ഭൂമി
നിർവ്വചനം: “ഭൂമി” എന്ന പദം തിരുവെഴുത്തുകളിൽ ഒന്നിലധികം അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി അത് നമ്മുടെ ജീവിതം ധന്യവും സംതൃപ്തികരവുമാക്കുക എന്ന ലക്ഷ്യത്തിൽ മാനുഷജീവൻ നിലനിർത്താൻ ആവശ്യമായതെല്ലാം യഹോവ എന്തിൽ ഉദാരമായി കരുതിയോ ആ ഭൂഗ്രഹത്തെത്തന്നെ പരാമർശിക്കുന്നതായി നാം വിചാരിക്കുന്നു. എന്നിരുന്നാലും “ഭൂമി” എന്നത് ഒരു ആലങ്കാരിക അർത്ഥത്തിൽ, ഉദാഹരണത്തിന് ഈ ഗ്രഹത്തിൽ ജീവിക്കുന്ന ആളുകളെ അല്ലെങ്കിൽ ചില സവിശേഷതകളുളള ഒരു മനുഷ്യസമുദായത്തെ കുറിക്കാനും, ഉപയോഗിക്കപ്പെടാൻ കഴിയും എന്ന് തിരിച്ചറിയേണ്ടതാണ്.
ഭൂഗ്രഹം ഒരു ന്യൂക്ലിയർ യുദ്ധത്തിൽ നശിപ്പിക്കപ്പെടുമോ?
ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്നാണ് ബൈബിൾ കാണിക്കുന്നത്?
മത്താ. 6:10: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും നടക്കേണമെ.”
സങ്കീ. 37:29: “നീതിമാൻമാർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ എന്നേക്കും അതിൽ വസിക്കും.”
സഭാപ്രസംഗി 1:4; സങ്കീർത്തനം 104:5 കൂടെ കാണുക.
രാഷ്ട്രങ്ങൾക്ക് ദൈവോദ്ദേശ്യം സംബന്ധിച്ച് ആദരവില്ലാത്തതിനാൽ അവർ ഭൂമിയെ മനുഷ്യവാസയോഗ്യമായിരിക്കാത്തവണ്ണം പൂർണ്ണമായി നശിപ്പിച്ചേക്കാനുളള സാദ്ധ്യതയുണ്ടോ?
യെശ. 55:8-11: “[യഹോവയുടെ അരുളപ്പാട് ഇതാണ്:] സ്വർഗ്ഗങ്ങൾ ഭൂമിക്ക് മീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. . . . എന്റെ വചനം . . . ഫലമണിയാതെ എന്നിലേക്ക് മടങ്ങി വരികയില്ല. അത് എനിക്ക് ഇഷ്ടമുളളത് ചെയ്യുകയും ഞാൻ എന്തിനുവേണ്ടി അത് അയച്ചുവോ ആ കാര്യത്തിൽ വിജയിക്കുകയും ചെയ്യും.”
യെശ. 40:15, 26: “നോക്കൂ! [യഹോവയാം ദൈവത്തിന്റെ നിലപാടിൽ നോക്കുമ്പോൾ] രാഷ്ട്രങ്ങൾ ഒരു തൊട്ടിയിൽ നിന്നുളള ഒരു തുളളിപോലെയാണ്. ത്രാസിലെ പൊടിപോലെ അവർ കണക്കാക്കപ്പെട്ടിരിക്കുന്നു. . . . ‘ നിങ്ങൾ കണ്ണുകൾ മേലോട്ട് ഉയർത്തി [സൂര്യനെയും ചന്ദ്രനെയും ശതകോടിക്കണക്കിനുളള നക്ഷത്രങ്ങളെയും] കാണുക. ഇവയെ സൃഷ്ടിച്ചതാരാണ്? അത് സംഖ്യാക്രമത്തിൽ അവയുടെ സൈന്യത്തെ പുറപ്പെടുവിക്കുന്നവനും അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നവനുമാണ്. അവന്റെ ചലനാത്മക ശക്തിയുടെ സമൃദ്ധി നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നുപോലും കുറഞ്ഞു പോകുന്നില്ല.’” (രാഷ്ട്രങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്ന ആണവശക്തി മനുഷ്യർക്ക് ഭയജനകമാണ്. എന്നാൽ ശതകോടിക്കണക്കിന് നക്ഷത്രങ്ങൾ നമുക്ക് ഗ്രഹിക്കാൻ കഴിയുന്നതിലുപരിയായി ആണവശക്തി ഉപയോഗിക്കുന്നു. ഈ ആകാശ ഗോളങ്ങളെയെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരാണ്? തന്റെ ഉദ്ദേശ്യത്തിന് വിപരീതമായി രാഷ്ട്രങ്ങൾ ആണവ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അവയെ തടയാൻ അവന് കഴിയുകയില്ലേ? ഇസ്രായേല്യരുടെ വിടുതൽ തടയാൻ ഫറവോൻ ശ്രമിച്ചപ്പോൾ അവന്റെ സൈനിക ശക്തിയെ നശിപ്പിച്ചതിൽ നിന്ന് ദൈവം അതു ചെയ്യുമെന്നുളളതിന് ഒരു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.—പുറ. 14:5-31.)
വെളി. 11:17, 18: “സർവ്വശക്തനായ യഹോവയാം ദൈവമേ, ഉണ്ടായിരിക്കുന്നവനും ഉണ്ടായിരുന്നവനുമായുളേളാവേ നീ മഹാശക്തി ധരിച്ചു രാജാവായി ഭരിച്ചു തുടങ്ങുകയാൽ ഞങ്ങൾ നിനക്ക് നന്ദി പറയുന്നു, എന്നാൽ രാഷ്ട്രങ്ങൾ കോപിച്ചു, നിന്റെ തന്നെ കോപവും വന്നു . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുളള നിയമിത കാലവും വന്നു.”
ദൈവം തന്നെ ഭൂമിയെ അഗ്നിയാൽ നശിപ്പിക്കുമോ?
2 പത്രോസ് 3:7, 10 (KJ) ആ വീക്ഷണത്തെ പിന്താങ്ങുന്നുവോ? “ഇപ്പോഴുളള ആകാശങ്ങളും ഭൂമിയും അതേ വചനത്താൽ ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയുടെയും നാശത്തിന്റെയും [“അഴിവിന്റെ,” RS] നാളിലെ തീക്കായി സൂക്ഷിക്കപ്പെട്ട് നീക്കി വച്ചിരിക്കുന്നു. . . . കർത്താവിന്റെ ദിവസം രാത്രിയിലെ ഒരു കളളനെപ്പോലെ വരും; അന്ന് ആകാശങ്ങൾ കൊടുംമുഴക്കത്തോടെ നീങ്ങിപ്പോകും, മൂല പദാർത്ഥങ്ങൾ ശക്തമായ ചൂടിൽ ഉരുകിപ്പോകും, ഭൂമിയും അതിലെ പണികളും വെന്തുപോകും. [“വെന്തു പോകും,” RS, JB; “അപ്രത്യക്ഷമാകും,” TEV; “പ്രത്യക്ഷമാകും,” NAB; “വെളിപ്പെടുത്തപ്പെടും,” NE; “കണ്ടെത്തപ്പെടും,” NW.)” (കുറിപ്പ്: പൊ. യു. 4-ാം നൂററാണ്ടിലേതായ കോഡെക്സ് സിനാററിക്കസും വത്തിക്കാൻ MS 1209-ഉം “കണ്ടെത്തപ്പെടും” എന്ന് വായിക്കപ്പെടുന്നു. പിൽക്കാലത്തെ കൈയെഴുത്തു പ്രതികൾ, അഞ്ചാം നൂററാണ്ടിലെ കോഡെക്സ് അലക്സാണ്ട്രിനൂസും 16-ാം നൂററാണ്ടിലെ വൾഗേററിന്റെ ക്ലെമെൻറ് ശോധന ചെയ്ത പകർപ്പും “വെന്തുപോകും” എന്ന് വായിക്കപ്പെടുന്നു.)
വെളിപ്പാട് 21:1 (KJ) നമ്മുടെ ഗ്രഹം നശിപ്പിക്കപ്പെടുമെന്ന് സൂചിപ്പിക്കുന്നുണ്ടോ? “ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും ഞാൻ കണ്ടു; എന്തുകൊണ്ടെന്നാൽ ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും നീങ്ങിപ്പോയി; സമുദ്രവും മേലാൽ ഇല്ല.”
ശരിയായിരിക്കണമെങ്കിൽ ഈ വാക്യങ്ങളുടെ വിശദീകരണം സന്ദർഭത്തോടും ബൈബിളിന്റെ ശേഷം ഭാഗങ്ങളോടും യോജിപ്പിലായിരിക്കണം
ഈ വാക്യങ്ങൾ (2 പത്രോസ് 3:7, 10-ഉം വെളിപ്പാട് 21:1-ഉം) അക്ഷരീയ ഭൂഗ്രഹം തീയാൽ ദഹിപ്പിക്കപ്പെടും എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ അപ്പോൾ അക്ഷരീയ ആകാശങ്ങളും (നക്ഷത്രങ്ങളും മററ് ആകാശഗോളങ്ങളും) തീയാൽ നശിപ്പിക്കപ്പെടണം. എന്നാൽ അത്തരം അക്ഷരാർത്ഥത്തിലുളള ഒരു വീക്ഷണം മത്തായി 6:10, സങ്കീർത്തനം 37:29, 104:5 കൂടാതെ സദൃശവാക്യങ്ങൾ 2:21, 22 എന്നീ വാക്യങ്ങളിലെ ഉറപ്പിന് വിപരീതമാണ്. കൂടാതെ ഇപ്പോൾ തന്നെ വളരെ ഉയർന്ന ഊഷ്മാവുളള സൂര്യന്റെ മേലും നക്ഷത്രങ്ങളുടെ മേലും തീയ്ക്ക് എന്തു ഫലമാണുണ്ടാവുക? അതുകൊണ്ട് മേലുദ്ധരിച്ച വാക്യങ്ങളിലെ “ഭൂമി” എന്ന പദം വ്യത്യസ്തമായ ഒരർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.
ഉൽപത്തി 11:1, 1 രാജാക്കൻമാർ 2:1, 2, 1 ദിനവൃത്താന്തം 16:31, സങ്കീർത്തനം 96:1 മുതലായ വാക്യങ്ങളിൽ “ഭൂമി” എന്ന പദം മനുഷ്യവർഗ്ഗത്തെ, മാനുഷ സമുദായത്തെ, പരാമർശിച്ചുകൊണ്ട് ഒരു ആലങ്കാരിക അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. 2 പത്രോസ് 3:7, 10-ലും വെളിപ്പാട് 21:1-ലും അങ്ങനെയായിരിക്കുമോ?
2 പത്രോസ് 3:5, 6-ൽ (കൂടാതെ 2:5, 9-ലും) നോഹയുടെ നാളിനോട് ഒരു സമാനത വരച്ചു കാട്ടിയിരിക്കുന്നു, അന്ന് ദുഷ്ട മാനുഷ സമുദായം നശിപ്പിക്കപ്പെട്ടു, എന്നാൽ നോഹയും അവന്റെ കുടുംബവും ഭൂഗോളം തന്നെയും സംരക്ഷിക്കപ്പെട്ടു. അതുപോലെ “അഭക്തരായ മനുഷ്യരാണ്” നശിപ്പിക്കപ്പെടാനുളളതെന്ന് 2 പത്രോസ് 3:7-ൽ പറഞ്ഞിരിക്കുന്നു. ഇവിടെ “ഭൂമി” ദുഷ്ടമാനുഷ സമുദായത്തെ അർത്ഥമാക്കുന്നു എന്ന വീക്ഷണം മേലുദ്ധരിച്ച വാക്യങ്ങൾ ദൃഷ്ടാന്തീകരിക്കുന്നതുപോലെ ബൈബിളിന്റെ ശേഷം ഭാഗങ്ങളോട് പൂർണ്ണയോജിപ്പിലാണ്. പ്രതീകാത്മക “ഭൂമി” അല്ലെങ്കിൽ ദുഷ്ട മാനുഷ സമുദായമാണ് “കണ്ടെത്തപ്പെടുന്നത്”; അതായത് തീയാലെന്നപോലെ യഹോവ എല്ലാ കപടവേഷവും കരിച്ചു കളയുകയും പൂർണ്ണനാശത്തിന് യോഗ്യമെന്ന് പ്രകടമാക്കിക്കൊണ്ട് അഭക്ത മാനുഷസമുദായത്തിന്റെ ദുഷ്ടതയെ തുറന്നുകാട്ടുകയും ചെയ്യും. വെളിപ്പാട് 21:1 (KJ)ൽ പറഞ്ഞിരിക്കുന്ന “ആദ്യത്തെ ഭൂമിയും” ദുഷ്ട മനുഷ്യരുടെ സമുദായം തന്നെയാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളുടെ വീക്ഷണത്തിൽ ലൂക്കോസ് 21:33-ലെ യേശുവിന്റെ വാക്കുകൾ (“ആകാശവും ഭൂമിയും നീങ്ങിപ്പോകും, എന്നാൽ . . . ”) പ്രതീകാർഥത്തിലുള്ളതാണെന്ന് മനസ്സിലാക്കാം. സമാനമായി, വെളിപ്പാട് 21:1-ൽ “ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും” എന്നു പറഞ്ഞിരിക്കുന്നു.—മത്തായി 24:35 കൂടെ കാണുക.
നീതിമാൻമാർ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ദുഷ്ടൻമാർ നശിപ്പിക്കപ്പെട്ടശേഷം ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരപ്പെടുകയും ചെയ്യുമോ?
വെളിപ്പാട് 21:2, 3 ആ വീക്ഷണത്തെ പിന്താങ്ങുന്നുണ്ടോ? അത് ഇപ്രകാരം പറയുന്നു: “പുതിയ യെരൂശലേമെന്ന വിശുദ്ധ നഗരം തന്റെ ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വർഗ്ഗത്തിൽ നിന്ന്, ദൈവസന്നിധിയിൽ നിന്ന് ഇറങ്ങി വരുന്നതും ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽ നിന്ന് ഒരു വലിയ സ്വരം ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ‘നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടു കൂടെയാണ്, അവൻ അവരോടുകൂടെ വസിക്കുകയും അവർ അവന് ജനങ്ങളായിരിക്കുകയും ചെയ്യും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്യും.’” (ദൈവം മനുഷ്യവർഗ്ഗത്തോടുകൂടെ “വസിക്കുമെന്നും” “അവരോടുകൂടെ ഉണ്ടായിരിക്കു”മെന്നുമുളള വസ്തുത അവൻ ജഡശരീരമുളളവനായിത്തീരുമെന്ന് അർത്ഥമാക്കുന്നുണ്ടോ? അങ്ങനെയായിരിക്കുകയില്ല, എന്തുകൊണ്ടെന്നാൽ യഹോവ മോശയോട് ഇപ്രകാരം പറഞ്ഞു: “യാതൊരു മനുഷ്യനും എന്നെ കണ്ടിട്ട് ജീവനോടിരിക്കുക സാദ്ധ്യമല്ല.” [പുറ. 33:20] അതിനോടുളള ചേർച്ചയിൽ അപ്പോൾ പുതിയ യെരുശലേമിലെ അംഗങ്ങൾ ഭൗതിക വ്യക്തികളായി ഭൂമിയിലേക്ക് മടങ്ങി വരികയില്ല. അപ്പോൾ ദൈവം “മനുഷ്യവർഗ്ഗത്തോടുകൂടെ”യായിരിക്കുന്നതും പുതിയ യെരൂശലേം ‘സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നതും’ ഏതർത്ഥത്തിലായിരിക്കാൻ കഴിയും? ദൈവം സാറായെ “സന്ദർശിച്ച്” അവളുടെ വാർദ്ധക്യത്തിൽ അവൾക്ക് ഒരു പുത്രനെ നൽകി അനുഗ്രഹിച്ചു എന്ന് പറയുന്ന ഉൽപത്തി 21:1-ൽ തീർച്ചയായും ഒരു സൂചനയുണ്ട്. മോശയെ ഒരു വിമോചകനായി അയച്ചുകൊണ്ട് ദൈവം ഇസ്രായേല്യരെ “സന്ദർശിച്ചു” എന്ന് പുറപ്പാട് 4:31 നമ്മോടു പറയുന്നു. യേശുവിന്റെ ശുശ്രൂഷയിലൂടെ ദൈവം തന്റെ ജനത്തെ “സന്ദർശിച്ചു”വെന്ന് ലൂക്കോസ് 7:16 പറയുന്നു. [എല്ലാം KJ-യിൽ നിന്നും RS-ൽ നിന്നുമാണ്.] മററു ഭാഷാന്തരങ്ങൾ ദൈവം തന്റെ ജനത്തിലേക്ക് “ശ്രദ്ധ തിരിച്ചു” [NW] അല്ലെങ്കിൽ ‘അവരോട് താൽപര്യം കാണിച്ചു’ [NE] എന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് എന്തിലൂടെ അനുസരണമുളള മനുഷ്യവർഗ്ഗം അനുഗ്രഹിക്കപ്പെടുമോ ആ സ്വർഗ്ഗീയമായ പുതിയ യെരൂശലേം മുഖാന്തരം ദൈവം മനുഷ്യവർഗ്ഗത്തെ ‘സന്ദർശിക്കുകയോ’ അവരോടുകൂടെയായിരിക്കുകയോ ചെയ്യും എന്നാണ് വെളിപ്പാട് 21:2, 3 അർത്ഥമാക്കേണ്ടത്.)
സദൃ. 2:21, 22, KJ: “നീതിമാൻമാർ ദേശത്ത് വസിക്കും [“ഭൂമിയിൽ,” NE], പൂർണ്ണതയുളളവർ [“കുററമില്ലാത്തവർ,” NE] അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടൻമാർ ഭൂമിയിൽ നിന്ന് ഛേദിക്കപ്പെടും, അതിക്രമികൾ അതിൽ നിന്ന് പിഴുതുകളയപ്പെടും.” (കുററമില്ലാത്തവർ ഭൂമിയിലേക്ക് മടങ്ങി വരുമെന്നല്ല “അതിൽ ശേഷിച്ചിരിക്കു”മെന്നാണ് അത് പറയുന്നതെന്ന് കുറിക്കൊളളുക.)
ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന് മാററം വന്നിട്ടുണ്ടോ?
ഉൽപ. 1:27, 28: “ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിക്കാൻ തുടങ്ങി, ദൈവത്തിന്റെ സാദൃശ്യത്തിൽ അവൻ അവനെ സൃഷ്ടിച്ചു; അവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു; കൂടാതെ, ദൈവം അവരെ അനുഗ്രഹിക്കുകയും ദൈവം അവരോട് ഇപ്രകാരം പറയുകയും ചെയ്തു: ‘നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുകയും അതിനെ കീഴടക്കി സമുദ്രത്തിലെ മൽസ്യത്തിൻമേലും ആകാശങ്ങളിലെ പറവജാതികളിൻമേലും ഭൂമിയിൽ ചരിക്കുന്ന ജീവനുളള സകല ജന്തുക്കളിൻമേലും വാഴുകയും ചെയ്വിൻ.’” (അപ്രകാരം ആഗോള പരദീസയുടെ പരിപാലകരെന്ന നിലയിൽ ആദാമിന്റെയും ഹവ്വായുടെയും സന്തതികളെക്കൊണ്ട് ഭൂമിയെ നിറക്കുന്നതിനുളള തന്റെ ഉദ്ദേശ്യം ദൈവം സൂചിപ്പിച്ചു. മനുഷ്യൻ തന്റെ ദൂരദർശിനികളാലും ശൂന്യാകാശകപ്പലുകളാലും പരിശോധിച്ചിട്ടുളള സകല ഗ്രഹങ്ങളിലും വച്ച് അതുല്യമായ ഒന്നാക്കിത്തീർത്തുകൊണ്ട് ദൈവം മനുഷ്യവാസത്തിനുവേണ്ടി ഈ ഭൂമിയെ അത്ഭുതകരമായി രൂപസംവിധാനം ചെയ്തശേഷം ആദാമിന്റെ പാപം കാരണം തന്റെ ഉദ്ദേശ്യം ഒരിക്കലും നിവർത്തിക്കപ്പെടാതെ വിട്ടുകൊണ്ട് സ്രഷ്ടാവ് അത് ഉപേക്ഷിച്ചു കളഞ്ഞോ?)
യെശ. 45:18: “ആകാശങ്ങളുടെ സ്രഷ്ടാവ്, സത്യദൈവം, ഭൂമിയെ രൂപപ്പെടുത്തുകയും നിർമ്മിക്കുകയും ചെയ്തവൻ, വ്യർത്ഥമായി അതിനെ നിർമ്മിക്കാതെ പാർപ്പിനായിത്തന്നെ അതിനെ രൂപപ്പെടുത്തുകയും ഉറപ്പായി സ്ഥാപിക്കുകയും ചെയ്തവൻ, യഹോവ, പറഞ്ഞിരിക്കുന്നത് ഇതാണ്: ‘ഞാൻ തന്നെ യഹോവ, മറെറാരുത്തനുമില്ല.’” (യെശയ്യാവ് 55:10, 11 കൂടെ കാണുക.)
ദൈവത്തിന്റെ നൂതനക്രമത്തിൽ ആരും ഒരിക്കലും മരിക്കുകയില്ലെങ്കിൽ ഭൂമിക്ക് എല്ലാവരെയും എങ്ങനെ ഉൾക്കൊളളാൻ കഴിയും?
ദൈവം ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചപ്പോൾ “നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുക” എന്ന് അവൻ പറഞ്ഞു എന്നത് മനസ്സിൽ പിടിക്കുക. (ഉൽപ. 1:28) ദൈവം മനുഷ്യന് പുനരുൽപാദന പ്രാപ്തി നൽകി, അത് സംബന്ധിച്ചുളള അവന്റെ ഉദ്ദേശ്യം നിവൃത്തിയായിക്കഴിയുമ്പോൾ ഭൂമിയിൽ പുനരുൽപാദനം നിന്നുപോകാൻ ഇടയാക്കാനും അവന് കഴിയും.
ഏതുതരം ആളുകളെയാണ് ദൈവം ഭൂമിയിലെ നിത്യജീവൻ നൽകി അനുഗ്രഹിക്കുന്നത്?
സെഫ. 2:3: “യഹോവയുടെ ന്യായവിധിത്തീർപ്പുകൾ അനുസരിച്ചിരിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യൻമാരുമായുളേളാരെ, യഹോവയെ അന്വേഷിക്കുവിൻ. നീതി അന്വേഷിക്കുവിൻ, സൗമ്യത അന്വേഷിക്കുവിൻ. യഹോവയുടെ കോപദിവസത്തിൽ നിങ്ങൾ മറയ്ക്കപ്പെടാനിടയുണ്ട്.”
സങ്കീ. 37:9, 11: “യഹോവയെ പ്രത്യാശിക്കുന്നവരാണ് ഭൂമിയെ കൈവശമാക്കുന്നത്. . . . സൗമ്യതയുളളവർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ വാസ്തവമായും സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”