ഭർത്താക്കന്മാരേ, ശിരസ്ഥാനം വഹിക്കുന്നതിൽ ക്രിസ്തുവിനെ മാതൃകയാക്കുക
“ഏതു പുരുഷന്റെയും തല ക്രിസ്തു.”—1 കൊരിന്ത്യർ 11:3.
1, 2. (എ) ഒരു ഭർത്താവിന്റെ വിജയം എങ്ങനെ അളക്കാൻ കഴിയും? (ബി) വിവാഹം ഒരു ദിവ്യ ക്രമീകരണമാണെന്നു തിരിച്ചറിയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
എങ്ങനെയാണു നിങ്ങൾ വിവാഹിതനായ ഒരു പുരുഷന്റെ വിജയം അളക്കുന്നത്? അദ്ദേഹത്തിന്റെ ബൗദ്ധികമോ ശാരീരികമോ ആയ കഴിവിന്റെയോ പണമുണ്ടാക്കാനുള്ള പ്രാപ്തിയുടെയോ അടിസ്ഥാനത്തിലായിരിക്കുമോ? അതോ ഭാര്യയോടും മക്കളോടും അദ്ദേഹം പ്രകടമാക്കുന്ന സ്നേഹത്തിന്റെയും ദയയുടെയും അടിസ്ഥാനത്തിലായിരിക്കുമോ? ഒടുവിൽ പറഞ്ഞ മാനദണ്ഡം വെച്ചുനോക്കുമ്പോൾ ഇന്ന് അനേകം ഭർത്താക്കന്മാരും വളരെ പുറകിലാണ്, കാരണം ലോകത്തിന്റെ ആത്മാവും മാനുഷ നിലവാരങ്ങളുമാണ് അവരെ ഭരിക്കുന്നത്. “മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു”കൊണ്ട് വിവാഹക്രമീകരണത്തിനു തുടക്കംകുറിച്ചവന്റെ മാർഗനിർദേശം അംഗീകരിക്കാനും ബാധകമാക്കാനും പരാജയപ്പെടുന്നതുകൊണ്ടാണു മുഖ്യമായും അവർക്ക് അങ്ങനെ സംഭവിക്കുന്നത്.—ഉല്പത്തി 2:21-24.
2 വിവാഹത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ഈ ബൈബിൾ വിവരണത്തിന്റെ സത്യത സ്ഥിരീകരിച്ചുകൊണ്ട് തന്റെ നാളിലെ വിമർശകരോട് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” (മത്തായി 19:4-6) വിവാഹം ഒരു ദിവ്യ ക്രമീകരണമാണെന്നും അതിന്റെ നിലനിൽപ്പ് ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന മാർഗനിർദേശം ബാധകമാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും തിരിച്ചറിയുന്നതാണു വിവാഹജീവിതം വിജയപ്രദമാക്കാനുള്ള താക്കോൽ.
വിജയപാതയിൽ ഭർത്താക്കന്മാർക്ക് ഒരു വഴികാട്ടി
3, 4. (എ) വിവാഹജീവിതം സംബന്ധിച്ച് യേശുവിന് അപാരമായ അറിവു ലഭിച്ചത് എങ്ങനെ? (ബി) ആരാണ് യേശുവിന്റെ ആലങ്കാരിക ഭാര്യ, ഒരു ഭർത്താവ് ഭാര്യയോട് എങ്ങനെ ഇടപെടണം?
3 യേശു പറഞ്ഞ കാര്യങ്ങൾ പഠിക്കുന്നതും അവന്റെ മാതൃക അനുകരിക്കുന്നതും ഭർത്താവെന്ന നിലയിൽ വിജയിക്കാൻ ഒരു വ്യക്തിയെ സഹായിക്കും. അവന് ഈ വിഷയത്തിൽ അപാരമായ അറിവുണ്ട്. കാരണം, ആദ്യ പുരുഷന്റെയും സ്ത്രീയുടെയും സൃഷ്ടിക്കും വിവാഹത്തിനും അവൻ സാക്ഷ്യംവഹിച്ചിരുന്നു. അവനോട് യഹോവയാം ദൈവം ഇങ്ങനെ പറഞ്ഞു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” (ഉല്പത്തി 1:26) അതേ, മറ്റെല്ലാവർക്കും അതുപോലെതന്നെ മറ്റെല്ലാറ്റിനും മുമ്പായി ദൈവം സൃഷ്ടിച്ചവനും “അവന്റെ അടുക്കൽ ശില്പി ആയിരുന്ന”വനുമായ യേശുവിനോടായിരുന്നു അവൻ സംസാരിച്ചത്. (സദൃശവാക്യങ്ങൾ 8:22-30) “സർവ്വസൃഷ്ടിക്കും ആദ്യജാത”നാണവൻ. “ദൈവസൃഷ്ടിയുടെ ആരംഭമായ” അവൻ പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അസ്തിത്വത്തിലുണ്ടായിരുന്നു.—കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14.
4 “ദൈവത്തിന്റെ കുഞ്ഞാട്” എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഒരു ആലങ്കാരിക അർഥത്തിൽ ഭർത്താവെന്നു വിശേഷിപ്പിച്ചിരിക്കുന്നു. “വരിക, കുഞ്ഞാടിന്റെ . . . മണവാട്ടിയെ കാണിച്ചുതരാം” എന്ന് ഒരിക്കൽ ഒരു ദൂതൻ പറഞ്ഞു. (യോഹന്നാൻ 1:29; വെളിപ്പാടു 21:9) ആരാണ് ഈ മണവാട്ടി? ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരിക്കുന്ന അവന്റെ വിശ്വസ്തരായ ആത്മാഭിഷിക്ത അനുഗാമികളാണ് “കുഞ്ഞാടിന്റെ . . . മണവാട്ടി.” (വെളിപ്പാടു 14:1, 3) അതുകൊണ്ട് ഭൂമിയിലായിരിക്കെ യേശു തന്റെ ശിഷ്യന്മാരോട് ഇടപെട്ട വിധം ഭാര്യമാരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ ഭർത്താക്കന്മാർക്ക് ഒരു മാതൃക പ്രദാനം ചെയ്യുന്നു.
5. യേശു ആർക്ക് ഒരു മാതൃകയാണ്?
5 “ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ അവന്റെ അനുഗാമികൾക്കെല്ലാമുള്ള ഒരു മാതൃകയായി ബൈബിൾ എടുത്തുകാട്ടുന്നുവെന്നതു സത്യംതന്നെ. (1 പത്രൊസ് 2:21) എന്നിരുന്നാലും പുരുഷന്മാർക്ക് അവൻ വിശേഷാൽ ഒരു മാതൃകയാണ്. “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 11:3) ക്രിസ്തു പുരുഷന്റെ തലയായതിനാൽ ഭർത്താക്കന്മാർ അവന്റെ മാതൃക അനുകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ശിരസ്ഥാനതത്ത്വം ബാധകമാക്കിയാൽ മാത്രമേ കുടുംബങ്ങൾക്കു വിജയവും സന്തുഷ്ടിയും കണ്ടെത്താനാകൂ. യേശു തന്റെ ആലങ്കാരിക ഭാര്യയായ അഭിഷിക്ത അനുഗാമികളോട് ഇടപെടുന്ന സ്നേഹപുരസ്സരമായ വിധത്തിൽ ഭർത്താക്കന്മാർ ഭാര്യമാരോട് ഇടപെടുമ്പോൾ കുടുംബജീവിതം സന്തുഷ്ടമായിത്തീരുന്നു.
ദാമ്പത്യപ്രശ്നങ്ങൾ എങ്ങനെ നേരിടാം?
6. ഭർത്താക്കന്മാർ ‘ഭാര്യമാരോടുകൂടെ വസിക്കേണ്ടത്’ എങ്ങനെ?
6 പ്രശ്നപൂരിതമായ ഈ ലോകത്തിൽ ഭർത്താക്കന്മാർ യേശുവിന്റെ ക്ഷമയും സ്നേഹവും നീതിയുള്ള തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള ദൃഢചിത്തതയും വിശേഷാൽ അനുകരിക്കേണ്ടതുണ്ട്. (2 തിമൊഥെയൊസ് 3:1-5) അവന്റെ മാതൃകയോടുള്ള ബന്ധത്തിൽ ബൈബിൾ ഇങ്ങനെ പറയുന്നു: ‘അങ്ങനെ തന്നേ ഭർത്താക്കന്മാരേ, വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചുകൊൾവിൻ.’ (1 പത്രൊസ് 3:7) യേശു പ്രതിസന്ധികൾ കൈകാര്യം ചെയ്തതുപോലെ ഭർത്താക്കന്മാർ ഉൾക്കാഴ്ചയോടെ ദാമ്പത്യപ്രശ്നങ്ങൾ നേരിടണം. മറ്റേതൊരു മനുഷ്യന് ഉണ്ടായിട്ടുള്ളതിലും ക്ലേശങ്ങൾ അവൻ അനുഭവിച്ചു. എന്നാൽ അതിനെല്ലാം കാരണം സാത്താനും അവന്റെ ഭൂതങ്ങളും ഈ ദുഷ്ടലോകവുമാണെന്ന് അവന് അറിയാമായിരുന്നു. (യോഹന്നാൻ 14:30; എഫെസ്യർ 6:12) പ്രയാസങ്ങൾ നേരിട്ടപ്പോൾ അവൻ ഒരിക്കലും അമ്പരന്നുപോയില്ല, സമാനമായി, “ജഡത്തിൽ കഷ്ടത ഉണ്ടാകു”മ്പോൾ വിവാഹ പങ്കാളികളും അതിശയിച്ചുപോകരുത്. വിവാഹം കഴിക്കുന്നവർക്ക് ഇത്തരം കഷ്ടങ്ങളുണ്ടാകാമെന്ന് ബൈബിൾ ഓർമിപ്പിക്കുന്നു.—1 കൊരിന്ത്യർ 7:28.
7, 8. (എ) വിവേകത്തോടെ ഭാര്യയോടൊപ്പം വസിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (ബി) ഭാര്യമാർ ബഹുമാനത്തിനു യോഗ്യരായിരിക്കുന്നത് എന്തുകൊണ്ട്?
7 ഭർത്താക്കന്മാർ “വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നു . . . ഓർത്തു അവർക്കു ബഹുമാനം കൊടു”ക്കണമെന്ന് ബൈബിൾ പറയുന്നു. (1 പത്രൊസ് 3:7) ഭാര്യയുടെമേൽ നിർദയം അധികാരം പ്രയോഗിക്കാൻ പുരുഷൻ പ്രവണത കാട്ടുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെങ്കിലും ദൈവാംഗീകാരം പ്രതീക്ഷിക്കുന്ന ഒരു ഭർത്താവ് തന്റെ ഭാര്യയെ ബഹുമാനിക്കും. (ഉല്പത്തി 3:16) ദേഹോപദ്രവം ഏൽപ്പിക്കാൻ തന്റെ കൈക്കരുത്ത് ഒരിക്കലും ഉപയോഗിക്കാതെ ഭാര്യയെ ഒരു അമൂല്യ നിധിയായി വീക്ഷിക്കാൻ അദ്ദേഹം ആഗ്രഹിക്കും. എല്ലായ്പോഴും ആദരവോടും അന്തസ്സോടും കൂടെ പെരുമാറിക്കൊണ്ട് അദ്ദേഹം ഭാര്യയുടെ വികാരങ്ങൾ മാനിക്കും.
8 ഭർത്താവ് ഭാര്യക്ക് ഉചിതമായ ബഹുമാനം കൊടുക്കേണ്ടത് എന്തുകൊണ്ടാണ്? “നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു” എന്നും “അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ” ആയതുകൊണ്ട് എന്നും ബൈബിൾ ഉത്തരം പറയുന്നു. (1 പത്രൊസ് 3:7) യഹോവയെ ആരാധിക്കുന്ന ഒരു പുരുഷൻ, അപ്രകാരം ചെയ്യുന്ന ഒരു സ്ത്രീയെക്കാൾ ഏതെങ്കിലും വിധത്തിൽ മികച്ചുനിൽക്കുന്നതായി യഹോവ കരുതുന്നില്ലെന്നു ഭർത്താക്കന്മാർ തിരിച്ചറിയണം. ദൈവാംഗീകാരത്തിനു യോഗ്യരായിത്തീരുന്ന സ്ത്രീകളും, പുരുഷന്മാരോടൊപ്പം നിത്യജീവനാകുന്ന പ്രതിഫലം സ്വന്തമാക്കും. അവരിൽ പലർക്കും സ്വർഗീയ ജീവൻപോലും ലഭിക്കും, അവിടെ “ആണും പെണ്ണും” എന്ന വ്യത്യാസമൊന്നുമില്ല. (ഗലാത്യർ 3:28) അതുകൊണ്ട് ഒരു വ്യക്തിയുടെ വിശ്വസ്തതയാണ് അദ്ദേഹത്തെ ദൈവത്തിന്റെ കണ്ണിൽ വിലയേറിയവനാക്കുന്നതെന്നു ഭർത്താക്കന്മാർ ഓർത്തിരിക്കണം. ആ വ്യക്തി ആണാണോ പെണ്ണാണോ, ഭർത്താവാണോ ഭാര്യയാണോ അതോ വെറുമൊരു കുട്ടിയാണോ എന്നതൊന്നുമല്ല ദൈവം നോക്കുന്നത്.—1 കൊരിന്ത്യർ 4:2.
9. (എ) ഏതു കാരണത്താൽ ഭർത്താവ് ഭാര്യയെ ബഹുമാനിക്കണം എന്നാണു പത്രൊസ് പറയുന്നത്? (ബി) യേശു സ്ത്രീകളോടു ബഹുമാനം പ്രകടമാക്കിയത് എങ്ങനെ?
9 “പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു” എന്ന വാക്കുകൾ ഭർത്താവ് ഭാര്യയോടു ബഹുമാനപൂർവം ഇടപെടേണ്ടത് എത്ര അനിവാര്യമാണെന്നതിന് അടിവരയിടുന്നു. പ്രാർഥനയ്ക്കു മുടക്കം സംഭവിക്കുന്നത് എത്ര അപകടകരമാണ്! ഭാര്യയോടു ബഹുമാനം കാണിക്കാതിരിക്കുന്നത് ഭർത്താവിന്റെ പ്രാർഥനകൾ ദൈവത്തിങ്കലേക്കു കടന്നുചെല്ലാതിരിക്കാൻപോലും ഇടയാക്കിയേക്കാം. ദൈവനിയമങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ട ചില മുൻകാല ദൈവദാസരുടെ പ്രാർഥനയുടെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. (വിലാപങ്ങൾ 3:43, 44) വിവാഹിതരും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവരുമായ ക്രിസ്തീയ പുരുഷന്മാർ, യേശു സ്ത്രീകളോട് ഇടപെട്ട ആദരണീയമായ വിധം സംബന്ധിച്ചു പഠിക്കുന്നതു ജ്ഞാനമാണ്. ശുശ്രൂഷയിൽ തന്നോടും മറ്റുള്ളവരോടുമൊപ്പം ചേരാൻ അവൻ അവരെ ക്ഷണിക്കുകയും അവരോട് ദയയും ആദരവും പ്രകടമാക്കുകയും ചെയ്തു. ഒരിക്കൽ, അത്യന്തം ആശ്ചര്യകരമായ ഒരു വാർത്ത യേശു ആദ്യമായി വെളിപ്പെടുത്തിയതു സ്ത്രീകളോടായിരുന്നു, അക്കാര്യം പുരുഷന്മാരെ അറിയിക്കാൻ അവൻ അവരോടു പറയുകയും ചെയ്തു.—മത്തായി 28:1, 8-10; ലൂക്കൊസ് 8:1-3.
ഭർത്താക്കന്മാർക്ക് ഒരു വിശിഷ്ട മാതൃക
10, 11. (എ) ഭർത്താക്കന്മാർ യേശുവിന്റെ മാതൃകയെക്കുറിച്ചു പഠിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഭർത്താവ് ഭാര്യയോടു സ്നേഹം പ്രകടമാക്കേണ്ടത് എങ്ങനെ?
10 മുമ്പു സൂചിപ്പിച്ചതുപോലെ, ഒരു ഭർത്താവിന് തന്റെ ഭാര്യയോടുള്ള ബന്ധത്തെ, ക്രിസ്തുവിന് അവന്റെ അഭിഷിക്ത അനുഗാമികളുടെ സഭയാകുന്ന “മണവാട്ടി”യുമായുള്ള ബന്ധത്തോടാണു ബൈബിൾ താരതമ്യം ചെയ്യുന്നത്. “ക്രിസ്തു . . . സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു” എന്ന് എഫെസ്യർ 5:23 പറയുന്നു. യേശു തന്റെ ശിരസ്ഥാനം അഥവാ നേതൃത്വം പ്രയോഗിച്ച വിധം പരിശോധിക്കാൻ ഈ വാക്കുകൾ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവന്റെ ശ്രേഷ്ഠ മാതൃക പിൻപറ്റാനും അവനു സഭയോടുണ്ടായിരുന്നതുപോലുള്ള സ്നേഹവും കരുതലും ശ്രദ്ധയും ഭാര്യയോടു പ്രകടമാക്കാനും അങ്ങനെ മാത്രമേ ഭർത്താക്കന്മാർക്കു കഴിയൂ.
11 “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ” എന്ന് ക്രിസ്ത്യാനികളെ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 5:25) എഫെസ്യർ 4-ാം അധ്യായത്തിൽ സഭയെ “ക്രിസ്തുവിന്റെ ശരീര”മെന്നാണു വിളിച്ചിരിക്കുന്നത്. ഈ ആലങ്കാരിക ശരീരത്തിൽ പുരുഷന്മാരും സ്ത്രീകളുമായി ‘പല അവയവങ്ങൾ’ ഉണ്ട്. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അവരെല്ലാം സംഭാവന ചെയ്യുന്നു. തീർച്ചയായും യേശുവാണ് “സഭ എന്ന ശരീരത്തിന്റെ തല.”—എഫെസ്യർ 4:13; 1 കൊരിന്ത്യർ 12:12, 13, 27; കൊലൊസ്സ്യർ 1:18.
12. യേശു തന്റെ ആലങ്കാരിക ശരീരത്തോടു സ്നേഹം പ്രകടമാക്കിയത് എങ്ങനെ?
12 “സഭ”യുടെ അംഗങ്ങളായി തീരുമായിരുന്നവരുടെ താത്പര്യങ്ങൾ പരിഗണനയോടെ നിറവേറ്റിക്കൊണ്ട് യേശു തന്റെ ആലങ്കാരിക ശരീരത്തോടു പ്രത്യേക വിധത്തിൽ സ്നേഹം പ്രകടമാക്കി. ഉദാഹരണത്തിന് ശിഷ്യന്മാർക്കു ക്ഷീണം അനുഭവപ്പെട്ട ഒരു സന്ദർഭത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ.” (മർക്കൊസ് 6:31) യേശുവിന്റെ മരണത്തിന് ഏതാനും മണിക്കൂർമുമ്പത്തെ സാഹചര്യം വിവരിക്കവേ, അപ്പൊസ്തലന്മാരിൽ ഒരാൾ ഇങ്ങനെ എഴുതി: “ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ [അതായത്, തന്റെ ആലങ്കാരിക ശരീരത്തിലെ അംഗങ്ങളെ] അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1, പി.ഒ.സി. ബൈബിൾ) ഭർത്താവ് ഭാര്യയോട് എങ്ങനെ ഇടപെടണമെന്നതിനുള്ള എത്ര നല്ല മാതൃകയാണ് യേശു നൽകിയിരിക്കുന്നത്!
13. ഭാര്യമാരെ ഏതു വിധത്തിൽ സ്നേഹിക്കാൻ ഭർത്താക്കന്മാർ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു?
13 യേശുവിന്റെ മാതൃകയെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ ഭർത്താക്കന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്നേഹിക്കേണം.”—എഫെസ്യർ 5:28, 29, 32.
14. ഒരു ഭർത്താവ് തന്റെ അപൂർണ ശരീരത്തോട് ഇടപെടുന്നത് എങ്ങനെ, അദ്ദേഹം ഭാര്യയോട് എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ച് ഇത് എന്തു സൂചിപ്പിക്കുന്നു?
14 പൗലൊസിന്റെ ആ വാക്കുകളെക്കുറിച്ചു ചിന്തിക്കുക. സുബോധമുള്ള ഒരു വ്യക്തി എപ്പോഴെങ്കിലും മനഃപൂർവം തന്റെ ശരീരത്തിനു ഹാനിവരുത്തുമോ? എവിടെയെങ്കിലും തട്ടിവീഴാൻ തുടങ്ങിയാൽ അതിന്റെ പേരിൽ ഒരു വ്യക്തി സ്വന്തം കാലിനെ ശിക്ഷിക്കുമോ? തീർച്ചയായുമില്ല! സുഹൃത്തുക്കൾക്കുമുമ്പിൽ ഒരു ഭർത്താവ് തന്നെത്തന്നെ താഴ്ത്തിക്കെട്ടുകയോ സ്വന്തം കുറ്റങ്ങൾ കൊട്ടിഘോഷിക്കുകയോ ചെയ്യുമോ? ഇല്ല! അപ്പോൾപ്പിന്നെ ഭാര്യ ഒരു തെറ്റു ചെയ്താൽ അദ്ദേഹം അവളെ വിമർശിക്കുകയോ ഉപദ്രവിക്കുകയോ പോലും ചെയ്യുന്നതു ശരിയാണോ? ഭർത്താക്കന്മാർ സ്വന്തം ഗുണം മാത്രമല്ല, ഭാര്യമാരുടെ ഗുണവുംകൂടെ നോക്കേണ്ടതുണ്ട്.—1 കൊരിന്ത്യർ 10:24; 13:5.
15. (എ) ശിഷ്യന്മാർ മനുഷ്യസഹജമായ ബലഹീനത പ്രകടമാക്കിയപ്പോൾ യേശു എന്തു ചെയ്തു? (ബി) അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാനാകും?
15 യേശുവിന്റെ മരണത്തിനു തലേ രാത്രിയിൽ ശിഷ്യന്മാർ മനുഷ്യസഹജമായ ബലഹീനത പ്രകടമാക്കിയപ്പോൾ അവൻ അവരോടു പരിഗണന കാണിച്ചത് എങ്ങനെയെന്നു നോക്കുക. ഗെത്ത്ശെമന തോട്ടത്തിലായിരിക്കെ, പ്രാർഥിച്ചുകൊണ്ടിരിക്കാൻ അവൻ വീണ്ടുംവീണ്ടും അഭ്യർഥിച്ചിട്ടും അവർ മൂന്നു പ്രാവശ്യം ഉറക്കത്തിൽ വീണുപോയി. പെട്ടെന്ന് പടയാളികൾ അവനെ വളഞ്ഞു. “നിങ്ങൾ ആരെ തിരയുന്നു,” യേശു ചോദിച്ചു. “നസറായനായ യേശുവിനെ” എന്ന് അവർ പറഞ്ഞപ്പോൾ “അതു ഞാൻ തന്നേ” എന്ന് അവൻ മറുപടി നൽകി. തന്റെ മരണത്തിനുള്ള “നാഴിക വന്നു”വെന്നു മനസ്സിലാക്കിക്കൊണ്ട് അവൻ പറഞ്ഞു: “എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ.” തന്റെ ആലങ്കാരിക മണവാട്ടിയുടെ ഭാഗമായ ആ ശിഷ്യന്മാരുടെ ക്ഷേമത്തിനു ശ്രദ്ധകൊടുക്കുന്നതിൽ യേശു ഒരിക്കലും പരാജയപ്പെട്ടില്ല, അവർക്കു രക്ഷപ്പെടാൻ അവൻ വഴിയൊരുക്കുകയും ചെയ്തു. യേശു തന്റെ ശിഷ്യന്മാരോട് ഇടപെട്ട വിധം മനസ്സിലാക്കുന്നതിലൂടെ ഭാര്യയോടുള്ള പെരുമാറ്റത്തിൽ ബാധകമാക്കാൻ കഴിയുന്ന അനേകം തത്ത്വങ്ങൾ കണ്ടെത്താൻ ഭർത്താക്കന്മാർക്കു കഴിയും.—യോഹന്നാൻ 18:1-9; മർക്കൊസ് 14:34-37, 41.
വികാരങ്ങൾക്ക് ഉപരിയായ സ്നേഹം
16. മാർത്തയോടു സ്നേഹമുണ്ടായിരുന്നിട്ടും യേശു അവൾക്കു തിരുത്തൽ നൽകിയത് എങ്ങനെ?
16 യേശു, പലപ്പോഴും തനിക്ക് ആതിഥ്യമരുളിയിരുന്ന “മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 11:5) എന്നിരുന്നാലും, അവനിൽനിന്ന് ആത്മീയ കാര്യങ്ങൾ പഠിക്കാനുള്ള സമയം ബലികഴിച്ചുകൊണ്ട് മാർത്ത ഭക്ഷണം പാകംചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അവൻ അവൾക്കു ബുദ്ധിയുപദേശം നൽകാതിരുന്നില്ല. “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി,” അവൻ പറഞ്ഞു. (ലൂക്കൊസ് 10:41, 42) മാർത്തയോടുള്ള യേശുവിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ വാക്കുകൾ. അതുകൊണ്ടുതന്നെ അവൻ നൽകിയ തിരുത്തൽ സ്വീകരിക്കുന്നത് അവൾക്ക് എളുപ്പമായിരുന്നു. സമാനമായി, പറയുന്ന വാക്കുകൾക്കു പ്രത്യേകം ശ്രദ്ധനൽകിക്കൊണ്ട് ദയയോടും സ്നേഹത്തോടും കൂടെ ഭർത്താക്കന്മാർ ഭാര്യമാരോടു പെരുമാറണം. എന്നാൽ തിരുത്തൽ നൽകേണ്ടതുള്ളപ്പോൾ യേശു ചെയ്തതുപോലെ തുറന്നു സംസാരിക്കുകയും വേണം.
17, 18. (എ) പത്രൊസ് യേശുവിനെ ശാസിച്ചത് എങ്ങനെ, പത്രൊസിനു തിരുത്തൽ ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) ഒരു ഭർത്താവിന് എന്ത് ഉത്തരവാദിത്വമുണ്ട്?
17 മറ്റൊരവസരത്തിൽ, താൻ യെരൂശലേമിലേക്കു പോകേണ്ടതുണ്ടെന്നും അവിടെവെച്ച് “മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും” ചെയ്യുമെന്നും യേശു തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു. അപ്പോൾ പത്രൊസ് യേശുവിനെ മാറ്റിനിറുത്തി ശാസിക്കാൻ തുടങ്ങി. “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ,” അവൻ പറഞ്ഞു. വ്യക്തമായും വികാരം പത്രൊസിന്റെ വീക്ഷണത്തിനു മങ്ങലേൽപ്പിച്ചിരുന്നു. അവനു തിരുത്തൽ ആവശ്യമായിരുന്നു. അതുകൊണ്ട് യേശു അവനോട് ഇങ്ങനെ പറഞ്ഞു: “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്.”—മത്തായി 16:21-23.
18 താൻ പലതും സഹിച്ചു കൊല്ലപ്പെടണമെന്നുള്ളതു ദൈവേഷ്ടമാണെന്ന് യേശു പറഞ്ഞുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. (സങ്കീർത്തനം 16:10; യെശയ്യാവു 53:12) അതുകൊണ്ട് പത്രൊസ് യേശുവിനെ ശാസിക്കാൻ തുടങ്ങിയതു തെറ്റായിരുന്നു. വ്യക്തമായും പത്രൊസിന് തിരുത്തൽ ആവശ്യമായിരുന്നു. ചിലപ്പോഴൊക്കെ നമുക്കും അത് ആവശ്യമാണ്. കുടുംബത്തിന്റെ ശിരസ്സെന്ന നിലയിൽ, ഭാര്യ ഉൾപ്പെടെ കുടുംബത്തിൽ എല്ലാവർക്കും തിരുത്തൽ നൽകാനുള്ള അധികാരവും ഉത്തരവാദിത്വവും ഭർത്താവിനുണ്ട്. ദൃഢത ആവശ്യമായിരുന്നേക്കാമെങ്കിലും ദയയോടും സ്നേഹത്തോടും കൂടെവേണം അത്തരം തിരുത്തൽ നൽകാൻ. ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാൻ യേശു പത്രൊസിനെ സഹായിച്ചതുപോലെ, ഭാര്യയോടുള്ള ബന്ധത്തിൽ ഭർത്താവ് സമാനമായി പ്രവർത്തിക്കേണ്ടത് ചില സന്ദർഭങ്ങളിൽ ആവശ്യമായിരുന്നേക്കാം. ഉദാഹരണത്തിന്, ഭാര്യയുടെ വസ്ത്രങ്ങളോ ആഭരണങ്ങളുടെയോ സൗന്ദര്യവർധക വസ്തുക്കളുടെയോ ഉപയോഗമോ തിരുവെഴുത്തു നിലവാരങ്ങളിൽനിന്നു വ്യതിചലിക്കാൻ തുടങ്ങുന്നുവെങ്കിൽ ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭർത്താവ് ദയാപുരസ്സരം ചൂണ്ടിക്കാണിക്കേണ്ടതുണ്ടായിരുന്നേക്കാം.—1 പത്രൊസ് 3:3-5.
ക്ഷമ ഭർത്താവിനു ഭൂഷണം
19, 20. (എ) യേശുവിന്റെ അപ്പൊസ്തലന്മാർക്കിടയിൽ എന്തു പ്രശ്നം ഉടലെടുത്തു, യേശു അത് എങ്ങനെ കൈകാര്യം ചെയ്തു? (ബി) യേശുവിന്റെ ശ്രമം എത്രത്തോളം വിജയിച്ചു?
19 ഭാര്യയുടെ പക്ഷത്ത് ഒരു കുറവുണ്ടെങ്കിൽ അതു മാറ്റിയെടുക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾക്കു പെട്ടെന്നു ഫലമുണ്ടാകുമെന്ന് ഭർത്താവ് എല്ലായ്പോഴും പ്രതീക്ഷിക്കരുത്. തന്റെ അപ്പൊസ്തലന്മാരുടെ മനോഭാവം തിരുത്താൻ യേശുവിനു തുടർച്ചയായി യത്നിക്കേണ്ടിവന്നു. ഉദാഹരണത്തിന് അവർക്കിടയിലുണ്ടായ ഒരു തർക്കം അവന്റെ ശുശ്രൂഷയുടെ അവസാനത്തോടെ വീണ്ടും ഉയർന്നുവന്നു. തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ് എന്നതായിരുന്നു പ്രശ്നം. (മർക്കൊസ് 9:33-37; 10:35-45) പ്രസ്തുത സന്ദർഭത്തിനുശേഷം അധികം താമസിയാതെ യേശു തന്റെ അവസാനത്തെ പെസഹാ അവരോടൊപ്പം ആഘോഷിക്കുന്നതിനു ക്രമീകരണം ചെയ്തു. ആ സന്ദർഭത്തിൽ, മറ്റുള്ളവരുടെ പൊടിപുരണ്ട കാലുകൾ കഴുകുകയെന്ന എളിയ ആചാരം അനുഷ്ഠിക്കാൻ അവരിലൊരാളും മുന്നോട്ടുവന്നില്ല. യേശുവാണ് അതു ചെയ്തത്. തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.”—യോഹന്നാൻ 13:2-15.
20 യേശുവിനെപ്പോലെ എളിമയുള്ള ഭർത്താക്കന്മാർക്ക് ഭാര്യമാരുടെ സഹകരണവും പിന്തുണയും ന്യായമായും പ്രതീക്ഷിക്കാം. എന്നാൽ ക്ഷമ ആവശ്യമാണ്. അന്തിമ പെസഹാ ആഘോഷിച്ച ആ രാത്രിയിൽത്തന്നെ അൽപ്പസമയത്തിനുശേഷം തങ്ങളിൽ ആരാണു വലിയവൻ എന്നതിനെച്ചൊല്ലി അപ്പൊസ്തലന്മാർ പിന്നെയും തർക്കിച്ചു. (ലൂക്കൊസ് 22:24) മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റംവരുത്താൻ മിക്കപ്പോഴും സമയം ആവശ്യമാണ്; ഒറ്റയടിക്ക് അത്തരം മാറ്റംവരുത്തുന്നതും അസാധ്യമായിരുന്നേക്കാം. എങ്കിലും അപ്പൊസ്തലന്മാരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ സത്ഫലങ്ങൾ ഉണ്ടാകുന്നതു കാണാനാകുന്നത് എത്ര പ്രതിഫലദായകമാണ്!
21. ഇന്നുള്ള വെല്ലുവിളികളുടെ വീക്ഷണത്തിൽ എന്തു മനസ്സിൽപ്പിടിക്കാനും ചെയ്യാനും ഭർത്താക്കന്മാർ ഉദ്ബോധിപ്പിക്കപ്പെടുന്നു?
21 ദാമ്പത്യജീവിതം ഇന്നു മുമ്പെന്നത്തെക്കാൾ വെല്ലുവിളി നിറഞ്ഞതായിത്തീർന്നിരിക്കുന്നു. അനേകരും തങ്ങളുടെ വിവാഹപ്രതിജ്ഞയോടു കൂറുപുലർത്താൻ പരാജയപ്പെടുന്നു. അതുകൊണ്ട് ഭർത്താക്കന്മാരേ, വിവാഹത്തിന്റെ തുടക്കത്തെക്കുറിച്ചു ചിന്തിക്കുക. നമ്മുടെ ദൈവമായ യഹോവ സ്നേഹപൂർവം വിഭാവനം ചെയ്ത് ഏർപ്പെടുത്തിയ ഒരു ദിവ്യക്രമീകരണമാണ് വിവാഹം എന്നോർക്കുക. മറുവില നൽകിക്കൊണ്ട് രക്ഷയുടെ മാർഗം തുറന്നുതരാൻ മാത്രമല്ല, ഭർത്താക്കന്മാർക്ക് അനുകരിക്കാനുള്ള ഒരു മാതൃകയായിട്ടുകൂടിയാണ് അവൻ തന്റെ പുത്രനായ യേശുവിനെ അയച്ചത്.—മത്തായി 20:28; യോഹന്നാൻ 3:29, 1 പത്രൊസ് 2:21.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• വിവാഹത്തിന്റെ തുടക്കം നാം തിരിച്ചറിയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ഭാര്യയെ ഏതെല്ലാം വിധങ്ങളിൽ സ്നേഹിക്കാൻ ഭർത്താവ് പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു?
• ശിഷ്യന്മാരോടുള്ള യേശുവിന്റെ പെരുമാറ്റത്തിന്റെ ഏതു ദൃഷ്ടാന്തങ്ങൾ ഒരു ഭർത്താവ് തന്റെ ക്രിസ്തുസമാന ശിരസ്ഥാനം പ്രയോഗിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരുന്നു?
[14-ാം പേജിലെ ചിത്രം]
യേശു സ്ത്രീകളോട് ഇടപെട്ട വിധം ഭർത്താക്കന്മാർ പഠിക്കേണ്ടത് എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
ശിഷ്യന്മാർക്കു ക്ഷീണം അനുഭവപ്പെട്ട സന്ദർഭത്തിൽ യേശു പരിഗണന പ്രകടമാക്കി
[16-ാം പേജിലെ ചിത്രം]
എങ്ങനെയുള്ള വാക്കുകൾ പറയുന്നുവെന്നു ശ്രദ്ധിച്ചുകൊണ്ടും ദയയോടുംകൂടെ ഭർത്താവ് ഭാര്യക്കു ബുദ്ധിയുപദേശം നൽകണം