നരകം
നിർവ്വചനം: “നരകം” എന്ന പദം പല ബൈബിൾ ഭാഷാന്തരങ്ങളിലും കാണപ്പെടുന്നു. അതേ വാക്യത്തിൽ മററു ചില ഭാഷാന്തരങ്ങളിൽ “ശവക്കുഴി” എന്നും “മരിച്ചവരുടെ ലോകം” എന്നും മററും നാം വായിക്കുന്നു. മററു ബൈബിളുകൾ ചിലപ്പോൾ “നരകം” എന്ന് തർജ്ജമ ചെയ്യപ്പെടുന്ന മൂല ഭാഷയിലുളള പദങ്ങൾ എടുത്തെഴുതുക മാത്രം ചെയ്തിരിക്കുന്നു. അതായത് വാക്ക് തർജ്ജമ ചെയ്യാതെ നമ്മുടെ അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിരിക്കുന്നു. ഈ വാക്കുകൾ എന്തൊക്കെയാണ്? ഷീയോൾ എന്ന എബ്രായ പദവും അതിന് തുല്യമായ ഹേയ്ഡീസ് എന്ന ഗ്രീക്ക് പദവും. അവ ഒരു ശവക്കുഴിയെ അല്ല മറിച്ച് മരിച്ചുപോയ മനുഷ്യരുടെ പൊതുശവക്കുഴിയെയാണ് പരാമർശിക്കുന്നത്; കൂടാതെ നിത്യനാശത്തിന്റെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗീയെന്ന എന്ന ഗ്രീക്കു പദവും. എന്നിരുന്നാലും ക്രൈസ്തവലോകത്തിലും പല അക്രൈസ്തവമതങ്ങളിലും നരകം ഭൂതങ്ങളുടെ വാസസ്ഥലമാണെന്നും മരണശേഷം ദുഷ്ടൻമാർ അവിടെ ശിക്ഷിക്കപ്പെടുന്നു എന്നും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. (ഇത് ദണ്ഡനം സഹിതമാണെന്ന് ചിലർ വിശ്വസിക്കുന്നു).
മരിച്ചവർക്ക് വേദന അനുഭവിക്കാൻ കഴിയുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?
സഭാ. 9:5, 10: “ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്ന് ബോധമുണ്ട്; മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല . . . ചെയ്യാൻ നിന്റെ കരങ്ങൾ കണ്ടെത്തുന്നതെല്ലാം നിന്റെ ശക്തിയോടെ ചെയ്ക, എന്തുകൊണ്ടെന്നാൽ ഷീയോളിൽ* പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഇല്ല.” (അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ലെങ്കിൽ വ്യക്തമായും അവർക്ക് വേദന അനുഭവിക്കാൻ കഴിയുകയില്ല.) (*“ഷീയോൾ,” AS, RS, NE, JB; “ശവക്കുഴി,” KJ, Kx; “നരകം,” Dy; “മരിച്ചവരുടെ ലോകം,” TEV.)
സങ്കീ. 146:4: “അവന്റെ ആത്മാവ് പോകുന്നു, അവൻ മണ്ണിലേക്ക് മടങ്ങുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ* നശിക്കുന്നു.” (*“ചിന്തകൾ,” KJ, 145:4 Dy; “പദ്ധതികൾ,” JB; “പ്ലാനുകൾ,” RS, TEV.)
ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?
യെഹെ. 18:4: “പാപം ചെയ്യുന്ന ദേഹി*—അതുതന്നെ മരിക്കും.” (*“ദേഹി,” KJ, Dy, RS, NE, Kx; “മനുഷ്യൻ,” JB; “വ്യക്തി,” TEV.)
“‘ശരീര’ത്തിൽ നിന്ന് വേറിട്ട്, തികച്ചും ആത്മീയമായ, വസ്തുമയമല്ലാത്ത, ഒരു ‘ദേഹി’ എന്ന ആശയം . . . ബൈബിളിലില്ല.”—ലാ പരോൾ ഡെ ഡ്യൂ (പാരീസ്, 1960), ജോർജസ് ഔസൂ, റൂവൻ സെമിനാരിയിലെ വിശുദ്ധ തിരുവെഴുത്തു പ്രൊഫസർ, ഫ്രാൻസ്, പേ. 128.
“[എബ്രായ തിരുവെഴുത്തുകളിലെ] നീഫെഷ് എന്ന എബ്രായ പദം മിക്കപ്പോഴും ‘ദേഹി’ എന്ന് വിവർത്തനം ചെയ്യപ്പെടാറുണ്ടെങ്കിലും അതിന് ഒരു ഗ്രീക്ക് അർത്ഥം കാണുന്നത് ശരിയല്ല. നീഫെഷ് . . . ശരീരത്തിൽ നിന്ന് വേറിട്ട് നിന്ന് പ്രവർത്തിക്കുന്നതായി സങ്കൽപ്പിക്കുക സാദ്ധ്യമല്ല. പുതിയ നിയമത്തിൽ ‘സൈക്കീ’ എന്ന ഗ്രീക്ക് വാക്ക് മിക്കപ്പോഴും ‘ദേഹി’ എന്ന് തർജ്ജമ ചെയ്യപ്പെടുന്നു. എന്നാൽ ഇവിടെയും ആ വാക്കിന് ഗ്രീക്ക് തത്വചിന്തകൻമാർ നൽകിയ അർത്ഥം ഉളളതായി മനസ്സിലാക്കേണ്ടതില്ല. അതിന്റെ സാധാരണ അർത്ഥം ‘ജീവൻ,’ അല്ലെങ്കിൽ ‘ജീവശക്തി,’ അല്ലെങ്കിൽ ചിലപ്പോൾ ‘വ്യക്തി തന്നെ’ എന്നാണ്.”—ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ (1977), വാല്യം 25, പേ. 236.
എങ്ങനെയുളള ആളുകളാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽ പോകുന്നത്?
ദുഷ്ടൻമാർ നരകത്തിൽ പോകുമെന്ന് ബൈബിൾ പറയുന്നുണ്ടോ?
സങ്കീ. 9:17, KJ: “ദുഷ്ടൻമാർ നരകത്തിലേക്ക് വിടപ്പെടും,* ദൈവത്തെ മറക്കുന്ന സകല ജനതകളും.” (*“നരകം,” 9:18 Dy; “മരണം” TEV; “മരണത്തിന്റെ സ്ഥലം,” Kx; “ഷീയോൾ,” AS, RS, NE, JB, NW.)
നീതിമാൻമാരും നരകത്തിലേക്ക് പോകുമെന്ന് ബൈബിൾ പറയുന്നുണ്ടോ?
ഇയ്യോ. 14:13, Dy: “[ഇയ്യോബ് ഇപ്രകാരം പ്രാർത്ഥിച്ചു:] ആർ എനിക്ക് ഇത് അനുവദിച്ചു തരും, അങ്ങ് നരക*ത്തിൽ എന്നെ സംരക്ഷിക്കുകയും അങ്ങയുടെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരു അവധി നിശ്ചയിച്ച് എന്നെ ഓർമ്മിക്കുകയും ചെയ്തെങ്കിൽ കൊളളായിരുന്നു.” (ഇയ്യോബ് “കുററമില്ലാത്തവനും നീതിമാനും ദൈവത്തെ ഭയപ്പെടുന്നവനും ദോഷം വിട്ടകലുന്നവനുമായ ഒരു മനുഷ്യനാണെന്ന്” ദൈവം തന്നെ പറഞ്ഞു.—ഇയ്യോബ് 1:8.) (*“ശവക്കുഴി,” KJ; “മരിച്ചവരുടെ ലോകം,” TEV; “ഷീയോൾ,” AS, RS, NE, JB, NW.]
പ്രവൃ. 2:25-27, KJ: “ദാവീദ് അവനെക്കുറിച്ച് [യേശു ക്രിസ്തു] ഇങ്ങനെ പറയുന്നു, . . . എന്തുകൊണ്ടെന്നാൽ അങ്ങ് എന്റെ ദേഹിയെ നരക*ത്തിൽ വിട്ടേക്കുകയില്ല, അങ്ങയുടെ വിശുദ്ധൻ ദ്രവത്വം കാണാൻ അനുവദിക്കുകയുമില്ല.” (ദൈവം യേശുവിനെ നരകത്തിൽ “വിട്ടേച്ചില്ല” എന്ന വസ്തുത കുറച്ചു സമയത്തേക്കെങ്കിലും യേശു നരകത്തിൽ അല്ലെങ്കിൽ ഹേഡീസിലായിരുന്നു എന്ന് സൂചിപ്പിക്കുന്നു, ഇല്ലേ?) (*“നരകം,” Dy; “മരണം,” NE; “മരണത്തിന്റെ സ്ഥലം,” Kx; “മരിച്ചവരുടെ ലോകം,” TEV; “ഹേഡീസ്,” AS, RS, JB, NW.)
ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽ നിന്ന് ആരെങ്കിലും എന്നെങ്കിലും പുറത്തു കടക്കുമോ?
വെളി. 20:13, 14, KJ: “സമുദ്രം അതിലുളള മരിച്ചവരെ ഏൽപ്പിച്ചു കൊടുത്തു; മരണവും നരക*വും അവയിലുളള മരിച്ചവരെ ഏൽപ്പിച്ചു കൊടുത്തു: ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ച് ന്യായവിധിയുണ്ടായി. മരണവും നരകവും തീപ്പൊയ്കയിലേക്ക് എറിയപ്പെട്ടു.” (അതുകൊണ്ട് മരിച്ചവർ നരകത്തിൽ നിന്ന് വിടുവിക്കപ്പെടും. നരകവും തീപ്പൊയ്കയും ഒന്നല്ല എന്നും നരകം തീപ്പൊയ്കയിലേക്ക് എറിയപ്പെടുമെന്നും കുറിക്കൊളളുക.) (*“നരകം,” Dy, Kx; “മരിച്ചവരുടെ ലോകം,” TEV; “ഹേഡീസ്,” NE, AS, RS, JB, NW.)
നരകത്തെപ്പററി ബൈബിൾ പറയുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉളളതെന്തുകൊണ്ട്?
“ആദ്യകാല വിവർത്തകർ എബ്രായ ഷീയോളും ഗ്രീക്ക് ഹേഡീസും ഗീഹെന്നായും എല്ലായ്പ്പോഴും നരകം എന്ന് തർജ്ജമ ചെയ്തത് വളരെയധികം ആശയക്കുഴപ്പത്തിനും തെററിദ്ധാരണക്കും ഇടയാക്കിയിരിക്കുന്നു. ബൈബിളിന്റെ പരിഷ്ക്കരിച്ച പതിപ്പുകളുടെ വിവർത്തകർ പ്രസ്തുത വാക്കുകൾ അതേപടി എടുത്തെഴുതുക മാത്രം ചെയ്തതിനാൽ ഈ ആശയക്കുഴപ്പവും തെററിദ്ധാരണയും കാര്യമായി നീക്കാൻ കഴിഞ്ഞിട്ടില്ല.”—ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ (1942), വാല്യം XIV, പേ. 81.
മൂലഭാഷയിലെ വാക്കുകൾ എല്ലായ്പ്പോഴും ഒരുപോലെ വിവർത്തനം ചെയ്യുന്നതിനു പകരം തർജ്ജമക്കാർ തങ്ങളുടെ വ്യക്തിപരമായ വിശ്വാസം അവരുടെ വിവർത്തനത്തിന് നിറം പകരാൻ അനുവദിച്ചിരിക്കുന്നു. ഉദാഹരണത്തിന്: (1) ജയിംസ് രാജാവിന്റെ ഭാഷാന്തരം ഷീയോൾ എന്നത് “നരകം” എന്നും “ശവക്കുഴി” എന്നും “കുഴി” എന്നും വിവർത്തനം ചെയ്തിരിക്കുന്നു; ഹേയ്ഡീസ് എന്നത് “നരകം” എന്നും “ശവക്കുഴി” എന്നും വിവർത്തനം ചെയ്തിരിക്കുന്നു; “ഗീയെന്ന” എന്നത് “നരകം” എന്ന് തർജ്ജമ ചെയ്തിരിക്കുന്നു. (2) ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ ഹേയ്ഡീസ് എന്ന ഗ്രീക്ക് പദം ഹേഡീസ് എന്ന് എഴുതുകയും “നരകം” എന്നും “മരിച്ചവരുടെ ലോക”മെന്നും വിവർത്തനം ചെയ്യുകയും ചെയ്തിരിക്കുന്നു. എന്നാൽ ഹേയ്ഡീസ് എന്ന പദം “നരകം” എന്ന് തർജ്ജമ ചെയ്തിരിക്കുന്നതു കൂടാതെ ഗീയെന്ന എന്ന പദവും അങ്ങനെ തന്നെ തർജ്ജമ ചെയ്തിരിക്കുന്നു. (3) യെരൂശലേം ബൈബിൾ ആറു പ്രാവശ്യം ഹേയ്ഡീസ് എന്ന പദം അതേപടി ഉപയോഗിക്കുകയും മററു ഭാഗങ്ങളിൽ “നരകം” എന്നും “അധോലോകം” എന്നും തർജ്ജമ ചെയ്യുകയും ചെയ്തിരിക്കുന്നു. കൂടാതെ രണ്ടു പ്രാവശ്യം ഹേയ്ഡീസ് എന്ന പദം തർജ്ജമ ചെയ്തിരിക്കുന്നതുപോലെ ഗീയെന്ന എന്ന പദവും നരകം എന്ന് തർജ്ജമ ചെയ്തിരിക്കുന്നു. അപ്രകാരം മൂല ഭാഷാപദങ്ങളുടെ കൃത്യമായ അർത്ഥം അവ്യക്തമാക്കപ്പെട്ടിരിക്കുന്നു.
ദുഷ്ടൻമാർക്ക് നിത്യശിക്ഷയുണ്ടോ?
മത്താ. 25:46, KJ: “ഇവർ നിത്യശിക്ഷാവിധിയിലേക്ക് പോകും.” [“ഛേദനം,” Int; ഗ്രീക്ക്, കൊലാസിൻ]: എന്നാൽ നീതിമാൻമാർ നിത്യജീവനിലേക്ക് പോകും.” (എംഫാററിക് ഡയഗ്ലററ് “ശിക്ഷ” എന്നതിനു പകരം “വെട്ടിക്കളയൽ” എന്ന് വായിക്കപ്പെടുന്നു. ഒരു അടിക്കുറിപ്പ് ഇപ്രകാരം പറയുന്നു: “കൊലാസിൻ . . . എന്നത് കൊലാസൂ എന്നതിൽ നിന്നാണ് വരുന്നത്, അതിന്റെ അർത്ഥം 1. വെട്ടിക്കളയുക; കോതി ശരിയാക്കുന്നതിനുവേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു കളയുന്നതുപോലെ. 2. തടയുക, അമർത്തുക . . . 3. ശാസിക്കുക, ശിക്ഷിക്കുക. ഒരു വ്യക്തിയെ ജീവനിൽ നിന്നോ സമൂഹത്തിൽ നിന്നോ ഛേദിച്ചു കളയുന്നത് അല്ലെങ്കിൽ നിയന്ത്രിക്കുന്നത് ശിക്ഷയായി കണക്കാക്കപ്പെടുന്നു;—അതുകൊണ്ടാണ് ആ വാക്കിന്റെ ആലങ്കാരികമായ മൂന്നാമത്തെ ഈ അർത്ഥം വന്നിട്ടുളളത്. ഇതിൽ ആദ്യത്തെ അർത്ഥം സ്വീകരിച്ചിട്ടുളളത് അത് ആ വാചകത്തിന്റെ രണ്ടാം ഭാഗത്തോട് യോജിക്കുമെന്നുളളതുകൊണ്ടും അങ്ങനെ വിപരീതാർത്ഥപ്രയോഗത്തിന്റെ ശക്തിയും സൗന്ദര്യവും നിലനിർത്തുന്നതുകൊണ്ടുമാണ്. നീതിമാൻമാർ ജീവനിലേക്കും ദുഷ്ടൻമാർ ജീവനിൽ നിന്നുളള ഛേദനത്തിലേക്കും അല്ലെങ്കിൽ മരണത്തിലേക്കും പോകുന്നു. 2 തെസ്സ. 1.9 കാണുക.”)
2 തെസ്സ. 1:9, RS: “അവർ നിത്യനാശം* എന്ന ശിക്ഷാവിധിയും കർത്താവിന്റെ സന്നിധാനത്തിൽ നിന്നും അവന്റെ ശക്തിയുടെ മഹത്വത്തിൽ നിന്നുമുളള അകൽച്ചയും അനുഭവിക്കും.” (*“നിത്യമായ നാശം,” NAB, NE; “എന്നേക്കുമായി നഷ്ടമാകും,” JB; “നിത്യശിക്ഷക്ക് വിധിക്കപ്പെടും,” Kx; “നാശത്തിലെ നിത്യശിക്ഷ,” Dy.)
യൂദാ 7, KJ: “സോദോമും ഗൊമോറയും അവക്ക് ചുററുമുളള നഗരങ്ങളും അതുപോലെ ദുർവൃത്തിക്ക് തങ്ങളെത്തന്നെ ഏൽപിച്ചു കൊടുക്കുകയും അന്യജഡത്തിന് പിന്നാലെ പോവുകയും ചെയ്തതിനാൽ നിത്യാഗ്നിയുടെ ശിക്ഷ സഹിച്ചുകൊണ്ട് ദൃഷ്ടാന്തമായി വെക്കപ്പെട്ടിരിക്കുന്നു.” (സോദോമിനെയും ഗൊമോറയെയും നശിപ്പിച്ച അഗ്നിയുടെ ജ്വലനം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ അവസാനിച്ചു. എന്നാൽ ആ അഗ്നിയുടെ ഫലം ഇന്നും തുടർന്ന് പോരുന്നു; ആ നഗരങ്ങൾ പുനർനിർമ്മിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ദൈവത്തിന്റെ ന്യായവിധി ആ നഗരങ്ങൾക്കെതിരെ മാത്രമായിരുന്നില്ല അവയിലെ ദുഷ്ടരായ നിവാസികൾക്കെതിരെയും കൂടെയായിരുന്നു. അവർക്ക് സംഭവിച്ചത് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്. അവയിലെ നിവാസികൾ “നശിപ്പിക്കപ്പെട്ടു” എന്ന് ലൂക്കോസ് 17:29-ൽ യേശു പറഞ്ഞു; ആ നാശം നിത്യമായിരുന്നു എന്ന് യൂദാ 7 കാണിക്കുന്നു.)
വെളിപ്പാട് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ‘നിത്യദണ്ഡന’ത്തിന്റെ അർത്ഥമെന്താണ്?
വെളി. 14:9-11; 20:10, KJ: “ആരെങ്കിലും മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുകയും നെററിയിലോ കൈമേലോ അതിന്റെ മുദ്രയേൽക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ ദൈവകോപത്തിന്റെ പാത്രത്തിൽ പകർന്നിരിക്കുന്ന കലർപ്പില്ലാത്ത ദൈവക്രോധത്തിന്റെ മദ്യം കുടിക്കേണ്ടി വരും; അവർ വിശുദ്ധ ദൂതൻമാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയാലും ഗന്ധകത്താലും ദണ്ഡിപ്പിക്കപ്പെടും: അവരുടെ ദണ്ഡനത്തിന്റെ പുക [ഗ്രീക്ക്, ബസാനിസ്മൂ] എന്നേക്കും ഉയരുന്നു: മൃഗത്തെയും അവന്റെ പ്രതിമയെയും നമസ്ക്കരിക്കുന്നവർക്കും അവന്റെ പേരിന്റെ മുദ്ര ഏൽക്കുന്നവർക്കും രാപകൽ സ്വസ്ഥതയുണ്ടായിരിക്കുകയില്ല.” “അവരെ വഞ്ചിച്ച പിശാച് മൃഗവും കളളപ്രവാചകനും കിടക്കുന്ന തീയും ഗന്ധകവും കത്തുന്ന പൊയ്കയിലേക്ക് തളളിയിടപ്പെട്ടു, അവർ എന്നന്നേക്കും രാപ്പകൽ ദണ്ഡിപ്പിക്കപ്പെടും.”
ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘ദണ്ഡനം’ എന്താണ്? വെളിപ്പാട് 11:10-ൽ (KJ) ‘ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിക്കുന്ന പ്രവാചകൻമാരെ’ പരാമർശിച്ചിരിക്കുന്നത് ശ്രദ്ധാർഹമാണ്. അത്തരം ദണ്ഡനം ഈ പ്രവാചകൻമാർ പ്രഖ്യാപിക്കുന്ന ദൂതുകളാൽ അവരെ ലജ്ജിപ്പിക്കത്തക്കവണ്ണം തുറന്നുകാട്ടുന്നതിൽ നിന്ന് ഉളവാകുന്നതാണ്. വെളിപ്പാട് 14:9-11-ൽ (KJ) പ്രതീകാത്മക “മൃഗത്തെയും അവന്റെ പ്രതിമയെയും” ആരാധിക്കുന്നവർ “തീയാലും ഗന്ധകത്താലും ദണ്ഡിപ്പിക്കപ്പെടു”ന്നതായി പറയപ്പെട്ടിരിക്കുന്നു. ഇത് മരണാനന്തരം ബോധപൂർവ്വം ദണ്ഡിപ്പിക്കപ്പെടുന്നതായിരിക്കുകയില്ല, എന്തുകൊണ്ടെന്നാൽ “മരിച്ചവർ യാതൊന്നും അറിയുന്നില്ല.” (സഭാ. 9:5, KJ) അപ്പോൾ പിന്നെ അവർ ജീവിച്ചിരിക്കുമ്പോൾ അത്തരം ദണ്ഡനം അനുഭവിക്കാൻ ഇടയാക്കുന്നത് എന്താണ്? അത് “മൃഗത്തിന്റെയും അവന്റെ പ്രതിമയുടെയും” ആരാധകർ “തീയും ഗന്ധകവും കത്തുന്ന പൊയ്ക”യാൽ പ്രതിനിധാനം ചെയ്യപ്പെട്ട രണ്ടാം മരണം അനുഭവിക്കേണ്ടി വരുമെന്നുളള ദൈവദാസൻമാരുടെ പ്രഖ്യാപനമാണ്. അവരുടെ തീയാലുളള നാശത്തിന്റെ പുക എന്നേക്കും ഉയരുന്നു, എന്തുകൊണ്ടെന്നാൽ ആ നാശം നിത്യമാണ്. അത് ഒരിക്കലും മറക്കപ്പെടുകയുമില്ല. പിശാച് “തീയും ഗന്ധകവും കത്തുന്ന പൊയ്കയിൽ” ‘എന്നേക്കും ദണ്ഡനം സഹിക്കേണ്ടി വരും’ എന്ന് വെളിപ്പാട് 20:10 പറയുമ്പോൾ അതിന്റെ അർത്ഥമെന്താണ്? “തീയും ഗന്ധകവും കത്തുന്ന പൊയ്ക”യുടെ അർത്ഥം “രണ്ടാം മരണം” എന്നാണെന്ന് വെളിപ്പാട് 21:8 (KJ) വ്യക്തമായി പറയുന്നു. അതുകൊണ്ട് പിശാച് അവിടെ എന്നേക്കും “ദണ്ഡിപ്പിക്കപ്പെടുന്നു” എന്നതിന്റെ അർത്ഥം അവന് അതിൽനിന്ന് വിടുതലില്ല, അവൻ എന്നേക്കും നിയന്ത്രണത്തിൻ കീഴിലായിരിക്കും, വാസ്തവത്തിൽ നിത്യമായ മരണത്തിൽ എന്നുതന്നെ. “ദണ്ഡനം” എന്ന വാക്കിന്റെ ഈ ഉപയോഗം (ഗ്രീക്ക്, ബസാനോസ് എന്നതിൽ നിന്ന്) അതേ ഗ്രീക്ക് പദം മത്തായി 18:34-ൽ ഒരു ‘ജയിലർക്ക്’ അത് ഉപയോഗിച്ചിരിക്കുന്നതിനെപ്പററി ഒരുവനെ അനുസ്മരിപ്പിക്കുന്നു.—RS, AT, ED, NW.
യേശു പറഞ്ഞ ‘തീയുളള ഗീഹെന്ന’ എന്താണ്?
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ 12 പ്രാവശ്യം ഗീഹെന്നയെപ്പററിയുളള പരാമർശനം കാണപ്പെടുന്നു. അഞ്ചു പ്രാവശ്യം അത് തീയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗീനാൻ തോ പൈറോസ് എന്ന ഗ്രീക്ക് പ്രയോഗം തർജ്ജമക്കാർ “നരകാഗ്നി” (KJ, Dy), “നരകത്തിലെ തീ” (NE), “അഗ്നികൂപം” (AT), “ഗീഹെന്നായിലെ അഗ്നി” (NAB) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
ചരിത്ര പശ്ചാത്തലം: ഹിന്നോം താഴ്വര (ഗീഹെന്ന) യെരൂശലേമിന്റെ മതിലുകൾക്ക് പുറത്തായിരുന്നു. ഒരു കാലത്ത് അത് ശിശുബലി ഉൾപ്പെടെയുളള വിഗ്രഹാരാധനയുടെ ഒരു സ്ഥലമായിരുന്നു. ഒന്നാം നൂററാണ്ടിൽ ഗീഹെന്ന യെരൂശലേമിലെ മലിന വസ്തുക്കൾ കൂട്ടിയിട്ട് ദഹിപ്പിക്കുന്ന സ്ഥലമായിരുന്നു. ചത്ത ജന്തുക്കളുടെ ഉടലുകൾ ദഹിപ്പിക്കുന്നതിനുവേണ്ടി അതിലേക്ക് എറിഞ്ഞു കളഞ്ഞിരുന്നു. തീ നന്നായി കത്തുന്നതിനുവേണ്ടി ഗന്ധകം ചേർത്തിരുന്നു. കൂടാതെ ഒരു സ്മാരക കല്ലറയിലെ ശവസംസ്ക്കാരം അർഹിക്കാത്ത വധിക്കപ്പെട്ട കുററപ്പുളളികളുടെ ശവശരീരങ്ങളും അവിടേക്ക് എറിഞ്ഞിരുന്നു. അപ്രകാരം മത്തായി 5:29, 30-ൽ “ശരീരം മുഴുവൻ” ഗീഹെന്നായിൽ എറിയപ്പെടുന്നതിനെപ്പററി യേശു പറഞ്ഞു. ശരീരം നിരന്തരം കത്തിക്കൊണ്ടിരുന്ന തീയിൽ വീണാൽ അത് ദഹിച്ചു പോകുമായിരുന്നു. എന്നാൽ അത് മലയിടുക്കിൽ ഉന്തി നിൽക്കുന്ന പാറക്കെട്ടിൽ എവിടെയെങ്കിലുമാണ് വീഴുന്നതെങ്കിൽ ശരീരം അഴുകി പുഴുവും കൃമിയും നിറയുകയും ചെയ്യുമായിരുന്നു. (മർക്കോ. 9:47, 48) ജീവനുളള മനുഷ്യർ ഗീഹെന്നായിൽ എറിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് അത് ബോധപൂർവ്വകമായ ദണ്ഡനത്തിന്റെ ഒരു സ്ഥലമായിരുന്നില്ല.
മത്തായി 10:28-ൽ “ദേഹിയെയും ദേഹത്തെയും ഗീഹെന്നായിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടണ”മെന്ന് യേശു തന്റെ കേൾവിക്കാർക്ക് മുന്നറിയിപ്പു നൽകി. അതിന്റെ അർത്ഥമെന്താണ്? ഗീഹെന്നായിലെ അഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടുന്നതിനെപ്പററി ഇവിടെ പറയുന്നില്ല എന്നത് കുറിക്കൊളളുക; മറിച്ച് ‘ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടാൻ’ അവൻ പറയുന്നു. “ദേഹിയെ” പ്രത്യേകം പരാമർശിക്കുന്നതിനാൽ ഒരുവന്റെ ഭാവി ജീവൽ പ്രതീക്ഷകൾ ദൈവത്തിന് നശിപ്പിക്കാൻ കഴിയുമെന്ന് അവൻ ഊന്നിപ്പറയുന്നു; അപ്രകാരം അവർക്ക് പുനരുത്ഥാന പ്രത്യാശയില്ല. അതുകൊണ്ട് ഗീഹെന്നായിലെ തീയെ സംബന്ധിച്ച പരാമർശനത്തിന് വെളിപ്പാട് 21:8-ലെ ‘തീത്തടാക’ത്തിന്റെ അതേ അർത്ഥമാണുളളത്, അതായത് നാശം, “രണ്ടാം മരണം.”
പാപത്തിന്റെ ശിക്ഷ എന്താണെന്നാണ് ബൈബിൾ പറയുന്നത്?
റോമ. 6:23: “പാപം നൽകുന്ന ശമ്പളം മരണം ആകുന്നു.”
ഒരുവന്റെ മരണശേഷം തന്റെ പാപത്തിന് കൂടുതലായ ശിക്ഷ സഹിക്കേണ്ടി വരുമോ?
റോമ. 6:7: “മരിച്ചവൻ പാപത്തിൽ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു.”
ദുഷ്ടൻമാരെ നിത്യകാലം ദണ്ഡിപ്പിക്കുന്നത് ദൈവത്തിന്റെ വ്യക്തിത്വത്തോട് പൊരുത്തപ്പെടുമോ?
യിരെ. 7:31: “അവർ [വിശ്വാസത്യാഗികളായ യഹൂദ്യർ] ഹിന്നോമിന്റെ പുത്രന്റെ താഴ്വരയിലെ തോഫെത്തിൽ തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് പൂജാഗിരികളെ പണിതിരിക്കുന്നു. അത് ഞാൻ കൽപിച്ചതല്ല എന്റെ ഹൃദയത്തിൽ തോന്നിയതുമല്ല.” (അത് ദൈവത്തിന്റെ ഹൃദയത്തിൽ ഒരിക്കലും തോന്നിയതല്ലെങ്കിൽ അവന് വലിയ തോതിൽ അങ്ങനെയൊന്ന് ഉണ്ടായിരിക്കുന്നില്ല, അവൻ അങ്ങനെയൊന്ന് ഉപയോഗിക്കുന്നുമില്ല.)
ഉദാഹരണം: എന്തെങ്കിലും തെററു ചെയ്തതിന്റെ ശിക്ഷയായി തന്റെ കുട്ടിയുടെ കൈ തീയിൽ വച്ച് പൊളളിക്കുന്ന ഒരു പിതാവിനെപ്പററി നിങ്ങൾ എന്തു വിചാരിക്കും? “ദൈവം സ്നേഹമാകുന്നു.” (1 യോഹ. 4:8) സുബോധമുളള ഒരു മാനുഷ പിതാവും ചെയ്യുകയില്ലാത്തത് അവൻ ചെയ്യുമോ? തീർച്ചയായും ഇല്ല!
ധനവാനെയും ലാസറിനെയുംകുറിച്ച് പറഞ്ഞ കാര്യങ്ങളാൽ മരണാനന്തരമുളള ദുഷ്ടൻമാരുടെ ദണ്ഡനത്തെപ്പററി യേശു പഠിപ്പിച്ചോ?
ലൂക്കോസ് 16:19-31-ലെ വിവരണം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതോ അതോ മറെറന്തിന്റെയെങ്കിലും ചിത്രീകരണമോ? “അത് ചരിത്രത്തിലെ ഏതെങ്കിലും വ്യക്തിയെ പരാമർശിക്കാതെ കഥാരൂപത്തിലുളള ഒരു ഉപമ മാത്രമാണ്” എന്ന് യെരൂശലേം ബൈബിൾ ഒരു അടിക്കുറിപ്പിൽ സമ്മതിച്ചു പറയുന്നു. അക്ഷരാർത്ഥത്തിൽ എടുത്താൽ ദിവ്യപ്രീതി ആസ്വദിക്കുന്നവരെല്ലാം കൂടി ഒരു മനുഷ്യന്റെ, അബ്രഹാമിന്റെ മടിയിൽ ഒതുങ്ങും എന്ന് അത് അർത്ഥമാക്കും; ഒരുവന്റെ വിരൽ തുമ്പിലെ ജലം ഹേഡീസിലെ തീജ്ജ്വാലയിൽ നീരാവിയായി പോകയില്ലെന്നും; അവിടെ കഷ്ടമനുഭവിക്കുന്ന ഒരാൾക്ക് ഒരു തുളളി വെളളം ആശ്വാസം കൈവരുത്തും എന്നും അത് അർത്ഥമാക്കും. അത് ന്യായയുക്തമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവോ? അത് അക്ഷരീയമാണെങ്കിൽ അത് ബൈബിളിന്റെ ഇതരഭാഗങ്ങളോട് യോജിപ്പിലായിരിക്കുകയില്ല. ബൈബിൾ അപ്രകാരം വൈരുദ്ധ്യമുളളതാണെങ്കിൽ സത്യത്തെ സ്നേഹിക്കുന്ന ഒരാൾ അത് തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കുമോ? എന്നാൽ ബൈബിൾ അതിൽ തന്നെ വൈരുദ്ധ്യമുളളതല്ല.
ആ ഉപമയുടെ അർത്ഥമെന്ത്? “ധനവാൻ” പരീശൻമാരെ പ്രതിനിധാനം ചെയ്തു. (14-ാം വാക്യം കാണുക.) ഭിക്ഷക്കാരനായ ലാസ്സർ പരീശൻമാരാൽ നിന്ദിക്കപ്പെട്ടവരും എന്നാൽ അനുതപിച്ച് യേശുവിന്റെ ശിഷ്യൻമാരായിത്തീർന്നവരുമായ സാധാരണക്കാരായ യഹൂദൻമാരെ പ്രതിനിധാനം ചെയ്തു. (ലൂക്കോ. 18:11; യോഹ. 7:49; മത്താ. 21:31, 32 കാണുക.) അവരുടെ മരണവും പ്രതീകാത്മകമായിരുന്നു; അത് അവരുടെ സാഹചര്യത്തിലുണ്ടായ മാററത്തെ പ്രതിനിധാനം ചെയ്തു. അപ്രകാരം നേരത്തെ നിന്ദിക്കപ്പെട്ടിരുന്നവർ ദിവ്യപ്രീതിയുടെ ഒരു സ്ഥാനത്തേക്ക് വന്നു, നേരത്തെ പ്രീതിയുണ്ടായിരുന്നവരായി കാണപ്പെട്ടവർ ദൈവത്താൽ പരിത്യജിക്കപ്പെട്ടു. അവർ നിന്ദിച്ചവരാലുളള ന്യായവിധി ദൂതുകളാൽ അവർ ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തു.—പ്രവൃ. 5:33; 7:54.
നരകാഗ്നി സംബന്ധിച്ച പഠിപ്പിക്കലിന്റെ ഉത്ഭവമെങ്ങനെയാണ്?
പുരാതന ബാബിലോണിയാക്കാരുടെയും അസ്സീറിയാക്കാരുടെയും വിശ്വാസത്തിൽ “പാതാളലോകം . . . ഭീകരതകൾ നിറഞ്ഞ ഒരു സ്ഥലമായി, വമ്പിച്ച ശക്തിയുളളവരും ക്രൂരരുമായ ദൈവങ്ങളും ഭൂതങ്ങളും ആധിപത്യം നടത്തുന്ന ഒരു സ്ഥലമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.” (ദി റിലിജിയൻ ഓഫ് ബാബിലോണിയ ആൻഡ് അസ്സീറിയ, ബോസ്ററൺ, 1898, മോറിസ് ജാസ്റ്രേറാ ജൂണിയർ, പേ. 581) ക്രൈസ്തവലോകത്തിലെ നരകത്തിന്റെ അഗ്നിയുടെ ആ ഘടകത്തിന്റെ ആദ്യ തെളിവ് പുരാതന ഈജിപ്ററിലെ മതത്തിൽ കാണപ്പെടുന്നു. (ദി ബുക്ക് ഓഫ് ദി ഡെഡ്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക്, 1960, ഇ. ഏ. വാലീസ് ബഡ്ജിന്റെ ആമുഖത്തോടുകൂടിയത്, പേജുകൾ 144, 149, 151, 153, 161) പൊ. യു. മു. 6-ാം നൂററാണ്ടിൽ ആരംഭിച്ച ബുദ്ധമതത്തിൽ പിൽക്കാലത്ത് ചൂടുളള നരകവും തണുത്ത നരകവും ഉണ്ടായിരുന്നു എന്നത് അതിന്റെ സവിശേഷതയാണ്. (ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ, 1977, വാല്യം 14, പേ. 68) ഇററലിയിലെ കത്തോലിക്കാ പളളികളിൽ കാണുന്ന നരകത്തിന്റെ ചിത്രീകരണത്തിന് എററ്ട്രസ്ക്കൻ വേരുകൾ ഉളളതായി കണ്ടെത്തപ്പെട്ടിരിക്കുന്നു.— ലാ സിവിൽത്താ എററ്ട്രസ്ക്ക (മിലാൻ, 1979), വേർണർ കെല്ലർ, പേ. 389.
എന്നാൽ ദൈവത്തിന് നിന്ദ വരുത്തുന്ന ഈ വിശ്വാസത്തിന്റെ യഥാർത്ഥ വേരുകൾ അതിലും ആഴത്തിലുളളവയാണ്. ദണ്ഡനം നടക്കുന്ന നരകത്തോട് ബന്ധപ്പെട്ട പൈശാചികമായ ആശയങ്ങൾ ദൈവത്തെ ദുഷിക്കുന്നതും ദൈവത്തിന്റെ മുഖ്യ ദൂഷകനിൽ നിന്ന് ഉത്ഭവിച്ചിട്ടുളളതുമാണ്. (പിശാച് എന്നതിന്റെ അർത്ഥം “ദൂഷകൻ”) അവനെയാണ് യേശു “ഭോഷ്ക്കിന്റെ പിതാവ്” എന്ന് വിളിച്ചത്.—യോഹ. 8:44.