപൂർണതയിലേക്ക് ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. ഇതു ക്രിസ്തുവും അവന്റെ സഹരാജാക്കൻമാരും പുരോഹിതൻമാരും ചേർന്ന് ആയിരവർഷ ന്യായവിധിദിവസത്തിൽ യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ സാധ്യമാക്കിത്തീർക്കും. ആ ദിവസത്തിന്റെ അവസാനമാകുമ്പോഴേക്കും അവർ പൂർണമനുഷ്യരായിരിക്കും എന്ന അർഥത്തിൽ ‘മരിച്ചവരിൽ ശേഷമുളളവർ ജീവനിലേക്കു വന്നിരിക്കും’. നാം കാണാൻപോകുന്ന പ്രകാരം അവർ അപ്പോൾ ഒരു അന്തിമപരിശോധനയിൽ വിജയിക്കണം, എന്നാൽ പൂർണമനുഷ്യരെന്നനിലയിൽ അവർ ആ പരിശോധനയെ അഭിമുഖീകരിക്കും. അവർ ആ പരിശോധയിൽ ജയിക്കുമ്പോൾ ദൈവം അവരെ എന്നേക്കും ജീവിക്കാൻ യോഗ്യരായി, തികഞ്ഞ അർഥത്തിൽ നീതിമാൻമാരായി പ്രഖ്യാപിക്കും. ഈ വാഗ്ദത്തത്തിന്റെ പൂർണനിവൃത്തി അവർക്ക് അനുഭവപ്പെടും: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അനുസരണമുളള മനുഷ്യവർഗത്തിന് എത്ര സന്തോഷകരമായ ഒരു ഭാവിയാണു കരുതിയിരിക്കുന്നത്!
ഒന്നാമത്തെ പുനരുത്ഥാനം
16. ക്രിസ്തുവിനോടുകൂടെ രാജാക്കൻമാരായി ഭരിക്കുന്നവർക്കുണ്ടാകുന്ന പുനരുത്ഥാനത്തെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ, എന്തുകൊണ്ട്?
16 ഇപ്പോൾ “ജീവനിലേക്കു വരുകയും ക്രിസ്തുവിനോടുകൂടെ . . . രാജാക്കൻമാരായി ഭരിക്കുകയും ചെയ്ത”വരിലേക്കു തിരിഞ്ഞുകൊണ്ട് യോഹന്നാൻ എഴുതുന്നു: “ഇതു ഒന്നാമത്തെ പുനരുത്ഥാനം.” (വെളിപ്പാടു 20:5ബി) അത് ഒന്നാമത്തേത് ആകുന്നതെങ്ങനെ? സമയത്തിന്റെ കാര്യത്തിൽ ഇതാണ് “ഒന്നാമത്തെ പുനരുത്ഥാനം”, എന്തെന്നാൽ അത് അനുഭവിക്കുന്നവർ “ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫല”മാണ്. (വെളിപ്പാടു 14:4) പ്രാധാന്യത്തിലും അത് ഒന്നാമത്തേതാണ്, എന്തെന്നാൽ അതിൽ പങ്കുളളവർ യേശുവിനോടുകൂടെ അവന്റെ സ്വർഗീയരാജ്യത്തിൽ സഹഭരണാധികാരികൾ ആയിത്തീരുകയും ശേഷിച്ച മനുഷ്യവർഗത്തെ ന്യായം വിധിക്കുകയും ചെയ്യുന്നു. ഒടുവിൽ, ഗുണത്തിലും അത് ഒന്നാമത്തേതാണ്. യേശുക്രിസ്തുവിനു പുറമേ ഒന്നാം പുനരുത്ഥാനത്തിൽ ഉയിർപ്പിക്കപ്പെടുന്നവർ മാത്രമാണ് അമർത്ത്യത ലഭിക്കുന്ന ജീവികളായി ബൈബിളിൽ പറഞ്ഞിരിക്കുന്നത്.—1 കൊരിന്ത്യർ 15:53; 1 തിമൊഥെയൊസ് 6:16.
17. (എ) അഭിഷിക്തക്രിസ്ത്യാനികളുടെ അനുഗൃഹീത പ്രതീക്ഷ യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) ‘രണ്ടാം മരണം’ എന്താണ്, 1,44,000 ജേതാക്കളുടെമേൽ അതിന് ‘അധികാരമില്ലാ’ത്തതെന്തുകൊണ്ട്?
17 ഈ അഭിഷിക്തർക്ക് എന്തൊരു അനുഗൃഹീത പ്രതീക്ഷ! യോഹന്നാൻ പ്രഖ്യാപിക്കുന്നതുപോലെ: “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുളളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല”. (വെളിപ്പാടു 20:6എ) യേശു സ്മിർണയിലെ ക്രിസ്ത്യാനികളോടു വാഗ്ദത്തം ചെയ്തതുപോലെ “ഒന്നാമത്തെ പുനരുത്ഥാനത്തിൽ” പങ്കുലഭിക്കുന്ന ഈ ജേതാക്കൾക്ക്, നിർമൂലനാശം, പുനരുത്ഥാനപ്രത്യാശയില്ലാത്ത നാശം എന്നർഥമുളള “രണ്ടാം മരണത്താൽ” ഹാനി തട്ടുകയില്ല. (വെളിപ്പാടു 2:11; 20:14) രണ്ടാം മരണത്തിന് അത്തരം ജേതാക്കളുടെമേൽ “അധികാരം ഇല്ല”, എന്തെന്നാൽ അവർ അദ്രവത്വവും അമർത്ത്യതയും ധരിച്ചുകഴിഞ്ഞിരിക്കും.—1 കൊരിന്ത്യർ 15:53.
18. ഭൂമിയുടെ പുതിയ ഭരണാധികാരികളെ സംബന്ധിച്ച് യോഹന്നാൻ ഇപ്പോൾ എന്തു പറയുന്നു, അവർ എന്തു സാധിക്കും?
18 സാത്താന്റെ ഭരണകാലത്തുളള ഭൗമരാജാക്കൻമാരിൽനിന്ന് എത്ര വിഭിന്നം! ഇവർ അങ്ങേയററം 50-ഓ 60-ഓ വർഷം ഭരിച്ചിട്ടുണ്ട്, ബഹുഭൂരിപക്ഷവും ഏതാനും വർഷത്തേക്കുമാത്രം. അവരിൽ പലരും മനുഷ്യവർഗത്തെ ഞെരുക്കുകയുണ്ടായി. ഏതായാലും, എന്നും മാറിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളുടെയും എന്നും മാറിക്കൊണ്ടിരിക്കുന്ന നയങ്ങളുടെയും കീഴിൽ ജനതകൾക്ക് എങ്ങനെ നിലനിൽക്കുന്ന പ്രയോജനം നേടാൻ കഴിയും? അതിനു വിപരീതമായി യോഹന്നാൻ ഭൂമിയുടെ പുതിയ ഭരണാധികാരികളെക്കുറിച്ചു പറയുന്നു: “അവൻ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതൻമാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” (വെളിപ്പാടു 20:6ബി) അവർ യേശുവിനോടുചേർന്ന് ആയിരം വർഷത്തേക്കുളള ഒരേയൊരു ഗവൺമെൻറ് ആയിരിക്കും. യേശുവിന്റെ പൂർണ മനുഷ്യബലിയുടെ മൂല്യം പ്രയോഗിക്കുന്നതിലെ അവരുടെ പൗരോഹിത്യസേവനം അനുസരണമുളള മനുഷ്യരെ ആത്മീയവും ധാർമികവും ശാരീരികവുമായ പൂർണതയിലേക്ക് ഉയർത്തും. അവരുടെ രാജകീയ സേവനം യഹോവയുടെ നീതിയേയും വിശുദ്ധിയേയും പ്രതിഫലിപ്പിക്കുന്ന ഒരു ആഗോള മനുഷ്യസമുദായം കെട്ടിപ്പടുക്കുന്നതിൽ കലാശിക്കും. ആയിരം വർഷത്തേക്കുളള ന്യായാധിപൻമാർ എന്നനിലയിൽ അവർ യേശുവിനോടൊത്ത് പ്രതികരണമുളള മനുഷ്യരെ നിത്യജീവന്റെ ലാക്കിലേക്കു സ്നേഹപൂർവം നയിക്കും.—യോഹന്നാൻ 3:16.
അന്തിമ പരിശോധന
19. ആയിരമാണ്ടു വാഴ്ചയുടെ അവസാനം ഭൂമിയുടെ അവസ്ഥയും മനുഷ്യവർഗത്തിന്റെ അവസ്ഥയും എന്തായിരിക്കും, യേശു ഇപ്പോൾ എന്തു ചെയ്യുന്നു?
19 ആയിരമാണ്ടു വാഴ്ച അവസാനിക്കുമ്പോഴേക്കും മുഴുഭൂമിയും ആദിമ ഏദെൻപോലെ ആയിത്തീർന്നിരിക്കും. അത് ഒരു അസ്സൽ പറുദീസയായിരിക്കും. പൂർണരായ മനുഷ്യവർഗത്തിനു ദൈവമുമ്പാകെ മാധ്യസ്ഥം വഹിക്കാൻ മേലാൽ ഒരു മഹാപുരോഹിതൻ ആവശ്യമില്ലാതാകും, എന്തെന്നാൽ ആദാമ്യപാപത്തിന്റെ എല്ലാ കണികയും നീക്കം ചെയ്യപ്പെട്ടിരിക്കും, അന്തിമശത്രുവായ മരണം ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കും. ക്രിസ്തുവിന്റെ രാജ്യം ഏകഗവൺമെൻറിൻകീഴിൽ ഏകലോകം സൃഷ്ടിക്കാനുളള ദൈവോദ്ദേശ്യം സാധിച്ചുകഴിഞ്ഞിരിക്കും. ഈ ഘട്ടത്തിൽ യേശു “രാജ്യം [തന്റെ] പിതാവായ ദൈവത്തെ ഏല്പിക്കു”ന്നു.—1 കൊരിന്ത്യർ 15:22-26; റോമർ 15:12.
20. അന്തിമപരിശോധനക്കുളള സമയമാകുമ്പോൾ എന്തു സംഭവിക്കുമെന്ന് യോഹന്നാൻ നമ്മോടു പറയുന്നു?
20 ഇപ്പോൾ ഒരു അന്തിമപരിശോധനക്കുളള സമയമാണ്. ഏദെനിലെ ആദ്യമനുഷ്യർ ചെയ്തതിനു വിപരീതമായി പൂർണരാക്കപ്പെട്ട മനുഷ്യവർഗം നിർമലതയിൽ ഉറച്ചു നിൽക്കുമോ? എന്തു സംഭവിക്കുന്നുവെന്ന് യോഹന്നാൻ നമ്മോടു പറയുന്നു: “ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽനിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുളള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുളള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധൻമാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും”.—വെളിപ്പാടു 20:7-9എ.
21. തന്റെ അന്തിമ സംരംഭത്തിനായി സാത്താൻ എങ്ങനെ മുന്നേറുന്നു, ആയിരമാണ്ടു വാഴ്ചക്കുശേഷം പോലും ചിലർ സാത്താനെ അനുഗമിക്കുമെന്നുളളതിൽ നാം അതിശയിക്കേണ്ടതില്ലാത്തതെന്തുകൊണ്ട്?
21 സാത്താന്റെ അന്തിമ സംരംഭം എങ്ങനെ പരിണമിക്കും? ‘ഭൂമിയുടെ നാലു ദിക്കിലുമുളള ജാതികളായ ഗോഗിനെയും മാഗോഗിനെയും’ അവൻ വഞ്ചിക്കുന്നു, അവരെ “യുദ്ധ”ത്തിലേക്കു നയിക്കുകയും ചെയ്യുന്നു. സന്തോഷകരമായ, പരിപുഷ്ടിപ്പെടുത്തുന്ന ആയിരം വർഷത്തെ ദിവ്യാധിപത്യ ഭരണത്തിനുശേഷം സാത്താന്റെ പക്ഷം ചേരാൻ ആർക്കുകഴിയും? കൊളളാം, പൂർണരായ ആദാമിനെയും ഹവ്വായെയും, ഏദെൻ പറുദീസയിൽ അവർ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കെ വഴിതെററിക്കാൻ സാത്താനു കഴിഞ്ഞുവെന്നുളളതു മറന്നുകളയരുത്. ആദ്യമത്സരത്തിന്റെ ദുഷ്ഫലങ്ങൾ കണ്ടവരായ സ്വർഗീയദൂതൻമാരെ വഴിപിഴപ്പിക്കാനും അവനു കഴിഞ്ഞു. (2 പത്രൊസ് 2:4; യൂദാ 6) അതുകൊണ്ട്, ദൈവരാജ്യത്തിന്റെ സന്തോഷകരമായ ആയിരം വർഷത്തെ ഭരണത്തിനുശേഷം പോലും കുറെ പൂർണമനുഷ്യർ സാത്താനെ അനുഗമിക്കാൻ വശീകരിക്കപ്പെടുമെന്നതിൽ നാം അതിശയിച്ചുപോകരുത്.
22. (എ) ‘ഭൂമിയുടെ നാലു ദിക്കിലുമുളള ജാതികൾ’ എന്ന പ്രയോഗം എന്തു സൂചിപ്പിക്കുന്നു? (ബി) മത്സരികൾ “ഗോഗ്, മാഗോഗ്” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
22 ബൈബിൾ ഈ മത്സരികളെ ‘ഭൂമിയുടെ നാലു ദിക്കിലുമുളള ജാതികൾ’ എന്നു വിളിക്കുന്നു. മനുഷ്യവർഗം വീണ്ടും അന്യോന്യം വേറിട്ട ദേശീയസംഘങ്ങളായി ഭിന്നിച്ചിരിക്കുമെന്ന് ഇത് അർഥമാക്കുന്നില്ല. ഇവർ നീതിമാൻമാരായ യഹോവയുടെ വിശ്വസ്തരിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്തുമെന്നും ഇന്നു ജനതകൾ പ്രകടമാക്കുന്ന അതേ ദുഷിച്ച ആത്മാവു പ്രകടമാക്കുമെന്നും മാത്രമേ അതു സൂചിപ്പിക്കുന്നുളളൂ. എസെക്കിയേലിന്റെ പ്രവചനത്തിലെ മാഗോഗിലെ ഗോഗിനെപ്പോലെ, ഭൂമിയിലുളള ദിവ്യാധിപത്യ ഗവൺമെൻറിനെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവർ “ഒരു ദുരുപായം നിരൂപിക്കും.” (യെഹെസ്കേൽ 38:3, 10-12) അതുകൊണ്ട് അവർ “ഗോഗ്, മാഗോഗ്” എന്നു വിളിക്കപ്പെടുന്നു.
23. മത്സരികളുടെ എണ്ണം “കടല്പുറത്തെ മണൽപോലെ” ആണെന്നുളള വസ്തുത എന്തു സൂചിപ്പിക്കുന്നു?
23 സാത്താനോടുകൂടെ അവന്റെ മത്സരത്തിൽ ചേരുന്നവരുടെ എണ്ണം “കടല്പുറത്തെ മണൽപോലെ” ആണ്. അത് എത്രയാണ്? മുൻനിർണയിക്കപ്പെട്ട ഒരു സംഖ്യയില്ല. (താരതമ്യം ചെയ്യുക: യോശുവ 11:4; ന്യായാധിപൻമാർ 7:12.) മത്സരികളുടെ അന്തിമ മൊത്തം സംഖ്യ, സാത്താന്റെ വഞ്ചനാപദ്ധതികളോട് ഓരോ വ്യക്തിയും എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. എങ്കിലും, അവർ “വിശുദ്ധൻമാരുടെ പാളയത്തെയും പ്രിയനഗരത്തെയും” ജയിക്കാൻ ശക്തിയുളളവരെന്നു കരുതുന്നതുകൊണ്ടു ഗണ്യമായ ഒരു സംഖ്യ ഉണ്ടായിരിക്കുമെന്നുളളതിനു സംശയമില്ല.
24. (എ) ‘പ്രിയനഗരം’ എന്താണ്, അതിനെ വളയാൻ എങ്ങനെ കഴിയും? (ബി) ‘വിശുദ്ധൻമാരുടെ പാളയം’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
24 മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു വെളിപ്പാടു 3:12-ൽ തന്റെ അനുഗാമികളോടു പറഞ്ഞ ആ നഗരമായിരിക്കണം ‘പ്രിയനഗരം’, അവൻ അതിനെ ‘എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നുതന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരം’ എന്നു വിളിക്കുന്നു. ഇത് ഒരു സ്വർഗീയസ്ഥാപനമായതുകൊണ്ട് ആ ഭൗമിക സൈന്യങ്ങൾക്ക് അതിനെ ‘വളയാൻ’ എങ്ങനെ കഴിയും? അവർ “വിശുദ്ധൻമാരുടെ പാളയത്തെ” വളയുന്നതിനാൽത്തന്നെ. ഒരു പാളയം ഒരു നഗരത്തിനു വെളിയിലാണ്; അതുകൊണ്ട്, ‘വിശുദ്ധൻമാരുടെ പാളയം’ പുതിയ യെരുശലേമിന്റെ സ്വർഗീയസ്ഥാനത്തിനു വെളിയിൽ, ഭൂമിയിൽ യഹോവയുടെ ഭരണക്രമീകരണങ്ങളെ വിശ്വസ്തമായി പിന്താങ്ങുന്നവരെ ആയിരിക്കണം പ്രതിനിധാനം ചെയ്യുന്നത്. സാത്താന്റെ കീഴിലുളള മത്സരികൾ ആ വിശ്വസ്തരെ ആക്രമിക്കുമ്പോൾ അതു തനിക്കെതിരെയുളള ഒരു കടന്നാക്രമണമായി കർത്താവായ യേശു കണക്കാക്കുന്നു. (മത്തായി 25:40, 45) ‘ആ ജാതികൾ’ പുതിയ സ്വർഗീയ യെരുശലേം ഭൂമിയെ ഒരു പറുദീസയാക്കിത്തീർക്കുന്നതിൽ നേടിയതെല്ലാം തുടച്ചുനീക്കാൻ ശ്രമിക്കും. അതുകൊണ്ട് “വിശുദ്ധൻമാരുടെ പാളയത്തെ” ആക്രമിക്കുമ്പോൾ അവർ “പ്രിയനഗരത്തെ”ക്കൂടെ ആക്രമിക്കുകയാണ്.
തീയും ഗന്ധകവും കത്തുന്ന തടാകം
25. “വിശുദ്ധൻമാരുടെ പാളയത്തെ” മത്സരികൾ ആക്രമിക്കുന്നതിന്റെ ഫലം യോഹന്നാൻ വർണിക്കുന്നതെങ്ങനെ, ഇത് സാത്താനെ സംബന്ധിച്ച് എന്തർഥമാക്കും?
25 സാത്താന്റെ ഈ അന്തിമശ്രമം വിജയിക്കുമോ? തീർച്ചയായും ഇല്ല—നമ്മുടെ നാളിൽ ആത്മീയ ഇസ്രായേലിൻമേൽ മാഗോഗിലെ ഗോഗ് നടത്താനിരിക്കുന്ന ആക്രമണം വിജയിക്കുകയില്ലാത്തതുപോലെതന്നെ! (യെഹെസ്കേൽ 38:18-23) പരിണതഫലം യോഹന്നാൻ വ്യക്തമായി വർണിക്കുന്നു: “എന്നാൽ ആകാശത്തുനിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു. അവരെ വഴിതെററിച്ചുകൊണ്ടിരുന്ന പിശാചിനെ കാട്ടുമൃഗവും കളളപ്രവാചകനും കിടന്നിരുന്ന തീയും ഗന്ധകവും കത്തുന്ന തടാകത്തിലേക്കു തളളിയിട്ടു.” (വെളിപാട് 20:9ബി-10എ, NW) കേവലം അഗാധത്തിൽ അടയ്ക്കുന്നതിനുപകരം, ഇപ്പോൾ ആദ്യപാമ്പായ സാത്താനെ യഥാർഥത്തിൽ അസ്തിത്വത്തിൽനിന്നു തുടച്ചുനീക്കും, പൊടിയാക്കും, തീയാലെന്നപോലെ പൂർണമായി നിർമൂലമാക്കും.
26. “തീയും ഗന്ധകവും കത്തുന്ന തടാകം” ഒരു അക്ഷരീയ ദണ്ഡനസ്ഥലം ആയിരിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
26 ‘തീയും ഗന്ധകവും കത്തുന്ന തടാകം’ ഒരു അക്ഷരീയ ദണ്ഡനസ്ഥലമായിരിക്കാൻ കഴിയില്ലെന്നു നാം കണ്ടുകഴിഞ്ഞു. (വെളിപ്പാടു 19:20) സാത്താൻ സകല നിത്യതയിലും അവിടെ കഠോരമായ പീഡനം സഹിക്കേണ്ടതുണ്ടെങ്കിൽ യഹോവ അവനെ ജീവനോടെ നിലനിർത്തേണ്ടിവരും. പക്ഷേ ജീവൻ ഒരു സമ്മാനമാണ്, ഒരു ശിക്ഷയല്ല. പാപത്തിന്റെ ശിക്ഷ മരണമാണ്, ബൈബിളനുസരിച്ചു മരിച്ച ജീവികൾ യാതൊരു വേദനയും അറിയുന്നില്ല. (റോമർ 6:23; സഭാപ്രസംഗി 9:5, 10) അതിനുപുറമേ, മരണംതന്നെയും ഹേഡീസിനോടുകൂടെ തീയും ഗന്ധകവും കത്തുന്ന ഇതേ തടാകത്തിലേക്ക് എറിയപ്പെടുന്നതായി നാം പിന്നീടു വായിക്കുന്നു. തീർച്ചയായും, മരണത്തിനും ഹേഡീസിനും വേദന അനുഭവിക്കാൻ കഴിയില്ല!—വെളിപ്പാടു 20:14.
27. തീയും ഗന്ധകവും കത്തുന്ന തടാകം എന്ന പ്രയോഗം മനസ്സിലാക്കാൻ സോദോമിനും ഗൊമോറക്കും സംഭവിച്ചതു നമ്മെ സഹായിക്കുന്നതെങ്ങനെ?
27 ഇതെല്ലാം, തീയും ഗന്ധകവും കത്തുന്ന തടാകം പ്രതീകമാണെന്നുളള വീക്ഷണത്തെ ബലപ്പെടുത്തുന്നു. അതിനുപുറമേ, തീയുടെയും ഗന്ധകത്തിന്റെയും പരാമർശം പുരാതന സോദോമിന്റെയും ഗൊമോറയുടെയും വിധി നമ്മെ അനുസ്മരിപ്പിക്കുന്നു, ആ സ്ഥലങ്ങളെ അവയുടെ കഠിനദുഷ്ടത നിമിത്തം ദൈവം നശിപ്പിക്കുകയായിരുന്നു. അവയുടെ സമയം ആയപ്പോൾ, “യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തുനിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.” (ഉല്പത്തി 19:24) ആ രണ്ടു നഗരങ്ങൾക്കു ഭവിച്ചത് “നിത്യാഗ്നിയുടെ ശിക്ഷാവിധി” എന്നു വിളിക്കപ്പെടുന്നു. (യൂദാ 7) എങ്കിലും ആ രണ്ടു നഗരങ്ങൾ നിത്യദണ്ഡനം അനുഭവിച്ചില്ല. പകരം, അവയിലെ വഴിപിഴച്ച നിവാസികൾ സഹിതം അവ നീക്കംചെയ്യപ്പെട്ടു, എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു. ആ നഗരങ്ങൾ ഇന്നു സ്ഥിതിചെയ്യുന്നില്ല, അവയുടെ സ്ഥാനം ഏതായിരുന്നുവെന്ന് ആർക്കും ഉറപ്പിച്ചു പറയാനും കഴിയില്ല.
28. തീയും ഗന്ധകവും കത്തുന്ന തടാകം എന്താണ്, അത് മരണവും ഹേഡീസും അഗാധവും പോലെ അല്ലാത്തതെങ്ങനെ?
28 ഇതിനോടു ചേർച്ചയിൽ ബൈബിൾതന്നെ തീയും ഗന്ധകവും കത്തുന്ന തടാകത്തിന്റെ അർഥം വിശദീകരിക്കുന്നു: “ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.” (വെളിപ്പാടു 20:14) അതു വ്യക്തമായും, ദുഷ്ടൻമാർ എന്നേക്കും ദണ്ഡിപ്പിക്കപ്പെടുന്നതല്ല പിന്നെയോ നശിച്ചുകിടക്കുന്ന സ്ഥലമായി യേശു സംസാരിച്ച ഗീഹെന്നാ തന്നെയാണ്. (മത്തായി 10:28) അത് ഒരു പുനരുത്ഥാനപ്രത്യാശയില്ലാതെ തികച്ചും പൂർണമായ നാശമാണ്. അങ്ങനെ മരണത്തിനും ഹേഡീസിനും അഗാധത്തിനും താക്കോൽ ഉണ്ടായിരിക്കെ, തീയും ഗന്ധകവും കത്തുന്ന തടാകം തുറക്കുന്നതിനുളള ഒരു താക്കോലിനെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. (വെളിപ്പാടു 1:18; 20:1) അത് ഒരിക്കലും അതിന്റെ ബന്ദികളെ മോചിപ്പിക്കുകയില്ല.—താരതമ്യം ചെയ്യുക: മർക്കൊസ് 9:43-47.
എന്നേക്കും രാവും പകലും ദണ്ഡിപ്പിക്കപ്പെടുന്നു
29, 30. പിശാചിനെയും കാട്ടുമൃഗത്തെയും കളളപ്രവാചകനെയും സംബന്ധിച്ച് യോഹന്നാൻ എന്തു പറയുന്നു, ഇത് എങ്ങനെ മനസ്സിലാക്കേണ്ടതാണ്?
29 പിശാചിനെയും കാട്ടുമൃഗത്തെയും കളളപ്രവാചകനെയും പരാമർശിച്ചുകൊണ്ട് യോഹന്നാൻ ഇപ്പോൾ നമ്മോടു പറയുന്നു: “അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളിപ്പാടു 20:10ബി) ഇത് എന്തർഥമാക്കിയേക്കാം? മുമ്പു സൂചിപ്പിച്ചതുപോലെ, കാട്ടുമൃഗവും കളളപ്രവാചകനും പോലുളള പ്രതീകങ്ങൾക്കും മരണത്തിനും ഹേഡീസിനും അക്ഷരീയമായി ദണ്ഡനം അനുഭവിക്കാൻ കഴിയുമെന്നു പറയുന്നതു യുക്തിപൂർവകമല്ല. അതുകൊണ്ട്, സാത്താൻ സകല നിത്യതയിലും കഷ്ടപ്പെടുമെന്നു വിശ്വസിക്കാൻ നമുക്കു ന്യായമില്ല. അവൻ നാമാവശേഷമാക്കപ്പെടേണ്ടതാണ്.
30 “ദണ്ഡനം” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദമായ ബസാനിസൊ ഒന്നാമതായി, “(ലോഹങ്ങൾ) ഉരകല്ലിൽ പരിശോധിക്കുക” എന്നർഥമാക്കുന്നു. “ദണ്ഡിപ്പിച്ചുകൊണ്ട് ചോദ്യം ചെയ്യുക” എന്നത് രണ്ടാം അർഥമാണ്. (ദ ന്യൂ തായേഴ്സ് ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദ ന്യൂ ടെസ്ററമെൻറ്) ഈ സന്ദർഭത്തിൽ, ഈ ഗ്രീക്കു പദത്തിന്റെ ഉപയോഗം, സാത്താനു ഭവിക്കുന്നതു സകലനിത്യതയിലും യഹോവയുടെ ഭരണത്തിന്റെ നീതിയും ഔചിത്യവും സംബന്ധിച്ച വിവാദവിഷയത്തിന്റെ ഒരു ഉരകല്ലായി ഉതകുമെന്നു സൂചിപ്പിക്കുന്നു. പരമാധികാരഭരണത്തിന്റെ ആ വിവാദവിഷയം എന്നേക്കുമായി ഒരിക്കൽ പരിഹരിക്കപ്പെട്ടിരിക്കും. വീണ്ടും ഒരിക്കലും യഹോവയുടെ പരമാധികാരത്തോടുളള ഒരു വെല്ലുവിളി, അതു തെററാണെന്നു തെളിയിക്കുന്നതിന് ഒരു നീണ്ട കാലഘട്ടത്തിലേക്കു പരിശോധിക്കപ്പെടേണ്ട ആവശ്യം വരികയില്ല.—താരതമ്യം ചെയ്യുക: സങ്കീർത്തനം 92:1, 15.
31. “ദണ്ഡനം” എന്നർഥമുളളതിനോടു ബന്ധപ്പെട്ട രണ്ടു ഗ്രീക്കു വാക്കുകൾ പിശാചായ സാത്താനു കിട്ടുന്ന ശിക്ഷയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
31 അതിനു പുറമേ, അതിനോടു ബന്ധമുളള ബസാനിസ്ററസ്, “ദണ്ഡിപ്പിക്കുന്നവൻ” എന്ന പദം “ജയിലറെ” അർഥമാക്കാൻ ബൈബിളിൽ ഉപയോഗിക്കപ്പെടുന്നു. (മത്തായി 18:34, കിങ്ഡം ഇൻറർലീനിയർ) ഇതിനോടു ചേർച്ചയിൽ, സാത്താൻ തീത്തടാകത്തിൽ എന്നേക്കും തടവിലാക്കപ്പെടും; അവൻ ഒരിക്കലും മോചിപ്പിക്കപ്പെടുകയില്ല. ഒടുവിലായി, യോഹന്നാനു സുപരിചിതമായിരുന്ന ഗ്രീക്കു സെപ്ററുവജൻറിൽ ബന്ധപ്പെട്ട പദമായ ബസാനോസ് മരണത്തിലേക്കു നയിക്കുന്ന അപമാനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. (യെഹെസ്കേൽ 32:24, 30) സാത്താനു വരുന്ന ശിക്ഷ തീയും ഗന്ധകവും കത്തുന്ന തടാകത്തിലെ അപമാനകരമായ നിത്യമരണമാണെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. അവന്റെ പ്രവൃത്തികൾ അവനോടുകൂടെ മരിക്കുന്നു.—1 യോഹന്നാൻ 3:8.
32. ഭൂതങ്ങൾ ഏതു ശിക്ഷക്കു വിധേയരാകും, നാം എങ്ങനെ അറിയുന്നു?
32 വീണ്ടും, ഭൂതങ്ങൾ ഈ വാക്യത്തിൽ പരാമർശിക്കപ്പെടുന്നില്ല. അവർ ആയിരം വർഷത്തിന്റെ അവസാനത്തിൽ സാത്താനോടുകൂടെ മോചിപ്പിക്കപ്പെടുകയും പിന്നീട് അവനോടുകൂടെ നിത്യമരണത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്യുമോ? തെളിവ് ഉവ്വ് എന്നുത്തരം നൽകുന്നു. യേശു ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ, കോലാടുകൾ “പിശാചിന്നും അവന്റെ ദൂതൻമാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു” പോകുമെന്നു പറഞ്ഞു. (മത്തായി 25:41) “നിത്യാഗ്നി” എന്ന പ്രയോഗം സാത്താനെ തളളിയിടുന്ന തീയും ഗന്ധകവും കത്തുന്ന തടാകത്തെ ആയിരിക്കണം പരാമർശിക്കുന്നത്. പിശാചിന്റെ ദൂതൻമാർ അവനോടുകൂടെ സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു. തെളിവനുസരിച്ച് ആയിരമാണ്ടു വാഴ്ചയുടെ തുടക്കത്തിൽ അവർ അവനോടുകൂടെ അഗാധത്തിലേക്കു പോയി. തദനുസരണം, അപ്പോൾ, അവർ അവനോടുകൂടെ തീയും ഗന്ധകവും കത്തുന്ന തടാകത്തിൽ നശിപ്പിക്കപ്പെടുകയും ചെയ്യും.—മത്തായി 8:29.
33. ഉല്പത്തി 3:15-ന്റെ ഏത് അന്തിമവിശദാംശം അപ്പോൾ നിറവേറും, യഹോവയുടെ ആത്മാവ് ഏതു കാര്യത്തിലേക്ക് ഇപ്പോൾ യോഹന്നാന്റെ ശ്രദ്ധ ആകർഷിക്കുന്നു?
33 ഈ വിധത്തിൽ, ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ അന്തിമവിശദാംശം നിറവേറുന്നു. സാത്താൻ തീത്തടാകത്തിലേക്ക് എറിയപ്പെടുമ്പോൾ അവൻ, ഒരു ഇരുമ്പ് ഉപ്പൂററിയുടെ കീഴിൽ തല ചതച്ചരയ്ക്കപ്പെടുന്ന ഒരു പാമ്പിനെപ്പോലെ മരിച്ചവനായിത്തീരും. അവനും അവന്റെ ഭൂതങ്ങളും എന്നേക്കുമായി പൊയ്പോയിരിക്കും. വെളിപാടു പുസ്തകത്തിൽ തുടർന്ന് അവരുടെ യാതൊരു പരാമർശവുമില്ല. ഇപ്പോൾ, പ്രവചനപരമായി ഇവരെ നീക്കം ചെയ്തശേഷം, യഹോവയുടെ ആത്മാവ് ഭൗമിക പ്രത്യാശ വെച്ചുപുലർത്തുന്നവർക്ക് അത്യന്തം താത്പര്യജനകമായ ഒരു വിഷയത്തിലേക്കു ശ്രദ്ധയാകർഷിക്കുന്നു: “രാജാധിരാജാ”വിന്റെയും “[അവനോടുകൂടെ] വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരു”മായവരുടെയും സ്വർഗീയഭരണത്തിൽനിന്നു മനുഷ്യവർഗത്തിന് എന്തു ഫലം ഉണ്ടാകും? (വെളിപ്പാടു 17:14) ഉത്തരം നൽകുന്നതിന്, യോഹന്നാൻ ഒരിക്കൽക്കൂടെ നമ്മെ ആയിരമാണ്ടു വാഴ്ചയുടെ തുടക്കത്തിലേക്ക് ആനയിക്കുന്നു.
[അടിക്കുറിപ്പുകൾ]
a യേശു മരിച്ച അവസ്ഥയിലായിരുന്നപ്പോൾ അവൻ ഹേഡീസിലായിരുന്നുവെന്ന് മററു തിരുവെഴുത്തുകൾ പറയുന്നു. (പ്രവൃത്തികൾ 2:31) എന്നിരുന്നാലും ഹേഡീസും അഗാധവും എല്ലായ്പോഴും ഒന്നുതന്നെയാണെന്നു നാം നിഗമനം ചെയ്യരുത്. കാട്ടുമൃഗവും സാത്താനും അഗാധത്തിലേക്കു പോകുമ്പോൾ മനുഷ്യർ മാത്രമേ ഹേഡീസിലേക്കു പോകുന്നതായി പറയപ്പെടുന്നുളളു, അവിടെ അവർ തങ്ങളുടെ പുനരുത്ഥാനം വരെ മരണനിദ്രയിലാണ്.—ഇയ്യോബ് 14:13; വെളിപ്പാടു 20:13.
b മഴു (ഗ്രീക്ക്, പെലിക്കസ്) റോമിൽ ഒരു പരമ്പരാഗത വധോപകരണം ആയിരുന്നതായി തോന്നുന്നു, എങ്കിലും യോഹന്നാന്റെ കാലമായപ്പോഴേക്കും പൊതുവേ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നത് വാളായിരുന്നു. (പ്രവൃത്തികൾ 12:2) അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദമായ പെപെലികിസ്മെനോൻ (“മഴുവിനാൽ വധിക്കപ്പെട്ടവർ”) കേവലം “വധിക്കപ്പെട്ടവർ” എന്നുമാത്രം അർഥമാക്കുന്നു.
c രസാവഹമായി, വെളിപാടിന്റെ എഴുത്തുകാരനായ യോഹന്നാന്റെ ശിഷ്യൻമാരിൽനിന്നു നേരിട്ടു കുറെ ബൈബിൾ പരിജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്ന ഹീറപ്പോലിസിലെ പപ്പിയാസ് ക്രിസ്തുവിന്റെ അക്ഷരീയ സഹസ്രാബ്ദവാഴ്ചയിൽ വിശ്വസിച്ചിരുന്നതായി നാലാം നൂററാണ്ടിലെ ചരിത്രകാരനായ യൂസേബിയസ് റിപ്പോർട്ടു ചെയ്യുന്നു (യൂസേബിയസ് ശക്തമായി അയാളോടു വിയോജിച്ചെങ്കിൽത്തന്നെയും).—സഭയുടെ ചരിത്രം, (ഇംഗ്ലീഷ്) യൂസേബിയസ്, III, 39.
[293-ാം പേജിലെ ചിത്രം]
ചാവുകടൽ. സാധ്യതയനുസരിച്ചു സോദോമിന്റെയും ഗൊമോറയുടെയും സ്ഥാനം
[294-ാം പേജിലെ ചിത്രങ്ങൾ]
“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും”