അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
3 ഒരു ദിവസം പത്രോസും യോഹന്നാനും പ്രാർഥനയുടെ സമയത്ത്, ഒൻപതാം മണി നേരത്ത്, ദേവാലയത്തിലേക്കു പോകുകയായിരുന്നു. 2 അപ്പോൾ അതാ, ജന്മനാ മുടന്തനായ ഒരു മനുഷ്യനെ ചിലർ ചുമന്നുകൊണ്ടുവരുന്നു. ദേവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കാൻ സുന്ദരം എന്ന് അറിയപ്പെടുന്ന ദേവാലയവാതിലിന് അടുത്ത് അവർ അയാളെ ദിവസവും ഇരുത്താറുണ്ടായിരുന്നു. 3 പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു കയറുന്നതു കണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. 4 പത്രോസും യോഹന്നാനും അയാളെ സൂക്ഷിച്ച് നോക്കി. പത്രോസ് അയാളോട്, “ഞങ്ങളെ നോക്ക്” എന്നു പറഞ്ഞു. 5 എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അയാൾ അവരെ നോക്കി. 6 അപ്പോൾ പത്രോസ് പറഞ്ഞു: “സ്വർണവും വെള്ളിയും എന്റെ കൈയിലില്ല; എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു: നസറെത്തുകാരനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴുന്നേറ്റ് നടക്കുക!”+ 7 എന്നിട്ട് അയാളുടെ വലതുകൈ പിടിച്ച് എഴുന്നേൽപ്പിച്ചു.+ ഉടനെ അയാളുടെ പാദങ്ങൾക്കും കാൽക്കുഴകൾക്കും ബലം കിട്ടി.+ 8 അയാൾ ചാടിയെഴുന്നേറ്റ് നടക്കാൻ തുടങ്ങി.+ നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അയാൾ അവരോടൊപ്പം ദേവാലയത്തിലേക്കു പോയി. 9 അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ആളുകളെല്ലാം കണ്ടു. 10 അയാൾ ദേവാലയത്തിന്റെ സുന്ദരകവാടത്തിൽ ഇരുന്ന ഭിക്ഷക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞു.+ അയാൾക്കു സംഭവിച്ചതു കണ്ട് അവർക്ക് അത്ഭുതവും ആശ്ചര്യവും അടക്കാനായില്ല.
11 ശലോമോന്റെ മണ്ഡപം+ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ആ മനുഷ്യൻ പത്രോസിന്റെയും യോഹന്നാന്റെയും കൈപിടിച്ച് നിൽക്കുമ്പോൾ ആളുകളെല്ലാം അതിശയത്തോടെ ഓടിക്കൂടി. 12 അപ്പോൾ പത്രോസ് ആളുകളോടു പറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, നിങ്ങൾ ഇതു കണ്ട് അത്ഭുതപ്പെടുന്നത് എന്തിനാണ്? ഞങ്ങളുടെ ശക്തികൊണ്ടോ ഭക്തികൊണ്ടോ ആണ് ഞങ്ങൾ ഇയാളെ നടത്തിയത് എന്ന ഭാവത്തിൽ നിങ്ങൾ ഞങ്ങളെ നോക്കുന്നതും എന്തിനാണ്? 13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ+ നമ്മുടെ പൂർവികരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ എന്നാൽ നിങ്ങൾ യേശുവിനെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും+ പീലാത്തൊസ് വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അദ്ദേഹത്തിന്റെ മുമ്പാകെ യേശുവിനെ തള്ളിപ്പറയുകയും ചെയ്തു. 14 വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+ 15 അങ്ങനെ ജീവനായകനെ+ നിങ്ങൾ കൊന്നുകളഞ്ഞു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയ്ക്കു ഞങ്ങൾ സാക്ഷികൾ.+ 16 യേശുവിന്റെ പേരാണ്, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്. അതെ, യേശുവിലൂടെയുള്ള ഞങ്ങളുടെ വിശ്വാസമാണു നിങ്ങളുടെ മുന്നിൽ നിൽക്കുന്ന, നിങ്ങൾക്ക് അറിയാവുന്ന, ഈ വ്യക്തിക്കു പൂർണാരോഗ്യം നൽകിയത്. 17 സഹോദരങ്ങളേ, നിങ്ങളുടെ പ്രമാണിമാരെപ്പോലെ+ നിങ്ങളും അറിവില്ലായ്മ+ കാരണമാണ് അങ്ങനെയൊക്കെ ചെയ്തതെന്ന് എനിക്ക് അറിയാം. 18 പക്ഷേ ഇങ്ങനെയെല്ലാം സംഭവിച്ചതിലൂടെ, തന്റെ ക്രിസ്തു കഷ്ടതകൾ അനുഭവിക്കുമെന്ന്+ എല്ലാ പ്രവാചകന്മാരിലൂടെയും മുൻകൂട്ടി അറിയിച്ചതു ദൈവം നിവർത്തിച്ചിരിക്കുന്നു.
19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ ഉന്മേഷകാലങ്ങൾ നൽകുകയും+ 20 നിങ്ങൾക്കുവേണ്ടി നിയമിച്ച ക്രിസ്തുവായ യേശുവിനെ അയയ്ക്കുകയും ചെയ്യും. 21 പണ്ടുള്ള വിശുദ്ധപ്രവാചകന്മാരിലൂടെ ദൈവം പറഞ്ഞ എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലംവരെ യേശു സ്വർഗത്തിൽ കഴിയേണ്ടതാണ്. 22 മോശ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും.+ അദ്ദേഹം നിങ്ങളോടു പറയുന്നതൊക്കെ നിങ്ങൾ കേൾക്കണം.+ 23 ആ പ്രവാചകനെ അനുസരിക്കാത്ത ആരെയും ജനത്തിന് ഇടയിൽ വെച്ചേക്കില്ല.’+ 24 ശമുവേൽ മുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.+ 25 നിങ്ങൾ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂർവികരോടു ചെയ്ത ഉടമ്പടിയുടെയും മക്കളാണ്.+ ‘നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹം നേടും’+ എന്നു ദൈവം അബ്രാഹാമിനോട് ഉടമ്പടി ചെയ്തിരുന്നല്ലോ. 26 ദൈവം തന്റെ ദാസനെ എഴുന്നേൽപ്പിച്ചപ്പോൾ നിങ്ങളുടെ അടുത്തേക്കാണ് ആദ്യം അയച്ചത്.+ നിങ്ങളെ ഓരോരുത്തരെയും ദുഷ്ടതകളിൽനിന്ന് പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്.”