ലേവ്യ
4 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘ആരെങ്കിലും യഹോവ വിലക്കിയിട്ടുള്ള എന്തെങ്കിലും അറിയാതെ ചെയ്ത്+ പാപിയാകുന്നെങ്കിൽ സ്വീകരിക്കേണ്ട നടപടി ഇതാണ്:
3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെക്കുന്നെങ്കിൽ തന്റെ പാപത്തിനു പരിഹാരമായി, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ പാപയാഗമായി യഹോവയ്ക്ക് അർപ്പിക്കണം.+ 4 അവൻ കാളയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ+ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ചുതന്നെ അതിനെ അറുക്കണം.+ 5 അഭിഷിക്തപുരോഹിതൻ+ കാളയുടെ രക്തം കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിൽ കൊണ്ടുവരും. 6 എന്നിട്ട്, തന്റെ കൈവിരൽ രക്തത്തിൽ മുക്കി+ അതിൽ കുറച്ച് എടുത്ത് യഹോവയുടെ മുമ്പാകെ, വിശുദ്ധസ്ഥലത്തെ തിരശ്ശീലയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.+ 7 പുരോഹിതൻ കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ മുമ്പാകെയുള്ള സുഗന്ധദ്രവ്യത്തിന്റെ യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടുകയും ചെയ്യും.+ അവൻ കാളയുടെ ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+
8 “‘പിന്നെ അവൻ പാപയാഗത്തിനുള്ള കാളയുടെ കൊഴുപ്പു മുഴുവൻ എടുക്കും. കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഇതിൽപ്പെടും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 10 സഹഭോജനബലിക്കുള്ള+ കാളയിൽനിന്ന് എടുത്തതുതന്നെയായിരിക്കും ഇതിൽനിന്നും എടുക്കുന്നത്. ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ വെച്ച് പുരോഹിതൻ ഇവ ദഹിപ്പിക്കും.*
11 “‘പക്ഷേ കാളയുടെ തോൽ, മാംസം, തല, കണങ്കാലുകൾ, കുടലുകൾ, ചാണകം+ എന്നിങ്ങനെ 12 കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയത്തിനു പുറത്ത്, ചാരം* കളയുന്ന ശുദ്ധിയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകാൻ അവൻ ഏർപ്പാടാക്കണം. എന്നിട്ട് അവൻ അതു വിറകിൽ വെച്ച് കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തുവെച്ച് വേണം അതു കത്തിക്കാൻ.
13 “‘ഇനി, അറിയാതെ പാപം ചെയ്ത് ഇസ്രായേൽസഭ മുഴുവൻ കുറ്റക്കാരായിത്തീരുന്നെന്നിരിക്കട്ടെ.+ യഹോവ വിലക്കിയിട്ടുള്ള എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവർ അറിയുന്നുമില്ല.+ 14 പക്ഷേ പിന്നീട് ആ പാപം വെളിപ്പെടുമ്പോൾ, പാപയാഗമായി അർപ്പിക്കാൻ സഭ ഒരു കാളക്കുട്ടിയെ നൽകണം. അവർ അതിനെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരണം. 15 ഇസ്രായേൽസമൂഹത്തിലെ മൂപ്പന്മാർ* യഹോവയുടെ സന്നിധിയിൽവെച്ച് കാളയുടെ തലയിൽ കൈ വെക്കും. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ അറുക്കും.
16 “‘അഭിഷിക്തപുരോഹിതൻ കാളയുടെ രക്തം കുറച്ച് എടുത്ത് സാന്നിധ്യകൂടാരത്തിൽ കൊണ്ടുവരും. 17 എന്നിട്ട് കൈവിരൽ രക്തത്തിൽ മുക്കി അതിൽ കുറച്ച് യഹോവയുടെ സന്നിധിയിൽ, തിരശ്ശീലയുടെ+ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും. 18 കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും. 19 അതിന്റെ കൊഴുപ്പു മുഴുവൻ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ 20 പാപയാഗമായി അർപ്പിച്ച മറ്റേ കാളയുടെ കാര്യത്തിൽ ചെയ്തതുപോലെ ഈ കാളയുടെ കാര്യത്തിലും ചെയ്യണം. അങ്ങനെതന്നെയായിരിക്കണം ചെയ്യേണ്ടത്. പുരോഹിതൻ അവർക്കു പാപപരിഹാരം+ വരുത്തുകയും അങ്ങനെ അവർക്കു ക്ഷമ ലഭിക്കുകയും ചെയ്യും. 21 അവൻ കാളയെ പാളയത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കണം. ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം.+ ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗമാണ്.+
22 “‘ദൈവമായ യഹോവ വിലക്കിയിട്ടുള്ള ഏതെങ്കിലും ഒരു കാര്യം, അറിയാതെ ചെയ്തുപോയതിന്റെ പാപം കാരണം ജനത്തിലെ ഒരു തലവൻ+ കുറ്റക്കാരനായിത്തീരുന്നെന്നിരിക്കട്ടെ. 23 അല്ലെങ്കിൽ താൻ ദിവ്യകല്പന ലംഘിച്ച് ഒരു പാപം ചെയ്തതിനെക്കുറിച്ച് അവൻ പിന്നീടു ബോധവാനാകുന്നെന്നിരിക്കട്ടെ. രണ്ടായാലും അവൻ യാഗമായി ന്യൂനതയില്ലാത്ത ഒരു ആൺകോലാട്ടിൻകുട്ടിയെ കൊണ്ടുവരണം. 24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്. 25 പുരോഹിതൻ തന്റെ കൈവിരൽകൊണ്ട് പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടും.+ ബാക്കി രക്തം മുഴുവൻ ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+ 26 അതിന്റെ കൊഴുപ്പു മുഴുവനും സഹഭോജനബലിയുടെ കൊഴുപ്പിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.
27 “‘ദേശത്തെ ജനത്തിൽ ആരെങ്കിലും, ചെയ്യരുതെന്ന് യഹോവ കല്പിച്ച ഒരു കാര്യം, അറിയാതെ ചെയ്തിട്ട് ആ പാപം കാരണം കുറ്റക്കാരനായെന്നിരിക്കട്ടെ.+ 28 അല്ലെങ്കിൽ താൻ ചെയ്ത ഒരു പാപത്തെക്കുറിച്ച് അവൻ പിന്നീടാണു ബോധവാനാകുന്നതെന്നിരിക്കട്ടെ. രണ്ടായാലും അവൻ പാപപരിഹാരമായി ന്യൂനതയില്ലാത്ത ഒരു പെൺകോലാട്ടിൻകുട്ടിയെ തന്റെ യാഗമായി കൊണ്ടുവരണം. 29 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുത്ത അതേ സ്ഥലത്തുവെച്ച് വേണം ഇതിനെയും അറുക്കാൻ.+ 30 പുരോഹിതൻ കൈവിരൽകൊണ്ട് അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം. ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+ 31 സഹഭോജനബലിയുടെ മൃഗത്തിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ+ ഇതിന്റെയും കൊഴുപ്പു മുഴുവൻ+ എടുക്കും. എന്നിട്ട് പുരോഹിതൻ അത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.
32 “‘എന്നാൽ ചെമ്മരിയാട്ടിൻകുട്ടിയെയാണു പാപയാഗമായി അർപ്പിക്കുന്നതെങ്കിൽ ന്യൂനതയില്ലാത്ത പെണ്ണാട്ടിൻകുട്ടിയെയാണു കൊണ്ടുവരേണ്ടത്. 33 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുക്കുന്ന അതേ സ്ഥലത്തുവെച്ച് ഇതിനെയും പാപയാഗമായി അറുക്കണം.+ 34 പുരോഹിതൻ കൈവിരൽകൊണ്ട് പാപയാഗമൃഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം.+ ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും. 35 സഹഭോജനബലിക്കുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ അവൻ ഇതിന്റെയും കൊഴുപ്പു മുഴുവൻ എടുക്കും. പുരോഹിതൻ അവ യാഗപീഠത്തിൽ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+