മത്തായി എഴുതിയത്
21 അവർ യരുശലേമിന് അടുത്ത് ഒലിവുമലയിലെ+ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ 2 “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. 3 ആരെങ്കിലും വല്ലതും ചോദിച്ചാൽ, ‘കർത്താവിന് ഇവയെ ആവശ്യമുണ്ട് ’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”
4 ഇങ്ങനെ സംഭവിച്ചതു പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിനായിരുന്നു: 5 “സീയോൻപുത്രിയോടു പറയുക: ‘ഇതാ, സൗമ്യനായ നിന്റെ രാജാവ്+ ചുമട്ടുമൃഗമായ കഴുതയുടെ പുറത്ത്, അതെ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി, നിന്റെ അടുത്തേക്കു വരുന്നു.’”+
6 അങ്ങനെ, ശിഷ്യന്മാർ പോയി യേശു പറഞ്ഞതുപോലെതന്നെ ചെയ്തു.+ 7 അവർ കഴുതയെയും കുട്ടിയെയും കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അവയുടെ പുറത്ത് കയറി ഇരുന്നു.+ 8 ജനക്കൂട്ടത്തിൽ മിക്കവരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി. 9 യേശുവിനു മുന്നിലും പിന്നിലും ആയി നടന്ന ജനം ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ദാവീദുപുത്രനു രക്ഷ നൽകണേ!+ യഹോവയുടെ നാമത്തിൽ വരുന്നവൻ+ അനുഗൃഹീതൻ! അത്യുന്നതങ്ങളിൽ വസിക്കുന്നവനേ,+ ദാവീദുപുത്രനു രക്ഷ നൽകണേ.”
10 യേശു യരുശലേമിൽ എത്തിയപ്പോൾ നഗരത്തിലാകെ ബഹളമായി. “ഇത് ആരാണ് ” എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി. 11 “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ് ”+ എന്നു ജനക്കൂട്ടം പറയുന്നുമുണ്ടായിരുന്നു.
12 യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 13 യേശു അവരോടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥനാലയം എന്ന് അറിയപ്പെടും’+ എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.”+ 14 അന്ധരും മുടന്തരും ദേവാലയത്തിൽ യേശുവിന്റെ അടുത്ത് വന്നു; യേശു അവരെ സുഖപ്പെടുത്തി.
15 യേശു ചെയ്ത അത്ഭുതകാര്യങ്ങളും “ദാവീദുപുത്രനു രക്ഷ നൽകണേ”+ എന്നു ദേവാലയത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ദേഷ്യപ്പെട്ട്+ 16 യേശുവിനോട്, “ഇവർ പറയുന്നതു നീ കേൾക്കുന്നില്ലേ” എന്നു ചോദിച്ചു. യേശു അവരോട്, “ഉണ്ട്. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് നീ സ്തുതി പൊഴിക്കുന്നു’+ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ” എന്നു ചോദിച്ചു. 17 പിന്നെ യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബഥാന്യയിൽ ചെന്ന് രാത്രി അവിടെ തങ്ങി.+
18 അതിരാവിലെ നഗരത്തിലേക്കു മടങ്ങിവരുമ്പോൾ യേശുവിനു വിശന്നു.+ 19 വഴിയരികെ ഒരു അത്തി മരം കണ്ട് യേശു അതിന്റെ അടുത്ത് ചെന്നു; എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല.+ യേശു അതിനോട്, “നീ ഇനി ഒരിക്കലും കായ്ക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. പെട്ടെന്നുതന്നെ അത്തി മരം ഉണങ്ങിപ്പോയി. 20 ഇതു കണ്ടപ്പോൾ ശിഷ്യന്മാർ അതിശയിച്ച്, “ഈ അത്തി മരം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് ”+ എന്നു ചോദിച്ചു. 21 അപ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും.+ 22 വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.”+
23 യേശു ദേവാലയത്തിൽ ചെന്ന് അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 24 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം: 25 യോഹന്നാനാലുള്ള സ്നാനം എവിടെനിന്നായിരുന്നു? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന് ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’+ എന്ന് അവൻ ചോദിക്കും. 26 ‘മനുഷ്യരിൽനിന്ന് ’ എന്നു പറയാമെന്നുവെച്ചാൽ ജനത്തെ പേടിക്കണം. കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണല്ലോ കാണുന്നത്.”+ 27 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു പറഞ്ഞു: “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.
28 “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു മക്കളുണ്ടായിരുന്നു. അയാൾ മൂത്ത മകന്റെ അടുത്ത് ചെന്ന് അവനോട്, ‘മോനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യ് ’ എന്നു പറഞ്ഞു. 29 ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി. 30 അയാൾ ഇളയ മകന്റെ അടുത്ത് ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. 31 ഈ രണ്ടു പേരിൽ ആരാണ് അപ്പന്റെ ഇഷ്ടംപോലെ ചെയ്തത്?” “മൂത്തവൻ” എന്ന് അവർ പറഞ്ഞപ്പോൾ യേശു പറഞ്ഞു: “നികുതിപിരിവുകാരും വേശ്യകളും നിങ്ങൾക്കു മുമ്പേ ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 32 കാരണം യോഹന്നാൻ നീതിയുടെ വഴിയേ നിങ്ങളുടെ അടുത്ത് വന്നു. പക്ഷേ നിങ്ങൾ യോഹന്നാനെ വിശ്വസിച്ചില്ല. എന്നാൽ നികുതിപിരിവുകാരും വേശ്യകളും യോഹന്നാനെ വിശ്വസിച്ചു.+ അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിച്ചില്ല, യോഹന്നാനിൽ വിശ്വസിച്ചില്ല.
33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷിയിടത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+ 34 വിളവെടുപ്പിനു സമയമായപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമകളെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. 35 എന്നാൽ കൃഷിക്കാർ അയാളുടെ അടിമകളെ പിടിച്ച്, ഒരാളെ തല്ലുകയും മറ്റൊരാളെ കൊല്ലുകയും വേറൊരാളെ കല്ലെറിയുകയും ചെയ്തു.+ 36 വീണ്ടും അയാൾ മുമ്പത്തേതിലും കൂടുതൽ അടിമകളെ അയച്ചു. അവർ അവരോടും അങ്ങനെതന്നെ ചെയ്തു.+ 37 ഒടുവിൽ, ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് മകനെയും അവിടേക്ക് അയച്ചു. 38 അയാളുടെ മകനെ കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ അവകാശം കൈക്കലാക്കാം.’ 39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു.+ 40 അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്റെ ഉടമ വരുമ്പോൾ അയാൾ ആ കൃഷിക്കാരെ എന്തു ചെയ്യും?” 41 അവർ യേശുവിനോടു പറഞ്ഞു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”
42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.+ ഇതിനു പിന്നിൽ യഹോവയാണ്; നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ? 43 അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും.+ ഈ കല്ല് ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.”+
45 യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ കേട്ടപ്പോൾ മുഖ്യപുരോഹിതന്മാർക്കും പരീശന്മാർക്കും അത് അവരെക്കുറിച്ചാണെന്നു മനസ്സിലായി.+ 46 അവർ യേശുവിനെ പിടിക്കാൻ* ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ചു. കാരണം ജനം യേശുവിനെ ഒരു പ്രവാചകനായാണു+ കണ്ടിരുന്നത്.