അധ്യായം 17
‘അറുക്കപ്പെട്ട ദേഹികൾക്ക്’ പ്രതിഫലം നൽകുന്നു
1. നാം ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നത്, ഇതിന് എന്തു തെളിവുണ്ട്?
ദൈവരാജ്യം ഭരിക്കുന്നു! വെളളക്കുതിരയുടെ സവാരിക്കാരൻ തന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കാൻ പോകയാണ്! ചുവന്ന കുതിരയും കറുത്ത കുതിരയും മഞ്ഞക്കുതിരയും ഭൂമിയിലൂടെ കുതിച്ചോടുകയാണ്! തന്റെ രാജകീയ സാന്നിധ്യം സംബന്ധിച്ച യേശുവിന്റെ സ്വന്തം പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്നതിനു തർക്കമില്ല. (മത്തായി 24, 25 അധ്യായങ്ങൾ; മർക്കൊസ് അധ്യായം 13; ലൂക്കൊസ് അധ്യായം 21) അതെ, നാം ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു ജീവിക്കുന്നത്. അങ്ങനെയായിരിക്കെ, കുഞ്ഞാടായ യേശുക്രിസ്തു ആ ചുരുളിന്റെ അഞ്ചാം മുദ്ര തുറക്കുമ്പോൾ നമുക്കു സൂക്ഷ്മശ്രദ്ധ നൽകാം. കൂടുതലായ ഏതു വെളിപാടിലാണു നാം പങ്കുപററാൻ പോകുന്നത്?
2. (എ) അഞ്ചാം മുദ്ര തുറന്നപ്പോൾ യോഹന്നാൻ എന്തു കണ്ടു? (ബി) സ്വർഗത്തിൽ ഒരു ആലങ്കാരിക യാഗപീഠത്തെക്കുറിച്ചു വായിക്കുന്നതു നമ്മെ അതിശയിപ്പിക്കരുതാത്തത് എന്തുകൊണ്ട്?
2 യോഹന്നാൻ പുളകപ്രദമായ ഒരു രംഗം വർണിക്കുന്നു: “അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ [ദേഹികളെ, NW] ഞാൻ യാഗപീഠത്തിങ്കൽ കണ്ടു”. (വെളിപ്പാടു 6:9) അത് എന്താണ്? സ്വർഗത്തിൽ ഒരു യാഗപീഠമോ? അതെ! യോഹന്നാൻ ഇത് ആദ്യമായാണ് ഒരു യാഗപീഠത്തെക്കുറിച്ചു പറയുന്നത്. എങ്കിലും ഇതിനകം അവൻ സിംഹാസനത്തിലിരിക്കുന്ന യഹോവയെയും ചുററും നിൽക്കുന്ന കെരൂബുകളെയും കണ്ണാടിക്കടലിനെയും വിളക്കുകളെയും ധൂപം കയ്യിലേന്തിയ 24 മൂപ്പൻമാരെയും വർണിച്ചിട്ടുണ്ട്—ഇവയെല്ലാം ഇസ്രായേലിൽ യഹോവയുടെ വിശുദ്ധമന്ദിരമായ ഭൗമിക സമാഗമന കൂടാരത്തിന്റെ വിശേഷതകൾക്കു സദൃശമായിരുന്നു. (പുറപ്പാടു 25:17, 18; 40:24-27, 30-32; 1 ദിനവൃത്താന്തം 24:4) അപ്പോൾ സ്വർഗത്തിലും ഒരു പ്രതീകാത്മക യാഗപീഠം കാണുന്നതു നമ്മെ അതിശയിപ്പിക്കണമോ?—പുറപ്പാടു 40:29.
3. (എ) പുരാതന യഹൂദ സമാഗമനകൂടാരത്തിൽ “യാഗപീഠത്തിന്റെ ചുവട്ടിൽ” ദേഹികൾ ഒഴിക്കപ്പെട്ടത് എങ്ങനെ? (ബി) അറുക്കപ്പെട്ട സാക്ഷികളുടെ ദേഹികൾ സ്വർഗത്തിലെ പ്രതീകാത്മക യാഗപീഠത്തിൻ കീഴിൽ യോഹന്നാൻ കണ്ടതെന്തുകൊണ്ട്?
3 ഈ യാഗപീഠത്തിൻ കീഴിൽ “ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ” ‘ദേഹികൾ’ ആണ്. ഇത് എന്തർഥമാക്കുന്നു? ഇവർ, പുറജാതി ഗ്രീക്കുകാർ വിശ്വസിച്ചിരുന്നതുപോലുളള, ദേഹമുക്തരായ ദേഹികൾ ആയിരിക്കാൻ കഴിയില്ല. (ഉല്പത്തി 2:7; യെഹെസ്കേൽ 18:4) പിന്നെയോ, ദേഹി അഥവാ ജീവൻ രക്തത്താൽ പ്രതീകപ്പെടുത്തപ്പെടുന്നുവെന്നും പുരാതന യഹൂദ സമാഗമനകൂടാരത്തിലെ പുരോഹിതൻമാർ ഒരു യാഗമൃഗത്തെ അറുക്കുമ്പോൾ അവർ അതിന്റെ രക്തം “യാഗപീഠത്തിൻമേൽ ചുററും” തളിക്കുകയോ “ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ” ഒഴിക്കുകയോ ചെയ്തിരുന്നുവെന്നും യോഹന്നാന് അറിയാം. (ലേവ്യപുസ്തകം 3:2, 8, 13; 4:7; 17:6, 11, 12) അതുകൊണ്ടു മൃഗത്തിന്റെ ദേഹി യാഗപീഠത്തോട് അടുത്തു ബന്ധപ്പെട്ടിരുന്നു. എന്നാൽ ഈ പ്രത്യേക ദൈവദാസൻമാരുടെ ദേഹികൾ, അഥവാ രക്തം, സ്വർഗത്തിൽ ഒരു പ്രതീകാത്മക യാഗപീഠത്തിൻ കീഴിൽ കണ്ടെത്തപ്പെടുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ മരണങ്ങൾ ബലിമരണങ്ങളായി വീക്ഷിക്കപ്പെടുന്നു.
4. ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളുടെ മരണം ബലിമരണം ആയിരിക്കുന്നത് ഏതു വിധത്തിൽ?
4 വാസ്തവത്തിൽ ദൈവത്തിന്റെ ആത്മപുത്രൻമാരായി ജനിപ്പിക്കപ്പെടുന്നവരെല്ലാം ഒരു ബലിമരണം വരിക്കുന്നു. യഹോവയുടെ സ്വർഗീയ രാജ്യത്തിൽ അവർ വഹിക്കേണ്ട ധർമം നിമിത്തം അവർ ഭൂമിയിലെ നിത്യജീവന്റെ ഏതു പ്രതീക്ഷയും ത്യജിക്കുകയും നിഷേധിക്കുകയും ചെയ്യുകയെന്നതു ദൈവേഷ്ടമാണ്. ഈ ബന്ധത്തിൽ അവർ യഹോവയുടെ പരമാധികാരത്തിനുവേണ്ടി ഒരു യാഗമരണത്തിനു വിധേയരാകുന്നു. (ഫിലിപ്പിയർ 3:8-11; താരതമ്യം ചെയ്യുക: 2:17.) യോഹന്നാൻ യാഗപീഠത്തിൻ കീഴിൽ കണ്ടവരുടെ കാര്യത്തിൽ ഇത് ഒരു യഥാർഥ അർഥത്തിൽ സത്യമാണ്. അവർ യഹോവയുടെ വചനവും പരമാധികാരവും ഉയർത്തിപ്പിടിച്ചുകൊണ്ടുളള തങ്ങളുടെ തീക്ഷ്ണമായ ശുശ്രൂഷ നിമിത്തം തങ്ങളുടെ കാലത്തു രക്തസാക്ഷികളായ അഭിഷിക്തരാണ്. അവരുടെ ‘ദേഹികൾ ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം [മാർട്ടീറിയൻ] ഹേതുവായും അറുക്കപ്പെട്ടു.’
5. മരിച്ചവരെങ്കിലും വിശ്വസ്തരുടെ ദേഹികൾ പ്രതികാരത്തിനു വേണ്ടി നിലവിളിക്കുന്നതെങ്ങനെ?
5 രംഗം വീണ്ടും ചുരുളഴിയുന്നു: “വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.” (വെളിപ്പാടു 6:10) മരിച്ചവർ നിർബോധവാൻമാരാണെന്നു ബൈബിൾ പ്രകടമാക്കുന്നതുകൊണ്ട് അവരുടെ ദേഹികൾക്ക് അഥവാ രക്തത്തിന് പ്രതികാരത്തിനായി എങ്ങനെ നിലവിളിക്കാൻ കഴിയും? (സഭാപ്രസംഗി 9:5) കൊളളാം, കയീൻ ഹാബേലിനെ കൊന്നതിനുശേഷം നീതിമാനായ ഹാബേലിന്റെ രക്തം നിലവിളിച്ചില്ലേ? യഹോവ അപ്പോൾ കയീനോടു പറഞ്ഞു: “നീ എന്തുചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പത്തി 4:10, 11; എബ്രായർ 12:24) ഹാബേലിന്റെ രക്തം അക്ഷരാർഥത്തിൽ വാക്കുകൾ ഉച്ചരിക്കുകയായിരുന്നു എന്നല്ല. പിന്നെയോ, ഹാബേൽ നിർദോഷിയായ ഒരു ഇരയായി മരിച്ചിരുന്നു, അവന്റെ കൊലപാതകൻ ശിക്ഷിക്കപ്പെടണമെന്നു നീതി ആവശ്യപ്പെട്ടു. അതുപോലെതന്നെ, ആ ക്രിസ്തീയ രക്തസാക്ഷികൾ നിർദോഷികൾ ആണ്, നീതിപ്രകാരം അവർക്കുവേണ്ടി പ്രതികാരം ചെയ്യണം. (ലൂക്കൊസ് 18:7, 8) പ്രതികാരത്തിനായുളള നിലവിളി ഉച്ചത്തിലാണ്, കാരണം അനേകായിരങ്ങൾ അങ്ങനെ മരിച്ചിട്ടുണ്ട്.—താരതമ്യം ചെയ്യുക: യിരെമ്യാവു 15:15, 16.
6. ഏതു നിർദോഷ രക്തച്ചൊരിച്ചിലിനു പൊ.യു.മു. 607-ൽ പ്രതികാരം ചെയ്യപ്പെട്ടു?
6 വിശ്വാസത്യാഗം ഭവിച്ച യഹൂദയിൽ മനശ്ശെ രാജാവ് പൊ.യു.മു. 716-ൽ സിംഹാസനസ്ഥനായപ്പോഴത്തെ അവസ്ഥയോടും ഇതിനെ സാമ്യപ്പെടുത്താൻ കഴിയും. അവൻ വളരെ നിർദോഷരക്തം ചൊരിഞ്ഞു, സാധ്യതയനുസരിച്ച് യെശയ്യാ പ്രവാചകനെ ‘ഈർച്ചവാളാൽ അറുത്തു’കൊണ്ടുപോലും. (എബ്രായർ 11:37; 2 രാജാക്കൻമാർ 21:16) പിൽക്കാലത്തു മനശ്ശെ അനുതപിക്കുകയും മാററം വരുത്തുകയും ചെയ്തെങ്കിലും ആ രക്തപാതകം നിലനിന്നു. ബാബിലോന്യർ പൊ.യു.മു. 607-ൽ യഹൂദരാജ്യത്തെ നശിപ്പിച്ചപ്പോൾ, “മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്കു ഭവിച്ചു. അവൻ കുററമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുററമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവക്കു മനസ്സായില്ല.”—2 രാജാക്കൻമാർ 24:3, 4.
7. ‘വിശുദ്ധൻമാരുടെ രക്തം’ ചൊരിഞ്ഞതിനു മുഖ്യമായി ആരാണു കുററം വഹിക്കുന്നത്?
7 ബൈബിൾക്കാലങ്ങളിലെപ്പോലെ ഇന്നും ദൈവത്തിന്റെ സാക്ഷികളെ കൊന്നവരിൽ പലരും ദീർഘകാലംമുമ്പു മരിച്ചിരിക്കാം. എങ്കിലും അവരുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കിയ സംഘടന ഇപ്പോഴും വളരെയധികം സജീവമാണ്, രക്തപാതകമുളളതുമാണ്. അതു സാത്താന്റെ ഭൗമിക സ്ഥാപനമാണ്, അവന്റെ ഭൗമിക സന്തതിതന്നെ. അതിൽ മുഖ്യം വ്യാജമതങ്ങളുടെ ലോകസാമ്രാജ്യമായ മഹാബാബിലോൻ ആണ്.a അവൾ “വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും” കുടിച്ചിരിക്കുന്നതായി വർണിക്കപ്പെടുന്നു. അതെ “പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.” (വെളിപ്പാടു 17:5, 6; 18:24; എഫെസ്യർ 4:11; 1 കൊരിന്ത്യർ 12:28) രക്തപാതകത്തിന്റെ എന്തൊരു ഭാരം! മഹാബാബിലോൻ സ്ഥിതിചെയ്യുന്നിടത്തോളം കാലം അവളുടെ ഇരകളുടെ രക്തം നീതിക്കായി നിലവിളിക്കും.—വെളിപ്പാടു 19:1, 2.
8. (എ) യോഹന്നാന്റെ ആയുഷ്കാലത്ത് ഏതു രക്തസാക്ഷിമരണങ്ങൾ ഉണ്ടായി? (ബി) റോമൻ ചക്രവർത്തിമാർ ഏതു പീഡനങ്ങൾ ഇളക്കിവിട്ടു?
8 ക്രൂരനായ സർപ്പവും അവന്റെ ഭൗമിക സന്തതിയും വർധിച്ചുകൊണ്ടിരുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയ്ക്കെതിരെ യുദ്ധം നടത്തിയപ്പോൾ യോഹന്നാൻതന്നെ ഒന്നാം നൂററാണ്ടിൽ രക്തസാക്ഷിമരണം കണ്ടിട്ടുണ്ട്. നമ്മുടെ കർത്താവ് സ്തംഭത്തിൽ തറക്കപ്പെട്ടത് യോഹന്നാൻ കണ്ടിരുന്നു, സ്തേഫാനോസും തന്റെ സ്വന്തം സഹോദരനായ യാക്കോബും പത്രോസും പൗലോസും മററ് അടുത്ത സഹകാരികളും കൊല്ലപ്പെട്ടപ്പോൾ അവൻ അതിജീവിക്കുകയുണ്ടായി. (യോഹന്നാൻ 19:26, 27; 21:15, 18, 19; പ്രവൃത്തികൾ 7:59, 60; 8:2; 12:2; 2 തിമൊഥെയൊസ് 1:1; 4:6, 7) പൊ.യു. 64-ൽ റോമൻ ചക്രവർത്തിയായ നീറോ ക്രിസ്ത്യാനികളെ ബലിയാടാക്കി, നഗരത്തിനു തീവെച്ചതിനു താനാണു കുററക്കാരനെന്നുളള ശ്രുതിയെ നേരിടാൻ തീവെച്ചത് അവരാണെന്ന് ആരോപിച്ചുകൊണ്ടുതന്നെ. ചരിത്രകാരനായ ററാസീററസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “അവർ [ക്രിസ്ത്യാനികൾ] പരിഹാസ്യമായ രീതികളാൽ മരിച്ചു; ചിലരെ കാട്ടുമൃഗങ്ങളുടെ തോൽ ധരിപ്പിച്ചു, അനന്തരം നായ്ക്കളാൽ പിച്ചിചീന്തപ്പെടുകയും ചെയ്തു, ചിലർ [സ്തംഭത്തിൽ തറക്കപ്പെട്ടു],b ചിലർ രാത്രിയിൽ വെളിച്ചത്തിനുവേണ്ടി പന്തങ്ങളായി എരിക്കപ്പെട്ടു.” ഡൊമീഷ്യൻ ചക്രവർത്തിയുടെ കീഴിൽ പീഡനത്തിന്റെ മറെറാരു തിരത്തളളൽ (പൊ.യു. 81-96) യോഹന്നാനെ പത്മോസ് ദ്വീപിലേക്കു നാടുകടത്തുന്നതിൽ കലാശിക്കുകയുണ്ടായി. യേശു പറഞ്ഞതുപോലെ: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.”—യോഹന്നാൻ 15:20; മത്തായി 10:22.
9. (എ) പൊ.യു. നാലാം നൂററാണ്ടായപ്പോഴേക്കും സാത്താൻ വഞ്ചനയുടെ ഏതു വിദഗ്ധോപകരണം ആനയിച്ചു, അത് എന്തിന്റെ മുഖ്യഭാഗമാണ്? (ബി) ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തു ക്രൈസ്തവലോകത്തിലെ ചില ഭരണാധികാരികൾ യഹോവയുടെ സാക്ഷികളോട് എങ്ങനെ പെരുമാറി?
9 പൊ.യു. നാലാം നൂററാണ്ടായപ്പോഴേക്കും പിശാചായ സാത്താൻ ആകുന്ന ആ പഴയ സർപ്പം തന്റെ വഞ്ചനയുടെ വിദഗ്ധോപകരണമായ ക്രൈസ്തവലോകമാകുന്ന കപടമതത്തെ ആനയിച്ചിരുന്നു—“ക്രിസ്തീയ” നാട്യമുളള ഒരു ബാബിലോന്യ വ്യവസ്ഥിതി തന്നെ. അതു സർപ്പത്തിന്റെ സന്തതിയുടെ മുഖ്യ ഭാഗമാണ്, പരസ്പരവിരുദ്ധമായ ഒട്ടനവധി വിഭാഗങ്ങളായി വികാസംപ്രാപിച്ചുമിരിക്കുന്നു. പഴയകാലത്തെ അവിശ്വസ്ത യഹൂദയെപ്പോലെ ക്രൈസ്തവലോകം ഭാരിച്ച രക്തക്കുററം വഹിക്കുന്നു, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ രണ്ടുഭാഗത്തും ആഴമായി ഉൾപ്പെട്ടിരുന്നതിനാൽത്തന്നെ. ക്രൈസ്തവലോകത്തിലെ ചില രാഷ്ട്രീയ ഭരണാധികാരികൾ ദൈവത്തിന്റെ അഭിഷിക്ത ദാസൻമാരെ കൊന്നൊടുക്കുന്നതിനുളള ഒരു ഒഴികഴിവായിപോലും ഈ യുദ്ധങ്ങളെ ഉപയോഗിച്ചു. ഹിററ്ലർ യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചതു സംബന്ധിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ടു ജർമനിയിൽ സഭകളുടെ പോരാട്ടം എന്ന ഫ്രിഡ്റിച്ച് സിഫലിന്റെ (ജർമൻ) പുസ്തകത്തിന്റെ ഒരു പുനരവലോകനം ഇപ്രകാരം പ്രസ്താവിച്ചു: “അവരിൽ [സാക്ഷികൾ] മൂന്നിലൊരു ഭാഗം വധശിക്ഷയാലോ മററ് ഭീകര കൃത്യങ്ങളാലോ പട്ടിണിയാലോ രോഗത്താലോ അടിമവേലയാലോ കൊല്ലപ്പെട്ടു. ഈ അടിച്ചമർത്തലിന്റെ കാഠിന്യത്തിനു മുൻകാല മാതൃകയില്ലായിരുന്നു, അതു ദേശീയ സോഷ്യലിസ്ററിക് ആദർശവാദത്തോടു യോജിക്കാൻ കഴിയാത്ത അനുരഞ്ജനമില്ലാത്ത വിശ്വാസത്തിന്റെ ഫലമായിരുന്നു.” സത്യമായും ക്രൈസ്തവലോകത്തെയും അതിന്റെ പുരോഹിതവർഗത്തെയും സംബന്ധിച്ച് ഇപ്രകാരം പറയാൻ കഴിയും: “നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുററമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു”.—യിരെമ്യാവു 2:34.c
10. പല രാജ്യങ്ങളിലും മഹാപുരുഷാരത്തിലെ ചെറുപ്പക്കാർ ഏതു പീഡനം അനുഭവിക്കുകയുണ്ടായി?
10 മഹാപുരുഷാരത്തിലെ വിശ്വസ്തരായ ചെറുപ്പക്കാർ 1935-നു ശേഷം പല രാജ്യങ്ങളിലും പീഡനത്തിന്റെ സിംഹഭാഗവും അനുഭവിച്ചിരിക്കുന്നു. (വെളിപ്പാടു 7:9) യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഒരു പട്ടണത്തിൽ മാത്രം യഹോവയുടെ 14 യുവസാക്ഷികൾ തൂക്കിക്കൊല്ലപ്പെട്ടു. അവരുടെ കുററമോ? “യുദ്ധം അഭ്യസി”ക്കാനുളള വിസമ്മതം. (യെശയ്യാവു 2:4) കുറേക്കൂടെ അടുത്ത കാലത്തു പൗരസ്ത്യദേശത്തും ആഫ്രിക്കയിലും ഇതേ പ്രശ്നത്തിനു ചെറുപ്പക്കാർ അടിച്ചുകൊല്ലപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ വെടിവെച്ചുകൊല്ലപ്പെട്ടിരിക്കുന്നു. ഈ യുവരക്തസാക്ഷികൾക്ക്, യേശുക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളുടെ യോഗ്യരായ തുണയാളികൾക്കു വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ഭൂമിയിലേക്കു തീർച്ചയായും ഒരു പുനരുത്ഥാനം ലഭിക്കും.—2 പത്രൊസ് 3:13; താരതമ്യം ചെയ്യുക: സങ്കീർത്തനം 110:3; മത്തായി 25:34-40; ലൂക്കൊസ് 20:37, 38.
ഒരു വെളളനിലയങ്കി
11. രക്തസാക്ഷികളായ അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു “വെളളനിലയങ്കി” സ്വീകരിക്കുന്നത് ഏതർഥത്തിൽ?
11 പുരാതന കാലത്തെ നിർമലതാപാലകരുടെ വിശ്വാസത്തെക്കുറിച്ചു ക്രോഡീകരിച്ചെഴുതിയശേഷം അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏററവും [ഏറെ, NW] നല്ലതൊന്നു മുൻകരുതിയിരുന്നു.” (എബ്രായർ 11:39, 40) പൗലോസും മററ് അഭിഷിക്ത ക്രിസ്ത്യാനികളും പ്രതീക്ഷിക്കുന്ന ‘ഏറെ നല്ലത്’ എന്താണ്? യോഹന്നാൻ അത് ഇവിടെ ദർശനത്തിൽ കാണുന്നു; “അപ്പോൾ അവരിൽ ഓരോരുത്തന്നും വെളളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യൻമാരും സഹോദരൻമാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി.” (വെളിപ്പാടു 6:11) അവർക്ക് ഒരു “വെളളനിലയങ്കി” ലഭിക്കുന്നത് അമർത്ത്യ ആത്മജീവികളെന്ന നിലയിലുളള അവരുടെ പുനരുത്ഥാനത്തോടു ബന്ധപ്പെട്ടിരിക്കുന്നു. മേലാൽ അവർ യാഗപീഠത്തിൻകീഴിൽ അറുക്കപ്പെട്ട ദേഹികളായി കിടക്കുന്നില്ല, പിന്നെയോ, അവർ ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിൻ മുമ്പാകെ ആരാധിക്കുന്ന 24 മൂപ്പൻമാരുടെ സംഘത്തിന്റെ ഭാഗമായിരിക്കാൻ ഉയിർപ്പിക്കപ്പെടുന്നു. അവർ രാജകീയ പദവികളിലേക്കു പ്രവേശിച്ചിരിക്കുന്നുവെന്നു പ്രകടമാക്കിക്കൊണ്ട് അവിടെ അവർക്കുതന്നെ സിംഹാസനങ്ങൾ നൽകപ്പെട്ടിരിക്കുന്നു. അവർ “വെളളയുടുപ്പു ധരിച്ച”വരാണ്, അവർ യഹോവയുടെ മുമ്പാകെ ആ സ്വർഗീയ സദസ്സിൽ ഒരു മാന്യമായ സ്ഥാനത്തിന് അർഹരും നീതിമാൻമാരുമായി വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് അർഥമാക്കുന്നതുതന്നെ. ഇതു സർദിസ് സഭയിലെ ക്രിസ്ത്യാനികളോടുളള യേശുവിന്റെ വാഗ്ദത്തത്തിന്റെ നിവൃത്തിയായിട്ടുകൂടെയാണ്: “ജയിക്കുന്നവൻ വെളളയുടുപ്പു ധരിക്കും.”—വെളിപ്പാടു 3:5; 4:4; 1 പത്രൊസ് 1:4.
12. പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർ ‘അല്പകാലം കൂടെ സ്വസ്ഥമായി പാർക്കു’ന്നത് ഏതു വിധത്തിൽ, എപ്പോൾ വരെ?
12 ഈ സ്വർഗീയ പുനരുത്ഥാനം 1918-ൽ തുടങ്ങിയെന്നു സകലതെളിവും സൂചിപ്പിക്കുന്നു, 1914-ലെ യേശുവിന്റെ സിംഹാസനാരോഹണത്തിനും പിശാചിൽനിന്നും ഭൂതങ്ങളിൽനിന്നും സ്വർഗത്തെ ശുദ്ധീകരിച്ച് തന്റെ രാജകീയ ജയിച്ചടക്കൽ തുടങ്ങാനുളള അവന്റെ യാത്രാപുറപ്പാടിനും ശേഷംതന്നെ. എങ്കിലും, പുനരുത്ഥാനം പ്രാപിച്ച ആ അഭിഷിക്തരോടു “സഹഭൃത്യൻമാരും . . . വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം” എന്നു പറയപ്പെട്ടു. ഭൂമിയിൽ ശേഷിച്ചിരിക്കുന്ന യോഹന്നാൻവർഗം പീഡനത്തിന്റെയും പരിശോധനയുടെയും കീഴിൽ തങ്ങളുടെ നിർമലത തെളിയിക്കേണ്ടതുണ്ട്, ഇവരിൽ ചിലർ ഇനിയും കൊല്ലപ്പെട്ടേക്കാം. എങ്കിലും, ഒടുവിൽ മഹാബാബിലോനും അവളുടെ രാഷ്ട്രീയ ജാരൻമാരും ചൊരിഞ്ഞ നീതിയുളള സകലരക്തത്തിനും വേണ്ടി പ്രതികാരം ചെയ്യപ്പെടും. അതുവരെയുളള സമയത്ത്, പുനരുത്ഥാനം പ്രാപിച്ചവർ നിസ്സംശയമായും തങ്ങളുടെ സ്വർഗീയ ചുമതലകളിൽ തിരക്കുളളവരാണ്. അവർ വിശ്രമിക്കുന്നതു പരമാനന്ദത്തോടെ നിഷ്ക്രിയത്വത്തിലേക്കു പിൻമാറിക്കൊണ്ടല്ല, പിന്നെയോ യഹോവയുടെ പ്രതികാര ദിവസത്തിനായി ക്ഷമാപൂർവം കാത്തിരിക്കുന്നതിലാണ്. (യെശയ്യാവു 34:8; റോമർ 12:19) അവർ വ്യാജമതത്തിന്റെ നാശം കാണുകയും “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരു”മെന്ന നിലയിൽ സാത്താന്റെ ദുഷ്ട സന്തതിയുടെ മറെറല്ലാ ഭാഗങ്ങളിൻമേലും ന്യായവിധി നടപ്പാക്കുന്നതിൽ കർത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുമ്പോൾ അവരുടെ വിശ്രമം അവസാനിക്കും.—വെളിപ്പാടു 2:26, 27; 17:14; റോമർ 16:20.
‘മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും’
13, 14. (എ) അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ചു സ്വർഗീയ പുനരുത്ഥാനം തുടങ്ങുന്നതെപ്പോൾ, പുനരുത്ഥാനപ്പെടുന്നത് ആർ? (ബി) കർത്താവിന്റെ ദിവസത്തിലേക്ക് അതിജീവിക്കുന്ന അഭിഷിക്തരെ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടുത്തുന്നത് എപ്പോൾ?
13 അഞ്ചാം മുദ്ര തുറന്നതിലൂടെ നൽകപ്പെട്ട ഉൾക്കാഴ്ച സ്വർഗീയ പുനരുത്ഥാനത്തോടു ബന്ധപ്പെട്ട മററു തിരുവെഴുത്തുകളോടു പൂർണമായി യോജിക്കുന്നു. ഉദാഹരണത്തിന് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്ര കൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.”—1 തെസ്സലൊനീക്യർ 4:15-17.
14 എന്തോരു ഉത്തേജകമായ കഥയാണ് ഈ വാക്യങ്ങൾ പറയുന്നത്! യേശുവിന്റെ സാന്നിധ്യം വരെ അതിജീവിക്കുന്ന യേശുവിന്റെ അഭിഷിക്ത സഹോദരൻമാരിൽപെട്ടവർക്ക്, അതായത് അവന്റെ സാന്നിധ്യകാലത്ത് ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്കു മുമ്പായി അതിനകം മരിച്ചുപോയവർ സ്വർഗത്തിലേക്കു പ്രവേശിക്കുന്നു. ക്രിസ്തുവിനോടുളള ഐക്യത്തിൽ മരിച്ച അത്തരക്കാർ ആദ്യം ഉയിർത്തെഴുന്നേൽക്കുന്നു. യേശു ഇറങ്ങിവരികയും, അതായത് അവരിലേക്കു തന്റെ ശ്രദ്ധ തിരിക്കുകയും അവർക്ക് “വെളളനിലയങ്കി” നൽകിക്കൊണ്ട് ആത്മജീവനിലേക്ക് അവരെ ഉയിർപ്പിക്കുകയും ചെയ്യുന്നു. അനന്തരം, പിന്നെയും മനുഷ്യരായി ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ അവരുടെ ഭൗമികഗതി പൂർത്തിയാക്കുന്നു, അവരിൽ പലരും എതിരാളികളുടെ കരങ്ങളാൽ ക്രൂരമായി മരിച്ചുകൊണ്ടുതന്നെ. എന്നിരുന്നാലും, അവർ തങ്ങളുടെ മുൻഗാമികളെപ്പോലെ മരണത്തിൽ ഉറങ്ങി കിടക്കുന്നില്ല. പിന്നെയോ അവർ മരിക്കുമ്പോൾ പെട്ടെന്നു മാററപ്പെടുന്നു—“കണ്ണിമെക്കുന്നിടയിൽ”—യേശുവിനോടും ക്രിസ്തുവിന്റെ സഹ ശരീരാംഗങ്ങളോടുമൊപ്പം ആയിരിക്കാൻ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു. (1 കൊരിന്ത്യർ 15:50-52; താരതമ്യം ചെയ്യുക: വെളിപ്പാടു 14:13.) അതുകൊണ്ട്, അപ്പോക്കലിപ്സിലെ നാലു കുതിരക്കാർ അവരുടെ സവാരി തുടങ്ങിയശേഷം ഉടനെ അഭിഷിക്ത ക്രിസ്ത്യാനികളുടെ പുനരുത്ഥാനം തുടങ്ങുന്നു.
15. (എ) അഞ്ചാം മുദ്രയുടെ തുറക്കൽ എന്തു സുവാർത്ത പ്രദാനം ചെയ്തിരിക്കുന്നു? (ബി) വെളളക്കുതിരപ്പുറത്തിരിക്കുന്ന ജേതാവിന്റെ സവാരി ഉച്ചാവസ്ഥയിൽ എത്തുന്നതെങ്ങനെ?
15 ചുരുളിലെ ഈ അഞ്ചാം മുദ്രയുടെ തുറക്കൽ മരണത്തോളം വിശ്വസ്തരായിരുന്നു വിജയംവരിച്ച നിർമലതാപാലകരെ സംബന്ധിച്ചു സുവാർത്ത പ്രദാനം ചെയ്തിരിക്കുന്നു. എന്നാൽ അതു സാത്താനും അവന്റെ സന്തതിക്കും യാതൊരു സുവാർത്തയും നൽകുന്നില്ല. വെളളക്കുതിരപ്പുറത്തിരിക്കുന്ന ജേതാവിന്റെ സവാരി അപ്രതിരോധ്യമായി തുടരുന്നു, “ദുഷ്ടന്റെ അധീനതയിൽ കിടക്കു”ന്ന ലോകത്തോടുളള ഒരു കണക്കുതീർപ്പിന്റെ ഘട്ടത്തിൽ ഉച്ചാവസ്ഥയിൽ എത്തുകയും ചെയ്യുന്നു. (1 യോഹന്നാൻ 5:19) കുഞ്ഞാട് ആറാം മുദ്ര തുറക്കുമ്പോൾ ഇതു വ്യക്തമാക്കപ്പെടുന്നു.
[അടിക്കുറിപ്പുകൾ]
a മഹാബാബിലോന്റെ താദാത്മ്യം വിശദമായി 33-ാം അധ്യായത്തിൽ ചർച്ചചെയ്തിരിക്കുന്നു.
b ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ 1577-ാം പേജിലെ അനുബന്ധം 5C, “ദണ്ഡന സ്തംഭം” എന്നതു താരതമ്യം ചെയ്യുക.
c മതത്തിന്റെ രക്തപാതകത്തിന്റെ തെളിവ് 36-ാം അധ്യായത്തിൽ കൂടുതൽ വിശദമായി നൽകിയിട്ടുണ്ട്.
[102-ാം പേജിലെ ചതുരം]
‘അറുക്കപ്പെട്ട ദേഹികൾ’
ഫ്രഞ്ച് പ്രൊട്ടസ്ററൻറ് മാതാപിതാക്കൾക്കു ജനിച്ച 18-ാം നൂററാണ്ടിലെ ഒരു ഇംഗ്ലീഷ് പ്രൊട്ടസ്ററൻറുകാരനായ ജോൺ ജോർട്ടിൻ ഇപ്രകാരം പറയുന്നതായി മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ ഉദ്ധരിക്കുന്നു: “പീഡനം തുടങ്ങുന്നിടത്തു ക്രിസ്ത്യാനിത്വം അസ്തമിക്കുന്നു . . . ക്രിസ്ത്യാനിത്വം [റോമാ] സാമ്രാജ്യത്തിന്റെ മതമായി സ്ഥാപിക്കപ്പെട്ടശേഷവും അതിലെ ശുശ്രൂഷകർക്ക് ധനവും മാഹാത്മ്യവും ലഭിച്ചശേഷവുമായിരുന്നു പീഡനമാകുന്ന പൈശാചിക തിൻമ ഭയങ്കരശക്തി പ്രാപിച്ചതും സുവിശേഷമതത്തിൻമേൽ അതിന്റെ നാശകരമായ സ്വാധീനം പ്രയോഗിച്ചതും.”
[ചിത്രങ്ങൾ]
“അവരിൽ ഓരോരുത്തന്നും വെളളനിലയങ്കി കൊടുത്തു”