“ആൽഫയും ഒമേഗയും” ആരാണ് അല്ലെങ്കിൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
സർവശക്തനായ ദൈവമായ യഹോവയെയാണ് “ആൽഫയും ഒമേഗയും” സൂചിപ്പിക്കുന്നത്. ഈ പദപ്രയോഗം ബൈബിളിൽ മൂന്നു തവണ വരുന്നുണ്ട്.—വെളിപാട് 1:8; 21:6; 22:13.a
ദൈവം തന്നെത്തന്നെ“ആൽഫയും ഒമേഗയും” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
വെളിപാട് പുസ്തകവും ‘പുതിയ നിയമത്തിലെ’ മറ്റു പുസ്തകങ്ങളും എഴുതിയത് ഗ്രീക്ക് ഭാഷയിലായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ് ആൽഫയും ഒമേഗയും. അതുകൊണ്ട് യഹോവ മാത്രമാണ് തുടക്കവും ഒടുക്കവും എന്നു ചിത്രീകരിക്കാനാണ് ഈ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. (വെളിപാട് 21:6) അനന്ത ഭൂതകാലംമുതൽ യഹോവ മാത്രമാണ് സർവശക്തൻ, ഇനി എന്നുമെന്നേക്കും അങ്ങനെതന്നെയായിരിക്കും. ‘നിത്യതമുതൽ നിത്യതവരെയുള്ള’ ഒരേ ഒരാൾ യഹോവ മാത്രമാണ്.—സങ്കീർത്തനം 90:2.
ആരാണ് “ആദ്യനും അന്ത്യനും?”
ബൈബിളിൽ ഈ പദങ്ങൾ ദൈവമായ യഹോവയെയും പുത്രനായ യേശുവിനെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ വ്യത്യസ്ത അർഥങ്ങളിൽ. രണ്ട് ഉദാഹരണങ്ങൾ നോക്കാം.
യശയ്യ 44:6-ൽ (സത്യവേദപുസ്തകം) യഹോവ പറയുന്നു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” യഹോവയാണ് എന്നെന്നും സത്യദൈവമെന്നും ഇതുപോലെ മറ്റൊരു ദൈവവുമില്ലെന്നും ആണ് യഹോവ ഇവിടെ പറയുന്നത്. (ആവർത്തനം 4:35, 39) അതുകൊണ്ട് ഇവിടെ “ആദ്യനും അന്ത്യനും” എന്ന പദപ്രയോഗത്തിന് “ആൽഫയും ഒമേഗയും” എന്നതിന്റെ അതേ അർഥമാണ്.
കൂടാതെ, വെളിപാട് 1:17, 18; 2:8 എന്നീ വാക്യങ്ങളിൽ “ആദ്യനും (പ്രോട്ടോസ്, ആൽഫയല്ല) അന്ത്യനും (എസ്ക്കറ്റോസ്, ഒമേഗയല്ല)” എന്ന പദപ്രയോഗം കാണുന്നുണ്ട്. മരിച്ചിട്ട് ജീവനിലേക്കു വന്ന ഒരാളെയാണ് ഇതു സൂചിപ്പിക്കുന്നതെന്നു പശ്ചാത്തലത്തിൽനിന്ന് വ്യക്തമാണ്. അതുകൊണ്ട് ഈ വാക്യങ്ങൾ ദൈവത്തെക്കുറിച്ചല്ല പറയുന്നത്. കാരണം ദൈവം ഒരിക്കലും മരിച്ചിട്ടില്ല. (ഹബക്കൂക്ക് 1:12) എന്നാൽ യേശു മരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (പ്രവൃത്തികൾ 3:13-15) അമർത്യനായ ആത്മവ്യക്തിയായി സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ട ആദ്യത്തെ മനുഷ്യൻ (‘ആദ്യൻ’) യേശുവാണ്. യേശു ഇനി “എന്നുമെന്നേക്കും ജീവിച്ചിരിക്കും.” (വെളിപാട് 1:18; കൊലോസ്യർ 1:18) അതിനു ശേഷമുള്ള എല്ലാ പുനരുത്ഥാനങ്ങളും യേശുവിലൂടെയാണ് നടന്നത്. (യോഹന്നാൻ 6:40, 44) അതുകൊണ്ട് യഹോവ നേരിട്ട് ഉയിർപ്പിച്ച അവസാനത്തെ മനുഷ്യനും (‘അന്ത്യൻ’) യേശുതന്നെയാണ്. (പ്രവൃത്തികൾ 10:40) ഈ അർഥത്തിൽ യേശുവിനെ “ആദ്യനും അന്ത്യനും” എന്നു വിളിക്കാനാകും.
വെളിപാട് 22:13 യേശുവാണ് “ആൽഫയും ഒമേഗയും” എന്ന് തെളിയിക്കുന്നുണ്ടോ?
ഇല്ല. വെളിപാട് 22:13-ലേത് ആരുടെ വാക്കുകളാണെന്ന് വ്യക്തമല്ല. ആ അധ്യായത്തിലുടനീളം പലരുടെയും സംഭാഷണം കാണാം. വെളിപാടിലെ ഈ ഭാഗത്തെക്കുറിച്ച് പ്രൊഫസ്സറായ വില്യം ബാർക്ലെ ഇങ്ങനെ എഴുതി: “കാര്യങ്ങൾ പ്രത്യേക ക്രമത്തിലൊന്നുമല്ല എഴുതിയിരിക്കുന്നത്. . . . മിക്കപ്പോഴും ആരാണ് സംസാരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാനും ബുദ്ധിമുട്ടാണ്.” [യോഹന്നാന്റെ വെളിപാട് (ഇംഗ്ലീഷ്) വാല്യം 2, പരിഷ്കരിച്ച പതിപ്പ്, പേജ് 223] അതുകൊണ്ട് വെളിപാട് 22:13-ലെ “ആൽഫയും ഒമേഗയും” വെളിപാടിന്റെ മറ്റു ഭാഗങ്ങളിൽ ഈ വിശേഷണം നൽകിയിരിക്കുന്ന അതേ വ്യക്തിയെത്തന്നെയായിരിക്കണം സൂചിപ്പിക്കുന്നത്, അതായത് ദൈവമായ യഹോവയെ.
a ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ വെളിപാട് 1:11-ൽ ഇത് നാലാമതൊരു തവണയും വരുന്നുണ്ട്. എന്നാൽ പുരാതന ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ അത് ഇല്ലായിരുന്നു, അതു പിന്നീട് കൂട്ടിച്ചേർത്തതാണ്. അതുകൊണ്ടുതന്നെ മിക്ക ആധുനിക പരിഭാഷകളും ഇത് ഒഴിവാക്കിയിട്ടുണ്ട്.